ഒ.വി. വിജയൻ./ ചിത്രീകരണം : ദേവപ്രകാശ്.

ഒരു നോവൽ, മൂന്ന് എഴുത്തുകാർ,
​ ‘ശീതയുദ്ധകാല രാഷ്ട്രീയ'വും

എം.എൻ. വിജയന്റെയും സക്കറിയയുടെയും നിലപാടുകളെ മുൻനിർത്തി കമ്മ്യൂണിസത്തിന്റെ ഏക പാർട്ടി ആധിപത്യത്തിന്റെ ഹിംസാത്മക സ്വഭാവത്തെ മറച്ചുവെക്കാൻ സാഹിത്യരംഗത്ത് ശ്രമങ്ങളുണ്ടായെന്ന് കരുണാകരൻ വാദിക്കുന്നു. ഭരണപക്ഷത്തിനെതിരെ ഒ.വി. വിജയൻ എടുത്ത നിലപാടുകളെ അടിസ്ഥാനമാക്കിയുള്ള അവലോകനം.

‘സോവിയറ്റ് യൂണിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നിൽ ഈ രോഷം രാഷ്ട്രീയവിശകലനത്തിലുപരിയായി വൈകാരിക തീവ്രതയുടെ രൂപം കൊണ്ടു', ഒ. വി. വിജയൻ തന്റെ നോവൽ ‘ധർമ്മപുരാണം' എഴുതിയതിന്റെ പശ്ചാത്തലത്തെ കുറിച്ച് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ഒരു മർദ്ദക യന്ത്രമായി ‘വിപ്ലവ ഭരണകൂടം' മാറിയതിന്റെ വ്യഥയാണ് അല്ലെങ്കിൽ ‘ധർമ്മപുരാണ'ത്തിന്റെ കാതൽ; ഇരുണ്ട ഹാസ്യം എന്നും ഹിംസയുടെ സ്‌ഫോടനാത്മകമായ ഉപയോഗം എന്നും വിലയിരുത്തിയപ്പോഴും. മാത്രമല്ല, ഇന്ദിരാഗാന്ധി നടപ്പാക്കിയ ആഭ്യന്തര അടിയന്തരാവസ്ഥയെ സോവിയറ്റ് യൂണിയൻ പിന്തുണച്ചതിലുള്ള മനത്തകർച്ചയും അതിലെ അശ്ലീലതയും തന്റെ നോവലിന് പ്രേരകമായി എന്നും വിജയൻ ഓർമിച്ചു.

നമ്മുടെ ഭാഷയിലെ മഹാനായ എഴുത്തുകാരൻ മാത്രമായിരുന്നില്ല വിജയൻ; അക്കാലത്തെ ബൗദ്ധിക ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്ന ‘ശീതയുദ്ധ കാല'ത്തിന്റെ നിഴലിൽ കഴിഞ്ഞ നോവലിസ്റ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, ലോകത്തെ മറ്റു പല വലിയ എഴുത്തുകാരിലും എന്ന പോലെ, വിജയന്റെ ഈ ‘നിലപാടി'നും പ്രസ്താവത്തിനും ഇന്നും വായനക്കാരുണ്ട്: വിശേഷിച്ചും, കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിൽ അതേ സോവിയറ്റ് കാലത്തിന്റെ നിഴൽ ഇപ്പോഴും നീണ്ടു കിടക്കുമ്പോൾ.

എന്നാൽ, വിജയന്റെ നോവലിനെ പറ്റിയല്ല ഈ കുറിപ്പ്. പകരം, നമ്മുടെ സാഹിത്യത്തിന്റെ സാമൂഹ്യ പരിസരത്തിൽ ഇതേ ‘ശീതയുദ്ധകാലം' എങ്ങനെ കഴിഞ്ഞുകൂടുന്നു എന്ന് ഓർമിക്കുന്നു. വിജയന്റെ നോവലിന്റെ ഉള്ളടക്കത്തിൽ നിന്ന്​ അതിന്റെ രാഷ്ട്രീയ പ്രേരണ പിൻവാങ്ങിയത് ഓർമിച്ചുകൊണ്ടുതന്നെ.

അമേരിക്കയും സോവിയറ്റ് ചേരിയും കൃത്യമായി വേർപിരിഞ്ഞ, ദശാബ്ദങ്ങൾ നീണ്ടുനിന്ന, ‘ശീതയുദ്ധ കാലം' വിജയന്റെ നോവലിനെയല്ല, നമ്മുടെ ‘സാഹിത്യ വിചാര'ത്തെ എത്രമാത്രം സ്വാധീനിച്ചു എന്നുപറയാൻ ആശ്രയിക്കുന്നത് ഏതെങ്കിലും കൃതികളെയോ സംഭവങ്ങളെയോ അല്ല. അത് തീർച്ചയായും വേണ്ടതാണ്. പകരം നമ്മുടെ സമീപകാലത്തെ രണ്ട് ഓർമകളെയാണ്. അതാകട്ടെ, മലയാള സർഗ്ഗാത്മകതയുടെ ലാവണ്യ കാംക്ഷകളിലേക്ക് ഒളിച്ചു കടത്തപ്പെട്ട അഴുകിയ രാഷ്ട്രീയത്തിന്റെ (decadent politics) മാതൃകകളായി കാണേണ്ടുന്ന അവസരങ്ങളുമായിരുന്നു. രണ്ടും നമ്മുടെ എഴുത്തുകാരിൽ നിന്ന്​ വന്നതാണ്.

അതിലൊന്ന് ഇങ്ങനെയാണ്: സാഹിത്യ നിരൂപകനും അധ്യാപകനുമായ എം. എൻ. വിജയൻ, തന്റെ അവസാന കാലത്ത്, രാഷ്ട്രീയ കൊലകളെ പരസ്യമായി ന്യായീകരിച്ച്​ പ്രസംഗിക്കുകയും എഴുതുകയും ചെയ്തതാണ്. വളരെ ക്രൂരമായി നടന്ന ഒരു കൊലയെ ന്യായീകരിച്ചു കൊണ്ടായിരുന്നു അതിന്റെ തുടക്കം. തന്റെ സാഹിത്യ ജീവിതത്തിന് ഹരം പകരുന്ന വിധത്തിൽ ഇതിനകം എം. എൻ വിജയൻ ഒരു പ്രമുഖ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പ്രശസ്തനായ സഹയാത്രികനായി മാറിയിരുന്നു. ഭരണകൂട രാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്ര സമസ്യകളിൽ നിന്ന് സ്വയം മോചിപ്പിച്ച് നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ജനപ്രിയ ചേരുവകളിലേക്ക് തന്റെപ്രഭാഷണ സിദ്ധിയെയും ഇതിനകം ഈ എഴുത്തുകാരൻ കൂട്ടിക്കൊണ്ടുപോയിരുന്നു.

എഴുത്തുകാർ ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റേയോ രാഷ്ട്രീയ പാർട്ടിയുടെയോ വക്താക്കളവാവുന്നതിലെ തെറ്റും ശരിയും എക്കാലത്തും ചർച്ച ചെയ്യുന്ന വിഷയമാണ്. എന്നാൽ, തങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ആത്യന്തികമായി ഒരു ഭരണകൂട സങ്കൽപത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വാസ്തവം സൗകര്യപൂർവ്വം പൊതുസമൂഹത്തിൽ നിന്ന്​ മറച്ചു വെയ്ക്കുക എന്നത് കുറ്റകരമായ ഒരു നിലപാടായി തന്നെയാണ് കാണേണ്ടത്. തീർച്ചയായും, എം. എൻ. വിജയൻ സ്വീകരിച്ച ഭരണകൂട സങ്കൽപം ലോകമെങ്ങുമുള്ള കമ്യൂണിസ്​റ്റ്​പാർട്ടികൾ ലക്ഷ്യമാക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്ത, ഏക പാർട്ടി ആധിപത്യത്തെ ഉറപ്പിക്കുന്ന, ‘തൊഴിലാളി വർഗ്ഗ പാർട്ടിയുടെ സ്വേച്ഛാധിപത്യ'മായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ജനാധിപത്യ ജീവിതത്തിലും ജനാധിപത്യ സങ്കൽപത്തിലും ഈ രാഷ്ട്രീയ നിലപാടിന് നൂറു വർഷമെങ്കിലും പഴക്കമുണ്ട്. കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ രൂപീകരണങ്ങൾക്കും മുമ്പ് മാർക്‌സിസ്റ്റ് അധികാര സങ്കൽപ്പങ്ങൾക്ക് കുറച്ചെങ്കിലും പ്രചാരമുണ്ടായിരുന്ന ഒരു സമൂഹം എന്ന നിലയ്ക്ക് പരിഗണിക്കേണ്ട ഒന്നുമാണിത്.

ഇന്ത്യയുടെ സവിശേഷമായ സാമൂഹ്യ പരിതസ്ഥിതിയിൽ പാർലിമെൻററി ജനാധിപത്യം പതുക്കെ വേരുറയ്ക്കുന്ന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ഒരു കമ്യൂണിസ്​റ്റ്​ പാർട്ടി ആദ്യമായി (ലോകത്തിലും) അധികാരത്തിലെത്തുന്നതും. അഥവാ, തങ്ങളുടെ ഭരണകൂട സങ്കൽപ്പത്തെ പ്രച്​ഛന്നമാക്കിയും പാർലിമെന്ററി ജനാധിപത്യ രാഷ്ട്രീയത്തെ അതിന്റെ ധനാത്മകമായ അവസരങ്ങളിൽ നിന്ന് അകറ്റിയുമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്ന പ്രക്രിയയെ കമ്യൂണിസ്​റ്റ്​ പാർട്ടി ഉപയോഗിച്ചത്. ഇതിന്റെ സൂക്ഷ്മങ്ങളായ പല സംഗതികളും പലപ്പോഴയായി ചർച്ച ചെയ്യപ്പെട്ടതാണ്. അതിനൊപ്പംതന്നെ അതിനെ വിലകുറച്ച് കാണുന്ന ഒരു രീതിയും നമ്മുടെ ബൗദ്ധിക ലോകത്ത് പാർട്ടി ഒത്താശയോടെ നിലവിൽ വന്നു.

എം.എൻ വിജയൻ.
എം.എൻ വിജയൻ.

നമ്മുടേത് ഒരു ബഹുകക്ഷി രാഷ്ടീയ സമൂഹം തന്നെയാണല്ലോ എന്നാവും ഇപ്പോഴും അത്തരമൊരു ചർച്ചയെ വഴി തെറ്റിക്കുന്ന ആദ്യ വാദം. നമ്മുടെ ഉദ്ബുദ്ധരായ പല എഴുത്തുകാരും ഇപ്പോഴും അങ്ങനെയൊരു വാദമുയർത്തുന്നത് കാണാം. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന ഒരു ഭാഷാ സമൂഹം എന്ന നിലയ്ക്ക് കേരളത്തിന്റെ പാർലമെന്ററി രാഷ്ട്രീയം മാറിയതിൽ ഇവിടത്തെ കമ്യൂണിസ്​റ്റ്​ രാഷ്ട്രീയത്തിനും അവരുടെ ഏക പാർട്ടി ആധിപത്യ രാഷ്ട്രീയത്തിനുമുള്ള ഹിംസാത്മകമായ പങ്ക് എന്നും നിർണായകമായിരുന്നു. ഒരു ജനാധിപത്യ സമൂഹമാവാനുള്ള നമ്മുടെ വിവിധങ്ങളായ അവസരങ്ങളെ ഈ രാഷ്ട്രീയം ഭൗതികമായിത്തന്നെ തടയുകയും ചെയ്തിരുന്നു. ഇതിനെയാണ് എം. എൻ. വിജയനും സൗകര്യപൂർവ്വം മറച്ചുവെച്ചത്.

നമ്മുടെ സാഹിത്യരംഗത്തേക്ക്​ ഇറക്കുമതി ചെയ്ത ഈ ‘മറച്ചുവെപ്പി'ന്റെ വിപുലമായ ഉപയോഗം എം. എൻ. വിജയനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ ആരാധകരിലും, വലിയൊരു പങ്ക് ‘ഇടത് സഹയാത്രികാരായ' എഴുത്തുകാരിലും ഈ ‘മറച്ചുവെപ്പ്', ഇന്ന് അവർ പോലും മനസ്സിലാക്കാത്ത വിധം, സ്വന്തം ജനാധ്യപത്യ ബോധ്യങ്ങളുടെ തന്നെ ഭാഗമാവുന്നതാണ് പിന്നീട് കാണുന്നത്.

ഇതിന്റെ ഭവിഷ്യത്ത് രണ്ടാമത്തെ സന്ദർഭത്തെ കുറിച്ച് പറഞ്ഞ്​ തുടരാമെന്ന് തോന്നുന്നു. അത് വരുന്നത് കഥാകൃത്തും പ്രബന്ധകാരനുമായ സക്കറിയയിൽ നിന്നാണ്. സക്കറിയയുടെ സമകാലികനും സുഹൃത്തുമായ ഒ. വി. വിജയന്റെ ‘അവസാന കാലത്തെ എഴുത്തി'നെയും ‘ചിന്താജീവിത'ത്തെയും മൃദു ഹിന്ദുവാദത്തിലേക്ക് അടുപ്പിച്ചുകൊണ്ടായിരുന്നു സക്കറിയ, അല്ലെങ്കിൽ വിജയൻ പ്രതിനിധീകരിച്ചിരുന്ന ‘ഉത്തരാവാദിത്വമുള്ള അധികാര വിമർശ'ത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്: ഉത്തരേന്ത്യൻ രാഷ്ടീയത്തിൽ ഇതിനകം മേൽക്കൈ നേടിയിരുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപടി കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു സക്കറിയ. കേരളത്തിന്റെ രാഷ്ട്രീയ ജീവിതം ഇതിൽനിന്നെല്ലാം വ്യത്യസ്തമായൊരു സാംസ്‌കാരിക ജീവിതത്തെയാണ് പ്രകാശിപ്പിച്ചിരുന്നതെങ്കിലും.

വിജയൻ തന്നെ, തന്റെ പ്രശസ്തമായ രണ്ട് ലേഖനങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ വായനക്കാർക്കും സക്കറിയക്കും വേണ്ടി അക്കാലത്തുതന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എന്നാൽ, തന്റെ വാദങ്ങൾകൊണ്ട് സക്കറിയ അന്വേഷിച്ച ശാക്തിക ബലം, വാസ്തവത്തിൽ വിജയനിലല്ല, കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലാണ് പ്രവർത്തിക്കുന്നത്. അത്, നമ്മുടെ ‘മുന്നണി രാഷ്ട്രീയ'ത്തിന് നമ്മുടെതന്നെ വായനാ സമൂഹത്തിലുള്ള സ്ഥിരനിക്ഷേപത്തെ ആശ്രയിയ്ക്കുന്നതായിരുന്നു. സക്കറിയയുടെ ‘മൃദു ഹിന്ദുത്വ വിമർശം' ആ അർത്ഥത്തിൽ വിജയന്റെ ഏറ്റവും പ്രകടമായ ‘കമ്യൂണിസ്​റ്റ്​ അധികാര വിമർശ'ത്തെ തടയുകയായിരുന്നു. അഥവാ, കേരളത്തിലെ വായനാസമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള ഒരു രാഷ്​ട്രീയ കക്ഷിയുടെ ഭരണകൂട രാഷ്ട്രീയത്തെയാണ്, എം.എൻ. വിജയനെപ്പോലെ തന്നെ, സക്കറിയയും ഇതിനായി ആശ്രയിച്ചത്.

അഥവാ, മതേതരത്വത്തിന് ഔദ്യോഗിക ഇടതുപക്ഷം നൽകിയ വ്യാഖ്യാനത്തിന് സമമായ ഒന്ന്, തന്റെ ‘വിജയൻ വിമർശ'ത്തിന് സക്കറിയ തിരഞ്ഞെടുക്കുന്നു. മതേതരത്വത്തെയും മതസഹവർത്തിതത്ത്വത്തെയും രാഷ്ട്രീയമായിത്തന്നെ വേർപ്പെടുത്തുന്ന ഗാന്ധിജിയുടെ സമീപനമാണ് വിജയൻ തന്റെ അത്തരം അന്വേഷണങ്ങൾക്ക് ഉപയോഗിക്കുന്നതെങ്കിൽ സക്കറിയ തന്റെ വാദങ്ങൾക്ക് കണ്ടെത്തുന്നത് ഇടതുപക്ഷം ജനപ്രിയമാക്കിയ സെക്യുലർ വാദമായിരുന്നു: അവസരവാദപരമായ ഒരു നിലപാടായി അത് കേരളത്തിന്റെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പലപ്പോഴായി പ്രകടിപ്പിക്കപ്പെട്ടതും സംരക്ഷിക്കപ്പെടു ന്നതുമായിരുന്നു.

ചരിത്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സന്ദർഭങ്ങളിൽ നോവലിസ്റ്റുകൾ എത്തുന്നതിൽ അത്ഭുതമില്ല; ചിലപ്പോൾ അത് അത്രയും സാധാരണവുമാണ്. കഥകളുടെ ആവശ്യക്കാരാണ് അവർ ആദ്യവും അവസാനവും. എന്നാൽ, വിജയന്റെ നോവൽ, ‘ധർമപുരാണ'ത്തിലെ ‘ഉള്ളടക്ക'മായി മുഴുകിനിന്ന സമഗ്രാധിപത്യ വിമർശം നോവലിന് സ്വീകരിച്ച ആഖ്യാനത്തിൽ ഒരേ സമയം ഭാഷയുടെയും രൂപത്തിന്റെയും ‘ഉയർന്ന' ഉപയോഗത്തിലൂടെ കഥന കൗതുകമായി അവസാനിയ്ക്കുകയായിരുന്നു എന്ന് ഒരുപക്ഷെ കണ്ടെത്താവുന്നതുമാണ്. തീവ്രമായ വൈകാരിക രോഷമാകും തന്റെ കൃതിയിൽ, ഒരുപക്ഷെ, വിജയൻ ആഗ്രഹിയ്ക്കുന്നതും. ഇന്നോർക്കുമ്പോൾ, ‘ധർമപുരാണം' അതിന്റ ചരിത്ര പശ്ചാത്തലത്തിൽ നിന്ന്​ സ്വയം പിൻവാങ്ങിയ കൃതിയാണ്. അതിലെ രോഷത്തിനാധാരമായ ‘ഭരണകൂടം' ഇന്ന് അതേ രീതിയിൽ നിലനിൽക്കുന്നില്ല. ലോകത്ത് അവശേഷിച്ചിരുന്ന ‘കമ്യൂണിസ്​റ്റ്​ ഭരണകൂട'ങ്ങൾ ‘ബൂർഷ്വാ ജനാധിപത്യ'ത്തിന്റെ അകത്തുതന്നെ സുരക്ഷിതമാവുന്ന ‘പാർട്ടി സ്വേച്ഛാധിപത്യ'ത്തിലേക്ക് പിൻവാങ്ങിയിരുന്നു. വിജയന്റെ കലയ്ക്ക് അപരിചിതമല്ലാത്ത രാഷ്ട്രീയ മാറ്റം തന്നെ.

സക്കറിയ.
സക്കറിയ.

തങ്ങളുടെ സർഗ്ഗരചനകളിൽ സ്വീകരിക്കുന്ന ഭാഷകൊണ്ട് ‘ഭരണകൂട'ത്തിന്റെ വിമർശനം, സമഗ്രാധിപത്യ വിമർശനം, സാധ്യമാകും എന്ന് വിശ്വസിയ്ക്കാൻ എഴുത്തുകാർക്ക് വേഗം കഴിയുന്നു. അതുവഴി, വായനാക്കാരുടെ പ്രിയമോ ഞെട്ടലോ സ്വന്തമാക്കാൻ കഴിയുമെന്നും അവർ വേഗം വിശ്വസിയ്ക്കുന്നു. എന്നാൽ അവരുടെ ‘ഭാഷയുടെ ഉറവിടങ്ങൾ' അതേ പ്രവൃത്തിയെ, ചിലപ്പോൾ, തോൽപ്പിയ്ക്കുകയും ചെയ്യുന്നു: വി കെ എൻ കൃതികളെ അവയിലെ അഭിജാത സാമർത്ഥ്യത്തിന്റെ ഭാഷയും വിജയന്റെ ‘ധർമപുരാണ'ത്തെ ‘വേദഭാഷ'യുടെ പ്രച്ഛന്ന രീതിയും ചെയ്യുന്നപോലെ. നമ്മുടെ ഇന്നത്തെ പല കവികളുടെയും ‘രാഷ്ട്രീയ സന്നദ്ധത' സ്വീകരിക്കുന്ന പദകോശം ചെയ്യുന്ന പോലെ.

‘അധികാര'ത്തെ സ്വാധീനിക്കാനും നിയന്ത്രിക്കാനും തക്ക ഒരു പദവി എഴുത്തുകാർക്കുണ്ട് എന്ന വിശ്വാസം രാജാവിന്റെയും പുരോഹിതന്റെയും പാരമ്പര്യത്തിൽ നിന്ന്​ കിട്ടിയതാണ് എന്നുപറഞ്ഞത് സാർത്രെയാണ്, കുറേ മുമ്പ്. എന്നാൽ, അതെല്ലാം പിറകെ വന്ന കാലത്തിൽ പൊയ്​പ്പോയ്​ എന്നും സാർത്രും കാലവും നമ്മെ പഠിപ്പിക്കുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments