ജെ. ദേവിക

‘കുഞ്ഞുതീ’യിലൂടെ
കുഞ്ഞുമനസ്സിലേറാം, വരൂ…

‘അവതാർ’, ‘ബാർബി’, ‘ബാഹുബലി’ എന്നീ സിനിമകളിൽ ഉപയോഗിച്ച സൂപ്പർ ടെക്നിക്കുകളുടെ അകമ്പടിയോടെ ‘കുഞ്ഞുതീ’ ഒരു സിനിമയായി അഭ്രപാളിയിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന ഒരു വലിയ മോഹം അവശേഷിക്കുന്നു. ജെ. ദേവിക എഴുതിയ ‘കുഞ്ഞുതീ’ എന്ന നോവലെറ്റിന്റെ വായനാഅനുഭവമെഴുതുന്നു, സിസ്റ്റർ ജെസ്മി.

ജെ. ദേവികയുടെ കുഞ്ഞുങ്ങൾക്കായുള്ള നോവലെറ്റ് ‘കുഞ്ഞുതീ’ (ഗൂസ്ബെറി ബുക്സ്, 2024) മുതിർന്നവളെങ്കിലും, നോവലിസ്റ്റ് ആവശ്യപ്പെട്ടതുപോലെ, ഉള്ളിലെ കുഞ്ഞിന്റെ കണ്ണുകളിലൂടെ വായിക്കുകയും, ഭാവനയുടെ ചിറകുകൾ വിടർത്തി സന്തോഷത്തോടെ ഉൾക്കൊള്ളുകയും ചെയ്തതിന്റെ വെളിച്ചത്തിൽ, ഒരു ആസ്വാദനക്കുറിപ്പ് എഴുതാൻ മുതിരുകയാണ്.

1950-കളുടെ അവസാനം, എറിക് ബേൺ (Eric Berne, 1910-1970) എന്ന കാനഡയിലെ മനഃശാസ്ത്രവിദഗ്ദ്ധൻ കണ്ടുപിടിച്ച ‘വിനിമയ അപഗ്രഥനം’ എന്ന മനഃശാസ്ത്ര വിശകലന (മനോവിശ്ലേഷണ) സിദ്ധാന്തപ്രകാരം ([Transactional Analysis- T A Analysis) മനുഷ്യവ്യക്തിത്വത്തിൽ മൂന്ന് ഈഗോ സ്റ്റേറ്റുകളുണ്ട്- മാതാപിതാക്കൾ, മുതിർന്നവർ, കുട്ടികൾ (Parent, Adult, Child).
മാതൃകാപരമായ ഈഗോ സ്റ്റേറ്റ് മുതിർന്നവരുടേതാണെന്നും (adult) ‘ഞാൻ ഓക്കേ; നീ ഓക്കെ’ (I am OK; You are OK) എന്ന മനോഭാവമാണ് ഉദാത്തമായതെന്നും മനോവിശ്ലേഷണ സിദ്ധാന്തക്കാർ സമർത്ഥിക്കുന്നുണ്ട്. ഇവിടെ ടി എ വിദഗ്ധർ വ്യക്തമാക്കുന്നതനുസരിച്ച് വായനക്കാരുടെ വ്യക്തിത്വങ്ങൾക്കുള്ളിലെ ‘കുട്ടി’കളുടെ മനോഭാവത്തോടെ ‘കുഞ്ഞുതീ’ വായിക്കുമ്പോൾ ആസ്വാദനത്തോടൊപ്പം, ജീവിതപാഠങ്ങളും ലഭ്യമാകുമെന്നത് സുനിശ്ചിതമാണ്.

കഥയിലേക്ക് കടന്നാൽ കുട്ടികൾക്കിഷ്ടപ്പെടാനിടയുള്ള, നിറപ്പകിട്ടാർന്ന ഒരു തുടക്കം കാണാം. തെളിനീല, നനുത്ത പച്ച, താഴെയുള്ള തവിട്ട് എന്നീ നിറങ്ങളിലൂടെ പ്രധാന കഥാപാത്രമായ ‘നക്ഷത്രമിന്നിപ്പൊടി’ അഥവാ ‘കുഞ്ഞുതീ’ ഒരു തൂവലെന്നപോലെ ഭൂമിയിൽ വന്നെത്തി. കുഞ്ഞുതീക്ക് മനുഷ്യക്കുഞ്ഞായിത്തീരാനുള്ള ‘അമ്മദേഹ’ത്തിനുള്ള തിരച്ചിലിനൊടുവിൽ പരസ്പരസ്നേഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സന്തോഷമുണർത്തിയ ഒരൊറ്റ ‘വെള്ളിപ്പടല’ത്തിലായിരുന്ന നിരുപമയേയും അനിക്കുട്ടനേയും കണ്ടെത്തുന്നു. തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനായി ‘ഐഡൻ’ (ചെറിയ തീ, ചിന്നത്തീ, ചെല്ലത്തീ) എന്ന സുന്ദരനാമം തെരഞ്ഞെടുത്ത് കാത്തിരിക്കുന്ന ആ അമ്മദേഹത്തിന്റെയും അദ്ദേഹത്തിന്റെയും പക്കലേക്ക് കുഞ്ഞുതീ ‘കാറ്റിൽ ഊഞ്ഞാലാടി എത്തി’, നിരുപമയുടെ ‘സന്തോഷപടലത്തിലെ ഒരു കുഞ്ഞുനക്ഷത്രമായി’.

പിന്നീടാണ് എതിർപ്പുകളുടേയും സംഘട്ടനങ്ങളുടേയും ഒപ്പം സ്നേഹസന്തോഷപടലങ്ങളുടേയും നീണ്ടനിര ഒന്നിനുപുറകെ ഒന്നായി അരങ്ങേറുന്നത്. അച്ഛൻ രാജാവും അമ്മ തമ്പുരാട്ടിയുമായ വല്യദേഹങ്ങളാണ് കുഴപ്പങ്ങളുടെ തുടക്കക്കാരാകുന്നത്. ‘ചെറിയ പഞ്ഞിക്കെട്ടുപോലൊരു ദേഹവും കറുത്തു മിന്നുന്ന, സ്നേഹം വഴിഞ്ഞൊഴുകുന്ന കണ്ണുകളുമുള്ള’ (പേജ് 32) ‘സന്തോഷത്തിന്റെ വെള്ളിമേഘമുള്ള’ ഓമനക്കുട്ടൻ എന്ന നായ്ക്കുട്ടിയാണ് ആശ്വാസകണികയായി വീട്ടിലുള്ളത് എന്ന് കുഞ്ഞുതീ മനസ്സിലാക്കി. മിണ്ടാപ്പൂതങ്ങൾ, കിങ്കരന്മാർ, മൂളാക്കൊതുകുകൾ, ഡോക്ടർ ക്രൂർകുമാർ, മോങ്ങിയമ്മായി, കിങ്കരന്മാർ, പൊയ്-അമ്മമാർ, കണ്ണിച്ചോരയില്ലാക്കോട്ടയിലെ പ്രേതങ്ങൾ എന്നിവരെല്ലാം നിരുപമക്കും അനിക്കുട്ടനും കുഞ്ഞുതീക്കും അപകടകാരികളായി മാറി. അനിക്കുട്ടൻ വെറും ഭടനും കുറഞ്ഞ ജാതിക്കാരനും ആയതിനാൽ നിരുപമ എന്ന രാജകുമാരിക്ക് ചേർന്നവനല്ല എന്ന് വിധിച്ച് അവനെ ആട്ടിപ്പായിച്ചു.

കുഞ്ഞുമനസ്സുകൾക്ക് ഇഷ്ടപ്പെടുന്ന ശൈലിയാണ് നോവലെറ്റിൽ നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തികളുടെ, സ്ഥലങ്ങളുടെ നാമങ്ങൾക്ക് പ്രത്യേകത ഉള്ളതുപോലെ ചില പദങ്ങളും ശ്രദ്ധയർഹിക്കുന്നുണ്ട്.

കുഞ്ഞുതീ ജന്മമെടുത്തപ്പോൾ പാർക്കിലേക്കുള്ള പിക്നിക്ക് എന്ന വഞ്ചനയിലൂടെ അനുപമയേയും കുഞ്ഞിനെയും പുറത്തുകൊണ്ടുപോകുകയും ഡോക്ടർ ക്രൂർകുമാറിന്റെ ചതിപ്രയോഗത്തിലൂടെ രാജാവ് നിരുപമയുടെ നെഞ്ചിൽനിന്ന് കുഞ്ഞുതീയിനെ തട്ടിപ്പറിച്ചെടുത്ത്, മയക്കിക്കെടുത്തപ്പെട്ട അവൾ കാണാതെ, കുഞ്ഞിനെ കണ്ണിച്ചോരയില്ലാക്കോട്ടയിലേക്ക് നാടുകടത്തുകയും ചെയ്തു. സമർത്ഥനായ ഓമനക്കുട്ടന്റെ പരിശ്രമം വഴി സ്വന്തം കൊട്ടാരത്തിൽനിന്നു പുറത്തുകടന്ന നിരുപമ, അനിക്കുട്ടനെയുംകൂട്ടി കണ്ണിച്ചോരയില്ലാക്കോട്ടയിലെത്തി കൂനിയമ്മൂമ്മ, പൂച്ചയമ്മ, മുയലമ്മ, നീതിമണി എന്നിവരുടെ സഹായത്തോടെ കുഞ്ഞുതീയിനെ ഉദ്വേഗജനകവും കഠിനവുമായ ദീർഘപരാക്രമത്തിനൊടുവിൽ രക്ഷിക്കുന്നതോടെ ശുഭകരമായി കഥ പര്യവസാനിക്കുന്നു.

കുഞ്ഞുമനസ്സുകൾക്ക് ഇഷ്ടപ്പെടുന്ന ശൈലിയാണ് നോവലെറ്റിൽ നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തികളുടെ, സ്ഥലങ്ങളുടെ നാമങ്ങൾക്ക് പ്രത്യേകത ഉള്ളതുപോലെ ചില പദങ്ങളും ശ്രദ്ധയർഹിക്കുന്നുണ്ട്. ഭ്രാന്ത് എന്നതിനുപകരം ‘പ്രാന്ത്’ എന്ന് ഒന്നിലേറെ തവണ ഉപയോഗിക്കുന്നുണ്ട്. ‘പേടിക്കുടുക്കം’ എന്ന പ്രയോഗവും ‘പൊയ്-ക്കുഞ്ഞ്’’, ‘മൂന്ന് ബൌ’ എന്ന ശീർഷകവും പലതിൽ ചിലതാണ്. പിതാവിനെ ‘അ-ദ്ദേഹം’, മാതാവിനെ ‘അമ്മ ദേഹം’, കുഞ്ഞുങ്ങളെ എടുത്തുവളർത്തുന്നവരെ ‘അമ്മദേഹികൾ’ എന്നീ പ്രയോഗങ്ങൾ എഴുത്തുകാരിയുടെ പുതിയ കണ്ടെത്തലുകളാണ്. ‘സന്തോഷപടലം’, ‘സ്നേഹപടലം’ എന്നീ പദങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നതായി കാണാം।

ജെ. ദേവിക
ജെ. ദേവിക

‘കുഞ്ഞുതീ’ എന്ന നോവലെറ്റ് കുഞ്ഞുങ്ങളെയും വലിയവരെയും പഠിപ്പിക്കുന്ന ചില സാന്മാർഗ്ഗിക തത്ത്വങ്ങളും ജീവിതസത്യങ്ങളുമുണ്ട്. അവയിൽ ചിലത് പരാമർശിക്കേണ്ടത് അത്യാവശ്യമാണ്.
‘അമ്മമാരുടെ വയറ്റിനുള്ളിൽ വളർന്ന് കുഞ്ഞുങ്ങളാകുന്നത് കുഞ്ഞുതീകളാണ്. ജന്തു- അമ്മമാരുടെയും പക്ഷി-അമ്മമാരുടെയും മീൻ-അമ്മമാരുടെയും പാറ്റ-അമ്മമാരുടെയും’ (പേജ് 16) കാര്യത്തിൽ തുല്യ അവസ്ഥയാണ്. എന്നാൽ തങ്ങൾ കുഞ്ഞുതീകളായിരുന്നെന്ന് അവർ പിന്നീട് മറന്നുപോകും.
മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്: ‘ഭൂമിയിൽ നുള്ളും പിച്ചും ചൂരലും ഹോം വർക്കും. വിശപ്പും സൂക്കേടുകളും’ (പേജ് 17) ഉണ്ടെന്ന് അവർ മുൻകൂട്ടി അറിഞ്ഞില്ല. വേറൊരു സവിശേഷത പക്ഷികൾക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും മറ്റും കുഞ്ഞുതീയേ കാണാനും മിണ്ടാനും കഴിയും എന്നതാണ്.
‘എല്ലാ മനുഷ്യരും ചീത്തയല്ല’ (പേജ് 23).
‘സ്നേഹത്തിലാകുമ്പോൾ ജീവികളുടെ പടലങ്ങൾ പരസ്പരം കലരും’ (പേജ് 25).
‘നായ്ക്കുട്ടികൾക്ക് മനുഷ്യരുടെ സന്തോഷവലയങ്ങളെ മണത്തറിയാൻ കഴിയും’ (പേജ് 35).
മനുഷ്യരിലെ സന്തോഷപടലം കുറയ്ക്കുന്നതും ഇല്ലാതാക്കുന്നതും ചുറ്റിലുമുള്ള മിണ്ടാപ്പൂതങ്ങളാണ്.
‘നായ്ക്കുട്ടികൾക്ക് മിണ്ടാപ്പൂതത്തിന്റെ കിങ്കരന്മാരെ ഓടിക്കാനുള്ള ശക്തിയുണ്ട്’. (പേജ് 37).

കുട്ടികൾക്കുള്ള സാഹിത്യവും സിനിമകളും മറ്റു കലാരൂപങ്ങളും ഇന്നും വിരളമായിരിക്കുന്ന സാഹചര്യത്തിൽ ‘കുഞ്ഞുതീ’ പോലൊരു സന്മാർഗ്ഗ-ആസ്വാദക നോവലെറ്റ് എഴുതിയതിനും ഗൂസ്ബെറി അത് പ്രസിദ്ധീകരിച്ചതിനും അഭിനന്ദനം അർഹിക്കുന്നുണ്ട്.

മനുഷ്യന്റെ നായാട്ടും മൃഗങ്ങളുടെ ഇരതേടലും തമ്മിൽ വലിയ അന്തരമുണ്ടെന്ന് നോവലിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്. ‘വിശന്നിട്ടാണ് മറ്റെല്ലാ ജീവികളും വേട്ടയാടുന്നത്. മനുഷ്യർ പക്ഷേ, വെറുതെ രസത്തിനുമാത്രം, കൊല്ലും, പലപ്പോഴും’ (പേജ് 40).
‘എന്നാ പറയും’ എന്ന കുട്ടിഭൂതങ്ങൾ മനുഷ്യർക്കു ചുറ്റും നിലയുറപ്പിക്കുന്നതിനെക്കുറിച്ച് നോവലിസ്റ്റ് കുട്ടികൾക്ക് അവബോധം നൽകുന്നുണ്ട്. മറ്റുള്ളവരുടെ നല്ല പുസ്തകത്തിൽ പേര് ചേർക്കാൻ, സ്തുതിപാഠകരുടെ നല്ല പേരിനായി, മനുഷ്യർ നന്മ ചെയ്യുന്നതിൽനിന്ന് പിന്തിരിയുക മാത്രമല്ല, ചിലപ്പോൾ തിന്മപോലും ചെയ്യാൻ ഒരുമ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. നാട്ടുകാർ, വീട്ടുകാർ, കൂട്ടുകാർ, എന്നിവരെല്ലാം ‘എന്നാ പറയും’ എന്ന ആശങ്ക ജീവിതം മുഴുവൻ കൊണ്ടുനടക്കുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗവും എന്ന വലിയ സത്യം നോവലിസ്റ്റ് ശക്തമായി ഓർമിപ്പിക്കുന്നു. പലരുടെയും സന്തോഷം നശിപ്പിക്കുന്നതും ജീവിതത്തെ യാന്ത്രികമായി ചലിപ്പിക്കുന്നതും തിന്മയ്ക്കുപോലും അടിമയാക്കുന്നതും ഈ ചിന്താഗതിയാണെന്ന് കുട്ടികൾ മുതൽ വലിയവർവരെ അറിയാതെ പോകരുത്.

രാഷ്ട്രീയവും അരാഷ്ട്രീയവുമായ സൂചനകളും നോവൽ നൽകുന്നുണ്ട്. ‘കൊടിയും വടിയും അടിയും പടയും എല്ലാം കൂടിക്കലർന്ന കിടപ്പാണ് ലോകത്തിൽ’ എന്ന കയ്പ്പുള്ള സത്യം (പേജ് 55) ഓമനക്കുട്ടനിൽ നിന്ന് കുഞ്ഞുതീ പഠിക്കുന്നുണ്ട്. എന്നാൽ നായ്ക്കുട്ടികളുടെ വാലുകൾ സന്തോഷക്കൊടിയും സ്നേഹക്കൊടിയുമാണെന്ന് കുഞ്ഞുമുള തിരിച്ചറിയുന്നുമുണ്ട്. അച്ഛന്റെയും അമ്മയുടെയും ശാരീരിക ആക്രമണത്തിൽ ആദ്യം പതറിപ്പോയ നിരുപമക്ക് പെട്ടെന്ന് ധൈര്യം വീണ്ടെടുക്കാനായത് അവളിൽ സ്നേഹകവചമുള്ളതുകൊണ്ടാണെന്ന് നോവലിലൂടെ വായനക്കാരെ നോവലിസ്റ്റ് ഉദ്ബോധിപ്പിക്കുന്നുണ്ട്. (പേജ് 62).

കുഞ്ഞുമുളയോടുള്ള പ്രത്യേക ദേഷ്യത്തിന് കാരണവും അമ്മത്തമ്പുരാട്ടി സ്പഷ്ടമാക്കുന്നത് ഇപ്രകാരമാണ്: ‘അനിക്കുട്ടൻ നമ്മളെക്കാൾ കുറഞ്ഞ ജാതിയല്ലേ, പിന്നെ അവന്റേം കൂടി കുഞ്ഞല്ലേ ഇത്. കുറഞ്ഞ ജാതിയിലെ കുഞ്ഞിനെ ഞങ്ങൾക്ക് വേണ്ട’ (പേജ് 70). മ്ലേച്ഛമായ ജാതിചിന്ത പോലും കുഞ്ഞുമുളയെ നിരാശപ്പെടുത്തിക്കാണും. ജനിക്കുമ്പോൾ ഉച്ചത്തിൽ കരയുന്ന കുഞ്ഞുങ്ങൾ വലുതാകുമ്പോൾ മിണ്ടാപ്പൂതത്തിന്റെ അടിമകളായി തീരുന്നതോർത്ത് നോവലിസ്റ്റ് പരിതപിക്കുന്നുണ്ട്. (പേജ് 71). നീതി വേണ്ടവർക്കുവേണ്ടി അധികാരികളുടെ ചെവിതുളയ്ക്കുന്ന ഉച്ചത്തിൽ അവരുടെ സങ്കടങ്ങളെ വിളിച്ചുപറയുന്ന ‘നീതിമണി’യുടെ മോചനമണിയൊച്ചയും, പലപല അനീതികളെ എതിർത്തതുമൂലം കൂനുണ്ടായ കൂനിയമ്മൂമ്മമാരുടെ പടയും നിരുപമയുടേയും അനിക്കുട്ടന്റെയും ഓമനക്കുട്ടന്റെയും ‘സ്നേഹശക്തി’യും ചേർന്നപ്പോൾ കുഞ്ഞുതീയുടെ മോചനം സുസാദ്ധ്യമായി. അവസാനഉപദേശവും താക്കീതുമായി നോവലിസ്റ്റ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ‘ലോകത്തിപ്പഴും മിണ്ടാപ്പൂതമുണ്ട്, അതിന്റെ കിങ്കരന്മാരുണ്ട്, മൂളാക്കൊതുകുസൈന്യവുമുണ്ട്, മുഖ്യപ്രേതങ്ങളുണ്ട്, മോങ്ങിമാരുണ്ട്. അവരെ ഓടിക്കാൻ സ്നേഹവും സന്തോഷവും കൊണ്ടുമാത്രമേ കഴിയൂ’. (പേജ് 152).

കുഞ്ഞുങ്ങളുടെ സ്വപ്നത്തിലും കഥകളിലും പാട്ടിലും നൃത്തത്തിലുമുള്ള ലോകം സസ്യലതാദികളും പക്ഷിമൃഗാദികളും നിറഞ്ഞ സുന്ദരലോകമാണ്. പറുദീസായിലെ ഏദൻ തോട്ടത്തിൽ ആദിമാതാപിതാക്കളായ ആദത്തോടും ഹവ്വായോടുമൊപ്പം സിംഹവും പുലിയും മാനും മയിലും നരിയും മുയലും സർപ്പവും കീരിയും ശത്രുതയില്ലാതെ ഒന്നിച്ച് ഇണങ്ങിക്കഴിഞ്ഞിരുന്നു എന്നതുപോലെയാണ് കുട്ടികളുടെ സങ്കൽപ്പലോകവും എന്നാണ് നാം മനസ്സിലാക്കുന്നത്. ജന്തുക്കളും സസ്യങ്ങളും അവരുടെ കാഴ്ചപ്പാടിൽ സംസാരിക്കാനും പാടാനും ആടാനും കഴിവുള്ളവരാണ്. യഥാർത്ഥ ലോകത്തിലെ പരിമിതികൾ സ്വീകരിക്കാൻ അവരുടെ ഇളംമനസ്സുകൾ തയ്യാറല്ല. സാഹസികമായ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായാൽ അതിനെ നേരിടാനും വീരപരാക്രമിയായി സ്വയം അവതരിച്ചും ചിലപ്പോഴെല്ലാം മൃഗങ്ങളുടെയും ചെടികളുടേയും സഹായത്തോടെ ജയിച്ചു മുന്നേറാനും അവർക്ക് കഴിയും എന്നതാണ് അവരുടെ വിശ്വാസം. ഇതെല്ലാം ‘കുഞ്ഞുതീ’യിൽ എന്നപോലെ മറ്റു കുട്ടിക്കഥകളിലും നമ്മൾ വായിക്കുന്നു. അവയിൽ ചില ഉദാഹരണങ്ങൾ ഇവിടെ പ്രതിപാദിക്കാൻ ശ്രമിക്കുകയാണ്.

അച്ഛനമ്മമാർ എല്ലാവരും ഇക്കഥയിലെ രാജാവും അമ്മത്തമ്പുരാട്ടിയുംപോലെയാണെന്ന തെറ്റിദ്ധാരണയിൽ നല്ല മാതാപിതാക്കളെ തിരിച്ചറിയാതെ അവരുടെ സന്മാർഗ്ഗ ഉപദേശങ്ങൾ കുട്ടികൾ നിരാകരിയ്ക്കുമോ എന്ന ഭയം അസ്ഥാനത്തല്ല.

പല ഭാഷകളിൽ, പല രീതികളിൽ അവതരിക്കുന്ന സിൻഡ്രെല്ല എന്ന കഥയാണ് എല്ലാ കഥകൾക്കും ആധാരം എന്ന് സമർത്ഥിക്കുന്നവരുണ്ട്. മരിയൻ റോൾഫ് കോക്സ് (Marian Roalfe Cox) എഡിറ്റ് ചെയ്ത ‘സിൻഡ്രെല്ല: 345 വകഭേദങ്ങൾ’ (Cinderella: Three Hundred And Forty Five Variants, 1893) അവകാശപ്പെടുന്നത്, കഥകളുടെ പ്രമേയത്തിന്റെ കേന്ദ്രബിന്ദു സിൻഡ്രെല്ല എന്ന, തുടക്കം മുതൽ അവഗണിയ്ക്കപ്പെട്ട നായിക, ചാരത്തിൽ നിന്ന് ജനിച്ചവൾ, കഷ്ടപ്പാടുകൾക്കൊടുവിൽ ദേവതയുടെ സഹായത്തോടെ രാജകുമാരന്റെ പത്നിയായിത്തീരുന്നതാണ്.

റഷ്യൻ നാടോടിക്കഥകളുടെ ഘടനാപരമായ യൂണിറ്റുകൾ വിശകലനം ചെയ്ത് ‘നാടോടിക്കഥയുടെ രൂപഘടന’ (Morphology of the Folktale, 1928) എന്ന വിഖ്യാതഗ്രന്ഥം പ്രസിദ്ധീകരിച്ച സോവിയറ്റ് ഫോക് ലോറിസ്റ്റ് വ്ലാഡിമിർ പ്രോപ്പ് (Vladimir Propp, 1895-1970), 100 നാടോടിക്കഥകളിൽ കണ്ടെത്തിയത് 31 ഫംഗ്ഷനുകളും ഓരോ കഥയിലും അവയിൽ നിന്നുള്ള തെരഞ്ഞെടുപ്പുകളും ആവർത്തനങ്ങളുമാണ്. ഇവരൊക്കെ അവകാശപ്പെടുന്ന ഫോർമുലകൾ കുട്ടികൾക്കായുള്ള മറ്റു കഥകളിലെന്നപോലെ ‘കുഞ്ഞുതീ’യിലും കാണാം.

സോവിയറ്റ് ഫോക് ലോറിസ്റ്റ് വ്ലാഡിമിർ പ്രോപ്പ്
സോവിയറ്റ് ഫോക് ലോറിസ്റ്റ് വ്ലാഡിമിർ പ്രോപ്പ്

ഓമനക്കുട്ടൻ എന്ന നായ്ക്കുട്ടിയുമായുള്ള സാഹസങ്ങൾ എനിഡ് ബ്ലയ്റ്റൺ (Enid Blyton, 1897-1968) രചിച്ച ഇംഗ്ലീഷ് ബാലസാഹിത്യ പുസ്തകപരമ്പരയായ ദി ഫേമസ് ഫൈവ് (The Famous Five, 1942) എന്ന കഥയിലെ കഥാപാത്രങ്ങളായ ജൂലിയൻ, ഡിക്ക്, ആൻ, ജോർജ്ജ്, അവരുടെ നായ്ക്കുട്ടി ടിമ്മി എന്നിവരെയും അവരുടെ സാഹസികതയെയും അനുസ്മരിപ്പിക്കുന്നു. ചില കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും നന്മ –തിന്മ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക പേരുകൾ - മിണ്ടാപ്പൂതം, ഡോക്ടർ ക്രൂർകുമാർ, പൊയ്-ക്കുഞ്ഞ്, കൂനിയമ്മൂമ്മ, കണ്ണിച്ചോരയില്ലാക്കോട്ട- വായിക്കുമ്പോൾ ജോൺ ബന്യൻ (John Bunyan, 1628-1688) രചിച്ച ദി പിൽഗ്രിംസ് പ്രോഗ്രെസ് (തീർത്ഥാടകപുരോഗതി, The Pilgrim’s Progress, 1678) എന്ന അന്യാപദേശക്കഥ ഓർമയിൽ തെളിയുന്നു. അതിലെ നിരാശാരാക്ഷസൻ (Giant of Despair) മനസ്സിടിവിന്റെ ചളിക്കുണ്ട്
(Slough of Despond)] എന്നിവ പലതിൽ ചില ഉദാഹരണങ്ങൾ മാത്രമാണ്.

ആംഗലേയ കവി വില്യം വേഡ്സ് വർത്തിന്റെ അമരത്വത്തെക്കുറിച്ചുള്ള കവിത ‘ഓഡ്: ഇംമോർട്ടാലിറ്റി ഫ്രം റികളക്ഷൻസ് ഓഫ് എർലി ചൈൽഡ്ഹുഡ്’ (Ode: Immortality from Recollections of Early Childhood, 1804) ഇവിടെ പരാമർശിക്കാതെ തരമില്ല. കുഞ്ഞുങ്ങൾ അനശ്വരമായ ഒരു ലോകത്തിൽനിന്ന് ഭൂമിയിലേക്ക് വരുന്നു എന്നും വളർന്നുവരുന്നതോടെ ലോകതന്ത്രങ്ങളിൽ അകപ്പെട്ട് അവർ അക്കാര്യം വിസ്മരിക്കുന്നതിനാൽ അവരുടെ നിഷ്ക്കളങ്കത നഷ്ടമാകുന്നു എന്നും പ്രതിപാദിക്കുന്നത്, മുകളിൽനിന്ന് തൂവൽ പോലെ പറന്നുവരുന്ന കുഞ്ഞുതീയുടെ ആഗമനവും ജനനവും സാധൂകരിക്കുന്നു.

‘കുഞ്ഞുതീ’ വലിയവരുടെ മനസ്സിൽ ചില ആശങ്കകൾ ഉണർത്താതിരിക്കുന്നില്ല. അച്ഛനമ്മമാർ എല്ലാവരും ഇക്കഥയിലെ രാജാവും അമ്മത്തമ്പുരാട്ടിയുംപോലെയാണെന്ന തെറ്റിദ്ധാരണയിൽ നല്ല മാതാപിതാക്കളെ തിരിച്ചറിയാതെ അവരുടെ സന്മാർഗ്ഗ ഉപദേശങ്ങൾ കുട്ടികൾ നിരാകരിയ്ക്കുമോ എന്ന ഭയം അസ്ഥാനത്തല്ല. കുട്ടികൾക്ക് വായനയിലും ഒരു മാർഗ്ഗനിർദ്ദേശം ലഭിക്കുമെന്ന പ്രത്യാശയും, നന്മയും തിന്മയും വിവേചിച്ചറിയാനുള്ള പ്രാപ്തി അവർക്കുണ്ടാകും എന്ന വിശ്വാസവും ആശ്വാസം നൽകുന്നു. ശാസ്ത്രത്തിൽ അഭിവൃദ്ധി നേടേണ്ട കുട്ടികൾ വളർന്നുവരുമ്പോൾ, ഗർഭധാരണത്തിലെ ‘കുഞ്ഞുതീ’, ‘നക്ഷത്രമിന്നിപ്പൊടി’’ എന്നീ ഭാവനാതലത്തിലുള്ള ആശയങ്ങളിൽ കുടുങ്ങിക്കിടക്കില്ലെന്ന് പ്രത്യാശിക്കാനേ തരമുള്ളൂ.

കുട്ടികൾക്കുള്ള സാഹിത്യവും സിനിമകളും മറ്റു കലാരൂപങ്ങളും ഇന്നും വിരളമായിരിക്കുന്ന സാഹചര്യത്തിൽ ‘കുഞ്ഞുതീ’ പോലൊരു സന്മാർഗ്ഗ-ആസ്വാദക നോവലെറ്റ് എഴുതിയതിനും ഗൂസ്ബെറി അത് പ്രസിദ്ധീകരിച്ചതിനും അഭിനന്ദനം അർഹിക്കുന്നുണ്ട്. പ്രായോഗികതലത്തിൽ വീക്ഷിക്കുമ്പോൾ കഥയ്ക്ക് ശുഭപരിസമാപ്തി കൽപ്പിക്കുന്നുവെങ്കിലും ഇനിയും നിഷേധാത്മക പരിസ്ഥിതി ജീവിതത്തിൽ നേരിടേണ്ടി വരാം എന്ന മുന്നറിയിപ്പ് നോവലിസ്റ്റ് നല്കുന്നത് ഉചിതമാണ്. ആഖ്യാനശാസ്ത്രം (Narratology) വിവക്ഷിക്കുന്നതുപോലെ, ജീവിതം ഒരു നദിപോലെ ഒഴുകുന്നതിനാൽ എവിടെ കഥ പറച്ചിൽ നിർത്തുന്നുവോ അവിടെ സന്തോഷം ആണെങ്കിൽ കോമഡി എന്നും ദുഃഖം ആണെങ്കിൽ ട്രാജെഡി എന്നും പേരിടാം; നദി വീണ്ടും ഒഴുകുമ്പോൾ പേരിടലിൽ വ്യത്യാസം വരുന്നു; ജീവിതം സുഖദുഃഖ സമ്മിശ്രമാണ് എന്ന സൂചനകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്. ‘അവതാർ’, ‘ബാർബി’, ‘ബാഹുബലി’ എന്നീ സിനിമകളിൽ ഉപയോഗിച്ച സൂപ്പർ ടെക്നിക്കുകളുടെ അകമ്പടിയോടെ ‘കുഞ്ഞുതീ’ ഒരു സിനിമയായി അഭ്രപാളിയിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന ഒരു വലിയ മോഹം അവശേഷിക്കുന്നു.

Comments