മാജിക്കൽ റിയലിസത്തിന്റെ അങ്ങാടി, അവിടെയൊരു ഓർമ സർക്കസ്

‘‘എല്ലാ ആരവങ്ങൾക്കുമൊടുവിൽ എല്ലാ അങ്ങാടികളും ശാന്തമാകും. ആർട്ടിസ്റ്റും കവിയുമായ ഒരാൾ വരച്ചു വെയ്ക്കാൻ ശ്രമിക്കുന്ന ഓർമ്മകളുടെ ഫിലോസഫി ഇതാണെന്ന് എനിക്കു തോന്നുന്നു’’- കെ. ഷെരീഫിന്റെ ‘സലിം സർക്കസ്’ എന്ന പുസ്തകത്തിന്റെ വായന, എം.പി. അനസ് എഴുതുന്നു.

‘ആരവങ്ങളുടെ അങ്ങാടിയിൽ മൗനത്തിൻ്റെ വില ആരറിയുന്നു’ എന്നെഴുതുന്നുണ്ട് നിദ ഫാസ്ലി എന്ന കവി.

ആരവങ്ങളുടെ അങ്ങാടിയിൽ തുടങ്ങി ആരവങ്ങളവസാനിക്കുന്ന അങ്ങാടിയെ കേൾക്കുന്ന മനുഷ്യരുടെ കഥകളാണ് കെ. ഷെരീഫിന്റെ സലീം സർക്കസ് ഒരു അങ്ങാടിക്കഥ.

അങ്ങാടി ഒരു കന്നട വാക്കാണ്. സ്റ്റോർ, ഷോപ്പ് എന്നൊക്കെ അതിനർത്ഥമുണ്ട്. മലയാളത്തിൽ ചന്തകൾ കടകളിലേക്ക് മാറിയ ഇടത്തെ അങ്ങാടി എന്ന് വിളിച്ചു പോന്നു എന്നു കാണാം. അല്ലെങ്കിൽ കടകളെല്ലാം കൂടി ചേർന്ന് കച്ചവട കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥലത്തെ അങ്ങാടി എന്ന് വിളിച്ചുവരുന്നു. കോഴിക്കോട്ടങ്ങാടി, താഴത്തങ്ങാടി എന്നിങ്ങനെ ഓരോ സ്ഥലത്തിന്റെ പേരും ചേർത്ത് അങ്ങാടികൾ അറിയപ്പെട്ടിട്ടുണ്ട്. ഇപ്പോഴും സജീവമായി ഭാഷയിലാ പ്രയോഗമുണ്ട്. എന്നാൽ ടൗൺ എന്ന രീതിയിൽ ആ പ്രയോഗം മാറി വരുകയും ചെയ്യുന്നുണ്ട്. വടകര ടൗൺ, കോഴിക്കോട് ടൗൺ, കുറ്റ്യാടി ടൗൺ എന്നിങ്ങനെ.

ചന്തകൾ ഒച്ചകളുടെയും ബഹളങ്ങളുടെയും ഇടങ്ങളാണ്. കന്നുകാലി വിനിമയത്തിൻ്റെയും ഉത്സവാഘോഷങ്ങളുടെയും പരിസരങ്ങളാണ്. ചന്തയിലെ സവിശേഷ ദിനങ്ങളിൽ എവിടെ നിന്നെന്നറിയാതെ മൺകലങ്ങളും പുൽപ്പായകളും അമ്മികളും കിഴങ്ങുവർഗ്ഗങ്ങളും പലഹാരങ്ങളും കളിപ്പാട്ടങ്ങളും വന്നെത്തുന്നു. അതിനരികിലായി പരിചിതരും അപരിചിതരുമായ മനുഷ്യരെക്കാണാം. നമ്മളിൽ നിന്നും കൊഴിഞ്ഞുപോകാത്ത നാടോടി ജീവിതത്തിൻ്റെ വിത്തുകൾ പോലെ. നന്നങ്ങാടികളിൽ നിന്ന് പുറപ്പെട്ടു പോരുന്ന പൂർവ്വികരെന്ന പോലെ.

ചിലപ്പോഴൊക്കെ കയ്യേറ്റത്തിന്റെയും തമ്മിലടികളുടെയും ഇടങ്ങളുമാണ് ചന്തകൾ. അങ്ങാടികളിലും ഈ അടിയുടെയും ബഹളങ്ങളുടെയും ഒച്ചകളുടെയും തുടർച്ച നമുക്ക് കേൾക്കാൻ കഴിയും. അങ്ങാടി എന്ന പ്രയോഗം എല്ലാവരുമായി ചേർന്നു നിൽക്കുമ്പോൾ ടൗൺ എന്ന പ്രയോഗം ആരെയൊക്കെയോ പുറത്തു നിർത്തുന്നു എന്നൊരു പ്രതീതി ജനിപ്പിക്കുന്നുണ്ട്. ടൗണിൽ കൊട്ടേഷൻ സംഘങ്ങളുടെ, ഗുണ്ടകളുടെ, വിളയാട്ടവും മറ്റും അരങ്ങേറുമ്പോൾ അങ്ങാടിയിൽ നാടൻതല്ലും കുഴമറിച്ചലുകളും നടക്കുന്നു. അങ്ങാടിയിലെ തല്ല് പരസ്പരം കൈ കൊടുത്ത് പിരിഞ്ഞും ഒരു ചായ കുടിച്ചും അവസാനിക്കുമ്പോൾ ടൗണുകളിലെ ഗുണ്ടാവിളയാട്ടം പലപ്പോഴും ഒരിക്കലും തീരാത്ത പകയുടെ ഭാഗമായിത്തീരുന്നു.

ജീവിതത്തെ നാടകമായും സിനിമയായുമൊക്കെ നമുക്ക് കാണാനാവും. ഇവിടെ ജീവിതം ഒരു സർക്കസാണ്. അങ്ങാടിക്കു മുകളിൽ സാങ്കല്പികമായ ഒരു കൂടാരം നിർമ്മിച്ചാൽ അതിനകത്ത് നടക്കുന്നതെല്ലാം പലതരത്തിലുള്ള സർക്കസ്സുകളാണ്.

മനുഷ്യ ജീവിതത്തിൻ്റെ പലതരത്തിലുള്ള ഒച്ചകളാണ് ഷെരീഫ് തന്റെ അങ്ങാടിക്കഥയിൽ കേൾപ്പിച്ചു തുടങ്ങുന്നത്. ജീവൻ നിലനിർത്താനുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ ഒച്ചകളാണ് അതെല്ലാം. ഓരോരുത്തരും അവരുടെ ഒച്ച വേറിട്ട് കേൾപ്പിച്ച് തൻ്റെ ജീവിതാവശ്യത്തെ നിർവഹിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ്. കുറച്ചു സ്വസ്ഥമായ ജീവിതമുള്ള ഒരാൾക്ക് ആ ഒച്ച വേറിട്ട് കേൾക്കാനോ അതിൽ സ്വസ്ഥമായിരിക്കാനോ കഴിയണം എന്നില്ല. അതിൻ്റെ സൗന്ദര്യ ലോകമോ അതിനകത്തെ സർഗാത്മകശേഷിയോ കണ്ടെത്താൻ കഴിയണമെന്നും ഇല്ല. മൗനത്തിലേക്കും ഏകാന്ത വാസത്തിലേക്കും ഒളിച്ചോടുന്നവർക്കുള്ള ഇടമല്ല അങ്ങാടികൾ. അതിനുചുറ്റും കുളിരുള്ള രാവുകളും മഞ്ഞുമൂടിയ മലകളും ഉണങ്ങിയ പുല്ലിൻ്റെ പുകമണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും.

മനുഷ്യ വിതത്തിൻ്റെ പലതരത്തിലുള്ള ഒച്ചകളാണ് ഷെരീഫ് തന്റെ അങ്ങാടിക്കഥയിൽ കേൾപ്പിച്ചു തുടങ്ങുന്നത്. ജീവൻ നിലനിർത്താനുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ ഒച്ചകളാണ് അതെല്ലാം.
മനുഷ്യ വിതത്തിൻ്റെ പലതരത്തിലുള്ള ഒച്ചകളാണ് ഷെരീഫ് തന്റെ അങ്ങാടിക്കഥയിൽ കേൾപ്പിച്ചു തുടങ്ങുന്നത്. ജീവൻ നിലനിർത്താനുള്ള മനുഷ്യരുടെ പോരാട്ടത്തിന്റെ ഒച്ചകളാണ് അതെല്ലാം.

സലീം സർക്കസ് നടക്കുന്ന അങ്ങാടിയിൽ ആലി നാദാപുരത്ത് പോയതിന് സമാനമായ നാട്ടു നർമ്മങ്ങളുണ്ട്, മടിക്കുത്തിൽ നിന്നും ചെമ്പോത്തുകൾ പറക്കുന്ന സുബൈർമാരുടെ മാജിക്കൽ റിയലിസമുണ്ട്, കള്ളന്മാർ തന്നെ കള്ളന്മാരെ തിരയുന്ന കൗതുകങ്ങളുണ്ട്, മനുഷ്യരനുഭവിക്കുന്ന വേദനയോർത്ത് ഹൃദയഭാരം കൂടി ഭൂമിയിലേക്ക് തലകുത്തി ഇരുന്നു പോകുന്നവരുണ്ട്, ആമപ്പുറത്ത് സഞ്ചരിക്കുന്ന ഔത്താക്കി അമ്മദ്മാരുടെ വീര റൗഡിസത്തിൻ്റെ നേരമ്പോക്കുകളുണ്ട്, എല്ലാ അങ്ങാടികളിലും എന്ന പോലെ മരണത്തിൻ്റെ കൂട്ടിരിപ്പുണ്ട്, വേട്ടക്കാരൻ്റെ കൂർത്ത നോട്ടങ്ങളും. കുരുമുളകിൻ്റെ എരിവ് മണമുള്ള പുലർകാലത്തിൽ, സന്തോഷത്തിന്റെ മണമന്വേഷിച്ചു നടക്കുന്നവരുണ്ട്.
സന്തോഷത്തിന് പക്ഷികളുടെ ഒച്ചയാണെന്നും പലഹാരത്തിൻ്റെ മണമാണെന്നും കളിപ്പാട്ടങ്ങളുടെ നിറമാണെന്നും തിരിച്ചറിയുന്ന കുട്ടികളുണ്ട്, ഉമ്മയുടെ സുരക്ഷിത വലയത്തിനുള്ളിലിരുന്ന് തീ കായുന്ന എഴുത്തുകാരൻ്റെ കുട്ടിക്കാലമുണ്ട്, ആത്മാഖ്യാനത്തിൻ്റെ മൊഴികൾ കവിത പോലെ വിടരുന്ന നിമിഷങ്ങളുമുണ്ട്.

ജീവിതത്തെ നാടകമായും സിനിമയായുമൊക്കെ നമുക്ക് കാണാനാവും. ഇവിടെ ജീവിതം ഒരു സർക്കസാണ്. അങ്ങാടിക്കു മുകളിൽ സാങ്കല്പികമായ ഒരു കൂടാരം നിർമ്മിച്ചാൽ അതിനകത്ത് നടക്കുന്നതെല്ലാം പലതരത്തിലുള്ള സർക്കസ്സുകളാണ്. ബാലൻസ് തെറ്റി വീണു പോകാതിരിക്കാൻ ഓരോരുത്തരും അവരെക്കൊണ്ടാവും വിധം ശ്രമിക്കുന്നു. ആ സർക്കസിനുള്ളിലെ ഒരു സർക്കസാണ് സലീം സർക്കസ് എന്നു പറയാം. പല്ലും സടയും കൊഴിഞ്ഞ സിംഹങ്ങളുടെയും ഉടുതുണി ഉരിഞ്ഞു പോയ കോമാളികളുടെയും നഷ്ടബാല്യങ്ങളുടെയും ഇടങ്ങൾ കൂടിയാണ് രണ്ട് സർക്കസ് കൂടാരങ്ങളും. ഇന്ന് കോമാളിയായി അഭിനയിക്കുന്നവർ നാളെ അതിധീരന്മാരായി ഉയർന്നു വരുന്നതിന്റെ ദൃശ്യങ്ങളും അവിടെ കാണാം. ഇന്നത്തെ ധീരന്മാരെല്ലാം വെറും കോമാളികളാകുന്നതിന്റെയും.

ധീരോദാത്ത നായകൻമാർക്ക് തുല്യമായ ചില മനുഷ്യരും ഈ അങ്ങാടിക്കഥയിൽ നിറഞ്ഞാടി കടന്നുപോകുന്നുണ്ട്. വിചിത്രമായ രീതിയിലാണ് അവരുടെ കടന്നുവരവ്. അപ്രതീക്ഷിതമായിട്ടാണ് അവർ ചുഴലി എന്ന കഥാപാത്രത്തെപ്പോലെ ഉയിർത്തെഴുന്നേൽക്കപ്പെടുന്നത്. അവരിൽ ചിലർക്ക് കാലിൽ കുളമ്പുകളുണ്ട്. അവരുടെ പുകിലുകളും പാട്ടുകളും തെങ്ങിൽ കെട്ടിയ കോളാമ്പി മൈക്കിലൂടെ കേൾക്കാനാകും. ഓരോ കഥാപാത്രവും കടന്നുവന്ന് അവരവരുടെ ഭാഗം കൃത്യമായി അഭിനയിച്ചു കടന്നുപോകുന്ന ഒരു നാടകത്തിൻ്റെ പ്രതീതി ഇത്തരം കഥാപാത്രങ്ങളുടെ വരവുകളിൽ വായനക്കാരന് അനുഭവപ്പെട്ടേക്കും.

നിശ്ചിതമായ നോവലിന്റെയോ കഥകളുടെയോ ഒരു ക്രമം ഷെരീഫിന്റെ എഴുത്തിലില്ല. എങ്ങനെ വേണമെങ്കിലും വായിച്ചു തുടങ്ങാവുന്ന ഓർമ്മകളാണ് ഷെരീഫ് പറയുന്നത്.
നിശ്ചിതമായ നോവലിന്റെയോ കഥകളുടെയോ ഒരു ക്രമം ഷെരീഫിന്റെ എഴുത്തിലില്ല. എങ്ങനെ വേണമെങ്കിലും വായിച്ചു തുടങ്ങാവുന്ന ഓർമ്മകളാണ് ഷെരീഫ് പറയുന്നത്.

ഈ കൃതിയിലെ ഭൂമിയോളം ഭാരിച്ച ഹൃദയം എന്ന അധ്യായം സവിശേഷ വായന അർഹിക്കുന്നു. ചുറ്റും മനുഷ്യരനുഭവിക്കുന്ന വേദനയുടെയും നിരപരാധികളുടെ ചോരയൊഴുകുന്ന മണ്ണിന്റെയും അരികിലിരുന്ന് സംസാരം തുടരുന്ന ഒരു മനുഷ്യനെ അവിടെ കാണാനാവും. കാലമിന്നും തുടരുന്ന ദുരിതങ്ങൾക്ക് പരിഹാരമെന്തെന്നറിയാതെ തലകുനിച്ചിരിക്കുന്ന അസ്വസ്ഥനാണയാൾ.ഒരുപക്ഷേ, നിഷാദത്വം കാണുമ്പോൾ സ്വസ്ഥതയില്ലാതാകുന്ന ആദി കവി മുതലുള്ള എഴുത്തുകാരുടെ പക്ഷക്കാരനാണയാൾ.അതുകൊണ്ടാണ്, ‘‘ഭൂമിയിലെ എല്ലാ കൊലപാതകങ്ങൾക്കും ജീവിച്ചിരിക്കുന്ന എല്ലാവരും കൂട്ടുപ്രതികളാണ്’’ എന്നയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എനിക്കിതിൽ പങ്കില്ല എനിക്കിതിൽ പങ്കില്ല എന്ന് ഒരാൾക്കും ഒഴിഞ്ഞുമാറാനാവാത്തവിധം ആ വാക്യം ഭൂമിയിൽ നടക്കുന്ന ഓരോ രക്തപാപത്തിന്റെയും ഉത്തരവാദിത്വത്തിലേക്ക് ഓരോ മനുഷ്യനെയും വലിച്ചിടുന്നു.

എല്ലാ ആരവങ്ങൾക്കുമൊടുവിൽ എല്ലാ അങ്ങാടികളും ശാന്തമാകും. ആർട്ടിസ്റ്റും കവിയുമായ ഒരാൾ വരച്ചു വെയ്ക്കാൻ ശ്രമിക്കുന്ന ഓർമ്മകളുടെ ഫിലോസഫി ഇതാണെന്ന് എനിക്കു തോന്നുന്നു.

സമാധാനത്തിനു വേണ്ടിയും കരുണയ്ക്ക് വേണ്ടിയും സ്വർഗ്ഗത്തിനു വേണ്ടിയും ലോകമാകെ സുഖം ഭവിക്കാൻ വേണ്ടിയും വെറുപ്പിന്റെ നരകത്തീ കത്തിക്കുന്ന വിരോധാഭാസത്തിനെതിരെ പ്രഭാഷകന്റെ അറ്റുവീണ തല തുടരുന്ന സംസാരം, ഓരോ അങ്ങാടിയിൽ നിന്നും ഉയർന്നുകേൾക്കേണ്ടതുണ്ട് എന്ന സൂചന കൂടി നൽകുന്നു സലീം സർക്കസ്.

ഈ കൃതിയിലെ ഭൂമിയോളം ഭാരിച്ച ഹൃദയം എന്ന അധ്യായം സവിശേഷ വായന അർഹിക്കുന്നു. ചുറ്റും മനുഷ്യരനുഭവിക്കുന്ന വേദനയുടെയും നിരപരാധികളുടെ ചോരയൊഴുകുന്ന മണ്ണിന്റെയും അരികിലിരുന്ന് സംസാരം തുടരുന്ന ഒരു മനുഷ്യനെ അവിടെ കാണാനാവും.
ഈ കൃതിയിലെ ഭൂമിയോളം ഭാരിച്ച ഹൃദയം എന്ന അധ്യായം സവിശേഷ വായന അർഹിക്കുന്നു. ചുറ്റും മനുഷ്യരനുഭവിക്കുന്ന വേദനയുടെയും നിരപരാധികളുടെ ചോരയൊഴുകുന്ന മണ്ണിന്റെയും അരികിലിരുന്ന് സംസാരം തുടരുന്ന ഒരു മനുഷ്യനെ അവിടെ കാണാനാവും.

നിശ്ചിതമായ നോവലിന്റെയോ കഥകളുടെയോ ഒരു ക്രമം ഷെരീഫിന്റെ എഴുത്തിലില്ല. എങ്ങനെ വേണമെങ്കിലും വായിച്ചു തുടങ്ങാവുന്ന ഓർമ്മകളാണ് ഷെരീഫ് പറയുന്നത്. എന്നാൽ അവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം ഷെരീഫിൻ്റെ നാട്ടോർമ്മകളെ ഒരു ചെറു നോവലാക്കി വായിക്കുന്നതിന്നും സ്വാതന്ത്ര്യം നൽകുന്നു.

എല്ലാ ആരവങ്ങൾക്കുമൊടുവിൽ എല്ലാ അങ്ങാടികളും ശാന്തമാകും. ആർട്ടിസ്റ്റും കവിയുമായ ഒരാൾ വരച്ചു വെയ്ക്കാൻ ശ്രമിക്കുന്ന ഓർമ്മകളുടെ ഫിലോസഫി ഇതാണെന്ന് എനിക്കു തോന്നുന്നു.

കഥ ഇടയ്ക്കിടെ കവിതയായിത്തീരുന്നതിൻ്റെ ചേല് സലീം സർക്കസ്സിൻ്റെ മാറ്റായിത്തീരുന്നതു കാണാം. വരഞ്ഞതിനപ്പുറമുള്ള ഷെരീഫിൻ്റെ ഈ ആത്മാനുഭവങ്ങൾ എഴുത്തിൻ്റെ മറ്റൊരു വഴിയാണ്. ആയുധമെടുത്ത് അലറുന്നതിൻ്റെ കോമാളിത്തരമാണ് ലോകമാകുന്ന സർക്കസ്സ് കൂടാരത്തിൽ നടക്കുന്ന ഓരോ യുദ്ധവുമെന്ന് പ്രഭാഷകൻ പറയുന്ന വാക്യമാണ് ഈ കൃതിയിലൂടെ ഷെരീഫ് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം.


Summary: Saleem Circus is a Malayalam fiction novel by Artist K Shereef, Mp Anas write a review of Saleem Circus.


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments