എഴുത്തുകാരുടെ കുടിയേറ്റ ജീവിതത്തെപ്പറ്റി നോവലുകളുടെ ആധുനികതക്കൊപ്പം ഓർത്തുനോക്കൂ, നമ്മൾ ജീവിതത്തിന്റെ വലിയൊരംശത്തിലേക്ക് പ്രവേശിക്കുന്നു. നഗരങ്ങളിലെ ജീവിതമാണത്.
നോവൽ ആധുനികതയുടെ കലയെക്കാൾ നാഗരിക ജീവിതത്തിന്റെ ഷെൽട്ടർ ആവുകയാണ് അപ്പോൾ. നോവൽ മറ്റൊരു കുടിയേറ്റഭൂമിയാകുന്നു. മറ്റൊരർത്ഥത്തിൽ, വൻകരകളുടെ ഓർമ പേറുന്ന ചെറുദ്വീപുകളായി നോവൽ എഴുത്തുകാരും നോവൽ വായനക്കാരും മാറുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജുംബാ ലാഹിരിയുടെ Whereabouts എന്ന നോവൽ വായിക്കുമ്പോൾ ഇത്തരമൊരു കാലത്തിലാണ് എഴുത്തും വായനയും നടക്കുന്നത് എന്നുതോന്നുമായിരുന്നു: ലോകത്തെ പല നഗരങ്ങളും ലോക്ക്ഡൗൺ ദിനങ്ങളിലൂടെ കടന്നുപോകുന്ന മഹാമാരിയുടെ ഈ സന്ദർഭത്തിൽ നോവൽ വായന ഒരാളുടെ അകത്തെ അലച്ചിൽ പോലെയുമാണ്. അല്ലെങ്കിലും, ഫിക്ഷൻ നമ്മെ, കാലത്തിനൊപ്പം നടത്തുന്നില്ല. പകരം, കാലത്തെ ഊഹിക്കാൻ നമ്മെ അനുവദിക്കുന്നു.
മുറിയിലെ കാത്തിരിപ്പിനെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇരിപ്പിനെപ്പറ്റി വിശേഷിപ്പിക്കുന്നത്, എന്റെ കൂടെ മറ്റൊരു സ്ത്രീകൂടി ഈ മുറിയിൽ കെണിയിൽ പെട്ടിരിക്കുന്നു എന്നാണ്.
യൂറോപ്പിലെ, ഒരു നഗരത്തിൽ, ഒരു പക്ഷെ റോമിൽ, ജീവിക്കുന്ന സ്ത്രീയാണ് Whereabouts ലെ "നായിക', അവൾ ആ നഗരത്തിലെ തന്റെ ജീവിതം പറയുന്നു, അതും ഒരു ഇടവേളയിലെ. അവളുടെ അതിസാധാരണമായ ജീവിതത്തിന്റെ ഒരു ഘട്ടമാണ് "കഥ', അപ്പോഴും കഥയ്ക്കുവേണ്ടുന്ന ഏതുതരം ഊഹാപോഹങ്ങളിൽ നിന്നും അത് മുക്തവുമാണ്.
ഒരു നഗരത്തെ സങ്കൽപ്പിച്ചു നോക്കൂ: ദിനേനയുള്ള അതിന്റെ ജീവിതത്തിൽ സാധാരണവും അസാധാരണവുമായ അനവധി സംഭവങ്ങളുണ്ട്. നമ്മൾ നഗരങ്ങളെ ഓർക്കുന്നതുതന്നെ അത്തരം ഓർമകളിലേക്കുകൂടി കടന്നു ചെന്നുകൊണ്ടാണ്. നഗരങ്ങൾക്ക് സ്ഥായിയായ ഒരു ഭാവം നിർമമതയുടെതാണ്. അതിനെ കുറിച്ചുള്ള എല്ലാ കെട്ടുകഥകളിലും കഥകളിലും നഗരം അതേ നിർമമതയോടെ പാർക്കുന്നു. ആധുനിക മനുഷ്യജീവിതത്തിന്റെ കാതലായ അംശവും ഈ നിർമമതയുടെതാണ്. ഒരു പക്ഷെ, അസ്തിത്വദർശനത്തിൽ നമ്മൾ പരിചയപ്പെടുന്നതത്രയും.
ജുംബാ ലാഹിരിയുടെ രചനകളിൽ നാം പരിചയപ്പെട്ട വൈകാരികമായ ലോകത്തിന്റെ ശൈഥില്യം ഈ നോവലിൽ നമ്മൾ കാണുന്നില്ല. ഇതിനുമുമ്പ് വന്ന ലോ ലാൻഡ് എന്ന നോവലിൽ നാം പരിചയപ്പെടുന്നതുപോലെ കഥാപാത്രങ്ങളുടെ കൃത്യമായ സ്വാഭാവങ്ങളിലേക്കോ കഥയിലെ സംഭവങ്ങളിലേക്കോ ഈ നോവൽ നീങ്ങുന്നില്ല. ചില നഗരങ്ങളുടെ മേലാപ്പായി കാണുന്ന ചാരനിറമാർന്ന ആകാശം പോലെ ഒരു നിറമാകും ചിലപ്പോൾ ഇതിലെ അധ്യായങ്ങൾക്കുള്ളത്. ഓർമയുടെയും ചെറിയ പ്രവൃത്തിളുടെയും അലസമായ ശേഖരമായി നോവൽ പൂർത്തിയാവുന്നു. ഇതിലെ Waiting Room എന്ന അധ്യായത്തിൽ തന്നെക്കുറിച്ച്, മുറിയിലെ കാത്തിരിപ്പിനെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇരിപ്പിനെപ്പറ്റി വിശേഷിപ്പിക്കുന്നത്, എന്റെ കൂടെ മറ്റൊരു സ്ത്രീകൂടി ഈ മുറിയിൽ കെണിയിൽ പെട്ടിരിക്കുന്നു എന്നാണ്. തന്നെ മറ്റേ സ്ത്രീ നോക്കിക്കൊണ്ടേയിരിക്കുന്നു, ഒരു സ്‌ക്രീനിലേക്ക് എന്നപോലെ. "ഞാൻ ടെലിവിഷനിലെ ഒരാളാണ് എന്നപോലെ'.
നോവൽ, ആ അർത്ഥത്തിൽ, ഒരു കഥാപാത്രത്തിന്റെ പ്രതിഫലനമോ ഒരു കഥാപാത്രത്തിന്റെ പുനരാലോചനയോ ആവുന്നു. ക്രമബദ്ധമല്ലാത്ത ആലോചനകൾ പോലെ നോവലിന്റെ ആദ്ധ്യായങ്ങളും മുന്നേറുന്നു. അല്ലെങ്കിൽ, നമ്മൾ കഥയിലെ സ്ത്രീയെ പിന്തുടരുന്നില്ല, നോവലുകൾക്ക് സാധാരണമായ ജീവിതം പോലെ. പകരം, ആ സ്ത്രീ ഉള്ളിടത്ത് നമ്മളും ഉണ്ടാവുന്നു. എപ്പോഴോ ഒരു കഥ "കാണിക്കാൻ' തുടങ്ങിയ ടെലിവിഷനുമുമ്പിൽ ചെന്ന് ഇരിക്കുകയാണ് നമ്മൾ. കാണാത്ത എന്തും ആരെയും ഊഹിക്കുകയാണ്.
"ആരുമല്ല' എന്ന സ്വത്വനിർണയത്തിലേക്ക് "ആധുനികത'യും "നോവലും' ഒരുമിച്ചാണ് സഞ്ചരിച്ചിരിക്കുക. എങ്കിൽ, അത്തരമൊരു കണ്ടെത്തലിന്റെ വൈപുല്യമാണ് ആധുനികോത്തര നോവലുകളിലും അവയിൽ പാർക്കുന്ന നഗരങ്ങളിലും അരങ്ങേറുന്നത്.
നോവലുകളിലെ കഥാർസിസ് നോവൽ വായനക്കാരും ഉപേഷിച്ചതാണ്. അവരിലും നഗരങ്ങൾ, ആധുനികതയുടെ സ്ഥലഭ്രംശത്തോടെ, ഇതിനകം വസിക്കാൻ തുടങ്ങിയിരുന്നു. ഓർമയാണ് അവരുടെയും ജീവിതത്തിന്റെ കാതൽ.
കഥയിലെ "ഞാൻ' വായനക്കാരിയുടെ "അപര'യാവാൻ വിസമ്മതിക്കുന്നു. ഒരു പക്ഷെ നോവലിസ്റ്റ് ആഗ്രഹിക്കുന്നതും അതാണ്. അല്ലെങ്കിൽ, അസ്തിത്വവാദ നോവലുകൾക്ക് പരിചിതമായ വിലയനം, കഥാപാത്രങ്ങളിലേക്ക് വായനക്കാർ സംക്രമിക്കുന്ന പ്രശസ്തമായ താന്ത്രിക കൽപ്പന, Whereabouts കാര്യമാക്കുന്നതേ ഇല്ല. അഥവാ, ഉപേക്ഷിച്ചിരിക്കുന്നു. മെട്രോ നഗരങ്ങൾക്ക് പരിചിതമായ സ്വഭാവം തന്നെ. അഥവാ, മോഡേർണിറ്റിയെ, അതിന്റെ പിൽക്കാല ദിനങ്ങളെ, നഗരങ്ങൾക്കൊപ്പം നോവലുകൾ സ്വാംശീകരിക്കുന്നതും അങ്ങനെയാണ്. എന്നാൽ, നഗരങ്ങൾക്കും നോവലുകൾക്കും പരിചയമുള്ള "Kafkaesque' ഈ നോവലിൽ പലയിടത്തും നാം കാണുന്നു. In the Hotel എന്ന അദ്ധ്യായത്തിലെ ഹോട്ടൽ ലോബിയെ വർണിക്കുമ്പോൾ, ബൃഹത്തായ പ്രവേശനകവാടത്തിന്റെ കാഴ്ച "തന്നെ വിഴുങ്ങാനെന്ന വിധം' എന്നാണു അവൾ കാണുന്നത്: "ആ മുകൾത്തട്ടിനു താഴെ ഞാൻ ആരുമല്ല'.
"ആരുമല്ല' എന്ന സ്വത്വനിർണയത്തിലേക്ക് "ആധുനികത'യും "നോവലും' ഒരുമിച്ചാണ് സഞ്ചരിച്ചിരിക്കുക. എങ്കിൽ, അത്തരമൊരു കണ്ടെത്തലിന്റെ വൈപുല്യമാണ് ആധുനികോത്തര നോവലുകളിലും അവയിൽ പാർക്കുന്ന നഗരങ്ങളിലും അരങ്ങേറുന്നത്. അതും, അതിസാധാരണമായി. നോവലിലെ "ഞാൻ' തന്നെ ഓർക്കുന്ന പല അവസരങ്ങളും കഥയിലുണ്ട്. അവൾ കുട്ടിയായിരിക്കുമ്പോൾ. അവൾ അമ്മയോടൊപ്പം ഉള്ളപ്പോൾ. അവൾ അച്ഛനൊടൊപ്പം ഉള്ളപ്പോൾ. ഓർമകളിലും നേരിലും അത് സംഭവിക്കുന്നു. എന്നാൽ, ഒരിക്കൽ അവൾ ഒരു ഹോട്ടൽ വാസത്തിനിടക്ക് കാണാനായ "തത്വചിന്തകനെ ' പിന്നീട് ഓർക്കുന്നതുമായി ഈ സഹവാസങ്ങൾ എല്ലാം ബന്ധപ്പെടുന്നു എന്ന് നമുക്കുതോന്നും. "അയാളുടെ കണ്ണുകളിലെ വിഷാദത്തെ ഞാൻ ഓർത്തുകൊണ്ടിരിക്കുന്നു.' ബന്ധങ്ങളുടെ നിലനിൽപ്പുകൾക്ക് ആധാരമാവുന്ന ഒരു ഈർപ്പം ആ വിഷാദത്തിലുണ്ട്. ദീർഘമായ ഒന്നല്ല അത്, ചെറിയ ദൂരങ്ങളിൽ ചിലപ്പോൾ മാത്രം കൂട്ടായി വരുന്ന യാത്രകളായി.
തന്റെ ആദ്യ ആൺസുഹൃത്തിൽ നിന്ന് എന്നേയ്ക്കുമായി വേർപെടാൻ തീരുമാനിക്കുന്ന ഒരു സംഭവം "അവൾ' ഓർക്കുന്നുണ്ട്: അവൻ തന്റെ മുറി വൃത്തിയാക്കുകയാണ്. ആ മുറിയിലാണ് അവർ രതി അനുഭവിച്ചത്, അവളുടെ കന്യകാത്വം നഷ്ടപ്പെട്ടതും അവിടെവെച്ചാണ്. ഇപ്പോൾ അവൻ മുറി വൃത്തിയാക്കുന്നു. തറയിൽ വീണുകിടക്കുന്ന നാണയങ്ങൾ കാലങ്ങളായി അവിടെയുള്ള പൊടിക്കൊപ്പം അവൻ കോരിയെടുക്കുന്നു. "ഇനി അവയൊന്നും പെറുക്കിയെടുക്കുന്നതിൽ ഒരു കാര്യവുമില്ല', നാണയങ്ങൾ പൊടിക്കൊപ്പം വാരിക്കൂട്ടുമ്പോൾ അവൻ പറയുന്നു; "ആ ഒരൊറ്റ നിമിഷത്തിൽ തെളിഞ്ഞ വേദനയോടെ ഞങ്ങളുടെ ബന്ധവും അവസാനിപ്പിക്കാറായി എന്ന് എനിക്ക് മനസ്സിലായി'. ഇങ്ങനെയാണ് ആ പ്രവൃത്തി കാണുമ്പോൾ അവൾക്ക് തോന്നുന്നത്. ഇത് മൂല്യവത്തായി കരുതിയ ഒന്നിന്റെ വേർപെടലായല്ല, മറിച്ച് പഴകിയതും അതിനാൽ മറന്നതും അതിനാൽത്തന്നെ തെളിഞ്ഞ വേദനയോടെ ഉപേക്ഷിക്കേണ്ടതുമായ ഒരു ബന്ധത്തിന്റെ വേർപെടലായാണ് നമ്മൾ വായിച്ചുപോവുന്നത്. നഗരകാന്തിയിലേക്ക് തെന്നുന്ന "വ്യക്തി'യുടെ സ്വാതന്ത്ര്യബോധത്തെ ഓർമിപ്പിച്ചുകൊണ്ട്.
അസാധാരണമായ ഒരു കഥയിലൂടെയല്ല Whereabouts നമ്മെ ആകർഷിക്കുന്നത്. സാധാരണമായ ഒരു ജീവിതം പറയാൻ തിരഞ്ഞെടുത്ത നോവലിന്റ അസാധാരണ ഘടനകൊണ്ടാണ്
നോവൽ അവസാനിക്കുന്ന ഒരിടത്ത് കാണാൻ തന്നെപ്പോലെത്തന്നെയുള്ള ഒരുവളെ "നായിക' കുറെ ദൂരം പിന്തുടരുന്നു. മറ്റേ ആൾ അപ്രത്യക്ഷയാവുന്നതുവരെ. ഞാൻ അവളെ ഭാവന ചെയ്യുകയായിരുന്നുവോ എന്ന് ചോദിക്കുന്നു. അല്ല, അവളെ കാണുക തന്നെയായിരുന്നു എന്ന് ഉറപ്പിക്കുന്നു. പിന്നെ സ്വയം അതിനൊരു കാരണം പറയുന്നു. അവൾ തന്റെതന്നെ ഒരു വകഭേദമാണെന്ന് പറയുന്നു. ആനന്ദിയായ കാൽവെപ്പുകളോടെ, എവിടെയോ എത്താൻ തീർച്ചപ്പെടുത്തി, അവൾ മുമ്പോട്ടു പോവുകയായിരുന്നു എന്ന് പറയുന്നു. അസാധാരണമായ ഒരു കഥയിലൂടെയല്ല Whereabouts നമ്മെ ആകർഷിക്കുന്നത്. സാധാരണമായ ഒരു ജീവിതം പറയാൻ തിരഞ്ഞെടുത്ത നോവലിന്റ അസാധാരണമായ ഘടനകൊണ്ടാണ്.▮