ഇന്ത്യ-പാക് സംഘർഷം യുദ്ധത്തോളം വളരുകയും ആണവ യുദ്ധ സാധ്യതകളടക്കം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന അവസരത്തിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകമുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ RAW (Research and Analysis Wing) യുടെ മുൻ തലവനായ അമർജീത് സിംഗ് ദുലത് (Amarjeet Sing Dulat) എഴുതിയ 'Kashmir: The Vajpayee Years' എന്ന പുസ്തകം. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് 'റോ' തലവനായി നിന്ന് കശ്മീർ വിഷയത്തെ ഏറ്റവും കൂടുതൽ അവധാനതയോടെ അതിലേറെ അനുഭാവപൂർവ്വം നോക്കിക്കണ്ട ഒരു ഉദ്യോഗസ്ഥന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം.
ദുലതിന്റെ പുസ്തകത്തിന്റെ ആദ്യ പാരഗ്രാഫ് അവസാനിക്കുന്നത് വാജ്പേയ് സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബ്രിജേഷ് മിശ്രയുടെ പ്രസ്താവനയോടെയാണ്. ''Do you know, Dulat, the only thing straight in Kashmir are the poplars?'' റോ തലവനെന്ന നിലയിൽ ബ്രിജേഷ് മിശ്രയുമായുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം ദുലത്തിനോട് പറഞ്ഞ വാചകമാണിത്. ''പോപ്ലാർ മരങ്ങളൊഴികെ മറ്റൊന്നും കശ്മീരിൽ ഋജുവായോ, നേർക്ക്നേരെയുള്ളതോ ആയി ഇല്ലെന്ന'' ബ്രിജേഷ് മിശ്രയുടെ വാക്കുകളെക്കുറിച്ച് ദുലത് കൂടുതൽ അഭിപ്രായ പ്രകടനങ്ങളൊന്നും നടത്തുന്നില്ലെങ്കിൽ കൂടിയും രാജ്യത്തിന്റെ ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ മനസ്സിൽ കശ്മീരിനെക്കുറിച്ചുള്ള മനോഭാവത്തെ അത് തുറന്നുകാട്ടുന്നുണ്ട്.

'കശ്മീരിന്റെ സങ്കീർണ്ണമായ രാഷ്ട്രീയ ഭൂപ്രകൃതി'യെക്കുറിച്ച് അവസരത്തിലും അനവസരത്തിലും വാചാലരാകുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങൾ കശ്മീരിനെ ഇന്ന് കാണുന്ന തരത്തിലുള്ള സംഘർഷങ്ങളിലേക്ക് നയിച്ചതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെ വിസ്മരിക്കുകയാണെന്ന് കശ്മീരി ജീവിതത്തിന്റെ വൈകാരികവും സാമൂഹികവുമായ ഘടനയെക്കുറിച്ച് അങ്ങേയറ്റത്തെ ഉൾക്കാഴ്ചയുള്ള ദുലത് വിശദീകരിക്കുന്നു. ദില്ലിയുടെയും ലാഹോറിന്റെയും രാഷ്ട്രീയ താൽപ്പര്യത്തിന് വിധേയമായി പ്രവർത്തിക്കേണ്ടിവരുന്ന കശ്മീരി രാഷ്ട്രീയവും അവിടുത്തെ ജനതയും അതിന്റെ എല്ലാ സംഘർഷങ്ങളും എക്കാലവും അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ കൂടുതൽ തെളിമയോടെ മനസ്സിലാകുന്നു.

ഭീകരവാദത്തെയും വിഘടനവാദത്തെയും ഇല്ലാതാക്കാനുള്ള ഏകമാർഗ്ഗം സംഭാഷണം മാത്രമാണെന്ന് ദീർഘകാലം രഹസ്യാന്വേഷണ വിഭാഗത്തെ പല തട്ടിൽ നയിച്ചിട്ടുള്ള ദുലത് ഉറപ്പിച്ചു പറയുന്നുണ്ട് ഈ പുസ്തകത്തിൽ. വിവേകമുള്ള മനുഷ്യർക്ക് മുന്നിൽ സുസ്ഥിരതയോടെയുള്ള സംഭാഷണ മാർഗ്ഗമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം അടിവരയിടുന്നു. ഇതുസംബന്ധിച്ച് ദുലത് തന്റെ അനുഭവം വിവരിക്കുന്നു: ''എന്റെ സമകാലികനും 1999-ൽ ടെൽ അവീവിൽ വെച്ച് ഞാൻ കണ്ടുമുട്ടിയതുമായ മൊസാദ് തലവൻ എഫ്രയിം ഹാലെവി, സംഭാഷണത്തിന്റെ ഉറച്ച വക്താവായിരുന്നുവെന്ന് ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പലസ്തീൻ തീവ്രവാദ വിഭാഗമായ ഹമാസിനെ തകർക്കാനോ അടിച്ചമർത്താനോ കഴിയില്ലെന്നും സംഭാഷണം മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം മനസ്സിലാക്കി. വിവേകമുള്ള ആളുകൾ അതാണ് ചെയ്യുന്നത്; ഞങ്ങൾ ചെയ്തതും അതാണ്. ഏതാണ്ട് അനന്തമെന്ന് തോന്നുംവിധം സംസാരിക്കുക. ആത്യന്തികമായി ഇതെല്ലാം മനുഷ്യബന്ധങ്ങളിൽ ഉടക്കിക്കിടക്കുന്നവയാണ്. ചെറിയ സൂചനകൾ, ആംഗ്യങ്ങൾ, സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വളരെയധികം സഹായിക്കുന്നു.''

സംഘർഷങ്ങളെ മൂർച്ഛിപ്പിച്ചുകൊണ്ടുള്ള, യുദ്ധവെറി കലർന്ന, ദേശീയബോധത്തെ ജ്വലിപ്പിച്ചുകൊണ്ടുള്ള നിരുത്തരവാദപരമായ പ്രസ്താവനകളും സൈന്യത്തിന് കൂടുതൽ അധികാരം നൽകാനുള്ള ആക്രോശങ്ങളും അന്തരീക്ഷത്തിൽ അലയടിക്കുമ്പോൾ ദുലത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു: 'Armies nowhere like to go to war. It is the last bad option. Since I have been on the Indo-Pak track two dialogue, I keep heaing the most honest dialogue takes place between retired generals, Logically militarymen of both countries need to meet regularly.”
ഇന്ത്യ - പാക് സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് സ്വീകരിച്ച നിലപാടുകളും നയങ്ങളുമാണ് ദുലത്തിന്റെ പുസ്തകത്തിന്റെ കാതൽ. വാജ്പേയിയുടെ ഭരണകാലത്ത് റോയുടെ തലവെന്ന നിലയിൽ അധികാരത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന ചെറു ചലനങ്ങളെക്കുറിച്ച് പോലും വ്യക്തമായ ബോധ്യമുള്ള ഗ്രന്ഥകാരൻ ഇക്കാര്യം വിശദീകരിക്കുമ്പോൾ അത് ആധികാരിക പ്രസ്താവനകളായി മാറുന്നു. ഇന്ത്യ-പാക് സംഘർഷങ്ങളുടെ കേന്ദ്ര പ്രശ്‌നമായ കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രധാനമന്ത്രി വാജ്പേയിയുടെ പ്രവർത്തന ശൈലി സംഭാഷണം, ഉൾക്കൊള്ളൽ, മനുഷ്യത്വത്തിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയായിരുന്നു എന്ന് ദുലത് വിശദീകരിക്കുന്നു.

വാജ്പേയിയുടെ സമീപനത്തിലെ പ്രധാന ഘടകങ്ങൾ ഇവയായിരുന്നുവെന്ന് അദ്ദേഹം അക്കമിട്ട് പറയുന്നു:
മാനവികതയെ മുൻനിർത്തിയുള്ള പ്രവർത്തന ചട്ടക്കൂട് തയ്യാറാക്കൽ. കവിയും പണ്ഡിതനുമായ വാജ്‌പേയ് മുന്നോട്ടുവെച്ച ''ഇൻസാനിയത് കെ ദായ്രേ മേം'' എന്ന കാഴ്ചപ്പാട് ഇത്തരത്തിൽ മാനവികതയിലൂന്നിയ സംഭാഷണ ശൈലിക്ക് തുടക്കം കുറിക്കാൻ പ്രേരിപ്പിച്ചു. ഇത് കശ്മീരികളിൽ ആഴത്തിലുള്ള ബന്ധം ഉറപ്പിക്കാൻ സഹായിക്കുകയും സൗഹാർദ്ദം ഊട്ടിയുറപ്പിക്കുകയും ചെയ്തുവെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. വിഘടനവാദികൾ, മിതവാദികൾ, മുഖ്യധാരാ രാഷ്ട്രീയക്കാർ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ കശ്മീർ വിഷയത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളികളായിരുന്ന മുഴുവൻ പേരെയും സംഭാഷണത്തിൽ ഉൾക്കൊള്ളിക്കാൻ നിരന്തരം ശ്രമിക്കുകയും സമാന്തര സംഭാഷണ പാതകൾ വളർത്തിയെടുക്കുകയും ചെയ്തു.
തടവുകാരെ വിട്ടയക്കുക, ഹുറിയത്ത് നേതാക്കളെ അനൗപചാരിക ചർച്ചകൾക്ക് ക്ഷണിക്കുക, 2000-ൽ റംസാൻ കാലത്ത് ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ നടപടികൾ ആരംഭിച്ചുകൊണ്ട് വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കാർഗിൽ യുദ്ധം പോലുള്ള തിരിച്ചടികൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം പാകിസ്ഥാനിലേക്ക് സൗഹൃദത്തിന്റെ കൈ നീട്ടി, ആഗ്ര ഉച്ചകോടിക്ക് ജനറൽ മുഷറഫിനെ ക്ഷണിച്ചു, കശ്മീരിലെ കരാറുകൾക്കായി പ്രവർത്തിച്ചു. വിഘടനവാദികൾ ഉൾപ്പെടെ വിശാലമായ പങ്കാളിത്തത്തിന് പരിഗണന നൽകി 2002-ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പുവരുത്തി.

ഈ രീതിയിൽ പലവിധത്തിൽ കശ്മീർ വിഷയത്തിൽ ഉൾപ്പെട്ട സംഘടനകളെ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തുറന്നതും സത്യസന്ധവുമായ സംഭാഷണ പരമ്പരകളല്ലാതെ മറ്റൊരു വഴിയും ഭരണകൂടത്തിന് മുന്നിലില്ലെന്ന് ദുലത് തന്റെ വ്യക്തിപരമായ അനുഭവ വിവരണങ്ങളിലൂടെ ഈ ഗ്രന്ഥത്തിൽ ആവർത്തിച്ച് വിശദീകരിക്കുന്നു.
''രക്തവും വെള്ളവും ഒരുമിച്ച് ഒഴുകുകയില്ലെന്നും,'' ആണവായുധങ്ങൾ കാട്ടി പരസ്പരം വെല്ലുവിളിച്ചും യുദ്ധത്തിലേക്ക് ആവർത്തിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അൽപബുദ്ധികളായ രാഷ്ട്രീയ നേതൃത്വങ്ങളും അവരെ അതിനായി ഉപദേശിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിവേകവും സാമാന്യബോധവും നഷ്ടപ്പെട്ട സമാനമായ ഭരണകൂടംതന്നെ അതിർത്തികൾക്കപ്പുറത്ത് നിലനിൽക്കുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതം നിരന്തര സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടേതുമായി മാറുന്നു.
2015-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലെ 18ഓളം അധ്യായങ്ങളിലൂടെ ഇന്ത്യയിലെ ചാരസംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് കശ്മീർ വിഷയത്തിൽ നിരന്തരം ഇടപെട്ട, അമർജീത് സിംഗ് ദുലത് അടിവരയിട്ട് പറയുന്ന സംഭാഷണങ്ങളുടെ പാതയല്ലാതെ മറ്റൊന്നും തന്നെ നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല. 9/11ന് ശേഷം അമേരിക്ക ആരംഭിച്ച 'വാർ ഓൺ ടെററിസം' തൊട്ടുള്ള ആഗോളാനുഭവങ്ങൾ ദുലത്തിന്റെ പ്രസ്താവനയെ കൂടുതൽ സംഗതമാക്കുന്നുണ്ട്.