സദി കാർനോ

ജീവൻ ഒരു ക്രിയയാണ്;
​ഇതാ വീണ്ടും ഷ്രോഡിംഗറുടെ പൂച്ച

""...ജർമ്മനിയിൽ, പ്രകൃതിശക്തികളുടെ പരിവർത്തനം-ഉദാഹരണത്തിന് താപം, യാന്ത്രികോർജ്ജം മുതലായവ- വളരെ അസംബന്ധമായ ഒരു സിദ്ധാന്തത്തിന് കാരണമായിട്ടുണ്ട്, ഇത് ആകസ്മികമായി ലാപ്ലേസി (Pierre-Simon Laplace)ന്റെ പഴയ സിദ്ധാന്തത്തെ പിന്തുടരുന്നു, അതേസമയം ഗണിത ശാസ്ത്രപരമായ തെളിവുകൾ ഉപയോഗിച്ച് അതിനെ പ്രദർശിപ്പിക്കുന്നു: ലോകം ക്രമാനുഗതമായി തണുക്കുകയാണെന്നും, പ്രപഞ്ചത്തിലെ താപനില കുറയുന്നുവെന്നും, ഒടുവിൽ, എല്ലാ ജീവനും അസാധ്യമാകുന്ന ഒരു നിമിഷം വരുമെന്നും, ലോകം മുഴുവൻ പരസ്പരം കറങ്ങുന്ന ശീതീകരിച്ച ഗോളങ്ങൾ ഉൾക്കൊള്ളുന്നുവെന്നും (അത് സമർത്ഥിക്കുന്നു). ഭൗതികവാദത്തിലെ അവസാന വാക്കായി ഈ സിദ്ധാന്തത്തെ പുരോഹിതന്മാർ പിടിച്ചെടുക്കുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്'' (Engels to Marx, 21 March, 1869, Marx Engels Collected Works vol43).

ഭൗതിക ശാസ്ത്രത്തിലെ താപഗതിക സിദ്ധാന്തങ്ങൾ സംബന്ധിച്ച്, സദി കാർനോയുടെ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ റുഡോൾഫ് ക്ലോഷ്യസ് "എൻട്രോപി' നിയമത്തെ സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിച്ചതിനെത്തുടർന്നുള്ള ചർച്ചകളാണ് ഏംഗൽസിനെക്കൊണ്ട് ഇത്തരമൊരു കത്ത് മാർക്‌സിന് എഴുതാൻ പ്രേരിപ്പിച്ചത്.
ആവിയന്ത്രത്തിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് എഞ്ചിനീയറായിരുന്ന സദി കാർനോ (Sadi Carnot) 1824ൽ നടത്തിയ പഠനവും അദ്ദേഹത്തിന്റെ നിഗമനവും ഭൗതികശാസ്ത്രത്തിൽ ക്ലാസിക്കൽ തെർമോഡൈനാമിക്‌സ് അഥവാ താപഗതികശാസ്ത്രത്തിന് ആരംഭം കുറിച്ചു. താപത്തിന്റെ പ്രവാഹത്തെയും പരിവർത്തനത്തെയും സംബന്ധിച്ച സുപ്രധാന നിയമമായ രണ്ടാം താപഗതികനിയമം (Second Law of Thermodynamics) രൂപപ്പെടുത്തുന്നതിൽ കാർനോയുടെ കണ്ടെത്തൽ വലിയ പങ്കുവഹിച്ചു. താപ പ്രവാഹ-പരിവർത്തന പ്രക്രിയയ്ക്കിടയിൽ ലഭ്യോർജ്ജ (Useful Energy/ Available Energy-Exergy)ത്തിന്റെ അളവിൽ കുറവ് വരുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു കാർനോ.

ഭൗതികശാസ്ത്രത്തിൽ അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്നിട്ടും രണ്ടാം താപഗതിക നിയമത്തെ കൂടുതൽ അവധാനതയോടെ മനസ്സിലാക്കുന്നതിൽ ഏംഗൽസിന് തടസ്സമായി നിന്നത് അക്കാലത്ത് യുറോപ്പിൽ, പ്രത്യേകിച്ച് ജർമ്മനിയിൽ, പ്രബലമായി നിലനിന്നിരുന്ന ആശയവാദ തത്വചിന്താഗതിക്കാരാണെന്ന് പറയാം.

കാർനോയുടെ കണ്ടെത്തലിന് മേൽ ജെയിംസ് പ്രസ്‌കോട്ട് ജ്യൂൾ, ലോർഡ് കെൽവിൻ, ഹെർമൻ ഹെംഹോൾട്‌സ് എന്നിവർ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും "താപമരണ' (Heat Death) പരികല്പനയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഈ നിഗമനങ്ങളുടെയെല്ലാം വെളിച്ചത്തിൽ 1865ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ റുഡോൾഫ് ക്ലോഷ്യസ് താപഗതികശാസ്ത്രത്തിലെ സുപ്രധാന നിയമമായ "എൻട്രോപി നിയമം' (Entropy Law) രൂപപ്പെടുത്തി.

റുഡോൾഫ് ക്ലോഷ്യസ്

കാർനോ മുതൽ ഐൻസ്റ്റീൻ വരെയുള്ള അതിപ്രഗത്ഭരായ ശാസ്ത്രപ്രതിഭകൾ മുന്നോട്ടുവെച്ച "താപമരണപരികല്പന' (Heat death hypothesis) ജീവന്റെ ഭാവിയെ സംബന്ധിച്ച്, ഇരുണ്ട സ്വപ്നം മാത്രം നൽകുന്ന, തികച്ചും നിരാശാജനകമായ ചിത്രമായിരുന്നു. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ അത് "സമതുലിത താപഗതികത'യെ (Equilibrium Thermodynamics) സംബന്ധിച്ച ബോധ്യമായിരുന്നു പങ്കുവെച്ചിരുന്നത്. അതായത്, ഒന്നിലേക്കും പുരോഗമിക്കാത്ത, തികച്ചും നിശ്ചലതയിലേക്ക് നയിക്കുന്ന ഒന്ന്! തെർമോഡൈനാമിക്‌സിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പ്രപഞ്ചം മുഴുവനും സ്വർഗത്തേക്കാൾ വിരസവും നരകത്തേക്കാൾ തണുപ്പുള്ളതുമായ ഒന്നിലേക്കുള്ള സഞ്ചാരത്തിലേക്കാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നു. ""This is the way the world ends; Not with a bang but a whimper' എന്ന് അക്കാലത്ത് കവിതകൾ രചിക്കപ്പെട്ടു!

ലോകത്തിലെ പുരോഹിത വർഗവും ക്രിയേഷനിസ്റ്റുകളും ഈ സിദ്ധാന്തത്തെ ഭൗതികവാദത്തിന്റെ അവസാന വാക്കായി പരിഗണിക്കുമെന്ന് സ്വാഭാവികമായും ഏംഗൽസ് കരുതി. ഭൗതികശാസ്ത്രത്തിൽ അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്നിട്ടും രണ്ടാം താപഗതിക നിയമത്തെ കൂടുതൽ അവധാനതയോടെ മനസ്സിലാക്കുന്നതിൽ ഏംഗൽസിന് തടസ്സമായി നിന്നത് അക്കാലത്ത് യുറോപ്പിൽ, പ്രത്യേകിച്ച് ജർമ്മനിയിൽ, പ്രബലമായി നിലനിന്നിരുന്ന ആശയവാദ തത്വചിന്താഗതിക്കാരാണെന്ന് പറയാം.

ഇക്കോളജിയെ നിങ്ങൾ ഗൗരവത്തിലെടുക്കുകയും പാരിസ്ഥിതിക പ്രതിസന്ധികളുടെ കാരണങ്ങളിലേക്ക് ആഴത്തിൽ ചെല്ലാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും നിങ്ങൾ എത്തിപ്പെടുക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ചും ഗണിതശാസ്ത്ര മാതൃകകളെക്കുറിച്ചും ഉള്ള അന്വേഷണങ്ങളിലേക്കായിരിക്കും.

ഏംഗൽസിന്റെ ഈയൊരു വൈമുഖ്യം പിന്നീട് പ്രകടമാകുന്നത്, ഉക്രേനിയൻ ഫിസിസിസ്റ്റായ സെർജി പൊദോളിൻസ്‌കിയുടെ ഊർജ്ജ മൂല്യ സിദ്ധാന്ത(Energy Value Theory)വുമായി ബന്ധപ്പെട്ടാണ്. മാർക്‌സിന്റെ അധ്വാനമൂല്യ സിദ്ധാന്തത്തോടൊപ്പം ഊർജ്ജ മൂല്യ സിദ്ധാന്തവും ഉൾച്ചേർക്കുമ്പോൾ മാത്രമേ ഒരു വസ്തുവിന്റെ മൂല്യനിർണ്ണയം സാധ്യമാകൂ എന്നായിരുന്നു പൊദോളിൻസ്‌കി തീസീസിന്റെ കാതൽ. എന്നാൽ രണ്ടാം താപഗതിക നിയമത്തിന്റെ പശ്ചാത്തലത്തിൽ ഈയൊരു വാദത്തെ കൂടുതൽ ഗൗരവപൂർവ്വം പരിഗണിക്കുന്നതിന് പകരം പൊദോളിൻസ്‌കിയുടെ നിഗമനത്തെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഏംഗൽസ് ചെയ്തത്. അതേക്കുറിച്ച് അദ്ദേഹം മാർക്‌സിന് എഴുതി: ""ഉത്പാദന ചെലവുകളെ അടിസ്ഥാനപ്പെടുത്തി ഒരു ചുറ്റികയുടെയോ, ഒരു സ്‌ക്രൂവിന്റെയോ ഒരു സൂചിയുടെയോ ഊർജ്ജമൂല്യം കണക്കാക്കുക എന്നത് അസാധ്യമായ ഒന്നാണ്. എന്റെ അഭിപ്രായത്തിൽ ഭൗതിക അളവുകളെ (Physical magnitude) സാമ്പത്തിക ബന്ധങ്ങളിലേക്ക് വിശദീകരിക്കുവാൻ ശ്രമിക്കുന്നത് പൂർണ്ണമായും അസാധ്യമാണ്'' (Engels to Marx in Ventor, London, Dec19, 1882).

പ്രപഞ്ചം ഒരു നിശ്ചലതയിലേക്കും ശൈത്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന താപഗതിക ശാസ്ത്രത്തിലെ പ്രാഥമിക നിഗമനങ്ങളെ സംബന്ധിച്ച ഏംഗൽസിന്റെ നിരീക്ഷണം തെറ്റല്ലെന്ന് ആ മേഖലയിലെ ഏറ്റവും പുതിയ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. എല്ലാ വ്യൂഹ (System) ങ്ങളും (ജീവിതമാണ് ഏറ്റവും മനോഹരമായ ഉദാഹരണം) അനിവാര്യമായും സന്തുലിതാവസ്ഥയിലേക്കല്ല നീങ്ങുന്നതെന്ന് ആധുനിക താപഗതികശാസ്ത്രം മനസ്സിലാക്കി. പ്രപഞ്ചത്തിലെ ഏറ്റവും സമ്പൂർണ്ണമായ താപഗതിക സംവിധാനങ്ങൾ അവയിലെ ഊർജ്ജപ്രവാഹം ചുറ്റുപാടുകൾക്കായി തുറന്നിരിക്കുന്നു. രണ്ടാം നിയമം (Second Law) പരിണാമ കാലഘട്ടത്തിൽ കൂടുതൽ സംഘടിതവും പുനർവിന്യസിക്കപ്പെടുന്നതുമായ ജീവിത പ്രവണതയ്ക്ക് വിരുദ്ധമാകുന്നില്ലെന്ന് അത് മനസ്സിലാക്കുന്നു. കാരണം ജീവിതം തുറന്ന (Open System) സംവിധാനമാണ്. മാലിന്യങ്ങളെ -ചൂട്, എൻട്രോപ്പി, പ്രതിപ്രവർത്തിച്ച വാതകങ്ങൾ എന്നിവയെ- അതിന്റെ ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കുന്നു.

ഡോറിയൻ സാഗൻ

രണ്ടാം താപഗതിക നിയമത്തിന്റെ ആവിഷ്‌കാരവും അത് സംബന്ധിച്ച ഏംഗൽസിന്റെ അഭിപ്രായ പ്രകടനങ്ങളും നടന്നിട്ട് ഒന്നര നൂറ്റാണ്ടു കാലമായി. ആഗോള പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ പൊദോളിൻസ്‌കി അടക്കമുള്ളവർ മുന്നോട്ടുവെച്ച ഊർജ്ജ ബജറ്റിംഗ് രീതികൾ ഗൗരവപൂർവ്വം പരിഗണിക്കാൻ നാം നിർബന്ധിതമാകുന്നു. കാരണം, മനുഷ്യ നിർമ്മിത സമ്പദ്‌വ്യവസ്ഥകൾ ഭൂമിയിലെ എൻട്രോപി നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു.

ജീവൻ പോലുള്ള സങ്കീർണ പ്രാകൃതിക വ്യൂഹ (System) ത്തിന്റെ വളർച്ചയെയും വികാസത്തെയും മനസ്സിലാക്കണമെങ്കിൽ, അവയുടെ ഭാഗമായിരിക്കുന്ന, ഊർജ്ജത്തെയും പരിസ്ഥിതിയെയും മനസ്സിലാക്കേണ്ടതുണ്ട്. അതിന് നമ്മെ പ്രാപ്തമാക്കുന്ന ഏകവഴി രണ്ടാം താപഗതിക നിയമം അറിഞ്ഞിരിക്കുക എന്നതുമാത്രമാണ്.

ഇക്കോളജിയെ നിങ്ങൾ ഗൗരവത്തിലെടുക്കുകയും പാരിസ്ഥിതിക പ്രതിസന്ധികളുടെ കാരണങ്ങളിലേക്ക് ആഴത്തിൽ ചെല്ലാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും നിങ്ങൾ എത്തിപ്പെടുക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ചും ഗണിതശാസ്ത്ര മാതൃകകളെക്കുറിച്ചും ഉള്ള അന്വേഷണങ്ങളിലേക്കായിരിക്കും. വ്യക്തിയുടെ സാമൂഹിക സത്തയെ മാറ്റി നിർത്തിക്കൊണ്ട്, ഉത്പാദനത്തെയും ഉപഭോഗികത്തെയും "പരമാവധി'യിലെത്തിക്കാനുള്ള ക്ലാസിക്കൽ- നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് ഏറെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന ബോധ്യം ഇതോടെ നിങ്ങളിൽ ഉടലെടുക്കും. "നിരന്തര' വളർച്ചയെയും വിനിയോഗത്തെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാപഞ്ചിക നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എന്തുകൊണ്ട് ഏറെക്കാലം തുടരാൻ സാധ്യമല്ലെന്ന അന്വേഷണം ഭൗതികശാസ്ത്ര നിയമങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നിങ്ങളെ നിർബ്ബന്ധിതരാക്കും. അത്തരം അന്വേഷണം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഭൗതികശാസ്ത്രത്തിലെ താപഗതിക സിദ്ധാന്തങ്ങളെ സംബന്ധിച്ച പഠനങ്ങളിലേക്കാണ്.

സമ്പദ്ശാസ്ത്രകാരന്മാരും ജീവശാസ്ത്രജ്ഞരും, ഇക്കോളജിസ്റ്റുകളും ഭൗതികശാസ്ത്രത്തിലെ രണ്ടാം താപഗതിക നിയമത്തെ കൂടുതൽ ആഴത്തിലും ഗഹനതയിലും മനസ്സിലാക്കേണ്ടതെന്തുകൊണ്ട്? ഉത്തരം ലളിതമാണ്; ജീവൻ പോലുള്ള സങ്കീർണ്ണ പ്രാകൃതിക വ്യൂഹ(System)ത്തിന്റെ വളർച്ചയെയും വികാസത്തെയും മനസ്സിലാക്കണമെങ്കിൽ, അവയുടെ ഭാഗമായിരിക്കുന്ന, ഊർജ്ജത്തെയും പരിസ്ഥിതിയെയും മനസ്സിലാക്കേണ്ടതുണ്ട്. അതിന് നമ്മെ പ്രാപ്തമാക്കുന്ന ഏകവഴി രണ്ടാം താപഗതിക നിയമം അറിഞ്ഞിരിക്കുക എന്നതുമാത്രമാണ്. ജീവന്റെ കേന്ദ്രപാത്രം കോശങ്ങളാണെന്ന ആശയത്തെ അത് തള്ളിക്കളയുകയും ജീവനെ അതേരീതിയിൽ മുന്നോട്ടുപോകാൻ അനുവദിക്കുന്ന, ഊർജ്ജത്തിന്റെയും ദ്രവ്യത്തിന്റെയും സംഘടിത പ്രവാഹത്തെ മനസ്സിലാക്കുവാനും അത് സഹായിക്കുന്നു. ഈയൊരന്വേഷണത്തിലേക്ക് നമ്മെ എളുപ്പം കൂട്ടിക്കൊണ്ടുചെല്ലുന്ന ഒരു ഗ്രന്ഥമാണ് എറിക് സ്‌നീഡറും ഡോറിയൻ സാഗനും ചേർന്നെഴുതിയ "Into the Cool: Energy Flow Thermodynamics and Life'. ജീവനും രണ്ടാംതാപഗതിക നിയമത്തിനും ഇടയിൽ ഒരു സമാന്തര രേഖ വരച്ചുകൊണ്ട് ജീവന്റെ അടിത്തറ എന്തെന്ന് വിശദീകരിക്കുവാൻ ശ്രമിക്കുകയാണ് ഇരുവരും ഈ ഗ്രന്ഥത്തിലൂടെ. രണ്ടാം നിയമം ഊർജ്ജത്തിന്റെ അനിവാര്യമായ പ്രവണതയെ- ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുന്നതിൽ നിന്ന് കാലക്രമേണ പലയിടങ്ങളിലേക്കായി വ്യാപിക്കുന്ന അതിന്റെ സ്വഭാവത്തെ- സൂചിപ്പിക്കുന്നു. പരിണാമം, പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ എന്ന് തുടങ്ങി ജീവന്റെ ഉത്ഭവമടക്കമുള്ള എല്ലാ പ്രക്രിയകൾക്കും പിന്നിൽ (താപഗതികത്തിലെ)രണ്ടാം നിയമമാണെന്ന് ഗ്രന്ഥകാരന്മാർ വിശദീകരിക്കുന്നു.

Diagram of Schrödinger's cat thought experiment.

സ്‌നീഡറും സാഗനും തങ്ങളുടെ വാദം ഉറപ്പിക്കുന്നതിനായി കൂട്ടുപിടിക്കുന്നത് ഇർവിൻ ഷ്രോഡിംഗറിനെയാണ്. "ഷ്രോഡിംഗറുടെ പൂച്ച' (Schrodinger's Cat) ഭൗതികശാസ്ത്രത്തിൽ തട്ടിമറിച്ചിട്ടത് അതുവരെയുള്ള പല നിഗമനങ്ങളെയുമായിരുന്നു. Non Equilibrium Thermodynamicsനെ സംബന്ധിച്ച വ്യാഖ്യാനങ്ങളിൽ നിന്നും ജീവന്റെ നൈരന്തര്യത്തെ സംബന്ധിച്ച പുതിയ ബോധ്യങ്ങൾ ഉറപ്പിച്ചെടുക്കുന്നു എന്നതാണ് സ്‌നീഡറുടെയും സാഗന്റെയും പുസ്തകത്തിന്റെ കാതൽ.

ഒരു ജീവൻ സ്വയം ഒരു ക്രമം സ്വീകരിക്കുകയും താപഗതികശാസ്ത്രത്തിന്റെ രണ്ടാം നിയമം അനുശാസിക്കുന്ന ആറ്റമിക് കുഴമറിച്ചിലി (Chaos) ന്റെ അപചയത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതെങ്ങിനെ? അതിസൂക്ഷ്മ കണങ്ങളുടെ വ്യൂഹങ്ങൾ ക്രമക്കേടിലേക്ക് നീങ്ങാനുള്ള പ്രവണത കാണിക്കുന്നുവെങ്കിൽ ക്രമം എങ്ങിനെ ഉറപ്പാക്കപ്പെടും? രണ്ടാം നിയമം നിയന്ത്രിക്കുന്ന ഒരു പ്രപഞ്ചത്തിൽ ജീവികൾ അവയുടെ ഓർഗനൈസേഷനെ നിലനിർത്തുന്നതെങ്ങിനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഷ്രോഡിംഗർ പ്രഹേളിക (Schrodinger Paradox) യിലൂടെ വിശദീകരിക്കുവാൻ ഗ്രന്ഥകാരന്മാർ ശ്രമിക്കുന്നു.

ഷ്രോഡിംഗർ പ്രഹേളികയുടെ അപഗ്രഥനം വളരെ ലളിതമാണ്:
ജീവികൾ അവയുടെ ശരീരത്തിന് പുറത്തുനിന്ന് ഉയർന്ന ഗുണതയുള്ള ഊർജ്ജം ഇറക്കുമതി ചെയ്തുകൊണ്ട് നിലനിൽക്കുകയും വളരുകയും ചെയ്യും. കാരണം അവ ഒറ്റപ്പെട്ടതോ (Isolated), അടഞ്ഞതോ (Closed) ആയ ഒരു വ്യൂഹമല്ല. ജീവികൾ അവരുടെ ഓർഗനൈസേഷൻ വളർത്തുന്നത് ചുറ്റുമുള്ള പ്രദേശങ്ങളിലെ എൻട്രോപി (Entropy) വർധിപ്പിച്ചുകൊണ്ടാണ്. സമ്പദ്ശാസ്ത്രകാരന്മാരും ഇക്കോളജിസ്റ്റുകളും അതുകൊണ്ടുതന്നെ ഭൗതികശാസ്ത്രത്തിലെ എൻട്രോപി നിയമത്തെ കൂടുതലായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഇർവിൻ ഷ്രോഡിംഗർ

നാല് ഭാഗങ്ങളിലായി 20ഓളം അധ്യായങ്ങളിലൂടെയാണ് പ്രപഞ്ചശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, രസതന്ത്രം, പരിസ്ഥിതിശാസ്ത്രം തുടങ്ങി മനുഷ്യന്റെ വാർദ്ധക്യത്തിന്റെ നിഗൂഢതകൾ പോലും രണ്ടാം താപഗതിക നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗ്രന്ഥകാരന്മാർ അനാവരണം ചെയ്യുന്നത്. ഇവയെല്ലാം ഒരേസമയം ലളിതവും എന്നാൽ അത്രതന്നെ സങ്കീർണ്ണവുമായ ഒന്നാണെന്ന ബോധ്യം ഈ ഗ്രന്ഥം നമുക്ക് നൽകുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഊർജ്ജ പ്രവാഹം, ഗ്രേഡിയന്റുകൾ (ചരിവുകൾ), രണ്ടാം നിയമം എന്നിവയെ പരിഗണിക്കാൻ വായനക്കാരനെ നിർബന്ധിതനാക്കുന്നു.

ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം സമതുലിത താപഗതിക മെന്നത് മരണത്തിന് തുല്യമാണ്. അതുകൊണ്ടുതന്നെ അസന്തുലിത താപഗതികത്തെ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഷ്രോഡിംഗറുടെ "ഇരട്ട പാരമ്പര്യ' (Dual Legacy) ത്തിന്റെ മുള്ളുകൾ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ ഗ്രന്ഥകാരന്മാർ തുനിയുന്നതും ഇതേകാരണം കൊണ്ടുതന്നെയാണ്.

""ഊർജ്ജപ്രവാഹം'' (The Energetic) എന്ന ഒന്നാം ഭാഗത്തിൽ ഗ്രേഡിയന്റിനെ അടിസ്ഥാനമാക്കിയുള്ള താപഗതിക ശാസ്ത്രത്തിന്റെ വികാസത്തെ സംബന്ധിച്ചുള്ള അന്വേഷണമാണ്. ഇർവിൻ ഷ്രോഡിംഗറുടെ ""What is Life?'' എന്ന പ്രഖ്യാത ഗ്രന്ഥത്തിന്റെ പേരോടുകൂടിയാണ് ആദ്യ അധ്യായം ആരംഭിക്കുന്നത്. രണ്ടാം നിയമത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രപഞ്ചത്തിൽ സ്വയം നിലനിൽക്കാനും, വികസിതമാകാനും, പുനരുൽപ്പാദിപ്പിക്കാനും ഉള്ള ജീവന്റെ കഴിവിനെ ഒരു പ്രഹേളിക എന്നതിപ്പുറത്തേക്ക് ഒരു തുറന്ന വ്യൂഹമെന്ന നിലയിൽ ഊർജ്ജം ശേഖരിക്കുവാനും ചുറ്റുവട്ടത്തേക്ക് മാലിന്യം പുറന്തള്ളാനുമുള്ള അതിന്റെ ശേഷിയെ വിശദീകരിക്കുകയാണ് ഈ അധ്യായത്തിൽ.

അസന്തുലിത താപഗതിക ശാസ്ത്രത്തെ (Non Equilibrium Thermodynamics-NET) അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങളിലൂടെ പരിസ്ഥിതി, സാമ്പത്തിക ശാസ്ത്രം തുടങ്ങി ഇതര പ്രപഞ്ചങ്ങളിലെ ജീവൽ സാന്നിധ്യങ്ങളെക്കുറിച്ചുള്ള തിരയലിനായുള്ള ആസ്‌ട്രോബയോളജി വരെയുള്ള വിഷയങ്ങൾ ഇവിടെ സംവാദ വിഷയമാക്കുന്നു. ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം സമതുലിത താപഗതിക (Equilibrium Thermodynamics)മെന്നത് മരണത്തിന് തുല്യമാണ്. അതുകൊണ്ടുതന്നെ അസന്തുലിത താപഗതികത്തെ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഷ്രോഡിംഗറുടെ "ഇരട്ട പാരമ്പര്യ' (Dual Legacy)ത്തിന്റെ മുള്ളുകൾ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ ഗ്രന്ഥകാരന്മാർ തുനിയുന്നതും ഇതേകാരണം കൊണ്ടുതന്നെയാണ്.

പാർട്ട് രണ്ട്, അജൈവ സങ്കീർണ്ണ വ്യവസ്ഥകളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ഇതിൽ സ്വയം സംഘടിത രാസ പ്രതിപ്രവർത്തനങ്ങൾ, വായു മർദ്ദ ഫലമായുണ്ടാകുന്ന ടൊർണാഡോകൾ, താപ നിയന്ത്രിത ബെർനാർഡ് കോശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജീവനെപ്പോലെത്തന്നെ ഈ അജൈവ വ്യവസ്ഥകളും അവയുടെ ചാക്രിക സ്വഭാവത്തെയും പാരസ്പര്യത്തെയും വെളിപ്പെടുത്തുന്നവയാണെന്ന് നിരീക്ഷിക്കുന്നു. താരതമ്യേന ലളിതമായ അസന്തുലിത താപഗതിക വ്യവസ്ഥകൾക്ക് പ്രതിസന്ധികളെ നിയന്ത്രിക്കുവാനും പ്രതിരോധിക്കുവാനും ഉള്ള കഴിവ്, പിന്നീട് രൂപപ്പെടുന്ന ജൈവവ്യവസ്ഥകൾക്ക് പൂർണ്ണ വികാസത്തിലേക്ക് എത്തിപ്പെടാൻ സഹായിക്കുന്നതെങ്ങിനെയെന്ന് ചർച്ച ചെയ്യുന്നു.

മൂന്നാം ഭാഗം, "ദ ലിവിംഗ്', ഗ്രന്ഥത്തിന്റെ ശാസ്ത്രീയ ഉള്ളടക്കത്തിന്റെ കാമ്പിലേക്ക് പ്രവേശിക്കുന്നു. സൗരയൂഥത്തിലെ രസതന്ത്രത്തിന്റെ സംഘാടനത്തെയും ജീവനെ നിലനിർത്തുന്ന ഘടകങ്ങൾ രൂപപ്പെട്ടതിനെയും വിശദീകരിക്കുന്നു. ഇക്കോളജിയെ സംബന്ധിച്ച ഹ്രസ്വമായൊരു വിവരണത്തിന് ശേഷം, ജൈവവ്യവസ്ഥകളെ സാറ്റലൈറ്റ് ഡാറ്റകളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുകയും മറ്റ് അസന്തുലിത താപഗതിക വ്യവസ്ഥകളെപ്പോലെ ജൈവവ്യവസ്ഥകളുടെ വളർച്ച, പദാർത്ഥ ചാക്രികത, ഊർജ്ജ പ്രവാഹങ്ങൾക്കനുസരിച്ച് കൃത്യമായി വികസിതമാകാനുള്ള അവയുടെ ശേഷി എന്നിവ സംബന്ധിച്ച രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം മനുഷ്യനെ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ, അസന്തുലിത താപഗതിക വ്യവസ്ഥകളെ സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ ജീവന് അജൈവ സങ്കീർണ്ണ വ്യവസ്ഥകളുമായുള്ള ബന്ധത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.

ഗ്രന്ഥത്തിന്റെ അവസാന ഭാഗം, "ദ ഹ്യൂമൻ', മനുഷ്യ നിർമ്മിത സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിശാല സാധ്യതകളുള്ള ഈ പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനം എന്നിവയെ അസന്തുലിത താപഗതികതയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുവാനുള്ള ശ്രമമാണ്. ജീവജാലങ്ങൾ ലക്ഷ്യബോധമുള്ളവയാണ് എന്നും, ഭക്ഷണവും ഇണയും മാലിന്യങ്ങൾ പുറന്തള്ളാനും ഉള്ള വഴികളും കണ്ടെത്താനുള്ള പ്രവണത അവയുടെ താപഗതിക ഉത്ഭവത്തിന്റെ പ്രതിഫലനമാണ് എന്നും ഈ ഭാഗം വിശദീകരിക്കുന്നു.
ജീവൻ എന്നത് അടിസ്ഥാനപരമായി ഒരു നാമ (Noun) മോ ഒരു വസ്തുവോ (Thing) അല്ലെന്നും അതൊരു ക്രിയ(Verb) ആണെന്നും ഉള്ള അതിഗംഭീരമായ ഒരു വ്യാഖ്യാനമാണ് ഈ ഗ്രന്ഥത്തിന്റെ സത്ത.

ഈ അതിവിശിഷ്ട ഗ്രന്ഥത്തിന്റെ കർത്താക്കളിൽ ഒരാളായ എറിക് ഡി ഷ്‌നീഡർ അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിൽ സീനിയർ സയന്റിസ്റ്റ് എന്ന നിലയിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി താപഗതിക സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണ്. രണ്ടാമത്തെയാൾ, ഡോറിയൻ സാഗൻ, ശാസ്ത്ര ലേഖകനെന്ന നിലയിൽ പേരുകേട്ട വ്യക്തിയും "മൈക്രോകോസ്‌മോസ് ആന്റ് വാട്ട് ഈസ് ലൈഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ന്യൂയോർക് ടൈംസ്, നാച്യുറൽ ഹിസ്റ്ററി തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളിൽ ശാസ്ത്രവിഷയങ്ങളിൽ നിരന്തരമായി എഴുതുന്നയാളാണ് സാഗൻ.▮

Into the Cool: Energy Flow, Thermodynamics and Life, Eric D. Schneider & Dorion Sagan, Page : 362, Prentice -Hall of India.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments