സ്വതന്ത്ര ഇന്ത്യയിലെ
ആദ്യ വോട്ടർ,
വി.കെ. കൃഷ്ണമേനോന്റെ
കാമ്പയിന് വന്ന രാംജത് മലാനി

കെ. രാജേന്ദ്രൻ രചിച്ച ‘ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം’ എന്ന പുസ്തകത്തിന്റെ വായന. അക്ബർ അണ്ടത്തോട് എഴുതുന്നു.

‘എന്താണ് നിങ്ങളുടെ പേര്?'
ഹരിയാനയിലെ റോഥക്കിലെ ഒരു ഗ്രാമത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ എത്തിയ ഉദ്യോഗസ്ഥന്റെ ചോദ്യം കേട്ടപ്പോൾ സ്ത്രീകൾ പകച്ചു.

സാരിത്തലപ്പുകൊണ്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചോദ്യം: 'എന്തിനാണ് ഞങ്ങളുടെ പേരുകൾ അറിയുന്നത്?'

തെരെഞ്ഞടുപ്പുദ്യോഗസ്ഥർ തങ്ങൾക്കു ലഭിച്ച പരീശീലന പരിപാടിയിലെ പാഠങ്ങൾ സ്ത്രീകൾക്കു മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ചു.
‘‘അറിഞ്ഞില്ലേ? നമ്മുടെ പ്രധാനമന്ത്രിയെ, മന്ത്രിമാരെ, ലോക്‌സഭാംഗങ്ങളെ എല്ലാം ഇനി ഇനിനമ്മൾ തന്നെ തെരെഞ്ഞടുക്കും. നിങ്ങൾക്കെല്ലാം വോട്ടവകാശമുണ്ട്. വോട്ടു ചെയ്യണമെങ്കിൽ വോട്ടർപട്ടികയിൽ പേരു ചേർക്കണം. നിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാനാണ് ഞാൻ വന്നിരിക്കുന്നത്’’.

സ്ത്രീകൾക്കു സന്തോഷമായി. പക്ഷേ, മറുപടി ഇങ്ങനെയായിരുന്നു: 'ഞാൻ രാംലാലിന്റെ ഭാര്യ’, ‘ഞാൻ ധനശ്യാമിന്റെ ഭാര്യ’, ‘ഞാൻ മധുപാലിന്റെ ഭാര്യ’.

അവരാരും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ തയ്യാറായില്ല. സ്വന്തം പേര് വോട്ടർപട്ടികയിൽ ചേർക്കുന്നതുപോലും പലർക്കും അപരാധമായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ തെരെഞ്ഞെടുപ്പു കമ്മീഷണർ സുകുമാർ സെൻ.
ഇന്ത്യയിലെ ആദ്യത്തെ തെരെഞ്ഞെടുപ്പു കമ്മീഷണർ സുകുമാർ സെൻ.

വോട്ടർ പട്ടികയ്ക്ക് അന്തിമരൂപം നൽകാനായി ദില്ലിയിലെ തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് യോഗം ചേർന്ന ഉദ്യോഗസ്ഥരെ ആ കണക്കു ഞെട്ടിച്ചു. സ്വന്തം പേരിന്റെ സ്ഥാനത്ത് ഭർത്താവിന്റെ പേരു ചേത്താൽ മതിയെന്ന് അറിയിച്ചത് 20 ലക്ഷം സ്ത്രീകൾ. സ്വന്തം പേരു പറയാൻ മടിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ആർക്കും വോട്ടവകാശം നിഷേധിക്കരുതെന്ന ആവശ്യമുയർന്നു. പക്ഷെ, ആദ്യ തെരെഞ്ഞെടുപ്പു കമ്മീഷണർ സുകുമാർ സെൻ സമ്മതിച്ചില്ല. ബംഗാളിൽ നിന്നുള്ള ആ കാർക്കശ്യക്കാരൻ ഉറച്ച നിലപാടെടുത്തു. 'പേരു പറയാൻ മടിക്കുന്നവർ വോട്ടു ചെയ്യേണ്ട'. ചെറിയൊരു വിട്ടുവീഴ്ചക്കു സെൻ തയ്യാറായി. സ്ത്രീകൾക്കുവേണ്ടി പ്രത്യേക പോളിങ്ങ് ബൂത്തുകൾ ആവാം. അവർ പുരുഷസാന്നിധ്യം ഇല്ലാത്തിടത്ത് വോട്ടു ചെയ്തോട്ടെ.

കെ. രാജേന്ദ്രൻ രചിച്ച് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ തിഞ്ഞെടുപ്പ് ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ തുടക്കമാണിത്.

കേരളം തദ്ദേശ തെരഞ്ഞെടുപ്പിന് ബൂത്തിലേക്കു നീങ്ങുകയാണല്ലോ. തദ്ദേശീയരെ തെരെഞ്ഞെടുക്കുന്ന ആകാംക്ഷക്കും എസ്.ഐ.ആറിന്റെ നൂലാമാലകൾക്കിടയിൽ നട്ടംതിരിയുകയാണല്ലോ കേരളമിപ്പോൾ. ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ പുസ്തകമാണിത്. നൂറ്റാണ്ടുകൾ നീണ്ട വൈദേശികാധിപത്യത്തിൽ നിന്നു മോചിതമായി അനേക നാട്ടുരാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ, ഇന്ത്യാ മഹാരാജ്യം തെരഞ്ഞടുപ്പു പ്രക്രിയയിലേക്കു നീങ്ങിയതെങ്ങനെ, ഇന്നിക്കാണുന്ന രീതിയിലേക്കുള്ള അതിന്റെ വളർച്ചയും തളർച്ചയും എങ്ങനെ സംഭവിച്ചു എന്നീ ചോദ്യങ്ങൾ നേരിടാനുള്ള കൈപ്പുസ്തകമാണ് ‘ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം’.

എന്തിനാണ് നമ്മൾ ചരിത്രം പഠിക്കുന്നത്? ഈ ചോദ്യത്തിന് അടുത്തിടെ രസകരവും കൃത്യവുമായ ഉത്തരം കേട്ടത്, വയലാർ അവാർഡ് സ്വീകരിച്ച് എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ നടത്തിയ മറുപടി പ്രസംഗത്തിലാണ്. അധ്യാപകനായ അദ്ദേഹത്തിന്റെ സുഹൃത്ത് ക്ലാസിലെ കുട്ടികളോട് ചോദിച്ച ‘എന്തിനാണ് വെറുതെ ചരിത്രം പഠിക്കുന്നത്’ എന്ന, ചരിത്രം നേരിട്ട ഏറ്റവും ചിരപുരാതന അരാഷ്ട്രീയ മെറ്റീരിയലിസ്റ്റിക് ചോദ്യത്തെ ഒരു മിടുക്കൻ നേരിട്ടതിങ്ങനെ: 'മാഷേ, നമ്മൾ മുന്നിലേക്കാണ് ഡ്രൈവ് ചെയ്യുന്നതെന്നു കരുതി പിന്നിലെ കാഴ്ചകൾ തരുന്ന കണ്ണാടികൾ നോക്കാതിരുന്നാലെങ്ങനെ? റിയർ ഗ്ലാസിലെ കാഴ്ചകൾ കൂടി കണ്ടും സൂക്ഷിച്ചും വണ്ടിയാട്ടിയില്ലേൽ യാത്ര അപകടത്തിൽ ചാടും."
അതെ, പിന്നിട്ട വഴിയെക്കുറിച്ച അറിവും ധാരണയും മുന്നോട്ടുള്ള ഗമനത്തിൽ അത്യന്താപേക്ഷിതം തന്നെ. ആ നിലക്ക് രാഷ്ട്രഭാവിയിൽ താത്പര്യമുള്ള രാഷ്ട്രീയ പ്രവർത്തകരും സമ്മതിദായകരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണിത്.

രാഷ്ട്രഭാവിയിൽ തൽപരരും ആത്മാർഥരുമായ രാഷ്ട്ര ശിൽപികൾ ഇന്ത്യൻ മതേതര ജനാധിപത്യത്ത കരുപ്പിടിപ്പിച്ച രീതിയും, അവർ വളർത്തിയെടുത്ത കുറ്റമറ്റ തെരെഞ്ഞെടുപ്പു രീതിയും, രാഷ്രീയ അതികായന്മാരെപ്പോലും മലർത്തിയടിച്ച തെരെഞ്ഞുടുപ്പു രാഷ്ട്രീയത്തിന്റെ ആന്തരികശക്തിയും ഈ പുസ്തകം സവിസ്തരം പ്രതിപാതിക്കുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ

314 ഏകാംഗ മണ്ഡലങ്ങളും 172 ദ്വയാംഗ മണ്ഡലങ്ങളും മൂന്ന് ത്രയാംഗ മണ്ഡലങ്ങളുമടക്കം 489 മണ്ഡലങ്ങളിലാണ് ആദ്യ വോട്ടെടുപ്പു നടന്നത്. 1951 ഒക്ടോബർ 25ന് ഹിമാചൽപ്രദേശിലെ ചിനിതഹ്സിലെ ബൂത്തിലായിരുന്നു സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വേട്ടെടുപ്പ്. മാണ്ടി മഹാസു പാർലമെന്റ് മണ്ഡലത്തിലെ ശ്യാംശരൺ നേഖിയാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. മഞ്ഞുവീഴ്ചയുണ്ടാകുമെന്ന കാരണത്താൽ അഞ്ചു മാസം നേരത്തെ ഈ ബൂത്തിൽ വോട്ടെടുപ്പു നടന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വോട്ടു ചെയ്ത വ്യക്തിയെന്ന റെക്കോർഡും ശ്യാംശരൺ നേഖിയുടെ പേരിലാണ്. 2017 നവംബർ 9- ന് ഹിമാചൽപ്രദേശ് നിമയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ നേഖിക്ക് വയസ്സ് നൂറ്.

അംബേദ്കറുടെ പരാജയം

ഭരണഘടനയുടെ അവസാന മിനുക്കുപണികളും കഴിഞ്ഞ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നിന്ന് പുറത്തിറങ്ങവെ ഭരണഘടനയുടെ മുഖ്യശിൽപി ഡോ. ബി.ആർ. അംബേദ്ക്കർക്കു ചുറ്റും അംഗങ്ങൾ കൂടി. രാജ്യം ആദ്യ തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ അദ്ദേഹം എവിടെയാവും മൽസരിക്കുക എന്നായിരുന്നു അവർക്കറിയണ്ടിയിരുന്നത്. 'ബോംബെ സിറ്റി നോർത്ത്', അബേദ്കർക്ക് ഒട്ടും സംശയമില്ലായിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ഹിമാചൽ പ്രദേശിലെ മാണ്ടി മഹാസു പാർലമെന്റ് മണ്ഡലത്തിലെ ശ്യാംശരൺ നേഖി. 2017 നവംബർ 9- ന് ഹിമാചൽപ്രദേശ് നിമയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ നേഖിക്ക് വയസ്സ് 100.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ഹിമാചൽ പ്രദേശിലെ മാണ്ടി മഹാസു പാർലമെന്റ് മണ്ഡലത്തിലെ ശ്യാംശരൺ നേഖി. 2017 നവംബർ 9- ന് ഹിമാചൽപ്രദേശ് നിമയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ നേഖിക്ക് വയസ്സ് 100.

ചിലർ തിരുത്താൻ ശ്രമിച്ചു. ബോംബെ സിറ്റി നോർത്തിൽ ദലിതർ കുറവാണ്. മഹാരാഷ്ട്രയിലെ സോളാപ്പൂർ, ഹൈദരാബാദിലെ കരീംഗഞ്ച് എന്നിങ്ങനെ ജയസാധ്യതയുള്ള മണ്ഡലങ്ങൾ പലതുണ്ട്. പക്ഷേ അദ്ദേഹം സിറ്റിനോർത്തിൽ ഉറച്ചുതന്നെ നിന്നു. എന്നാൽ, ആ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി, ഭരണഘടനാശിൽപിയും, ആദ്യ നിയമന്ത്രിയും ദലിതരുടെ വിമോചകനുമായ ബി.ആർ. അംബേദ്കർ ബോംബെ സിറ്റി നോർത്തിൽ, പാൽ വിൽപനക്കാരനും രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത ആളുമായ കോൺഗ്രസ് സ്ഥാനാർഥി കജ്രോൾക്കറിനോട് ദയനീയ പരാചയം ഏറ്റുവാങ്ങിയതായിരുന്നു. ദലിതനായ അംബേദ്കറെ ആദ്യ രാഷ്ട്രപതിയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്ന മഹാത്മാഗാന്ധി, ആ മഹാനായ ദലിത് നേതാവിന്റെ പരാജയം കാണാൻ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

ആദ്യ തെരഞ്ഞടുപ്പു കമീഷൻ

ആദ്യ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായതോടെ തെരെഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നിന്റെ ഖ്യാതി ആഗോള തലത്തിലെത്തി. സുഡാൻ എന്ന ആഫ്രിക്കൻ രാജ്യം സ്വാതന്ത്യം നേടിയ കാലം. സുഡാൻ സർക്കാർ തെരെഞ്ഞെടുപ്പു നിരീക്ഷകനായി സുകുമാർസെന്നിനെ ക്ഷണിച്ചു. ഒമ്പത് മാസം സുഡാനിൽ താമസിച്ച് അദ്ദേഹം തെരഞ്ഞെടുപ്പു പ്രക്രിയ മികച്ച രീതിയിൽ പൂർത്തീകരിച്ചു.

രാംജത് മലാനിയുടെ തമാശ

1962- ലെ പൊതുതെരെഞ്ഞെടുപ്പിന്റെ കാലം. മലയാളിയായ വി. കെ. കൃഷ്ണമേനോൻ ബോംബെ നോർത്തിൽ മത്സരിക്കുന്നു. അതികായനായ ആചാര്യ കൃപലാനിയായിരുന്നു എതിരാളി. ഇന്ത്യ - ചൈന അതിർത്തിത്തർക്കങ്ങളിൽ നെഹ്റു സർക്കാർ, പ്രത്യേകിച്ച് പ്രതിരോധമന്ത്രി കൃഷ്ണമേനോൻ, ശക്തമായ നിലപാടെടുക്കുന്നില്ല എന്ന ആരോപണം ശക്തമായ കാലം. കൃപലാനിയുടെ ഹിന്ദി പ്രസംഗങ്ങൾ ആൾക്കൂട്ടങ്ങളെ കയ്യിലെടുത്ത് അമ്മാനമാടി. മത്സരം ഇന്ത്യയും ചൈനയും തമ്മിലെന്ന പ്രതീതി. കൃഷ്ണമേനോനാകട്ടെ ഹിന്ദി വശമില്ല. ഇംഗ്ലീഷ് പ്രസംഗങ്ങളുടെ പരിഭാഷകനായി പ്രമുഖ അഭിഭാഷകൻ രാംജത് മലാനി എത്തുന്നു.

ഡോ. ബി.ആർ. അംബേദ്ക്കർ 1952-ലെ ഇലക്ഷൻ കാമ്പയിനിൽ.
ഡോ. ബി.ആർ. അംബേദ്ക്കർ 1952-ലെ ഇലക്ഷൻ കാമ്പയിനിൽ.

ഒരിക്കൽ മാസക്കോൺ ഡോക്കിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു കൃഷ്ണമേനോൻ. പരിഭാഷകൻ രാംജത് മലാനിയും. കൃഷ്ണമേനോന്റെ പ്രസംഗം തൊഴിലാളികൾക്കു ദുർഗ്രാഹ്യമായിരുന്നു. എന്നാൽ പരിഭാഷകന്റെ ഓരോ വാക്കും അവരെ രസിപ്പിച്ചു. കയ്യടിച്ചും ആർപ്പുവിളിച്ചും അവർ പ്രോൽസാഹിപ്പിച്ചു. പ്രസംഗം കഴിഞ്ഞപ്പോൾ കൃഷ്ണനോന്റെ സംശയം.- 'എന്തിനാണ് ജനങ്ങൾ ചിരിച്ചിരുന്നത്, ഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ?'

ജത്‌മലാനിയുടെ മറുപടി: 'അതെല്ലാം ഞാൻ ഉണ്ടാക്കിപ്പറഞ്ഞതാ. കാര്യം മാത്രം പറഞ്ഞാൽ പോരാ, ജനങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ പറയണം.'

ഇന്ന് കാലം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ സാങ്കേതികത വളർന്നെങ്കിലും ധാർമ്മിക കൈമോശം വന്നു. കമ്മീഷണർമാർ അധികാരത്തിന്റെ പാവകളായി. ഭരണകൂടങ്ങൾക്ക് അനഭിമതരായ വോട്ടർമാരെ പുറംതള്ളാൻ അവർ കൂട്ടുനിൽക്കുന്നു.

ഇലക്ഷൻ എഞ്ചിനീയറിംഗ്

2014- ലെ പൊതുതെരഞ്ഞടുപ്പു കാലം. ഉത്തർപ്രദേശിലെ മീററ്റ് നഗരത്തിലെ ബാർബർമാരെല്ലാം ഒരു സുപ്രഭാതത്തിൽ ബി ജെ പി പ്രചാരകരായി മാറി. മുടിവെട്ടാനായി ആരെങ്കിലും കസേരയിലിരുന്നാൽ ഉടൻ പറഞ്ഞുതുടങ്ങും. 'ഞാൻ സമാജ് വാദി പാർട്ടിക്കാരനാ, പക്ഷെ ഇത്തവണ വോട്ട് ബി ജെ പിക്കുതന്നെ.' ഇത് സഹിക്കാനാവാതെ ആസിഫ് മുർഷിദ് എന്നയാൾ അവിടെ നിന്നിറങ്ങി അടുത്ത ബാർബർ ഷാപ്പിൽ കയറി. കസേരയിൽ ഇരുന്നതും ആ ബാർബറും പറയാൻ തുടങ്ങി: 'ഞാൻ സമാജ് വാദി പാർട്ടിക്കാരനാ, പക്ഷെ ഇത്തവണ വോട്ട് ബി ജെ പിക്കു തന്നെ’. പിന്നീടാണ് മുഴുവൻ ബാർബർമാരെയും ഒരു പി.ആർ ഏജൻസി വിലക്കെടുത്തതായിരുന്നു എന്ന യാഥാർഥ്യം ആസിഫിനു പിടികിട്ടിയത്.

1962- ലെ പൊതുതെരഞ്ഞെടുപ്പിൽ  മലയാളിയായ വി. കെ. കൃഷ്ണമേനോൻ ബോംബെ നോർത്തിൽ മത്സരിച്ചപ്പോൾ ആചാര്യ  കൃപലാനിയായിരുന്നു എതിരാളി.
1962- ലെ പൊതുതെരഞ്ഞെടുപ്പിൽ മലയാളിയായ വി. കെ. കൃഷ്ണമേനോൻ ബോംബെ നോർത്തിൽ മത്സരിച്ചപ്പോൾ ആചാര്യ കൃപലാനിയായിരുന്നു എതിരാളി.

പ്രശാന്ത് കിഷോർ ആയിരുന്നു ബി ജെ പിയുടെ പി ആർ പ്രചാരണങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഐക്യരാഷ്ട്രസംഘടനക്കു കീഴിൽ പൊതുജനാരോഗ്യ വിദഗ്ദനായി ജോലി ചെയ്തിരുന്ന പ്രശാന്ത് കിഷോർ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഗുജറാത്തിൽ വന്നത്. പെട്ടെന്നു നരേന്ദ്ര മോദിയുടെ വിശ്വസ്തനായി. 2012-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വിജയത്തിനായുള്ള ബഹുജനസമ്പർക്ക പരിപാടി ഏറ്റെടുത്തു. അന്ന് നല്ല ഭൂരിപക്ഷത്തിൽ മോദി അധികാരത്തിൽ വന്നതോടെ കൂടുതൽ വിശ്വസ്തനായി.

2014- ൽ പ്രശാന്ത് കിഷോർ മാത്രമായിരുന്നില്ല, ഒഗിൽവെ ആന്റ് മാത്തേഴ്സ് ഗ്രൂപ്പിന്റെ പിയൂഷ് പാണ്ഡെ, മെക്കാൻ വേൾഡിന്റെ പ്രസൂൺ ജോഷി, മാഡിസൺ വേൾഡിന്റെ സാൻ ബാൾ സാര എന്നിവരെല്ലാം മോദിക്കായി അണിനിരന്നു. അങ്ങനെ 'അബ്കീ ബാർ മോദി സർക്കാർ' എന്ന പരസ്യവാചകം യാഥാർഥ്യമായി.

അറിഞ്ഞോ അറിയാതെയോ മതേതരകക്ഷികളുടെ ഹിന്ദുത്വ ശക്തികളുമായുള്ള എൻഗേജ്മെന്റ് എത്രമാത്രം ബി ജെ പിയുടെ വളർച്ചക്കു വളമായെന്ന യാഥാർഥ്യം ഈ പുസ്തകം വായിക്കവേ നമുക്ക് ബോധ്യമാകും.

പാർട്ടികളുടെയും ചിഹ്നങ്ങളുടെയും മുന്നണികളുടെയും മുദ്രാവാക്യങ്ങളുടെയും ചരിത്രം, വിഖ്യാത കാലുമാറ്റങ്ങൾ..... എല്ലാം കൗതുകപൂർവ്വം പരാമർശിച്ചുപോകുന്നു ഈ പുസ്തകം.

(ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം, കെ. രാജേന്ദ്രൻ, ചിന്ത ചിബ്ലിഷേഴ്സ്, വില: 240).

Comments