ഹിന്ദുത്വ രാഷ്ട്രീയം: ചരിത്രത്തെ മുൻനിർത്തി
ഒരു സർഗാത്മക പ്രതിരോധം

ഹിംസാത്മക വംശീയരാഷ്ട്രീയത്തിന്റെ ചരിത്രജീവിതത്തെ ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുക എന്നത് നാം ജീവിക്കുന്ന കാലത്തെ ഏറ്റവും പ്രസക്തമായ സർഗാത്മക രാഷ്ട്രീയപ്രവർത്തനമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അത് ജനാധിപത്യവാദികൾക്ക് ഉപയോഗിക്കാവുന്ന മികച്ച ആയുധമായി തീരുന്നൊരു ഉപലബ്ധിയായി കാണേണ്ടതുണ്ട്. അത്തരമൊരു രചനയാണ് പി. എൻ. ഗോപീകൃഷ്ണൻ എഴുതിയ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'.

ന്ത്യൻ പാർലമെന്റ് ഹാളിൽ വിനായക് ദാമോദർ സവർക്കറുടെ ഛായാപടം സ്ഥാപിതമായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗാന്ധിജിക്കെതിരെ തിരിഞ്ഞുനിൽക്കാതെ സവർക്കറെ വണങ്ങാനാവില്ല എന്നറിയാം എന്ന് നാം നടിക്കുന്നുണ്ട്. പക്ഷേ, സവർക്കറുടെ രാഷ്ട്രീയ പിൻഗാമികളാണിന്ന് ഇന്ത്യ ഭരിക്കുന്നത്. ജനാധിപത്യ, മതേതര രാഷ്ട്രീയത്തേയും അതുവഴി ഇന്ത്യ എന്ന ആശയത്തെ തന്നെയും നശിപ്പിക്കാൻ കഴിയുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഭരണകൂടത്തെ നിയന്ത്രിക്കുന്നു. ഈ ഹിംസാത്മക വംശീയരാഷ്ട്രീയത്തിന്റെ ചരിത്രജീവിതത്തെ ഉൾക്കാഴ്ചയോടെ അപഗ്രഥിക്കുക എന്നത് നാം ജീവിക്കുന്ന കാലത്തെ ഏറ്റവും പ്രസക്തമായ സർഗാത്മക രാഷ്ട്രീയപ്രവർത്തനമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അത് ഇന്ത്യൻ ജനതയുടെ മുന്നേറ്റങ്ങളെ നാനാവിധ തന്ത്രങ്ങളാൽ കലക്കിക്കളയുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ നൃശംസതകൾക്കെതിരായി ജനാധിപത്യവാദികൾക്ക് ഉപയോഗിക്കാവുന്ന മികച്ച ആയുധമായി തീരുന്നൊരു ഉപലബ്ധിയായി കാണേണ്ടതുണ്ട്. അത്തരമൊരു രചനയാണ് പി. എൻ. ഗോപീകൃഷ്ണൻ എഴുതിയ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'. ലോഗോസ് ബുക്സ് ആണ് പ്രസാധകർ.

മലയാളത്തിൽ ഈ ദിശയിലുള്ള പുസ്തകങ്ങൾ അധികമില്ല. കെ.ഇ.എൻ, കെ. എസ്. ഹരിഹരൻ എന്നിവർ ചേർന്ന് എഴുതിയ 'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം', ജെ. രഘു രചിച്ച 'ഹിന്ദുത്വഫാഷിസം ചരിത്രവും സിദ്ധാന്തവും' പോലുള്ള ചില പുസ്തകങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത്രയും വിശദവും സമഗ്രവുമായ ഒന്ന് പുറത്തിറങ്ങിയിട്ടുണ്ട് എന്നു തോന്നുന്നില്ല. അതിനാൽതന്നെ 750 പുറങ്ങളുള്ള ഈ പുസ്തകം ഹൈന്ദവഫാഷിസ്റ്റ് ഭീകരതക്കെതിരെ ജനാധിപത്യ രാഷ്ട്രീയപ്രയോഗങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ധനമായി തീരുമെന്നുറപ്പാണ്.

നമ്മുടെ അയൽപക്കങ്ങളിൽ കൂടി എത്തിച്ചേർന്നിട്ടുള്ള വിഭാഗീയതയുടെ രാഷ്ട്രീയ ഭാവുകത്വത്തെക്കുറിച്ചുള്ള ചിന്തകളാണ് ഈ രചനയ്ക്ക് കാരണമായി തീർന്നതെന്ന് ആമുഖത്തിൽ തന്നെ രചയിതാവ് വ്യക്തമാക്കുന്നുണ്ട്. നമ്മെ തീർത്തുകളയാൻ ശേഷിയാർജിക്കാവുന്ന തരത്തിൽ നമുക്കിടയിൽ പ്രവർത്തനക്ഷമമായി കൊണ്ടിരിക്കുന്നുണ്ട് വിഭജനത്തിന്റെ ആശയങ്ങൾ എന്നത് ഞെട്ടിക്കുന്ന വാസ്തവമാണ്. അതിന്റെ പതുങ്ങിയിരുപ്പിന് സാക്ഷികളാണ് നാം. അത്തരം സാഹചര്യങ്ങളെ ഓർമ്മിച്ചുകൊണ്ടാണ് ഈ പഠനം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ബാലഗംഗാധര തിലകിൽ നിന്ന് സവർക്കറിലൂടെ സഞ്ചരിച്ച് ഗോഡ്സെ എന്ന ഉപകരണത്തിന്റെ സഹായത്തോടെ എങ്ങനെ ഗാന്ധിവധത്തിലെത്തിച്ചേർന്നു എന്ന് സമഗ്രമായ രീതീയിൽ പുസ്തകത്തിൽ വെളിവാക്കപ്പെടുന്നുണ്ട്. ഹിന്ദുത്വഫാഷിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രയോഗം എന്ന നിലക്കാണ് ഗാന്ധിവധത്തെ രചയിതാവ് കാണുന്നതും അതിന്റെ ആദ്യവസാനമുള്ള വിശകലനം നടത്തുന്നതും. ഒരു മതഭ്രാന്തന്റെ വെടിയേറ്റല്ല ഗാന്ധിജി കൊല്ലപ്പെട്ടത്. അതിന്റെ പിന്നിൽ, അതിന്റെ ആസൂത്രണത്തിനും നടപ്പാക്കലിനും പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. അത് വേണ്ടവിധത്തിൽ ഉൾക്കൊള്ളാതെയാണ് നമ്മുടെ ഗോഡ്സെ വിമർശനം പോലും എന്ന് 'എന്തുകൊണ്ട് ഈ കഥനം' എന്ന ആദ്യ അധ്യായത്തിൽ തന്നെ പറയുന്നുണ്ട് ഗോപീകൃഷ്ണൻ. ഈ പുസ്തകം അഭിസംബോധന ചെയ്യുന്നത് ഏറ്റവും സാധാരണക്കാരായ മനുഷ്യരെയാണ്. ഇന്ത്യയെ നിലനിർത്തുന്ന ജനാധിപത്യ മതേതരരാഷ്ട്രീയത്തോട് പക്ഷം പിടിച്ചുകൊണ്ടാണ് ഈ രചന എന്നതും എടുത്തുപറയണം.

രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ വളർച്ചയിൽ ബാലഗംഗാധര തിലകിന്റെ സംഭാവന വിശദീകരിച്ചുകൊണ്ടാണ്, രാജ്യനഷ്ടത്തിന്റെ മനസ്സുമായി ചിത്പാവൻ ബ്രാഹ്മണിസം ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് സംക്രമിക്കുന്നതിന്റെ ചരിത്രം ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നത്.

ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യർക്കുമേൽ അധീശത്വം സ്ഥാപിച്ചിരുന്ന വിഭാഗമായിരുന്നു ചിത്പാവൻ ബ്രാഹ്മണ സമുദായം. അനവധി പ്രിവിലേജുകളുടെ പുറത്ത് ജീവിതം ആസ്വദിച്ചിരുന്ന ഈ സമുദായത്തിന്റെ ഗൃഹാതുരത്വം പേറുന്ന പുരോഗമനവിരുദ്ധവും ആധുനികതാവിരുദ്ധവുമായ മാനസികനില മതാധിഷ്ഠിത ദേശരാഷ്ട്രബോധത്തിലേയ്ക്കു വളർത്താനാണ് ബാലഗംഗാധര തിലകിനെപ്പോലുള്ള ബ്രാഹ്മണനേതാക്കൾ ശ്രമിച്ചത്. ബ്രിട്ടീഷ് വിരുദ്ധസമരങ്ങളിലൂടെ സഞ്ചരിച്ച് ഗാന്ധിവധത്തിലേയ്ക്കുവരെ എത്തിയ ആ രാഷ്ട്രീയപദ്ധതിയുടെ നീണ്ട ചരിത്രമാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കപ്പെടുന്നത്. രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ വളർച്ചയിൽ ബാലഗംഗാധര തിലകിന്റെ സംഭാവന വിശദീകരിച്ചുകൊണ്ടാണ്, രാജ്യനഷ്ടത്തിന്റെ മനസ്സുമായി ചിത്പാവൻ ബ്രാഹ്മണിസം ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് സംക്രമിക്കുന്നതിന്റെ ചരിത്രം ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നത്. ചിത്പാവൻ ബ്രാഹ്മണിസത്തിന്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങളിൽ നിന്നുതന്നെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ ഗോപീകൃഷ്ണൻ ആരംഭിക്കുന്നു.

നാഥൂറാം വിനായക് ഗോഡ്സേ

സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആധുനിക ബ്രാഹ്മണിസം സവർക്കറൈറ്റ് രാഷ്ട്രീയത്തിന്റെ ഹിംസാത്മകവും നിഗൂഢവുമായ വഴികളിലേക്കിറങ്ങുന്നതും അത് മുസ്‍ലിം വിരുദ്ധവും ദലിത് വിരുദ്ധവുമായ ഒരു രാഷ്ട്രീയ പദ്ധതിയായി വികസിക്കുന്നതും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹിന്ദുവംശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും തീവ്രവിഭാഗമായിരുന്നു സവർക്കറൈറ്റുകൾ. ഗാന്ധിയുടേയും നേഹ്‍റുവിന്റേയും അംബേദ്കറിന്റേയും നേതൃത്വത്തിൽ ഇന്ത്യയിലെ വിശാലജനവിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിലേക്ക് എത്തിച്ചേർ‍ന്നത് ഹിന്ദുവംശീയ രാഷ്ട്രീയത്തിന് അതിന്റെ അജണ്ടകൾ നടപ്പാക്കാൻ പറ്റാത്ത അവസ്ഥ സംജാതമാക്കി. ഏറ്റവും ജനപിന്തുണയുള്ള നേതാവ് എന്ന നിലയിൽ ഗാന്ധിജി ആയിരുന്നു അവർക്കുമുമ്പിൽ മുഖ്യ തടസ്സമായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ വധിക്കാൻ ആ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ മുൻഗണന നൽകിയത്. സവർക്കറുടെ ആസൂത്രണത്തിൻ കീഴിൽ ഹിന്ദുത്വ തീവ്രവാദികളാണ് ഗാന്ധിവധം നടപ്പാക്കിയത് എന്ന് കൃത്യമായി ഗ്രന്ഥരചയിതാവ് സ്ഥാപിക്കുന്നുണ്ട്.

ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന്റെ തീവ്രമായ വഴികളിലൂടെ കടന്നുപോയ സവർക്കർ എന്ന രാജപക്ഷപാതിയായ ചിത്പാവൻ ബ്രാഹ്മണൻ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ടതോടെ മാപ്പപേക്ഷകളിലൂടെ ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ അനുസരണയുള്ള അനുയായി ആയിത്തീർന്നതിന്റെ നാൾവഴികളും കർമ്മവഴികളും ആശയവഴികളും പുസ്തകത്തിൽ വിശദമാക്കപ്പെടുന്നു. ബ്രിട്ടീഷുകാരെ തുരത്തിയാൽ ബ്രാഹ്മണർക്ക് മേധാവിത്വമുള്ള സാമൂഹ്യവ്യവസ്ഥയുടെ തിരിച്ചുവരവുണ്ടാകും എന്ന ഭൂതകാലക്കുളിർ സവർക്കറൈറ്റുകളിൽ പ്രബലമായിരുന്നു. അതിനായി അനേകം ഒളിസംഘടനകളും ഉൾസംഘടനകളും സവർക്കറൈറ്റുകൾ വിവിധ കാലത്തായി രൂപീകരിച്ചു - മിത്രമേള, അഭിനവ് ഭാരത്, ഹിന്ദുരാഷ്ട്ര ദൾ ,രാഷ്ട്രഭക്തസമൂഹ, ചിത്രമയജഗത്ത്, ശുദ്ധിപ്രസ്ഥാനം, സ്വസ്തിക് ലീഗ്, ഹിന്ദു സ്വയംസേവക് സംഘടന, രാഷ്ട്രീയ സ്വയം സേവക സംഘം എന്നിങ്ങനെ ഒട്ടേറെ സംഘടനകൾ. പല കാലത്തായി പല പ്രസിദ്ധീകരണങ്ങളിലൂടെ ആശയപ്രചരണം നടത്തി- സ്വരാജ് പത്രിക, ദി ന്യൂ മെർക്കുറി, അഗ്രണി, കേസരി എന്നിവ അവയിൽ ചിലതുമാത്രം.

ചാവേറുകളെ സൃഷ്ടിച്ച് ഉപകരണങ്ങളാക്കി ദുരഭിമാനക്കൊലകൾ നടത്തുക എന്ന ശൈലി ആദ്യഘട്ടം മുതൽ സവർക്കർ സംഘത്തിന്റെ സവിശേഷതയായിരുന്നു.

സവർക്കറിന്റെ രാഷ്ട്രീയവും ജീവിതവും വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സവർക്കറുടെ ബാല്യകാലവും വ്യക്തിത്വരൂപീകരണവും അടക്കം വിശകലനം ചെയ്യപ്പെടുന്നു. ഹിന്ദുത്വവംശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ വിശകലനം ചെയ്യാൻ ഇത് അനിവാര്യമാണ് എന്നതിനാലാണിത് . ലണ്ടൻ യാത്രയും പഠനവും ജീവിതവും എല്ലാം അതിന്റെ ഭാഗമായി ചർച്ച ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധപോരാട്ടം നടത്തിയിരുന്ന കാലം, ആൻഡമാൻ ജയിലിൽ കഴിഞ്ഞകാലം, രത്നഗിരി ജില്ലാതടവിന്റെ ഘട്ടം, പൂർണ ജയിൽ മോചനത്തിനുശേഷം ഗാന്ധിവധം വരെയുള്ളത്, ഗാന്ധിവധത്തിനുശേഷം മരണം വരെയുള്ളത് എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളായി ഗ്രന്ഥകർത്താവ് നടത്തുന്ന വിശകലനത്തെ എടുക്കാം.

ചാവേറുകളെ സൃഷ്ടിച്ച് ഉപകരണങ്ങളാക്കി ദുരഭിമാനക്കൊലകൾ നടത്തുക എന്ന ശൈലി ആദ്യഘട്ടം മുതൽ സവർക്കർ സംഘത്തിന്റെ സവിശേഷതയായിരുന്നു. സർ വില്യം ഹട്ട് കഴ്സൺ വില്ലി വധത്തിന് മദൻലാൽ ദിംഗ്രയേയും നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം.ടി. ജാക്സൺ വധത്തിന് അനന്ത് ലക്ഷ്മൺ കൻഹാരെയേയും ഉപയോഗപ്പെടുത്തിയത് ഇതിന്റെ ദൃഷ്ടാന്തങ്ങളായി വിശദീകരിക്കുന്നു. ബ്രാഹ്മണാധിപത്യത്തിലുള്ള ഹിന്ദുത്വസംഘടനകളുടെ ബ്രിട്ടീഷ് വിരുദ്ധതയും സ്വാതന്ത്ര്യസമരസേനാനികളുടെ ബ്രിട്ടീഷ് സാമ്രാജ്യവിരുദ്ധതയും ഒന്നല്ല എന്നുള്ള മനസ്സിലാക്കൽ പ്രധാനമാണ്. വിദ്വേഷത്തിൽ അഭിരമിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കു നേരെ ആദ്യത്തെ കൂട്ടർ നടത്തിയത് ദുരഭിമാനക്കൊലകൾ ആയിരുന്നു.

വിനായക് ദാമോദർ സവർക്കർ

മനുസ്മൃതിയുടെ കാലത്തെ സാമൂഹികാധിപത്യത്തെ ദേശരാഷ്ട്രകാലത്തെ ബ്രാഹ്മണിക ഹിന്ദുരാഷ്ട്രീയ മേൽക്കോയ്മയായി വികസിപ്പിച്ചടുക്കാനുള്ള സവർക്കർ പരിശ്രമങ്ങളാണ് അദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധനാക്കി മാറ്റിയത്. നാസിക് വധഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ട് ആൻഡമാനിലെ ജയിലിൽ എത്തിയ സവർക്കർ തന്റെ ബ്രിട്ടീഷ് വിരുദ്ധതയുടെ ഭൂതകാലം മറന്ന് മാപ്പുപറയാൻ തയ്യാറാവുന്നു. ഭാവിയിൽ ബ്രിട്ടീഷ് വിധേയത്വം പുലർത്തുമെന്ന വാഗ്ദ്ധാനം നൽകി എട്ട് തവണയാണ് അദ്ദേഹം മാപ്പിന് കെഞ്ചിയത്. 1911 ആഗസ്ത് 30 നായിരുന്നു ആദ്യ മാപ്പപേക്ഷ നടത്തിയത്. പിന്നീട് ഏഴ് മാപ്പപേക്ഷകൾ കൂടി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കും എന്ന ഉറപ്പ് ഒരോ തവണയും കൊടുത്തുകൊണ്ട്. 1920മാർച്ച് 20 ന് കൊടുത്ത അഞ്ചാമത്തെ മാപ്പപേക്ഷയിൽ, 1921 ൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽനിന്നും ഇന്ത്യൻ ജയിലിലേക്ക് മാറ്റം ലഭിച്ചു. മാപ്പപേക്ഷകൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു.

ബ്രാഹ്മണിസത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കണമെങ്കിൽ അതിന്റെ കാതലിനു ചുറ്റും ബ്രാഹ്മണേതരമായ സമുദായങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകണം എന്നുള്ളത് അന്നു തന്നെ ബ്രാഹ്മണ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

ഭൂതകാലത്തെക്കുറിച്ചുള്ള സുവർണമിഥ്യകൾ സൃഷ്ടിച്ചും ചരിത്രവും പുരാണങ്ങളും കൂട്ടിക്കുഴച്ചും കപടാവബോധം സമൂഹത്തിൽ വാരിവിതറിയും ഹിന്ദുത്വ ബുദ്ധിജീവി വിഭാഗം മനുഷ്യരെ വിഭജിക്കാനായിരുന്നു ശ്രമിച്ചത്. കവിതകളും നാടകങ്ങളും നോവലുകളും ലേഖനങ്ങളും ചരിത്രരചനകളും എല്ലാം ഉൾപ്പെടുന്ന സവർക്ക‍ർ സാഹിത്യത്തെ വിശദമായി വിശകലനവിധേയമാക്കുന്നുണ്ട് ഗ്രന്ഥത്തിൽ. 1923- ൽ രചിച്ച 'ഹിന്ദുത്വ' എന്ന പുസ്തകത്തിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാന ആശയങ്ങൾ സവർക്കർ ആവിഷ്കരിക്കുന്നത്. (We or our Nationhood Defined എന്ന പുസ്തകത്തിലൂടെ എം. എസ്.ഗോൾവൾക്കർ ഈ ആശയങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തത്). സവർക്കർ ഈ പുസ്തകത്തിൽ ഉയർത്തിയ വാദങ്ങളുടെ പൊള്ളത്തരങ്ങളും അതിന്റെ ജനവിരുദ്ധതയും ഗ്രന്ഥകർത്താവ് തുറന്നുകാട്ടുന്നുണ്ട്. ഇറ്റലി എന്ന ദേശരാഷ്ട്രത്തെ വാർത്തെടുത്ത മസ്സീനിയുടെ രാഷ്ട്രസിദ്ധാന്തവുമായി താദാത്മ്യപ്പെട്ട് ഹിന്ദുത്വരാഷ്ട്രം കെട്ടിപ്പെടുക്കാനാഗ്രഹിച്ച സവർക്കർ മസ്സീനീയുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചു ('ജോസഫ് മസ്സീനിയുടെ ആത്മകഥയും രാഷ്ട്രീയവും’). സവർക്കറെ യുക്തിവാദിയായിക്കാണുന്ന വീക്ഷണത്തെ ഗ്രന്ഥകർത്താവ് വിമർശിക്കുന്നുണ്ട്. ഭക്തിയെ സവർക്കർ അനുകൂലിക്കാത്തതിന്റെ കാരണം ഭക്തിപ്രസ്ഥാനം ഇന്ത്യയിൽ കീഴാളമുന്നേറ്റത്തിനെ സഹായിച്ചു എന്നതാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ഭാഷയെ ഉൾപ്പെടെ മതവൽക്കരിക്കുകയാണ് സവർക്കറും സംഘവും ചെയ്തത്. മലബാർ കലാപത്തെ പ്രമേയമാക്കി നോവൽ ('മാലാ കായ് ത്യാച്ചേ’- എന്തുകൊണ്ട് ഞാൻ കരുതിയിരിക്കണം) പോലും എഴുതി അദ്ദേഹം.

വർണ്ണാശ്രമവ്യവസ്ഥയെ തരാതരം പോലെ കഠിനമാക്കിയും നേർപ്പിച്ചും രത്നഗിരി കാലത്ത് തന്റെ വംശീയരാഷ്ട്രീയ പരീക്ഷണങ്ങൾ സവർക്കർ തുടർന്നു. നാനാ ജാതിയിലും വർണ്ണത്തിലുമുള്ള മനുഷ്യരെ ഹിന്ദുത്വ അനുയായികളാക്കുകയായിരുന്നു ലക്ഷ്യം. ബ്രാഹ്മണിസത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കണമെങ്കിൽ അതിന്റെ കാതലിനു ചുറ്റും ബ്രാഹ്മണേതരമായ സമുദായങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകണം എന്നുള്ളത് അന്നു തന്നെ ബ്രാഹ്മണ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു. അതിനുള്ള വിവിധങ്ങളായ ഉപായങ്ങൾ അവർ സ്വീകരിച്ചിരുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗക്കാരെ കൊണ്ട് ബ്രാഹ്മണ രാഷ്ട്രീയം നടപ്പാക്കിയെടുക്കുന്ന തന്ത്രങ്ങൾ ഇന്നും തുടരുന്നുണ്ടല്ലോ. ഹിന്ദുമഹാസഭ നേതാവ് ബി എസ് മൂഞ്ചെയുടെ 1931 മാർച്ചിലെ ഇറ്റാലിയൻ സന്ദർശനവും മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ചയും ഹിന്ദുത്വശക്തികൾക്ക് ഇറ്റാലിയൻ ഫാഷിസ്റ്റുകളുമായുള്ള ബന്ധത്തെ കാണിക്കുന്നതായി വിശദീകരിക്കപ്പെടുന്നുണ്ട്.

1937 മെയ് മാസത്തിൽ ജില്ലാതടവ് അവസാനിക്കുകയും രാഷ്ട്രീയപ്രവർത്തനത്തിനുള്ള വിലക്ക് നീങ്ങുകയും ചെയ്തതോടെ ഹിന്ദുത്വ എന്ന ആശയം പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായിരുന്നു സവർക്കറിന്റെ ശ്രമം. വിവിധ സംഘടനകൾ അതിന്റെ മാധ്യമങ്ങളായി മാറി. 1937 ഡിസംബറിൽ ആർ.എസ്.എസിന്റെ നാഗ്പൂരിലുള്ള ആസ്ഥാനം സന്ദർശിച്ച സവർക്കർക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയെ വിഭജിക്കാനുള്ള ആശയം അഖിലേന്ത്യ മുസ്‍ലിംലീഗ് 1940- ൽ ഉന്നയിക്കുന്നതിനും മുമ്പ് 1937- ൽ ഹിന്ദുമഹാസഭ ഉയർത്തിയിട്ടുണ്ട് എന്ന വസ്തുത വ്യക്തമാക്കപ്പെടുന്നുണ്ട്. 1937 മുതൽ 1942 വരെ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് പദവിയിലിരുന്നുകൊണ്ട് വിഭജനത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പ്രയോഗങ്ങൾ സവർക്കർ നടത്തി. അന്താരാഷ്ട്രീയതലത്തിൽ ഫാഷിസ്റ്റുകൾക്കൊപ്പവും ഇന്ത്യയിൽ ബ്രിട്ടനൊപ്പവുമായിരുന്നു രണ്ടാം ലോകയുദ്ധത്തിന്റെ ഈ ഘട്ടത്തിൽ സവർക്കറും സംഘവും. ജർമ്മൻ ആര്യവംശത്തിന്റെ ജൂതവിരോധത്തെ സവർക്കർ ഹിന്ദുവംശത്തിന്റെ മുസ്ലിം വിരോധമാക്കി മാറ്റാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ നിരവധി ലേഖനങ്ങളും പ്രസംഗങ്ങളും ഉദ്ധരിച്ച് രചയിതാവ് സ്ഥാപിക്കുന്നുണ്ട്. ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രീയം ഹൈന്ദവവൽക്കരിക്കുക എന്ന ആശയത്തിന്റെ പ്രയോഗവൽക്കരണത്തിന് സവർക്കർ എല്ലാ സാഹചര്യങ്ങളേയും ഉപയോഗിക്കുകയായിരുന്നു. സമാന സംഘടനകളെ ചേർത്ത് ദേശീയ ഹിന്ദുസൈന്യം രൂപീകരിക്കാനുൾപ്പെടെ ശ്രമങ്ങൾ നടത്തി. പക്ഷേ, വൈരുദ്ധ്യങ്ങളും ഇരട്ടത്താപ്പുകളും നിറഞ്ഞതായിരുന്നു അവരുടെ നിലപാടുകൾ. സത്യാനന്തര രാഷ്ട്രീയം എന്നാണ് ഗ്രന്ഥകർത്താവ് ഇതിനെ വിളിക്കുന്നത്. പല സന്ദർഭങ്ങളിലും സവർക്കറും ജിന്നയും തമ്മിലുള്ള അപ്രാഖ്യാപിത കൂട്ടുകെട്ടുകൾ ഗാന്ധിജിക്കെതിരേയും കോൺഗ്രസിനെതിരെയും അന്തരീക്ഷത്തിലുണ്ടായി. ഹിന്ദുസ്ഥാൻ കിട്ടുമെങ്കിൽ പാക്കിസ്ഥാൻ അനുവദനീയമാണ് എന്ന ബ്രാഹ്മണരാഷ്ട്രീയത്തിന്റേയും ഹിന്ദുത്വവാദികളുടേയും ഉള്ളിലിരിപ്പ് അനാവരണം ചെയ്യുന്നതിനുവേണ്ടി 1935-1945 കാലഘട്ടത്തിലെ സംഭവങ്ങളെ ഗോപീകൃഷ്ണൻ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.

ഗാന്ധിവധത്തിന്റെ പിറകിലെ ആസൂത്രണവും അതിന്റെ നടപ്പാക്കലും സംബന്ധിച്ച് കിട്ടാവുന്ന എല്ലാ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് ഈ പുസ്തകം.

സവർക്കറിനുശേഷം ഹിന്ദുസഭയുടെ പ്രസിഡണ്ടായ ശ്യാമപ്രസാദ് മുഖർജി ബംഗാൾ പ്രവിശ്യസർക്കാരിലും പിന്നീട് ഇന്ത്യയുടെ ഇടക്കാല സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നു. അത്തരം സർക്കാറുകളിലും പൊലീസിലും സിവിൽ ഭരണനിർവഹണ ഉദ്യോഗസ്ഥ തലത്തിലുമെല്ലാം ഹിന്ദുത്വത്തിന്റേയും സവർക്കറിസത്തിന്റേയും മേധാവിത്വം ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കരഗതമായ നാളുകൾ വിഭജനത്തിന്റേതുകൂടി ആക്കിയതിൽ ഹിന്ദുത്വരാഷ്ട്രീയം വഹിച്ച പങ്ക് പുസ്തകത്തിൽ വിശദീകരിക്കപ്പെടുന്നുണ്ട്. ജിന്നയും അഖിലേന്ത്യ മുസ്‍ലിം ലീഗും അതിനെ ത്വരിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ചു. ഇടക്കാല മന്ത്രിസഭയുടെ കാലത്തും അതിനുശേഷവും മരണം വരെ ഗാന്ധിജി മനുഷ്യർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതിന് പോരാടി. ഗാന്ധിയുടെ ശത്രുക്കൾ ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കുന്നതിനും. അതിന്റെ വിശദാംശങ്ങൾ പുസ്തകത്തിലുണ്ട്. അനേകം സ്ഥലങ്ങലിൽ വർഗ്ഗീയ കലാപങ്ങളുണ്ടായി. അഭയാർത്ഥി പ്രവാഹങ്ങളുണ്ടായി. അവിടെയെല്ലാം ഓടിയെത്തി ഉപവാസങ്ങളും സത്യഗ്രഹങ്ങളുമായി ഗാന്ധിജി തിന്മക്കെതിരെ സമരം നയിച്ചു. അതിനു വലിയ ഫലമുണ്ടായി. പല സ്ഥലങ്ങളിലും കലാപങ്ങൾ ഒഴിവായി. അത് സവർക്കറും സംഘവും പാലൂട്ടി വളർത്തിയ ഹിന്ദുത്വശക്തികളെ ചൊടിപ്പിച്ചു. അതുകൊണ്ട് ഈ മനുഷ്യന്റെ വധമാണ് ഹിന്ദുത്വശക്തികൾ ഏറ്റവും കൂടുതലായി ആഗ്രഹിച്ചതും ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്രയോഗമായി കണ്ടതും. അവർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. നിഗൂഢമായി പദ്ധതികൾ ആവിഷ്കരിച്ചു. ഗാന്ധിയെ ഇല്ലാതാക്കുകയായിരുന്നു പ്ളാൻ. അതിന്റെ വിശദമായ ചരിത്രം ഗോപീകൃഷ്ണൻ പറയുന്നു.

ഗാന്ധിവധത്തിന്റെ പിറകിലെ ആസൂത്രണവും അതിന്റെ നടപ്പാക്കലും സംബന്ധിച്ച് കിട്ടാവുന്ന എല്ലാ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് ഇവിടെ. ഗാന്ധിവധത്തിനു ശേഷം ദൽഹി കോടതിയിലും സിംല കോടതിയിലും നടന്ന വിചാരണകളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നു. ഒപ്പം, കപൂർ കമീഷൻ റിപ്പോർട്ടും അപഗ്രഥിക്കുന്നുണ്ട്. ഗാന്ധി വധത്തെ തുടർന്നുണ്ടായ അറസ്റ്റുകൾ, ചോദ്യം ചെയ്യലുകൾ, കുറ്റപത്രം, വിചാരണ, പ്രതികളുടേയും പ്രൊസിക്യൂഷന്റേയും വാദപ്രതിവാദങ്ങൾ, താനൊറ്റയ്ക്കാണ് വധം നടത്തിയതെന്ന് അവകാശപ്പെട്ട് ഗോഡ്‍സെ കോടതിയിൽ നടത്തിയ പ്രസ്താവന ('ഞാനെന്തുകൊണ്ട് ഗാന്ധിയെ കൊന്നു’) തുടങ്ങി വധത്തെ തുടർന്നു നടന്ന കാര്യങ്ങളുടെ സമ്പൂ‍ർണ വിശകലനം ഇതിലുണ്ട്. അത് ഹിന്ദുത്വരാഷ്ട്രീയത്തെ അപഗ്രഥിക്കുന്നതിന്റെ അഭേദ്യമായ ഭാഗം എന്ന നിലയ്ക്കാണ് ഉൾപ്പെടുത്തിയത് എന്ന് മനസ്സിലാക്കാം. ഇത്തരം വിശദാംശങ്ങളും സൂക്ഷ്മാംശങ്ങളും ഈ പുസ്തകത്തെ പുതിയ വിതാനത്തിലേക്ക് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം നാലു ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും എട്ടാം പ്രതിയായിരുന്ന സവർക്കറെ പൂർണമായ തെളിവില്ലാത്തതു കാരണം വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പോയില്ല എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിവധത്തിന്റെ നാനാവശങ്ങൾ വളരെ വിശദമായി ഈ കൃതിയിൽ വിശകലനം ചെയ്യുന്നത് ഗാന്ധിജിയോടുള്ള ഭക്തിയുടെ പേരിലല്ല, മറിച്ച് ഗാന്ധിവധത്തിന്റെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നതുവഴിയേ ബ്രാഹ്മണ-ഹിന്ദുത്വവംശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും പ്രത്യയശാസ്ത്രവും അനാവരണം ചെയ്യാൻ കഴിയൂ എന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ നാഥുറാം വിനായക് ഗോഡ്‍സെ എന്ന ശീർഷകത്തിൽ ഇതിൽ ഒരധ്യായം ഉണ്ടാവാതെ തരമില്ല.

ഗാന്ധിവധത്തിന്റെ വിശകലനത്തോടെ പുസ്തകം അവസാനിക്കുന്നു എന്നു കാണുമ്പോൾ പറയാൻ തോന്നുന്ന ഒരു കാര്യം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തുടർന്നുള്ള ഘട്ടം ഈ ദിശയിൽ അപഗ്രഥിക്കേണ്ടതിന്റെ അടിയന്തരാവശ്യമാണ്.

ഗാന്ധിജിയെ വധിക്കാൻ നിരവധി തവണ ശ്രമങ്ങളുണ്ടായി. 1934 ജൂൺ 25 നായിരുന്നു ആദ്യ വധശ്രമം. പാളിയ ശ്രമങ്ങളുടെ പിശകുകൾ തീർത്ത് കുറ്റമറ്റ പുതിയ ഉദ്യമങ്ങൾ സവർക്കറുടെ അനുഗ്രഹാശിസ്സുകളോടെ തുടർന്നു. ഗോഡ്സെയും ആപ്തെയുമൊക്കെ അതിലെ ഉപകരണങ്ങളായി. ടീം വർക്ക് ഫലം കണ്ടത് 1948 ജനുവരി 30 നാണെന്നുമാത്രം. ഗാന്ധിജിയുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാരും പൊലീസും ഭരണ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു എന്നു ഈ ഭാഗങ്ങൾ വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. ഹിന്ദുത്വശക്തികൾക്ക് വിവിധ മേഖലകളിലുള്ള സ്വാധീനത്തേയും അതു വെളിപ്പെടുത്തുന്നുണ്ട്. പൊലിസിലും സിവിൽ സർവ്വീസിലുമുള്ള ഹിന്ദുത്വശക്തികളുടെ സ്വാധീനത്തെക്കുറിച്ച് നെഹ്റു ബോധവാനായിരുന്നു എന്ന് കത്തുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കപ്പെടുന്നുണ്ട്. പിന്നീട് ആർ.എസ്.എസ് നിരോധനവും ഭാരതീയ ജനസംഘത്തിന്റെ രൂപീകരണവും ചർച്ച ചെയ്യുന്നു. ഗാന്ധി വധത്തേയും ഘാതകരേയും കുറിച്ചുള്ള തെറ്റായ ആഖ്യാനങ്ങളേയും അദ്ദേഹം തുറന്നു കാട്ടുന്നുണ്ട്. അത്, കപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന കാലത്തിനുശേഷമുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സമകാലികപ്രയോഗങ്ങളിലേക്ക് കടന്നിട്ടില്ല. ജനസംഘ കാലഘട്ടത്തിലത് അവസാനിക്കുകയാണ്. ബി.ജെ.പി കാലഘട്ടത്തിലേക്കത് എത്തിയിട്ടില്ല. രചയിതാവു തന്നെ അക്കാര്യം അവസാനഭാഗത്ത് പറയുന്നുണ്ട്.

www.history.com

ഗാന്ധിവധത്തിന്റെ വിശകലനത്തോടെ പുസ്തകം അവസാനിക്കുന്നു എന്നു കാണുമ്പോൾ പറയാൻ തോന്നുന്ന ഒരു കാര്യം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തുടർന്നുള്ള ഘട്ടം ഈ ദിശയിൽ അപഗ്രഥിക്കേണ്ടതിന്റെ അടിയന്തരാവശ്യമാണ്. ഭാരതീയ ജനസംഘം രൂപീകരണത്തിന്റെ സാഹചര്യം വ്യക്തമാക്കുന്നതിലൂടെ അതിനൊരു തുടക്കം അവസാനപുറങ്ങളിൽ കാണാം. അതിനിയും തുടരേണ്ടതുണ്ട്. ഹിന്ദുത്വവംശീയ ആശയങ്ങളുടെ പ്രയോഗങ്ങളിലേക്ക് ആദിവാസി ഗോത്രവിഭാഗങ്ങളേയും പിന്നാക്കവിഭാഗങ്ങളേയും തന്ത്രപൂർവ്വം സ്വാംശീകരിച്ചുകൊണ്ടാണ് അതു മുമ്പോട്ടുപോകുന്നത്. (Republic of Hindutva എന്ന പുസ്തകത്തിൽ ബദ്രി നാരായൺ ഈ ദിശയിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്). അതിൽ വലിയ തോതിൽ വിജയിക്കുന്നതുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഇപ്പോഴും അധികാരത്തിലിരിക്കുന്നത്, 2024- ലും അധികാരത്തിൽ വരാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നത്. കോർപ്പറേറ്റ് ഹിന്ദുത്വയുടെ രഥയാത്രകളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാനുള്ള പ്രചോദനമായി ഈ പുസ്തകം തീരുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഈ പുസ്തകം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും വേണം.

ഗ്രന്ഥകാരൻ ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഈ വാക്യങ്ങളേടെയാണ്. “ ജനാധിപത്യ, മതേതര രാഷ്ട്രീയത്തെ അപ്രസക്തമാക്കുക എന്നാൽ ഇന്ത്യ എന്ന ആശയത്തെ, അതിന്റെ സംവാദപാരമ്പര്യത്തെ, ബഹുസ്വരമായ അതിന്റെ ജീവിതാനുഭവങ്ങളെ കൊല ചെയ്യലാണ് എന്ന് മനസ്സിലാക്കുന്ന ഉണർവ്വിലേക്ക് ഇന്ത്യൻ ജനതയുടെ എത്തിച്ചേരലാണ് ഫാഷിസത്തിനുള്ള ചികിത്സ. അതൊരുപക്ഷേ, എങ്ങനെയാണ് ഫാഷിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയം എന്ന കാര്യത്തിൽ ലോകത്തിനും വരുകാല ചരിത്രത്തിനും ഒരു പാഠപുസ്തകമായേക്കും ". അതെ. ആ പാഠപുസ്തകം രചിക്കാനാവുക ഇന്ത്യൻ ജനതയ്ക്കാണ്. സാധാരണക്കാരും നിസ്വരുമായ കോടിക്കണക്കായ ഇന്ത്യക്കാർക്ക്. ഇന്ത്യൻ ജനത നടത്താൻ പോകുന്ന ആ ചരിത്രരചനയ്ക്ക് ആവേഗം പ്രദാനം ചെയ്യുന്ന രചനയാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈ കഥനം.

Comments