“ഞാൻ ജനിച്ച നാടും എന്റെ തന്നെ ഉള്ളിന്റെ ഉള്ളായ എന്റെ ഗ്രാമവും എന്റെ കഴിവിനൊത്തവണ്ണം ഉണ്ടാക്കിയെടുക്കാനായിരുന്നു എന്റെ ശ്രമം, നാട്ടുകാർക്കിടയിൽക്കിടന്ന് മരിക്കുവാൻ വേണ്ടിയെങ്കിലും.” (ഇഗ്നാത്സിയോ സിലോണെ, ആമുഖം, ഫോന്തമാര, പുറം 48.)
എഴുത്ത് ആത്മനിഷ്ഠമായ കലയാണ്. അതിന്റെ വായനയും. എഴുത്തുകാരും അവരുടെ കാലവും അതിന്റെ കുരിശുമരണവും പുനരുത്ഥാനവും അതിൽ പുനഃസൃഷ്ടിക്കപ്പെടുന്നു. സ്വാഭാവികമായും വായനക്കാരും അതിൽ പങ്കുപറ്റുന്നു.
മുസോളിനിയുടെ ഫാഷിസ്റ്റ് പോലീസിൽനിന്ന് രക്ഷപ്പെട്ട് സ്വിറ്റ്സർലാൻഡിലെ ദാവോസിൽ കള്ളപ്പേരിൽ താമസിക്കുമ്പോഴാണ് ഇഗ്നാത്സിയോ സിലോണെ 1930-ൽ ഫോന്തമാര എഴുതുന്നത്. വിവരിക്കാനാവാത്ത ഒരു ഭീതിയുടെയും ആകാംക്ഷയുടെയും ഭാരത്തിനടിപ്പെട്ട് തിരക്കുപിടിച്ച്. താൻ എഴുതിയതെല്ലാം (റൊട്ടിയും വീഞ്ഞും, ഒരുപിടി സ്ട്രോബറികൾ, റോക്കോയുടെ രഹസ്യം) ഫോന്തമാരയുടെ അവസാനഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഫാസിസ്റ്റായ്ക്കെതിരെ (ഫാഷിസമെന്ന സ്വേച്ഛാധികാരവ്യവസ്ഥിതി) പൊരുതുന്ന ‘ദുരൂഹമനുഷ്യ’നിൽ നിന്നാണ് മുളപൊട്ടിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. സാഹിത്യലോകത്തിന്റെ കച്ചവടനിയമങ്ങൾ മാറ്റുവാനുള്ള ശക്തി; അല്ലെങ്കിൽ അധികാരം തനിക്കുണ്ടായിരുന്നെങ്കിൽ താൻ ഒരേകഥ വീണ്ടും വീണ്ടും തിരുത്തി എഴുതി ജീവിതകാലം മുഴുവനും ചെലവഴിച്ചേനേ എന്നും അദ്ദേഹം പറയുന്നു. എത്രമാത്രം ആത്മാനുഭവങ്ങളുടെ തുരുത്തിലാണ് അദ്ദേഹത്തിന്റെ എഴുത്തുജീവിതം എന്നുകൂടി ഇത് വ്യക്തമാക്കുന്നു.
ഫുചീനോ തടാകത്തിന് വടക്ക് കുന്നുകൾക്കും പർവതങ്ങൾക്കും ഇടയിലെ താഴ് വരയിലാണ് വിചിത്രസ്വഭാവങ്ങളുടെ വേദിയായ ഫോന്തമാര. തെക്കൻ ഇറ്റലിയിൽ ഇതിനോട് സാമ്യമുള്ള പേരുകളിൽ അറിയപ്പെടുന്ന നിരവധി ഗ്രാമങ്ങളുണ്ട് എന്നും അവിടങ്ങളിലെല്ലാം സമാനമായ വിചിത്രസംഭവങ്ങളുണ്ട് എന്നും ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നുണ്ട്. തങ്ങളുടെ നിത്യദുരിതങ്ങളുടെ ദിനങ്ങളെ വീണ്ടും ഇരുട്ടിലാക്കി ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുമ്പോൾ “ഇനി നിലാവിനും നികുതി കൊടുക്കേണ്ടി വരുമോ” എന്ന് പരസ്പരം ചോദിക്കുന്നു ഫോന്തമാരയിലെ ഗ്രാമീണർ. അവരുടെ നിസ്സഹായതയുടെ രാഷ്ട്രീയമാനങ്ങൾ. സ്വേച്ഛാധികാരത്തിന്റെ കരങ്ങൾ മനുഷ്യരിലേക്ക് നീണ്ടുചെല്ലുന്നത് എപ്പോൾ എവിടെവെച്ച് എന്ന് സ്വയം തിരിച്ചറിയാനാവാത്ത രാഷ്ട്രീയസങ്കീർണതകൾ.

പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടിയ വിഷമങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും പൈതൃകത്തിനപ്പുറത്ത് - പ്രേമം, നിരാശ, മരണം, പെടാപ്പാട് എന്നിവയ്ക്കെല്ലാമിടയിലെ ആ വൈചിത്ര്യങ്ങളിൽ ആദിമ റോമൻ ചരിത്രത്തിൽ നിന്ന് (ബി.സി. ഏഴാം നൂറ്റാണ്ട്) പൊന്തിവരുന്ന ഒരു വിറകുകെട്ടിനകത്ത് വായ്ത്തല പുറത്തേക്ക് വെച്ച് ചുവന്ന നാടകൊണ്ട് കെട്ടിവെച്ചിരിക്കുന്ന കോടാലി (fasces) തെളിഞ്ഞുവരുന്നുണ്ട്. റോമൻ ചരിത്രത്തിൽ നിന്ന് മുസോളിനിയുടെ ഫാഷിസ്റ്റ് പാർട്ടി കണ്ടെടുത്ത ചിഹ്നം.
ഫാസിസ്റ്റായുടെ കാലത്തെ കർഷകരുടെ ആദ്യത്തെ വർത്തമാനപ്പത്രം അച്ചടിക്കുന്നത് ‘ദുരൂഹ മനുഷ്യൻ’ കൊടുത്തയയ്ക്കുന്ന ഒരു അച്ചടിയന്ത്രമുപയോഗിച്ചാണ്. അത് മൈതാനത്തിന് നടുവിൽ ഒരു മേശപ്പുറത്ത് വെച്ച് ചുറ്റും ഒരു ഡസൻ ആൾക്കാർ കൂടി ചേർന്നുനിന്ന് അങ്ങനെ കർഷകരുടെ ആദ്യത്തെ കൈയെഴുത്ത് വർത്തമാനപത്രം അച്ചടിക്കുമ്പോൾ അതിനൊരു പേര് കണ്ടെത്താൻ പലവിധ തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ഒടുവിൽ ‘നാം എന്ത് ചെയ്യണം’ എന്ന പേരാണവർ കണ്ടെത്തുന്നത്. ‘സത്യം’, ‘നീതി’, ‘കർഷകരുടെ ബ്യൂഗിൾ’ എന്നെല്ലാം പല പേരുകൾ നിർദ്ദേശിക്കപ്പെട്ടശേഷമാണ് ആ പേരിലേക്ക് അവരെത്തുന്നത്.
ഫാഷിസം ഭാരതവൽക്കരിക്കപ്പെടുന്നുവോ എന്ന ചോദ്യം ഉയർന്നുകേൾക്കപ്പെടുന്ന ഇന്ത്യയിൽ ഇറ്റാലിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും എത്തുന്ന ഈ പുസ്തകം ആദ്യമായി വായിക്കുന്ന വായനക്കാർക്ക് ഒരു മലയാളം നോവൽ എന്നതുപോലെ വായിക്കാനാവുന്നു.
ഫാഷിസത്തിന്റെ തീക്ഷ്ണമായ ദുരന്തങ്ങളിൽ പിടയുന്ന കർഷകർ ഇനി എന്ത് ചെയ്യണമെന്നുള്ള അന്വേഷണമായിരുന്നു അതിലെ ഓരോ വാർത്തകളും. ‘അവർ ബെറാർദോ വിയോളയെ കൊലപ്പെടുത്തി നാം എന്ത് ചെയ്യണം’, ‘അവർ നമ്മുടെ വെള്ളം കൊണ്ടുപോയി നാം എന്ത് ചെയ്യണം’, ‘പള്ളീലച്ചൻ ഞങ്ങളുടെ മരിച്ചയാൾക്കാരെ അടക്കുന്നില്ല നാം എന്ത് ചെയ്യണം’, ‘അവർ നിയമത്തിന്റെ പേരിൽ ഞങ്ങളുടെ സ്ത്രീകളെ പീഡിപ്പിക്കുന്നു നാം എന്ത് ചെയ്യണം’ എന്നിങ്ങനെ പോകുന്നു അതിലെ വാർത്തകൾ. അണ്ടർഗ്രൗണ്ട് പത്രങ്ങൾ അച്ചടിച്ച് നിഗൂഢമായി ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നയാളാണ് കഥയിൽ ഒരിക്കലും വെളിച്ചത്ത് വരാത്ത ‘ദുരൂഹ മനുഷ്യൻ’. എന്നാൽ നഗരപ്രാന്തങ്ങളിലും ഫാക്ടറികൾക്കുള്ളിലും കർഷകർക്കിടയിലും സർവകലാശാലകളിലും പട്ടാളബാരക്കുകൾക്കുള്ളിലും അയാൾ എത്തുന്നുണ്ട്. തൊഴിലാളികളോട് പണിമുടക്കാനും പൗരരോട് അനീതികൾക്കെതിരേ പോരാടാനും അധികാരികളോട് നിസ്സഹകരിക്കാനും അയാൾ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇങ്ങനെ എല്ലാവരിലും എത്തുന്നതിനോടൊപ്പം പത്രങ്ങളുമായി ആയിരക്കണക്കിന് പേർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അയാളെ പിടിക്കാൻ അധികാരികൾക്കാവുന്നില്ല. ഇങ്ങനെ ദുരൂഹമനുഷ്യനെ തേടിയുള്ള അന്വേഷണങ്ങൾക്കിടയിലാണ് ഫോന്തമാരയിൽനിന്ന് തൊഴിൽ തേടി റോമയിലെത്തി ചതിയിലും വഞ്ചനയിലും പെട്ട് പട്ടിണിയും പരിവട്ടവുമായി അലയുന്ന ബെറാർദോ വിയോളയെയും കൂട്ടുകാരനെയും സായുധപോലീസ് പിടികൂടുന്നത്.
ലോക്കപ്പിൽവെച്ച് ‘ദുരൂഹമനുഷ്യൻ’ താനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഫോന്തമാരയുടെ യുവത്വത്തെയും ചിന്തയെയും നയിക്കേണ്ട ബെറാർദോ സ്വയം ഭീകരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. പ്രചണ്ഡമായ ഫാസിസ്റ്റ് കിരാതവാഴ്ചയിൽ നീതിക്കുവേണ്ടി മനുഷ്യത്വത്തിന്റെ ജിഹ്വയായി മാറിയ ‘ദുരൂഹ മനുഷ്യ’നും അവന്റെ ആശയപ്രചാരണങ്ങളും അവസാനിക്കാതിരിക്കാനും പോലീസിന്റെ കരങ്ങളിലെത്താതിരിക്കാനുമാണ് ബെറാർദോ സ്വയം അങ്ങനെ വിശേഷിപ്പിച്ചുകൊണ്ട് ക്രൂരമായ മർദനങ്ങളും പീഡനങ്ങളും ഏൽക്കുന്നതെന്നും ജയിലിനകത്ത് കൊലചെയ്യപ്പെടുന്നതെന്നും നമുക്ക് ബോധ്യമാകും. ഇവിടെയാണ് ഫോന്തമാര ഫാസിസ്റ്റ് കാലത്തെ തുറന്നുകാണിക്കുന്ന എക്കാലത്തെയും പുസ്തകമായി മാറുന്നത്.

ഭരണകൂടവിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും മാധ്യമപ്രവർത്തനങ്ങളും രാജ്യദ്രോഹക്കുറ്റമായും മാധ്യമപ്രവർത്തകർ രാജ്യദ്രോഹികളായും നിരന്തരം അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യൻ അവസ്ഥയിൽ, ഫാഷിസത്തിന്റെ കിരാതഹസ്തങ്ങളാൽ കഴുത്ത് ഞെരിക്കപ്പെട്ട ഫോന്തമാര എന്ന ദരിദ്ര ഇറ്റാലിയൻ ഗ്രാമത്തിലെ മനുഷ്യർ ചെന്നുപെടുന്ന അനീതിയുടെയും നിരാശയുടെയും വേദനയുടെയും പടുകുഴിയിൽനിന്ന് ഫാസിസത്തിന്റെ ബലതന്ത്രങ്ങളെ എളുപ്പത്തിൽ നമുക്ക് വായിച്ചെടുക്കാനാവുന്നു.
അധികാരവും അതിന്റെ മുറകളും പുതിയ നിയമങ്ങളും പ്രഖ്യാപനങ്ങളും കൊണ്ടാണ് ഒരു ദരിദ്രഗ്രാമത്തെയും അവിടത്തെ കർഷകരെയും വളഞ്ഞുപിടിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനായി അയച്ചിരിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോന്തമാരയിലെത്തുന്ന പെലീനോ (സർക്കാർ പ്രതിനിധിയുടെ ബഹുമാനസൂചകമായ വാക്ക്) സർവരുടെയും പേരുകളും ഒപ്പുകളും വാങ്ങിപ്പോകുന്നു. അതേ പേപ്പറുകളിൽ ‘സ്വയമേവ വിട്ടുനൽകുന്നു’ എന്നെഴുതിച്ചേർത്ത്, അതുപയോഗിച്ചാണ് ഫോന്തമാരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്ന അരുവിയിൽനിന്നുള്ള ജലം പൊദസ്ത (മേയർ) തട്ടിയെടുക്കുന്നത്. വൻകിട ഭൂവുടമയായ പൊദസ്തയുടെ വരണ്ട ഭൂമിയിലേക്ക് ജലമെത്തിച്ച് കൂടിയ വിലയ്ക്ക് ആ ഭൂമി വിൽക്കുന്നതിന് വേണ്ടിയാണ് അത്. ഇതിനുവേണ്ടി അനുസരണയുടെയും അനുരഞ്ജനത്തിന്റെയും ഭാഷയിൽ സംസാരിച്ചും സമ്മർദം ചെലുത്തിയും അവിടത്തെ ജനപ്രതിനിധിയായ പ്രോസിക്യൂട്ടർ (ദോൺ ചിർക്കോസ്തൻസ) മുന്നിൽ നിൽക്കുന്നു.
ഇങ്ങനെ ദാരിദ്ര്യദുരന്തത്തിലേക്ക് കർഷകരെ തള്ളിയിടുന്നതിനൊപ്പം ഫാസിസ്റ്റായുടെ പുതിയ നിയമങ്ങളും ഫോന്തമാരയെ പിടിമുറുക്കുന്നു. അവിടെ പുരാതനമായ കർഫ്യൂ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. വൈകീട്ട് വെസ്പോറയുടെ (സായാഹ്ന നക്ഷത്രം) സമയം കഴിഞ്ഞാൽ ആർക്കും വെളിയിലിറങ്ങാൻ അധികാരമില്ല, നേരം വെളുക്കുന്നതുവരെ എല്ലാവരും വീട്ടിൽതന്നെയിരിക്കണം; എന്നിങ്ങനെയുള്ള ഉത്തരവുകൾ വരുമ്പോൾ, നേരം വെളുക്കുന്നതിനുമുൻപേ വീട്ടിൽനിന്നിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ പട്ടണത്തിലെത്തി ജോലി ചെയ്യാൻ കഴിയുമെന്നോ രാത്രിയിൽ ആര് കൃഷിയിടത്തിലെ മട തുറക്കുമെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല.
ഇതിനിടയിൽ മിലീഷ്യയിൽ (പട്ടാളം) നിന്നുള്ള ഒരു വാറന്റ് ഓഫീസർ വന്ന് അന്വേഷിച്ചു പോകുന്നു. തുടർന്ന് ഫോന്തമാരയിലുള്ളവരെല്ലാം സർക്കാരിന്റെ ശത്രുക്കളാണെന്നും പൊതുവിടങ്ങളിലും തെരുവുകളിലും നിന്ന് ഫോന്തമാരക്കാർ സർക്കാരിനും പള്ളിക്കുമെതിരേ സംസാരിക്കുന്നു എന്നുമുള്ള അയാളുടെ റിപ്പോർട്ടുകളും വരുന്നു. ഇതോടെ അധികാരവും അതിന്റെ ഉപകരണങ്ങളായ സായുധപോലീസും രഹസ്യ പോലീസും ഈ നിയമങ്ങളുടെയെല്ലാം നടത്തിപ്പുചുമതലയിലേക്ക് വരുന്നു. തൊഴിൽ തേടി മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് സർക്കാരിന്റെ പേപ്പറുകളും അതുവരെ അവരാരും കേട്ടിട്ടില്ലാത്ത ഐഡന്റിറ്റി കാർഡുകളും വേണമെന്ന് വരുന്നു. അതോടൊപ്പം ഫോന്തമാരയിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടും പരസ്പരമുള്ള തർക്കങ്ങൾ കർശനമായി വിലക്കിക്കൊണ്ടുമുള്ള നോട്ടീസുകൾ വരുന്നു. അതോടുകൂടിയാണ് ഫാസിസ്റ്റായുടെ കരിങ്കുപ്പായക്കാരായ കൂലിപ്പട ഫോന്തമാരയിലേക്കിരച്ചെത്തുന്നത്. അരക്കെട്ടിൽ കത്തിയും പിശാചിന്റെ മുഖംമൂടിയും ധരിച്ച അവരിൽ പലരെയും ഫോന്തമാരക്കാർ നിത്യേന കാണുന്നതാണ്. സമീപഗ്രാമക്കാരായ ഭൂമിയില്ലാത്ത കർഷകരും ഭൂവുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരും ചെറിയ തോതിൽ മോഷണത്തിൽ ഏർപ്പെടുന്നവരും ചന്തകളിൽ കച്ചവടം ചെയ്യുന്നവരും കള്ളുഷാപ്പുകളിൽ പാത്രം കഴുകുന്നവരുമൊക്കെയാണ് അവർ എന്നതാണ് അതിന്റെ നൃശംസത.

കൂലിപ്പട അഞ്ച് പേരുള്ള സംഘങ്ങളായി തിരിഞ്ഞ് ഓരോ വീടുകളിലും കയറിയിറങ്ങി സർക്കാരിനെതിരേ ആയുധങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ടോ എന്നും മറ്റ് രഹസ്യങ്ങളുണ്ടോ എന്നും പരിശോധിക്കുന്നു. വീടുകൾക്കുള്ളിൽ സ്ത്രീകൾ തറയിലേക്ക് തള്ളിവീഴ്ത്തപ്പെട്ട് കൈകാലുകൾ ബന്ധിക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ടു. കശാപ്പ് ചെയ്യപ്പെടുന്ന മൃഗത്തെ പോലെ ഫോന്തമാരയിലെ വീടുകളിൽനിന്ന് സ്ത്രീകളുടെ നിലവിളികൾ ഉയർന്നുകേൾക്കുന്നു.
“വിചിത്രമായ കാര്യങ്ങൾ നടക്കാൻ തുടങ്ങിയാൽ പിന്നെ അവയെ തടയുവാൻ സാധ്യമേയല്ല” എന്ന് വൃദ്ധനായ ല്സോംപ പറയുന്നു. ആയുധധാരികളായ കരിങ്കുപ്പായക്കാരുടെ മുന്നിൽ അവർക്ക് പ്രതിഷേധിക്കുവാൻ പോലുമാകുന്നില്ല. അതിരുകടന്ന ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും അതിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെടുന്നവരോടുള്ള പകയുടെയും വിദ്വേഷചിന്തയുടെയും മേച്ചിൽപുറങ്ങളിലാണ് ഫാസിസ്റ്റായുടെ കറുത്ത കുതിരകൾ പിറവികൊള്ളുന്നത്. ജനതയുടെ ദാരിദ്ര്യത്തെയും പട്ടിണിയെയും ഭയാശങ്കകളെയും അത് തെറ്റായി നയിക്കുന്നു. രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന സംഘടിതമതവും പൗരോഹിത്യവും ദോൺ അബാക്യോയെ (ഫോന്തമാരയിലെ വയസ്സൻ പുരോഹിതൻ) പോലെ അതിന്റെ മുന്നണിയിൽ നിൽക്കുന്നു. അധികാരകേന്ദ്രത്തോടുള്ള അതിരുകടന്ന അടിമത്തത്തെ അത് എന്നും ഉയർത്തിപ്പിടിക്കുന്നു.
തീർത്തും ലളിതമായ നാട്ടുഭാഷയിൽ സുഗ്രഹമായ വിധത്തിൽ ഫോന്തമാരയിലെ ജീവിതങ്ങളും ദുരന്തചിത്രങ്ങളും മാത്രമല്ല നോവുന്ന നർമം പോലും ചോർന്നുപോവാതെ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം, ഫാഷിസം എന്ന സമീപസ്ഥമായ ഭീതിയെ അഭിസംബോധന ചെയ്ത് മനുഷ്യരുടെ ചിന്തയെ പ്രകോപിപ്പിക്കും.
ഫോന്തമാരയിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന്റെ നിരോധനമായും അണ്ടർഗ്രൗണ്ട് പത്രങ്ങൾ എത്തിക്കുന്ന ‘ദുരൂഹ മനുഷ്യ’നെ തേടിയുള്ള സായുധപോലീസിന്റെയും രഹസ്യപോലീസിന്റെയും അതിക്രമങ്ങളായും അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചവിട്ടിമെതിച്ചുകൊണ്ട് ആർക്കും പിടിച്ചുകെട്ടാനാവാതെ അത് കുതിച്ചുപായുന്നു. അതുകൊണ്ടുതന്നെ ഇരുപതുകളിലെ ഒരു ഇറ്റാലിയൻ ദരിദ്രമലയോര ഗ്രാമം എന്നതിൽനിന്ന് ദേശകാലങ്ങൾക്കപ്പുറത്തെ ചരിത്രയാഥാർഥ്യങ്ങളുടെ കൂട്ടമായി ഫോന്തമാര നമുക്കിടയിലേക്ക് ഇറങ്ങിവരുന്നു.
ഫാഷിസം ഭാരതവൽക്കരിക്കപ്പെടുന്നുവോ എന്ന ചോദ്യം ഉയർന്നുകേൾക്കപ്പെടുന്ന ഇന്ത്യയിൽ ഇറ്റാലിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്കും പിന്നീട് മലയാളത്തിലേക്കും എത്തുന്ന ഈ പുസ്തകം ആദ്യമായി വായിക്കുന്ന വായനക്കാർക്ക് ഒരു മലയാളം നോവൽ എന്നതുപോലെ വായിക്കാനാവുന്നു. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് റിട്ടയേർഡ് ഡി.ജി.പി. പി.കെ. ഹോർമിസ് തരകനാണ്. കൊച്ചിയിലെ പ്രിസം ബുക്സ് ആണ് പ്രസാധകർ. സംസ്ഥാനത്തും കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിലും പോലീസ് മേധാവി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അറിവും അനുഭവപരിചയവും ഇതിനെ ഗുണപരമായി മാറ്റുന്നുണ്ട്.

തീർത്തും ലളിതമായ നാട്ടുഭാഷയിൽ സുഗ്രഹമായ വിധത്തിൽ ഫോന്തമാരയിലെ ജീവിതങ്ങളും ദുരന്തചിത്രങ്ങളും മാത്രമല്ല നോവുന്ന നർമംപോലും ചോർന്നുപോവാതെ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം ഫാഷിസം എന്ന സമീപസ്ഥമായ ഭീതിയെ അഭിസംബോധന ചെയ്ത് മനുഷ്യരുടെ ചിന്തയെ പ്രകോപിപ്പിക്കുമെന്നതിന് തർക്കമില്ല. പരിഭാഷകന്റെ നീണ്ടതും അല്പം ദുർഗ്രഹവുമായ മുഖവുരയും ഇതിലുണ്ട്. അത് പുസ്തകം വായിച്ചതിനുശേഷം വായിക്കുന്നതാണ് കൂടുതൽ ഉചിതം. എന്തായാലും നീണ്ട കാലമെടുത്തുകൊണ്ടുള്ള ഈ വിവർത്തനശ്രമം ലക്ഷ്യം കണ്ടു എന്ന് ഇതിന്റെ വായന നമ്മോട് പറയുന്നു. ഇതിൽ പരിഭാഷകന് തീർച്ചയായും അഭിമാനിക്കാം.
