മികച്ച നോവലിനുള്ള കഴിഞ്ഞ വർഷത്തെ പുലിറ്റ്‌സർ സമ്മാനം നേടിയ "ദി ഓവർസ്റ്റോറി', മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ കുറിച്ചോ മനുഷ്യബന്ധങ്ങളുടെ നിഗൂഢതകളെ കുറിച്ചോ അല്ല, മരങ്ങളെ കുറിച്ചാണ്, മരങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്, പ്രധാനമായും പ്രതിപാദിക്കുന്നത്. അമേരിക്കയിലെ ""ഏറ്റവും മികച്ച നോവലിസ്റ്റുകളിൽ ഒരാളായിരിക്കെ തന്നെ ഏറ്റവും അപ്രശസ്തനായ ഒരാൾ '' എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന റിച്ചാർഡ് പവേർസിനെ ലോകശ്രദ്ധയിലേയ്ക്ക് ഉയർത്തിയ അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ നോവൽ, പാരിസ്ഥിതിക സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായി വരുംകാലങ്ങളിൽ കൂടുതൽ വായിക്കപ്പെടും. കഴിഞ്ഞ വർഷത്തെ മികച്ച കൃതിക്കുള്ള മാൻ ബുക്കർ പ്രൈസിനുള്ള ലിസ്റ്റിൽ ഈ നോവലും ഉൾപ്പെട്ടിരുന്നു.
മരങ്ങളെ കുറിച്ചുള്ള ഇതിഹാസ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന "ദി ഓവർസ്റ്റോറി'യിൽ ഇന്ത്യയും പല വട്ടം പരാമർശിക്കപ്പെടുന്നുണ്ട്. ചിപ്‌കോ പ്രസ്ഥാനവും വടക്കുകിഴക്കൻ മേഖലയിലെ വേരുകളുടെ പാലങ്ങളും ഋഗ്വേദത്തിൽ നിന്നുള്ള ശ്ലോകവും ടാഗോറും കൂടാതെ ബുദ്ധനും ബോധിവൃക്ഷവും നോവലിൽ കടന്നു വരുന്നു. "വേരുകൾ', "തടി', "മുടി', "വിത്തുകൾ', എന്നിങ്ങനെ നാലു ഖണ്ഡങ്ങളിലൂടെ, അറുനൂറ്റി ഇരുപത്തഞ്ചു പേജുകളിലൂടെ, നോവലിസ്റ്റായ റിച്ചാർഡ് പവേർസ് അവതരിപ്പിക്കുന്നത്, ഒമ്പതു മനുഷ്യരുടെയും മുന്നൂറ്റിപ്പത്തിലേറെ മരങ്ങളുടെയും കഥകളാണ്. അമേരിക്കയാണ് പശ്ചാത്തലം.
"വേരുകൾ' എന്ന ഖണ്ഡത്തിലുള്ളത്, മനുഷ്യകഥാപാത്രങ്ങളുടെ പേരുകളിൽ ഉള്ള എട്ട് അദ്ധ്യായങ്ങളാണ് (ഇവയിൽ ഒരു അദ്ധ്യായത്തിൽ അവതരിപ്പിക്കപ്പെടുന്നത്, ദമ്പതികൾ ആണ്). ഈ ഒമ്പതു മനുഷ്യരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരിക്കൽ പതിനായിരം ഓക്കുമരങ്ങളുടെ നാട് (Ten Thousand Oak Trees) എന്നും ഹൃദയാനന്ദങ്ങളുടെ താഴ്‌വര (The Valley of Hearts Delights) എന്നും അറിയപ്പെട്ടിരുന്ന സിലിക്കോൺ വാലിയിയിലാണ് നീലെ മേത്ത ജനിച്ചത്. അതുകൊണ്ടായിരിക്കണം, കുട്ടിക്കാലം തൊട്ടു തന്നെ കമ്പ്യൂട്ടർ ലോകത്തിലാണ് നീലെയുടെ ജീവിതം. സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് മരത്തിൽ നിന്ന് വീണു നടുവൊടിഞ്ഞത്. "രഹസ്യ വനം' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദിതനായി ചക്രക്കസേരയിലിരുന്നു കൊണ്ട്, ഒരു കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് അരക്കെട്ടു വരെ നീണ്ടുകിടക്കുന്ന നരച്ച മുടിയുമായി നീലെ മേത്ത ഇപ്പോൾ.
മനുഷ്യരെ കുറിച്ചും ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മരങ്ങളെ കുറിച്ചും ഒരു നോവൽ എഴുതാൻ എഴുത്തുകാരനെ
പ്രചോദിപ്പിച്ചത്, രണ്ട് ചെറു സംഭവങ്ങൾ ആയിരുന്നു. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ അധ്യാപകനായി ജോലി ചെയ്യുമ്പോൾ ഒരു ദിവസം കുറച്ചു ചെറുപ്പക്കാർ അമിതമായ ആത്മവിശ്വാസത്തോടും അതിരുകടന്ന ശുഭാപ്തിവിശ്വാസത്തോടും കൂടി സംസാരിക്കുന്നത് കേൾക്കാനിടയായി (ഗൂഗിൾ,ആപ്പിൾ, ഫേസ്ബുക്ക്, ഒറക്കിൾ, നെറ്റ്ഫ്‌ലിക്‌സ്, ടെസ്ല, ഇ-ബെ, എച്ച്പി, എഡോബ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ തലസ്ഥാനമായ സിലിക്കോൺ വാലിയുടെ സമീപപ്രദേശത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്). സാങ്കേതിക വിദ്യയുടെയും കമ്പ്യൂട്ടർ മേഖലയുടെയും പുരോഗതിയെ കുറിച്ചായിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. മനുഷ്യനു മരണത്തെ തോൽപ്പിക്കുവാൻ ഇനി ഏതാനും വർഷങ്ങൾ മാത്രമേ വേണ്ടി വരികയുള്ളൂ! ഈ വാക്കുകൾ പോലെ ഒരു കാഴ്ചയും എഴുത്തുകാരന്റെ ഭാവനയേയും ചിന്തയേയും ഉണർത്തി. പതിവായി നടക്കാൻ പോകാറുള്ള സ്‌മോക്കി മലനിരകളിലെ കാലത്തെയും മനുഷ്യരുടെ മഴുവിനെയും അതിജീവിച്ച ഒറ്റപ്പെട്ട പടുകൂറ്റൻ റെഡ് വുഡ് വൃക്ഷമായിരുന്നു അത്. മരണത്തെ കുറിച്ചും മനുഷ്യായുസ്സും വൃക്ഷായുസ്സും തമ്മിലുള്ള അന്തരത്തെ കുറിച്ചും കൂടുതൽ അവബോധമുള്ളിലുദിക്കുവാൻ ആ മരം എഴുത്തുകാരന് ഒരു പ്രചോദനമായി മാറി.
മനുഷ്യനു മരണത്തെ തോൽപ്പിക്കുവാൻ ഇനി ഏതാനും വർഷങ്ങൾ മാത്രമേ വേണ്ടി വരികയുള്ളൂ! ഈ വാക്കുകൾ പോലെ ഒരു കാഴ്ച്ചയും എഴുത്തുകാരന്റെ ഭാവനയേയും ചിന്തയേയും ഉണർത്തി.
മിമി മാ ആണ് ഒമ്പതു പേരിൽ മറ്റൊരാൾ. നോവലിൽ ഏറ്റവും ആദ്യം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രം ഇവരാണ്. തുടക്കത്തിൽ തന്നെ, മൂന്നും നാലും പേജുകളിലായി, ഒരു പൈൻ മരത്തിൽ ചാരിയിരിക്കുന്ന ഒരു സ്ത്രീയായി, പേരറിയാത്തവരായി, ഇവരെ നാം പരിചയപ്പെടുന്നു. അപ്പോൾ ആ മരം അവരോടു സംസാരിക്കുകയാണ്. ""മനുഷ്യവംശത്തിന്റെ പ്രശ്‌നം തന്നെ ഇതാണ്. ഒരു കാര്യവും അതിന്റെ സമഗ്രതയിൽ കാണുകയില്ല.'' പൈൻ മരം അവളോടു പറയുകയാണ്. ""കേൾക്കൂ. നീ കേൾക്കേണ്ടതായ ഒരു സംഗതിയുണ്ട്.'' നോവലിന്റെ അവസാനഭാഗത്ത്, മൂന്നു , പേജുകളിലായി, ഈ സ്ത്രീയെ ഒടുവിൽ നാം കാണുന്നത്, കേൾക്കുന്നവൾ ആയിട്ടല്ല, സംസാരിക്കുന്നവൾ ആയിട്ടാണ്. "ഒരു വൃദ്ധയായ സ്ത്രീ' മരത്തോടു സംസാരിക്കുന്നത് കണ്ടിട്ട് ഒരാൾ, കടുംനീല യൂണിഫോം ധരിച്ച ഒരു പുരുഷൻ, അവരോടു ചോദിക്കുന്നു, കുഴപ്പമൊന്നുമില്ലല്ലോ എന്ന് ( alerted by what he has just seen : an old woman talking to a thing whose answers are all mute, wooden, and spreading. ""Are you all right ?'').
അവർ ഇപ്പോൾ ആരാണ് എന്നോ അവർ ചാരിയിരിക്കുന്ന മരം ഇപ്പോൾ ഏതു മരമാണ് എന്നോ അയാൾക്കറിഞ്ഞു കൂടാ. സാൻ ഫ്രാൻസിസ്‌കോയിലെ മിഷൻ ഡോളോറസ് പാർക്കിലെ പൈൻ മരച്ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന, പിറുപിറുത്തുകൊണ്ടിരിക്കുന്ന, വൃദ്ധയായ ഒരു സ്ത്രീ. ഈ സ്ത്രീ, 1948 ൽ ഷാങ്ങ്ഹായിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് ഒരു മൾബെറി നട്ട മാസിസ്വിൻ എന്ന എൻജിനിയറുടെ മകളാണ് എന്നും മരം മുറിച്ചു പണമായി മാറ്റുന്ന തടിമുതലാളിമാരുടെ മുന്നേറ്റത്തിനെതിരെ ഒരിക്കൽ പ്രതിരോധം നയിച്ചവളാണ് എന്നും കഥയറിയുന്നവർക്ക് മാത്രമേ ആ മരത്തെയും അവരെയും തിരിച്ചറിയാൻ കഴിയൂ. മകൾക്ക് അച്ഛൻ ഒരു ചൈനീസ് ചുരുൾചിത്രവും സമ്മാനിച്ചിരുന്നു. മരങ്ങളും ബുദ്ധകഥകളിലെ അർഹതന്മാരും ആ ചിത്രത്തിലുണ്ടായിരുന്നു.
ഓവിഡ് എഴുതിയ "രൂപാന്തരം' എന്ന കാവ്യം തുടങ്ങുന്നത്, ""ജീവികൾ രൂപം മാറി മറുരൂപങ്ങൾ ആയിത്തീരുന്നതിനെ കുറിച്ച്, നിന്നോടു ഞാൻ പാടാം '' എന്ന ഒരു വരിയിലാണ്. മരങ്ങളെ കാണേണ്ടത് എങ്ങിനെ എന്ന് കുട്ടിയായിരിക്കുമ്പോൾ തന്നെ പഠിപ്പിച്ച അച്ഛനാണ് ഈ പാഠവും പട്രീഷ്യയെ , പിന്നീട് പ്രശസ്ത വനശാസ്ത്രവിടഗ്ദയായി മാറിയ ഡോക്ടർ പട്രീഷ്യ വെസ്റ്റർഫോർഡിനെ, പഠിപ്പിച്ചത്. മരങ്ങൾ മുറിക്കുന്നതിനെതിരെ സമരം ചെയ്ത ഡഗ്ലസ് പവെലിക് ഇപ്പോൾ ജയിലറയിൽ ഇരുന്ന് കാതോർക്കുന്നത് പ്രൊഫസർ പട്രീഷ്യയുടെ ഈ വാക്കുകൾക്കു വേണ്ടിയാണ് . അവർ ന്യൂസിലന്റിൽ ഉള്ള മരങ്ങളുടെ ദൈവമായ ടാനെ മഹുടെയെക്കുറിച്ചും നോർസ് സങ്കൽപ്പങ്ങളിലെ , ജിയൻ മുവിനെക്കുറിച്ചും നന്മതിന്മകളുടെ വൃക്ഷത്തെക്കുറിച്ചും വേരുകൾ മുകളിലും കൊമ്പുകൾ താഴോട്ടും വളരുന്ന അനശ്വരമായ അശ്വത്ഥത്തെക്കുറിച്ചും വാചാലയായ അവർ ഒടുവിൽ ആദിമമായ ലോകവൃക്ഷത്തെക്കുറിച്ചും സംസാരിക്കുന്നു. മനുഷ്യർ മരങ്ങളായി രൂപാന്തരം പ്രാപിക്കുന്ന കഥകൾ ആയിരുന്നു അവർക്ക് ഏറ്റവും പ്രിയപ്പെട്ടവ. മരങ്ങളെ സ്‌നേഹിക്കാൻ പഠിപ്പിച്ച അച്ഛനിൽ നിന്നും പതിനാലാമത്തെ വയസ്സിലാണ്, പ്രൊഫസർക്ക് "രൂപാന്തരം' ( Metamorphosis) സമ്മാനമായി ലഭിച്ചത്. ആ പുസ്തകത്തിലെ സൈപാരിസസിനെ പോലെ അവളും ആദ്യം സ്‌നേഹിച്ചത് ഒരു മാനിനെ ആയിരുന്നു. മാൻ മരിച്ച ദുഃഖം സഹിക്കാനാകാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുമാരനിൽ അലിവു തോന്നിയ അപ്പോളോ ദേവൻ എന്നും കണ്ണുനീർ പൊഴിക്കുവനായി അവനെ ഒരു മരമാക്കി മാറ്റുന്നു. വിലാപത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന സൈപ്രസ് അങ്ങിനെയാണത്രെ ഭൂമിയിൽ ഉണ്ടായത്.
അപ്പോളോ പിറകെ വന്നപ്പോൾ ഡാഫ്‌നെ ലോറൽ ആയി മാറിയതും ദമ്പതികളും നല്ല ആതിഥേയരും ആയിരുന്ന ഫിലിമനും ബോസിസും, വൃക്ഷദമ്പതികളായി, ഓക്കും ലിൻഡനും ആയി മാറുന്നതും എല്ലാം കുട്ടി വായിച്ചറിയുന്നത്, ഓവിഡ് കൃതിയിൽ നിന്നാണ്. കുട്ടിക്കാലത്ത് അവർ വായിച്ച ഒരു പുസ്തകം, അമേരിക്കയിലെ പലയിടത്തും ആപ്പിൾ എത്തിച്ച ജോണി ആപ്പിൾസീഡിനെ കുറിച്ചുള്ള ഒരു കോമിക് ആയിരുന്നു. ഭാര്യയുടെ എതിർപ്പു വക വെയ്ക്കാതെ, ബിൽ വെസ്റ്റർഫോർഡ്, "ലോകം കാണുവാൻ' എന്നും പറഞ്ഞു പണ്ടു മകളെ പതിവായി കൊണ്ടു പോകാറുള്ളത്, മരങ്ങൾ കാണിച്ചുകൊടുക്കുവാൻ ആയിരുന്നു. ക്ലാസിലെ മറ്റു കുട്ടികൾക്ക് മരങ്ങൾ തിരിച്ചറിയാൻ പറ്റില്ല എന്നു മകൾ പറയുന്നതു കേട്ട അച്ഛൻ പറയും, അത് പഴയ ശാപമാണ് എന്ന്. മനുഷ്യന് തന്നെ പോലെയുള്ളതിനെ മാത്രമേ കാണാൻ കഴിയൂ. സസ്യങ്ങളെ കാണാനുള്ള കാഴ്ച്ചയില്ല മനുഷ്യന് എന്നും ബില്ലി വെസ്റ്റർഫോർഡ് മകളെ ആശ്വസിപ്പിച്ചു (""Plant-blind. Adam's curse, we only see things that look like us Sad story, ain't it, kiddo? '').
"ആരോഗ്യമുള്ള ഒരു വനത്തിന് മരിച്ച മരങ്ങൾ വേണം.' കൈ ഉയർത്തി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവത്തിൽ നിന്നും പഠിച്ച ആ പാഠം തെളിവുകളോടെ അവതരിപ്പിക്കാൻ വേണ്ട വസ്തുതകൾ തന്റെ കൈവശമില്ല എന്നത് ഒരു പോരായ്മയായിരുന്നു.
വനശാസ്ത്ര വകുപ്പിലെ ഒരു പ്രൊഫസർ, കാടിന്റെ ആരോഗ്യത്തിന് കാട്ടിൽ നിലത്തു വീണു കിടക്കുന്ന ഇലകളെല്ലാം അടിച്ചു വാരിയെടുത്ത് വൃത്തിയാക്കണം എന്നു പറയുന്നതു കേട്ടപ്പോൾ അതു ശരിയല്ലല്ലോ എന്നാണ് പട്രീഷ്യയ്ക്ക് തോന്നിയത്. "ആരോഗ്യമുള്ള ഒരു വനത്തിന് മരിച്ച മരങ്ങൾ വേണം.' കൈ ഉയർത്തി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവത്തിൽ നിന്നും പഠിച്ച ആ പാഠം തെളിവുകളോടെ അവതരിപ്പിക്കാൻ വേണ്ട വസ്തുതകൾ തന്റെ കൈവശമില്ല എന്നത് ഒരു പോരായ്മയായിരുന്നു. "ഓവിഡിന്റെ കാവ്യത്തിൽ എന്നതു പോലെ, ജീവനുള്ളതെല്ലാം തന്നെ മറ്റൊന്നായി മാറും.'
അച്ഛൻ മരിച്ചപ്പോൾ, ശവമടക്കിന് മകൾ വായിച്ചത്, "രൂപാന്തര'ത്തിലെ മരങ്ങളായി മാറിയ ദമ്പതികളുടെ കഥ ആയിരുന്നു. സഹോദരിക്ക് ദുഃഖം കൊണ്ട് ശരിക്കും ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്നാണ് അതുകണ്ടപ്പോൾ സഹോദരന്മാർക്ക് തോന്നിയത്. ആൾഡൊ ലിയൊപോൾഡ്, ജോൺ മൂർ, ഓവിഡ് തുടങ്ങിയവരുടെ കൃതികൾ അടങ്ങിയ അച്ഛന്റെ പുസ്തകശേഖരം അവൾ നിധി പോലെ സൂക്ഷിച്ചു വെച്ചു. ഡോക്ടറും പ്രൊഫസറും ആയി വളർന്ന പട്രീഷ്യ മരങ്ങൾക്ക് ബുദ്ധിയുണ്ട് എന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആണ്. "രഹസ്യ വനം', "പുതിയ രൂപാന്തരം' തുടങ്ങിയ കൃതികളുടെ എഴുത്തുകാരിയായ പട്രീഷ്യയുടെ ആശയങ്ങൾക്ക് അക്കാദമികലോകത്ത് ഒരു ഘട്ടത്തിൽ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ അധികം വൈകാതെ വലിയ അളവിൽ അവഗണയും പരിഹാസവും നേരിടേണ്ടി വന്നു അവർക്ക്. പരിസ്ഥിതിശാസ്ത്രത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തു തന്നെ മരങ്ങളുണ്ടായിരിക്കണം എന്നു വിശ്വസിച്ചിരുന്ന
പട്രീഷ്യ ടാഗോറിന്റെ വാക്കുകളും ഒരു പ്രഭാഷണത്തിൽ അവതരിപ്പിക്കുന്നുണ്ട് (""Trees are the earth's endless effort to speak to the listening heaven''). മരങ്ങൾ സാമൂഹ്യജീവികളാണ് എന്ന് പട്രീഷ്യ തെളിവുകൾ നിരത്തി വാദിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നത്, സ്വന്തം ശാസ്ത്രബോധം കൂടി അടിസ്ഥാന മാക്കിയിട്ടാണ് . "അമ്മമര'ങ്ങളുടെ വക്താവും മരങ്ങൾ പരസ്പരം
സംവദിക്കുന്നുണ്ട് എന്നു വിശ്വസിക്കുകയും ചെയ്യുന്ന സൂസൻ സിംറാഡ് (Suzanne Simard), നൂറു കണക്കിന് വർഷംകൊണ്ട് വളർന്നു വന്ന പഴയ കാടുകൾ (old growth trees) സംരക്ഷിക്കുന്നതാണ് പുതുതായി അവ നട്ടു വളർത്തിയെടുക്കുന്നതിലും പ്രധാനം എന്നു വാദിക്കുന്ന ജോൻ മലൂഫ് ( Joan Maloof) തുടങ്ങിയവരെ ഓർത്തു കൊണ്ടായിരിക്കണം, ഈ കഥാപാത്രത്തെ നോവലിസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത് (പീറ്റർ വൊലെബിൻ അല്ല മാതൃകയെ ന്ന്
ഒരഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്). അക്കാദമികലോകം സ്ത്രീകളായ ശാസ്ത്രജ്ഞരെ വേണ്ടത്ര ആദരവോടെയല്ല കാണുന്നത് എന്നു നോവലിൽ ഒരിടത്ത് പട്രീഷ്യ ചിന്തിക്കുന്നുണ്ട് . ""ഒരു സ്ത്രീ ശാസ്ത്രജ്ഞയാകുന്നത് കരടി ബൈക്ക് ഓടിക്കുന്നത് പോലെയാണ്'' എന്നായിരിക്കും പുരുഷന്മാർ കരുതുന്നത്. അതുകൊണ്ട്, ഡോക്ടർ പാറ്റ് വെസ്റ്റർഫോർഡ് എന്ന പേരിനു പിന്നിൽ അവർ മറഞ്ഞിരിക്കാൻ ശ്രമിച്ചു.
മരങ്ങളെ പോലെ മരങ്ങളെ കുറിച്ചുള്ള ഒരു പുസ്തകവും നോവലിലെ പല കഥാപാത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. പട്രീഷ്യയുടെ "സീക്രറ്റ് ഫോറസ്റ്റ്' സമരകാലത്ത് റോസ് വുഡ് മരത്തിനു മുകളിൽ ഇരുന്നു മരസംരക്ഷകരാകുന്ന ഡഗ്ലസും മിമി മായും മുമ്പേ മരമിരിപ്പിനു വന്നിരുന്നവർ ഉപേക്ഷിച്ചു പോയ ഈ പുസ്തകം എടുത്തു മറിച്ചു നോക്കുന്നുണ്ട്. നീലെ മേത്തയുടെ കയ്യിലും ഉണ്ട് ഒരു കോപ്പി. റെയും ഡൊറോതിയും വായിക്കാനെടുക്കുന്ന ഒരു പുസ്തകവും "രഹസ്യ വനം' തന്നെ.
പട്രീഷ്യയുടെ ശാസ്ത്രീയമായ ഈ വാദമുഖങ്ങൾക്ക് സമാന്തരമായിട്ടാണ് , നോവലിസ്റ്റ് അവസാനഭാഗത്ത് മിമി മാ എന്ന മരച്ചുവട്ടി ലെ "പ്രബുദ്ധയായ' വൃദ്ധയെ അവതരിപ്പിക്കുന്നത്. ശാസ്ത്രചിന്തയിൽ അടിസ്ഥാനമുള്ള പട്രീഷ്യയുടെ അവബോധത്തിലേയ്ക്ക് മിമി മാ ഉണരുന്നത്, ഒരു വെളിപാടിലൂടെയാണ്. പാർക്കിൽ മരച്ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന മിമിയുടെ മനസ്സ് കൂടുതൽ ഹരിതാഭമായിരിക്കുന്നു ഇപ്പോൾ (Some slight change in the atmosphere, the humidity, and her mind becomes a greener thing). നേരം പാതിരയാണ്. നഗരത്തിൽ, കുന്നിൻചെരുവിലെ ഈ പൈൻ മരം, ഒരു ബോധിവൃക്ഷത്തിനു പകരം നിൽക്കുകയാണ്. അങ്ങിനെ പുതിയ ബോധവതിയാകുന്നു മിമി മാ. മനുഷ്യരുടെ ദുഃഖം ആയിരിക്കാം, മനുഷ്യരോടും മരങ്ങളോടും ഉള്ള സ്‌നേഹം ആയിരിക്കാം, ഒടുവിൽ അവരെ ഇങ്ങിനെ ഒരു ബുദ്ധവൃദ്ധയാക്കി മാറ്റുന്നത്.
എഴുതിക്കൊണ്ടിരിക്കുന്ന മരങ്ങളെ കുറിച്ചുള്ള തന്റെ ഒരു ചെറു പുസ്തകം പട്രീഷ്യ അവസാനിപ്പിക്കുന്നതും ബുദ്ധന്റെ വാക്കുകളിൽ ആണ്. ""സർവ്വ ജീവജാലങ്ങൾക്കും തണലും ഭക്ഷണവും സംരക്ഷണവും നൽകുന്ന മരം ഒരു അത്ഭുത സംഗതിയാണ്. തന്നെ നശിപ്പിക്കാൻ മഴുവുമായി വരുന്ന മനുഷ്യനുപോലും മരം തണൽ നൽകുന്നു''( മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ തന്നെ രണ്ടു സന്ദർഭങ്ങളിൽ നിമിത്തമായിത്തീരുന്നത്, മരങ്ങളാണ്. തീപിടിച്ച വിമാനത്തിൽ നിന്നു ഭൂമിയിലേയ്ക്ക് വീണു കൊണ്ടിരുന്ന ഡഗ്ലസ്സിനെ രക്ഷിച്ചത് ഒരു ആൽമരമായിരുന്നു. അപ്രതീക്ഷിതമായ മണ്ണിടിച്ചിൽ തടുത്ത് മറ്റൊരു മരം ആദത്തെയും ഒരിക്കൽ സംരക്ഷിക്കുന്നുണ്ട്).
"ടിമ്പർ വാർസ്' എന്ന പേരിലാണ് മരം മുറിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തൊണ്ണൂറുകളിൽ നടന്ന ആ സമരം അറിയപ്പെടുന്നത്. ആ സമരത്തിലെ മൂന്നു മാസം നീണ്ടുനിന്ന ഒരു ഘട്ടം "റെഡ് വുഡ് സമ്മർ' എന്ന പേരിലും പ്രശസ്തമായി.
അമേരിക്കയിലെ മരങ്ങളുടെ ഒരു വിശ്വവിജ്ഞാനകോശം എന്നു വിശേഷിപ്പിക്കാവുന്ന നോവലിൽ അമേരിക്കയിലെ വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതിസമരകഥ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. "ടിമ്പർ വാർസ്' എന്ന പേരിലാണ് മരം മുറിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തൊണ്ണൂറുകളിൽ നടന്ന ആ സമരം അറിയപ്പെടുന്നത്. ആ സമരത്തിലെ മൂന്നു മാസം നീണ്ടുനിന്ന ഒരു ഘട്ടം "റെഡ് വുഡ് സമ്മർ' എന്ന പേരിലും പ്രശസ്തമായി. അന്താരാഷ്ട്രതലത്തിൽ സമരം ശ്രദ്ധിക്കപ്പെടുന്നത്, ഈ ഘട്ടത്തിൽ നടന്ന സവിശേഷമായ ഒരു സംഭവത്തിലൂടെ ആയിരുന്നു. ജൂലിയ ബട്ടർഫ്‌ലൈ എന്ന യുവതി എഴുനൂറ്റിമുപ്പത്തിയെട്ട് ദിവസം (രണ്ടു വർഷവും എട്ടു ദിവസവും എന്ന് ജൂലിയ ), ഇരുനൂറ് അടി ഉയരവും ആയിരം വർഷം പഴക്കവുമുള്ള ഒരു റെഡ് വുഡ് മരത്തിനു മുകളിൽ ജീവിക്കുകയാണ്. മാരകമായ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ജൂലിയയുടെ ഈ ജീവിതം, "ട്രീ സിറ്റിംഗ്' എന്ന സമരമുറയുടെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമായി മാറി (മരങ്ങളിൽ അള്ള് തറച്ചു കയറ്റുന്ന "ട്രീ സ്‌പൈക്കിംഗ്' എന്ന സമരമുറ, മരം മുറിക്കാനെത്തുന്ന തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കും എന്ന തിരിച്ചറിവു കാരണം സമരക്കാർ ഉപേക്ഷിക്കുകയാണുണ്ടായത്).
ഗിങ്കൊ ബൈലൊബൊ എന്ന മരവുമായി ബന്ധപ്പെടുത്തിയാണ്, സമരത്തിനിടയിൽ രക്തസാക്ഷിയാകുന്ന യുവതിയായ ഒലീവിയ വെണ്ടർഗ്രിഫ് അവതരിപ്പിക്കപ്പെടുന്നത്. ജപ്പാനിൽ അമേരിക്കയുടെ അണുബോംബ് വീണ ഇടങ്ങളിൽ, സർവ്വനാശത്തിൽ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരു മാസത്തിനുള്ളിൽ തന്നെ മുളച്ചു പൊന്തിയത്, ഈ വൃക്ഷത്തിന്റെ നാമ്പുകളായിരുന്നു. ജപ്പാനിൽ അങ്ങിനെ ആ മരം "പ്രതീക്ഷയുടെ മരം' ആയി മാറി (നാസികളിൽ നിന്നും രക്ഷപ്പെടാൻ ഒളിവിൽ കഴിഞ്ഞിരുന്ന ആൻ ഫ്രാങ്കിന്, ജാലകത്തിലൂടെ കാണാവുന്ന ഒരു ചെസ്റ്റ് നട്ട് മരമായിരുന്നു പ്രതീക്ഷ പകർന്നിരുന്നത് എന്ന് സെമിനാറിലെ മുഖ്യപ്രഭാഷണത്തിനിടയിൽ പട്രീഷ്യ പറയുന്നുണ്ട്. ഇതേ പ്രഭാഷണത്തിലാണ്, അമേരിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ യഥാർത്ഥവും സാങ്കൽപ്പികവുമായ പല മരങ്ങളും പരാമർശിക്കപ്പെടുന്നത് : Tane Mahuta,Yggdrasil,, Jian-Mu,The Tree of Good and Evil, the indestructible Asvattha with roots above and branches below).
അമേരിക്കയിലെ പ്രധാന വൃക്ഷമായ ചെസ്റ്റ്‌നട്ട് ആണ് ചിത്രകാരനായ നിക്കൊളാസ് ഹോയലുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്നത്. നോവലിൽ ആദ്യമായി മരങ്ങളുടെ ചരിത്രവുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമാണ് നിക്ക്. "വേരുകൾ' എന്ന ഒന്നാം ഭാഗത്തിലെ ഒന്നാം അദ്ധ്യായത്തിൽ അവതരിപ്പിക്കപ്പെടുന്നത്, ഒരു ചെസ്റ്റ് നട്ട് മരത്തിന്റെ ചരിത്രവും നോയൽ കുടുംബത്തിന്റെ കഥയും ആണ്.' ഇപ്പോൾ ചെസ്റ്റ് നട്ടിന്റെ കാലമാണ്' എന്ന വാക്കുകളിൽ തുടങ്ങുന്നു ഈ അദ്ധ്യായം. നിക്കിന്റെ പൂർവ്വികൻ നോർ വീജിയനായ ജോർഗൻ നോയലിൽ നിന്നു തുടങ്ങുന്നു മരത്തിന്റെ ചരിത്രകഥ. ഐറിഷ് യുവതിയായ വി പവിസിനോട് ജോർഗൻ വിവാഹാർഭ്യർത്ഥന നടത്തിയ ദിവസം, ആറു ചെസ്റ്റ് നട്ട് കായകൾ ആയിരുന്നു അയാളുടെ കുപ്പായക്കീശയിൽ ഉണ്ടായിരുന്നത്. വീടിനു ചുറ്റുമുള്ള തൊടിയിലെ മണ്ണിൽ അന്നു കുഴിച്ചിട്ട ആറുകായകളിൽ ഒന്നു മുളച്ചതേയില്ല. നാലു വർഷം കഴിഞ്ഞപ്പോൾ അയാൾക്ക് മൂന്നു കുട്ടികളും ഒരു ചെറു തോട്ടവും ഉണ്ടായി. അയാളുടെ വീട് പച്ചപ്പിന്റെ ഒരു കടലിനു നടുവിലെ ചെറുദ്വീപായി മാറി. കുട്ടിക്കുറുമ്പുകളിൽ, ഇടിമിന്നലിൽ, വരൾച്ചയിൽ, പിന്നീട് അവശേഷിച്ചവയിൽ നാലു മരങ്ങൾ കൂടി നശിച്ചു ( ആദ്യമായി ഒരു മരം നശിച്ചത്, കുട്ടിയായിരിക്കുമ്പോൾ മൂത്ത മകൻ ജോൺ ഇലകൾ മുഴുവൻ പറിച്ചെടുത്തതുകൊണ്ടാണ്). ഒരു മരം എങ്ങിനെയോ അതിജീവിച്ചു. ആ മരം, കുടുംബവൃക്ഷം പോലെ വളർന്നു വലുതായി. നാട്ടുകാർക്ക് അതൊരു അടയാളമരമായി. "കാവൽ മര'മെന്ന പേരിൽ കൂടുതൽ പ്രശസ്തമായി. ജോൺ ഹോയൽ മരിച്ചപ്പോൾ അദ്ദേഹത്തെ അടക്കം ചെയ്തത്, ആ മരത്തണലിൽ ആയിരുന്നു.
ജോൺ ആയിരുന്നു ഒരു കോഡ് ബ്രൗണി ക്യാമറ മേടിച്ച്, ആ മരത്തിന്റെ മാസം തോറുമുള്ള, വളർച്ച രേഖപ്പെടുത്താൻ തുടങ്ങിയത്. 1903 മാർച്ച് 21 ന് ആയിരുന്നു ആ അനുഷ്ഠാനം ആരംഭിച്ചത്. തുടർന്ന് എഴുപത്തഞ്ചു വർഷം ഓരോ മാസവും അത് തലമുറകളിലൂടെ തുടർന്നു. അതേ മരത്തിന്റെ പൂർണ്ണരൂപത്തിലുള്ള നൂറു കണക്കിന് ഛായാചിത്രങ്ങൾ ക്യാമറ പകർത്തിയെടുത്തു. ഒടുവിൽ ഒരൊറ്റ മരത്തിന്റെ ജീവചരിത്രം അല്ലാതെ മറ്റൊരു ചരിത്രവും ഉൾക്കൊള്ളാത്ത ഛായാചിത്രങ്ങളുടെ ആ ആൽബം ചിത്രകാരനായ നിക്ക് ഹോയലിന്റെ കൈകളിലാണ് എത്തിയത് (ഒരു പക്ഷേ, നിക്കിന്റെ മാസ്റ്റർപീസ് ചിത്രം, മുറിച്ചിട്ട മരത്തടികൾ ചേർത്ത് വെച്ച്, ഉയരങ്ങളിൽ നിന്നു കാണാവും വിധം STILL എന്ന ചിത്രം തീർക്കുന്നതാണ്). മരങ്ങൾ വരയ്ക്കുന്നതിൽ തൽപ്പരനായിരുന്ന നിക്കിന്റെ അത്തരം കുറെ ചിത്രങ്ങൾ അയാൾ പഴയ വീട്ടിൽ ചെന്ന് വീണ്ടെടുക്കുന്നുണ്ട്. ഫാമിലി ട്രീ, ഷൂ ട്രീ,മണി ട്രീ, ബാർക്കിംഗ് അപ്പ് ദ റോങ്ങ് ട്രീ ...
മരങ്ങളുമായി ഒരു തരത്തിലും തങ്ങൾക്കു ബന്ധമില്ല എന്നു കരുതിയിരുന്ന റെ ബ്രിങ്ക്മനും ഡൊറോതിയും അവിചാരിതമായിട്ടാണ് മരങ്ങളുടെ ലോകത്തിൽ എത്തിപ്പെടുന്നത്. ബെർണാം വനം ഇളകി വരുന്ന "മാക്ബത്ത്' നാടകമായിരുന്നു അതിനു നിമിത്തമായത്.. അഭിനയത്തിലേയ്ക്കും പ്രണയത്തിലേയ്ക്കും ഒടുവിൽ ദാമ്പത്യത്തിലേയ്ക്കും ആണ് ആ നാടകം ഇരുവരേയും പിന്നീട് കൊണ്ടു പോയത് . ഇതിനിടയിൽ, അപ്പലേഷ്യൻ പർവ്വതനിരകളിലൂടെ സഹയാത്രികരായി അവർ അഞ്ഞൂറു കിലോമീറ്റർ നടന്നു താണ്ടിയത്, ഇരുപത്തിയെട്ടു ദിവസം കൊണ്ടായിരുന്നു. ദാമ്പത്യം മതിയാക്കി, ഭർത്താവിനെ ഉപേക്ഷിച്ചു സ്വതന്ത്രയാകാൻ തീരുമാനിച്ച ഡൊറോതി അവസാന നിമിഷം തീരുമാനം മാറ്റുന്നത്, അപ്രതീക്ഷിതമായി റെ തളർവാതം വന്നു കിടപ്പിലാകുമ്പോളാണ്. മരങ്ങളും പുസ്തകങ്ങളും ആണ്, ആ അവസ്ഥയിൽ അവരെ വീണ്ടും ഒന്നിപ്പിക്കുന്നത്. കാമുകനുമൊത്ത് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ചിരുന്ന ഡൊറോതി, ഒരു വാക്കെങ്കിലും ഉച്ചരിക്കുവാൻ ബുദ്ധിമുട്ടുന്ന ഭർത്താവിനു വേണ്ടി, പുസ്തകങ്ങൾ വായിച്ചു കൊടുത്തുകൊണ്ട് പഴയ ദാമ്പത്യം തുടരുന്ന( ഒരു ലിന്റൻ മരത്തിൽ കാറിടിച്ച് ആശുപത്രിയിൽ എത്തുന്നു എന്നതുകൊണ്ട്, നോവലിൽ ആ മരം ഡൊറോതിയുടെ മരമായി മാറി). ഓക്കായിരുന്നു റെയുടെ അടയാളമരം എങ്കിലും, മരിക്കുന്നതിനു തൊട്ടുമുമ്പ് അയാളുടെ കണ്ണുകൾ ജാലകത്തിനു നേർക്ക് തിരിഞ്ഞത്, ജാലകത്തിനുമപ്പുറത്തു നിൽക്കുന്ന മറ്റൊരു മരം കാണുവാനായിരുന്നു . പ്രണയം വിവാഹാഭ്യർഥനയായി മാറിയതിന്റെ വാർഷികത്തിന് നട്ട ഒരു ചെസ്റ്റ്‌നട്ട്.
റിയൽ എസ്റ്റേറ്റ് മുതലാളിയും ടെലിവിഷൻ നടനും സിനിമാനടനുമായ ഡൊണാൾഡ് ട്രംപ്, ഒടുവിൽ പ്രസിഡന്റ് ട്രംപ് ആയി മാറിയതു തന്നെയാണ് നോവൽ 2018 ൽ തന്നെ ഇറങ്ങിയതിനു പിന്നിലെ പ്രധാന പ്രചോദനം.
പല വർഷങ്ങൾ കൊണ്ട് മാത്രം തനിക്ക് എഴുതിത്തീർക്കാൻ കഴിയുമായിരുന്ന ഒരു പുസ്തകം തിടുക്കപ്പെട്ട് അഞ്ചു വർഷം കൊണ്ടു തന്നെ പൂർത്തിയാക്കുവാൻ തുനിഞ്ഞതിന് ചരിത്രപരമായ ഒരു വിശദീകരണം നോവലിസ്റ്റ് നൽകിയത് ശ്രദ്ധേയമാണ്. റിയൽ എസ്റ്റേറ്റ് മുതലാളിയും ടെലിവിഷൻ നടനും സിനിമാനടനുമായ ഡൊണാൾഡ് ട്രംപ്, ഒടുവിൽ പ്രസിഡന്റ് ട്രംപ് ആയി മാറിയതു തന്നെയാണ് നോവൽ 2018 ൽ തന്നെ ഇറങ്ങിയതിനു പിന്നിലെ പ്രധാന പ്രചോദനം. കുപ്രസിദ്ധിയുടെ കാര്യത്തിൽ അമേരിക്കയിലും പുറത്തും ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന ട്രംപ്, Make America Great Again എന്ന മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പാരിസ്ഥിതികസമരങ്ങളുടെ ഒരു ചരിത്രം അവകാശപ്പെടാനാവുന്ന അമേരിക്കയിലാണ്, ഡൊണാൾഡ് ട്രംപ് 2016 ൽ അധികാരത്തിലെത്തുന്നത്. ബരാക്ക് ഒബാമയുടെ ഭരണകാലത്ത് കൂടുതൽ പരിസ്ഥിതിസംരക്ഷണമുറപ്പാക്കാൻ കൊണ്ടുവന്ന പല നിയമങ്ങളും "അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ' വന്ന പുതിയ പ്രസിഡന്റ് റദ്ദ് ചെയ്തു. കാലാവസ്ഥാവ്യതിയാനം എന്നത് ചൈന കണ്ടുപിടിച്ച ഒരു തട്ടിപ്പാണ് എന്നായിരുന്നു പ്രസിഡന്റിന്റെ കാഴ്ച്ചപ്പാട് ( "" Climate change is a hoax invented by the Chinese''). ഇത്തരത്തിലുള്ള പാരിസ്ഥിതികവിരുദ്ധ ചിന്തകൾ പോലെ അപകടകരമായിരുന്നു പാരിസ്ഥിതികവാദിയാണ് താനെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളും. ഗൗരവമായ ഒരു വിഷയത്തെ ലളിതവൽക്കരിക്കുവാനും സാധാരണജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും ഒരു ഭരണാധികാരിയുടെ ഇത്തരത്തിലുള്ള അസത്യമായ പ്രസ്താവനകൾക്ക് സാധിക്കും. തെരഞ്ഞെടുപ്പിനു മുമ്പ്, ""I consider myself in many ways to be an environmentalist'' എന്നാണ് ട്രംപ് ന്യൂ യോർക്കിലെ ഇക്കണോമിക് ക്ലബ് വേദിയിൽ വെച്ച് പ്രസംഗിച്ചത്. തന്നെക്കുറിച്ചുള്ള ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം അഭിമാനം കൊള്ളുന്നു ( Donald J.Trump : An Environmentalist Hero by Edmund Russo). എന്തിനെ കുറിച്ചാണെങ്കിലും തന്നെക്കാൾ കൂടുതൽ അറിവുള്ള ആരും തന്നെയില്ല എന്നു പൊങ്ങച്ചം പറയുക പതിവുള്ള ഈ അമേരിക്കൻ പ്രസിഡന്റ് ഒരിക്കൽ
അവകാശപ്പെട്ടത്, Nobody knows more about environment statement than me എന്നു തന്നെയാണ്. പരിസ്ഥിതിസംരക്ഷണത്തിലുള്ള തന്റെ വിശ്വാസവും അദ്ദേഹം പരസ്യമായി അതേ വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി. ""I am a big believer in that word,the environmentalist''.
അമേരിക്കയിലെ മരങ്ങളെ കുറിച്ചുള്ള സർഗ്ഗാത്മകമായ ഒരു വിശ്വവിജ്ഞാനകോശം എന്നു കരുതാവുന്ന ഈ ബൃഹത് നോവൽ, കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചു വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ അമിതാവ് ഘോഷ് ഉൾപ്പെടുത്തുന്നുണ്ട്. ഇതേ വിഷയം ആധാരമാക്കി "ഗൺ ഐലന്റ് ' എന്ന നോവലും "ദ ഡിറേഞ്ച്‌മെന്റ്റ് ' എന്ന ദീർഘ പഠനവും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, "ദി ഓവർസ്റ്റോറി' ഒരു "മഹത്തായ ഒരു നോവൽ' തന്നെയാണ്. തന്റെ ഈ ഇഷ്ടം, ""great,'' ""monumental'' തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.