‘‘ഞാൻ ധരിച്ചിരുന്നത് സാരിയായിരുന്നു. എന്നോട് സാരിയഴിക്കാൻ ഒരു ഉദ്യോഗസ്ഥൻ കൽപ്പിച്ചു. അടിയിലുണ്ടായിരുന്ന പാൻ്റ്സ് മാത്രം ഇട്ടാൽ മതിയെന്ന കൽപ്പന കേട്ടപ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യാൻ പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ബ്ലൗസിന് മീതേയുള്ള രോമക്കുപ്പായം അവർ അഴിപ്പിച്ചു. ഏറ്റവും അപഹാസ്യമായ ഈ വേഷത്തിൽ എന്നോട് സ്റ്റേഷൻ്റെ പുറത്തേക്ക് നടക്കാൻ പറഞ്ഞു. നടക്കുമ്പോഴും എൻ്റെ പുറത്തും വയറ്റത്തും അവർ ഇടിതരുന്നുണ്ടായിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷൻ്റെ മുമ്പിലുള്ള കൊടിമരത്തിൻ്റെ ഉയർന്ന തറയിൽ നിറുത്തി പതിനായിരക്കണക്കിനാളുകളുടെ മുമ്പിൽ എന്നെ പ്രദർശിപ്പിച്ചു. ഞാനാകെ നിസ്സഹായതയും ലജ്ജയും കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു."
(ഓർമ്മക്കുറിപ്പുകൾ, കെ. അജിത, പേജ് 126)
‘‘കൈയിൽ കിട്ടിയപ്പോൾ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതു പോലെയാണ് പോലീസുകാർ മർദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടിവരുന്നതെന്ന് കാണാൻപോലും കഴിഞ്ഞില്ല. ആൺ പോലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാർട്ടാക്കി നിർത്തിയ വണ്ടിയിലേക്ക് റോഡിൽ നിന്ന് ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. പോലീസ് ബസിൽ മുകളിലെ കമ്പിയിൽ രണ്ടുകൈയും പിടിച്ച് തൂങ്ങി നിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിൻ്റെ കമ്പിയിൽ തുടരെത്തുടരെ ഇടിച്ചു. എൻ്റെ തുടയിൽ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു. ശരീരത്തിൽനിന്ന് ഇറച്ചി കുത്തിപ്പിച്ചെടുക്കുന്ന വേദനയായിരുന്നു. ലാത്തിവെച്ചും ബൂട്ടുകൊണ്ടും കൂട്ട മർദ്ദനമായിരുന്നു. കണ്ണിൻ്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി’’. (അടിമമക്ക, സി.കെ. ജാനു, റാറ്റ് ബുക്സ്, പേജ് - 201)

മലയാളത്തിലെ ശ്രദ്ധേയവും ശക്തവുമായ രണ്ട് ആത്മകഥകളിൽ നിന്നുള്ള ഭാഗങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഈ രണ്ട് പുസ്തകങ്ങൾ വായിക്കുമ്പോൾ നെഞ്ച് പൊള്ളിക്കുന്ന രണ്ട് ചിത്രങ്ങൾ മനസ്സിലേക്ക് വരും.
1968-ൽ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിനുശേഷം പിടിയിലായ അജിതയെ ക്രൂരമായ ശാരീരിക മർദ്ദനത്തിനുശേഷം പാൻ്റും ബ്ലൗസും ധരിപ്പിച്ച് പത്രക്കാരുടെയും ജനങ്ങളുടെയും മുൻപിൽ പ്രദർശിപ്പിച്ച ചിത്രം. ഒരു കൊടുംഭീകരവാദിയെ പിടികൂടിയ രീതിയിൽ അജിതയുടെ ചിത്രങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ ചിത്രം, 2003- ൽ മുത്തങ്ങ സംഭവത്തിനുശേഷം പിടിയിലായ സി.കെ. ജാനുവിനെ കൊടിയ മർദ്ദനത്തിനു ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതാണ്. മുഖവും ശരീരവും നീരുവന്ന് വീർത്ത്, ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന രൂപം. ഈ രണ്ട് ചിത്രങ്ങൾക്കും കാരണമായ സംഭവങ്ങൾ അരങ്ങേറിയത് വയനാട്ടിലാണ്. മലയാള മാനവികതയുടെ മുഖത്തേറ്റ മാരകമായ പ്രഹരമായിരുന്നു ഈ രണ്ടു ചിത്രങ്ങളും. നീതിക്കുവേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ അധികാരത്തിൽ വെന്തുപൊങ്ങിയ ഭരണകൂട ഭീകരത ചാർത്തി നൽകിയ കൂലിയായിരുന്നു വേദന പിളർത്തിയ പ്രസ്തുത ചിത്രങ്ങൾ. ഭൂമിക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന് 1968-ൽ നിന്ന് 2003 ആയിട്ടും, എന്തിന് പിന്നെയും വളർന്ന് 2025 ആയിട്ടു പോലും പ്രസക്തിയുണ്ടെന്നാണ് മുകളിൽ പറഞ്ഞ രണ്ടു സംഭവങ്ങളും വ്യക്തതയോടെ ഓർമ്മിപ്പിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സി.കെ. ജാനുവിൻ്റെ ആത്മകഥയായ അടിമമക്ക വിശകലന വിധേയമാക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കഴിഞ്ഞുപോയ 78 വർഷങ്ങളിലായി കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളിലൂടെ കോടിക്കണക്കിനു രൂപയാണ് ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ചത്. ശരിയായ രീതിയിലുള്ള വിനിയോഗമാണ് നടന്നതെങ്കിൽ മുത്തങ്ങയടക്കമുള്ള ഒരു സമരവും ഇവിടെ സംഭവിക്കില്ലായിരുന്നു. 2025- ലും നിലമ്പൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ആദിവാസികൾ നിലനിൽപ്പിനായുള്ള സമരത്തിൻ്റെ ചൂളയിലാണ് വെന്തു പിടയുന്നത്. ഇപ്പറഞ്ഞതിൻ്റെ അർത്ഥം ആദിവാസി ജീവിതത്തിന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്ന അർത്ഥത്തിലല്ല. മറിച്ച് സാമ്പത്തികവും സാംസ്കാരികവുമായ പുരോഗമന രേഖയിൽ വളരെ താഴ്ന്ന നിലയിലാണ് അവരുടെ സ്ഥാനം ഇപ്പോഴും ക്രമപ്പെട്ടുകിടക്കുന്നത് എന്നതാണ് വസ്തുത.
കൽപ്പറ്റ നാരായണൻ പണ്ട് പത്രത്തിൽ വന്ന ഒരു വാർത്ത ഓർത്തെടുക്കുന്നുണ്ട്. അതിങ്ങനെയാണ്. ശക്തമായ പ്രളയത്തിൽ 11 മനുഷ്യരും 18 കാലികളും 4 നായകളും 5 ആദിവാസികളും മരണപ്പെട്ടു. മനുഷ്യരിലും മൃഗങ്ങളിലും ആദിവാസികൾ പെടാതിരുന്ന ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. അത്തരമൊരടിമക്കാലത്തായിരുന്നു അടിയ സമുദായത്തിൽ പെട്ട ചേക്കാട്ട് കരിയൻ്റെയും വെളിച്ചിയുടെയും മകളായി ജാനുവിൻ്റെ ജനനം. വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചേക്കോട്ടു കോളനിയിൽ 1970 ജൂലൈ 14നാണ് ജാനു ജനിക്കുന്നത്. നൂറ്റാണ്ടുകളായി ജൻമിമാർക്ക് അടിമകളായി ജോലി ചെയ്തതിന് അവർ നൽകിയ ജാതിപ്പേരാണ് അടിയർ. അടിമ ജീവിതത്തിൻ്റെ അതികഠിന്യങ്ങളിലൂടെയാണ് ജാനുവിൻ്റെ കുട്ടിക്കാലം ഉരഞ്ഞു നീങ്ങിയത്.
അടിമമക്കയിൽ സി.കെ ജാനു എഴുതുന്നു: ‘‘അച്ഛനും അമ്മയും ജൻമിയുടെ അടിമപ്പണിക്കാരായിരുന്നു. രാവിലെ ആറിന് പണിക്കിറങ്ങിയാൽ വൈകുന്നേരം കണ്ണിൽ ഇരുട്ടുവീഴുമ്പോഴാണ് തിരിച്ചെത്തുക അന്ന് കൂലിയായി കൊടുത്തിരുന്നത് വല്ലി (നെല്ല്) ആയിരുന്നു. മുളക്കുറ്റിയിൽ രണ്ട് ബള്ള വല്ലി അളന്ന് സ്ത്രീകൾക്കും മൂന്ന് ബള്ള വല്ലി പുരുഷൻമാർക്കും’’. (പേജ് - 18 )

‘‘എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോയി. ആ സമയത്ത് അമ്മ ഗർഭിണിയായിരുന്നു. അച്ഛൻ പോയപ്പോൾ കുള്ളിൽ (വീട്ടിൽ) മൊത്തം പട്ടിണിയായി. അമ്മ കാട്ടുകിഴങ്ങ് കുഴിച്ച് കൊണ്ടുവരും. മാസങ്ങളോളം കാട്ടുകിഴങ്ങ് തിന്ന് ജീവിക്കും. കഞ്ഞിയില്ലാത്തതുകൊണ്ട് ചേമ്പിൻതാളും ഇടിച്ചക്കയും മുളകുചേർക്കാതെ പുഴുങ്ങിത്തിന്നും. വല്ലപ്പോഴും രാത്രി ഒരുതവിപ്പറ്റും കഞ്ഞിവെള്ളവും അമ്മ വിളമ്പി വയ്ക്കുമ്പോൾ ഞങ്ങൾ ഓരോരുത്തരും പോയി കഞ്ഞിയെടുക്കും. അനിയൻ രാജുമാത്രം അമ്മ കഞ്ഞി വിളമ്പുമ്പോഴേ കരയാൻ തുടങ്ങും. കൂടുതൽ കഞ്ഞി കിട്ടാൻ. പക്ഷേ, കൊടുക്കാൻ കഞ്ഞിയില്ലായിരുന്നു. ചോറ് മാത്രം കഴിക്കാൻ ഞങ്ങൾ കൊതിച്ചിരുന്നു. ഭക്ഷണം കഴിക്കാനില്ലാതെ എത്രയോ വട്ടം ഞാൻ തല കറങ്ങി വീണിട്ടുണ്ട്. വിശപ്പ് സഹിക്കാൻ കഴിയാതെ ഞാനും കൂട്ടുകാരും ചേർന്ന് ഒരാളുടെ വീട്ടിൽ നിന്ന് ചോറ് കട്ടുതിന്നിട്ടുണ്ട്. രാത്രി കിടന്നുറങ്ങാൻ ഞങ്ങൾക്ക് പായയോ പുതപ്പോ ഒന്നുമുണ്ടായിരുന്നില്ല. ചാക്ക് വിരിച്ച് കിടക്കും’’. (പേജ് 20, 21 )
‘‘ആറാമത്തെ വയസ്സിൽ ഞാൻ ജൻമിയുടെ വീട്ടിൽ മുറ്റമടിക്കാനും പത്രം കഴുകാരും വെള്ളം കോരാനും വിറകെടുക്കാനും പോയിത്തുടങ്ങി. കൂലിയൊന്നും തരില്ലെങ്കിലും ഭക്ഷണം കിട്ടും. ഞാനും കൂട്ടുകാരി അമ്മിണിയും പച്ചനെല്ല് കുത്തിക്കൊടുക്കും. അരിയാട്ടി ദോശയും അപ്പവും ഉണ്ടാക്കി അവർ കഴിക്കും. ഞങ്ങൾക്ക് തരില്ല. ദോശ ചുടുന്ന മണം വരുമ്പോൾ കൊതിയാകും. എന്നാലും അവർ നമ്മൾക്ക് തരില്ല. പാത്രം കഴുകി, മുറ്റമടിച്ച്, കാപ്പി കുടിക്കാൻ ഇരിക്കുമ്പോൾ എപ്പോഴും രാത്രിയിലെ പഴങ്കഞ്ഞിയായിരുന്നു തന്നിരുന്നത്. ആ വീട്ടിലെ പ്രായമായ ജൻമിക്ക് വച്ചു കൊടുക്കുന്ന കഞ്ഞിയുടെ ബാക്കിയാണ് രാവിലെ ഞങ്ങൾക്ക് തരിക’’. (പേജ് - 22)
പച്ചയ്ക്ക് ജീവിതം മുറിച്ചു വച്ചിരിക്കുകയാണ് സി.കെ. ജാനു. ചോര വാർന്നുവീഴുന്ന ഉദാഹരണങ്ങൾ ധാരാളമുണ്ട് ഈ കൃതിയിൽ. ദുരന്തത്തിൻ്റെ തുരങ്ക പാതയിലൂടെയാണ് ശ്വാസം കിട്ടാതെ ജാനുവിൻ്റെയും സമപ്രായക്കാരുടെയും കുട്ടിക്കാലം ഉരഞ്ഞു നീങ്ങിയത്. ദുരിതങ്ങളുടെ മുറിവു സമ്മാനിച്ച കൊടിയ വേദനകളായിരിക്കാം കുട്ടിക്കാലത്തുതന്നെ ജാനുവിൽ ഒരു പ്രതിരോധ മനസ്സ് രൂപപ്പെടുത്തിയത്. ജന്മി കുടുംബത്തിൻ്റെ പീഡനം അധികരിച്ചപ്പോൾ നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്തോളു എന്നു പറഞ്ഞ് ധിക്കാരത്തോടെ ഇറങ്ങിപ്പോരാൻ ജാനുവിലെ കുഞ്ഞു മനസ്സിന് സാധിച്ചതും ഇത്തരം ദുരനുഭവങ്ങൾ നൽകിയ മുറിവു നീറ്റൽ തന്നെയായിരിക്കാം.

ജീവിതാനുഭവങ്ങളുടെ വളർച്ച ചുറ്റുപാടും നടക്കുന്ന ചൂഷണങ്ങളുടെയും മർദ്ദനങ്ങളുടെയും ഭീകരക്കാഴ്ചയായി ജാനുവിൻ്റെ ഉള്ളിൽ പെരുങ്കളിയാട്ടം നടത്താൻ തുടങ്ങി. ഏതൊക്കെ തരത്തിലാണ് ജൻമിമാരും ഭരണകൂടവും തങ്ങളുടെ ജീവിതത്തെ വേട്ടയാടുന്നതെന്ന ചിന്തയിൽ നിന്നാണ് ജാനുവിൻ്റെ പ്രതിരോധ മനസ്സും പ്രതികാര ചിന്തകളും ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്. തങ്ങൾക്ക് ഭൂമിയില്ല, വീടില്ല, സമ്പത്തില്ല, സ്വാതന്ത്ര്യമില്ല. ഒന്നുമില്ലായ്മയിലേക്ക് അടിമപ്പെട്ടുപോയ ഒരു ജനതയാണ് ആദിവാസികൾ. തങ്ങളുടെ അധ്വാനം മുഴുവൻ ഊറ്റിയെടുത്ത് ഇത്തിൾ കണ്ണികൾ പോലെ വളർന്നു പെരുകുകയാണ് ചുറ്റുമുള്ള അധികാര ലോകം. ഈയൊരു സത്യം തൻ്റെ നിസ്വരായ സഹജീവികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു പിന്നീടുള്ള ജാനുവിൻ്റെ പ്രധാന ലക്ഷ്യം. തുടർന്ന് ജാനുവിൻ്റെ ജീവിതമത്രയും ഇതിനു വേണ്ടിയുള്ള കഠിന പോരാട്ടത്തിനായിരുന്നു നീക്കിവച്ചത്.
ഭൂമിയും സമ്പത്തും വിദ്യാഭ്യാസവും ജോലിയും ഉൾച്ചേർന്ന ഒരവസ്ഥ സംജാതമായാൽ മാത്രമേ ആദിവാസിക്ക് ഇപ്പോഴുള്ള ദുരിതാവസ്ഥ മറികടക്കാൻ കഴിയുകയുള്ളുവെന്ന് ജാനുവിലെ കലാപകാരി തിരിച്ചറിഞ്ഞു. ഇത്തരം തിരിച്ചറിവ് ആദിവാസി ജീവിതങ്ങൾക്കിടയിലേക്ക് കടത്തിവിടുക എന്നതായിരുന്നു ശ്രമകരമായ ദൗത്യം. അതിനുവേണ്ടി സമാനമനസ്കരെ സംഘടിപ്പിച്ച് ഉന്നതികളിൽ വ്യാപകമായ തരത്തിൽ പ്രചരണം നടത്തി. മുതലാളിമാർ മദ്യം കൊണ്ട് എങ്ങനെയാണ് തങ്ങളുടെ അധ്വാനത്തെ ചതിപ്പെടുത്തി ഊറ്റിയെടുക്കുന്നത് എന്ന് ഉദാഹരണങ്ങളിലൂടെ തൻ്റെ ജനതയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ജാനുവിൻ്റെ ഇത്തരം ഉറച്ച പ്രവർത്തനങ്ങളെ രാഷ്ട്രീയ പാർട്ടികൾ ഭയത്തോടെയാണ് വീക്ഷിച്ചത്. അവർ ജാനുവിനെതിരെ നിന്ദ്യമായ പ്രചരണങ്ങൾ അഴിച്ചുവിട്ടു. പണിയെടുക്കാനും വോട്ടു രേഖപ്പെടുത്താനുമുള്ള ഉപകരണം മാത്രമായിരുന്നു ആദിവാസികൾ. ‘യന്ത്രം’ ചിന്തിക്കാൻ തുടങ്ങുന്നത് അവരിൽ അസ്വസ്ഥതയുണ്ടാക്കുക സ്വാഭാവികമാണ്.
ജാനു എഴുതുന്നു:- ‘‘കമ്യൂണിസ്റ്റ് പാർട്ടിയിൽ ഞാൻ സജീവ പ്രവർത്തകയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ പാർട്ടി ബ്രാഞ്ച് മെമ്പറും കർഷക തൊഴിലാളി യൂണിയൻ കമ്മിറ്റി മെമ്പറും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പറും ആയി. ഒരു പ്രദേശത്തെ പാർട്ടി മെമ്പറായ ആരുടെയെങ്കിലും വീട്ടിൽ വച്ചായിരുന്നു ബ്രാഞ്ച് മീറ്റിംഗ്. കാപ്പിക്കും നെല്ലിനും അടക്കക്കും തേങ്ങക്കും വില വേണം എന്ന മുദ്രാവാക്യം വിളിച്ച് സമരം നടത്തും. പിന്നീട് ഇതിനൊക്കെ വില കൂടും. മുദ്രാവാക്യം വിളിച്ച നമുക്കെന്താണ് പ്രയോജനം? കാരണം നമുക്ക് ഇതൊന്നുമില്ല. സ്വന്തമായി ഒരു കാന്താരിച്ചീനി നടാൻ പോലും സ്ഥലമില്ല. പിന്നെ ആർക്കു വേണ്ടിയാണ് മുദ്രാവാക്യം വിളിച്ചത്? തിരിച്ചറിഞ്ഞപ്പോൾ പാർട്ടി പരിപാടിക്ക് പോകുന്നത് ഞാൻ നിർത്തി". (പേജ് - 47)

പിന്നീട് ജാനു ഇടപെട്ടുകൊണ്ട് ആദിവാസി സംഗമം നടത്തുകയും അതിൻ്റെ ഭാഗമായി രൂപപ്പെട്ട സൗത്ത് സോൺ ആദിവാസി ഫോറത്തിൻ്റെ സജീവ നേതൃത്വമായി പ്രവർത്തിക്കുവാനും ജാനുവിന് സാധിച്ചു. ഇതോടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നേറാൻ തുടങ്ങി. ഭൂസമരം ലക്ഷ്യമിട്ട് ആദിവാസി ഏകോപന സമിതി രൂപീകരിച്ചു. കൈയ്യേറ്റഭൂമി തിരിച്ചു നൽകണമെന്ന ആവശ്യവുമായി കേരളത്തിൻ്റെ പല ഭാഗങ്ങളിൽ സമരങ്ങൾ നടത്തി. ഇത്തരം സമരങ്ങളെക്കുറിച്ച് വളരെ വിശദമായി അടിമമക്കയിൽ പറയുന്നുണ്ട്. കുടിൽ കെട്ടൽ സമരം നടക്കുന്ന സമയത്താണ് 2004- ൽ ആദിവാസി ഗോത്രമഹാസഭ രൂപീകരിക്കുന്നത്. ആദിവാസി പ്രസ്ഥാനങ്ങൾ വളർന്നു പടരുകയും രൂക്ഷമായ ഇടപെടൽ നടത്തുകയും ചെയ്തതോടെ കേരളീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആദിവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജാനു ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ വേണ്ടിയായിരുന്നു ആദിവാസി ക്ഷേമസമിതി, ആദിവാസി മഹാസഭ, ആദിവാസി കോൺഗ്രസ് പോലുള്ള സംഘടനകളുണ്ടാക്കി പാർട്ടികൾക്കൊപ്പം ആദിവാസികളെ നിലനിർത്തി വീണ്ടും ആദിവാസികളെ കൗശലപൂർവ്വം ചതിക്കുകയായിരുന്നു രാഷ്ട്രീയ പാർട്ടികൾ ചെയ്തതെന്ന് ജാനു മൂർച്ചയോടെ ആരോപിക്കുന്നുണ്ട്.
സി.കെ. ജാനുവിൻ്റെ പ്രവർത്തനം വയനാട് ജില്ലയിൽ നിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും അതോടൊപ്പം കേരളത്തിനു പുറത്തേക്കും വ്യാപിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള സംഘടനകളിൽ ജാനു അംഗമാകുന്നുണ്ട്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള ആദിവാസികളുമായി സംവദിക്കുകയും ചെയ്തു. 1994-ൽ ഐക്യരാഷ്ട്രസഭയുടെ ജനീവ സമ്മേളനത്തിൽ പങ്കെടുക്കുവാനും ആദിവാസികൾ നേരിടുന്ന വൈഷമ്യങ്ങൾ ആർജ്ജവത്തോടെ അവതരിപ്പിക്കുവാനും അവർക്ക് കഴിഞ്ഞു.
ഗോത്രമഹാസഭയും സി.കെ. ജാനുവും ആദിവാസികളെ വിറ്റ് കാശാക്കുന്നു എന്നതായിരുന്നു അവരുടെ പേരിലുള്ള പ്രധാന ആരോപണം. ഈ ആക്ഷേപത്തിന് ആത്മകഥയിലൂടെ ജാനു കൃത്യമായ മറുപടി നൽകുന്നുണ്ട്: ‘‘2001- ൽ ആണ് ഗോത്രമഹാസഭ രൂപീകരിച്ചത്. അതിനു മുമ്പ് യു.ഡി.എഫിലും എൽ.ഡി.എഫിലും ബി.ജെ.പിയിലുമായിരുന്നല്ലോ മൊത്തം ആദിവാസികൾ. എന്നിട്ട് അവരുടെ ജീവിതത്തിന് എന്ത് മാറ്റമുണ്ടായി?" (പേജ് - 165).

ജാനു ഉയർത്തുന്ന ഈ ചോദ്യച്ചൂരിൽ നിന്നും രാഷ്ട്രീയക്കാർക്ക് പൂർണ്ണമായും ഒഴിഞ്ഞു മാറാൻ കഴിയുമോ? ഇവരെല്ലാം ചേർന്ന് ആദിവാസികളുടെ ജീവിതത്തെ കോളനികളിൽ ഒതുക്കുകയായിരുന്നില്ലേ എന്നും കാര്യങ്ങൾ കൃത്യമായി നടത്തുകയായിരുന്നെങ്കിൽ ഞങ്ങൾക്ക് സെക്രട്ടേറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടത്തേണ്ട ഗതികേട് ഉണ്ടാക്കുമായിരുന്നോ എന്ന നിരീക്ഷണം എല്ലാ രാഷ്ട്രീയക്കാരുടെ നെഞ്ചിലുമാണ് ഒരു പോലെ തറയ്ക്കുന്നത്. നിൽപ്പു സമരം, കുടിൽകെട്ടി സമരം, മുത്തങ്ങ സമരം അടക്കമുള്ള അവർ നടത്തിയ സമരങ്ങളും അവർ അനുഭവിച്ച പീഡനങ്ങളും ഇത്തരമൊരാരോപണത്തിനുള്ള വിശാലമായ മറുപടിയാണെന്ന് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന സമര ചരിത്രങ്ങൾ തെളിയിക്കുന്നുണ്ട്.
സി.കെ. ജാനു കൂടുതൽ പഴി കേട്ട, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ആരോപണം എന്നത് അവരുടെ പാർട്ടിയുടെ എൻ.ഡി.എ രംഗപ്രവേശനമാണ്. വലിയ വിമർശനവും ചർച്ചയും ഇത് സംബസിച്ച് പൊതുസമൂഹത്തിലുണ്ടായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സാമ്പത്തിക ആരോപണവും ചാർത്തപ്പെട്ടു. അതിനുള്ള ജാനുവിൻ്റെ മറുപടി ഇങ്ങനെയാണ്: "ഞങ്ങളെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതിൻ്റെ കാരണക്കാർ കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്. അഞ്ചു വർഷം കുറെ വാഗ്ദാനങ്ങൾ പറയുകയും ഒടുവിൽ ഒന്നും ചെയ്യാതെ ഇറങ്ങിപ്പോവുകയും ചെയ്യും. കേരളത്തിലെ ആദിവാസികളും ദലിതരും നൂറ്റാണ്ടുകളായി ഇവരുടെ കൂടെയായിരുന്നില്ലേ നടന്നത്. ശരിക്കും ഞങ്ങളെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ഇടത് വലത് മുന്നണികളായിരുന്നു. വോട്ടു ചെയ്യാൻ മാത്രം ആദിവാസികളും ദലിതരും വേണം. അതു കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും." പേജ് - 322)
ഈ മറുപടി ഭാഗികമായി ശരിയാണെന്നു പറയേണ്ടി വരും. ആദിവാസിക്ഷേമം പറയുന്ന ഇടതു വലതു ശക്തികൾ വിചാരിച്ചിരുന്നുവെങ്കിൽ ജാനുവിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതായി വരില്ലായിരുന്നു. ഇതിനെ വസ്തുതാപരമായി അംഗീകരിക്കാൻ ശ്രമിച്ചാൽ പോലും അതിനുള്ള അവരുടെ പരിഹാരമാർഗ്ഗം തീർത്തും ശരിയല്ലെന്നാണ് ചരിത്രവും വർത്തമാനകാലവും തെളിയിച്ചിട്ടുള്ളത്. അൽപ്പം ആലങ്കാരികമായി പറഞ്ഞാൽ പൂച്ചയെ പേടിച്ച് പുലിമടയിൽ എത്തിയ അവസ്ഥ. ഒടുവിൽ യാഥാർത്ഥ്യം അവരും തിരിച്ചറിഞ്ഞു. പ്രസ്തുത രാഷ്ട്രീയ മുന്നണിയോട് അവരുടെ പ്രസ്ഥാനം വിട പറഞ്ഞുകഴിഞ്ഞു.

ജാനുവിൻ്റെ പേരിലുള്ള മറ്റൊരാരോപണം അവർ രാഷ്ട്രീയ കച്ചവടം നടത്തിയും അഴിമതി നടത്തിയുമാണ് വലിയ വീടു വച്ചതും കാറുവാങ്ങിയതും എന്നതാണ്. കൃഷി ചെയ്തും ലോണെടുത്തുമാണ് ഇതു രണ്ടും നേടിയതെന്ന് വളരെ വ്യക്തമായി പുസ്തകത്തിൽ പറയുന്നുണ്ട്. യഥാർത്ഥ പ്രശ്നം അതല്ല. ആദിവാസി ഇത്തിരി നല്ല വീടുവയ്ക്കുകയോ ഒരു നല്ല വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്യുന്നത് പൊതുസമൂഹത്തിന് ഇപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. തെറ്റായ രീതിയിൽ സമ്പാദിക്കണമെന്നോ ജീവിക്കണമെന്നോ അല്ല വിവക്ഷിക്കുന്നത്. പൊതു സമൂഹത്തിന് എന്തും ആവാം എന്നാൽ ആദിവാസികൾക്കു മാത്രം ഇതൊന്നും പാടില്ല എന്ന സവർണ്ണതയുടെ ഇരട്ടത്താപ്പാണ് ഇവിടെ നഗ്നതയോടെ പുറത്തുവരുന്നത്. ആശയത്തിൻ്റെയും ആദർശത്തിൻ്റെയും പേരിൽ ജാനുവിനെയും ജാനുവിൻ്റെ പ്രവർത്തനങ്ങളെയും നമുക്ക് അകറ്റി നിർത്താം. എന്നാൽ ജാനു ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മൂർച്ചയെ പ്രതിരോധിക്കാനുള്ള ശേഷി പൊതുസമൂഹത്തിൻ്റെ അധികാര കെട്ടിപ്പൊക്കലുകൾക്കില്ല എന്നതാണ് ബലമുള്ള സത്യം.
‘‘ഇന്നയിന്ന പദ്ധതികൾ നടപ്പിലാക്കിയെന്ന് മൈക്കിന് മുന്നിൽ പ്രസംഗിക്കും. എന്ത് പദ്ധതികളാണ് നടപ്പിലാക്കിയത്? ഏത് ആദിവാസികൾക്കാണ് ഇതെല്ലാം കിട്ടിയത്. അവസാനം പറയും എത്ര കൊടുത്താലും ആദിവാസികൾ നന്നാവില്ലെന്ന്. ഞങ്ങളുടെ ആളുകൾ കാലാകാലങ്ങളായി ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. ആനുകൂല്യം തരുന്നത് പാർട്ടി ഫണ്ട് ഉപയോഗിച്ചോ അവരുടെ തറവാട്ടിലെ വിഹിതമെടുത്തിട്ടോ അല്ല. ഭരണഘടനയിൽ ബി.ആർ. അംബേദ്ക്കർ എഴുതി വച്ചിട്ടുള്ള സംവരണ വിഹിതമാണ് നമുക്ക് തരുന്നത്. ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവർക്ക് വേണ്ടത് എടുത്തശേഷം ബാക്കിയുള്ള തുച്ഛമായ അംശമാണ് ഞങ്ങൾക്ക് തരുന്നത്’’ (പേജ് - 333).

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് ആദിവാസികൾ. അവരുടെ ജീവിതവും സംസ്കാരവും വളരെ വിശദമായി വിശകലനം ചെയ്യുന്നുണ്ട് അടിമമക്കയിൽ. അതേസമയം പൊതു സമൂഹം എങ്ങനെയൊക്കെയാണ് പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അക്കമിട്ട് വിശദീകരിക്കുന്നുമുണ്ട്. കിടന്നുറങ്ങാനുള്ള ഭൂമിയല്ല ആദിവാസിക്ക് വേണ്ടത്. ഉന്നതികളും ഫ്ലാറ്റുകളും ആദിവാസി ഭൂപ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരമല്ല എന്ന് സി.കെ ജാനു പറയുമ്പോൾ ജാനുവിൻ്റെ കറതീർന്ന നിലപാട് വ്യക്തമാകും. അഞ്ചേക്കർ ഭൂമി ഓരോ ആദിവാസി കുടുംബത്തിനും കൊടുക്കണമെന്നും അതോടൊപ്പം കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായവും നിർദ്ദേശങ്ങളുമാണ് അവർക്ക് നൽകേണ്ടതെന്നും ജാനു ഉറപ്പിച്ചു പറയുന്നു. ഭൂമിക്കുവേണ്ടി വനം നശിപ്പിക്കേണ്ട കാര്യമില്ലെന്നും അനധികൃതമായി കൈവശംവെച്ചിരിക്കുന്ന എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിച്ചാൽ മാത്രം മതിയെന്നും കൃത്യമായ കണക്കുവെച്ച് ജാനു സമർത്ഥിക്കുന്നു. ആദിവാസി ആദിവാസിയായി എന്നും നിലനിൽക്കണമെന്ന അദലിതചിന്ത പ്രവർത്തിക്കുന്നിടത്തോളം ഇതൊന്നും ആരുടെയും ചെവികളിൽ എത്തുകയില്ല. ഇന്നത്തെ കാലഘട്ടത്തിൽ മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ ജനങ്ങളെ ഏകീകരിച്ചുകൊണ്ട് രാഷ്ട്രീയാധികരം പ്രവർത്തിക്കുമ്പോൾ, ഞങ്ങൾക്കും വേണം ഒരു മതം എന്ന് ജാനു ആവശ്യപ്പെടുന്നു. ഹിന്ദുമതമോ വിശ്വാസമോ ഞങ്ങളുടേതല്ല. ഞങ്ങൾക്ക് വേണ്ട മതം 'ആദിവാസിമത'മാണ്. ജാനു ഉദാഹരിക്കുന്നത്: പേര് : ശാന്ത. ജാതി: പണിയ. മതം: ആദിവാസി മതം. ഒരു ജനത അനുഭവിക്കുന്ന ചൂഷണത്തിൻ്റെയും പീഡനത്തിൻ്റെയും കഠിനാവസ്ഥകളിൽ നിന്നാണ് ജാനു ഇത്തരം അനിവാര്യമായ ആവശ്യം വികസിപ്പിച്ചെടുക്കുന്നത്. പോയകാല ആദിവാസി ഉദ്ധാരണങ്ങളുടെ കള്ളത്തരങ്ങളിലാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ജാനു ആഞ്ഞു പ്രഹരിക്കുന്നത്.
ജനാധിപത്യം സമഗ്രമായി പുലരുന്നു എന്നു പറയുന്ന കാലത്ത് ഫ്യൂഡൽ ജൻമിത്ത വ്യവസ്ഥിതി മനോഹരമായി ഒളിച്ചുകടത്തുന്നത് എങ്ങനെയെന്ന് അവരവരെത്തന്നെ ബോധ്യപ്പെടുത്താനുള്ള തീവ്ര ശ്രമമാണ് സി.കെ.ജാനു ഈ കൃതിയിലൂടെ ചെയ്യുന്നത്. അതുകൊണ്ടാണ് ജാനു പറയുന്നത് 'അടിമമക്ക' നിങ്ങൾ വായിക്കുമ്പോൾ നിങ്ങൾ നിങ്ങളെയാണ് തിരിച്ചറിയുന്നതെന്ന്. പാബ്ലോ പിക്കാസോയുടെ പ്രശസ്ത ചിത്രമായ ഗ്വേർ ണിക്കയെക്കുറിച്ച് കേട്ട ഒരു കഥയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ജർമ്മൻ ഓഫീസർ പാരീസിലെ പിക്കാസോയുടെ സ്റ്റുഡിയോയിൽ വന്ന് ഗ്വേർണിക്ക കണ്ട് ഇത് നിങ്ങൾ വരച്ചതാണോ എന്ന് ചോദിച്ചപ്പോൾ പിക്കാസോ കൊടുത്ത മറുപടി, അല്ല നിങ്ങളാണ് എന്നാണ്. അത് തന്നെയാണ് ഇവിടെയും യോജിക്കുന്നത്. ഇത് ജാനു എഴുതിയതല്ല മറിച്ച് പൊതുസമൂഹം തന്നെ എഴുതിയതാണ്.
ജാനുവിൻ്റെ ആത്മകഥ എന്നതിനപ്പുറം ആദിവാസി ജീവിതങ്ങളുടെ ആത്മകഥയാണിത്. ആദിവാസി ജീവിതത്തിൻ്റെ ആഴവും ആകാശവും തൻ്റെ തന്നെ ജീവിതമായി കണ്ട് അതിനാവശ്യമായ ചികിത്സാവിധിയിലേക്ക് വിരൽചൂണ്ടുകയാണ് സി.കെ. ജാനു അടിമമക്കയിലൂടെ ചെയ്യുന്നത്. ആത്മകഥകളുടെ പൊതുസ്വഭാവമായ ആത്മരതിക്കപ്പുറത്തേക്ക് ഗോത്രജീവിതത്തിൻ്റെ നരകയാതനകൾ കലർപ്പില്ലാതെ ആവിഷ്കരിക്കുന്ന അടിമമക്കളുടെ കഥയാണ് അടിമമക്ക. അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ എങ്ങനെയാണ് ഭരണകൂടം കൗശലപൂർവ്വം അവഗണിക്കുന്നതെന്ന പ്രശ്നമണ്ഡലത്തെയാണ് അടിമമക്ക നിർദ്ധാരണം ചെയ്യുന്നത്. ഇത്തിരിയെങ്കിലും മനുഷ്യത്വം ഉള്ളിലവശേഷിക്കുന്ന ഏതൊരാളെയും ഈ കൃതി അഗാധമായി വേദനിപ്പിക്കും. കാരണം നിലനിൽപ്പിൻ്റെ രാഷ്ട്രീയമാണ് ജാനുവിൻ്റെ ആത്മകഥ ചർച്ചചെയ്യുന്നത്. നൂറ്റാണ്ടുകളായി മഴയത്ത് നിർത്തിയ ഒരു ജനസമൂഹത്തിൻ്റെ നിലവിളികളാണ് ഇവിടെ അക്ഷരരൂപം പ്രാപിക്കുന്നത്. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അവർക്ക് നേതൃത്വവും കരുതലും കൊടുക്കുന്ന ഒരു പെൺശബ്ദത്തിൻ്റെ ഗർജ്ജനവും കേൾക്കാൻ കഴിയും.
