വരൂ, നിങ്ങളുടെ ജീവിതത്തിലെ ​​​​​​​‘ഇക്കിഗായി’യെ ക​ണ്ടെത്താം

‘ഇക്കിഗായ്​’ എന്ന പുസ്​തകം വായിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഒരു ‘ഇക്കിഗായ്’ ഉണ്ടോ എന്നു ചിന്തിച്ചു. പതുക്കെ അത് തെളിഞ്ഞുവന്നു. എന്റെ രോഗികളുമായുള്ള അടുപ്പം, അതാണ് എന്റെ ‘ഇക്കിഗായ്’. വലിപ്പച്ചെറുപ്പമില്ലാതെ അവരുടെ സാമീപ്യം ഞാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ അവരുമായി അടുത്ത ബന്ധം വെക്കുന്നു. ഇത് അവരുടെ ചികിത്സയിൽ അത്ഭുതകരമായ നേട്ടങ്ങളുണ്ടാക്കിത്തരുന്നു.

കേരളത്തിലെ കാൻസർ രോഗവിദഗ്ധരുടെ വർഷാന്ത മീറ്റിങ്ങിൽ സംസാരിക്കാൻ ഈയിടെ എനിക്ക്​ കോട്ടയത്ത്​ പോകേണ്ടിവന്നു. കോവിഡ് സമ്മാനിച്ച രണ്ടരവർഷത്തെ നീണ്ട ഇടവേളക്കുശേഷമുള്ള ആദ്യ തീവണ്ടിയാത്ര. അതുകൊണ്ടുതന്നെ ഒരു പുസ്​തകം കൂടെ കരുതാമെന്നുവച്ചു. ഭാര്യയും കുട്ടികളും നന്നായി വായിക്കുമെന്നതിനാൽ എപ്പോഴും ധാരാളം പുസ്​തകങ്ങൾ വായിക്കാത്തതായി ഉണ്ടാകും. അങ്ങനെ കണ്ട ഒരു പുസ്​തകം കുറച്ചു വായിച്ചുതുടങ്ങിയിരുന്നു. ഇക്കിഗായ് - സന്തോഷം നിറഞ്ഞ സുദീർഘ ജീവിതത്തിനായി ഒരു രഹസ്യം. വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ രസകരമായി തോന്നി, താത്പര്യം കൂടിവന്നു. ഈ യാത്രയിൽ അത് മുഴുമിപ്പിക്കാമെന്ന് കരുതി കൂടെയെടുത്തു. കോട്ടയും എത്തുമ്പോഴേക്കും മുഴുവനും വായിച്ചു. "അവിശ്വസനീയം' എന്നേ പറയാനുള്ളൂ.

ഇക്കിഗായ് എന്ന ജാപ്പനീസ് വാക്കിന്റെ അർഥം ഓരോരുത്തർക്കും ജീവിതത്തിന് ഒരർഥമുണ്ടെന്നും അത് മനസ്സിലാക്കിയാൽ ജീവിതം സുഖകരവും ആനന്ദപ്രദവുമാകും എന്നാണ്​. ജാപ്പനീസ് ഭാഷയിലെ iki എന്നാൽ ജീവിതം എന്നും gai എന്നാൽ പ്രതീക്ഷകളുടെ/ ജീവിതത്തിന്റെ അർഥം തിരിച്ചറിയുക എന്നുമാണ്. ഹെക്ടർ ഗാഷ്യയും ഫ്രാൻസെക് മിറാലെസും ചേർന്നാണ്​ പുസ്​തകം എഴുതിയിരിക്കുന്നത്​. ഹെക്ടർ ഗ്രാഷ്യ സ്‌പെയിനിൽ ജനിച്ച തത്വചിന്തകനാണ്. 18 വർഷമായി അദ്ദേഹം ജപ്പാനിലാണ്​. ഫ്രാൻസെക് മിറാലെസും സ്‌പെയിനിൽ ജനിച്ച, പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമൊക്കെയാണ്.

ജപ്പാനിലെ ഒക്കിനാവാ ദ്വീപിലെ 100 വയസ്​ കഴിഞ്ഞ ദീർഘായുസ്സുകാരുടെ ജീവിതം നിരീക്ഷിച്ചതിൽനിന്ന്​ എത്തിച്ചേർന്ന നിഗമനങ്ങളാണ്​ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സുദീർഘവും സന്തോഷകരവുമായ ജീവിതത്തിന് നിത്യജീവിതത്തിൽ പ്രായോഗികമാക്കേണ്ട ചില സൂചനകളാണ്​ ഇതിൽ വിവരിക്കുന്നത്​. ഇതിൽ ഏറ്റവും പ്രധാനം, ഓരോരുത്തരും അവരുടെ ഉള്ളിലെ "ഇക്കിഗായ്'- ജീവിതത്തിനുള്ള കാരണം കണ്ടുപിടിക്കുക എന്നതാണ്. ജപ്പാൻകാരെ സംബന്ധിച്ച് എല്ലാവർക്കും ജീവിക്കാൻ ഒരു കാരണമുണ്ട്, അതായത്, ജീവിതത്തിൽ ഒരു ഇക്കിഗായ് ഉണ്ട്. ഒക്കിനാവ ഗ്രാമത്തിലെ 100 വയസ്​ കഴിഞ്ഞവരുടെ അഭിപ്രായത്തിൽ ദീർഘായുസ്സോടെ, ആഹ്ലാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള വഴി ആ "ഇക്കിഗായ്' കണ്ടുപിടിക്കലാണ്.

നമ്മളിൽ പലരിലും ഈ ‘ഇക്കിഗായ്’ ഉണ്ട്. ചിലർ തിരിച്ചറിയുന്നു, ചിലർ തിരിച്ചറിയുന്നില്ല. അത്രയേയുള്ളൂ വ്യത്യാസം. തിരിച്ചറിഞ്ഞവർ ജീവിതം ആസ്വദിക്കുന്നു.

ജീവിതത്തിൽ എന്തിലാണ് നിങ്ങളുടെ മികവ്, നിങ്ങളെന്താണ് ഇഷ്ടപ്പെടുന്നത്, അഭിനിവേശവും ജീവിതദൗത്യവും എന്താണ്... ഇത്തരം കാര്യങ്ങളിൽ മേൽപറഞ്ഞ ‘ഇക്കിഗായ്' ഒരു വ്യക്തത നൽകും. ചുരുക്കിപ്പറഞ്ഞാൽ "ഇക്കിഗായ്' കണ്ടുപിടിക്കുന്നതോടെ ഓരോ ദിനവും അർഥനിർഭരമാക്കാൻ കഴിയും. രാവിലെ ഉന്മേഷത്തോടെ ചാടിയെഴുന്നേൽക്കാനുള്ള ഒരു കാരണമായി അത് മാറും. മാത്രമല്ല, നിങ്ങളുടെ "ഇക്കിഗായ്' കണ്ടുപിടിച്ചാൽ നിങ്ങൾക്ക് ഒരിക്കലും വിരമിക്കാൻ തോന്നുകയില്ല. ഈ ഗ്രന്ഥത്തിലുടനീളം 100 വയസ്സു കഴിഞ്ഞും അവരവരുടെ ജോലി നിർവഹിച്ചുകൊണ്ടിരിക്കുന്ന അനേകം പേരുടെ അഭിമുഖങ്ങൾ കാണാം.

"ഇക്കിഗായ്' എന്ന പുസ്​തകം എഴുതിയ ഹെക്ടർ ഗാഷ്യ, ഫ്രാൻസെക് മിറാലെസ്​

ഈ പുസ്​തകം എന്താണ് നമ്മളെ പഠിപ്പിക്കുന്നത്?

നിങ്ങളുടെ "ഇക്കിഗായ്' പിന്തുടരുക: "ഇക്കിഗായ്' എന്നുപറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തും ‘ഇക്കിഗായ്’ ആണെന്നർഥമില്ല. ഉദാഹര
ണത്തിന് ഉറങ്ങാൻ ചിലർക്ക് ഇഷ്ടമായിരിക്കും. സിനിമ കാണുന്നത് ഇഷ്ടമായിരിക്കും. വെറുതെ സോഷ്യൽ മീഡിയയിൽ കളിക്കുക... ഇതൊന്നും ‘ഇക്കിഗായ്’ അല്ല. മറിച്ച്, ധനസമ്പാദ്യത്തിനുതകുന്ന, അഭിനിവേശം നൽകുന്ന ഒരു ജോലി അല്ലെങ്കിൽ ഹോബി ‘ഇക്കിഗായ്’ ആയി കണക്കാക്കാം. ഇത് കണ്ടുപടിക്കലാണ് ആദ്യപടി. ഇത് കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് ബോറടിക്കില്ല. കാരണം നിങ്ങൾക്കെപ്പോഴും സംതൃപ്തിയായിരിക്കും മനസ്സിൽ.
ജീവിതതാളത്തിനനുസരിച്ച് പ്രവർത്തിക്കുക: ജീവിതതാളം എന്നാൽ മനസ്സിന് സന്തോഷം തരുന്നതെന്താണോ അത് തുടരുക. അത്തരം പ്രവൃത്തികളിൽ മുഴുകിയിരിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വളരെ കേന്ദ്രീകരിച്ചിരിക്കും. അപ്പോൾ ശ്രദ്ധ പതറിപ്പോകുകയില്ല. നമ്മുടെ പ്രവൃത്തി വളരെ ആഴം നിറഞ്ഞതും ഉത്പാദനക്ഷമതയുള്ളതുമായിരിക്കും. ജോലിയിൽ ഈ ഒഴുക്ക് കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ജോലി വിരസമായി തോന്നുകയില്ലെന്നുമാത്രമല്ല, രസകരവുമായിരിക്കും.

മനസ്സിന് സമാധാനം കിട്ടാത്ത പ്രവൃത്തികൾ ഒഴിവാക്കാൻ പഠിക്കുക, ജീവിതത്തിലെ ചെറിയ സൗഭാഗ്യങ്ങളെ ഓർത്ത് സന്തോഷിക്കുക തുടങ്ങിയവ ഈ പുസ്​തകം ഒരിക്കൽ കൂടി നമ്മെ ഓർമപ്പെടുത്തുന്നു.

പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്ത് നേടുക: ഇത് അത്ര എളുപ്പമല്ല. പക്ഷെ ഈ കരുത്ത് നേടിയേ പറ്റൂ. നിങ്ങൾ ഒരിക്കൽ ‘ഇക്കിഗായ്’ കണ്ടെത്തിക്കഴിഞ്ഞാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തേ മതിയാകൂ. ജീവിതത്തിൽ തിരിച്ചടികൾ വന്നുകൊണ്ടേയിരിക്കും. അവയെ നേരിടാനുള്ള കഴിവ് നേടിക്കഴിഞ്ഞാൽ എത്ര മോശം തിരിച്ചടിയിലും പതറിപ്പോകാതിരിക്കാൻ സാധിക്കും. ഓരോ തിരിച്ചടികളും വളർച്ചയിലേക്കുള്ള ഓരോ സാധ്യതകളാണ് തുറക്കുന്നത് എന്ന് മനസിലാക്കുക.

എനിക്ക് ഈ പുസ്​തകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഇതിൽ പറഞ്ഞ "ഇക്കിഗായ്' എന്ന ആശയം തന്നെയാണ്. നമ്മളിൽ പലരിലും ഈ ‘ഇക്കിഗായ്’ ഉണ്ട്. ചിലർ തിരിച്ചറിയുന്നു, ചിലർ തിരിച്ചറിയുന്നില്ല. അത്രയേയുള്ളൂ വ്യത്യാസം. തിരിച്ചറിഞ്ഞവർ ജീവിതം ആസ്വദിക്കുന്നു. ഈ പുസ്​തകം വായിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഒരു ഇക്കിഗായ് ഉണ്ടോ എന്നു ചിന്തിച്ചു. പതുക്കെ അത് തെളിഞ്ഞുവന്നു. എന്റെ രോഗികളുമായുള്ള അടുപ്പം, അതാണ് എന്റെ ‘ഇക്കിഗായ്’. വലിപ്പച്ചെറുപ്പമില്ലാതെ അവരുടെ സാമീപ്യം ഞാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ അവരുമായി അടുത്ത ബന്ധം വെക്കുന്നു. ഇത് അവരുടെ ചികിത്സയിൽ അത്ഭുതകരമായ നേട്ടങ്ങളുണ്ടാക്കിത്തരുന്നു. കൺസൾട്ടേഷൻ റൂമിൽ വളരെ വൈകി ഞാൻ കാണുന്ന അവസാനത്തെ രോഗികൾ ഇടക്ക്​ചോദിക്കും, ഡോക്ടർ നിങ്ങൾ ഒരു ദിവസം മുഴുവനും ഇരിക്കുന്നുണ്ട്​, ഇപ്പോഴും ഇത്ര ഫ്രഷ് ആയിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന്. അന്ന് എനിക്കതിന് ഉത്തരമുണ്ടായിരുന്നില്ല. ഇന്ന് ഉണ്ട്. ഞാൻ എന്റെ ‘ഇക്കിഗായ്’ തിരിച്ചറിയുന്നു.
ഇതിൽ പറയുന്ന ചില കാര്യങ്ങൾ വളരെ അർഥവത്താണ്. മനസ്സിന് സമാധാനം കിട്ടാത്ത പ്രവൃത്തികൾ ഒഴിവാക്കാൻ പഠിക്കുക, ജീവിതത്തിലെ ചെറിയ സൗഭാഗ്യങ്ങളെ ഓർത്ത് സന്തോഷിക്കുക (ഏത് നമുക്കില്ല എന്നോർത്ത് ദുഃഖിക്കുന്നതിനുപകരം) തുടങ്ങിയവ ഈ പുസ്​തകം ഒരിക്കൽ കൂടി നമ്മെ ഓർമപ്പെടുത്തുന്നു.

ഈ പുസ്​തകത്തിൽ ഇഷ്ടപ്പെടാത്തതെന്തെങ്കിലുമുണ്ടോ? ഉണ്ട്​.
അവസാന ഭാഗം കാടുകയറി വ്യായാമം, സസ്യാഹാരത്തിലധിഷ്ഠിതമായ ഭക്ഷണരീതി തുടങ്ങി യോഗ മുതലായ, ഏത് ഫിറ്റ്‌നസ് ബുക്കിലും കാണുന്നവയെക്കുറിച്ച്​ പറയുന്നുണ്ട്​. അത് ബോറും ആവർത്തനവുമായി തോന്നി. കൂടാതെ ഒരാളുടെ ജീവിതത്തിലെ ‘ഇക്കിഗായ്’ കണ്ടുപിടിക്കാനുതകുന്ന രീതിയിലുള്ള സൂചനകൾ ഈ ബുക്കിൽ അത്ര നന്നായി നൽകിയിട്ടില്ല. അത് ഒരു പോരായ്മയായി തോന്നി.

ജീവിതം വിരസമായി തോന്നുന്നവർക്ക് ഈ പുസ്​തകം ഒരു പ്രചോദനമാകുമെന്നതിൽ തർക്കമില്ല. നിങ്ങളുടെ എല്ലാ ദിവസങ്ങളും അർഥപൂർണവും ആനന്ദഭരിതവുമാക്കാൻ ‘ഇക്കിഗായ്' സഹായിക്കും. ഒരു ലക്ഷ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കും , തീർച്ച.

ഈ പുസ്​തകം നിർബന്ധമായും എല്ലാവരും വായിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. ഇതിലെ പല ആശയങ്ങളും ജീവിതത്തിന് അർഥം നൽകുന്നവയാണ്. ജീവിതം വിരസമായി തോന്നുന്നവർക്ക് ഈ പുസ്​തകം ഒരു പ്രചോദനമാകുമെന്നതിൽ തർക്കമില്ല. നിങ്ങളുടെ എല്ലാ ദിവസങ്ങളും അർഥപൂർണവും ആനന്ദഭരിതവുമാക്കാൻ ‘ഇക്കിഗായ്' സഹായിക്കും. ഒരു ലക്ഷ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കും , തീർച്ച.

ഈ പുസ്​തകത്തിൽ പറഞ്ഞിട്ടുള്ള വളരെ നല്ല മറ്റൊരാശയം, പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ തലച്ചോറിനെ സജീവമാക്കിവെക്കുക എന്നതാണ്. എത്രത്തോളം സജീവമായി വെക്കുന്നുവോ അത്രത്തോളം നമ്മുടെ ജീവിതം ആനന്ദകരമാവുകയും മറവിരോഗം പിടിപെടാതിരിക്കുകയും ചെയ്യും. തലച്ചോർ അലസമായിക്കിടന്നാൽ ശരീരത്തിന് പെട്ടെന്ന് പല അസുഖങ്ങളും പിടിപെടും. പണ്ടുള്ളവർ പറയാറില്ലേ, വിരമിച്ച്​ വീട്ടിൽ വെറുതെയിരുന്നാൽ പെട്ടെന്ന് പ്രായം കൂടുമെന്ന്. ഇത് ‘ഇക്കിഗായി’യുടെ ഒരു ഭാഗമാണ്. നമ്മുടെ നാട്ടിലും ഈ ആശയം പണ്ടേ ഉണ്ടായിരുന്നു എന്നുകാണാം. തലച്ചോറിനെ കാര്യക്ഷമമാക്കി വെക്കണമെങ്കിൽ നമ്മൾ സജീവമായിരിക്കണം. ദിവസവും പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. ചിലത് ജോലിസംബന്ധമായതാകാം, ചിലത് ജോലിയുമായി ഒരു ബന്ധവുമില്ലാത്തതാകാം. കൃഷിയിൽ എനിക്കുള്ള താത്പര്യം അങ്ങനെ വന്നതാണ്- മറ്റൊരു ‘ഇക്കിഗായ്’. കൃഷിയെപ്പറ്റി കൂടുതൽ പഠിക്കാനും അത് പ്രാവർത്തികമാക്കാനും ശ്രമിച്ചത് അങ്ങനെയാണ്.

ഈയടുത്ത് പ്രസിദ്ധീകരിച്ച എന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള "കാൻസർ കഥ പറയുമ്പോൾ' എന്ന പുസ്​തകം വായിച്ച് പലരും പറഞ്ഞു, സാറ് ജീവിതത്തിൽ ശരിയായ തീരുമാനങ്ങളെല്ലാം തക്ക സമയത്ത് എടുത്തു എന്ന്​. പക്ഷെ എനിക്ക് തോന്നുന്നത് ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എന്നൊന്നില്ല. തീരുമാനങ്ങളെ ശരിയാക്കുന്നത് ഓരോരുത്തരുടെയും ജീവിതമാണ്. എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു എന്ന രീതിയിൽ ജീവിതം രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപക്ഷെ ഈ പുസ്​തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ‘ഇക്കിഗായി’യും അതിനോട്​ ചേർന്നുനിൽക്കുന്ന ജീവിത താളം കണ്ടെത്തലും അതുവഴി പ്രതിസന്ധികൾ തരണം ചെയ്യുകയുമൊക്കെയാണ്.
എന്തായാലും ‘ഇക്കിഗായ്' നിങ്ങളിൽ ഒരു മാറ്റമുണ്ടാക്കും. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. നാരായണൻകുട്ടി വാര്യർ

കാൻസർ രോഗ ചികിത്സകൻ, കാൻസർ രോഗ വിദഗ്ധൻ. എം.വി.ആർ കാൻസർ സെന്റർ ആൻറ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഡയറക്ടർ. ‘കാൻസർ കഥ പറയുമ്പോൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments