‘ദലിത’ എന്ന വാക്കിന് നിഘണ്ടുവിൽ പല അർത്ഥങ്ങളും കാണാം. പിളർക്കപ്പെട്ടത്, ശിഥിലീകരിക്കപ്പെട്ടത്, പൊടിക്കപ്പെട്ടത്, മർദ്ദിക്കപ്പെട്ടത്, ചിതറിക്കപ്പെട്ടത്, തകർക്കപ്പെട്ടത് തുടങ്ങിയവയാണ് അവയിൽ ചിലത്. എല്ലാ അർത്ഥങ്ങളുടേയും ആന്തരികതയിൽ വേദനയുടെയൊരു കാഠിന്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. സി.കെ. ജാനുവിനെ ദലിത എന്നു വിശേഷിപ്പിക്കാനാകുമോ എന്ന് എനിക്കറിയില്ല. റാറ്റ് ബുക്സ് (RAT Books) പ്രസിദ്ധീകരിച്ച ‘അടിമമക്ക’ എന്ന പുസ്തകം വായിക്കുമ്പോൾ ‘ദലിത’ എന്ന പദത്തിന്റെ അടയാളപ്പെടുത്തലുകളോടു ചേർന്നുനിൽക്കുന്ന എല്ലാ അവസ്ഥകളിലൂടെയും ജാനു കടന്നുപോയിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകാൻ കഴിയും.
ആത്മകഥ എഴുതിയതിനുശേഷം, പൊതുസമൂഹത്തിന് നൽകുന്ന അഭിമുഖത്തിൽ, താനൊരു എഴുത്തുകാരിയാവാൻ വേണ്ടിയല്ല അടിമമക്ക രചിച്ചിട്ടുള്ളതെന്ന് ജാനു പറയുന്നുണ്ട്. എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെടാനും അവർ ആഗ്രഹിക്കുന്നില്ല. ഈ പുസ്തകം ഞങ്ങളുടെ സ്ത്രീകൾക്ക് പ്രചോദനമാകാൻ സഹായിക്കുമെങ്കിൽ അപ്രകാരമൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് അടിമമക്ക എഴുതുന്നതെന്നാണ് അവർ ആമുഖമായി പറയുന്നത്. പുസ്തകം വായിക്കുമ്പോൾ ജാനുവിന്റെ വാക്കുകളെല്ലാം സത്യമാണെന്ന് നമുക്ക് മനസ്സിലാവും. അടിമമക്ക എന്ന തന്റെ ആത്മകഥയെ തന്നിലേക്ക് മാത്രം ചുരുക്കാതെ താൻ ഉൾപ്പെടുന്നൊരു സമൂഹത്തിന്റെ സ്വരം കൂടിയായി മാറ്റാൻ ജാനുവിന് കഴിയുന്നുണ്ട്.
“അടിമമക്ക ഒരു പച്ചയായ രചനയാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ സംവിധാനവും സിവിൽ സൊസൈറ്റിയും നടത്തിയ അതിക്രൂരമായ ആദിവാസി വംശഹത്യയുടെ, നിരാകരണത്തിന്റെ രേഖപ്പെടുത്താത്ത ചരിത്രമെന്ന നിലയ്ക്ക് അടിമമക്ക പ്രധാനപ്പെട്ടതും പ്രസക്തിയുള്ളതുമായ ആത്മകഥയാണ്,” - അവതാരികയിൽ കമൽ റാം സജീവ് എഴുതിയിരിക്കുന്ന ഈ വരികൾ കൃത്യമാണെന്ന് ഈ പുസ്തകത്തിന്റെ ഓരോ താളും നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്.
ജനിച്ചു വളർന്ന മണ്ണും അതിന്റെ കരച്ചിലും പിടച്ചിലുമാണ് ആത്മകഥയിലുടെ ജാനു പകർത്താൻ ശ്രമിക്കുന്നത്. രോഗാതുരമായ അവയവത്തെ മുറിച്ചു കളയാതെ, ക്ലേശത്തോടെ അതിനെ ശരീരത്തിൽ പേറുന്നതുപോലെയാണ് സി.കെ. ജാനു ആദിവാസി സമൂഹത്തെ ചേർത്തുപിടിച്ച് മുന്നേറുന്നത്. അത്തരം ഒരു ജനതയെ ചേർത്തു നിർത്തിയുള്ള അവരുടെ പോരാട്ടവും ആത്മവീര്യവും നമുക്ക് ആത്മകഥയിൽ ഉടനീളം കാണാനാവും. പൊതുസമൂഹത്തിൽ ഇടപെട്ട് പ്രവർത്തിക്കേണ്ടി വരുന്ന സ്ത്രീയുടെ സകല യാതനകളുടേയും ചോരയും നീരും ഈ പുസ്തകത്തിലെ ഓരോ വാക്കിലും മൗനങ്ങളിലും പിരണ്ടു കിടക്കുന്നു. അത് കണ്ടും സ്പർശിച്ചും ഉള്ളുലയാതെ ‘അടിമമക്ക’ വായിച്ചുതീർക്കണമെങ്കിൽ കാരിരുമ്പിന്റെ കാഠിന്യം പേറുന്നൊരു ചങ്ക് വേണ്ടിവരും.
മലയാള ഭാഷയിൽ രേഖപ്പെടുത്താതെ പോയ ഒട്ടനവധി വാക്കുകളുടെ കലവറയാണ് ‘അടിമമക്ക’. ആവാസ വ്യവസ്ഥിതിയോടു ചേർന്നു ജീവിക്കുന്ന ആദിവാസി ജീവിതത്തെക്കുറിച്ച് വരുംതലമുറയ്ക്ക് പഠിക്കാൻ ഏറ്റവും ലളിതമായ ആഖ്യാനത്തിലൂടെ എഴുതപ്പെട്ടൊരു കൈപ്പുസ്തകം.
ആദിവാസി സമൂഹത്തിന് കേരള രാഷ്ട്രീയത്തിലുണ്ടായ നിരാകരണങ്ങളും നിന്ദകളും പറയുന്നതിനോടൊപ്പം, അവരുടെ ആചാരാനുഷ്ഠാനങ്ങളും ആവാസവ്യവസ്ഥയോടു ചേർന്നുള്ള ജീവതരീതികളും, കലർപ്പില്ലാത്ത ആദിവാസി ഭാഷയുടെ കരുത്തും ഈ പുസ്തകം നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. മലയാള ഭാഷയിൽ രേഖപ്പെടുത്താതെ പോയ ഒട്ടനവധി വാക്കുകളുടെ കലവറയാണ് ‘അടിമമക്ക’. ആവാസ വ്യവസ്ഥിതിയോടു ചേർന്നു ജീവിക്കുന്ന ആദിവാസി ജീവിതത്തെക്കുറിച്ച് വരുംതലമുറയ്ക്ക് പഠിക്കാൻ ഏറ്റവും ലളിതമായ ആഖ്യാനത്തിലൂടെ എഴുതപ്പെട്ടൊരു കൈപ്പുസ്തകം. കാടിന്റെ ജൈവവൈവിധ്യം, വേരുമുതൽ ചില്ലവരെ നീണ്ടു നിൽക്കുന്ന അനേകം വിവരണങ്ങളിലൂടെ സി.കെ.ജാനു നമുക്കു വിശദീകരിച്ചു നൽകുന്നു. ഒരു കുട്ടിയെ കൈപിടിച്ച് കാടു കാണിച്ചു കൊടുക്കുന്നതുപോലെ തന്റെ ലളിതമായ വാക്കുകളിലൂടെ മനുഷ്യസ്പർശമേൽക്കാത്ത ഉൾക്കാടുകളുടെ അകംപൊരുളിലേക്കാണ് ഈ പുസ്തകത്തിലൂടെ ജാനു നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.
അവതാരികയിൽ പറയുന്നതുപോലെ, ജന്മിത്തകാലത്തെ ഗോത്ര ജീവിതത്തിന് ജനാധിപത്യ ഭരണകൂടങ്ങളുടെ കാലത്തുള്ള തുടർച്ച നമുക്ക് ഈ പുസ്തകത്തിലെ നിരവധി സംഭവങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും കാണാൻ കഴിയും. ജനാധിപത്യ സംവിധാനം ആദിവാസി ജീവിതത്തോടു കാട്ടിയ നിന്ദനങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം അന്നത്തെ ആഭ്യന്തര വകുപ്പുമന്ത്രി, അന്നത്തെ മുഖ്യമന്ത്രി, അന്നുണ്ടായിരുന്ന വനംവകുപ്പ് മന്ത്രി, എന്നിങ്ങനെ വ്യക്തികളുടെ പേര് പരാമർശിക്കാതെയാണ് സി.കെ. ജാനു തന്റെ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. വ്യക്തികൾ എന്നതിനേക്കാൾ കേരള രാഷ്ട്രീയത്തിലും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലും വന്ന അപചയമായി തന്റെ വിഷയങ്ങളെ അവതരിപ്പിക്കുന്നതുകൊണ്ടാവാം വ്യക്തികളുടെ പേരുകൾ ജാനു ഈ പുസ്തകത്തിൽ നിന്ന് ഒഴിവാക്കുന്നത്.
പോലീസുകാരുടെ അടികൊണ്ട് നീരു വന്നു വിങ്ങിയ, പത്രത്താളിലെ മുഖമാണ് സി.കെ. ജാനുവിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം നമ്മുടെ മനസ്സിലേക്ക് എത്തുക. അത്തരം നിരവധി പോരാട്ടങ്ങളുടെ ചോരപുരണ്ട അനുഭവങ്ങൾ ജാനു ഈ പുസ്തകത്തിലൂടെ പറയുന്നുണ്ട്. എല്ലാ അർത്ഥത്തിലും തനിച്ചായിപ്പോയ ഒരുവളുടെ പൊള്ളുന്ന അനുഭവപരമ്പരകൾ. ആർക്കുവേണ്ടിയാണോ താൻ പോരാടുന്നത് ആ സമൂഹത്തിൽ നിന്നുപോലും തിരസ്ക്കരിക്കപ്പെട്ടവൾ. ഒരവസരത്തിൽ സ്വന്തം അച്ഛനും ജാനുവിനെ തള്ളിപ്പറയുന്നുണ്ട്. പിൽക്കാലത്ത് അദ്ദേഹവുമായി രമ്യതപ്പെടുന്ന അനുഭവങ്ങളും ജാനു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇത്രത്തോളം ഒറ്റപ്പെടലും അവഗണനയും അനുഭവിച്ചിട്ടും പോരാട്ടവീര്യം ഉപേക്ഷിക്കാൻ തയ്യാറാവാതെ ജീവിത്തോട് മല്ലിടുന്ന മറ്റൊരു സ്ത്രീ കേരളത്തിന്റെ പൊതുസമൂഹത്തിൽ വിരളമായിരിക്കും.
‘എനിക്ക് പ്രേമിക്കാനറിയില്ല, എനിക്കുവേണ്ടി ജീവിക്കാനും മറന്നുപോയി’ എന്ന പേരിൽ ഒരു അധ്യായമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ പാതിയോളം ദൂരം താണ്ടിയ തന്റെ ജീവതത്തെക്കുറിച്ച് ഓർത്തു മനസ്സൊന്നു പതറിപ്പോകുന്ന സി.കെ. ജാനുവിനെ ഈ പുസ്തകത്തിന്റെ അവസാന താളുകളിൽ നമുക്ക് കണ്ടെത്താനാവും. വിവാഹജീവിതത്തിലെ ആണഹന്ത തിരിച്ചറിഞ്ഞ് ആ വഴികളിലേക്ക് നടക്കാതെ, തനിച്ചായിപ്പോയ തന്റെ ജീവിതത്തിന് കൂട്ടായി അവർ ചേർത്തുപിടിക്കുന്നത് അനാഥയായൊരു കൈക്കുഞ്ഞിനെയാണ്.. പൊന്നൂന്ന് വിളിക്കുന്ന അവളുടെ വരവോടെ വീട്ടമ്മയുടെ തണലിലേക്ക് ജാനു ഒതുങ്ങിപ്പോവുന്നുണ്ട്. മർദ്ദനമുറകളിൽ നീരുവന്നു വിങ്ങിയ തന്റെ മുഖത്ത് മകൾക്കുവേണ്ടി ജീവൻ തുടിക്കുന്നൊരു അമ്മമുഖം ജാനു വരച്ചു ചേർക്കുന്നു. അപ്പോഴും ചുറ്റുപാടുകളിൽ നിന്നുംം തന്റെ സമൂഹത്തിൽ നിന്നു ഉയരുന്ന കരച്ചിലുകളെ കണ്ടില്ലെന്ന് നടിക്കാൻ സി. കെ ജാനുവിന് കഴിയുന്നുമില്ല.
ഒരു വ്യക്തിയെ നമ്മൾ അവരുടെ വർത്തമാനകാലജീവിതത്തിന്റെ ചില ഇടപെടലുകളിൽ നിന്നുകൊണ്ടു വിലയിരുത്തണമോ, അതല്ലെങ്കിൽ ഇത്രത്തോളം ദൂരം താണ്ടിയെത്തിയ അവരുടെ പോരാട്ടവീര്യമേറുന്ന ജീവിതത്തിന്റെ സമഗ്രതയിൽ വിലയിരുത്തണമോ? ജാനുവിന്റെ പുസ്തകം വായിക്കുന്ന ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്നൊരു ചോദ്യമാണിത്.
ജീവിതത്തിന്റെ പാതിവഴിക്കും ഇപ്പുറം ഒരു കുഞ്ഞിനു തണലാവുന്നൊരു അമ്മ, പാതിയോളം താണ്ടിയ ജീവിതത്തിലും പോരാട്ടവീര്യം മറക്കാതെ താനുൾപ്പെടുന്ന സമൂഹത്തിനു വേണ്ടി പൊരുതുന്നൊരു വനിത. സാധാരണ വിദ്യാഭ്യാസത്തിന്റെ പരിമിതയിലും അനേകം വിദേശരാജ്യങ്ങളിൽ ആദിവാസി ജനതയ്ക്കുവേണ്ടി ശബ്ദമുയർത്തിയ സ്ത്രീ… തന്റെ പരിമിതികളെയെല്ലാം കഠിനാധ്വനത്തിലൂടെ സി.കെ. ജാനു ഇപ്പോഴും മറികടന്ന് മുന്നോട്ടു പോകുന്നു.
ഒരു വ്യക്തിയെ നമ്മൾ അവരുടെ വർത്തമാനകാലജീവിതത്തിന്റെ ചില ഇടപെടലുകളിൽ നിന്നുകൊണ്ടു വിലയിരുത്തണമോ, അതല്ലെങ്കിൽ ഇത്രത്തോളം ദൂരം താണ്ടിയെത്തിയ അവരുടെ പോരാട്ടവീര്യമേറുന്ന ജീവിതത്തിന്റെ സമഗ്രതയിൽ വിലയിരുത്തണമോ? ജാനുവിന്റെ പുസ്തകം വായിക്കുന്ന ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്നൊരു ചോദ്യമാണിത്. ഉത്തരം എന്തു തന്നെയായാലും അടിമമക്ക എന്ന പുസ്തകം പോരാട്ടം തുടരുന്ന സ്ത്രീകൾക്കൊരു പ്രചോദനമാണ്. കാടിന്റെ ആവാസവ്യവസ്ഥകൾ, പ്രാചീനഭാഷയുടെ അടരുകൾ. നാട്ടുമൊഴിയുടെ ലാവണ്യം, തനിമയാർന്ന ആദിവാസി ആചാര അനുഷ്ഠാനങ്ങൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തീർച്ചയായും ഇതൊരു കൈപ്പുസ്തകമായി ഉപയോഗിക്കാം.
കേരളത്തിന്റെ തനതു രാഷ്ട്രീയധാരയ്ക്ക് സ്വീകാര്യമല്ലാത്തൊരു ചേരിയിലേക്ക് മനുഷ്യർ ചെന്നെത്തുന്നത് വലിയൊരു പാതകമായി വിലയിരുത്തപ്പെടുന്ന ഈ കാലത്തിൽ, അത്തരം പക്ഷംചേരലിന്റെ എത്തിക്സിനേക്കാൾ.. അപ്രകാരമുള്ള ചേരിയിലേക്ക് എത്തിച്ചേരാൻ നിർബന്ധിക്കപ്പെടുന്ന മനുഷ്യരുടെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഈ കൃതി നമ്മളെ സഹായിക്കും.
“ഗൗരി, അജിത, ജാനു – നഷ്ടതുടർക്കഥകൾ” എന്നാണ് പുസ്തകത്തിന്റെ അവതാരികയുടെ തലവാചകം. സി.കെ. ജാനു ഒരു നഷ്ടമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ, അത്തരമൊരു നഷ്ടജന്മത്തിന്റെ കാരണഭൂതർ കേരള രാഷ്ട്രീയത്തിന്റെ ആൺമേൽക്കോയ്മകളും നമ്മുടെ പൊതുസമൂഹത്തെ നിയന്ത്രിക്കുന്ന ആൺബോധങ്ങളുമാണ്. കടഞ്ഞെടുത്തൊരു കാട്ടുതീയുടെ കരുത്തുണ്ട് ജാനുവിന്റെ പോരാട്ടങ്ങൾക്ക്, കെട്ടുപോകാതെ സൂക്ഷിക്കേണ്ടൊരു അഗ്നിയുടെ താപം പേറുന്ന അടിമമക്ക എന്ന പുസ്തകം മലയാളിയുടെ തണുപ്പു പിടിച്ച നിസ്സംഗതകൾക്ക് ചൂട് പകരട്ടെ.