മാർകേസിന്റെ പഴയകാല ഫാമിലി ഫോട്ടോ/ Photo: Harry Ransom Center, University of Texas

മാർകേസിന്റെ ജീവിതം മകൻ എഴുതി പൂർത്തിയാക്കുമ്പോൾ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഒരെഴുത്തുകാരന്റെ അവസാന നിമിഷങ്ങളെ തീവ്രമായ വൈകാരിക തീക്ഷ്ണതയോടെ ഒരു മകൻ ഓർമിച്ചെടുക്കുകയാണ്.

2014 ഏപ്രിൽ 17.
അതൊരു വ്യാഴാഴ്ചയായിരുന്നു; പെസഹ വ്യാഴം.
വീടിന്റെ മുകളിലെ മുറിയിൽ നിന്ന് റോഡ്രിഗോ താഴത്തെ നിലയിലുള്ള അമ്മയെ ഫോണിൽ വിളിച്ചു, എന്നിട്ടു പതുക്കെ പറഞ്ഞു; ‘His heart stopped.'
മെഴ്‌സിഡസ് മെല്ലെ പടികൾ കയറി മുകളിൽ ഭർത്താവ് കിടന്നിരുന്ന മുറിയിലേക്കെത്തി. അവർ മുറിയിലേക്കുകടന്ന് അദ്ദേഹത്തിനെ ഒന്നുനോക്കി.
ഇതു കണ്ടുനിന്ന മകൻ റോഡ്രിഗോ എഴുതുന്നു: ‘‘പതിറ്റാണ്ടു നീണ്ട ഒരുമിച്ചുള്ള ജീവിതത്തിൽ നിന്നും നേടിയ കരുത്ത് ഈ നിമിഷത്തിന്റെ നിയന്ത്രണത്തിന് അവരെ ശക്തിപ്പെടുത്തുന്നതായി എനിക്കു തോന്നി. ഒരിക്കൽ അവർ പരസ്പരം അപരിചിതരായിരുന്നു എന്ന് ഇപ്പോൾ വെറുതെ ഭാവനയിൽ പോലും ആലോചിക്കുവാൻ വയ്യ. 68 വർഷങ്ങൾക്കു മുമ്പ് അയൽക്കാരെന്ന നിലയിൽ അവരാദ്യം കണ്ടുമുട്ടി. അന്നയാൾക്ക് പതിനാലും അവർക്കു പത്തും വയസ്സായിരുന്നു. തന്നെ കല്യാണം കഴിക്കാമോ എന്നവൻ ഒരു ദിവസം കളിതമാശയായി അവളോടു ചോദിച്ചു. അവൾ കരഞ്ഞുകൊണ്ട് ഓടിപ്പോയി.’’
മരിച്ചുകിടക്കുന്ന മാർകേസിനെ കണ്ട് പുറത്തുവന്ന മെഴ്സിഡസ് ആരോടെന്നില്ലാതെ പറഞ്ഞു; ‘ഒരു വെറും പാവമായിരുന്നു അല്ലേ? '
മനസ്സിലെ വേദന ഭർത്താവിനോടുള്ള സഹാനുഭൂതിയായി അവരിൽ പരിണമിച്ചു.

ഭാവനയിലൂടെ ഇതിഹാസങ്ങൾ രചിച്ചു കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു: A Farewell to Gabo and Mercedes - A Son's Memoir of Gabriel Garcia Marquez and Mercedes Barcha എന്ന ഈ പുസ്തകം അസാധാരണമായ ഒരനുഭവലോകത്തെയാണ് വായനക്കാരന്റെ മുന്നിലേക്ക് തുറന്നിടുന്നത്.

മെഴ്സിഡസ് ബർച്ചയും മാർകേസും ചേർന്ന് Chronicle of a Death Foretold-ന്റെ കവറിനായുള്ള ആർട്ട് വർക്ക് തെരഞ്ഞെടുക്കുന്നു / Photo: Harry Ransom Center

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഒരെഴുത്തുകാരന്റെ അവസാന നിമിഷങ്ങളെ തീവ്രമായ വൈകാരിക തീക്ഷ്ണതയോടെ ഒരു മകൻ ഓർമിച്ചെടുക്കുകയാണ്. ഒരച്ഛന്റെ അവസാനം മകന്റെ കണ്ണിലൂടെ നമ്മളറിയുകയാണ്. തന്റെ ജീവിതത്തിലെ തനിക്കെഴുതാൻ പറ്റാത്ത ഒരേ ഒരു കാര്യം തന്റെ മരണമായിരിക്കുമെന്ന് മാർകേസ് പരാതിപ്പെടുമായിരുന്നു. അതുകൊണ്ടാണ് താൻ മരണത്തെ വെറുക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. മരണമൊഴിച്ച് മറ്റെല്ലാ അനുഭവങ്ങളെപ്പറ്റിയും ഓർമിച്ചെടുത്ത് മാർകേസ് എഴുതിയിട്ടുണ്ട്. ഫിക്ഷനായും അല്ലാതെയും. അവനവന്റെ മരണത്തെപ്പറ്റി സ്വയം എഴുതുക അസാദ്ധ്യമാണല്ലോ. മാത്രവുമല്ല അവസാന കാലമായപ്പോഴേക്കും അദ്ദേഹത്തെ മറവിരോഗം പിടികൂടുകയും ചെയ്തു. ആ കുറവാണ് അദ്ദേഹത്തിന്റെ മകൻ തന്നാലാവും വിധം ഈ ചെറുകൃതിയിലൂടെ പരിഹരിച്ചിരിക്കുന്നത്. സ്വകാര്യജീവിതത്തെപ്പറ്റി പുറത്തു പറയരുത് എന്നൊരു ചട്ടം മാർകേസിന്റെ വീട്ടിൽ ആദ്യം മുതലേ ഉണ്ടായിരുന്നു. മാർകേസും ഭാര്യയും അത് കുട്ടികളെ നിരന്തരം ഓർമ്മിപ്പിച്ചു. അതിനാലാണ് 2014-ൽ അച്ഛൻ മരിച്ചപ്പോൾ തയ്യാറാക്കി വെച്ച കുറിപ്പുകളെ പുസ്തകമാക്കാൻ 2020ലെ അമ്മയുടെ മരണം വരെ റോഡ്രിഗോ കാത്തു നിന്നത്. ഇത് അമ്മ വായിക്കാനിടയാവരുത് എന്ന് മകന് നിർബന്ധമുണ്ടായിരുന്നു. കാരണം, അവരുടെ നിബന്ധന അവൻ ലംഘിക്കുകയാണ്. അതുവഴി ജെറാൾഡ് മാർട്ടിൻ എഴുതിയ Gabriel Garcia Marquez - A Life എന്ന ജീവചരിത്രത്തിന് ഒരനുബന്ധമായി ഇത് മാറുകയും ചെയ്യുന്നു.

മാർകേസിന്റെ രണ്ടു മക്കളിൽ മൂത്ത മകനാണ് റോഡ്രിഗോ. രണ്ടാമത്തെയാൾ ഗോൺസാലോ. റോഡ്രിഗോ അമേരിക്കയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ്. സ്‌ക്രീൻ റൈറ്റർ എന്ന നിലയിലും ഡയറക്ടർ എന്ന നിലയിലും പ്രവർത്തിക്കുന്നു. അദ്ദേഹം ചെയ്ത Nine Lives, Albert Nobbs , Last Days in the Desert എന്നീ സിനിമകളും Six Feet Under, The Sopranos, The Pilot of Big Love എന്നീ സീരീസുകളും പ്രശസ്തങ്ങളാണ്. റോഡ്രിഗോയും കുടുംബവും ലോസ് ആഞ്ചൽസിലാണ് താമസം. റോഡ്രിഗോ - അഡ്രിയാന ദമ്പതിമാർക്ക് രണ്ടു കുട്ടികൾ. ഇസബെല്ലയും ഇനിസും. മാർക്വേസിന്റെ അവസാനകാലത്ത് നിരന്തരം മെക്‌സിക്കോയിലെ വീട്ടിലേക്ക് റോഡ്രിഗോ വന്നുകൊണ്ടിരുന്നു. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം അപ്പോഴൊക്കെ അയാളുടെ മനസ്സിലേക്ക് വന്ന ജീവിതത്തിലെ അച്ഛനുമായി ബന്ധപ്പെട്ട മറ്റോർമ്മകളും ഇതിന്റെ ഭാഗമാവുന്നു. കൂട്ടത്തിൽ മരണത്തെക്കുറിച്ചുള്ള ആഴമേറിയ ചില ചിന്തകളും കടന്നുവരുന്നുണ്ട്.

ഓർമകൾ നഷ്ടമാവുന്നതുമായി അച്ഛനെങ്ങനെ ഒത്തുപോവുന്നു എന്ന് ഒരിക്കൽ ഒരു സുഹൃത്ത് റോഡ്രിഗോയോട് ചോദിച്ചു. ‘അച്ഛൻ ഇന്നിലാണ്, തികച്ചും വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്, ഭൂതകാലത്തിന്റെ ഭാരമില്ലാതെ, ഭാവിയെപ്പറ്റിയുള്ള ചിന്തകളിൽ നിന്നും പൂർണ സ്വതന്ത്രനായി’ എന്നായിരുന്നു മകന്റെ മറുപടി.

മാർകേസ് കുടുംബജീവിതം ഏറെ ആസ്വദിച്ച ഒരാളായിരുന്നു. മക്കളുമായും കൊച്ചുമക്കളുമായും അടുത്തിടപഴകി കഴിഞ്ഞ ഒരാൾ. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചക്ക്​ രണ്ടുമണി വരെയാണ് അദ്ദേഹത്തിന്റെ എഴുത്ത്. അതുകഴിഞ്ഞാൽ ഭാര്യയോടും കുട്ടികളോടുമൊത്ത് ഉച്ചഭക്ഷണം. ഒരുമിച്ചുള്ള യാത്രകൾ. അതൊക്കെയാണ് പതിവ്. റോഡ്രിഗോ ഈ പുസ്തകം തുടങ്ങുന്നതു തന്നെ ചെറുപ്പത്തിൽ നന്നേ കുട്ടികളായിരുന്നപ്പോൾ അച്ഛൻ കൊടുത്ത ഒരു വാഗ്ദാനത്തെപ്പറ്റി ഓർമിച്ചുകൊണ്ടാണ്. 2000-ത്തിലെ പുതുവർഷദിനം നമുക്കെല്ലാവർക്കും ഒരുമിച്ചാഘോഷിക്കണം എന്നദ്ദേഹം വർഷങ്ങൾക്ക് മുമ്പേ പറയുകയും ഇടയ്‌ക്കൊക്കെ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുമ്പോഴും താൻ ജീവിച്ചിരിക്കണം എന്നൊരാഗ്രഹം അച്ഛൻ പറയാതെ പറയുകയായിരുന്നു എന്നാണ് റോഡ്രിഗോ അതിനെ വിശദീകരിക്കുന്നത്. കുട്ടികൾ മുതിർന്നപ്പോൾ അദ്ദേഹം അത് പറയുന്നത് നിർത്തി. എന്നാൽ 2000 ജനവരി ഒന്നിന് അവർ മാർകേസിന്റെ കാർട്ടജനെയിലെ വീട്ടിൽ ഒത്തുകൂടി. പിന്നെയും പതിനാലുവർഷം അദ്ദേഹം ജീവിക്കുകയും ചെയ്തു.

റോഡ്രിഗോ ഗാർസിയ / Photo: Wikimedia Commons

വ്യക്തിപരമായ ധാരാളം അനുഭവങ്ങൾ മകൻ പങ്കുവെക്കുന്നുണ്ട്. അതിലൂടെയൊക്കെ മാർകേസ് എന്ന വ്യക്തിയിലേക്ക് നമ്മളെ അദ്ദേഹം വീണ്ടും വീണ്ടും ചേർത്തുനിർത്തുകയാണ്. മാർകേസിനെ സ്‌നേഹിക്കാൻ ഒരുപാടു പുതിയ കാരണങ്ങൾ മകൻ നമുക്കായി കണ്ടെത്തിത്തരുന്നു. മാർകേസിന്റെ പ്രശസ്തമായ ആ വാചകം നമ്മളെ ഇതോർമിപ്പിക്കുന്നു: ‘നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നതിനല്ല, എന്താണ് നിങ്ങൾ ഓർമിക്കുന്നത്, എങ്ങനെയാണ് അത് ഓർമിക്കുന്നത് എന്നതിനാണ് പ്രാധാന്യം.'

റോഡ്രിഗോ തന്റെ ഓർമകളിലൂടെ അച്ഛനെ കാട്ടിത്തരികയാണ്. ഈ പുസ്തകത്തിലെ മാർകേസ്​ സ്മൃതിഭ്രംശം വന്ന ഒരു രോഗിയാണ്. കൂട്ടത്തിൽ ലിംഫറ്റിക് കാൻസറും. ഓർമകൾ നഷ്ടമാവുന്നതുമായി അച്ഛനെങ്ങനെ ഒത്തുപോവുന്നു എന്ന് ഒരിക്കൽ ഒരു സുഹൃത്ത് റോഡ്രിഗോയോട് ചോദിച്ചു. അച്ഛൻ ഇന്നിലാണ്, അതായത് തികച്ചും വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഭൂതകാലത്തിന്റെ ഭാരമില്ലാതെ, ഭാവിയെപ്പറ്റിയുള്ള ചിന്തകളിൽ നിന്നും പൂർണ സ്വതന്ത്രനായി ജീവിക്കുന്നു എന്നായിരുന്നു മകന്റെ മറുപടി. ഭൂതകാലാനുഭവം എന്നത് കഥപറച്ചിലിന്റെ കാതലാണെന്നതും അതിന്റെ പരിണാമവിശേഷം എഴുത്തിൽ പ്രാധാനഘടകമാണെന്നും ഒക്കെയുള്ള കാര്യങ്ങൾ ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമേയല്ല എന്നും മകൻ തിരിച്ചറിയുന്നു.

ഗാൺസാലോ ഗാർസിയ, മെഴ്സിഡസ് ബർച്ച, മാർകേസ്, റോഡ്രിഗോ ഗാർസിയ / Photo: Harry Ransom Center

എല്ലാവർക്കും മൂന്നു തരം ജീവിതമുണ്ടെന്ന് അച്ഛൻ പറയാറുള്ളത് റോഡ്രിഗോ ഓർമിക്കുന്നു. ഒന്ന് പൊതുജീവിതം. മറ്റൊന്ന് സ്വകാര്യജീവിതം. മൂന്നാമത്തേത് രഹസ്യജീവിതം. മാർകേസിന്റെ മരണശേഷം തന്റെ വീടിനടുത്തേക്ക് അനുശോചനയുമായി വന്നുകൊണ്ടിരുന്ന അപരിചിതരായ പലരേയും കണ്ടപ്പോൾ അവരൊക്കെ അദ്ദേഹത്തിന്റെ രഹസ്യജീവിതവുമായി ബന്ധമുള്ളവരായിരിക്കാം എന്ന് റോഡ്രിഗോ കരുതുന്നു. അതുപോലെ അദ്ദേഹം രഹസ്യമായി കൊണ്ടുനടന്ന മറ്റു പല കാര്യങ്ങളും ഈ കൃതിയിലൂടെ പുറംലോകം അറിയുകയാണ്.

എഴുത്തുകാര്യങ്ങളിൽ വലിയ രഹസ്യസ്വഭാവം വെച്ചുപുലർത്തിയ ആളായിരുന്നു മാർകേസ്​. പൂർത്തിയാവാത്ത രചനകൾ പുറംലോകം കാണരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

വായനയിലെയും സംഗീതത്തിലെയും മാർകേസിന്റെ താല്പര്യങ്ങളെപ്പറ്റി റോഡ്രിഗോ പ്രതിപാദിക്കുന്നുണ്ട്. എല്ലാതരം കലകളോടും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. പാട്ടെഴുത്തുകാരോട് വലിയ അസൂയ തന്നെ അച്ഛനുണ്ടായിരുന്നുവത്രേ. കുറച്ചു വാക്കുകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുവാനുള്ള അവരുടെ കഴിവാണ് അദ്ദേഹത്തെ അതിശയിപ്പിച്ചത്. പ്രണയത്തേയും വിരഹത്തേയും പ്രതിപാദിക്കുന്ന ലാറ്റിൻ പോപ് സോങ്ങ്‌സ് കേൾക്കുക എന്നത് Love In The Time of Cholera എഴുതുന്ന കാലത്ത് മാർകേസിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ബ്രിട്ടീഷ് പാട്ടുകാരനും പിയാനിസ്റ്റുമായ എൽട്ടൺ ജോണിന്റെ പ്രോഗ്രാം ഒരിക്കൽ ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അച്ഛൻ അടുത്തു വന്നിരുന്ന് അതു മുഴുവനായും ആസ്വദിച്ചത് റോഡ്രിഗോ ഓർക്കുന്നു. എൽട്ടൺ ജോണിനെ അച്ഛൻ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. അതുപോലെ കിട്ടിയതെന്തും വായിക്കുന്ന ശീലം മാർകേസിനുണ്ടായിരുന്നു. ഡോക്ടർമാരുടെ കേസ് സ്റ്റഡീസും മുഹമ്മദ് അലിയുടെ ഓർമക്കുറിപ്പും ഫ്രഡറിക് ഫോർസെയ്​ത്തിന്റെ ത്രില്ലറുകളും അതിലുൾപ്പെട്ടു കണ്ടിട്ടുണ്ട്. അമേരിക്കൻ നാടകകൃത്തായ Thornton Wilder അദ്ദേഹത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു എന്നത് അധികമൊന്നും അറിയപ്പെട്ടിട്ടില്ല.

റോഡ്രിഗോ ഗാർസിയ പകർത്തിയ മാർകേസിന്റെ ചിത്രം

എഴുത്തുകാര്യങ്ങളിൽ വലിയ രഹസ്യസ്വഭാവം വെച്ചുപുലർത്തിയ ആളായിരുന്നു മാർകേസ്​. പൂർത്തിയാവാത്ത രചനകൾ പുറംലോകം കാണരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അപൂർണമായി കിടക്കുന്നതൊക്കെ ആരെയും കാണിക്കാതെ അദ്ദേഹം നശിപ്പിച്ചു കളയുമായിരുന്നു. അച്ഛൻ പറഞ്ഞതനുസരിച്ച് അങ്ങനെ പല പേപ്പറുകളും താനും സഹോദരനും ചേർന്ന് കീറിക്കളഞ്ഞ കാര്യം റോഡ്രിഗോ ഓർക്കുന്നുണ്ട്. ആ ഭാവനയിൽ എപ്പോഴും ആവശ്യത്തിലധികം കാര്യങ്ങൾ നിറഞ്ഞു കിടപ്പുണ്ടാവും. ആറു തലമുറകളുടെ കഥയാണ് One Hundred Yearട of Solitude എന്ന നോവലിലൂടെ അദ്ദേഹം പറഞ്ഞത്. രണ്ടു തലമുറകളുടെ കാര്യങ്ങൾ കൂടി ആ മനസ്സിലുണ്ടായിരുന്നു. പുസ്തകത്തിന്റെ വലുപ്പത്തെ കണക്കിലെടുത്ത് അദ്ദേഹം തന്നെ അത് എഴുതേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
​എഴുത്തിലെ അച്ചടക്കം നോവലിന്റെ കാര്യത്തിൽ പ്രാനമാണെന്ന് മാർകേസ്​ വിശ്വസിച്ചു. പ്രത്യേകിച്ചും നോവലിന്റെ രൂപവും കഥയുടെ അതിരുകളും നിർണ്ണയിക്കുമ്പോൾ. മാർകേസ്​ കൃതികളുടെ ആഴങ്ങൾ അറിയാനും ഇതിലെ ചില അനുഭവങ്ങൾ വഴിയൊരുക്കുന്നു. അവസാനകാലത്ത് സ്വന്തം രചനകളൊക്കെ അദ്ദേഹം വീണ്ടും വായിക്കുമായിരുന്നു. എന്നിട്ട് ഇതെല്ലാം എവിടെ നിന്നു വരുന്നു എന്നാശ്ചര്യപ്പെടുമായിരുന്നു. വായനയുടെ അവസാനം പുറംചട്ടയിലെ സ്വന്തം ഫോട്ടോ കണ്ട് ഉത്സാഹത്തോടെ വീണ്ടും വായിക്കാൻ ശ്രമിക്കുമായിരുന്നു. മറവി ആ വലിയ മനുഷ്യനെ എത്രമാത്രം മാറ്റിക്കളഞ്ഞു എന്ന് ഞെട്ടലോടെ നമ്മളറിയുകയാണ്.

അമ്മ കരയുന്നത് മൂന്നുതവണയാണ് താൻ കണ്ടിട്ടുള്ളത് എന്ന് റോഡ്രിഗോ ഓർക്കുന്നു. അവസാനത്തേത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാലതിന് ഒരു യന്ത്രത്തോക്കിൽ നിന്നു പുറത്തുവരുന്ന വെടിയുണ്ടയുടെയത്ര തീവ്രതയുണ്ടായിരുന്നു

അവസാനകാലത്ത് മകനോടൊത്ത് ഒരു തിരക്കഥയെഴുതണം എന്നൊരാഗ്രഹം മാർകേസിനുണ്ടായിരുന്നു. അതിന്റെ സംവിധാനം മകൻ ഏറ്റെടുക്കണമെന്നും. ഇരുവരും ചേർന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു. കഥ മാർകേസ്​ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. പക്ഷേ, നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഓർമ കാരണം അത് മുന്നോട്ടു പോയില്ല. അവർ തമ്മിൽ സംസാരിച്ചെങ്കിലും നിരാശയോടെ അതിൽ നിന്നും റോഡ്രിഗോയ്ക്കു പിന്മാറേണ്ടി വന്നു. ആ സംഭവം റോഡ്രിഗോ മറക്കാൻ ശ്രമിച്ചു. അച്ഛന്റെ മനസ്സിൽ നിന്ന് അത് മാഞ്ഞു പോയോ, അതോ അച്ഛൻ തന്നെ തെറ്റിദ്ധരിച്ചുവോ എന്ന ആശങ്ക ഇപ്പോഴും ഒരു ദുഃഖഹേതുവായി അദ്ദേഹത്തിൽ നിലകൊള്ളുന്നു.

മാർകേസ്​ റോഡ്രിഗോയ്ക്ക് അച്ഛനാണ്. ലോകത്തിന് പ്രിയപ്പെട്ട എഴുത്തുകാരനും. ആ മരണം ഈ രണ്ടു തരത്തിലും അയാൾ ഉൾക്കൊള്ളേണ്ടതുണ്ട്. അതത്ര എളുപ്പമുള്ള കാര്യമല്ല. മരണസമയത്തും മരണാനന്തരവും നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെപ്പറ്റി അയാൾ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ആ പ്രതിസന്ധിയിലും ഒരു സൗന്ദര്യം കാണാൻ മാർകേസിന്റെ മകനു കഴിയുന്നു. അവിടെയും കരുത്തായി നിന്നത് തന്റെ അമ്മയാണ് എന്നവൻ അഭിമാനത്തോടെ ഓർക്കുന്നു. അവരുടെ കരുത്ത് മകൻ ഈ പുസ്തകത്തിലുടനീളം പ്രത്യേകം എടുത്തുപറയുന്നുണ്ട്.

മാർകേസും മെഴ്സിഡസും 1982-ലെ നോബേൽ പുരസ്കാരദാന ചടങ്ങിനിടെ / Photo: Harry Ransom Center

മെഴ്സിഡസ് ബർച്ച എന്ന സ്ത്രീ മാർകേസിന് ജീവിത പങ്കാളി മാത്രമായിരുന്നില്ല. ജീവിതത്തിലെ ആവേശവും സ്വാധീനശക്തിയും കൂടിയായിരുന്നു. മാർകേസ് മരിച്ച് ആറുവർഷങ്ങൾ കൂടി അവർ ജീവിച്ചു. അമ്മ കരയുന്നത് മൂന്നുതവണയാണ് താൻ കണ്ടിട്ടുള്ളത് എന്ന് റോഡ്രിഗോ ഓർക്കുന്നു. അവസാനത്തേത് ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാലതിന് ഒരു യന്ത്രത്തോക്കിൽ നിന്നു പുറത്തുവരുന്ന വെടിയുണ്ടയുടെയത്ര തീവ്രതയുണ്ടായിരുന്നു. എന്നിട്ടവർ സ്വയം നിയന്ത്രിച്ചു കൊണ്ട് ഒരു സിഗരറ്റിനു തീകൊളുത്തി. അമ്മയുടെയും അച്ഛന്റെയും മനസ്സുകൂടി വായിച്ചെടുക്കുകയാണ് മകൻ. അസാധാരണമായ ഒരു ദാമ്പത്യബന്ധത്തിന്റെ ആന്തരികലോകവും മകൻ ഒപ്പിയെടുക്കുന്നുണ്ട്. ഇരുവരുടെയും ഓർമ്മകൾ ഈ മകനെ ഇപ്പോഴും പിന്തുടരുന്നുണ്ട്. എന്നും രാവിലെ കുളിച്ച് പുറം തുടക്കുമ്പോൾ അയാൾ അച്ഛനെ ഓർമിക്കും. ആറാം വയസ്സിൽ പുറം തുടക്കാനായി ടവ്വൽ പിടിക്കുന്ന രീതി അച്ഛൻ പറഞ്ഞുതന്നതാണ്. ഓരോ അതിഥിയും വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് പോവുമ്പോൾ അയാൾ അമ്മയെ ഓർമ്മിക്കും. പടികടക്കും വരെ അവരെ പിന്തുടരുക എന്നത് അമ്മ പഠിപ്പിച്ച ശീലമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നതിന് ഒരിക്കലും ഒഴികഴിവുകൾ അനുവദിച്ചിരുന്നില്ല.

മാർകേസിന്റെ ശവശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോവാനായി എടുക്കുന്ന രംഗം ഓർമിച്ചുകൊണ്ട് മകൻ എഴുതുന്നു: അയാൾ വീട്ടിൽ നിന്ന്​ ഇറങ്ങുകയാണ്. അയാളിനി തിരിച്ചുവരില്ല

2020 ആഗസ്റ്റ് 15 നാണ് മെഴ്സിഡസ് മരിച്ചത്. നിർഭാഗ്യവശാൽ റോഡ്രിഗോയ്ക്കും കുടുംബത്തിനും അമ്മയെ അവസാനമായി ചെന്ന് കാണാൻ സാധിച്ചില്ല. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ അമേരിക്കയിൽ നിന്നുള്ള യാത്രയ്ക്ക് തടസ്സമായി. 65 വർഷത്തെ പുകവലി മെർസിഡസിന്റെ ശ്വാസകോശത്തെ ആകെ തകരാറിലാക്കിയിരുന്നു. അവരുടെ പുകവലി നിർത്താനായി മാർകേസും ഒരിക്കൽ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഓക്‌സിജന്റെ സഹായത്തോടെ കഴിയുമ്പോഴും അവർ വളരെ ഊർജ്ജ്വസ്വലയായിരുന്നു. ഓക്‌സിജൻ മാസ്‌ക് മാറ്റിയിട്ട് പെട്ടന്ന് ഒരു പുകവലിച്ച് വീണ്ടും ഓക്‌സിജൻ മാസ്‌കിലേക്ക് കടക്കുന്ന ശീലം വരെ അവർക്കുണ്ടായിരുന്നു. അപ്പോഴും ടെലിവിഷനൊക്കെ കണ്ട് ലോകകാര്യങ്ങളൊക്കെ നിരന്തരം അറിഞ്ഞുകൊണ്ടിരുന്നു. ‘ഈ പാൻഡമിക് എന്നാണ് അവസാനിക്കാൻ പോകുന്നത് ' എന്നൊക്കെ മകനോട് അവർ ഫോണിൽ ചോദിക്കുമായിരുന്നു. മരണത്തിനു ശേഷവും അമ്മ തന്നെ ഫോൺ ചെയ്യുമെന്നും തന്റെ മരണം എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുന്നതായുമൊക്കെ റോഡ്രിഗോയ്ക്കു തോന്നിയിരുന്നു. അമ്മ പോയപ്പോൾ അയാൾക്ക് ഇങ്ങനെ തോന്നി: ‘The death of the second parent is like looking through a telescope one night and no longer finding a planet that has always been there.'

മെഴ്സിഡസ് ബാർച്ച / Photo: Colegio Mayor de Bolívar via Gabriel García Márquez Foundation

അവരുടെ മരണത്തോടെ ഈ പുസ്തകം എഴുതി പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യം റോഡ്രിഗോയ്ക്ക് കിട്ടി. അച്ഛനും അമ്മയും സൃഷ്ടിച്ചെടുത്ത സംസ്‌കാരം ഏതെല്ലാമോ രീതിയിൽ ഇപ്പോഴും ഞങ്ങളിലൂടെ തുടരുന്നതായി മകൻ ഏറ്റുപറയുന്നു. അവരെയോർത്തു കൊണ്ട് ഞാനിപ്പോഴും ഇവിടെയുണ്ട് എന്നേറ്റുപറഞ്ഞു കൊണ്ട് അയാൾ ഈ മനോഹരമായ ഓർമക്കുറിപ്പ് അവസാനിപ്പിക്കുന്നു.

മനുഷ്യബന്ധങ്ങളുടെ നിറങ്ങളും ഊഷ്മളതയും ഇതിലെ വരികളിലൂടെ നമ്മൾ വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. മാർകേസ്​ എന്ന മനുഷ്യനോട് നമ്മൾ കൂടുതൽ പ്രണയത്തിലാവുന്നു. ജീവിതത്തിന്റെ സൗന്ദര്യം കാണിച്ചുതരുന്നവയാണ് നല്ല ഓർമക്കുറിപ്പുകൾ. അക്കൂട്ടത്തിലാണ് റോഡ്രിഗോയുടെ ഈ സ്മരണാപുസ്തകം സ്ഥാനം നേടുന്നത്. മാർകേസിന്റെ ശവശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ എടുക്കുന്ന രംഗം ഓർമിച്ചുകൊണ്ട് മകൻ എഴുതുന്നു: ‘അയാൾ വീട്ടിൽ നിന്ന്​ ഇറങ്ങുകയാണ്. അയാളിനി തിരിച്ചുവരില്ല.’
ഭൂമിയിലെ ജീവിതത്തിൽ നിന്നും തിരിച്ചുവരാനാവാത്ത വിധം ഇറങ്ങിപ്പോയ മഹാനായ ആ മനുഷ്യന്റെ ഓർമകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ മനോഹര ഗ്രന്ഥം. ഇത് നമ്മളറിയാത്ത മാർകേസിനെ കാണിച്ചുതരുന്നു. അപ്പോഴും അവയൊന്നും അപരിചിതമായ കാര്യങ്ങളായി വായനക്കാർക്ക് തോന്നുന്നുമില്ല. നമുക്ക് പരിചിതമായ ആ മാന്ത്രിക സ്പർശം ചിലേടത്തൊക്കെ തോന്നിപ്പിക്കാൻ റോഡ്രിഗോ ഗാർസിയക്ക് കഴിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങൾ വെറും ശൂന്യത ജനിപ്പിക്കുന്നു എന്ന ന്യൂനതയും പറയാതെ വയ്യ.

റോഡ്രിഗോയുടെ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ മറ്റു രണ്ടു പുസ്തകങ്ങൾ കൂടി മനസ്സിലേക്കു കടന്നുവന്നു. ഒന്ന് ഹിഷാം മാത്തറിന്റെ The Return എന്ന കൃതിയാണ്. അമേരിക്കൻ - ലിബിയൻ എഴുത്തുകാരനായ ഹിഷാം മാത്തർ കേണൽ ഗദ്ദാഫിയുടെ തടങ്കലിൽ നഷ്ടപ്പെട്ടു പോയ തന്റെ അച്ഛൻ ജബല്ല മാത്തറിനെ അന്വേഷിച്ച് ജന്മനാട്ടിലേക്ക് പോകുന്നതിന്റെ കഥയായിരുന്നു ദ റിട്ടേൺ. ഗദ്ദാഫിയുടെ തടവുകാരനായ വിമത നേതാവിന്റെ ജീവിതം ഒരു മകന്റെ കണ്ണിലൂടെ അത് മനോഹരമായി അവതരിപ്പിച്ചു. അതിലൂടെ ലോകത്തിന് പല തിരിച്ചറിവുകളുമുണ്ടായി. ടർ പോളിയിലെ അബു സലീം ജയിലിനകത്തെ നിഗൂഢതകൾ വായിച്ചറിഞ്ഞ് ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഒരു മകൻ അച്ഛനെ തേടി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിലേക്കു നടത്തിയ അസാധാരണ യാത്രയായിരുന്നു ആ പുസ്തകം. 2016 ൽ പുറത്തു വന്ന ഹിഷാമിന്റെ പുസ്തകം ആധുനിക മനുഷ്യാവസ്ഥയുടെ വേദനിപ്പിക്കുന്ന ഒരോർമയായി നിലകൊള്ളുന്നു.

റോഡ്രിഗോയും ഹിഷാമും അച്ഛനെ അടയാളപ്പെടുത്തുമ്പോൾ ഡേവിഡ് റിയേഫ് അമ്മയെപ്പറ്റിയാണ് എഴുതിയത്. അസാധാരണ ധിഷണാശാലിയായിരുന്ന സൂസൻ സോൺടാഗിന്റെ അവസാന കാല ജീവിതത്തെപ്പറ്റിയാണ് അവരുടെ മകനായ റിയേഫ് Swimming in a Sea of Death എന്ന കൃതിയിൽ എഴുതിയത്. കാൻസറിനോട് പൊരുതിയ ഒരമ്മയുടെ നിശ്ചയദാർഢ്യത്തെ മകന്റെ വിവരണങ്ങളിലൂടെ ലോകമറിഞ്ഞു. മകനിലൂടെ അറിഞ്ഞ സോൺടാഗിന്റെ വേദനകൾ വായനക്കാരെ കണ്ണീരണിയിപ്പിച്ചു. അതേ സമയം ആദരവ് സൃഷ്ടിക്കുകയും ചെയ്തു.

A Farewell to Gabo and Mercedes എന്ന കൃതിയിൽ റോഡ്രിഗോ ഗാർസിയ എന്ന മകൻ സർഗ്ഗാത്മകതയുടെ വിസ്മയ ഗോപുരമായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ അവസാന കാല ജീവിതത്തേയും അസാധാരണമായ ആ മനസ്സിന്റെ സൗന്ദര്യത്തേയും വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്നു. ▮


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments