സൈക്യാട്രിക്ക് വാർഡിലെ ഖസാക്ക്

കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക്ക് വാർഡിൽ കിടക്കുമ്പോൾ എന്റെ തലക്കാമ്പുറത്ത് ഖസാക്കിന്റെ ഇതിഹാസം ഉണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസമാണ് രോഗകാരണമെന്നും പറഞ്ഞ് സഹികെട്ട് കൂട്ടിരുന്ന ചെറിയ ഏട്ടത്തി ഖസാക്കിനെ ഒളിപ്പിച്ചുവെച്ചു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം: 15

ന്മാദത്തിന്റെ മൂന്നാംകാലത്തിൽ ഭയത്തിന്റെ ചെമ്പരത്തികൾ തുടുത്തുനിന്ന തലച്ചോറുമായി ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക്ക് വാർഡിൽ കിടന്നു. ഒന്നാം കാലം പല പല സൈക്യാട്രിസ്റ്റുകളുടെ മരുന്നുകളിലൂടെ കടന്നുപോയി വിജയാ ഹോസ്പിറ്റലിലെ പതിമൂന്നു ദിവസത്തെ ആശുപത്രി വാസത്തിൽ അവസാനിച്ചു . രണ്ടാം കാലം വിജയൻ ഡോക്ടറിലുള്ള വിശ്വാസം നഷ്ടമായി പിന്നെയും പല സൈക്യാട്രിസ്റ്റുകളുടെ മരുന്നുചീട്ടുകളിൽ എന്നെ തളച്ചിട്ടു. തലച്ചോറിലെ ഭയം മാത്രം കുറവൊന്നുമില്ലാതെ ചുവപ്പൻ ചെമ്പരത്തികളെ വിരിയിച്ചുകൊണ്ടിരുന്നു. കുറേയേറെ രാസപദാർത്ഥങ്ങൾ കഴിച്ച് എൻ്റെ സിരകൾ തളർന്നു. ഉടൽ ചീർത്തു. കവിളൊക്കെ പല്ല് വേദനയുള്ളതു പോലെ നീരു കെട്ടി വീർത്തു നിന്നു.
എനിക്ക് ഭ്രാന്തായിപ്പോവും എന്ന അകാരണമായ ഭയത്തെ തൊട്ട ആ രാത്രി മുതൽ എൻ്റെ ജീവിതവും ബോധവും കാഴ്ചകളും മറ്റൊന്നായി മാറി. എനിക്കു മുമ്പിൽ പൂക്കൾ വിരിഞ്ഞു. മഞ്ഞു മഴയും പെയ്തു. വേനലും വസന്തവും വന്നു. ഒന്നും എന്നെ ആകർഷിച്ചില്ല.
ഇതാ ഇപ്പോൾ,
അടുത്ത നിമിഷം,
അതിൻ്റെയടുത്ത നിമിഷം എനിക്ക് ഭ്രാന്താവുമെന്ന ഭയത്തിന്റെ ആ മുൾത്തുറവകളിൽ ഞാൻ കുരുങ്ങിക്കിടന്നു. എൻ്റെ ശരീരഭാഷ പോലും മാറി. നടത്തം യന്ത്രമനുഷ്യനെപ്പോലെ നേർരേഖയിലായി. വീട്ടിൽനിന്ന് തുടങ്ങുന്ന നടത്തം കവല വരെ ഒറ്റ വീർപ്പിൽ ഒരേ താളത്തിലായി മാറി. പരിചയക്കാരും സുഹൃത്തുക്കളും എൻ്റെ നടത്തത്തിലെ യാന്ത്രികത കണ്ട് എന്നെ മിഴിച്ചുനോക്കി. ഇങ്ങോട്ട് ചിരിച്ചവരോടുപോലും ഞാൻ പകരം ചിരിച്ചില്ല. ചിരിയും കണ്ണീരും വേദനയും കവിതയും മഴയും യുക്തിചിന്തയും സാഹിത്യവും എനിക്ക് നഷ്ടമായി. ആ വല്ലാത്ത അവസ്ഥയിലും ഖസാക്ക് എന്റെയുള്ളിൽ എനിക്കറിയാത്തൊരു പ്രേരണയായി ഇരമ്പിയാർത്തു. ഞാനതിൻ്റെ സൗന്ദര്യത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പലപ്പോഴും എന്തിനെന്നില്ലാതെ ഞാനതിലെ വാക്കുകൾ ഉരുവിട്ടു.

"അവിടെ മുൾക്കാടുകളുണ്ടായിരുന്നു. കോളേജിൻ്റെ മേൽപ്പുര ചുവന്നതായിരുന്നു. മുൾക്കാടുകളിൽ മുയലും കൂരാനുമുണ്ടായിരുന്നു.നനഞ്ഞ പുല്ലുകൾ കാശ്മീരങ്ങൾ വിടർത്തിയ തുറസ്സുകളായിരുന്നു. അവിടെ പത്മയും താനുമിരുന്ന് സന്ധ്യയുടെ നക്ഷത്രങ്ങളെണ്ണാറുണ്ടായിരുന്നു."

മുഹമ്മദ് അബ്ബാസ്

ഭ്രാന്തിനേക്കാൾ വലിയ ഭ്രാന്തായി തോന്നാമെങ്കിലും, മെഡിക്കൽ കോളേജിൽ കിടക്കുമ്പോൾ എന്റെ തലക്കാമ്പുറത്ത് ഖസാക്കിന്റെ ഇതിഹാസം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിട്ടില്ല. ഭ്രാന്തന്മാരുടെ ഇടയിൽ ഭാര്യയെ എനിക്ക് കൂട്ടുനിർത്തേണ്ട എന്നുപറഞ്ഞ് ചെറിയ ഏട്ടത്തിയാണ് കൂട്ടുനിന്നത്. ചെറിയാത്ത എന്ന് ഞാൻ വിളിക്കുന്ന അവൾ, പുരുഷന്മാരുടെ ആ വാർഡിൽ ചുറ്റും നടക്കുന്ന ഉന്മാദനടനങ്ങൾ കണ്ട് അന്തിച്ചുനിന്നു. ആ ചുമരുകൾക്കും അപ്പുറം എവിടെയോ ആണ് സ്ത്രീകളുടെ വാർഡ് കിടന്നത്.

മുഴുഭ്രാന്തന്മാരും അര ഭ്രാന്തന്മാരുമായിരുന്നു ആ ഹാളിൽ അഡ്മിറ്റായി കിടന്നത്. ഇതിനിടയിൽ എന്റെ ഭ്രാന്തിന്റെ സ്ഥാനം എവിടെയെന്ന് നിർവചിക്കാനാവാതെ ഭയത്തിന്റെ ചെമ്പരത്തികൾ ചൂടി ഞാനും കിടന്നു. വല്ലാത്തൊരു ലോകമായിരുന്നു അത്. അലറിവിളിക്കുന്നവർ. എപ്പോഴും മയങ്ങിക്കിടക്കുന്നവർ. സിസ്റ്റർമാരെ ആക്രമിക്കുന്നവർ. രാപ്പകലുകളില്ലാതെ മൊസൈക്കിട്ട ആ ഹാളിലൂടെ ജീവിതത്തെ നടന്നു തീർക്കുന്നവർ. നഷ്ടപ്രണയത്തിൻ്റെ ദുഃഖമന്ദാരങ്ങൾ ചൂടിയവർ.

കച്ചവടത്തിൽ പങ്കാളിയായിരുന്ന സുഹൃത്ത് തന്നെ ചതിച്ച പണവുമായി ഗൾഫിലേക്ക് കടന്നു കളഞ്ഞതിന്റെ അമ്പരപ്പിൽ സ്വബോധം നഷ്ടമായ യൂസഫ്ക്ക ആ ഹാളിലൂടെ നടന്നു. അയാളുടെ ഭാര്യ മറ്റാരുടെയോ കൂടെ ജീവിക്കാൻ പോയി. കുട്ടികൾ തറവാട്ടുവീട്ടിൽ ഉമ്മയും ഉപ്പയുമില്ലാതെ ജീവിച്ചു. അയാളുടെ കൈ രണ്ടും പിറകിലോട്ട് ചേർത്ത് കെട്ടിയിരുന്നു. അത് ആരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നിട്ടല്ല. നിർത്താതെ സംസാരിക്കുന്ന അയാൾ മറ്റുള്ളവരെ വർത്താനത്തിനിടെ തോണ്ടും. അവരുടെ കൈ പിടിച്ചുവലിക്കും. തന്നെ ചതിച്ച സുഹൃത്ത് കപ്പൽ കയറി വരുന്നുണ്ടെന്ന് അയാൾ വിശ്വസിച്ചു. ഉയരം കൂടിയ ഷട്ടർ ഗ്രില്ലിനപ്പുറം പടർന്നു പന്തലിച്ചു നിന്ന വാകമരങ്ങളും, നഗരനിലവിളികളും അയാളുടെ ബോധത്തിൽ കടലായി മാറി. ആ കടലിലൂടെ അയാൾക്കു മാത്രം കാണാൻ കഴിയുന്ന കപ്പലുകൾ സഞ്ചരിച്ചു.
"വെര്ണ് ണ്ട് കപ്പല് വെര്ണ് ണ്ട്", അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്നിലെ ഖസാക്ക് ഭ്രാന്തൻ ഇത്തിരി ആശ്വാസത്തിനായി യൂസഫ്ക്കാനോട് ചോദിച്ചു: "അതോടെ സത്തിയമെന്നാ യൂസഫ്ക്കാ?"

മുഴുഭ്രാന്തന്മാരും അര ഭ്രാന്തന്മാരുമായിരുന്നു ആ ഹാളിൽ അഡ്മിറ്റായി കിടന്നത്. ഇതിനിടയിൽ എന്റെ ഭ്രാന്തിന്റെ സ്ഥാനം എവിടെയെന്ന് നിർവചിക്കാനാവാതെ ഭയത്തിന്റെ ചെമ്പരത്തികൾ ചൂടി ഞാനും കിടന്നു.

അയാളത് കേട്ടില്ല. കടലോളം വലിപ്പമുള്ള അയാളുടെ കപ്പലിൽ ഭൂമിയിലെ മനുഷ്യരെല്ലാം ഒരുമിച്ച് കയറി കൂടിയിരുന്നു. അതിലെവിടെയോ തന്റെ കച്ചവട പങ്കാളിയായ സുഹൃത്തും ഉണ്ട്. ആ സുഹൃത്തിന് ചുരുണ്ട മുടിയുണ്ട്. മൂന്നാം നമ്പർ ബെഡ്ഡിൽ എപ്പോഴും മയങ്ങിക്കിടക്കുന്ന വൈശാഖനും ചുരുണ്ട മുടിയുണ്ട്. ആ ചുരുണ്ട മുടിയിൽ പിടിച്ചുവലിച്ച് തന്റെ സുഹൃത്തിനെ ഉണർത്താൻ യൂസഫ്ക്ക ശ്രമിച്ചപ്പോഴാണ് മൂപ്പരുടെ കൈ പിറകിലോട്ട് കെട്ടപ്പെട്ടത്.

എന്നിട്ടും യൂസഫ്ക്ക വൈശാഖന്റെ അരികിൽ ചെന്നുനിന്ന് ഉച്ചത്തിൽ തന്റെ സുഹൃത്തിന്റെ പേരു വിളിച്ചു. മയക്കം ഞെട്ടുന്ന അവസരങ്ങളിൽ ആ വിളി കേട്ട് വൈശാഖൻ കരയും. കരഞ്ഞു തുടങ്ങിയാൽ അത് നിർത്താൻ ഒരു ദിവസമൊക്കെ വേണം. മയക്കത്തിലും അയാൾ വിതുമ്പുന്നുണ്ടാവും. അയാളുടെ പ്രണയിനി വിവാഹമൊക്കെ ഉറപ്പിച്ച് കല്യാണഡ്രസ്സൊക്കെ എടുത്ത്, പന്തൽ വരെ ഇട്ടതിനുശേഷം രാത്രിയിൽ തൻ്റെ കല്യാണസാരി കൊണ്ട് ഷീലിംഗ് ഹുക്കിൽ കുരുക്കിട്ട് തൂങ്ങിയാടിയതാണ്. മനുഷ്യനെന്ന അത്ഭുതത്തിന്റെ, അതിനേക്കാൾ അത്ഭുതമായ തലച്ചോറെന്ന ജെല്ലി മിഠായിയുടെ അനന്ത കോശങ്ങളെ ഓർത്ത് ഞാൻ അമ്പരുന്നു. ആ അമ്പരപ്പൊന്നും എന്നിൽ ഭയമുണ്ടാക്കിയില്ല. മറ്റുള്ളവർ തനിച്ച് പോവാൻ ഭയക്കുന്ന ഇടങ്ങളിലൊക്കെ ഇരുട്ടത്ത് ഞാൻ തനിയെ പോയി .പക്ഷേ എൻ്റെയുള്ളിലെ ഭയത്തിൽ മറ്റൊരു ഭയമായി ഞാൻ ചുരുങ്ങിക്കിടന്നു.

വാകമരങ്ങൾക്കപ്പുറം കപ്പലണയുമ്പോൾ യൂസഫ്ക്ക ഷട്ടർ ഗ്രില്ലിന്റെ അരികിലേക്ക് നടക്കും. എന്നിട്ട് അതിൻ്റെ വിടവുകളിലൂടെ ഒരു കാല് പുറത്തേക്കിട്ട് കൂക്കി വിളിക്കും. അപ്പോൾ ആ കപ്പലിന്റെ അമരത്തുനിന്ന് അയാളുടെ സുഹൃത്ത് കൈവീശി കാണിക്കും. വിമാനം കയറി ഗൾഫിലേക്ക് നാടു വിട്ട ആ ചതിയനെ യൂസഫ്ക്ക കപ്പലിൽ പ്രതീക്ഷിക്കുന്നതിന്റെ സത്തിയമെന്തെന്ന് ഞാൻ പലവട്ടം എന്നോട് തന്നെ തർക്കിച്ചു. രവിയോടും മാധവൻ നായരോടും നൈജാമലിയോടും ചോദിച്ചു. സത്തിയം പലതെന്ന ഒറ്റ ഉത്തരമാണ് അവരൊക്കെയും എനിക്കു തന്നത്.

മുഹമ്മദ് അബ്ബാസ്

രണ്ട് കാലും ഗ്രില്ലിലൂടെ പുറത്തേക്കിടാൻ ശ്രമിച്ച് യൂസഫ് ക്ക മറിഞ്ഞുവീഴാൻ പോവുമ്പോൾ അയാളുടെ വൃദ്ധയായ ഉമ്മ ഓടിച്ചെന്ന് താങ്ങും. കൂട്ടിപ്പിടിച്ച് ബെഡ്ഡിലേക്ക് തന്നെ തിരികെ കൊണ്ടു വരും. എന്നാലും കുറച്ചുകഴിയുമ്പോൾ അയാൾ അങ്ങോട്ടുതന്നെ പോവും. സൂചിത്തുമ്പിലെന്ന പോലെ അയാളുടെ ബോധം ഏകാഗ്രതയോടെ അദൃശ്യമായ ആ കടലിൽ തറച്ചുനിന്നു. അവിടെ കപ്പൽച്ചാലുകളിലൂടെ ദുബായ് കറൻസികൾ ഒഴുകി നടന്നു. രാത്രികളിൽ ഹാളിൽ ഒരു ബൾബ് മാത്രം പ്രകാശിച്ചു. വാർഡിലേക്ക് കടക്കാനുള്ള വലിയ ഷട്ടർ ഗ്രില്ല് അടച്ചു പൂട്ടി അവിടെയിട്ട കസേരയിലിരുന്ന് സെക്യൂരിറ്റിക്കാരൻ ഉറങ്ങും. യൂസഫ്ക്ക ആ വെളിച്ചത്തിലൂടെ തന്റെ കടലിനു നേർക്ക് നടക്കും. ആ നടത്തത്തിന്റെ പാതയോരത്ത് കിടക്കുന്ന എന്നോട് തൻ്റെ സങ്കടങ്ങൾ പറയും. ഞാനപ്പോൾ ഖസാക്കിലെ നെടുവരമ്പിൽ അന്തിച്ചു നിൽക്കും. മൈമൂന അറബിക്കുളത്തിൽ നീരാടും. അപ്പുക്കിളി തുമ്പികളെ നായാടും. ഞാറ്റുപുരയിലെ ചുമർവിടവകകളിൽ നിന്ന് കൂറ്റൻ ചിലന്തികൾ മുളച്ച് പൊന്തും.

ആ അരണ്ട വെളിച്ചത്തിൽ കട്ടിലിൽ എഴുന്നേറ്റിരുന്ന് ഖസാക്ക് വായിക്കുന്ന എന്നെ ചെറിയാത്ത അന്തം വിട്ടു നോക്കും. അവിടെ അഡ്മിറ്റയി കിടന്ന കാലത്താണ് ഞാൻ 'സ്മാരകശിലകൾ' വായിച്ചത്. ചെറിയാത്ത ഉറങ്ങിയില്ല. ഞാൻ കിടന്ന കട്ടിലിനു തൊട്ടടുത്തായിട്ടാണ് രാജേഷ് കിടന്നത്. അവൻ ഏട്ടന്റെ നിറുകം തല അടിച്ചുപൊളിച്ചവനാണ്. സിസ്റ്റർമാരെ ആക്രമിക്കുന്നവനാണ്. സെക്യൂരിറ്റിക്കാരെ തട്ടിമാറ്റി ഇറങ്ങിയോടുന്നവനാണ്. കുപ്പായമൂരി കയ്യിൽ പിടിച്ച്, വിടർന്ന നെഞ്ച് കൂടുതൽ വിരിച്ച് എന്തിനോടൊക്കെയോ ഉള്ള പകയിൽ അലറി വിളിക്കുന്നവനാണ്. അവനെ എനിക്കും ഭയമാണ്. എന്നെ എന്തെങ്കിലും കാട്ടിക്കളയുമോ എന്ന പേടിയല്ല.സിസ്റ്റർമാരെ ആക്രമിക്കുന്ന അവൻ ഏത് നേരത്തും ചെറിയാത്താനെ ആക്രമിച്ചേക്കുമെന്ന് ഞാൻ ഭയന്നു. പക്ഷേ അവൾ കൊടുക്കുന്ന ചായയും ബിസ്ക്കറ്റും അവൻ ശാന്തതയോടെ വാങ്ങി തിന്ന് ഗ്ലാസ് കൊണ്ടുപോയി കഴുകി തുടച്ച് അവൾക്കുതന്നെ തിരികെ കൊടുക്കും. എന്നിട്ടും ഞാനവനെ അവൾക്കു വേണ്ടി ഭയന്നു.

ഭയവുമായി വന്ന എന്നെ കൂടുതൽ ഭയത്തിലേക്ക് അഡ്മിറ്റാക്കിയ ഡോക്ടർമാർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഇതിനിടയിൽ ഞാൻ ഒന്ന് രണ്ട് ഗുളികകൾക്ക് അഡിക്റ്റായി കഴിഞ്ഞിരുന്നു. ക്ലോണോസപ്പാമും, അൽപ്രാക്സുമാണ് ആ ഗുളികകൾ. മെഡിക്കൽ കോളേജിൽ നിന്ന് കഴിക്കാൻ തന്ന മരുന്നുകളുടെ കൂട്ടത്തിൽ ആ മരുന്നുകൾ രണ്ടും ഉണ്ടായിരുന്നില്ല. അത് കിട്ടാതെ എന്റെ കൈകൾ വിറച്ചു. തല ഉഷ്ണിച്ചു. ഇനിയത് കഴിക്കേണ്ടെന്ന് അവിടുത്തെ ഡോക്ടർമാർ തീർത്തുപറഞ്ഞു. കോട്ടക്കലെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആ ഗുളികകൾ വാങ്ങിയതിന്റെ ബില്ലുമായി ഞാൻ ചെറിയാത്താനെ അവിടുത്തെ മെഡിക്കൽ സ്റ്റോറുകളിലേക്ക് പറഞ്ഞയച്ചു. പക്ഷേ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആ മരുന്നുകൾ തരാൻ കഴിയില്ലെന്ന് പറഞ്ഞ് അവരവളെ മടക്കിയയച്ചു.

എപ്പോഴും എൻ്റെ കയ്യിൽ കാണുന്ന ഖസാക്കിന്റെ ഇതിഹാസമാണ് രോഗകാരണമെന്നും പറഞ്ഞ് സഹികെട്ട് അവൾ ഖസാക്കിനെ ഒളിപ്പിച്ചുവെച്ചു. ഖസാക്കിനെ കാണാഞ്ഞ്, എനിക്കുപോലും അറിയാത്ത ഒരാളായി മാറി ഞാൻ ഒച്ചവെച്ചപ്പോൾ അവളത് തിരികെതന്നു. യൂസഫ്ക്കാക്ക് കടലും കപ്പലും കിട്ടിയപോലെ, അശ്വന്തിന് ഭക്ഷണം കെട്ടിയ പോലെ, ഞാനപ്പോൾ ആനന്ദിച്ചു.

ഞാനവിടെ എത്തിയതിന്റെ ആറാം നാൾ രാജേഷ് സെക്യൂരിറ്റിക്കാരനെ തള്ളിമറിച്ചിട്ട് താഴേക്ക് ഓടിപ്പോയി. പുക വലിക്കാനാണ് അവൻ പോവുന്നതെന്ന് എല്ലാവർക്കും അറിയാം. അവൻ്റെ ഉന്മാദങ്ങൾക്കു കൂട്ടിരുന്ന് മടുത്ത ഏട്ടൻ അത്തവണ അവനെ തിരഞ്ഞുപോയില്ല. പിന്നീടൊരിക്കലും രാജേഷ് മടങ്ങിവന്നില്ല. അവൻ്റെ ഒഴിഞ്ഞ കട്ടിൽ നോക്കി ക്രൂരനായ ഞാൻ ആശ്വസിച്ചു. ഇനിയവൻ ചെറിയാത്താനെ ആക്രമിക്കുമോ എന്ന പേടിയിൽ നിന്നുള്ള മോചനമായിരുന്നു ആ ആശ്വാസത്തിനു കാരണം.

എപ്പോഴും എൻ്റെ കയ്യിൽ കാണുന്ന ഖസാക്കിന്റെ ഇതിഹാസമാണ് രോഗകാരണമെന്നും പറഞ്ഞ് സഹികെട്ട് അവൾ ഖസാക്കിനെ ഒളിപ്പിച്ചുവെച്ചു.

കയ്യിൽ കിട്ടുന്നതെന്തും എടുത്ത് ചുമരുകളിൽ പൂച്ചക്കുട്ടിയെ വരയ്ക്കുന്ന പതിനെട്ടുകാരൻ അമീൻ എൻ്റെ പിറകിലത്തെ കട്ടിലിലാണ് കിടന്നത്. അവൻ്റെ ചിരിയിൽ ഞാൻ അപ്പുക്കിളിയെ കാണാൻ ശ്രമിച്ചു.

പ്രീ- ഡിഗ്രി രണ്ടാം കൊല്ല പരീക്ഷയുടെ ഒടുക്കത്തെ ദിവസത്തിലാണ് അവൻ ഉത്തരക്കടലാസിൽ ആദ്യമായി പൂച്ചക്കുട്ടിയെ വരച്ചത്. തൻ്റെ പേപ്പറിൽ വരച്ചുതീർന്നപ്പോൾ അവൻ അടുത്തിരുന്നു പരീക്ഷ എഴുതുന്നവന്റെ ഉത്തരക്കടലാസ് തട്ടിപ്പറിച്ച് അതിലും പൂച്ചകളെ വരച്ചു. അവൻ വരച്ച പൂച്ചകൾ ക്യാരറ്റിന്റെ നിറത്തിലും വെന്ത വെണ്ടക്കയുടെ നിറത്തിലും ആ ഹാളിലെ ചുമരുകളിൽ നിറഞ്ഞു നിന്നു. ചായയിൽ ബ്രെഡ് കലക്കി ഉണ്ടാക്കിയ പെയിൻ്റ് കൊണ്ട് അവൻ മൊസൈക്കിട്ട് നിലത്തും പൂച്ചക്കുട്ടികളെ വരച്ചുവെച്ചു.

ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ അപ്പുക്കിളി ബോർഡിലും നിലത്തും ചുമരിലും വാതിലിലുമൊക്കെ കളർ ചോക്ക് കൊണ്ട് വരച്ച ‘ഠ’ കാരങ്ങൾ. ഒരക്ഷരം മാത്രം പഠിച്ച് അറിവ് പൂർത്തിയായവൻ്റെ ഉന്മാദമായി അമീൻ്റെ പൂച്ചക്കുട്ടികൾ അവിടെ ചിതറിക്കിടന്നു. പത്തു കൊല്ലം മുമ്പ് മാധവൻ നായർ അപ്പുക്കിളിക്ക് പഠിപ്പിച്ചു കൊടുത്തതായിരുന്നു ആ അക്ഷരം. അമീൻ വരച്ച ഒരേ രൂപത്തിലുള്ള പൂച്ചക്കുട്ടികളെ നോക്കി മാധവൻ നായരുടെ വാക്കുകൾ ഞാൻ ആവർത്തിച്ചു.

"ഖഗമേ .....നീയ് നൊമ്പടെ ദേശത്തിന്റെ മാനം രക്ഷിച്ചു"

അമീൻ എന്നെ നോക്കി ചിരിച്ചു. പിന്നെ ബാക്കിയുള്ള ചായയുമായി കുളിമുറിയുടെ ചുമരിലേക്ക് പൂച്ചക്കുട്ടികളെ വരയ്ക്കാൻ പോയി.

ഒരക്ഷരം മാത്രം പഠിച്ച് അറിവ് പൂർത്തിയായവൻ്റെ ഉന്മാദമായി അമീൻ്റെ പൂച്ചക്കുട്ടികൾ അവിടെ ചിതറിക്കിടന്നു.

പതിനെട്ടു ദിവസം ഞാനാ ഹാളിൽ ഭയം പുതച്ച് കിടന്നു. ഭയം പുതച്ച് തിന്നു. ഭയം പുതച്ച് നടന്നു. ഭയം പുതച്ച് മയങ്ങി. അങ്ങോട്ടുപോയപ്പോൾ ഉണ്ടായിരുന്ന അതേ ഭയവുമായി ഞാൻ അവിടുന്ന് മടങ്ങുമ്പോൾ ആധുനിക മനഃശാസ്ത്രത്തിലുള്ള വിശ്വാസം പാതിയും നഷ്ടമായിക്കഴിഞ്ഞിരുന്നു. മറു പാതി കൂടി നഷ്ടമായിരുന്നെങ്കിൽ ഞാനും രാജേഷിനെ പോലെ, കുഞ്ഞൂട്ടനെ പോലെ പെരു വഴിയിലൂടെ അലറി വിളിച്ച് ഓടുമായിരുന്നു. പോരാൻ നേരത്ത് ആ ഷട്ടർ ഗ്രില്ലും കടന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, യൂസഫ്ക്ക ഹാളിന്റെ മറുതലയ്ക്കലെ ഗ്രില്ലിലൂടെ കാലും പുറത്തേക്കിട്ട് തന്റെ കടലിനെ എത്തിപ്പിടിക്കാൻ നോക്കി. അമീൻ തനിക്ക് കിട്ടിയ മസാലദോശയിലെ, മസാല കൊണ്ട് സിസ്റ്റർമാരുടെ മുറിയുടെ ചുമരിൽ പൂച്ചക്കുട്ടികളെ വരച്ചു.
ഞാൻ യാത്ര പറഞ്ഞു. വഴിയമ്പലമേ വിട. ഉന്മാദത്തിൻ്റെ ഈ മണങ്ങളിലേക്ക് തിരികെ വരാതിരിക്കാൻ നീയെന്നെ തുണക്കുക.

16: വഴിയമ്പലങ്ങൾ

പല കാലങ്ങളിൽ പതിനെട്ട് പതിപ്പുകളിലായി ഖസാക്കിന്റെ ഇതിഹാസം ഞാൻ വാങ്ങിയിട്ടുണ്ട്. വായനയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നിയ സുഹൃത്തുക്കൾക്ക് അത് സമ്മാനിച്ചിട്ടുമുണ്ട്. അവരൊക്കെ അത് വായിച്ചോ എന്ന് അറിയില്ല. ചിലരൊക്കെ അതിൻ്റെ ഭാഷയിൽ വഴിമുട്ടി തിരികെ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ എന്നെ സമാധാനിപ്പിക്കും. ഖസാക്ക് എല്ലാവർക്കും വേണ്ടിയുള്ള നോവലല്ല, ഒരു നോവലും എല്ലാവർക്കും വേണ്ടിയുള്ളതല്ല. ലോക പ്രശസ്തരായ പല എഴുത്തുകാരെയും, അവരുടെ മാസ്റ്റർപീസുകളെയും എല്ലാവരും ഒരേപോലെ ഒരുകാലത്തും ഇഷ്ടപ്പെട്ടിട്ടില്ല, വായിച്ച് ആസ്വദിച്ചിട്ടുമില്ല.

വിവാഹത്തിനൊക്കെ മുമ്പ് മുൻകൂട്ടി തീരുമാനിക്കാതെ ഞാൻ പലയിടങ്ങളിലേക്കും തനിയെ യാത്ര പോവുമായിരുന്നു. അപ്പോഴൊക്കെ കയ്യിൽ പുസ്തകങ്ങൾ കരുതും. അക്കൂട്ടത്തിൽ ഖസാക്കും ഉണ്ടാവും. ടിക്കറ്റെടുത്ത സ്റ്റേഷൻ എത്തും മുമ്പേ കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടാൽ ഉടൻ അടുത്ത സ്റ്റേഷനിൽ ചാടിയിറങ്ങും. തമിഴ് വായിക്കാനും എഴുതാനും പറയാനും അറിയാവുന്നതുകൊണ്ട് ആ യാത്രകൾ ഏറെയും തമിഴ്നാട്ടിലേക്കായിരുന്നു. തഞ്ചാവൂരും ചിദംബരവും മഹാബലിപുരവും പളനിയും മധുരയും തൂത്തുക്കുടിയും നെയ് വേലിയുമൊക്കെ ലക്ഷ്യത്തിലെത്താതെ ഞാൻ ഉപേക്ഷിച്ച സ്ഥലങ്ങളാണ്.

മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റുകളിലെ തിരക്കുകളിൽ, അതിൻ്റെ കലപിലകളിൽ, വഴക്കുകളിൽ, പുക മണങ്ങളിൽ, വിയർപ്പിന്റെയും കീഴ് ശ്വാസത്തിന്റെയും നാറ്റങ്ങളിൽ, സൗഹൃദങ്ങളിൽ, പങ്കുവെയ്ക്കലുകളിൽ അലിഞ്ഞുചേർന്നുള്ള ആ യാത്രകളെല്ലാം ഏറെ ആസ്വദിച്ചവയാണ്. പലപ്പോഴും കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന യാത്രയായതിനാൽ എനിക്ക് ഇരിക്കാൻ ഇടം കിട്ടുമായിരുന്നു. കിട്ടുമെന്നല്ല, കുത്തി തിരക്കി വഴക്കുണ്ടാക്കി ഇരിപ്പിടം നേടിയെടുക്കും എന്ന് പറയുന്നതാണ് കൂടുതൽ ശരി. തമിഴ്നാട്ടിലേക്ക് കടന്നാൽ തിരക്ക് കുറേകൂടി കൂടും. പലതരം മനുഷ്യർ വിവിധങ്ങളായ നാട്ടുതമിഴിൽ നിർത്താതെ സംസാരിക്കും. കയ്യിൽ കൂടകളും പൊരുളുകളും കരുതിയിട്ടുള്ള സ്ത്രീകൾ, പെരുംചിലമ്പിൻ്റെ ഓർമ്മകളുമായി വെറ്റില മുറുക്കി മുഖത്ത് മഞ്ഞള്‍ പൂശി ,പിച്ചിയും ജമന്തിയും വാടാമല്ലിയും തലയിൽ ചൂടി തിക്കിത്തിരക്കി, ബുദ്ധിജീവിനാട്യം നടിച്ചിരിക്കുന്ന എൻ്റെ മടിയിൽ വന്നിരിക്കും. അവരുടെ പിൻഭാഗത്തിന്റെ ഘനഗാംഭീര്യങ്ങൾ മടിയിൽ അറിയുമ്പോൾ അവിവാഹിതനായ ഞാൻ അസ്വസ്ഥനായി എഴുന്നേറ്റ് അവർക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കും.

മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റുകളിലെ തിരക്കുകളിൽ, അതിൻ്റെ കലപിലകളിൽ, വഴക്കുകളിൽ, പുക മണങ്ങളിൽ, വിയർപ്പിന്റെയും കീഴ് ശ്വാസത്തിന്റെയും നാറ്റങ്ങളിൽ, സൗഹൃദങ്ങളിൽ, പങ്കുവെയ്ക്കലുകളിൽ അലിഞ്ഞുചേർന്നുള്ള ആ യാത്രകളെല്ലാം ഏറെ ആസ്വദിച്ചവയാണ്

അത്തരം യാത്രകളിലൊന്നിൽ തഞ്ചാവൂരിനിപ്പുറം ചെറിയൊരു സ്റ്റേഷനിൽ അതിൻ്റെ പ്രകൃതിഭംഗി കണ്ട് ഞാൻ ചാടിയിറങ്ങി. കരിമ്പിൻ തോട്ടങ്ങളും അനന്തമായി പരന്നുകിടന്ന നെൽപ്പാടങ്ങളും അതിൻ്റെ പച്ചപ്പുകളിൽ ഒറ്റപ്പെട്ടുനിന്ന മരങ്ങളും കുട്ടിക്കാലത്തിന്റെ അന്തരീക്ഷത്തെ ഓർമിപ്പിക്കുന്നതായിരുന്നു. സ്റ്റേഷനും പ്രധാന പാതയും കടന്ന് പാടവരമ്പിലൂടെ എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു. അറ്റമില്ലാതെ ആ വരമ്പ് നീണ്ടുപോയി.

ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് പ്രണയ ലേഖനം ഒളിപ്പിച്ച് വെച്ച ഖസാക്കിൻ്റെ ഇതിഹാസം ഞാൻ കൈമാറിയിട്ട് അന്നേയ്ക്ക് മൂന്നു ദിവസങ്ങൾ കഴിഞ്ഞിരുന്നു. അവളുടെ മിഴി വിഷാദവും അധരച്ചുവപ്പും ആ നെൽപ്പാടങ്ങളിൽ നിറഞ്ഞു നിന്നു. പച്ചയുടെ വിവിധ നിറഭേദങ്ങളിൽ തിരയിളക്കി നിന്ന പാടങ്ങളിലൂടെ അവളുടെ മുടിമണമുള്ള കാറ്റുകൾ എന്നെ വന്ന് തൊട്ടു. പ്രണയ ലേഖനത്തെ ഒളിപ്പിച്ച് വെച്ച ഖസാക്കിനെ അവളുടെ പുസ്തകക്കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ എൻ്റെ കൈ കാലുകൾ വിറച്ചു. ശരീരമൊന്നാകെ വിറച്ചു. വഴിയോര പച്ചക്കളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞുവീണു.

ഖസാക്ക് വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് ഞാനവളോട് വിക്കിവിക്കി പറഞ്ഞത് സകല ദൈവങ്ങളോടും കാവൽ ചോദിച്ചുകൊണ്ടാണ്. അവൾക്കും എനിക്കുമിടയിൽ വാക്കുകൾ പറയപ്പെടാതെ നിന്നു. അതിന്റെ ഉറവിടങ്ങൾ ആത്മാവിൻ്റെ നേരിൽ പ്രണയമന്ദാരങ്ങളായി പൂത്തു നിന്നിരുന്നു. എന്നിട്ടും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. അറ്റമില്ലാതെ നീണ്ടുകിടക്കുന്ന ആ പാടവരമ്പിലൂടെ നടക്കുമ്പോൾ ഞാനതൊക്കെയും ഓർത്തും. ഛായം പൂശിയ കടലാസിൽ ഞാനെഴുതിയ ആ പ്രണയമൊഴികളുടെ തുടക്കം ''എൻ്റെ പനിനീർ പൂവിന് " എന്നായിരുന്നു. അവൾക്ക് കൊടുക്കാൻ കഴിയാതെ പോയ അനേകം എഴുത്തുകളുടെ തുടക്കങ്ങളും അങ്ങനെ തന്നെയായിരുന്നു. ആ തുടക്കത്തിനുതാഴെ ഒരു യൗവ്വനാരംഭക്കാരൻ തൻ്റെ വേദനകളെയാണ് കുറിച്ചിട്ടത്. അതിലേക്ക് ഇതിഹാസകാരനോ മറ്റു എഴുത്തുകാരോ കടന്നുവന്നിട്ടേയില്ല.

മുഹമ്മദ് അബ്ബാസ്

അതിൻ്റെ മറുപടിയും പ്രതീക്ഷിച്ച് അവൾക്കു പിന്നാലെ ഞാൻ നടന്ന പാതകൾ. എനിക്കുള്ള അടയാളങ്ങളായി ആ പാതകളിൽ അവളിട്ടു പോയ സേഫ്റ്റി പിന്നുകളും ഹെയർ ബാൻഡുകളും, പെൻസിലുകളും തിരിച്ചറിയാതെ, അതവൾക്ക് എടുത്തു കൊടുത്ത് പ്രണയം പറയാനുള്ള ബുദ്ധി വികാസമില്ലാതെ ഞാനാ ചെറിയ പാദങ്ങളുടെ ദൂരങ്ങൾ അളന്ന് നടന്നു. ഉന്മാദത്തോളം എത്തിയ ആ വികാരത്തെ പ്രണയമെന്ന ഒറ്റ വാക്കിലേക്ക് ചുരുക്കാൻ കഴിയില്ല. അത് എന്നെ അക്കാലത്ത് നിർവചിച്ച കവിതയായിരുന്നു. ഖസാക്കിനും മുകളിലായി എന്നിൽ അടയാളപ്പെട്ട കവിത.

എൻ്റെ നടത്തം ചെറിയൊരു ഗ്രാമക്കവലയിൽ വഴി മുട്ടി നിന്നു. അവിടെ കൂമൻ കാവിൽ രവി കണ്ട ഏറുമാടങ്ങൾ പോലെ കുറച്ചു വീടുകൾ നില കൊണ്ടു. അവയുടെ വരാന്തകളിലൊന്നിൽ പാൻ പരാഗും പട്ടണം പൊടിയും നിജാമ്പാക്കും തൂങ്ങിക്കിടന്നു. അവിടെ ചായയും കിട്ടുമായിരുന്നു. ചെറിയ ക്ലാസുകളിൽ പകർന്നു തരുന്ന ‘ദം ചായ’. കുറച്ച് വൃദ്ധന്മാർ അവിടെയിരുന്ന് ചായ കുടിച്ചു. അവരുടെ ദേഹത്ത് കൃഷിപ്പണിയുടെ അടയാളങ്ങളായി പച്ചമണ്ണ് തെളിഞ്ഞുനിന്നു. പാൻ്റും ഷർട്ടുമണിഞ്ഞ പരിഷ്ക്കാരിയായ എന്നെയവർ അത്ഭുതത്തോടെയും ചെറിയൊരു പരിഭ്രമത്തോടെയും നോക്കി.
ഞാൻ ഖസാക്കിനെ ഓർത്തു.

"ബസ്സിന്റെ തട്ടിൽ നിന്ന് പെട്ടിയും കിടക്കയും ഇറക്കിക്കഴിഞ്ഞിരുന്നു. ഹോൾഡോളിൻ്റെ പുറത്തു പതിഞ്ഞിരുന്ന അഴുക്കു പാടുകളിലേക്ക് രവി നോക്കി. അതൊക്കെ സോഡാപ്പൊടിയും ചൂടു വെള്ളവുമൊഴിച്ചു കഴുകി കളയണമെന്നോ മറ്റോ അയാൾ നിശ്ചയിച്ചു.
സുഖാലസ്യത്തിന്റെ ചുഴിയിൽ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിലയ്ക്കു നിർത്താനെന്നോണം രവി ആ അഴുക്കുപാടുകളിൽ ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു."

തഞ്ചാവൂരിലെ ഒരു ഗ്രാമം

ഞാനും എൻ്റെ പനിനീർപ്പൂവിൻ്റെ ഓർമ്മകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആ യാത്ര പുറപ്പെട്ടത്. ടിക്കറ്റെടുത്ത സ്റ്റേഷൻ എത്തും മുമ്പേ വഴിയിലിറങ്ങിയത്. ഇപ്പോൾ നടന്നുവിയർത്ത് അപരിചിതമായ ഗ്രാമക്കവലയിലെ, ചാണക വറളികൾ പതിച്ചു വെച്ച ചുമരുകളുള്ള വീടിനു മുമ്പിലെ വരാന്തയിൽ അന്തിച്ചു നിൽക്കുന്നത്. നെൽപ്പാടങ്ങൾ താണ്ടിയെത്തിയ കുളിർ കാറ്റ് വിയർത്ത ദേഹത്തിൽ തൊട്ടപ്പോൾ എൻ്റെ ഓർമ്മകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞുവീണു. വൃത്തിയുള്ള നഖങ്ങളിൽ ഒന്നിൽ മാത്രം വയലറ്റിൻ്റെ ക്യൂട്ടക്സിട്ട വിരലുകളെ ഞാനപ്പോൾ കണ്ടു. ആ വിരലുകൾ എൻ്റെ നെറ്റിയിൽ തൊടുന്ന വിദൂരമായ കാലത്തെ കണ്ടു.
"എന്ന വേണം സാർ? "
ചായക്കടക്കാരൻ പട്ടണം പൊടി മൂക്കിലേക്ക് വലിച്ചു കേറ്റി കൈ ഉടുമുണ്ടിൽ തുടച്ച് കണ്ണുകൾ ചുവന്നു നിന്നു.
"ഒറ് ടീ ....", ഞാൻ പറഞ്ഞു.

കാലങ്ങളായി വെള്ളം കാണാതെ കിടന്ന തിണ്ണയിലെ വിയർപ്പിന്റെ ഭൂപടങ്ങളിൽ അമർന്നിരുന്ന വൃദ്ധന്മാർ ഭവ്യതയോടെ എനിക്ക് ഇടം ഒരുക്കിത്തന്നു. അവരുടെ ചുണ്ടുകളിൽ ചായയുടെ തറ്റുകൾ പറ്റിപ്പിടിച്ചു നിന്നു. പനയോല കൊണ്ട് മേഞ്ഞ വീടായിരുന്നു അത്. ചെമ്മൺ പാതയുടെ അതിരിനപ്പുറം വെയിൽപ്പുളച്ചയിൽ കരിമ്പിൻതോട്ടങ്ങൾ കാറ്റുപിടിച്ച് നിന്നു. ഞാനാ അനന്തദൂരങ്ങളിലേക്ക് നോക്കി.
പ്രിയപ്പെട്ടവളേ...
നീയെൻ്റെ വാക്കുകൾ വായിച്ചുവോ?
അതിലൂടെ എന്റെ ഭ്രമണപഥം നീയാണെന്ന് തിരിച്ചറിഞ്ഞുവോ?
നിനക്കായി മിടിക്കുന്ന ഹൃദയവുമായി ഞാൻ നടന്ന വഴികളെ നീ ഓർക്കുന്നുണ്ടോ? നീയിപ്പോൾ സ്കൂളിലാവും. ആ സ്കൂളിൻ്റെ മുമ്പിലെ ബസ് സ്റ്റോപ്പിൽ നിന്നെ കാണാനായി മാത്രം എത്രയോ ദിവസങ്ങളിൽ സ്കൂൾ വിടുവോളം ഞാൻ കാത്തു നിന്നിട്ടുണ്ട്. നിന്നെയൊന്ന് ചുംബിക്കാനോ ചേർത്തു പിടിക്കാനോ ഉള്ള ആഗ്രഹം സങ്കൽപ്പങ്ങളിൽ പോലുമില്ലാതെ ഞാൻ നിന്ന ആ നിൽപ്പ് പ്രണയമെന്നതിനേക്കാൾ മറ്റെന്തോ കൂടിയായിരുന്നു. നിൻ്റെ മറുപടിയും പ്രതീക്ഷിച്ചു പിന്നാലെ നടന്ന് നിരാശനായ ഞാനിതാ ഇവിടെയിരുന്ന് ചെറിയ സ്റ്റീൽ ഗ്ലാസ്സിൽ പകർന്നു കിട്ടിയ ചായ കുടിക്കുന്നു.

മുഹമ്മദ് അബ്ബാസ്

കൂമൻ കാവിൽ ബസ്സിറങ്ങുമ്പോൾ രവിയ്ക്ക് ഖസാക്കെന്ന ലക്ഷ്യമുണ്ടായിരുന്നു. അഗമ്യ ഗമനത്തിന്റെ പാപബോധത്തിൽ നിന്ന് മോചനം തേടി അയാൾ അലഞ്ഞ നഗരങ്ങളും പട്ടണങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. ഒടുവിലായി അയാളെത്തിയ വഴിയമ്പലമായിരുന്നു ഖസാക്ക്. എന്തിനാണ് അതൊക്കെയും ഓർക്കുന്നതെന്നറിയാതെ കരിമ്പിൻതോട്ടങ്ങളിൽ മിഴി നഷ്ടമായി ഞാനിരുന്നു.

"തിങ്ക്റത്ക്ക് എതാവത് വേണുമാ സാർ?’’, കടക്കാരൻ പിന്നെയും ചോദിക്കുകയാണ്. അപ്പുക്കിളിയുടെ ഓർമ്മയിൽ ഞാൻ കടലമുറുക്ക് വേണമെന്ന് പറഞ്ഞു. അതില്ലെന്നും ഇഡ്ഡലിയും ഉളുന്ത് വടയും ഉണ്ടെന്ന് കടക്കാരൻ ഉണർത്തിച്ചു. വിശപ്പില്ലാഞ്ഞിട്ടും ഞാൻ ഉഴുന്നുവട വാങ്ങി. അത് തിന്നുമ്പോൾ പലതരം ഓർമകളിൽ കുരുങ്ങി ഞാൻ കടക്കാരനോട് ചാക്കണയുണ്ടോ എന്ന് ചോദിച്ചു. അത് എന്താണെന്ന് അയാൾക്ക് മനസ്സിലായില്ല. ചാക്കണയെന്നാൽ ആട്ടിൻകുടല് ഉപ്പും മുളകും കൂട്ടി ചുട്ടെടുത്തതാണെന്ന് മനസ്സിലായിരുന്നെങ്കിൽ അയാളെന്നെ അവിടെ നിന്നും ഓടിച്ചു വിടുമായിരുന്നു. മനസ്സിലായില്ലെങ്കിലും പരിഷ്ക്കാരിയായ കസ്റ്റമറോട് ചാക്കണ എന്താണെന്ന് തനിക്ക് മനസ്സിലായില്ല എന്ന് പറയാൻ മടിച്ച് അയാൾ കള്ളം പറഞ്ഞു, "അത് കൊഞ്ചം മുന്നാടി മുടിഞ്ചിരുച്ചേ, ഉങ്കളുക്ക് തേവയാ ഇരുന്താ സായങ്കാലം വാരുങ്കോ"

ഖസാക്കിൽ മാത്രം ഞാൻ പരിചയിച്ച ചാക്കണ അയാളുടെ കടയിൽ കുറച്ചു മുമ്പ് തീർന്നു പോയതാണെന്നും, എനിക്ക് ആവശ്യമുണ്ടെങ്കിൽ വൈകുന്നേരം വന്നോളൂ എന്നുമുള്ള അയാളുടെ പറച്ചിലിൽ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല . എൻ്റെ ചിരി കണ്ട് മറ്റു വൃദ്ധന്മാരും പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. അവരുടെ പഞ്ഞിക്കെട്ടു പോലുള്ള തലമുടികളിൽ കാറ്റ് പിടിച്ചു. അന്നേരമാണ് വെളുത്ത മുണ്ടും വെള്ള ഷർട്ടുമണിഞ്ഞ് കോളർ ബട്ടണും കഫിന്റെ ബട്ടണുമിട്ട് ഒരു നീണ്ട മനുഷ്യൻ കുടയും കുത്തിപ്പിടിച്ച് അങ്ങോട്ട് വന്നത്. അയാളെ കണ്ടതും ഇരിക്കുന്നവരെല്ലാം എഴുന്നേറ്റുനിന്ന് ബഹുമാനിച്ചു. കടക്കാരൻ തോളിലെ തോർത്തെടുത്ത് അരയിൽ കെട്ടി തല കുമ്പിട്ട് നിന്നു. പിന്നെ വന്നയാൾക്ക് ഇരിക്കാനായി അകത്തുനിന്ന് ഇരുമ്പ് കസേര കൊണ്ടിട്ടു. ശേഷം അരയിലെ തോർത്തഴിച്ച് കസേരയിലെ ഇല്ലാത്ത പൊടി തട്ടി വൃത്തിയാക്കി.

photos: Sreekumar V Menon

വന്നയാളുടെ കയ്യിൽ 'തിനതന്തി' പത്രം ഉണ്ടായിരുന്നു. കസേരയിൽ ഇരുന്നയുടൻ അയാൾ കയ്യിൽ മടക്കിപ്പിടിച്ചിരുന്ന പത്രം നിവർത്തി വായന തുടങ്ങി. അവിടെ ഉണ്ടായിരുന്നവരെല്ലാം അയാളിരുന്ന കസേരയ്ക്കു ചുറ്റുമായി ചാണകം മെഴുകിയ വെറും നിലത്ത് കൈയ്യും കെട്ടി ഇരുന്നു. ഞാൻ മാത്രം സൗമ്യമായ ധിക്കാരത്തോടെ ആ വായന തിണ്ണയിലിരുന്ന് കേട്ടു. വായനയ്ക്കിടയിൽ അയാൾ സ്വന്തം നിരീക്ഷണങ്ങൾ പറഞ്ഞു. കേട്ടിരുന്നവർ ഭവ്യതയോടെ തല കുലുക്കി.

ചായയുടെയും ഉഴുന്നു വടയുടെയും പണം കൊടുക്കാൻ എഴുന്നേറ്റപ്പോൾ, കടക്കാരൻ ചുണ്ടത്ത് വിരൽ വെച്ച് അരുതെന്ന് വിലക്കി. പിന്നെ പത്രം വായിക്കുന്നയാളെ കണ്ണു കൊണ്ട് ചൂണ്ടി വായന തീരാൻ കാത്തുനിൽക്കണമെന്ന് പറയാതെ പറഞ്ഞു. രണ്ടും കെട്ട അവസ്ഥയിൽ ഞാൻ അവിടെത്തന്നെ ഇരുന്നു. മറ്റുള്ളവർക്ക് പത്രം വായിച്ചു കൊടുക്കുന്ന മനുഷ്യൻ ആ ഗ്രാമത്തിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു. വായനയ്ക്കിടയിൽ തന്നെ ഞാൻ മലയാളിയാണെന്നും, വിനോദയാത്രക്കിറങ്ങിയവനാണെന്നും അയാൾ കടക്കാരനോട് ചോദിച്ച് മനസ്സിലാക്കി. അയാളുടെ വായന തീർന്നപ്പോൾ ഞാനാ പത്രം ചോദിച്ചു. അധ്യാപകൻ അന്തംവിട്ട് എന്നെ നോക്കി: "നീ മലയാളത്താൻ. ഉനക്കെതുക്ക് ഇത്? തമിൾ പടിക്ക തെരിയുമാ? "

അറിയാമെന്നുപറഞ്ഞ് ഞാൻ പത്രം വാങ്ങിയപ്പോൾ, അധ്യാപകൻ എന്നോടത് ഉറക്കെ വായിക്കാൻ പറഞ്ഞു. ദിനതന്തി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലെ നീണ്ട ഒരു ലേഖനം മുഴുവൻ ശ്വാസം വിടാതെ ഞാൻ വായിച്ചു തീർത്തപ്പോൾ അധ്യാപകൻ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചു.
"അടടാ യവ്വളവ് അളകാ തമിൾ പടിക്കിറീങ്കെ എപ്പടിയിത്?"

ഞാൻ എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്നും, അത് തമിഴാണെന്നും പറയാതെ, തിരുക്കുറളിലെ നാലുവരി ശ്ലോകവും കൂടി ചൊല്ലി ആ പാവങ്ങളെ ഞാൻ ഞെട്ടിച്ചു. ഭാരതീയാർ ഓവിയങ്കൾ തെരിയുമാ എന്ന ചോദ്യത്തിന് ഉത്തരമായി മുത്തയ്യൻ സാറ് പണ്ട് പഠിപ്പിച്ചു തന്ന ഭാരതിയാർ കവിതകളിലെ ചില വരികളും ഞാൻ ഓർമ്മയിൽ നിന്ന് ചൊല്ലി. ചുറ്റുമുള്ള മനുഷ്യർ അത്ഭുദാരങ്ങളോടെ എന്നെ നോക്കി. അധ്യാപകൻ മൗനി എന്ന കഥാകൃത്തിനെ വായിച്ചിട്ടുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോൾ എനിക്ക് കള്ളം പറയാൻ കഴിഞ്ഞില്ല.

മുഹമ്മദ് അബ്ബാസ്

എം. കൃഷ്ണൻ നായരുടെ സാഹിത്യ വാര ഫലത്തിൽ നിന്ന് മൗനി എന്ന തമിഴ് കഥാകൃത്തിനെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നു. പക്ഷേ മൗനിയുടെ ഒറ്റക്കഥ പോലും ഞാനന്ന് വായിച്ചിട്ടുണ്ടായിരുന്നില്ല. മൗനിയെ വായിക്കുന്ന ഒരാൾക്ക് കൊടുക്കാൻ പാകത്തിൽ എൻ്റെ തുണി സഞ്ചിയിൽ ഖസാക്കിൻ്റെ ഇതിഹാസം ഉണ്ടായിരുന്നു. അതെടുത്ത് നീട്ടിയപ്പോൾ ആ മനുഷ്യൻ അമ്പരന്നു; "ഇത് മലയാളമാച്ചേ, എണക്ക് മലയാള മൊഴി പടിക്ക തെരിയാതെ"

മലയാളത്തിൻ്റെ മധുരം മുഴുവൻ ഇതിലുണ്ടെന്നും, ഇത് വായിച്ചിട്ടില്ലെങ്കിൽ നിങ്ങൾ മലയാളത്തിലെ ഏറ്റവും നല്ല നോവൽ വായിച്ചിട്ടില്ലെന്നും, അതു കൊണ്ട് എൻ്റെ സ്നേഹസമ്മാനമായി ഇത് സ്വീകരിക്കണമെന്നും പറഞ്ഞപ്പോൾ, രണ്ട് ഭാഷകൾക്കിടയിലെ സ്വരവ്യഞ്ജനങ്ങളും വ്യാകരണങ്ങളും മറന്ന് അയാൾ ഖസാക്ക് എന്നിൽ നിന്ന് വാങ്ങി. ചായയുടെ പണം വാങ്ങാതെ കടക്കാരനും, വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് ആ അധ്യാപകനും വാശി പിടിച്ചു. രണ്ട് വാശികളെയും പിറകിൽ ഉപേക്ഷിച്ച് ഞാൻ മടങ്ങി. മലയാളം വായിക്കാൻ അറിയുന്ന ആരെയെങ്കിലും കണ്ടെത്തി, തങ്കവേലെന്ന ആ ഹൈസ്കൂൾ അധ്യാപകൻ ഖസാക്കിൻ്റെ ഇതിഹാസം വായിച്ചിട്ടുണ്ടാവും എന്ന് തന്നെ ഈയുള്ളവൻ വിശ്വസിക്കുന്നു.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments