നവകേരള സാമൂഹികതയുടെ
വഴി തുറന്നിടുന്ന പുസ്തകം

മഹച്ചരിതമാലകൾകൊണ്ടോ സമരസംഭവങ്ങളുടെ നാൾവഴികൊണ്ടോ പറഞ്ഞുതീർക്കാനാവാത്ത ആ നവോത്ഥാനത്തെ സൂക്ഷ്മദാർശനികമായി ചരിത്രവത്കരിക്കുകയും തന്ത്രപരമായി കെടുത്തപ്പെട്ട ആ ഉത്ഥാനത്തിന്റെ താർക്കിക പരിണതിക്കായി ഒരു നവകേരള സാമൂഹികതയുടെ വഴി തുറന്നിടുകയുമാണ് ഡോ. ടി.ടി. ശ്രീകുമാറിന്റെ 'നവോത്ഥാന ചരിത്രദർശനം' എന്ന പുസ്തകം - ജോസ് ടി. തോമസ് എഴുതുന്നു

ഫ്രിക്കയിൽനിന്ന് അറുപതിനായിരത്തോളം വർഷം പ്രയാണം ചെയ്ത് ഭൂമിയാകെ നിറഞ്ഞ മനുഷ്യർ മനുഷ്യത്വം എന്ന ഏകസ്വത്വത്തിലേക്കും ആ മനുഷ്യജാതി അതിന്റെ ആത്മീയതയുടെ 'ഒരു മത'ത്തിലേക്കും സാമൂഹികമായും സാംസ്കാരികമായും പരിണമിക്കുന്നതാണ് എനിക്കു ചരിത്രം. തുല്യ മനുഷ്യാന്തസ്സിലേക്ക് (Equal dignity of all) ഉള്ള ആ പരിണാമത്തിൽ, കഴിഞ്ഞ ആയിരത്താണ്ടിന്റെ കേരളീയ മനുഷ്യൻ അനുഭവിച്ച വ്യത്യസ്ത സ്വത്വബോധങ്ങൾ, ഒരു ജാതി അഥവാ ഒരു ഇനം എന്ന ഒരുമയിലേക്കു പുരോഗമിക്കുന്നതിന്റെ കുതിപ്പും കിതപ്പുമാണു കേരളീയ നവോത്ഥാനവും നവോത്ഥാന തിരസ്കാരവും എന്ന് ഞാൻ കരുതുന്നു. ഒരു ഇലയുടെ രണ്ടു വശം പോലെ, പിളർത്തിക്കാട്ടാൻ ബുദ്ധിമുട്ടുള്ള ഭൗതികവും ആത്മീയവുമായ വശങ്ങൾ അവയ്ക്കുണ്ട്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.ടി.ടി ശ്രീകുമാറിൻ്റെ പുസ്തകം നവോത്ഥാന ചരിത്രദർശനം
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.ടി.ടി ശ്രീകുമാറിൻ്റെ പുസ്തകം നവോത്ഥാന ചരിത്രദർശനം

മഹച്ചരിതമാലകൾകൊണ്ടോ സമരസംഭവങ്ങളുടെ നാൾവഴികൊണ്ടോ പറഞ്ഞുതീർക്കാനാവാത്ത ആ നവോത്ഥാനത്തെ സൂക്ഷ്മദാർശനികമായി ചരിത്രവത്കരിക്കുകയും തന്ത്രപരമായി കെടുത്തപ്പെട്ട ആ ഉത്ഥാനത്തിന്റെ താർക്കിക പരിണതിക്കായി ഒരു നവകേരള സാമൂഹികതയുടെ വഴി തുറന്നിടുകയുമാണ് ഡോ. ടി.ടി. ശ്രീകുമാറിന്റെ 'നവോത്ഥാന ചരിത്രദർശനം' (മാതൃഭൂമി ബുക്സ്, 264 പേജ്) എന്ന പുതിയ പുസ്തകം. നവോത്ഥാനത്തിന്റെ രാഷ്ട്രീയ വേദ / ദൈവ ശാസ്ത്രങ്ങളെയും (Political Theologies) ജ്ഞാനരൂപങ്ങളെയും കൃത്യമായി സന്ധിച്ചുകൊണ്ട്, ആത്മാവില്ലാത്ത കേരളചരിത്രങ്ങൾക്ക് ഇതൊരു ആത്മാവിനെ നൽകുന്നതായി എനിക്ക് അനുഭവപ്പെട്ടു.

പുരോഹിതാധികാരത്താൽ അനുഷ്ഠാനപ്പെടുത്തിയ ആചാരങ്ങൾ (i) കൊണ്ടും അതിന്റെ യാഗപ്പുകയുടെയും ദിവ്യ ബലിപീഠങ്ങളുടെയും നടുവിൽ ശ്രുതികൾ (തിരുവചനം / വേദഗ്രന്ഥം) ആയിത്തീരുന്ന വൈദിക / പ്രവാചക സാഹിത്യങ്ങൾ (ii) കൊണ്ടും പണ്ഡിത പുരോഹിതർ അവയെ അവലംബിച്ചുണ്ടാക്കുന്ന രാഷ്ട്രീയ വേദശാസ്ത്രങ്ങൾ (iii) കൊണ്ടും ബഹുജന മനസ്സുകളിൽ രൂപപ്പെടുന്നതാണ് മതപരമായ വിശ്വാസം (അരികുപറ്റി നിൽക്കാൻ മാത്രം അത് ആത്മീയതയെ അനുവദിക്കാം എന്നേയുള്ളൂ).

ഡോ.ടി.ടി ശ്രീകുമാർ
ഡോ.ടി.ടി ശ്രീകുമാർ

ആ വിശ്വാസത്തിന്റെ സാമൂഹിക മാനം (Social dimension of faith) എന്നത് സാമൂഹിക - സാംസ്കാരിക പരിണാമചരിത്രത്തിന്റെ നിരൂപണത്തിൽ പ്രധാനമാണ്. മധ്യ നൂറ്റാണ്ടുകൾ മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള കേരളത്തിന്റെ ചരിത്രത്തിൽ, മതാത്മകത എന്നതിലേക്ക് വെട്ടിക്കൂട്ടിയിടാൻ ആവാത്ത വിശ്വാസത്തിന്റെ / ആത്മജ്ഞാനത്തിന്റെ / ആത്മീയതയുടെ ഉദയവികാസ അസ്തമയങ്ങളെയും പുനരുത്ഥാനങ്ങളെയും കൂടി യഥാസ്ഥാനത്ത് സന്ധിക്കുന്നതാണ് ഈ പുസ്തകം. നവോത്ഥാന വിചാരത്തെ ഭദ്രമായ ഒരു ചരിത്രദർശനത്തിന്റെ തെളിമയിലും ഗരിമയിലും ജ്ഞാനസ്നാനം ചെയ്യിച്ചുകൊണ്ട്, ഇനിയും നന്നായി എഴുതപ്പെട്ടിട്ടില്ലാത്ത കേരള ചരിത്രത്തെ നവമായി രചിക്കുവാൻ ഇതൊരു വരിഷ്ഠ ക്ഷണപത്രവും കൈപ്പുസ്തകവും കൂടിയാവുന്നു.

യുക്തിവിചാരത്തിലെ അക്കാദമീയ കാർക്കശ്യത്തിന്റെ കാര്യത്തിൽ ഭദ്രത നിലനിർത്തിക്കൊണ്ടുതന്നെ ബഹുജനകീയമായ ഒരു കാര്യവിചാരശൈലിയിൽ എഴുതപ്പെട്ടതാണ് ദൈർഘ്യം ഏറിയും കുറഞ്ഞുമുള്ള ഇതിലെ 15 അധ്യായങ്ങളും. വിശദമായ ചർച്ചകളും പഠനങ്ങളും ഏറെയുണ്ടാവേണ്ടതുണ്ട് എന്നു പറഞ്ഞാണ് മിക്ക ലേഖനങ്ങളും അവസാനിപ്പിക്കുന്നത് എന്നത് അതിവിനയമല്ല. നവോത്ഥാന ചരിത്രത്തെ ഒരു ടെസ്റ്റ് കേസ് ആക്കി കേരള ചരിത്രരചനയിൽ ഈ പുസ്തകം കൊണ്ടുവരുന്ന വിച്ഛേദത്തിന്റെ വലിപ്പം ഗ്രന്ഥകാരനു തിട്ടമുള്ളതുകൊണ്ടാണ് അത് എന്നു ഞാൻ കരുതുന്നു.

മനുഷ്യപ്പറ്റ് എന്നും ദൈവപ്പറ്റ് എന്നും പച്ച മലയാളത്തിൽ പറയാവുന്ന അൻപ് ആണ് ആത്മീയത അഥവാ ആധ്യാത്മികത എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. ജനപ്രിയ മതവിശ്വാസങ്ങളിൽ അതിന്റെ ചില നിഴലാട്ടങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അൻപിന്റെ തൃണമൂലമായ തുല്യ മനുഷ്യ മഹത്വത്തെ ആദരിക്കാൻ എന്നതുപോട്ടെ, ചെറുതായൊന്ന് അംഗീകരിക്കാൻ തന്നെ വേദശാസ്ത്രങ്ങൾക്ക് കഴിയുന്നതല്ല (ഇടക്കാലാശ്വാസം പോലെ ചില പരിഷ്കരണങ്ങളും അതിനിണങ്ങിയ വേദവ്യാഖ്യാനങ്ങളും നിർമ്മിക്കുന്നതല്ലാതെ). എന്നാൽ കാലികമോ ഭൂമിശാസ്ത്രപരമോ ആയ ഉയർച്ചതാഴ്ചകൾക്കിടയിലൂടെയും സാംസ്കാരിക-സാമൂഹിക പരിണാമം ആഗോള തുല്യ മനുഷ്യാന്തസ്സ് എന്ന, 'ഒരു ജാതി'യുടെ 'ഒരു മത'ത്തിലേക്ക് ആക്സിലറേറ്റഡ് ആവുന്നതായി ഞാൻ കാണുന്നു.

"നവ സാമൂഹികത ഒരു ചരിത്രപ്രതിഭാസം എന്ന നിലയിൽ പ്രസക്തമാവുന്നത് അതു ജനാധിപത്യബോധത്തെ പൂർണ്ണമായും നവീകരിക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രക്രിയ ആവുമ്പോഴാണ്" എന്ന് എഴുതുന്നു ടി.ടി ശ്രീകുമാർ
"നവ സാമൂഹികത ഒരു ചരിത്രപ്രതിഭാസം എന്ന നിലയിൽ പ്രസക്തമാവുന്നത് അതു ജനാധിപത്യബോധത്തെ പൂർണ്ണമായും നവീകരിക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രക്രിയ ആവുമ്പോഴാണ്" എന്ന് എഴുതുന്നു ടി.ടി ശ്രീകുമാർ

സാങ്കേതികവിദ്യാനിർണയ വാദങ്ങൾ (Technological Determinism) ഒന്നുമില്ലാതെ തന്നെ ഒരു 'മനുഷ്യരാശി 2.0' എന്ന ചരിത്രപ്രതിഭാസം ഭൂമിയിൽ സംഭവിക്കുന്നുണ്ട്. മനുഷ്യപ്പറ്റിന്റെ ആത്മജ്ഞാനത്തിൽ ചിന്തിക്കുകയും തുല്യ മനുഷ്യ മഹത്വത്തിന്റെ സാമൂഹിക സാക്ഷാത്കാരത്തിന് ഇണങ്ങും വിധം സ്വജീവിതം നയിക്കുകയും ചെയ്യുന്ന വ്യക്തികളുടെയും സുഹൃദ് സംഘങ്ങളുടെയും നെറ്റ് വർക്കിംഗ് ആയി അതു നവ സമൂഹത്തെ പണിയുന്നു. "നവ സാമൂഹികത ഒരു ചരിത്രപ്രതിഭാസം എന്ന നിലയിൽ പ്രസക്തമാവുന്നത് അതു ജനാധിപത്യബോധത്തെ പൂർണ്ണമായും നവീകരിക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രക്രിയ ആവുമ്പോഴാണ്" എന്നും "പുതിയ ജനാധിപത്യ- മനുഷ്യാവകാശ സങ്കല്പങ്ങൾക്കു വളരാനും വികസിക്കാനും കഴിയുന്ന ഒരു പൊതുമണ്ഡലം ആ പ്രക്രിയ സൃഷ്ടിക്കുന്നുണ്ട്" എന്നും ടി.ടി. എഴുതുന്നു. അടുത്ത ഏതാനും തലമുറകളുടെ കാലംകൊണ്ട്, സാമുദായിക ഡീപ് സ്റ്റേറ്റുകളാൽ തകർക്കാനാവാത്ത, സാമൂഹികനീതിനിഷ്ഠമായ ആ പൊതുമണ്ഡലം നമ്മുടെ നാട്ടിലും ദേശത്തും ഉയർന്നുവരും എന്നുതന്നെ ഞാൻ പ്രത്യാശിക്കുന്നു. ആശ നിരാശയാകാം; പക്ഷേ, പ്രത്യാശ ഒരുനാളും വഞ്ചിതമാവുന്നില്ല.

പുസ്തകത്തിൽ നിന്നുള്ള
7 ഭാഗങ്ങൾ

അവസാനഭാഗത്തെ ഇരുപതു പേജിൽനിന്നു മാത്രമായി അടർത്തിയ ഈ ഏഴ് ഉദ്ധരണികൾ വായിക്കൂ; ഈ ചരിത്രദർശനത്തിന്റെ വർത്തമാന ചക്രവാളം എത്ര വിപുലമാണെന്ന് അനുഭവിച്ചറിയാം:

"പ്രത്യക്ഷമായി ഉപേക്ഷിക്കപ്പെട്ട മുൻകുടുമയും പിൻകുടുമയും കുടുക്കനും പൂണൂലുകളും മാമൂലുകളും അയിത്തവും ആചാരവും ചരിത്രത്തിലേക്കല്ല, സാമൂഹിക അബോധത്തിലേക്കാണു പിൻവാങ്ങിയത് എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു" (പേജ് 226).

"ഉപരിതലസ്പർശിയായ ഒരു സമവായത്തിൽ വിപ്ലവമുദ്രാവാക്യങ്ങൾ വെള്ളത്തിൽ പൊങ്ങുതടിപോലെ കേരളത്തിന്റെ സാമൂഹികമണ്ഡലത്തിൽ ഒഴുകിനടക്കുന്നു. വിധ്വംസകമായ മുദ്രാവാക്യങ്ങൾ നിരന്തരം ഉയരുകയും അവ ആദ്യഘട്ടത്തിലെ വിദ്വേഷങ്ങളെ പിന്തള്ളി പിന്നീട് വിശേഷിച്ച് എതിർപ്പുകളൊന്നും നേരിടാതെ സർവ്വസമ്മതമായിത്തീരുകയും എന്നാൽ ആ മുദ്രാവാക്യങ്ങളോട് അതുകൊണ്ടുതന്നെ ആർക്കും വലിയ പ്രതിജ്ഞാബദ്ധതയൊന്നും ഇല്ലാതിരിക്കുകയും അതേസമയം അന്യോന്യം ആക്രമിക്കാൻ ഈ പ്രതിബദ്ധത ഏതളവിലുണ്ട് ഓരോരുത്തരിലും എന്നതു നിരന്തരം പരസ്പരം പരീക്ഷിക്കുകയും ചെയ്യുന്ന വലിയ ഹാസ്യാത്മക വൈരുദ്ധ്യമാണു കേരളത്തിലെ ആധുനികകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ദുരന്തങ്ങളിലൊന്നായി കാണാൻ കഴിയുന്നത്" (പേജ് 237).

"പ്രത്യക്ഷമായി ഉപേക്ഷിക്കപ്പെട്ട മുൻകുടുമയും പിൻകുടുമയും കുടുക്കനും പൂണൂലുകളും മാമൂലുകളും അയിത്തവും ആചാരവും ചരിത്രത്തിലേക്കല്ല, സാമൂഹിക അബോധത്തിലേക്കാണു പിൻവാങ്ങിയത് എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു"
"പ്രത്യക്ഷമായി ഉപേക്ഷിക്കപ്പെട്ട മുൻകുടുമയും പിൻകുടുമയും കുടുക്കനും പൂണൂലുകളും മാമൂലുകളും അയിത്തവും ആചാരവും ചരിത്രത്തിലേക്കല്ല, സാമൂഹിക അബോധത്തിലേക്കാണു പിൻവാങ്ങിയത് എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു"

"ഫ്യൂഡൽ ഉല്പാദനബന്ധങ്ങൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെടുകയും എന്നാൽ ഫ്യൂഡൽ വ്യവസ്ഥയെ താങ്ങിനിർത്തിയ ഉപരിഘടനാ പ്രത്യയശാസ്ത്രങ്ങൾ അതുപോലെ നിൽക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കപ്പെടാതെപോയി. തന്നെയുമല്ല, ഈ ഫ്യൂഡൽ മൂല്യങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ജാതിചിന്തയും മതബോധവും യാഥാസ്ഥിതികത്വവും ഈ നിരപ്പാക്കൽ പ്രക്രിയയുടെ ഭാഗമായി അപ്രത്യക്ഷമായി എന്നു മാത്രമല്ല, നമ്മുടെ സാമൂഹികതയുടെ രക്തസംക്രമണത്തിൽ അവയൊക്കെ അലിഞ്ഞുചേരുകയും ചെയ്തു. ഇതിന്റെ ഫലമായി വർഗ്ഗഘടനയിലെ അന്യഥാ സ്വീകാര്യമായ ഈ സമീകരണം കേവലം ഉപരിപ്ലവമായ ഒരു രാഷ്ട്രീയ സമത്വബോധത്തിലേക്കും ഈ രാഷ്ട്രീയബോധത്തെ നിരാകരിക്കുന്ന യാഥാസ്ഥിതിക ഉച്ചനീചത്വബോധത്തിലേക്കും ഒരേസമയം മലയാളിസമൂഹത്തെ നയിക്കുകയാണു ചെയ്തത്" (പേജ് 236).

"ഇവിടെ നടന്നതായി നാം സങ്കല്പിക്കുന്ന ഒരു നവോത്ഥാനത്തിന്റെ മിച്ചമൂല്യംകൊണ്ട് കേരളത്തിന് ഇനി മുന്നോട്ടുപോകുവാൻ കഴിയില്ല. അത് ഒരേസമയം ഒരു സമവായവും അതിനെ ചതിക്കുന്ന ക്ഷുദ്രമായ പ്രായോഗികതയുമായി മാറിയിരിക്കുന്നു'' (പേജ് 238).

"ജാതിവ്യവസ്ഥ പ്രതിനിധാനം ചെയ്യുന്ന മൂല്യസംഹിതയോടുള്ള ആത്മീയ സംവാദമായാണ് കേരളത്തിൽ കൊളോണിയൽ കാലഘട്ടത്തിനു മുമ്പുതന്നെ നവോത്ഥാന മൂല്യങ്ങൾ എന്നറിയപ്പെടുന്ന ചിന്താധാരകളിൽ പലതും പിറവികൊള്ളുന്നത്.... ദൈനംദിന വ്യവഹാരങ്ങളിൽ ജാതിവ്യവസ്ഥയ്ക്കു ദൈവവുമായി എന്തു ബന്ധമാണുള്ളതെന്നും ദൈവശാസ്ത്രമായി നിലനിൽക്കാനുള്ള എന്തവകാശമാണ് ഉള്ളതെന്നുമാണ് 'പാച്ചല്ലൂർ പതിക'ത്തിൽ ഉയർന്നുവരുന്ന ചോദ്യം'' (പേജ് 241).

''ശ്രീനാരായണ ഗുരുവോ അദ്ദേഹത്തിനു മുമ്പും പിമ്പും മനുഷ്യസാഹോദര്യത്തിന്റെ രാഷ്ട്രീയവും ധാർമികതയും ഉയർത്തിപ്പിടിച്ചവരോ മുന്നോട്ടുവച്ച ആദർശങ്ങൾ കേരളം പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു''
''ശ്രീനാരായണ ഗുരുവോ അദ്ദേഹത്തിനു മുമ്പും പിമ്പും മനുഷ്യസാഹോദര്യത്തിന്റെ രാഷ്ട്രീയവും ധാർമികതയും ഉയർത്തിപ്പിടിച്ചവരോ മുന്നോട്ടുവച്ച ആദർശങ്ങൾ കേരളം പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു''

''തെക്കൻ കേരളത്തിലെ ജാതിരാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധനത്തിന്റെ അടിസ്ഥാനം ജാതിവ്യവസ്ഥയുടെ ദ്രവീഡിയൻ വിമർശനം തന്നെയാണ് '' (പേജ് 244).

''ശ്രീനാരായണ ഗുരുവോ അദ്ദേഹത്തിനു മുമ്പും പിമ്പും മനുഷ്യസാഹോദര്യത്തിന്റെ രാഷ്ട്രീയവും ധാർമികതയും ഉയർത്തിപ്പിടിച്ചവരോ മുന്നോട്ടുവച്ച ആദർശങ്ങൾ കേരളം പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു'' (പേജ് 239).


Summary: TT Sreekumar's Navodhana Charithra Darshanam Book Review by Jose T Thomas


ജോസ് ടി. തോമസ്

സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനും ഗ്രന്ഥകാരനും. ‘കുരിശും യുദ്ധവും സമാധാനവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments