മലയാളികൾക്ക് ഒട്ടും അപരിചിതത്വമില്ലാത്ത വിശ്വസാഹിത്യകാരന്മാരുടെ കൂട്ടത്തിലാണ് ഫിയോദോർ ദസ്തയെവ്‌സ്‌കിയുടെ സ്ഥാനം. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ തുടങ്ങിയ നോവലുകൾ കേരളത്തിലെ പുസ്തകശാലകളിൽ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട് ഇപ്പോഴും.
ദസ്തയെവ്‌സ്‌കിയെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അന്നയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതിയിട്ടുണ്ട്. താനൊരിക്കൽ പോലും പോയിട്ടില്ലാത്ത റഷ്യയിലെ തെരുവുകളിൽ നിന്ന് അദ്ദേഹം ദസ്തയെവ്‌സ്‌കിയെയും അന്നയെയും കണ്ടെടുക്കുകയായിരുന്നു. അന്നയുടെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് താൻ നോവലിന്റെ കഥാപരിസരവും കഥാപാത്രങ്ങളെയും വികസിപ്പിച്ചതെന്ന് അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.
ദസ്തയെവ്‌സ്‌കിയും അന്നയും പ്രണയിച്ച, കലഹിച്ച, ജീവിച്ച റഷ്യൻ തെരുവുകളിലൂടെ പിന്നീട് അദ്ദേഹം നടത്തുന്ന യാത്രയാണ് ഇൻ റിട്ടേൺ, ജസ്റ്റ് എ ബുക്ക് (അന്നയും ദസ്തയെവ്‌സ്‌കിയും പ്രണയിക്കുന്നു) എന്ന ഡോക്യു ഫിക്ഷൻ. അതോടൊപ്പം നോവൽ എഴുതിയ ദിവസങ്ങളിൽ തന്നിലൂടെ കടന്നുപോയ മാനസിക വ്യാപാരങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.
1993ൽ ഒരു സങ്കീർത്തനം പോലെ എഴുതി പൂർത്തീകരിച്ച പെരുമ്പടവം ഗ്രാമത്തിൽ നിന്നും അവിടുത്തെ വീട്ടിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. അവിടുത്തെ മനുഷ്യരിൽ നിന്നും പക്ഷിമൃഗാദികളിൽ നിന്നും ആരംഭിച്ച കാഴ്ചകൾ പിന്നീട് ഒരു സങ്കീർത്തനം പോലെയുടെ കഥാപരിസരത്തേക്ക് എത്തിച്ചേരുന്നു.
ദസ്തയെവ്‌സ്‌കി കൊടുംയാതനകൾ അനുഭവിച്ച സെൻറ് പീറ്റേഴ്‌സ് ബർഗിനും അവിടുത്തെ അന്തരീക്ഷത്തിനുമെല്ലാം യുദ്ധവും രാഷ്ട്രീയവും വരുത്തിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും അവിടെ ഇപ്പോഴും ദസ്തയെവ്‌സ്‌കിയുടെ ചിന്തകൾ അവശേഷിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം ഡോക്യുമെന്ററിയുടെ തുടക്കത്തിൽ പങ്കുവയ്ക്കുന്നുണ്ട്: "നഗരത്തിന് നിർവികാരമായ ഒരു മുഖമുണ്ട്, എന്നാൽ അതിന് എല്ലാറ്റിനെയും പുണരുന്ന ഒരു ഹൃദയവുമുണ്ട്. പക്ഷെ, ദസ്തയെവ്‌സ്‌കി തനിക്കും തന്റെ ജീവിതത്തിനും നഗരത്തിനുമെല്ലാം പുറത്തുനിന്ന ഒരാളായിരുന്നു. ഒരു ഔട്ട്‌സൈഡർ' എന്നാണ് സെൻറ് പീറ്റേഴ്‌സ് ബർഗിലെ തെരുവുകളിലൂടെ നടക്കുമ്പോൾ പെരുമ്പടവം പറയുന്നത്. നോവൽ എഴുതിയ കാലത്ത് ദസ്തയെവ്‌സ്‌കി തന്റെ തോളിൽ കയ്യിട്ട് നടന്നിരുന്നതായി തോന്നിപ്പിച്ച ഇടങ്ങളാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "തോരാതെ പെയ്യുമെന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു' എന്നാണ് നോവലെഴുത്ത് കാലത്ത് പെരുമ്പടവം ശ്രീധരന് തോന്നിയിരുന്നത്.
ദസ്തയോവ്‌സ്‌കിയുടെ ദി ഗാംബ്ലർ എന്ന നോവൽ എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിച്ച അന്ന ഗ്രിഗോറിയേവ്‌ന സ്‌നിറ്റ്കിന എന്ന സ്‌റ്റെനോഗ്രാഫർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 21 ദിവസങ്ങളാണ് ഈ നോവലിൽ വിവരിക്കുന്നത്. അന്ന പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുമായി. നോവൽ എഴുതി രണ്ട് പതിറ്റാണ്ടിന് ശേഷം എഴുത്തുകാരൻ ആദ്യമായി തന്റെ നോവൽ ഇടങ്ങളിലൂടെ നടത്തുന്ന യാത്രയെന്നതാണ് ഈ ഡോക്യു ഫിക്ഷന്റെ പ്രത്യേകത. അതോടൊപ്പം ദസ്തയോവ്‌സ്‌കിയ്ക്കും അന്നയ്ക്കും ഇടയിലുള്ള ജീവിതം ഒരു ഫിക്ഷൻ പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു സങ്കീർത്തനം പോലെ എന്ന നോവലും നോവലിന് അടിസ്ഥാനമായ അന്നയുടെ ഡയറിക്കുറിപ്പുകളുമാണ് ഈ ഫിക്ഷൻ ഭാഗങ്ങളുടെ അടിത്തറ. അവിടെ ദസ്തയെവ്‌സ്‌കിയുടെ വിചാരങ്ങളെ കടലാസിലേക്ക് പകർത്തുന്ന അന്നയെയും അന്നയ്ക്ക് പുഷ്‌കിന്റെ കവിതകൾ പരിചയപ്പെടുത്തിക്കൊടുക്കുന്ന ദസ്തയെവ്‌സ്‌കിയെയും കാണാം.
ഫിയോദറിന് തന്നെത്തന്നെ നഷ്ടമായിക്കൊണ്ടിരുന്ന ചൂതാട്ട കേന്ദ്രങ്ങൾ, ആസക്തികൾ, ദൗർബല്യങ്ങൾ എന്നിവയും മരണജയിലിലെ ജീവിതത്തിന് ശേഷം അദ്ദേഹത്തെ വിടാതെ പിന്തുടർന്ന അപസ്മാര രോഗവും അന്ന മനസ്സിലാക്കുന്നത് താൻ എഴുതിപ്പിടിപ്പിച്ച ഫിയോദറിന്റെ വാക്കുകളിൽ നിന്ന് തന്നെയാണ്. അവർ അത് തന്റെ തന്നെ പ്രശ്‌നങ്ങളായി ഏറ്റെടുക്കുന്നു. തന്നെക്കാൾ ഇരുപത് വയസ്സ് കുറവുള്ള അന്നയോട് ദസ്തയെവ്‌സ്‌കി പ്രണയം അവതരിപ്പിക്കുന്നതും അവൾ അംഗീകരിക്കുന്നതും വിശദമാക്കിയിരിക്കുന്നു.
ജീവചരിത്രകാരന്മാർ കാണിച്ചുതന്ന അസന്മാർഗിയും മദ്യപാനിയും ചൂതുകളിക്കാരനുമായ ദസ്തയെവ്‌സ്‌കിയെ അല്ല അന്ന കണ്ടെത്തിയത്. ആ ദസ്തയെവ്‌സ്‌കിയെ അന്വേഷിക്കുകയും സൃഷ്ടിക്കുകയുമാണ് പെരുമ്പടവും ഒരു സങ്കീർത്തനം പോലെയിൽ ചെയ്തത്. അവിടെ അദ്ദേഹം ദസ്തയെവ്‌സ്‌കിയ്ക്കും അന്നയ്ക്കുമൊപ്പം ഒരു അദൃശ്യനായ സഹയാത്രികനായി സഞ്ചരിക്കുന്നു. അതുതന്നെയാണ് നോവലിലും ചെയ്തിരിക്കുന്നത്. ദസ്തയെവ്‌സ്‌കിയുടെ നിശ്വാസങ്ങളെയും അന്നയുടെ ഹൃദയമിടിപ്പുകളെയും തനിക്ക് വേണ്ടി കാത്തുവച്ച സെൻറ പീറ്റേഴ്‌സ് ബർഗിന് നന്ദി പറഞ്ഞ് ഒരു സങ്കീർത്തനം പോലെയുടെ കഥാകാരൻ തിരികെ യാത്രയാകുന്നിടത്ത് സിനിമ അവസാനിക്കുന്നു.
യഥാർഥ ജീവിതത്തിന്റെ നോവലാവിഷ്‌കാരത്തെ ഇത്തരത്തിലല്ലാതെ ഏത് വിധത്തിലാണ് ദൃശ്യാവിഷ്‌കാരമാക്കി മാറ്റാൻ സാധിക്കുകയെന്നത് സംശയമാണ്. നോവലിൽ വാക്കുകളിലൂടെ എഴുത്തുകാരൻ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ സിനിമയിൽ ദൃശ്യങ്ങളിലൂടെ തന്നെ സഞ്ചരിക്കുന്നു. രണ്ടിടത്തും ആഖ്യാതാവിന്റെ ധർമ്മം സുന്ദരമായി തന്നെ നിറവേറ്റുകയും ചെയ്യുന്നു. ആൽഫ്രഡ് ഹിച്ച്‌കോക്ക് തന്റെ സിനിമകളിലെ രംഗങ്ങളിൽ ഇടപെടുന്നതുപോലെ കഥ പറയുന്നവന്റെ സാന്നിധ്യം ഇവിടെയും കാണികൾക്ക് പ്രത്യക്ഷമായിത്തന്നെ അനുഭവപ്പെടുന്നു. കഥാപാത്രങ്ങൾക്ക് യാതൊരു അലോസരവും ആ ഇടപെടൽ സൃഷ്ടിക്കുന്നുമില്ല.
ബേബി മാത്യു സോമതീരം നിർമിച്ച ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷൈനി ജേക്കബ് ബഞ്ചമിൻ ആണ്. രതീഷ് സി. നായരുടെ ആശയത്തിൽ പ്രമുഖ എഴുത്തുകാരൻ പോൾ സക്കറിയ തിരക്കഥയും സംഭാഷണവും രചിച്ച് അദ്ദേഹം തന്നെ പശ്ചാത്തല ശബ്ദവും നൽകിയിരിക്കുന്നു. പെരുമ്പടവത്തിന്റെ ഗ്രാമീണഭംഗിയും സെന്റ് പീറ്റേഴ്‌സ് ബർഗിന്റെ നഗര ചാരുതയും ക്യാമറയിൽ പകർത്തിയിരിക്കുന്നത് സിനിമാട്ടോഗ്രാഫർ കെ. ജി. ജയൻ ആണ്. സംഗീതം ശരത്തും ദൃശ്യസംയോജനം ബി. അജിത്കുമാറുമാണ്.