Graphics: Zainul Abid

എന്തിൽക്കൊതി നിനക്കെന്റെ കായ്കളിലോ? രാമായണത്തിന്റെ പുതുവായന

രാമായണം വായിക്കുകയെന്നാൽ അധികാര ഘടനയിൽ രൂപപ്പെടുന്ന വിള്ളലുകൾ കൂടി വായിക്കുകയാണ്. വാല്മീകി രാമായണത്തിലെ വരിയോരോന്നും പകുത്തു വായിക്കുന്ന കൃതിയാണ് ജി.ദിലീപന്റെ 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' - കെ.ജയാനന്ദൻ എഴുതുന്നു.

ലോകം പകുത്തുവായിക്കുന്ന പുസ്തകമാണ് രാമായണം. പകുത്തുവായനയിൽ പുസ്തകവും ജീവിതവും സ്ഥലകാലങ്ങളും തമ്മിൽ കലരുന്നുണ്ട്. വാല്മീകി രാമായണത്തിലെ വരിയോരോന്നും പകുത്തുവായിക്കുന്ന കൃതിയാണ് ജി.ദിലീപന്റെ 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ.' വാക്കിന്റെ ഇരുപുറവും ബഹുമുഖവും വായിച്ചെടുക്കുന്ന രീതി. ജീവിതത്തിൽ അറ്റമില്ലാതെ തുടരുന്ന അധികാരമെന്ന സമസ്യയെ വായന പിൻതുടരുന്നു. മണ്ണിൽ നിൽക്കുന്ന മനുഷ്യരെക്കുറിച്ചും അധികാരത്തിന്റെ വിണ്ണേറുന്നവരെക്കുറിച്ചും വിചാരിക്കാൻ പ്രേരിപ്പിക്കുന്നു.

രാമായണം വായിക്കുകയെന്നാൽ അധികാര ഘടനയിൽ രൂപപ്പെടുന്ന വിള്ളലുകൾ കൂടി വായിക്കുകയാണെന്ന് പുസ്തകം അടിവരയിടുന്നു. രാമന്റെ സഞ്ചാരത്തിനൊപ്പം അധികാര ഘടനയെ തകർത്തൊഴുകുന്ന നിരവധി രാമായണങ്ങളെ വാല്മീകി രാമായണത്തിൽ നിന്നുതന്നെ ഈ കൃതി കണ്ടെടുക്കുന്നു. ഇവയിൽ രാമസഞ്ചാരത്തിന്റെ ആഴത്തിൽ പിറവിയെടുക്കുന്ന വിരുദ്ധ സഞ്ചാരങ്ങളുണ്ട്. രാമരാജ്യത്തെ തകിടം മറിക്കുന്ന സീതായണമുണ്ട്. നിശ്ശബ്ദരാക്കപ്പെട്ടവരുടെയും തമസ്കരിക്കപ്പെട്ടവരുടെയും ചരിതമുണ്ട്. രാമന്റെ സഞ്ചാരം കേന്ദ്രപ്രമേയമായിരിക്കുമ്പോഴും ഇതരജീവിതങ്ങളിലേക്കും പരിസരങ്ങളിലേക്കും അത് തുറന്നിടുന്ന സഞ്ചാരപഥങ്ങളെ ഈ കൃതി പിൻതുടരുന്നു. ഇതിഹാസ കാവ്യത്തിന്റെ ഈ പ്രവാഹമാകുന്നു 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ'.

രാമന്റെ ഒളിയമ്പേറ്റുവീണ ബാലി തിരിച്ച് തൊടുക്കുന്നത് പരുഷമായ ചോദ്യങ്ങളാണ്. അങ്ങയുടെ രാജ്യത്തോ നഗരിയിലോ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അങ്ങയെ അപമാനിച്ചിട്ടുമില്ല. എന്നും കായ്കനികൾ തിന്നു കഴിഞ്ഞുകൂടുന്ന ഒരു വാനരനായ എന്നെ, താങ്കളോട് എതിരിടാതെ മറ്റൊരുവനുമായി ഏറ്റുമുട്ടിയിരുന്ന എന്നെ വധിക്കുന്നത് എന്തു കാരണത്താലാണ്? ഞങ്ങൾ വനചരരായ മൃഗങ്ങൾ, ഫലമൂലങ്ങൾ തിന്ന് കഴിയുന്നവർ. ഇത് ഞങ്ങളുടെ പ്രകൃതിസ്വഭാവം. അങ്ങ് നരേശ്വരനായ പുരുഷൻ. മണ്ണ്, വെള്ളി, സ്വർണ്ണം എന്നിങ്ങനെയുള്ള സമ്പത്ത് യുദ്ധത്തിന് കാരണമാവാറുണ്ട്. എന്റേതായ എന്തൊന്നാണ് അങ്ങ് ഇച്ഛിക്കുന്നത്. ഒളിയമ്പിന് മറുപടി സാർഥമായ വാക്ക്. ബാലിയുടെ വാഗ്ശരങ്ങൾ വാല്മീകിരാമായണത്തിലെ ഏറ്റവും കടുത്ത രാമവിമർശനങ്ങളാവുന്നു. 'എന്തിൽക്കൊതി നിനക്കെന്റെ കായ്കളിലോ' എന്ന ബാലിയുടെ ചോദ്യം രാമന്റെ ധർമ്മാധികാര സങ്കല്പങ്ങളെ കീഴ്മേൽ മറിക്കുകയും അതിർത്തികളില്ലാത്ത ജീവിത വിചാരങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു.

വാല്മീകി രാമായണത്തിന്റെ സവിശേഷമായ പാഠതന്ത്ര വിശകലനത്തിലൂടെയാണ് ഈ പ്രവാഹങ്ങളെ ഗ്രന്ഥകാരൻ കണ്ടെത്തുന്നത്. രാമായണത്തിനുള്ളിൽത്തന്നെ നിലനിൽക്കുന്ന നിരവധി രാമായണങ്ങളെ കണ്ടെത്തിക്കൊണ്ടാണ് ഘടനാപരമായിത്തന്നെ വാല്മീകി രാമായണം ആഖ്യാനത്തിന്റെ അധികാരത്തെ തകർക്കുന്ന വിധം കൃതി നിരീക്ഷിക്കുന്നത്. സദ്ഗുണങ്ങളെല്ലാം ഒത്തുചേർന്ന സർവ്വോത്തമനായ മനുഷ്യനാരാണെന്ന വാല്മീകിയുടെ സന്ദേഹത്തിന് നാരദൻ നൽകുന്ന മറുപടിയായാണ് വാല്മീകി രാമായണത്തിൽ ആദ്യത്തെ രാമകഥ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ കവി, നാരദന്റെ ശ്രോതാവാണ്. തുടർന്ന് ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരമാണ് നാരദനിൽ നിന്ന് കേട്ട രാമകഥ വാല്മീകി ആഖ്യാനം ചെയ്യുന്നത്.

ജി. ദിലീപൻ Photo : Sudheer Pattambi
ജി. ദിലീപൻ Photo : Sudheer Pattambi

നാരദന്റെ രാമായണത്തിൽ നിന്ന് വാല്മീകിയുടെ രാമായണം തികച്ചും വ്യത്യസ്തമാവുന്നത് ബാലകാണ്ഡത്തിന്റെയും ഉത്തരകാണ്ഡത്തിന്റെയും കൂട്ടിച്ചേർക്കലിൽ മാത്രമല്ല. ധർമ്മ സംസ്ഥാപനവ്യഗ്രനായ രാമന്റെ വ്യക്തിപരമായ വീരകൃത്യങ്ങളെ പൊലിപ്പിച്ചു കാട്ടുവാനാണ് നാരദൻ ആഗ്രഹിച്ചതെങ്കിൽ ഇതിഹാസ നായകന്റെ ഉള്ളറിയാനായിരുന്നു വാല്മീകിയുടെ ശ്രമം. നാരദാഖ്യാനത്തിൽ പരിമിതമാവുന്ന സീതാസാന്നിദ്ധ്യം വാല്മീകി രാമായണത്തിൽ ശക്തമായ പ്രവാഹമാവുന്നതും കാണാം. ഇങ്ങനെ നാരദാഖ്യാനത്തിലെ പൊളിച്ചെഴുത്തും തിരുത്തിയെഴുത്തുമായി വാല്മീകി രാമായണം മാറുന്നവിധം 'ചരിത്രസഞ്ചാരങ്ങളി 'ൽ വ്യക്തം. കുശലവൻമാരെ കൊട്ടാരത്തിലേക്ക് പാടാൻ ക്ഷണിക്കുമ്പോൾ രാമായണത്തിനുള്ളിൽ മറ്റൊരു രാമായണം കൂടി സംഭവിക്കുന്നു. ഈ രാമായണത്തിന്റെ നായകനും ശ്രോതാവും രാമനാവുന്നു.

നാരദാഖ്യാനത്തിന്റെ ശ്രോതാവായിരുന്ന വാല്മീകി പിന്നീട് രാമകഥയുടെ ആഖ്യാതാവാകുന്നതും കഥാപാത്രമാകുന്നതും കഥാനായകൻ തന്നെ ഒരു ഘട്ടത്തിൽ ശ്രോതാവാകുന്നതും കഥാപാത്രങ്ങൾ ആഖ്യാതാക്കളാകുന്നതുമായ ഘടനയിൽ വാല്മീകി രാമായണം ആഖ്യാനത്തിന്റെ ഘടനാവത്കരണം സ്ഥാപിക്കുന്ന അധികാരത്തെ ചെറുക്കുന്നതായി കൃതി നിരീക്ഷിക്കുന്നു. രാമായണത്തിൽ സീത പറയുന്ന രാമകഥയും സ്വന്തം ജനന കഥ തന്നെയും പ്രത്യക്ഷപ്പെടുമ്പോൾ അത് മറ്റൊരു രാമായണമായും രാമായണത്തിനുള്ളിലെ സ്ത്രീപാഠമായും അനുഭവപ്പെടുന്നു.

ഈ വിധം ഉപകഥകളുടെയും സർഗ്ഗാത്മകമായ മറുപാഠങ്ങളുടെയും പ്രവാഹമാണ് രാമായണം. ഗ്രന്ഥകാരൻ ആവർത്തിക്കുന്ന പ്രവാഹം എന്ന പദം തന്നെയും നിരന്തരവും നൈസർഗ്ഗികവുമായ അനുഭവങ്ങളെ സൂചിപ്പിക്കുന്നു. ആഖ്യാനത്തിന്റെ ഏകമുഖത്തെ തകർക്കുന്ന വാല്മീകി രാമായണത്തിന്റെ ജൈവഘടനയെ ഈ വാക്ക് സുരക്ഷിതമായി ഉൾക്കൊള്ളുന്നു. മറ്റൊരർത്ഥത്തിൽ വാല്മീകി രാമായണത്തിന്റെ കൈവഴികളോരോന്നും തിരഞ്ഞ് ഈ രാമായണ പഠനവും ഏകമുഖമല്ലാത്ത പ്രവാഹാനുഭവമാകുന്നു. അധികാരം, സ്ത്രീ-പുരുഷ ബന്ധങ്ങൾ, പ്രകൃതി എന്നിവയോടൊപ്പം കാവ്യശരീരത്തിൽ പ്രവർത്തിക്കുന്ന സ്ഥലം, ശരീരം, ഓർമ്മ തുടങ്ങിയ ഘടകങ്ങളെക്കൂടി പിൻതുടർന്നുകൊണ്ടാണ് 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' ഈ പ്രവാഹം സാദ്ധ്യമാക്കുന്നത്.

'എന്തിൽക്കൊതി നിനക്കെന്റെ കായ്കളിലോ' എന്ന ബാലിയുടെ ചോദ്യം രാമന്റെ ധർമ്മാധികാര സങ്കല്പങ്ങളെ കീഴ്മേൽ മറിക്കുകയും അതിർത്തികളില്ലാത്ത ജീവിത വിചാരങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. വാല്മീകി രാമായണത്തിന്റെ സവിശേഷമായ പാഠതന്ത്ര വിശകലനത്തിലൂടെയാണ് ഈ പ്രവാഹങ്ങളെ ഗ്രന്ഥകാരൻ കണ്ടെത്തുന്നത്
'എന്തിൽക്കൊതി നിനക്കെന്റെ കായ്കളിലോ' എന്ന ബാലിയുടെ ചോദ്യം രാമന്റെ ധർമ്മാധികാര സങ്കല്പങ്ങളെ കീഴ്മേൽ മറിക്കുകയും അതിർത്തികളില്ലാത്ത ജീവിത വിചാരങ്ങളിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. വാല്മീകി രാമായണത്തിന്റെ സവിശേഷമായ പാഠതന്ത്ര വിശകലനത്തിലൂടെയാണ് ഈ പ്രവാഹങ്ങളെ ഗ്രന്ഥകാരൻ കണ്ടെത്തുന്നത്

ശരീരത്തെക്കുറിച്ചുള്ള പരികല്പനകൾ ഈ രാമായണ പഠനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. രാമന്റെ സഞ്ചാരങ്ങളെ പിൻതുടരുമ്പോഴും രാമശരീരത്തിന്റെ സൂക്ഷ്മ സ്വത്വത്തെ പൊളിച്ചെഴുതുന്ന കഥാ സന്ദർഭങ്ങളിലാണ് കൃതിയുടെ കണ്ണ്. രാമശരീരമെന്നാൽ ശരീരത്തിന്റെ ബാഹ്യാഡംബരങ്ങളായിരുന്നു നാരദന്റെ രാമായണത്തിൽ. വാല്മീകിയിലെത്തുമ്പോൾ ശരീരമെന്ന ബഹുരൂപിയായ അനുഭവം രാമശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളും പരിണാമങ്ങളും വ്യക്തമാകുന്നു. രാമന്റെ യാത്രയിലുടനീളം വ്യത്യസ്ത ശരീരങ്ങൾ ഈ ധർമ്മം നിർവ്വഹിക്കുന്നത് ഇവിടെ വിശകലന വിധേയമാകുന്നുണ്ട്.

വിശ്വാമിത്രനോടൊപ്പമുള്ള അയോധ്യ വിട്ടുള്ള രാമന്റെ ആദ്യ യാത്രയിൽത്തന്നെ താടകയുടെ ശരീരം രാമനെ പിടിച്ചുലക്കുന്നുണ്ട്. ഇവിടെ പെൺശരീരത്തിന്റെ തകർക്കപ്പെട്ട ബിംബത്തിലാണ് രാമന്റെ യാത്രാരംഭം. തുടർന്ന് യാത്രയിലുടനീളം സ്ത്രീ-പുരുഷ-വാനര-രാക്ഷസ ശരീരങ്ങളുടെ വ്യത്യസ്തങ്ങളായ വിനിമയങ്ങൾ രാമശരീരത്തെ പരിണമിപ്പിക്കുന്നതും രാമസഞ്ചാരം ക്രമേണ പുരുഷാഹങ്കാരത്തിന്റെ തകർച്ചയിലേക്ക് പരിക്രമിക്കുന്നതും കൃതി വിശകലനം ചെയ്യുന്നുണ്ട്.

'വികൃതശരീരങ്ങളുടെ പടയണി'യെന്ന് ഗ്രന്ഥകാരൻ ആരണ്യകാണ്ഡത്തെ നിരീക്ഷിക്കുന്നു. മനുഷ്യഭക്ഷകനായ വിരാധൻ, ശൂർപ്പണഖ, നക്തഞ്ചരി, തുടങ്ങിയ രാക്ഷസരുടെ ശരീര വൈകൃതങ്ങളുടെ സമൃദ്ധിയാണ് ആരണ്യകാണ്ഡത്തിൽ പടയണിയൊരുക്കുന്നത്. ബാലകാണ്ഡത്തിൽ അച്ചടക്കമുള്ള ധർമ്മനീതിയുടെ ശരീരങ്ങളാണെങ്കിൽ അധികാരത്തിന്റെ അച്ചടക്കത്തിലേക്ക് മെരുങ്ങാൻ മടിക്കുന്ന വന്യമായ കരുത്തിനെയാണ് ആരണ്യകാണ്ഡത്തിലെ ശരീരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. പരിധികളില്ലാത്ത ഹനൂമദ്ശരീരത്തിലേക്ക് ഇത് വളരുന്നു. വാനരരുടെ ശരീരവും ചലനവും യുദ്ധകാണ്ഡത്തിന്റെ ആമുഖമൊരുക്കുന്നു.

ജഡശരീരങ്ങളുടേതാകുന്നു യുദ്ധകാണ്ഡം. യുദ്ധം, ശരീരം, ശരീരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റം എന്നിവയെല്ലാം അവിടെ കടന്ന് വരുന്നു. അച്ചടക്കമുള്ള ശരീരങ്ങൾ, കുറിയതും ഭീമാകാരവുമായ ശരീരങ്ങൾ, എപ്പോൾ വേണമെങ്കിലും പരിണമിക്കാനിടയുള്ള ശരീരങ്ങൾ, വിരൂപവും സുന്ദരവുമായ ശരീരങ്ങൾ, അധികാരത്തെ വഹിക്കുന്ന ശരീരങ്ങൾ, തമസ്കരിക്കപ്പെടുന്ന ശരീരങ്ങൾ, അപ്രത്യക്ഷമാവുന്ന ശരീരങ്ങൾ… കാവ്യശരീരത്തോടൊപ്പം രാമായണത്തിന്റെ കാവ്യതന്ത്രത്തിൽ പ്രവർത്തിക്കുന്ന ശരീരത്തെയും വിനിമയങ്ങളെയും കണ്ടെടുക്കുന്നതാണ് ഈ പുസ്തകത്തെ ജീവിതത്തോട് അടുത്തുനിർത്തുന്നതെന്ന് നിസ്സംശയം പറയാം.

ശരീരത്തിന്റെ പരിണാമങ്ങൾക്കൊപ്പം കാവ്യശരീരത്തിൽ സംഭവിക്കുന്ന പരിണാമങ്ങളും 'ചരിത്രസഞ്ചാരങ്ങൾ' കണ്ടെത്തുന്നത് ശ്രദ്ധേയമാണ്. യുദ്ധകാണ്ഡത്തിൽ കാണുന്നത് ' കേന്ദ്രാഖ്യാനത്തിന്റെ മറുശരീരങ്ങളെയും ബദൽ സാദ്ധ്യതകളെയും അമർത്തിക്കളയുകയോ ഞെരിച്ചുകളയുകയോ ചെയ്യുന്ന പാഠതന്ത്രമാണെ'ന്ന നിരീക്ഷണം നോക്കൂ. യുദ്ധകാണ്ഡത്തിൽ മറ്റു കാണ്ഡങ്ങളിലേതുപോലുള്ള ഉപാഖ്യാനങ്ങൾ വിരളമാവുന്നു. യുദ്ധവിവരണത്തിന്റെ ക്രിയാപദങ്ങൾ സമൃദ്ധമാവുന്നു. ആരണ്യകാണ്ഡത്തിലും കിഷ്കിന്ധാകാണ്ഡത്തിലും ശരീരസാദ്ധ്യതകൾ സമൃദ്ധമാവുമ്പോൾ യുദ്ധകാണ്ഡം ആഖ്യാനത്തിന്റെ വിപരീതദിശയിലാണ്. ഹിംസയും ശരീരങ്ങളുടെ തകർച്ചയും മാത്രം. ഇത് കാവ്യശരീരത്തിലും പ്രകടം.

ജഡശരീരങ്ങളുടേതാകുന്നു യുദ്ധകാണ്ഡം. യുദ്ധം, ശരീരം, ശരീരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റം എന്നിവയെല്ലാം അവിടെ കടന്ന് വരുന്നു. (Sikh woodcut of a battle scene from the Ramayana എന്ന പേരിൽ വിക്കിപീഡിയ പ്രസിദ്ധീകരിച്ച ചിത്രം)
ജഡശരീരങ്ങളുടേതാകുന്നു യുദ്ധകാണ്ഡം. യുദ്ധം, ശരീരം, ശരീരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റം എന്നിവയെല്ലാം അവിടെ കടന്ന് വരുന്നു. (Sikh woodcut of a battle scene from the Ramayana എന്ന പേരിൽ വിക്കിപീഡിയ പ്രസിദ്ധീകരിച്ച ചിത്രം)

സീതാസമേതനായ രാമൻ അയോധ്യ വിട്ട് വനാന്തർഭാഗത്ത് ചിത്രകൂടത്തിലേക്ക് പ്രവേശിക്കുന്നതോടെ രാമന്റെ ഭാഷാവ്യവഹാരങ്ങളിലും കാവ്യഭാഷയിലും സംഭവിക്കുന്ന മാറ്റങ്ങൾ അയോധ്യാകാണ്ഡ വിശകലന സമയത്ത് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. സൗമ്യസുന്ദരമായ ഭാഷയും കാവ്യശരീരവുമാണ് പ്രകൃതിയുടെ സ്വാധീനത്തിനൊപ്പം സംഭവിക്കുന്നത്. കേവലകാവ്യസങ്കേതമായല്ല, അയോധ്യയുടെ അധികാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭാഷാഘടനയിൽനിന്ന് പുറത്തേക്കുള്ള രാമന്റെ സൗമ്യസഞ്ചാരമായാണ് ഇതിനെ വായിച്ചെടുക്കുന്നത്. യുദ്ധകാണ്ഡത്തിൽ ക്രിയാരൂപങ്ങളെങ്കിൽ പ്രകൃതിവർണ്ണനയും ബിംബാവലികളും നിറയുന്ന കാവ്യശരീരമാണ് ചിത്രകൂട സന്ദർഭത്തിൽ സംഭവിക്കുന്നത്.

സ്ഥലരാശി കഥാപാത്ര സ്വത്വത്തിലും വ്യവഹാരങ്ങളിലും കാവ്യശരീരത്തിലും വരുത്തുന്ന സ്വാധീനത്തെയും പ്രതിനിധാനത്തെയും കണ്ടെത്തുന്ന വഴി കൃതിയിൽ ശക്തിപ്പെടുന്നത് കാണാം. ശരീരത്തെക്കുറിച്ചുള്ള പരികല്പനകൾ പോലെ സ്ഥലത്തെക്കുറിച്ചും. രാമന്റെ മുന്നോട്ടുള്ള യാത്രയിൽ പിന്നിടുന്ന സ്ഥലരാശി രാമനിലുണ്ടാക്കുന്ന വിച്ഛേദങ്ങളെ പിൻതുടരുന്നതുവഴി നമുക്കു മുന്നിൽ മറ്റൊരു രാമായണം നിവർന്നു വരുന്നു. അയോധ്യ വിട്ട് കാട്ടിലേക്കും അവിടെനിന്ന് സീതാവിമോചനത്തിനായി ലങ്കയിലേക്കും അയോധ്യയിലേക്ക് തിരിച്ചുമാണ് രാമന്റെ യാത്ര. ഇവയിൽത്തന്നെ അയോധ്യ-കാട്-ലങ്ക എന്നീ സ്ഥലങ്ങൾ രാമസ്വത്വത്തിൽ കലരുകയും കൊഴിയുകയും ചെയ്യുന്നത് കൃതി വിശകലനം ചെയ്യുന്നുണ്ട്. കാവ്യാരംഭം മുതൽ അയോധ്യ അധികാരഘടനയുടെ രൂപകമാണ്. ദശരഥനെക്കുറിച്ചുള്ള കാവ്യസൂചകങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും അത് വന്ധ്യവും ഊഷരവുമായ അധികാര കേന്ദ്രമാകുന്നു. അധികാരത്തിനു വേണ്ടിയുള്ള ഉപജാപങ്ങളും കൊട്ടാരവിപ്ലവങ്ങളും വിലാപങ്ങളുമാണ് അയോധ്യ. അധികാരഘടനയോട് ചേർന്നുനിൽക്കുമ്പോഴെല്ലാം രാമസ്വത്വത്തിൽ പ്രവർത്തിക്കുന്നത് അയോധ്യയുടെ നിക്ഷേപങ്ങളാണെന്ന് ഈ കൃതി വായിച്ചെടുക്കുന്നു.

അയോധ്യ-കാട്-ലങ്ക എന്നതിനെ രാമൻ-സീത-രാവണൻ എന്ന് വായിച്ചെടുക്കാനും ഈ കൃതി പ്രേരിപ്പി്ക്കുന്നുണ്ട്. രാമനെ അധികാരത്തിന്റെ കൊട്ടാരത്തിൽ നിന്ന് ഭൂമിയോളം മനുഷ്യനാക്കുന്ന സാന്നിദ്ധ്യം സീതയുടേതാണ്. Photo : wikipedia
അയോധ്യ-കാട്-ലങ്ക എന്നതിനെ രാമൻ-സീത-രാവണൻ എന്ന് വായിച്ചെടുക്കാനും ഈ കൃതി പ്രേരിപ്പി്ക്കുന്നുണ്ട്. രാമനെ അധികാരത്തിന്റെ കൊട്ടാരത്തിൽ നിന്ന് ഭൂമിയോളം മനുഷ്യനാക്കുന്ന സാന്നിദ്ധ്യം സീതയുടേതാണ്. Photo : wikipedia

അയോധ്യ വിട്ടിറങ്ങുന്ന രാമൻ യാത്ര ചെയ്തെത്തുന്നത് കാട്ടിലാണ്. അധികാരത്തിന്റെ കടന്നുകയറ്റം അല്പം പോലുമെത്താത്ത കാട് അഭയസ്ഥാനമാണ്. അയോധ്യയിൽ നിന്ന് വിഭിന്നമായ വ്യവഹാരങ്ങളും ശരീരങ്ങളും ധർമ്മസംഹിതകളും പുലരുന്ന കാട് രാമനെ സന്ദേഹിയാക്കുന്നു. കാട്ടിലെത്തി രാമനെ സന്ദർശിക്കുന്ന ഭരതൻ അയോധ്യയെ ശരീരത്തിൽ പേറുന്നുണ്ട്. ഭരതന് പാദുകം അഴിച്ചു നൽകുന്ന രാമൻ സ്വന്തം ശരീരത്തിൽനിന്ന് അയോധ്യയെത്തന്നെ അഴിച്ചുനൽകാൻ വെമ്പുന്ന സന്ദേഹിയായ രാമനാണെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്. 'എന്തിൽക്കൊതി നിനക്കെ'ന്ന ബാലിയുടെ ചോദ്യം പോലും വാനരരുടെ നിയമസംഹിതകളിൽ തീർപ്പു കല്പിക്കാനുള്ള മനുഷ്യരുടെ അധികാരത്തെ വരെ ചോദ്യം ചെയ്യുന്നുണ്ടാവാം. അയോധ്യ വിട്ടിറങ്ങുന്ന രാമന്റെ സഞ്ചാരം പുരോഗമിക്കുന്നത് ഈ വിധം അപരിചിതമായ ജീവിതങ്ങളിലൂടെയുള്ള യാത്രയായാണ്. 'തൊടുന്നിടത്തെല്ലാം തീ പിടിപ്പിക്കുകയും ആളിപ്പടരുന്ന ജ്വാലകളിൽ നിന്ന് പൊള്ളലേൽക്കുകയും ചെയ്തുകൊണ്ടാണ് രാമസഞ്ചാരങ്ങൾ നീളുന്നത് ' എന്ന വാക്യം അടിവരയിടുന്നതും അതാണ്.

കാടുകടന്നെത്തുന്ന ലങ്കയാവട്ടെ അധികാരത്തിന്റെ മറ്റൊരു കോട്ടയാവുന്നു. കാട് എന്ന സ്ഥലത്ത് സൗമ്യനാവുന്ന രാമൻ ലങ്കയിലെത്തുമ്പോൾ അയോധ്യയിൽ ശീലിച്ച അധികാര ഘടനയിലേക്ക് തിരിച്ചുപോകുന്നതു കാണാം. രാവണ വധാനന്തരം സീതാ വിമോചനത്തിലേക്കും തുടർന്ന് സീതാ തിരസ്‌കാരത്തിലേക്കും നയിക്കുന്നതും മറ്റൊന്നല്ല. പ്രകൃതിയെയും സീതയെയും ഉൾക്കൊള്ളാൻ വെമ്പുന്ന സ്വത്വഘടന നിലനിർത്തുമ്പോഴും അയോധ്യ മുന്നോട്ടു വയ്ക്കുന്ന ധാർമ്മിക വ്യവസ്ഥയുടെ വിശ്വസ്ത ഭടനാവുന്ന രാമനെ ഇവിടെ ദൃശ്യമാണ്. സ്ഥലരാശിയുടെ പ്രതിനിധാനങ്ങൾ ഈ വായനയിൽ വിപുലപ്പെടുന്നുണ്ട്.

അയോധ്യ-കാട്-ലങ്ക എന്നതിനെ രാമൻ-സീത-രാവണൻ എന്ന് വായിച്ചെടുക്കാനും ഈ കൃതി പ്രേരിപ്പി്ക്കുന്നുണ്ട്. രാമനെ അധികാരത്തിന്റെ കൊട്ടാരത്തിൽ നിന്ന് ഭൂമിയോളം മനുഷ്യനാക്കുന്ന സാന്നിദ്ധ്യം സീതയുടേതാണ്. സീത എപ്പോഴും രാമനെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്ന ജൈവസാന്നിദ്ധ്യമാകുന്നു. കാട് രാമനിൽ പ്രവർത്തിക്കുന്നതുപോലെ സീതയും. സീത പ്രകൃതിതന്നെയാകുന്നു. 'മയിൽപ്പേട പോലെ'യെന്ന രാമായണത്തിലെ വിശേഷണം ഗ്രന്ഥകാരനും ആവർത്തിക്കുന്നുണ്ട്. അടുക്കുമ്പോഴും അകലുമ്പോഴും രാമസ്വത്വത്തിൽ നിറഞ്ഞുവിലസുന്ന സീതയെ ഈ പ്രയോഗം ഉൾക്കൊള്ളുന്നു. പുരുഷാധികാരങ്ങൾക്കിടയിൽ നിൽക്കുന്ന സ്ത്രീ അധികാരഘടനകളെ പൊളിച്ചെഴുതുന്നതാണ് സീതയുടെ സഞ്ചാരം. അധികാരത്തിന്റെ ധർമ്മശാസനങ്ങളുടെ പരിധിയിലേക്ക് രാമൻ ആഴ്ന്നു പോകുമ്പോൾ സീത വിമുഖതയോടെ പിൻമാറുന്നത് ഈ കൃതി വ്യക്തമാക്കുന്നു. സീത മാത്രമല്ല ആത്മബോധം നേടിയ സ്ത്രീസ്വത്വത്തിന്റെ സാന്നിദ്ധ്യം അധികാരകേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നത് രാമായണത്തിലുടനീളം കാണാം. വ്യവസ്ഥാപിത ധർമ്മനീതികളുടെ പുറംമോടികൾ തകർത്ത് ശരീരത്തിന്റെ തൃഷ്ണകളെയും കാമനകളെയും ആവിഷ്‌കരിക്കാൻ കെൽപ്പുള്ള രാമായണ നായികമാരെ ഈ കൃതി മുന്നോട്ടു കൊണ്ടുവരുന്നു.

കാട്ടിലെത്തി രാമനെ സന്ദർശിക്കുന്ന ഭരതൻ അയോധ്യയെ ശരീരത്തിൽ പേറുന്നുണ്ട്. Photo : wikipedia
കാട്ടിലെത്തി രാമനെ സന്ദർശിക്കുന്ന ഭരതൻ അയോധ്യയെ ശരീരത്തിൽ പേറുന്നുണ്ട്. Photo : wikipedia

'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' പലയിടത്തും ഒരു അവതരണ പഠനത്തിന്റെ സമീപനം അനുഭവിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ. രാമായണത്തിന്റെ പാഠപ്രപഞ്ചം ജി. ദിലീപനു മുന്നിൽ രംഗപ്രപഞ്ചമായി പരിണമിക്കുന്നുവെന്ന് തോന്നും. 'വികൃത ശരീരങ്ങളുടെ പടയണി'യെന്ന പ്രയോഗത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. 'സീതാവിയോഗത്തിനുള്ള അരങ്ങ്', 'ശൂർപ്പണഖ അണിയലങ്ങളണിഞ്ഞ് അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്' തുടങ്ങി പലയിടങ്ങളിലും ഈ സമീപനം പ്രത്യക്ഷമാവുന്നത് കാണാം. രാമായണത്തിലെ സ്ഥല-കാല-ശരീരങ്ങളുടെ സൂക്ഷ്മാന്വേഷണവും ഗ്രന്ഥകാരനിൽ അവതരണകലകൾ സൃഷ്ടിച്ച സ്വാധീനത്തിന്റെ തുടർച്ചതന്നെയാവണം.

അധികാരം-അധികാരത്തിനെതിരെയുള്ള കലാപം, ധർമ്മം-അധർമ്മം തുടങ്ങി കേവല ദ്വന്ദ്വങ്ങളെ കണ്ടെത്തി അതുവഴി മാത്രം മുന്നോട്ടു പോകുന്ന പതിവു രാമായണവായനകളുടെ ദൗർബ്ബല്യം ഈ കൃതിയെ ബാധിക്കുന്നില്ല. എന്നാൽ അധികാരഘടനയുടെ ഉള്ളിൽത്തന്നെ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളിലേക്കും ഹിംസാത്മകതയിലേക്കും പുരുഷാഹങ്കാരങ്ങളിലേക്കും ഈ കൃതി കണ്ണ് തുറക്കുന്നു. പുസ്തകത്തിന്റെ കവർ ചിത്രത്തിൽ ടെലിവിഷനിൽ രാമായണം കാണുന്ന സാധാരണമനുഷ്യരുണ്ട്. സീതാരാമസംയോഗത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന സ്ത്രീയും പുരുഷനും. മലയാളി ആവർത്തിച്ചു വായിക്കുന്ന രാമായണത്തെ പുതിയ വായനകളിലൂടെ വർത്തമാനജീവിതത്തിലേക്കും ശരീരങ്ങളിലേക്കും ഓർമ്മകളിലേക്കും ഇറക്കി നിർത്തുന്നതാണ് 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' എന്ന കൃതി നിർവ്വഹിക്കുന്ന ചരിത്രദൗത്യം.


Summary: K Jayanandan reviews G Dileepan's Ramayanathinte Charithra Sancharangal.


കെ. ജയാനന്ദൻ

കലാന്വേഷകൻ. രംഗകലാ പഠനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഫോ​​ട്ടോഗ്രഫി, ആർട്ട്​ ഡോക്യുമെന്റേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നു

Comments