രാജാവിന് ‘തുല്യം ചാർത്തിക്കൊടുക്കു’ന്ന കേരളത്തിന് ‘ഇരു’ എന്ന തിരുത്ത്

നിലവിലുള്ള ചരിത്രകഥനത്തെ സമഗ്രമാക്കാൻ ഏറ്റവും നന്നായി കഴിയുക സർഗാത്മകമായ എഴുത്തിനാണ്. മനുഷ്യർ നടത്തുന്ന ഏതൊരു സൃഷ്ടിയിലും വിടവുകളും ശൂന്യസ്ഥലികളുമുണ്ടാകാം. ലിഖിത ചരിത്രം സൂക്ഷിച്ച വിള്ളലുകളെ പുനർവിഭാവനത്താൽ പൂരിപ്പിക്കാൻ ഏറ്റവും നന്നായി സാധിക്കുക നോവലിനായിരിക്കും. സാമ്പ്രദായികചരിത്രത്തിന്റെ തിളയ്ക്കുന്ന അകക്കാമ്പിലോ തണുത്തുറഞ്ഞ പാർശ്വവിതാനങ്ങളിലോ സാന്നിദ്ധ്യമാവാത്ത അടിത്തട്ടു മനുഷ്യരുടെ ജീവിതകഥനത്തിലൂടെ ചരിത്രത്തെത്തന്നെ സമ്പുഷ്ടമാക്കുന്ന ഒരു നോവലാണ് വി ഷിനിലാലിന്റെ 'ഇരു’. ചരിത്ര രചയിതാക്കൾ സംസ്കാരത്തിന്റെ മേൽത്തട്ട് മാത്രമാണ് പകർത്തിയതെങ്കിൽ അതിലപ്പുറം പോയി ആദിമമനുഷ്യരുടെ ജീവിതത്തിന്റെ പുതിയ ചരിത്രപ്പെടലിന് ഈ നോവൽ കാരണമായിത്തീരുന്നു. തിരുവിതാംകൂറിന്റെ ചരിത്രത്തിലേക്ക് കാണിക്കാരുടേയും വേടരുടേയും ജീവിതത്തെ ഉയർത്തി പ്രതിഷ്ഠിക്കുന്ന ഒരു ഉദ്യമമാണ് നോവലിസ്റ്റ് ഈ രചനയിലൂടെ നിർവഹിക്കുന്നത്. നൂതനമായ സങ്കേതങ്ങൾ സ്വീകരിച്ചും നോവലിൽ തന്നെ ഇടപെട്ടും നോവലിസ്റ്റിനെ തന്നെ കഥാപാത്രവൽക്കരിച്ചുമാണ് ഷിനിലാൽ ചരിത്രപരമായ ദൗത്യം എന്നു വിശേഷിപ്പിക്കാവുന്ന ഈ രചന സാക്ഷാത്കരിച്ചിട്ടുള്ളത്. പല കോണുകളിൽ നിന്ന് അനവധി കഥകളിലൂടേയും പുരാവൃത്തങ്ങളിലൂടേയും മനുഷ്യാവസ്ഥയുടെ സങ്കീർണതയെ അന്വേഷിക്കുന്ന കൃതി കൂടിയാണ് ഈ നോവൽ.

സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയിലെ ശൂന്യമായ ചില സ്ഥലികളിലേക്ക് ഭാവനാപൂർവ്വം ആഴ്ന്നിറങ്ങിയാണ് തികച്ചും നൂതനമായ നോവൽ ഷിനിലാൽ രചിച്ചിരിക്കുന്നത്. പുറമെനിന്ന് കാണുന്ന ചരിത്രമല്ല ദേശത്തിന്റെ അകത്തേക്ക് കടന്നാൽ കണ്ടെടുക്കാവുന്ന ചരിത്രം. അകത്തും പുറത്തും അവ വ്യത്യസ്തമാണ്. ചരിത്രപുരുഷന്മാരായി ഉയർത്തപ്പെട്ട ചക്രവർത്തിമാരുടേയും രാജാക്കന്മാരുടേയും ആയിത്തീരലിനുപിന്നിൽ ഉരുകിയില്ലാതായ അടിയടരുകളിലെ ജനതയാണുള്ളത്. അവരുടെ ജീവിതത്തെ കണ്ടെടുക്കുകയാണ് നോവലിൽ. യുവാവായ മാർത്താണ്ഡവർമയെ ഉയിരുകൊടുത്ത് സംരക്ഷിച്ച വനവാസികളായ ആദിമമനുഷ്യരെ ചരിത്രത്തിന്റെ കേന്ദ്രത്തിലേക്ക് ഉയർത്തിനിർത്തുന്ന സർഗാത്മകയ ആഖ്യാനമാണ് ഈ നോവൽ. തിരുവിതാംകൂറിന്റെ മുന്നുറുവർഷത്തെ സാമൂഹ്യജീവിതത്തിന്റെ ഭാവനാപൂർണ്ണമായ നെയ്തെടുക്കലിലൂടെയാണ് നോവലിസ്റ്റ് ഇത് സാധിക്കുന്നത്. അത് പുതിയ കണ്ടെത്തലിന്റെ ഉന്മേഷം വായനക്കാർക്ക് പകർന്ന് നൽകുന്നു.

ആധുനിക തിരുവിതാംകൂറിന്റെ ചരിത്രസഞ്ചാരങ്ങൾ പശ്ചാത്തലമായുള്ള ഒരു നോവലാണ് ഇരു. തിരുവിതാംകൂർ രാജ്യത്തിന് അടിത്തറയിട്ട മാർത്താണ്ഡവർമയുടെ യൗവനകാലത്തു നിന്നും അത് സമകാലിക സംഭവങ്ങളിലേക്ക് വരെ യാത്ര ചെയ്തെത്തുന്നു. മാർത്താണ്ഡാവർമയുടെ രാജ്യസ്ഥാപനത്തിന്റെ നാൾവഴികൾ നാം പഠിക്കുന്ന പൊതുചരിത്രത്തിന്റെ ഭാഗമാണ്. അവിടേക്കാണ് നോവലിസ്റ്റ് ആഴത്തിലിറങ്ങി അവഗണിക്കപ്പെട്ട കീഴാളജനതയുടെ സഹനങ്ങളും വീറുറ്റ പോരാട്ടങ്ങളും നാടിനോടുള്ള കൂറും അനാവരണം ചെയ്യുന്നത്. കേരളത്തിന്റെ ആധുനികതയ്ക്ക് പിന്നിൽ പ്രവർത്തിച്ച അറിയപ്പെടാതെ പോയ പാർശ്വവത്കൃതജനതയെ ചരിത്രത്തിന്റെ നേതൃവർഗമായി കണ്ടെടുക്കുകയാണ് തന്റെ പുനർനിർമാണത്തിലൂടെ നോവലിസ്റ്റ് സാധിച്ചെടുക്കുന്നത് എന്ന് പറയുന്നതിൽ തെറ്റില്ല. കാണിക്കാരേയും വേടരേയും പോലുള്ള ആദിമ വംശജരുടെ ദുരന്തങ്ങൾ ആവിഷ്കരിക്കുക വഴി സമകാലിക സമൂഹത്തെ വിചാരണ നടത്തുക കൂടിയാണ് രചയിതാവ്. ഈ നൂറ്റാണ്ടിലേക്കുകൂടി നീളുന്ന വംശവിച്ഛേദനത്തിന്റെ ദാരുണമായ ചരിത്രമാണത്. തമ്പിമാർക്കും മറ്റു സവർണർക്കും ഇതിഹാസപ്പെട്ട ചരിത്രമുള്ളപ്പോൾ ഭൂമികളുടെ അവകാശികളാകേണ്ടിയിരുന്ന ഗോത്രജനതയ്ക്ക് മനുഷ്യരുടെ ഓർമകളിലെ കഥകളായി മാത്രമെ സ്ഥാനമുള്ളൂ. ചരിത്രാഖ്യായികളിൽ ഇടം പിടിക്കാത്ത അരികുവൽക്കരിക്കപ്പെട്ട ജനതയുടെ ചരിത്രത്തിലെ ഇടപെടലുകൾ ആവിഷ്കരിക്കുന്ന ഇരു എന്ന നോവൽ അധിനിവേശിതരുടെ കഥനം വഴി ചരിത്രമായി ഉറപ്പിക്കപ്പെട്ടുപോയ പൂർവ്വപാഠത്തിലെ ചില കല്പിതകഥകളെ പൊളിച്ചെഴുതുകയും ചെയ്യുന്നുണ്ട്. അതുവഴി മേൽത്തട്ട് സാഹിത്യത്തിലൂടെ ചരിത്രപ്പെട്ട ആഖ്യാനങ്ങളെ അപനിർമിക്കുന്ന ഒരു തലവും നോവൽ ആർജിക്കുന്നുണ്ട്.

മാർത്താണ്ഡവർമ / Photo: wikipedia

ഗോത്രജനതയുടെ താളാത്മകമായ ഭാഷയേയും സവിശേഷതയാർന്ന രീതികളേയും നോവലിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്. മലമ്പാഷയുടെ ആദിമമായ ജൈവികതയും അടിത്തട്ടുജീവിതത്തിന്റെ ചൂരും ഏറെ അകൃത്രിമമായാണ് നോവലിൽ ആവിഷ്കൃതമായിരിക്കുന്നത്. കായനദിയുടെ ഉള്ളൊഴുക്കുകളുടെ ഓരോ അടരുകളിലും നിറഞ്ഞുനിൽക്കുന്ന ചരിത്രപ്രവാഹത്തിന്റെ ശേഷിപ്പുകളെ ആഖ്യാനം കണ്ടെടുത്തുപയോഗിക്കുന്നുണ്ട്. അഗസ്ത്യമലയുടെ കയറ്റിറക്കങ്ങളിൽ തളിർക്കുന്ന ആദിജനതയുടെ നിഷ്കളങ്കതയും സമർപ്പണവും ജൈവലോകത്തോടുള്ള താദാത്മ്യപ്പെടലുകളും നോവൽഗാത്രവുമായി മികച്ച ഇണക്കത്തിൽ വർത്തിക്കുന്നു. വനവേടരുടെ ജീവിതത്തിന്റെ നേരും അലിവും ഭക്തിയും ഇവിടെ അനാവൃതമാവുന്നു. മുഖ്യധാര അടയാളപ്പെടുത്തിയ ചരിത്രസഞ്ചാരങ്ങളിലൊന്നും ഇടം ലഭിച്ചിട്ടില്ലാത്ത രണ്ട് ആദിമജനതകൾ ഇവിടെ നിറഞ്ഞടയാളപ്പെടുന്നു.മലയാള സാഹിത്യത്തിലേക്കുള്ള ഉഗ്രൻ വരവാണത്.

മനുഷ്യർക്ക് ഒരേ ഒരു കഥയേ ഉള്ളൂ എന്ന നോവലിസ്റ്റിന്റെ സത്യവാങ്മൂലം മനുഷ്യർക്കിടയിലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കാലാതിവർത്തിയായ സഹോദരഭാവത്തെ ഓർമപ്പെടുത്തുന്നു. എന്നാൽ ആ യാത്രക്കിടെ തെളിയുന്ന ഒരു സത്യത്തിൽ നോവൽ കാലുറപ്പിച്ചു നിൽക്കുന്നു.'ശാന്തമെന്ന് തോന്നുന്ന ആവാസവ്യവസ്ഥകൾ ഹിംസയിലാണ് വേരൂന്നിനിൽക്കുന്നത് ' എന്ന വാസ്തവത്തിലാണത്. ഭൂതകാലത്തെ അതിന്റ എല്ലാ സങ്കീർണതകളോടേയും ആഖ്യാനം ചെയ്യാൻ നമ്മുടെ കാലത്തെ നോവലെഴുത്തുകാർ വൈവിധ്യപൂർണമായ രചനാസങ്കേതങ്ങളാണ് സ്വീകരിച്ചുവരുന്നത്.'എത്ര വലിയ പർവ്വതങ്ങളും വിള്ളലുകളെ ഒളിപ്പിച്ചുവച്ചിരിക്കും , ക്രിയാശേഷിയുള്ള മനുഷ്യനുമുമ്പിൽ കീഴടങ്ങാൻ വേണ്ടി’.സഞ്ചാരിയായ ലബ്ബ (എലവങ്കോട് എലപ്പ)യുടെ മുമ്പിൽ ഉയർന്നുനിൽക്കുന്ന സഹ്യനിൽ മാത്രമല്ല ,സഹസ്രാബ്ദങ്ങളായി ഉറച്ചുപോയ ആശയങ്ങൾക്കും ഇതു ബാധകമത്രെ.

ഷിനി ലാല്‍

കാമനദിയെന്ന കായനദി എല്ലാ ചരിത്രസഞ്ചാരപഥങ്ങളേയും ഉദ്ദീപിപ്പിച്ചുകൊണ്ട് ആഖ്യാനത്തിന് നെടുകേയും കുറുകേയും ഒഴുകുന്നുണ്ട്. വായനയിൽ ആ ഒഴുക്കിന്റെ സ്വരം അകലെ നിന്നേ കേൾക്കാം. കാമനകളെ തൊട്ടുണർത്തിയും പൂർത്തീകരിച്ചും അത് ജീവിതപരിസരങ്ങളിൽ കരകവിഞ്ഞൊഴുകുന്നു. മനുഷ്യരുൾപ്പെടുന്ന ജൈവപരിതോവസ്ഥകളുടെ തന്നെ ഭിന്നാവസ്ഥകളെ അതു അടിത്തട്ടിലേക്കെടുക്കുകയും വലിയ സാന്നിദ്ധ്യമായി മാറുകയും ചെയ്യുന്നു. അനവധി കോണുകളിലൂടെ ആഖ്യാനത്തെ അതു കൊണ്ടുപോകുന്നു. പുതിയ കാഴ്ചകളിലേക്ക് അത് വഴിവെട്ടുന്നു. മലകൾ കയറിയെത്തുന്ന കാമമോഹത്തെ തണുപ്പിക്കുന്ന തെളിമയുടെ നീരൊഴുക്കിടം. കോപത്തിന്റേയും അഹന്തയുടേയും ഭാരങ്ങളെ അലിയിപ്പിച്ചില്ലാതാക്കുന്ന സ്വച്ഛതയുടെ തടാകം. നൂറ്റാണ്ടുകൾ നീണ്ടു നിന്ന രതിക്രീഡയിൽ നിന്നത്രെ അതുദ്ഭവിച്ചത്. കൊടുംമൂർച്ചയിൽ ഉരുകിയൊലിച്ച ‍ജീവരേതസ്സിൽ നിന്നും ഉറവയെടുത്തത്. കായനദി നീന്തിക്കടക്കുക ഓരോ മനുഷ്യരുടെയും ചരിത്രത്തിലൂടെയുള്ള യാത്രയുടെ അവിഭാജ്യഭാഗമാണ്. അതിന്റെ ഇരുകരകളിലുമായി പലതരം മനുഷ്യർ ആ യാത്രയുടെ ഭാഗമായി ജീവിച്ചുമരിക്കുന്നു.

ഖുർ-ആൻ വച്ച് പൂജിക്കുന്ന നെട്ടോക്കോട് അമ്പലം ഒരു കാലത്ത് രൂപപ്പെട്ട മനുഷ്യർക്കിടയിലെ പരസ്പരവിശ്വാസത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. ലബ്ബയെന്ന സൂഫി സഞ്ചാരിയും നന്മയുടെ മനുഷ്യരൂപമായി നമുക്കിടയിലൂടെ നടന്നുപോകുന്നതായി അനുഭവപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്. അഗസ്ത്യകൂടമലയ്ക്ക് ചുറ്റും പാർക്കുന്ന കാണിക്കാർ ഭാഷയിലും സംസ്കാരത്തിലും തനിമ നിലനി‍ർത്തുന്ന ആദിമനിവാസികളാണ്. വേട്ടയും തീറ്റയും കൃഷിയും പാട്ടും നൃത്തവും എല്ലാം തനതായുള്ളവർ. ആധുനിക മനുഷ്യരായ നമുക്ക് എവിടെ നിന്നും കിട്ടാത്ത വാക്കുകളും സങ്കൽപ്പങ്ങളും ഭാവനയുമുള്ളവരാണവർ. പിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളെപ്പോലെ അവ നമ്മെ വിസ്മയിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു. വേടരുടെ പുരാതനത്വത്തിന്റെ നീണ്ട വഴികളിലേക്ക് ഇറങ്ങി സഞ്ചരിക്കാനുള്ള കരുത്തും അന്വേഷണത്വരയും രചയിതാവ് പ്രകടിപ്പിച്ചതായി വായനയുടെ ഓരോ സന്ദർഭത്തിലും നമുക്കനുഭവപ്പെടുന്നു. കാടിന്റെ ആദി ഉടമകൾ ചവിട്ടി താഴ്ത്തപ്പെടുകയും അധിനിവേശകർ യജമാനരായി മാറുകയും ചെയ്യുന്ന കാലത്തിന്റെ പ്രവാഹത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ പ്രവർത്തനം കൂടിയാണത്.

മൂന്നു നൂറ്റാണ്ട് മുമ്പ് തന്നെ ശത്രുക്കളിൽ നിന്ന് സംരക്ഷിച്ച കാട്ടരചർക്ക് മാർത്താണ്ഡവർമ പതിച്ചുകൊടുത്ത വനഭൂമി അന്യാധീനപ്പെടുകയും ആധുനിക രാഷ്ട്രീയവ്യവസ്ഥയുടെ പുരോഗതിയിലേക്കള്ള പ്രയാണത്തിൽ അവർ പുറംതള്ളപ്പെടുകയുമാണ്. അതിനിടയിൽ കീഴാളപുരുഷനും സവർണസ്ത്രീക്കും ജനിച്ച് നാടുവിടേണ്ടിവന്ന കിട്ടൻ എന്ന ഇരു എന്ന ആഗോളപ്രശസ്തനായ എഴുത്തുകാരൻ പറയുന്ന ഉൽപത്തികഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. അയാൾ തന്റെ വംശാന്വേഷണകഥ പൂർത്തിയാക്കുന്നത് ഗവേഷകയും വിവർത്തകയുമായ ലയനയോടൊത്താണ്. വംശസങ്കരമെന്ന, ചരിത്രത്തിൽ സംഭവിച്ച മനുഷ്യാവസ്ഥയുടെ അനിവാര്യതയെ ഈ അന്വേഷണം അടിവരയിടുന്നുണ്ട്. ഈ അന്വേഷണകഥയിലാണ് വിവിധ തലമുറകളുടെ ബന്ധങ്ങളുടെ കഥ അവതീർണമാകുന്നത്.യാത്രികനായ സൂഫിയും വെട്ടേക്കാട്ട് തമ്പിമാരും രാജാവിനൊപ്പം നിന്നവരായിരുന്നു. വെട്ടേക്കാട്ട് വിക്രമൻതമ്പി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം പങ്കെടുത്ത നായർ ബ്രിഗേഡിലെ അംഗമായിരുന്നു. വിക്രമൻ തമ്പിയും മുസ്ലിമായ മേജർ ഷിറഫും ഒന്നിച്ച് പോരാടിയ സഖ്യകക്ഷികളുടെ ഭടൻമാരായിരുന്നെങ്കിലും ഇന്ത്യാ വിഭജനത്തോടെ രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളുടെ സൈനികരായി തീർന്നു. പരസ്പരം യുദ്ധം ചെയ്യേണ്ടി വന്നെങ്കിലും അവർക്കിടയിലെ ഊഷ്മളമായ ബന്ധം ഇല്ലാതാകുന്നില്ല അന്ത്യംവരെ. നോവലിലെ ഹൃദ്യമായ ഒരേടാണത്.

ലയന നായർ എന്ന പേരിൽ മലയാളത്തിലും എലീന നിക്കോളാസ് എന്ന പേരിൽ ഇംഗ്ലീഷിലും എഴുതുന്ന വിവർത്തകയായ യുവതിയും ഇരു എന്ന എഴുത്തുകാരനും തമ്മിൽ നടത്തുന്ന ഇന്റർനെറ്റ് ചാറ്റിലൂടെ ആരംഭിക്കുന്ന നോവലിന്റെ ആഖ്യാനം രേഖീയമായ സഞ്ചാരത്തെ ഉല്ലംഘിച്ചുകൊണ്ട് നിരവധി വർത്തുളതകളിലേക്ക് വ്യാപിക്കുന്നുണ്ട്. ഭാഗം ഒന്നിലെ രണ്ടാം അധ്യായമായാണ് നോവലിന്റെ അവസാന അധ്യായം ചേർത്തിരിക്കുന്നത്. ഭാഗം രണ്ട് ഇരു പറയുന്ന അയാളുടെ സ്വന്തം കഥയാണ്. എറവങ്കോട് ലബ്ബ എന്ന സഞ്ചാരിയുടേയും യുവാവായ മാർത്താണ്ഡവർമ ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിന്റെ ഭാഗമായി നടത്തുന്ന ഒളിവുജീവിതത്തിന്റേയും കഥയാണ് ഈ ഭാഗം. ലബ്ബയെ നോവലിസ്റ്റ് സി വിയുടെ നേവലിലെ ഹാക്കിം എന്ന വർത്തക പ്രമാണിയായ കഥാപാത്രവുമായി ലിങ്ക് ചെയ്യുന്നുണ്ട്. വെട്ടേക്കാട്ട് തമ്പിമാരുടേയും കാണിക്കാരുടേയും കഥ രണ്ടാം ഭാഗത്തിനു ശേഷം വരുന്ന ഒന്നാം ഭാഗത്തിന്റെ തുടർച്ചയിലാണുള്ളത്. മൂന്നാം ഭാഗത്തിൽ തമ്പി കുടുംബത്തിന്റെ പിൽക്കാലചരിത്രത്തിന്റെ കഥയാണ്. രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികനീക്കത്തിന്റെ ഭാഗമായി ഹോങ്കോങ്ങിൽ സൈനികസേവനം നടത്തിയ നായർ ബ്രിഗേഡിലെ കേണൽ വിക്രമൻ തമ്പിയുടേയും അനന്തരതലമുറകളുടേയും കഥ. നോവലിസ്റ്റായ ഷിനിലാൽ അതേ പേരിൽ കഥാപാത്രമായും വരുന്നുണ്ട് ഈ ഭാഗത്ത്.

ചരിത്രത്തിലെ ഭൂത വർത്തമാനങ്ങൾ ആവിഷ്കരിക്കുന്ന നോവലിന് അതിന് യോജിച്ച ഘടനയാണുള്ളത്. പല വിതാനങ്ങളിലൂടെ ആഖ്യാനം ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും സഞ്ചരിച്ചെത്തുന്നു. ചില സന്ദർഭങ്ങളിൽ ഓർമകളിലൂടെ യാത്ര ചെയ്ത് ഗൃഹാതുരമാവുമ്പോൾ മറ്റു ചിലപ്പോൾ ലിഖിതചരിത്രത്തിലൂടെ സഞ്ചരിച്ച് വസ്തുനിഷ്ഠാംശത്തെ ആശ്ലേഷിക്കുന്നു. നൂറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന ആഖ്യാനം ഇന്ത്യാവിഭജനം സൃഷ്ടിച്ച മുറിവുകളിലേക്കും കൂട്ടക്കൊലകള്‍,പാലായനങ്ങള്‍,ക്ഷാമകാലം എന്നിവയിലേക്കും ഒഴുകിപ്പരക്കുന്നുണ്ട്.

വംശവേരുകൾ ലക്ഷ്യമാക്കിയുള്ള സ്വത്വാന്വേഷണം സമകാലിക നോവൽ രംഗത്ത് പുതുരൂപങ്ങൾ ആർജിച്ച് മുമ്പോട്ട് പോകുന്നത് എല്ലാ ഭാഷയിലുമെന്നപോലെ മലയാളത്തിലും സജീവമാണ്. ഷിനിലാലിന്റെ നോവലിൽ അത് ചരിത്രത്തിലിടം കിട്ടിയിട്ടില്ലാത്ത ഒരു ജനവിഭാഗത്തിന്റെ കടന്നുവരവിന് നിമിത്തമാകുന്നു എന്ന സവിശേഷതയുണ്ട്. പശ്ചിമഘട്ടത്തിന്റെ വിവിധ മലമേടുകളിൽ ജീവിച്ചൊടുങ്ങിയ നിരവധി ആദിമനിവാസികൾക്ക് ഇത്തരം ചരിത്രം ഉണ്ടാകും. സാഹിത്യത്തിലേക്ക് അധികം അവ കടന്നുവന്നിട്ടില്ല. രാജകുടുംബങ്ങളെ ഊട്ടിയും അവർക്കുവേണ്ടി പൊരുതിയും ജീവിച്ചവർ പരിഷ്കൃതിയുടെ മനുഷ്യത്വഹീനമായ തേരോട്ടത്തിൽ വിസ്മൃതപ്പെടുകയാണുണ്ടായത്. അവരിൽ ചില ജനതകളുടെ അത്തരം ജീവിതകഥ ആഖ്യാനം ചെയ്യുക വഴി ചരിത്രപരമായ ഒരു ദൗത്യമായിത്തീരുന്നു ഈ നോവൽ രചന. ആമുഖത്തിൽ നോവലിസ്റ്റ് എഴുതിയതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ചാറ്റ് ബോട്ടുകൾക്ക് കഴിയുന്നതല്ല അത്.

'വ‍ർണ്ണവും കരുത്തും രൗദ്രശാന്തതകളും ഇരുപുറത്തും സങ്കീർണ്ണമായി ഇഴചേർന്നതാണ് ജീവിതത്തിന്റെ തത്ത്വം. ഇരു എന്ന ജീവതത്ത്വം'. ഈ തത്ത്വത്തിന്റെ സൂക്ഷ്മതയാർ‍ന്ന ആവിഷ്കാരം കൂടിയാണ് ഇരു എന്ന നോവൽ. ഇരു എന്ന പേര് നോവലിന്റെ ഉള്ളടക്കത്തിൽ നിന്നും രൂപത്തിൽ നിന്നും ഒരുപോലെ കടഞ്ഞെടുത്ത സത്തയാണ്. അനേകം ഇരു കൾ ജീവിതത്തിലുണ്ടല്ലോ. ആ മനുഷ്യപ്രകൃതത്തെ നോവലിന്റെ പേര് സൂചിപ്പിക്കുന്നുണ്ട്. അവ പ്രകൃതിയിലും ഉണ്ട്. എല്ലാത്തിനുമുണ്ട് ഇരു ഭാവങ്ങൾ. അങ്ങനെ ഇരു എന്നത് പ്രപഞ്ചത്തിന്റെ തന്നെ തത്ത്വമായിത്തീരുന്നു.

‘ഭിന്നസ്വഭാവമുള്ള പലതരം ആഖ്യാനങ്ങളിലൂടെ ഭൂതകാലത്തിന്റെ ഭൗതികത്വം ആവിഷ്കരിക്കാനുള്ള സാധ്യതകൾ തേടുന്നു’വെന്ന് പി.കെ. രാജശേഖരൻ എഴുതുന്നുണ്ട് നോവലിനെക്കുറിച്ച് അവതാരികയിൽ. നിലവിൽ ജനമനസ്സിൽ പതിഞ്ഞ ചരിത്രപാഠത്തിന്റെ യുക്തിസഹമായ തിരുത്തലും പരമ്പരാഗതമായ ആഖ്യാനരീതീയെ പൊളിച്ചടുക്കലും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. ചരിത്രത്തിന്റെ ഈ പുനർവായനയിൽ നോവലിസ്റ്റ് സ്വീകരിച്ച മുൻഗണനകൾ ആഖ്യാനപരമായും ഉള്ളടക്കപരമായും നോവലിന്റെ പുതുമയ്ക്ക് കാരണമായി ഭവിച്ചിട്ടുണ്ട്. ചരിത്രത്തിൽ നാം പരിചയപ്പെട്ട തിരുവിതാംകൂർ രാജ്യത്തിന് അകത്തുതന്നെ നിലനിന്ന അഗസ്ത്യമലയുടെ മേടുകളിൽ വസിച്ച ഗോത്രവർഗജനതയുടെ മറ്റൊരു രാജ്യത്തെയാണ് നോവലിൽ നാം അനുഭവിക്കുന്നത്. ചരിത്രപരമായി പ്രാധാന്യമുള്ള സർഗ്ഗാത്മകമായ ഒരു കൂട്ടിച്ചേർക്കലാണത്. ഗോത്രജനതയുടെ കഥയെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്തുക വഴി അത് നവീനതയും ജനാധിപത്യവും കൊണ്ടുവരുന്ന ഒരു ഇടപെടൽ ആയിത്തീരുന്നു. അതിൽ ദേശത്തിന്റെ അടിയടരിലുള്ള സാംസ്കാരികസത്തയുടെ ആവിഷ്കാരമുണ്ട്. കല്പിതകഥയുടെ രൂപമാർജിക്കുന്ന നിരവധി അപൂർവ്വമായ സംഭവപരമ്പരകൾ അതിൽ കടന്നുവരുന്നുണ്ട്.

ഗോത്രജനതയുടെ പൂർവജീവിതങ്ങളിലേക്ക് വിസ്മയകരമായ ഉൾക്കാഴ്ചയോടെ വെളിച്ചം വിതറുന്ന നോവൽ തിരുവിതാംകൂറിലെ ഗോത്രജനതയുടെ സംസ്കാരിക ശേഷിപ്പുകൾ ആദരവോടെ കണ്ടെടുക്കുന്നു. ആദിമ മനുഷ്യരുടെ ജീവിതത്തെ സൂക്ഷ്മമായി പഠനവിധേയമാക്കിയ ഈ രചന വലിയ അധ്വാനത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല.ചരിത്രവും ഭാവനയും ഉരുക്കിച്ചേര്‍ത്തിരിക്കുന്ന നിരവധി സന്ദര്‍ഭങ്ങൾ ഇതിലുണ്ട്. മേലാങ്കോട്ടമ്മയുടെ കൊടുതിത്തറയും, യാരോസ്ലോവ് നെവ്ക്കോവ്സ്കിയുടെ ചിത്രങ്ങളും ജോണ്‍ അലന്റെ ബ്സര്‍വേറ്ററിയും തുടങ്ങി വിസ്മയിപ്പിക്കുന്ന നോവൽ സന്ദർഭങ്ങൾ ധാരാളം. ഗോത്രവർഗ‍സമൂഹത്തിന്റെ സംസ്ക്കാരത്തേയും ഭാഷയേയും ആഹാരരീതികളേയും സംഗീതത്തേയും എല്ലാം ചരിത്രത്തിലേക്ക് ഡോക്യൂമെന്‍റ് ചെയ്യുക എന്ന സങ്കീര്‍ണ്ണമായ ദൗത്യത്തിനു പുറമേ മനുഷ്യജീവിതത്തിന്റെ നിസ്സാരതകളുടേയും ആസക്തികളുടേയും അനിശ്ചിതത്വത്തിന്റേയും മറ്റൊരു തലം കൂടി ഈ നോവല്‍ ആവിഷ്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ലയന ഇരുവിന് അയച്ച സന്ദേശത്തിൽ പറയുന്നതുപോലെ 'ഇന്ത്യ വർണ്ണങ്ങൾക്ക് ആധികാരികതയുള്ള നാടാണ്. വിധി എന്ന സങ്കൽപ്പം എല്ലാ ശിരസ്സുകളേയും കുനിക്കുന്നു’. എന്നാൽ ഇരു എന്ന നോവൽ വിധി എന്ന സങ്കൽപ്പത്തിനുമുമ്പിൽ തല ഉയർത്തിയാണ് നിൽക്കുന്നത്.

Comments