ഡോ. എം. മുരളീധരൻ

കഥാസ്​കോപ്പ്​:
എഴുത്തിന്റെ മിടിപ്പ്​

ഇന്ത്യയിലെ എഴുത്തുകാരായ ഡോക്ടർമാരുടെ ആദ്യ സംഘടനയായ ‘സെക്കൻറ്​ പെൻ’, 25 ഡോക്​ടർമാർ എഴുതിയ കഥകളുടെ സമാഹാരം ഈയിടെ പുറത്തിറക്കി. പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിൽ ഭാവുകത്വ നവീകരണമുണ്ടാക്കുന്നു എന്ന അവകാശവാദമില്ലെങ്കിലും സമൂഹത്തിന്റെ മിടിക്കുന്ന നെഞ്ചിൽ സ്റ്റെതസ്‌കോപ്പ് ചേർത്തുവെക്കുമ്പോഴുള്ള പൊള്ളുന്ന അനുഭവങ്ങൾ മികച്ച റീഡബിലിറ്റിയോടെ രേഖപ്പെടുത്തുന്നവയാണ്​ ഈ കഥകൾ.

ഥയെഴുത്ത് ഒരു ആഭിചാരക്രിയയാണ്.
പ്രപഞ്ചത്തിൽ ഒരിടത്തും സ്ഥായിയായോ സഞ്ചാരിയായോ അസ്തിത്വമില്ലാത്ത അരൂപിയെ മനുഷ്യനിലേക്ക് വിക്ഷേപിക്കുന്ന രഹസ്യക്രിയ. ഈ മായാരൂപത്തെ കണ്ടെത്തുന്ന നിമിഷമാണ് ഒരു എഴുത്തുകാരിയുടെയും എഴുത്തുകാരന്റെയും സർഗ്ഗാത്മകത അനശ്വരത നേടുന്ന മുഹൂർത്തം. ഭൗതികവും ആത്മീയവുമായ തന്റെ നീക്കിയിരിപ്പുകളെ മുഴുവൻ ബലി കഴിച്ചിട്ടായാലും പഴയ കഥയിലെ കുഴൽ വിളി കേട്ട കുട്ടികളെന്ന പോലെ ദുരൂഹവും അവ്യാഖേയവുമായ ഏത് ഗുഹയിലേക്കും ആ മുഹൂർത്തത്തിന്റെ അനുഭൂതിയുടെ സാക്ഷാത്കാരത്തിനായി അയാൾ പ്രവേശിക്കും.

‘അരുമപ്പെട്ടവയെന്തെന്തെല്ലാം ആഹുതി ചെയ്യപ്പെട്ടിട്ടാം, പിറവിയെടുപ്പതു വിശ്വോത്തര കല, പീഢകൾ പുളയുന്നെരിതീയിൽ’
​എന്ന പൊള്ളുന്ന വരികൾ ആ ആത്മബലിയുടെ സാക്ഷ്യപത്രമാണ്.

പ്രാചീന മനുഷ്യഗോത്രങ്ങളിൽ കഥയുള്ളവർ ജീവിതത്തിന്റെ വലിയ മേച്ചിൽപുറങ്ങളിൽ അഭിരമിച്ചപ്പോൾ ഒട്ടും കഥയില്ലാത്തവരാവണം സമൂഹത്തിന്റെ പുറമ്പോക്കുകളിൽ മറ്റുള്ളവരെ രസിപ്പിക്കുവാനും സമയം പോക്കുവാനും കഥകൾ പറഞ്ഞിരിക്കുക. അങ്ങനെ കഥയില്ലാത്തവരുടെ കഥ പറച്ചിലാണ് സാഹിത്യം എന്ന ഏറ്റവും മികച്ച കലയുടെ അസ്തിവാരമിട്ടത്. ‘സമൂഹം കല്പിച്ചുവച്ച മികവിന്റെ മാപിനികളിൽ രസാങ്കം ഒട്ടും ഉയരാത്തവരിലാണ് എന്നും കല ഉന്നതശൃംഗങ്ങൾ സ്വപ്നം കണ്ടിരുന്നതും.’ ഡോസ്റ്റോയെവ്‌സ്‌കിയും വാൻഗോഗും ഷെനേയും മുതൽ ജോൺ അബ്രഹാമും ടി.ആറും അയ്യപ്പനും പീഡാകരമായ ഈ സാത്താൻ ജനിതകം പങ്കിടുന്നത് ഒട്ടും യാദൃശ്ചികമല്ല.

മലയാളത്തിലെ ആദ്യകാല കഥാകൃത്തുക്കൾക്ക് കൗതുകകരമായ കഥ പറച്ചിലായിരുന്നു പഥ്യം. അതോടൊപ്പം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും നെറികേടുകളെയും കടുത്ത ചായങ്ങളിൽ വരച്ചിടുവാനും അവർ ഉദ്യമിച്ചു. തകഴിയും ദേവും വർക്കിയുമൊക്കെ സമൂഹത്തെയാണ് ഇഴപിരിച്ചത്. മനുഷ്യന് സ്വന്തമായി ഒരു ഏകാന്ത ജീവിതമുണ്ടെന്ന് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് അവർ ഓർത്തിരിക്കുക. പൊറ്റെക്കാട്ടും ബഷീറുമാണ് അവരിൽനിന്ന് വ്യതിരിക്തരായി നിന്നത്. എം.ടി, പത്മനാഭൻ, മാധവിക്കുട്ടി എന്നിവരുടെ കാലത്താണ് മനുഷ്യൻ എന്ന പാവം ജീവിയുടെ മനസ്സ് എന്ന കടങ്കഥ മലയാള കഥ തിരിച്ചറിയുന്നത്. പ്രണയവും കഷ്ടപ്പാടും പകയും, നിസ്സഹായതയും, ജീവിതത്തിന്റെ അസംബന്ധതയും പൊരുത്തക്കേടുകളുമൊക്കെ ഏകാന്ത ദീപ്തവും ലാവണ്യത്തികവാർന്നതുമായ പുതിയൊരു ഭാഷയിൽ അവർ പറഞ്ഞു വെച്ചു. വിജയനും മുകുന്ദനും കാക്കനാടനും സേതുവും എം.പി. നാരായണപിള്ളയും സക്കറിയയുമൊക്കെ മലയാള കഥയിൽ ആധുനികത കൊണ്ടു വന്നപ്പോൾ കഥ അടിമുടി മാറി. അസ്തിത്വത്തിന്റെ വിഷമാവസ്ഥയായിരുന്നു അവരെ വേട്ടയാടിയ പ്രമേയം. മനുഷ്യാവസ്ഥയുടെ ഈ നിർണായക പ്രതിസന്ധിയെ അവർ ഫലിതം കൊണ്ട് നേരിട്ടു. കറുത്ത ഹാസ്യം അങ്ങനെയാണ് പിറവി കൊണ്ടത്. മുരുകൻ എന്ന പാമ്പാട്ടിയും ചവിട്ടുവണ്ടിയും ജനാബ് കുഞ്ഞിമൂസാ ഹാജിയും മുണ്ഡനം ചെയ്യപ്പെട്ട ജീവിതവുമൊക്കെ മനുഷ്യന്റെ നിസ്സഹായവസ്ഥകളെ കോമാളിച്ചിരി കൊണ്ട് അതിജീവിക്കുവാൻ ശ്രമിച്ചു. അവരുടെ ഭാഷയാവട്ടെ സൂചിമുനത്തുമ്പു പോലെ ഏകാഗ്രമായി. ഈ കഥകളെ മനസ്സിലാക്കാൻ മലയാളി നടത്തിയ ശ്രമങ്ങളാണ് ആധുനികവും നൂതനവുമായ ഒരു ഭാവുകത്വം കരുപ്പിടിക്കാനിടയാക്കിയതും വിക്ടർ ലീനസിനും യു.പി. ജയരാജിനും സി.വി. ബാലകൃഷ്ണനും തോമസ് ജോസഫിനുമൊക്കെ നിലമൊരുക്കിയതും. ഇടക്കാലത്തെ ഒരു മങ്ങലിനുശേഷം ഉണ്ണി. ആറും, ഇന്ദു ഗോപനും സന്തോഷ് ഏച്ചിക്കാനവും ഇന്ദു മേനോനും സുനീഷ് കൃഷ്ണനുമൊക്കെ കഥ പറച്ചിലിന്റെ അമ്പരപ്പിക്കുന്ന ക്രാഫ്റ്റും പ്രമേയങ്ങളും പോസ്റ്റ് ട്രൂത്ത് കാലത്തുനിന്ന് കണ്ടെടുക്കുന്നത് നമ്മെ തികച്ചും ആഹ്ലാദഭരിതരാക്കുന്നു..

എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, ശോഭന പരമേശ്വരൻ നായർ / Photo : Punalur rajan

ഈ പ്രകരണത്തിലാണ് കോഴിക്കോട് ഐ.എം.എയുടെ മുൻകൈയ്യിൽ ഇന്ത്യയിലെ എഴുത്തുകാരായ ഡോക്ടർമാരുടെ ആദ്യ സംഘടനയായ ‘സെക്കൻറ്​ പെൻ’, ഒരു കഥാസമാഹാരം പുറത്തിറക്കുന്നത്. 25 കഥകളാണ് ഈ സമാഹാരം വായനക്കാർക്കായി കാത്തുവെക്കുന്നത്​. എഴുത്തുകാർ ഡോക്ടർമാരാണെങ്കിലും വൈദ്യശാസ്ത്രവുമായി ബന്ധമുള്ളതല്ല മിക്കവാറും കഥകളും എന്നതാണ് കൗതുകകരം. ജീവിതത്തിന്റെ നാനാതുറകളിൽ നിന്ന്​ ഈ സമാഹാരം കഥയിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു. മലയാളത്തിലെ ഒന്നാം തലമുറ കഥകളോടാണ് മിക്ക കഥകൾക്കും ചാർച്ച എന്നത് ഒരു പോരായ്മയായി അനുഭവപ്പെടാത്തതിന്റെ കാരണം, വ്യത്യസ്ത കഥാകാരർ തികച്ചും വത്യസ്തമായ ഭാഷകളിൽ സാമ്യമകന്ന കഥാപരിസരങ്ങൾ കണ്ടെത്തുന്നു എന്ന വസ്തുതയാണ്.

കഥാസ്‌കോപ്പ് എന്ന ഈ സമാഹാരത്തിലെ നാലോ അഞ്ചോ കഥകളെങ്കിലും മലയാളത്തിന് നിശ്ചയമായും അഭിമാനിക്കാവുന്ന കഥകളാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു

സമാഹാരത്തിലെ മൂന്ന് കഥകളിലെങ്കിലും പ്രേതങ്ങൾ പ്രത്യക്ഷപ്പെടുന്നത് കൗതുകകരമായി തോന്നി. ഒരു പക്ഷേ അവയൊക്കെ ദമനം ചെയ്യപ്പെട്ട മോഹങ്ങളുടെ ബിംബങ്ങളാവാം. ഡോ. നളിനി ജനാർദ്ദനന്റെ അജ്ഞാത സഖി, ഡോ. എസ്.ഡി. അനിൽകുമാറിന്റെ ഒരു പ്രേതത്തിന്റെ കഥ, ഡോ. ആനന്ദന്റെ പ്രേതവും ഞാനും എന്നിവയാണ് ആ കഥകൾ. ഡോ. ടി.പി. നാസറിന്റെ പനി, ഡോ. സുനിത കുമാരിയുടെ വാസന്തിയും സുഹറയും പിന്നെ ഞാനും, ഡോ. പി.സജീവ് കുമാറിന്റെ പുൽപ്പള്ളി ഓപ്പറേഷൻ, ഡോ. ഷൗഫീജിന്റെ നരയെ പ്രണയിച്ചവൻ, ഡോ. എൻ. സുന്ദരേശന്റെ സെർവർ ഡൗൺ, ഡോ. സലീമ ഹമീദിന്റെ ഒത്തുതീർപ്പുകൾ, ഡോ. നീസ കരിക്കോടിന്റെ ഇന്നിന്റെ നേർക്കാഴ്ചകൾ എന്നീ കഥകളെല്ലാം സമകാലിക സാമൂഹിക പരിതോവസ്ഥയോട് ഏറ്റവും സംവേദനക്ഷമമായ ഹൃദയമുള്ള എഴുത്തുകാർ സർഗ്ഗാത്മകമായി പ്രതികരിക്കുന്നതിന്റെ ഒന്നാന്തരം സാക്ഷ്യപത്രങ്ങളാണ്.

ഡോ. മനോജ് വെള്ളനാടിന്റെ ആൻിക്‌സ് ഷോപ്പ്, ഡോ. എൻ. സന്തോഷ് കുമാറിന്റെ കട്ടൻ ചായ, ഡോ. എസ്. ശബ്‌നയുടെ മിസ്റ്റർ എക്‌സ്, ഡോ. ആനന്ദന്റെ പ്രേതവും ഞാനും എന്നിവ വായനക്കാരുടെ ഭാവുകത്വത്തിനുനേരെ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുകയും ഓരോ വായനയിലും പുതിയ അടരുകൾ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്ന കഥകളാണവ. ഡോ. കെ.എ കുമാറിന്റെ അവിരാമം, ഡോ. ടി.സുരേഷ് കുമാറിന്റെ അഞ്ചരക്കുള്ള അലാറം, ഡോ. പ്രവീൺ മറുവഞ്ചേരിയുടെ പാക്കരേട്ടൻ, ഡോ. എം.എസ്.രാമകൃഷ്ണന്റെ ദേവാനന്ദന്റെ വാടക വീട് എന്നീ കഥകൾ അനുവാചകരെ നിരന്തരമായി പിന്തുടർന്ന് നൊമ്പരപ്പെടുത്തുന്ന ലാവണ്യത്തി കവാർന്ന കഥകളാണ്.

വിജയനും മുകുന്ദനും കാക്കനാടനും സേതുവും എം.പി. നാരായണപിള്ളയും സക്കറിയയുമൊക്കെ മലയാള കഥയിൽ ആധുനികത കൊണ്ടു വന്നപ്പോൾ കഥ അടിമുടി മാറി

ഗൃഹാതുരത്വം സമ്മാനിക്കുന്ന നഷ്ടഭൂതകാലത്തിന്റെ സ്‌നേഹവും സങ്കടവും നിറഞ്ഞ ഓർമകൾ, ആരണ്യക് വായിക്കുമ്പോൾ ഇപ്പോഴും ടി. പത്മനാഭനെന്ന പോലെ, ഒരു കണ്ണീർക്കണത്തിന്റെ ഖേദം ബാക്കി നിറുത്തിയാണ് കടന്നുപോവുന്നത്. ഡോ. ശ്രീരേഖ പണിക്കരുടെ മധുരക്കിണറും ഡോ. ഷാജി ഗോപാലന്റെ ഗോ സ്ലോയും ഗൃഹാതുരത്വത്തിന്റെ മസൃണതയെ ഒരിക്കൽ കൂടി തട്ടിയുണർത്തുകയാണ്. അങ്ങേയറ്റം പാരായണക്ഷമങ്ങളായ മികച്ച കഥകളാണ് ഡോ. മോഹനൻ പുലിക്കോട്ടിലിന്റെ അമുദയുടെ അവയവങ്ങൾ, ഡോ. എം. ഷാജഹാന്റെ ജഡ്​ജ്​ മെയ്ഡ് ലോ, ഡോ. സജീലയുടെ ബൈപ്പാസ്, ഡോ. എം.ജി. അജിത് കുമാറിന്റെ അപായചിഹ്നങ്ങൾ എന്നീ കഥകൾ. സാമൂഹികാവസ്ഥകളെ വ്യത്യസ്തമായി വീക്ഷിക്കുവാനും അതിന് മികച്ച രീതിയിലിണങ്ങുന്ന വാങ്മയം കണ്ടെത്താനും അവർക്ക് കഴിയുന്നുണ്ട്. ഫ്‌ളോറൻസിലെ ചിയാര, വൈറൽ എന്നീ കഥകൾ എഴുതിയ ഡോ. എം.ജി. ഷാജിയും, എം.എസ്. ഷബീറും കഥാരംഗത്തെ ഭാവി വാഗ്ദാനങ്ങളാണെന്ന് അവരുടെ സൃഷ്ടികൾ ആത്മവിശ്വാസത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

ഈ സമാഹാരത്തിലെ 25 കഥകൾ മലയാള സാഹിത്യത്തിൽ ഒരു വലിയ ഭാവുകത്വ നവീകരണം സംജാതമാക്കുന്നു എന്ന അവകാശവാദമൊന്നും എഴുത്തുകാർ മുന്നോട്ടുവെക്കുന്നില്ല. പക്ഷേ, അദൃശ്യരായ മൈക്രോബുകൾക്കെതിരെ ജീവൻ ചേർത്തുപിടിച്ച് യുദ്ധം നയിക്കുന്ന ആ തൂലികകൾ സമൂഹത്തിന്റെ മിടിക്കുന്ന നെഞ്ചിൽ സ്റ്റെതസ്‌കോപ്പ് ചേർത്തുവെക്കുമ്പോഴുള്ള പൊള്ളുന്ന അനുഭവങ്ങൾ മികച്ച റീഡബിലിറ്റിയോടെ രേഖപ്പെടുത്തുന്നു എന്ന ചരിത്രദൗത്യം കൈയാളുകയാണ്. അതോടൊപ്പം, കഥാസ്‌കോപ്പ് എന്ന ഈ സമാഹാരത്തിലെ നാലോ അഞ്ചോ കഥകളെങ്കിലും മലയാളത്തിന് നിശ്ചയമായും അഭിമാനിക്കാവുന്ന കഥകളാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ▮


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments