മലയാള സാഹിത്യചരിത്രത്തിൽ നോവലുകൾ എക്കാലത്തും സമൂഹത്തിന്റെയോ വ്യക്തിയുടെയോ സൂക്ഷ്മമായ അടയാളപ്പെടുത്തലുകളായി നിലകൊണ്ടിട്ടുണ്ട്. ചരിത്രനോവലുകളുടെ കാര്യമെടുത്താൽ, സി.വി. രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ' മുതൽ ടി.ഡി. രാമകൃഷ്ണന്റെ നോവലുകൾ വരെ നീളുന്ന വലിയ പാരമ്പര്യം നമുക്കുണ്ട്.
എന്നാൽ, ചരിത്രവസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും 'ടൈം ട്രാവൽ' അഥവാ കാലസഞ്ചാരം എന്ന തികച്ചും പാശ്ചാത്യവും ശാസ്ത്രീയവുമായ ഒരു ആഖ്യാനസങ്കേതവുമായി വിളക്കിച്ചേർത്ത് മലയാളത്തിൽ രചിക്കപ്പെട്ട കൃതികൾ വിരളമാണ്. ഈയൊരിടത്തേക്കാണ് റിഹാൻ റാഷിദിന്റെ 'കലമറുപ്പ്' എന്ന നോവൽ കടന്നുവരുന്നത്.
ഒരു ചരിത്രാഖ്യായിക എന്നതിലുപരി, മനുഷ്യന്റെ അസ്തിത്വം, അധികാരക്കൊതിയുടെ മനഃശാസ്ത്രം, ചരിത്രത്തിൽനിന്ന് ബോധപൂർവ്വം മാറ്റിനിർത്തപ്പെട്ട സ്ത്രീകളുടെ അസാമാന്യമായ പോരാട്ടങ്ങൾ, യുദ്ധത്തിന്റെ നിരർത്ഥകത എന്നിവയെക്കുറിച്ചുള്ള അത്യന്തം ഗഹനമായ അന്വേഷണമാണ് ഈ നോവൽ വായനക്കാർക്കുമുന്നിൽ തുറന്നിടുന്നത്. വായനക്കാരെ ചരിത്രത്തിന്റെ രക്തരൂക്ഷിതമായ ഇടനാഴികളിലൂടെ കൈപിടിച്ചു നടത്തുന്ന, സൂക്ഷ്മമായി നെയ്തെടുത്ത മികച്ച ആഖ്യാനമാണ് ‘കലമറുപ്പി’ലുള്ളത്.
2023 മെയ് 28-ന് കൊച്ചിയിലുള്ള ഒരു ഫ്ലാറ്റിൽ ഉറങ്ങാൻ കിടക്കുന്ന ഹരീഷ് എന്ന ആധുനിക മനുഷ്യൻ, പിറ്റേന്ന് കണ്ണുതുറക്കുന്നത് ആയിരത്തിലധികം വർഷങ്ങൾ പിന്നിലുള്ള, വൈദ്യുതി പോലുമില്ലാത്ത ഒരു പുരാതന കാലഘട്ടത്തിലാണ്. താനൊരു ടൈം ട്രാവൽ നോവൽ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നതും, നരവംശശാസ്ത്രജ്ഞനായ പിള്ള സാറിനെ കാണാൻ വന്നിരിക്കുകയായിരുന്നു എന്നതുമൊഴിച്ചാൽ ആ നിമിഷത്തിൽ അയാൾക്ക് മറ്റൊരു വ്യക്തതയുമില്ല. കൊറിയറായി വന്ന പുരാതനമായ താളിയോലകൾ തുറന്നുനോക്കിയതിന്റെ ഫലമായിട്ടാണ് അയാൾ ഈ അപരിചിതമായ ലോകത്തേക്ക് എടുത്തെറിയപ്പെട്ടത്. തുടർന്ന്, കാന്തളൂർ ശാലയുടെയും ആയ് രാജവംശത്തിന്റെയും പതനകാലത്ത്, 'ചിങ്കക്കുപ്പോഴൻ' എന്ന ഇതിഹാസ പോരാളിയായി തെറ്റിദ്ധരിക്കപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഹരീഷിന്റെ നിസ്സഹായതയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.
കാലസഞ്ചാരത്തെ ആസ്പദമാക്കി ലോകസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി എച്ച്.ജി. വെൽസിന്റെ 'ദ ടൈം മെഷീൻ' (The Time Machine) ആണ്. വെൽസിന്റെ കൃതിയിലെ നായകൻ ഭാവിയിലേക്കാണ് സഞ്ചരിക്കുന്നതെങ്കിൽ, സയൻസ് ഫിക്ഷൻ എന്നതിലുപരി ചരിത്രത്തെ അപനിർമ്മിക്കുന്ന ആഖ്യാനങ്ങളായ മാർക്ക് ട്വയിന്റെ 'എ കണക്റ്റിക്കട്ട് യാങ്കി ഇൻ കിംഗ് ആർതേഴ്സ് കോർട്ട്' (A Connecticut Yankee in King Arthur's Court) പോലെയുള്ള കൃതികൾ നായകനെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു.

ലോകസാഹിത്യത്തിലെ ഇത്തരം മിക്ക ടൈം ട്രാവൽ നോവലുകളിലും നായകൻ ഒന്നുകിൽ തന്റെ ശാസ്ത്രീയ അറിവുകൾ ഉപയോഗിച്ച് ഭൂതകാലത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവനോ, അല്ലെങ്കിൽ അവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവനോ ആയിരിക്കും. റിഹാൻ റാഷിദിന്റെ ഹരീഷ് എന്ന കഥാപാത്രത്തിന്റെ സവിശേഷത അയാൾ തികച്ചും നിസ്സഹായനും നിഷ്ക്രിയനുമായ ഒരു കാഴ്ചക്കാരനായി മാറുന്നു എന്നതാണ്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത, തനിക്ക് ചുറ്റുമുള്ളവർ ആരുടെയോ ആജ്ഞാനുവർത്തികളായി യുദ്ധത്തിന് സജ്ജരായി നിൽക്കുന്ന ഒരു ലോകത്ത്, ജീൻസും ഷർട്ടും കണ്ണടയുമുള്ള ആധുനിക മനുഷ്യനായ ഹരീഷ് അനുഭവിക്കുന്ന മാനസിക സംഘർഷമാണ് നോവലിൽ കാണാനാകുക. സ്വന്തം സ്വത്വം എന്താണെന്ന് തെളിയിക്കാനാവാതെ, മറ്റുള്ളവർ ചാർത്തിനൽകുന്ന 'കുപ്പോഴൻ' എന്ന മഹാനായ പോരാളിയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ വിധിക്കപ്പെട്ട ഹരീഷ്, ആധുനിക മനുഷ്യന്റെ ആന്തരികമായ അന്യവൽക്കരണത്തിന്റെ ഏറ്റവും മികച്ച രൂപകമാണ്.
തന്റെ മുന്നിൽ നടക്കുന്ന അതിക്രൂരമായ കൊലപാതകങ്ങളും ഗൂഢാലോചനകളും കണ്ട് പകച്ചുനിൽക്കാനല്ലാതെ, ചരിത്രത്തിന്റെ ഗതിയെ ഒരിഞ്ചുപോലും മാറ്റാൻ അയാൾക്ക് കഴിയുന്നില്ല. തന്നെ വിശ്വസിക്കുകയും സംരക്ഷിക്കുകയും ചെയ്ത യോദ്ധാക്കൾ സ്വന്തം കൺമുന്നിൽ വെച്ച് അതിക്രൂരമായി കൊലചെയ്യപ്പെടുമ്പോഴും അവരെ സഹായിക്കാൻ കഴിയാത്തവിധം അവൻ ബന്ധിതനാണ്. സാങ്കേതികവിദ്യയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, കാലത്തിനും ചരിത്രത്തിന്റെ നിർദ്ദയമായ ഒഴുക്കിനും മുന്നിൽ മനുഷ്യൻ എത്രമാത്രം ദുർബലനാണെന്ന സത്യം ഹരീഷിലൂടെ എഴുത്തുകാരൻ വിളിച്ചുപറയുന്നുണ്ട് . ഹരീഷിന്റെ നിസ്സഹായത ചരിത്രത്തിന്റെ മുന്നിൽ വ്യക്തികൾക്കുള്ള പരിമിതികളെ വളരെ കൃത്യമായി വരച്ചുകാട്ടുന്നുമുണ്ട്.
ദക്ഷിണേന്ത്യയുടെ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തളൂർ ശാലയുടെ യഥാർത്ഥ ചരിത്രത്തെയും, അതിന്മേൽ രാജരാജ ചോളൻ നടത്തിയ ആക്രമണത്തെയും അത്യന്തം സൂക്ഷ്മതയോടെയാണ് ‘കലമറുപ്പ്’ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
നോവലിന്റെ ഏറ്റവും വലിയ സവിശേഷത, ദക്ഷിണേന്ത്യയുടെ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തളൂർ ശാലയുടെ യഥാർത്ഥ ചരിത്രത്തെയും, അതിന്മേൽ രാജരാജ ചോളൻ നടത്തിയ ആക്രമണത്തെയും അത്യന്തം സൂക്ഷ്മതയോടെ പുനഃസൃഷ്ടിച്ചിരിക്കുന്നു എന്നതാണ്. ചരിത്രകാരന്മാർക്കിടയിൽ വലിയൊരു തർക്കവിഷയമായി ഇന്നും തുടരുന്ന ഒന്നാണ് ചോള ശാസനങ്ങളിലെ 'കാന്തളൂർ ശാലൈ കലമറുത്തരുളി' എന്ന പ്രയോഗം. ഇ. ഹുൾഷ് (E. Hultzsch), ടി.എ. ഗോപിനാഥ റാവു, ഇളംകുളം കുഞ്ഞൻപിള്ള, എം.ജി.എസ്. നാരായണൻ തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാർ ഈ വാചകത്തിന് പലവിധത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. 'കലം' എന്നതിന് കപ്പലുകൾ എന്നും, ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്ന പാത്രം അല്ലെങ്കിൽ ഊട്ടുപുര എന്നും, സൈനിക പരിശീലന കേന്ദ്രമായ ഘടിക എന്നും പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. റിഹാൻ റാഷിദ് തന്റെ നോവലിലൂടെ എം.ജി.എസ്. നാരായണന്റെ നിരീക്ഷണങ്ങളോട് ചേർന്നുനിൽക്കുന്ന, എന്നാൽ അതിനേക്കാൾ വിശാലമായ ആഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്. നോവലിൽ കാന്തളൂർ ശാല വെറുമൊരു വേദപഠനകേന്ദ്രമല്ല, മീമാംസയും രാജ്യവ്യവഹാരവും സാംഖ്യവും ലോകായതവും നാസ്തിക ദർശനങ്ങളും അഭ്യസിപ്പിക്കുന്നതോടൊപ്പം തന്നെ, ധനുർവിദ്യയും മറ്റ് ആയുധപ്രയോഗങ്ങളും പഠിപ്പിക്കുന്ന ഒരു മഹാ സൈനിക സർവ്വകലാശാലകൂടിയാണ്.

പാശിപൻ എന്ന പചുങ്കുളത്തുകാരനായ പടയാളി ഹരീഷിനോട് ശാലയെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ നോവലിലെ ഏറ്റവും സുന്ദരമായ ചരിത്രാഖ്യാനങ്ങളിൽ ഒന്നാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർത്ഥികൾ വന്നെത്തുന്ന, കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ മാത്രം പ്രവേശനം ലഭിക്കുന്ന ആ ശാലയുടെ പതനം, ദ്രാവിഡ സംസ്കാരത്തിന് ഏറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായാണ് നോവൽ വിലയിരുത്തുന്നത്. ആയ് രാജവംശത്തിലെ വിക്രമാദിത്യ വരഗുണന്റെ കാലഘട്ടത്തിലാണ് ഇതിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. വിക്രമാദിത്യ വരഗുണൻ ശ്രീമൂലവാസം എന്ന ബുദ്ധവിഹാരത്തിന് ഭൂമി ദാനം ചെയ്ത പാലിയം ചെപ്പേടുകളുടെ ചരിത്രവസ്തുതകൾ കൂടി ഈ നോവലിന്റെ പശ്ചാത്തലത്തിൽ വായിച്ചെടുക്കാനാകും.
രാജരാജചോളന്റെ സാമ്രാജ്യത്വ വിപുലീകരണവും, ചേര-ചോള-ആയ്-പാണ്ഡ്യ രാജ്യങ്ങൾക്കിടയിലെ സങ്കീർണ്ണമായ രാഷ്ട്രീയ ചേരിതിരിവുകളും നോവലിൽ അത്യന്തം നാടകീയമായി, എന്നാൽ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജടിലവീരൻ എന്ന കൊള്ളക്കാരനെ മുൻനിർത്തി ചോളർ നടത്തിയ നിഴൽയുദ്ധങ്ങളും, പിന്നീട് വിഴിഞ്ഞത്ത് വെച്ച് സമുദ്രമാർഗ്ഗം നടത്തിയ നേരിട്ടുള്ള യുദ്ധവും അക്കാലത്തെ സൈനിക തന്ത്രങ്ങളുടെ ആഴം വായനക്കാർക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.
മലയാള ചരിത്ര നോവലുകളിൽ സാധാരണ സ്ത്രീകൾ അന്തഃപുരങ്ങളിലെ ഉപജാപങ്ങൾക്കോ, കാമുകിമാർ എന്ന നിലയിലുള്ള വൈകാരിക ആവശ്യങ്ങൾക്കോ മാത്രമായി ഒതുക്കപ്പെടാറാണ് പതിവ്. എന്നാൽ 'കലമറുപ്പ്' ഈയൊരു പരമ്പരാഗത രീതിയെ പൂർണ്ണമായും തിരുത്തിയെഴുതുന്നുണ്ട്.
ചരിത്രമെന്നത് എക്കാലത്തും വീരന്മാരുടെയും വിജയികളുടെയും മാത്രമല്ല, കൊടുംചതിയന്മാരുടെയും വഞ്ചകരുടെയും കൂടി ചരിത്രമാണെന്ന സത്യം 'കലമറുപ്പ്' നമ്മെ ഓർമ്മിപ്പിക്കുന്നു. ആയ് രാജ്യത്തിന്റെ പതനം സംഭവിക്കുന്നത് പുറത്തുനിന്നുള്ള ചോള സൈന്യത്തിന്റെ കരുത്തുകൊണ്ടല്ല, മറിച്ച് കൊട്ടാരത്തിനുള്ളിൽ തന്നെ രൂപപ്പെട്ട ഗൂഢാലോചനകൾ കൊണ്ടാണ് എന്നു കാണാം. കാന്തളൂർ ശാലയെ കല്ലോട് കല്ലിളക്കി നശിപ്പിക്കാനും ആയ് രാജ്യത്തെ ചോളരുടെ സാമന്തരാജ്യമാക്കാനും ആണ്ടിരവനും അയാളുടെ വിശ്വസ്തനും ചേർന്ന് നടത്തുന്ന നീക്കങ്ങൾ സാഹിത്യത്തിലെ മികച്ച വില്ലന്മാരെ ഓർമ്മിപ്പിക്കുന്നുണ്ട്.
സുന്ദരവർമ്മൻ എന്ന കഥാപാത്രം ഷേക്സ്പിയറുടെ 'മാക്ബത്തി'നെയോ 'ഒഥല്ലോ'യിലെ ഇയാഗോയെയോ പോലെ അധികാരക്കൊതി പിടിച്ച ഒരു രാക്ഷസനാണ്. സ്വന്തം പിതാവായ കാന്തവർമ്മനെ, അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ ഒരു വിഷസർപ്പത്തെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുന്ന സുന്ദരവർമ്മന്റെ ക്രൂരത, അധികാരത്തിന് വേണ്ടി മനുഷ്യൻ ഏത് നെറികെട്ട തലത്തിലേക്കും തരംതാഴുമെന്നതിന്റെ പ്രതീകമാണ്. കുപ്പോഴനെയും വിജയപതിയെയും തമ്മിലടിപ്പിച്ച് ആയ് സൈന്യത്തിന്റെ കെട്ടുറപ്പ് തകർക്കാനും, ജടിലവീരനെന്ന കൊള്ളക്കാരന് പണവും ആയുധവും നൽകി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അവർ മടിക്കുന്നില്ല. ഈ വഞ്ചനയുടെ രാഷ്ട്രീയത്തിന് വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്.
നോവലിന്റെ ഒരു ഭാഗത്ത്, സ്വപ്നത്തിൽ നിന്നോ കാലസഞ്ചാരത്തിൽ നിന്നോ ഉണരുന്ന നായകൻ, ഫേസ്ബുക്കിൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വാർത്ത കാണുന്നുണ്ട്. "പുരാണ നാടകങ്ങളിൽ കണ്ടിട്ടുള്ള കാഴ്ചക്കു സമാനമായിട്ടാണ് പാർലമെന്റിന്റെ ഉത്ഘാടനം നടന്നിരിക്കുന്നത്. ഞാൻ നേരത്തെ കണ്ടതും അനുഭവിച്ചതും അത് തന്നെയായിരുന്നില്ലേ?" എന്ന നായകന്റെ ചിന്ത, ആയിരം വർഷങ്ങൾക്ക് മുൻപ് കാന്തളൂർ ശാലയിൽ നടന്ന അധികാരക്കൊതിയുടെയും സാംസ്കാരിക തമസ്കരണത്തിന്റെയും തുടർച്ച തന്നെയാണ് ഇന്നത്തെ ഇന്ത്യയിലും സംഭവിക്കുന്നത് എന്ന ഗൗരവമേറിയ രാഷ്ട്രീയ വായനയിലേക്ക് നമ്മെ നയിക്കുന്നു.

മലയാള ചരിത്ര നോവലുകളിൽ സാധാരണയായി സ്ത്രീകൾ അന്തഃപുരങ്ങളിലെ ഉപജാപങ്ങൾക്കോ, കാമുകിമാർ എന്ന നിലയിലുള്ള വൈകാരിക ആവശ്യങ്ങൾക്കോ മാത്രമായി ഒതുക്കപ്പെടാറാണ് പതിവ്. എന്നാൽ 'കലമറുപ്പ്' ഈയൊരു പരമ്പരാഗത രീതിയെ പൂർണ്ണമായും തിരുത്തിയെഴുതുന്നുണ്ട്. ഈ നോവലിന്റെ ജീവനാഡി തന്നെ അതിലെ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്. അനുരാധപുരത്ത് (ഇന്നത്തെ ശ്രീലങ്ക) ചോളന്മാർ നടത്തിയ ആക്രമണത്തിൽ മാതാപിതാക്കൾ കുന്തമുനയിൽ പിടഞ്ഞുമരിക്കുന്നത് നേരിൽ കാണേണ്ടി വന്ന താമര, യാഴിയിനി, പൂങ്കുനി എന്നീ മൂന്ന് പെൺകുട്ടികൾ പ്രതികാരദാഹവുമായി കാന്തളൂർ ശാലയിലെത്തുന്നതും, സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന അവിടെ സ്വന്തം പോരാട്ടവീര്യം കൊണ്ട് പ്രവേശനം നേടിയെടുക്കുന്നതും അത്യന്തം ആവേശകരമായ വായനാനുഭവമാണ് നൽകുന്നത്. അവർക്ക് പിന്തുണയുമായി നിൽക്കുന്ന കൗസല്യയും, കലൈ കൂത്തർ വംശജയായ മധുപാലിയും ചേരുമ്പോൾ, ഈ നോവൽ ഒരു ഫെമിനിസ്റ്റ് ഇതിഹാസമായി മാറുന്നു.
ചോള കപ്പലുകളെ നേരിടാൻ അഗ്നിഗോളങ്ങളുമായി സമുദ്രത്തിൽ പൊരുതുന്ന മധുപാലിയുടെയും, പോരാട്ടമുഖത്ത് ശത്രുക്കളുടെ തലകൾ അറുത്തുവീഴ്ത്തുന്ന താമരയുടെയും ചിത്രീകരണം, ഗ്രീക്ക് പുരാണങ്ങളിലെ അമാസോണിയൻ പോരാളികളെ എവിടെയെക്കൊയോ ഓർമിപ്പിക്കുന്നു. എന്നാൽ, ഈ പെൺപോരാളികൾക്ക് നോവലിസ്റ്റ് നൽകുന്ന അന്ത്യം വായനക്കാരെ അക്ഷരാർത്ഥത്തിൽ മരവിപ്പിക്കുന്നതാണ്. ശാരീരികമായോ സൈനികമായോ തോൽപ്പിക്കാൻ കഴിയാത്ത സ്ത്രീകളെ, അവരുടെ നഗ്നതയെയും ലൈംഗികതയെയും ആയുധമാക്കിക്കൊണ്ട് അപമാനിക്കാനും ഉന്മൂലനം ചെയ്യാനുമാണ് പുരുഷബോധം എക്കാലത്തും ശ്രമിച്ചിട്ടുള്ളത് എന്ന നഗ്നമായ യാഥാർത്ഥ്യം നോവലിൽ വരച്ചിടുന്നുണ്ട്.
ചരിത്രനോവലുകളുടെ പരമ്പരാഗതമായ അലങ്കാരബഹുലമായ ഭാഷയ്ക്ക് പകരം, വളരെ ഒഴുക്കുള്ള, എന്നാൽ ഗഹനമായ ആധുനിക ഗദ്യമാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്.
ഒരു യുദ്ധത്തിന്റെ സമഗ്രചിത്രം അതിന്റെ സകല ഭീകരതകളോടെയും നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണയായി ചരിത്ര നോവലുകളിൽ കാണുന്ന അതിഭാവുകത്വമുള്ള യുദ്ധവിവരണങ്ങളല്ല, മറിച്ച് റിയലിസ്റ്റിക് ആയ, ചോരയുടെയും മാംസത്തിന്റെയും ഗന്ധമുള്ള യുദ്ധരംഗങ്ങളാണ് എഴുത്തുകാരൻ ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞത്ത് വെച്ച് നടക്കുന്ന നാവികയുദ്ധത്തിൽ ചോളക്കപ്പലുകളിൽ നിന്നും പ്രയോഗിക്കുന്ന പുതിയതരം ആയുധങ്ങൾ, പ്രത്യേകിച്ചും മരത്തടികളിൽ തീപ്പശ പുരട്ടി കുഴലുകളിലൂടെ എറിയുന്ന അഗ്നിഗോളങ്ങൾ, അന്നത്തെ സൈനിക സാങ്കേതികവിദ്യയുടെ വികാസം കാണിച്ചുതരുന്നു. അതുപോലെതന്നെ, ആനമലയുടെ താഴ് വാരങ്ങളിലും കാടിന്റെ ഉള്ളറകളിലും വെച്ച് ജടിലവീരന്റെ ഒളിപ്പോരാളികളും ആയ് സൈന്യവും തമ്മിൽ നടക്കുന്ന ഘോരമായ യുദ്ധങ്ങൾ അത്യന്തം ഗ്രാഫിക് ആയിത്തന്നെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.
ചാവേറുകളെ നേരിടാൻ മറ്റൊരു ചാവേർപ്പടയെ ഇറക്കുന്ന അറിവരുളിന്റെ യുദ്ധതന്ത്രങ്ങൾ, മരണത്തെ മുഖാമുഖം കാണുമ്പോഴും ഒരു ചുവടുപോലും പിന്നോട്ടുവെക്കാത്ത പോരാളികളുടെ വീര്യം എന്നിവ വായനക്കാരെ ആകർഷിക്കാൻ തക്കവണ്ണമുള്ളതാണ്. എന്നാൽ ഈ യുദ്ധങ്ങൾക്കിടയിലും വായനക്കാരെ വേട്ടയാടുന്നത്, തങ്ങളുടെ നാടിനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന പാശിപനെയും അറിവരുളിനെയും പോലുള്ള ചെറുപ്പക്കാരുടെ നിസ്സഹായതയാണ്. മറുഭാഗത്ത് രാജ്യം ഭരിക്കുന്നവർ തന്നെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന നാടകങ്ങൾ അരങ്ങേറുമ്പോൾ, താഴേക്കിടയിലുള്ള സാധാരണ പടയാളികളുടെ രക്തം വീണു കുളങ്ങൾ ചുവക്കുന്ന കാഴ്ച, മനുഷ്യചരിത്രത്തിലെ എല്ലാ യുദ്ധങ്ങളുടെയും നിരർത്ഥകതയെ അടയാളപ്പെടുത്തുന്നു.
അത്യന്തം മികച്ചതും വായനക്കാരെ ആകർഷിക്കുന്നതുമായ അവതരണ ശൈലിയാണ് നോവലിന്റേത്. ചരിത്രനോവലുകളുടെ പരമ്പരാഗതമായ അലങ്കാരബഹുലമായ ഭാഷയ്ക്ക് പകരം, വളരെ ഒഴുക്കുള്ള, എന്നാൽ ഗഹനമായ ആധുനിക ഗദ്യമാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. പ്രകൃതിയെയും മനുഷ്യന്റെ ആന്തരിക വ്യഥകളെയും വർണ്ണിക്കുന്ന ഭാഗങ്ങളിൽ ഭാഷ തികച്ചും കാവ്യാത്മകമാകുന്നുണ്ട്.

സാഹിത്യപരമായും ചരിത്രപരമായും അത്യന്തം ഗൗരവമുള്ള ഒരു കൃതിയാണെങ്കിലും, നോവലിലെ ഭാഷാപ്രയോഗങ്ങളെക്കുറിച്ച് സൂചിപ്പിക്കാതെ പോകാനാകില്ല. പത്താം നൂറ്റാണ്ടിലെ കാന്തളൂർ ശാലയാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. സ്വാഭാവികമായും അക്കാലത്ത് കേരളത്തിൽ സംസാരിച്ചിരുന്ന ഭാഷ പ്രാചീന മലയാളമോ, ചെന്തമിഴോ, അതല്ലെങ്കിൽ മണിപ്രവാളമോ ആയിരിക്കണം. എന്നാൽ നോവലിലെ കഥാപാത്രങ്ങളായ പാശിപനും താമരയുമെല്ലാം ഹരീഷിനോട് സംവദിക്കുന്നത് തികച്ചും ആധുനികവും വ്യാകരണശുദ്ധിയുള്ളതുമായ മലയാളത്തിലാണ്. അപരിചിതമായ ഒരു പുരാതന ഭാഷാശൈലി ഉപയോഗിച്ചാൽ അത് വായനക്കാരും നോവലും തമ്മിലുള്ള ആശയവിനിമയത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന തിരിച്ചറിവിൽ നിന്നാകാം എഴുത്തുകാരൻ ബോധപൂർവ്വം ഇത്തരമൊരു സ്വാതന്ത്ര്യം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇതൊരു സാഹിത്യപരമായ വിട്ടുവീഴ്ചയാണെന്ന് പറയാനാകില്ല; മറിച്ച് വായനാക്ഷമത നിലനിർത്താൻ വേണ്ടി എഴുത്തുകാരൻ കണ്ടെത്തിയ മാർഗ്ഗമാണിത് എന്നു കരുത്തേണ്ടിവരും. കാരണം, സംഭാഷണങ്ങളിൽ വായനക്കാർക്ക് മനസ്സിലാകുന്ന ആധുനിക മലയാളം ഉപയോഗിക്കുമ്പോഴും, ആ കാലഘട്ടത്തിന്റെ പശ്ചാത്തല വർണ്ണനകളിലോ ആഖ്യാനത്തിലോ യാതൊരുവിധ ആധുനിക പദങ്ങളോ പ്രയോഗങ്ങളോ കടന്നുവരാതെ എഴുത്തുകാരൻ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് കാണാം . വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ തന്നെ, ചരിത്രപശ്ചാത്തലത്തോട് പരമാവധി നീതിപുലർത്താൻ ഭാഷയിൽ എഴുത്തുകാരൻ നടത്തിയ ഈ സൂക്ഷ്മമായ ഇടപെടൽ എടുത്തു പറയേണ്ടതു തന്നെയാണ്.
രണ്ടാമതായി, നോവലിലെ കഥാപാത്രങ്ങളുടെ ബാഹുല്യമാണ്. ജടിലവീരൻ, വീരമാതൻ, ഇളവീരൻ, തിരുവരുൾ, അറിവരുൾ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങൾ വളരെ വേഗത്തിൽ നോവലിലേക്ക് കടന്നുവരികയും, അത്രതന്നെ വേഗത്തിൽ കൊലചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം പശ്ചാത്തലം ഉപകഥകളായി എഴുത്തുകാരൻ നൽകുന്നുണ്ടെങ്കിലും, വായനക്കാർക്ക് ഈ കഥാപാത്രങ്ങളുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ ആഖ്യാനം അടുത്ത സംഭവത്തിലേക്ക് കുതിക്കുന്നു. ഇത് പലപ്പോഴും നോവലിന്റെ ആഴത്തെ പ്രതികൂലമായി ബാധിക്കുകയും, ചില സന്ദർഭങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
മലയാള സാഹിത്യത്തിൽ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ചരിത്ര-സയൻസ് ഫിക്ഷൻ നോവലുകളുടെ മുൻപന്തിയിൽ തന്നെ നിൽക്കാൻ യോഗ്യതയുള്ള കൃതിയാണ് റിഹാൻ റാഷിദിന്റെ 'കലമറുപ്പ്'.
മൂന്നാമതായി, നോവലിന്റെ ക്ലൈമാക്സിലെ അവ്യക്തതയാണ്. ഉദ്വേഗജനകമായ ഒരു നിർണ്ണായക നിമിഷത്തിൽ നിന്നും, തികച്ചും അപ്രതീക്ഷിതമായ മറ്റൊരു തലത്തിലേക്ക് കഥയെ പറിച്ചുനട്ടുകൊണ്ടാണ് നോവലിസ്റ്റ് ആഖ്യാനം അവസാനിപ്പിക്കുന്നത്. ഹരീഷ് ശരിക്കും കാലസഞ്ചാരം നടത്തിയതാണോ, അതോ അയാൾക്ക് ലഭിച്ച താളിയോലകൾ വായിച്ചതിന്റെ ഫലമായി ഉപബോധമനസ്സിലുണ്ടായ വെറുമൊരു സ്വപ്നമോ മായാദർശനമോ ആയിരുന്നോ ഈ സംഭവങ്ങളെല്ലാം എന്ന വലിയൊരു സംശയം ഇത് ബാക്കിവെക്കുന്നു. ചരിത്രത്തിന്റെ ഇത്രയും ഗൗരവമേറിയ ഒരു പുനർവായന നടത്തിയിട്ട്, അവസാനനിമിഷം അതിനെയെല്ലാം ഒരു സ്വപ്നത്തിന്റെയോ ഭ്രമത്തിന്റെയോ തലത്തിലേക്ക് ചുരുക്കാവുന്ന രീതിയിൽ കഥ അവസാനിപ്പിച്ചത് നോവലിന്റെ അതുവരെയുള്ള രാഷ്ട്രീയ- ചരിത്ര ഗൗരവത്തെ അല്പം ദുർബലപ്പെടുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മേൽപ്പറഞ്ഞ ചെറിയ പോരായ്മകൾ മാറ്റിനിർത്തിയാൽ മലയാള സാഹിത്യത്തിൽ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ചരിത്ര-സയൻസ് ഫിക്ഷൻ നോവലുകളുടെ മുൻപന്തിയിൽ തന്നെ നിൽക്കാൻ യോഗ്യതയുള്ള കൃതിയാണ് റിഹാൻ റാഷിദിന്റെ 'കലമറുപ്പ്'. കേരള ചരിത്രത്തിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം തമസ്കരിക്കപ്പെട്ട കാന്തളൂർ ശാല എന്ന മഹത്തായ വിദ്യാലയത്തിന്റെയും, അവിടെ പൊരുതിമരിച്ച ആയിരക്കണക്കിന് അജ്ഞാതരായ പോരാളികളുടെയും, പ്രത്യേകിച്ചും ചരിത്രത്തിൽ ഇടംകിട്ടാതെ പോയ പെൺപോരാളികളുടെയും സ്മാരകശിലയാണ് ഈ നോവൽ.
അധികാരത്തിന്റെ ഇടനാഴികളിൽ എക്കാലത്തും നടക്കുന്ന വഞ്ചനയുടെയും ഒറ്റിക്കൊടുക്കലുകളുടെയും മനഃശാസ്ത്രം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് നോവൽ. .ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കാന്തളൂർ ശാലയിൽ സംഭവിച്ചത് തന്നെയാണ്, ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും ആധുനിക ജനാധിപത്യ രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ഭയപ്പെടുത്തുന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. പെണ്ണുടലുകളുടെ പോരാട്ടവീര്യവും, ആത്മാഭിമാനത്തിന് വേണ്ടി മരിക്കാൻ തയ്യാറായ പടയാളികളുടെ രക്തവും വീണുകിടക്കുന്ന ഈ നോവൽ, മലയാള സാഹിത്യത്തിലെ ചരിത്രാഖ്യായികകളുടെ ഭൂപടത്തിൽ തന്റേതായ ഒരു സവിശേഷ ഇടം ശക്തമായിത്തന്നെ അടയാളപ്പെടുത്തും. ഭാവനയുടെയും ചരിത്രത്തിന്റെയും അതിരുകൾ മായ്ച്ചുകളയുന്ന ഈ ആഖ്യാനവിസ്മയം, മറവികൾക്കെതിരെ ഓർമ്മകൾ നടത്തുന്ന എക്കാലത്തെയും വലിയൊരു കലാപമായി ചരിത്രത്തിൽ അവശേഷിക്കും. വർത്തമാനകാലത്തിന്റെ വ്യഥകളിൽ നിന്നുകൊണ്ട് ഭൂതകാലത്തിന്റെ മുറിവുകളിലേക്ക് നടത്തുന്ന ഈ അസാധാരണ യാത്ര, അധികാരത്തെയും കാലത്തെയും കുറിച്ചുള്ള നമ്മുടെ ചിന്തകളെ അടിമുടി തിരുത്തിയെഴുതാൻ പോന്നതാണ്.

