‘നല്ലതല്ലേ?’, രവിയുടെ
ആ വിവാദ ചോദ്യം

‘‘അന്നെന്റെ വടിസഞ്ചിയിൽ ഹരിദാസന് സ്നേഹ സമ്മാനമായി കൊടുക്കാൻ ഞാൻ കരുതിവെച്ച ഖസാക്ക് മാത്രമാണ് ഉണ്ടായിരുന്നത്. അതിൻ്റെ മുൻപേജിൽ തന്നെ, "എന്നെ ഖസാക്കിലേക്ക് വഴി നടത്തിച്ച ഹരിദാസന് സ്നേഹപൂർവ്വം" എന്ന്, ഞാൻ എഴുതിവെച്ചിരുന്നു. "ഇത് ഇങ്ങക്ക് പറ്റിയ ബുക്കല്ല" എന്ന് ഞാൻ ഹമീദിനോട് പറഞ്ഞിരുന്നു. അത് അയാളിൽ പകയായി പുകഞ്ഞുകിടന്നു. ആ പുക ഒഴിക്കാനാണ് പെരുന്നാൾ തലേന്ന് അയാളെന്നെ തല്ലാൻ വന്നത്.’’- മുഹമ്മദ് അബ്ബാസ് എഴുതുന്ന ‘ഖസാക്ക് എന്നെ വായിച്ച കഥ’ തുടരുന്നു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം: 13

ങ്ങളുടെ വീട്ടിലേക്ക് ആദ്യമായി മണവാട്ടിയായി വന്നത് മൂത്ത ഏട്ടന്റെ ഭാര്യയായ ഖദീജയാണ്.
പെരുംചിലമ്പിലെ ഞങ്ങളുടെ ഓലവീട്ടിലേക്ക് അവർ ചുവന്ന പട്ടുസാരിയും കൈ നിറയെ കുപ്പിവളകളുമായി വന്നു കയറുന്നത് ഇപ്പോഴും ഓർമയുണ്ട്. അവരുടെ കാൽ കഴുകാനുള്ള വെള്ളം നിറച്ച കിണ്ടിയുമായി വാതിൽക്കൽ കാത്തു നിൽക്കാൻ നിയോഗിക്കപ്പെട്ടത് ഞാനാണ്. വീട്ടിലും പരിസരത്തുമൊക്കെ അന്ന് ഇറച്ചിക്കറിയുടെ മണമായിരുന്നു. തേങ്ങാച്ചോറും ഇറച്ചിക്കറിയും പപ്പടം പൊരിച്ചതും പാളയങ്കോടൻ പഴവുമായിരുന്നു കല്യാണസദ്യ. എത്ര വട്ടം ഇറച്ചിക്കറി കൂട്ടി ചോറ് തിന്നെന്നോ എത്ര പഴവും പപ്പടവും ശാപ്പിട്ടെന്നോ കണക്കില്ല. എന്റെ വയറ് വീർത്ത് പൊട്ടാറായി നിന്നു.

അവർ ചവിട്ടുപടിയിൽ കാൽ വെച്ചതും എന്നെയാരോ തോണ്ടി. അവരുടെ മേലേയ്ക്ക് തളിക്കപ്പെട്ട പനിനീര് എൻ്റെ മേലേക്കും വീണു. ആ പനിനീർ സുഗന്ധത്തിൽ ഞാനാ പാദങ്ങൾ കണ്ടു. നഖത്തിലും കാൽപാദങ്ങളുടെ അരികുകളിലും മൈലാഞ്ചിച്ചുവപ്പ്. ഇരുകൈകളിലും മൈലാഞ്ചിയുടെ ചുവന്ന ചിത്രപടങ്ങൾ. ഞാനവരുടെ പാദങ്ങളിലെ മൈലാഞ്ചി ചോപ്പിലേക്ക് കിണ്ടിയിലെ വെള്ളമൊഴിച്ചു. ഒട്ടും ചെളിയില്ലാത്ത ആ സുന്ദരമായ പാദങ്ങളിൽ വെള്ളം ഒഴിക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലായില്ല. ഇരു പാദങ്ങളിലും വെള്ളമൊഴിച്ചു കഴിഞ്ഞ്, വീർത്ത വയറും താങ്ങി ഞാൻ എഴുന്നേറ്റപ്പോൾ അവരുടെ കൂടെ വന്ന ഏതോ ഒരു സ്ത്രീ എനിക്ക് അഞ്ച് രൂപ തന്നു. പുതു പുത്തൻ അഞ്ചു രൂപാ നോട്ട്.

ഇരു പാദങ്ങളിലും വെള്ളമൊഴിച്ചു കഴിഞ്ഞ്, വീർത്ത വയറും താങ്ങി ഞാൻ എഴുന്നേറ്റപ്പോൾ അവരുടെ കൂടെ വന്ന ഏതോ ഒരു സ്ത്രീ എനിക്ക് അഞ്ച് രൂപ തന്നു. പുതു പുത്തൻ അഞ്ചു രൂപാ നോട്ട്.

മണവാട്ടി തല താഴ്ത്തിപ്പിടിച്ച് നിന്നു. അവരുടെ വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരമേ ഞങ്ങളുടെ വീട്ടിലേക്കുള്ളൂ. എന്നിട്ടും ഉറ്റവരെ പിരിയുന്ന സങ്കടത്തിൽ ആ കണ്ണുകൾ കരഞ്ഞു ചുവന്നു. മണവാട്ടിയും സംഘവും അകത്തേക്ക് കയറിപ്പോയി. അവിടെ അവരെ വരവേൽക്കാനുള്ള പാട്ടുകൾ സ്ത്രീകൾ പാടി. കയ്യിൽ കിട്ടിയ നിധിയുമായി ഞാൻ ആൾക്കൂട്ടത്തിൽ നിന്ന് ഓടിമറഞ്ഞു.

പള്ളിക്കരികിൽ വിജനമായക്കിടന്ന റബ്ബർ തോട്ടത്തിലെ നേർത്ത ഇരുട്ടിൽ ഞാനാ നോട്ട് വീണ്ടും വീണ്ടും നോക്കിക്കണ്ടു. പിന്നെ മണത്തു നോക്കി. അപൂർവമായി മാത്രം കിട്ടിയിരുന്ന പുതു പുസ്തകത്തിന്റെ അതേ മണം. ഏറെക്കാലം ആ നോട്ട് എൻ്റെ കൂടെ വസിച്ചു. കൂട്ടുകാർക്കൊക്കെ ഞാനാ നോട്ട് കാണിച്ചുകൊടുത്ത് അഹങ്കരിച്ചു. ജീവിതത്തിലാദ്യമായി കിട്ടിയ ആ അഞ്ചു രൂപയുടെ ഓർമയിൽ നിന്ന് അവരുടെ ഓർമകൾ തുടങ്ങുന്നു. മെല്ലിച്ച രൂപമായതിനാൽ അവരെ എല്ലാവരും ചെള്ളി എന്ന് വിളിച്ചു. ഞാൻ അതിൻ്റെ കൂടെ താത്തയും കൂടി കൂട്ടി ചെള്ളി താത്ത എന്ന് വിളിച്ചു. അധികമാരോടും സംസാരിക്കാത്ത, സംസാരിച്ചാൽ തന്നെ വളരെ പതുക്കെ മാത്രം സംസാരിക്കുന്ന നിശ്ശബ്ദമായി വീട്ടുജോലികൾ ചെയ്യുന്ന ഒരു പാവം സ്ത്രീ.

മണവാട്ടിയായി വരുന്നതിനു മുമ്പേ എനിക്കവരെ കണ്ട് പരിചയമുള്ളതാണ്. എന്നിട്ടും അവർ വീട്ടിലെത്തിയപ്പോൾ വീട്ടിലാകെ പുതിയൊരു വെളിച്ചം പരന്നതായി തോന്നി. ആ വെളിച്ചം ഞാനീ കുറിപ്പെഴുതുമ്പോൾ ഭൂമിയിൽ ഇല്ല. അവർ മരിച്ചിട്ട് വർഷങ്ങളായി. ഞങ്ങൾ പെരും ചിലമ്പിൽ നിന്ന് പോന്നിട്ടും ഏട്ടനും അവരും കരിപ്പാലി എസ്റ്റേറ്റിലെ പാടിയിൽ പാർത്തു. അവിടുത്തെ ടാപ്പിങ് പണി മതിയാക്കി ഏട്ടൻ ഈ നാട്ടിലേക്ക് വരുമ്പോൾ അവരുടെ മൂത്തമകൻ ജനിച്ചുകഴിഞ്ഞിരുന്നു.

ഏട്ടൻ പലപല ജോലികൾ ചെയ്തു. പലപല വാടക വീടുകളിൽ പാർത്തു. തൊഴിലും വീടും മാറുമ്പോൾ കുട്ടികളും ചട്ടികളുമായി യാതൊരു മുറു മുറുപ്പുമില്ലാതെ അവർ ഏട്ടനെ പിന്തുടർന്നു. തൊട്ടതിലും പിടിച്ചതിലുമൊക്കെ കുറ്റം കാണുന്ന, അവശ്യത്തിനും അനാവശ്യത്തിനും ക്ഷോഭിക്കുന്ന ഏട്ടന്റെ കൂടെ അവർ ജീവിച്ചത് മുപ്പത്തിയാറ് വർഷങ്ങളാണ്. ആ വർഷങ്ങളിൽ അവർ സുഖമെന്തെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. സ്വന്തമായി അവർക്ക് ഒരു വീടുണ്ടാവുന്നത് അവസാന കാലത്താണ്. ജീവിതത്തോട് നടത്തിയ യുദ്ധങ്ങളിലെല്ലാം പരാജയപ്പെട്ട മനുഷ്യനാണ് ഏട്ടൻ . ആ പരാജയങ്ങളുടെ വേദന അവൻ പല രൂപത്തിൽ അവരുമായി പങ്കുവെച്ചു.

തൊട്ടതിലും പിടിച്ചതിലുമൊക്കെ കുറ്റം കാണുന്ന, അവശ്യത്തിനും അനാവശ്യത്തിനും ക്ഷോഭിക്കുന്ന ഏട്ടന്റെ കൂടെ അവർ ജീവിച്ചത് മുപ്പത്തിയാറ് വർഷങ്ങളാണ്. ആ വർഷങ്ങളിൽ അവർ സുഖമെന്തെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.

ഞാൻ ഖസാക്കിനെ കണ്ടെത്തുന്ന കാലത്ത് ഏട്ടന് മണ്ണാർക്കാട്ടിലെ എസ്റ്റേറ്റിലായിരുന്നു ജോലി. വലിയ എസ്റ്റേറ്റൊന്നുമല്ല. അവിടെ ഒരു വാടകക്വാർട്ടേഴ്സിൽ അവർ പാർത്തു, രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമായി. ആ കുട്ടികൾ അവിടുത്തെ സ്കൂളിലും മദ്രസയിലും പഠിച്ചു. ഏട്ടന് അസുഖം വന്നപ്പോൾ ഉമ്മ തന്ന കുറച്ച് പണവുമായി ഞാനാ ക്വാർട്ടേഴ്സിലേക്ക് പോയി. അങ്ങോട്ടുള്ള യാത്രയിൽ മണ്ണാർക്കാടിനപ്പുറം എവിടെയോ ആണ് ഖസാക്കെന്ന് ഞാനോർത്തു. കാവിക്കച്ചയല്ലെങ്കിലും അന്നെന്റെ വേഷം കാവിത്തുണിയായിരുന്നു. കാവിക്ക് ഇന്നുള്ള രാഷ്ട്രീയമാനം അന്ന് വന്നിട്ടില്ല. പക്ഷേ കാവിയെ വളച്ചൊടിച്ച ആശയം ബാബറി മസ്ജിദിനെ തകർത്തുകഴിഞ്ഞിരുന്നു. ഏട്ടൻ ഒറ്റ മുറിയുള്ള ആ ക്വാർട്ടേഴ്സിൽ പനിച്ച് വിറച്ചുകിടന്നു. ഏട്ടത്തി കണ്ണീരോടെ അവന് കൂട്ടിരുന്നു. എന്നിലെ ഖസാക്ക് ഭ്രാന്തൻ ആ അന്തരീക്ഷത്തെ രവിയെ ബാധിച്ച വസൂരിയായി മാറ്റിയെടുത്തു.

"ഖസാക്കിൽ, ചെതലിയുടെ താഴ് വരയിൽ കൂമൻ കാവിൽ, അവിടെയത്രയും ജമന്തിപ്പൂക്കൾ വിരിഞ്ഞു പൊട്ടി. ആ മണവും കൊണ്ട് കിഴക്കൻ കാറ്റു വീശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നു കൊണ്ട് പറയൻമാർ നടന്നു. അവരുടെ മുഖങ്ങളിൽ വസൂരിക്കലകളുടെ മേടും പള്ളവുമുണ്ടായിരുന്നു."

ഞാനാ അന്തരീക്ഷത്തിൽ ജമന്തികൾ മണത്തു. വിജനമായ ചുവന്ന പാതകളെയും, കാപ്പിച്ചെടികളിലെ സാന്ധ്യ തീവ്രതയേയും, പുൽത്തകടികൾക്കപ്പുറത്തെ മൃഗതൃഷ്ണകളെയും ഓർത്തു. ഗർഭത്തിൻ്റെ കരുണയിൽ വിശ്രമിച്ചു. ഓർമയുടെ കരുണയിൽ പുനർജ്ജനിച്ചു .

ഉമ്മ തന്ന പണം വാങ്ങുമ്പോൾ ഏട്ടത്തിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. മൂന്നു കുട്ടികൾ ഞാനെന്ന ചെറിയച്ഛനെ ചുറ്റിപ്പറ്റി നിന്നു. അവിടുത്തെ അടുപ്പ് പുകഞ്ഞിട്ട് ദിവസം രണ്ട് കഴിഞ്ഞെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി. ഏട്ടന്റെ മകനും ഞാനും കൂടി കവലയിൽ പോയി പലചരക്ക് സാധനങ്ങളും മീനും വാങ്ങി. ഏട്ടൻ കുറിയരിക്കഞ്ഞി കുടിച്ചു. രാത്രി പനിയൊടുങ്ങി വിയർത്തു. ഉറക്കമിളച്ച് കൂട്ടിരുന്ന താത്താന്റെ ചുണ്ടുകളിൽ ആശ്വാസത്തിന്റെ ചിരി വിടർന്നു.

ഖസാക്കിലെ ആബിദാന്റെ ദുരിതങ്ങളല്ല, ഏട്ടത്തിയുടെ ദുരിതങ്ങൾ. എന്നിട്ടും ഞാനവരെ കാണുമ്പോൾ ആബിദാനെ ഓർത്തു. ആബിദാനെ വായിക്കുമ്പോൾ ഏട്ടത്തിയെ ഓർത്തു. പ്രഭയറ്റ കണ്ണുകളും വിളർത്ത കവിളുകളുമുള്ള ആബിദ കൂട്ടുകാരില്ലാതെ തോട്ടുവക്കലും നെടുവരമ്പിലും തനിച്ചുനിൽക്കുമ്പോൾ തിത്തിബിയുമ്മ നേരും പോലെ ഏട്ടത്തിക്കായി ഞാനും നേർന്നു.

"ഉനക്ക് ശെയ്ഖ് തങ്ങൾ തൊണ"
ഖസാക്കിലെ തോട്ട് വെള്ളത്തിലേക്ക് അരശിൻ പൂക്കൾ മഴപോലെ കൊഴിയുന്നത് വായിക്കുമ്പോൾ, ഞാൻ മണ്ണാർക്കാട്ടെ വാടക ക്വാർട്ടേഴ്സിൽ ഏട്ടൻ്റെ പനിക്ക് കൂട്ടിരിന്ന താത്താനെ ഓർക്കും.

ഏട്ടൻ പിന്നീട് ഈ ഗ്രാമത്തിലെ ക്വാർട്ടേഴ്സിലേക്ക് അവിടുത്തെ പണി​​യൊഴിവാക്കി ജീവിക്കാൻ വന്നു. ഞാനും ഏട്ടനും ഒരുമിച്ചു പെയിൻ്റ് പണിയെടുത്തു. അപ്പഴേക്കും തറവാട് വീട് വിറ്റ്, ചെറിയ ഏട്ടൻ വലിയൊരു വാർപ്പു വീട് പണികഴിപ്പിച്ചു. അവിടെയും മൂത്ത ഏട്ടനും ചെള്ളി താത്തയും കുട്ടികളും കുറച്ചു കാലം പാർത്തതാണ്. പലതരം അസ്വാരസ്യങ്ങളാൽ പിന്നീടവർ മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറി.

ഖസാക്കിലെ ആബിദാന്റെ ദുരിതങ്ങളല്ല, ഏട്ടത്തിയുടെ ദുരിതങ്ങൾ. എന്നിട്ടും ഞാനവരെ കാണുമ്പോൾ ആബിദാനെ ഓർത്തു. ആബിദാനെ വായിക്കുമ്പോൾ ഏട്ടത്തിയെ ഓർത്തു. പ്രഭയറ്റ കണ്ണുകളും വിളർത്ത കവിളുകളുമുള്ള ആബിദ കൂട്ടുകാരില്ലാതെ തോട്ടുവക്കലും നെടുവരമ്പിലും തനിച്ചുനിൽക്കുമ്പോൾ തിത്തിബിയുമ്മ നേരും പോലെ ഏട്ടത്തിക്കായി ഞാനും നേർന്നു.

താൻ പണികഴിപ്പിച്ച വീട്ടിൽ അഞ്ചു നേരം നിസ്കരിക്കാത്തവർ അന്നം കഴിക്കുന്നതും പാർക്കുന്നതും തനിക്കിഷ്ടമല്ലെന്ന ചെറിയ ഏട്ടന്റെ പറച്ചിൽ കാരണം ഞാനും ആ വലിയ വീട്ടിൽ താമസിച്ചില്ല. മൗദൂദിസം തലയ്ക്കുപിടിച്ചപ്പോൾ ആ ഏട്ടൻ, വന്ന വഴികളും അനുഭവിച്ച ദുരിതങ്ങളും മറന്നു. ഉപ്പ വല്യ വീട്ടിൽ തനിക്ക് അനുവദിച്ചു കിട്ടിയ മുറിയിൽ കൂടുതൽ നിശ്ശബ്ദനായി ജീവിച്ചു. ഞാനിന്ന് ജീവിക്കുന്ന ഈ വാടകക്വാർട്ടേഴ്സി ലായിരുന്നു എന്റെ മൂത്ത സഹോദരി അക്കാലത്ത് താമസിച്ചിരുന്നത്. അളിയൻ സൗദിയിലായതിനാൽ ഞാനവൾക്ക് കൂട്ടായി ഇവിടെ കൂടി.

പിന്നെയും കുറെ വീടുമാറ്റങ്ങളും തൊഴിൽ മാറ്റങ്ങളും കഴിഞ്ഞാണ് മൂത്ത ഏട്ടന് സ്വന്തമായി വീടുണ്ടായത്. അവൻ ഗൾഫിലായപ്പോൾ ചെലവിന് അയച്ചുകൊടുക്കുന്ന പണത്തിൽനിന്ന് ഉറുമ്പ് അരിമണി സൂക്ഷിക്കും പോലെ ചെള്ളി താത്ത പണം കൂട്ടിവെച്ചു. മകൻ ജോലിക്കുപോയി തുടങ്ങിയതോടെ അവർക്ക് അഞ്ച് സെൻ്റിൽ ചെറിയൊരു വീടുണ്ടായി. കടവും കടത്തിനുമേൽ കടവുമായി രണ്ട് പെൺകുട്ടികളുടെ വിവാഹവും നടന്നു. ചെള്ളി താത്താൻ്റെ മുഖത്ത് പ്രസരിപ്പ് പടർന്നുതുടങ്ങി. അത്യാവശ്യം ശബ്ദം ഉയരുമെന്നായി. ആ മാറ്റങ്ങളെല്ലാം ഞാൻ ആനന്ദത്തോടെ കണ്ടുനിന്നു.

എൻ്റെ വായനയിലും ഉന്മാദങ്ങളിലും ജീവിക്കാനുള്ള ഓട്ടപ്പാച്ചിലുകളിലും അതിൻ്റെ തുറസ്സുകളിലും വെളിപാറമ്പുകളിലുമായി ഞാനും ജീവിച്ചു. എൻ്റെ വിവാഹം കഴിഞ്ഞു. മക്കളുണ്ടായി. വായനയ്ക്കും ഉന്മാദത്തിനും ഒട്ടും കുറവുണ്ടായില്ല. എൻ്റെ ഭയത്തെയും വിഷാദരോഗത്തെയും ആത്മഹത്യാ ശ്രമങ്ങളെയും കരുണയോടെയാണ് ചെള്ളി താത്ത നോക്കിക്കണ്ടത്. അവരൊരിക്കലും എൻ്റെ വായനയെ കുറ്റപ്പെടുത്തിയില്ല. എൻ്റെ ഉന്മാദങ്ങളെ ഭയന്നില്ല. അവരുടെ വീട്ടിലേക്ക് ചെല്ലുമ്പോഴൊക്കെ ഉള്ളതിൽ ഏറ്റവും നല്ല വിഭവങ്ങൾ തന്ന് എന്നെ സൽക്കരിച്ചു. എനിക്കും ഒരു നല്ല കാലം വരുമെന്ന് അവർ ഉറച്ച് വിശ്വസിക്കുകയും, എന്നോടത് പറയുകയും ചെയ്തു. ഭയത്തിന്റെ ചെമ്പരത്തികൾ ഉറക്കം നഷ്ടപ്പെടുത്തുന്ന രാത്രികളിൽ ഞാനവരെ ഓർക്കും. പതിഞ്ഞ ശബ്ദത്തിൽ അവരെന്നെ പേര് ചൊല്ലി വിളിക്കുന്നത് ഓർക്കും. ആ വിളിയെ ഉൾക്കാതിലറിഞ്ഞ് ഭയത്തിന്റെ ചെമ്പരത്തികളിൽ നിന്ന് ഞാൻ മോചനം നേടിയ അനേകം രാത്രികൾ കടന്നുപോയി.

മകൻ്റെ വിവാഹം കാണാനുള്ള ആഗ്രഹം സഫലമാവാതെയാണ് അവരീ ഭൂമി വിട്ടുപോയത്. അവന് പെണ്ണന്വേഷണം നടക്കുന്ന കാലത്ത് അവർക്ക് കടുത്ത വയറുവേദനയുണ്ടായി. സാധാരണ അത്തരം വേദനകൾക്ക് അവർ ഉലുവ തിളപ്പിച്ച വെള്ളം കുടിച്ചാണ് ശമനം നേടിയത്. ഉലുവയുടെ വെള്ളത്തിനോ പ്രാർത്ഥനകൾക്കോ നേർച്ചകൾക്കോ ശമിപ്പിക്കാവുന്ന രോഗമായിരുന്നില്ല അത്.

ഖസാക്കിലെ മൊല്ലയുടെ പെരുവിരലിൽ കൂടിയേറിയ അർബുദം അവരുടെ കുടലിലാണ് മരണം വിതച്ചത്. അക്കാലമത്രയും അവരനുഭവിച്ച ജീവിത ദുരിതങ്ങൾക്കുമേൽ അർബുദം അതിൻ്റെ ഞണ്ടിൻ കാലുകൾ ഇറുക്കിയപ്പോൾ നൊന്തുവിളിക്കാൻ ഉള്ളിൽ ദൈവങ്ങളില്ലാതെ ഞാൻ അന്തിച്ചുനിന്നു. രോഗം അതിൻ്റെ ഒടുക്കത്തെ പടവിൽ എത്തിയിരുന്നു. അതിനപ്പുറം അവരെ കാത്തിരുന്നത് മരണമാണ്. അത് അവരോടാരും പറഞ്ഞില്ല. തൻ്റെ അസുഖമൊക്കെ മാറി മകൻ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് സ്വപ്നം കണ്ട് അവർ വേദനയുടെ മുൾക്കാടുകൾ താണ്ടി. അവരുടെ ശരീരം മെലിയാൻ തുടങ്ങി. സ്വതവേ മെല്ലിച്ച ശരീരമായതിനാൽ ആ മെലിച്ചിൽ കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. തൊലിയിൽ പൊതിഞ്ഞു കെട്ടിയ എല്ലിൻകൂട്ടമായി അവരെന്ന അസ്തിത്വം ആ വീട്ടിലെ കട്ടിലിൽ കിടന്നു. അതിനരുകിൽ അക്കാലമത്രയും തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും ക്ഷോഭങ്ങൾക്കും കൂട്ടായിരുന്നവൾ മരണത്തിലേക്ക് നടന്നടുക്കുന്നത് എൻ്റെ ഏട്ടൻ കണ്ണീരോടെ കണ്ടുനിന്നു. അവൻ കൈ കുഞ്ഞിനെയെന്ന പോലെ അവരെ വാരിയെടുത്ത് കക്കൂസിലേക്കും കുളിമുറിയിലേക്കും കൊണ്ടു പോയി. തൻ്റെ ക്ഷോഭങ്ങൾ ആ ആത്മാവിനെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന വൈകി ഉദിച്ച ബോധത്തിൽ, അവൻ ആരും കാണാതെ കരഞ്ഞു.

എൻ്റെ വാടകവീട്ടിൽ ആ വാർത്ത വന്നെത്താവുന്ന നിമിഷത്തെ ഭയന്ന് ഞാനും ജീവിച്ചു. ഒടുവിൽ അതെന്നെ തേടിയെത്തിയപ്പോൾ വിദൂരമായ ഒരു കാലത്തിൻ്റെ ചവിട്ടുപടികളിൽ ഞാനാ മൈലാഞ്ചി ചോപ്പിന്റെ പാദങ്ങൾ കണ്ടു. ചുവന്ന പട്ടു സാരിയെയും കുപ്പിവളകളെയും കണ്ടു. കാഴ്ച്ചകളിലേക്ക് കണ്ണീര് പടർന്നപ്പോൾ അവരെ കൈവിട്ട ദൈവങ്ങളെ ഞാൻ ചീത്ത വിളിച്ചു.

ഭാര്യയും മക്കളും മരണവീട്ടിലേക്ക് പോയി. ഞാനവരുടെ ചലനമറ്റ ശരീരം കാണാനുള്ള ശേഷിയില്ലാതെ നെഞ്ച് കനത്ത് അവിടെത്തന്നെ ഇരുന്നു. പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് അവർ യാത്രയാവുമ്പോൾ ഞാൻ പരിസരത്തുള്ള ഡിസ്പെൻസറിയുടെ ഒഴിഞ്ഞ വരാന്തയിലിരുന്നു. ക്രൂരമായ തമാശയോ, ഉന്മാദമോ, വിവരക്കേടോ ഒക്കെയായി കളം മാറിയ എൻ്റെ ബോധം ഖസാക്കിനെ തുറന്നു. ഞാൻ വായിച്ചു.

"ആ രോമങ്ങൾ അപ്പോഴും വളരുകയാണെന്ന് തോന്നി. ജഡത്തിൽ വേരൂന്നി വളരുകയാണ്. താരണപ്പറ്റിലാകട്ടെ ഒന്നും തന്നെ അനങ്ങിയില്ല. പേനുകൾ പോയ്ക്കഴിഞ്ഞിരുന്നു. തീമഴ പോലെ, ചുഴലിക്കാറ്റു പോലെ, ഭൂകമ്പം പോലെ, മരണത്തിൻ്റെ അപാരമായ വരവ് അവരറിഞ്ഞു. പാലക്കാട്ടു നിന്നുള്ള നീണ്ട യാത്രയിൽ താരണവും രോമവും വിട്ട് ഒന്നൊന്നായി അവർ പുറത്തിറങ്ങി. ജരയുടെ ശിഖരപഥങ്ങൾ പറ്റി അവർ ഇറങ്ങി. വണ്ടിപ്പായയിലൂടെ പലായനം ചെയ്തു. വണ്ടിച്ചട്ടത്തിൻ്റെ തെറ്റത്തുനിന്ന് അതിനപ്പുറത്തെ അനന്തസ്ഥലികളിലേക്ക് കൂപ്പുകുത്തി..... "

അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണീര് മറച്ചു. ഖസാക്കിന്റെ താളിൽ എൻ്റെ കണ്ണീര് വീണു. മുമ്പിൽ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിൻ്റെ സുശിരങ്ങളിൽ നിന്ന് മഴപ്പാറ്റകൾ പൊടിഞ്ഞു വന്നു. അവയെ കൊത്തി തിന്നാനായി കാക്കകളും ചെറു പക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ ചിറക് തുഴഞ്ഞു.

14: ഹമീദിൽ പകയായി പുകഞ്ഞ ഖസാക്ക്

പെരുന്നാൾ കാലം നാരായണനും എനിക്കും ഒരു പോലെ തിരക്കുള്ള ദിവസങ്ങളാണ്. അക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇത്ര വ്യാപകമായിട്ടില്ല. പെരുന്നാളുകൾക്കും ഓണത്തിനും സ്കൂൾ തുറക്കുന്ന സമയത്തും നാരായണന് ഇഷ്ടം പോലെ പണിയുണ്ടാവും. അവൻ്റെ തടിയൻ ലഡ്ജർ പലതരം അളവുകൾ കൊണ്ട് നിറയും. ഓരോ അളവിനു നേർക്കും അതിൻ്റെ തുണിയുടെ ചെറിയൊരു തുണ്ട് വെട്ടിയെടുത്ത് പിൻ ചെയ്യുന്നതും, ബട്ടനുകളും ബട്ടൺ ഹോളുകളും തുന്നുന്നതും എൻ്റെ ജോലിയാണ്. തുന്നി തീർന്ന ഡ്രസ്സുകൾ ഇസ്തിരിയിടുന്നതും, അവ ഭംഗിയിൽ മടക്കിവെയ്ക്കുന്നതുമൊക്കെ ഞാൻ ഇഷ്ടത്തോടെ ചെയ്ത ജോലികളാണ്. അവനെന്നെ തുന്നൽപണി പഠിപ്പിക്കാൻ ഏറേ ശ്രമപ്പെട്ടെങ്കിലും, അവൻ്റെ കുറേ തുന്നൽ സൂചികൾ പൊട്ടിയതല്ലാതെ ഞാൻ പണി പഠിച്ചില്ല.

കണക്കുപുസ്തകത്തിൽ ഓരോ പെരുന്നാളിനും അവൻ വല്യ ഒരു തുക പണിക്കൂലിയായി കൂട്ടി വെച്ചിട്ടുണ്ടാവും. ഓരോരുത്തരായി തുന്നിയ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുപോവും. പകുതിയും മുക്കാലും മുഴുവനും കടം പറഞ്ഞ്, വസ്ത്രങ്ങൾ തുന്നൽക്കട വിട്ടുപോവും. അവൻ്റെ പറ്റു പുസ്തകത്തിൽ കിട്ടാനുള്ള പണത്തിന്റെ സംഖ്യ കൂടും. അടുത്ത പെരുന്നാളിനും ഇതൊക്കെ തന്നെ ആവർത്തിക്കും. ചിലർ സ്വന്തം വിവാഹത്തിന് തയ്പ്പിച്ച പാന്റിന്റെയും ഷർട്ടിന്റെയും പണം കടം പറഞ്ഞിട്ട്, അവർക്ക് മക്കളുണ്ടായി ആ മക്കളുടെ വിവാഹ കാലം വരെ കടം വീട്ടാതെ പുതിയതിനും കടം പറയും. അതിലൊന്നും അവനു പരാതിയില്ല. ഒന്നിനും അവനു പരാതിയില്ല. അവൻ വിഷമിച്ചിരിക്കുന്നത് ഞാൻ അധികമൊന്നും കണ്ടിട്ടില്ല ജനകീയാസൂത്രണമൊക്കെ നടപ്പാക്കി കഴിഞ്ഞ് ഇടതുപക്ഷം ഇലക്ഷനെ നേരിട്ടപ്പോൾ തോറ്റതിലാണ് അവൻ വിഷമിച്ചു കണ്ടത്, പിന്നെ ഇ എം എസിന്റെ മരണത്തിലും.

ആളുകൾ പെരുന്നാളാഘോഷിച്ചു കഴിയുമ്പോൾ, നഷ്ടപ്പെട്ട ഉറക്കം മുഴുവൻ ഉറങ്ങിത്തീർത്ത് ഞങ്ങൾ കോഴിക്കോട്ടേക്കോ കുന്നംകുളത്തേക്കോ കണ്ണൂരിലേക്കോ ഒക്കെ ടൂർ പോവും. / ചിത്രീകരണം: ദേവപ്രകാശ്

ആളുകൾ പെരുന്നാളാഘോഷിച്ചു കഴിയുമ്പോൾ, നഷ്ടപ്പെട്ട ഉറക്കം മുഴുവൻ ഉറങ്ങിത്തീർത്ത് ഞങ്ങൾ കോഴിക്കോട്ടേക്കോ കുന്നംകുളത്തേക്കോ കണ്ണൂരിലേക്കോ ഒക്കെ ടൂർ പോവും. ആ ചെറിയ യാത്രകളിൽ പോലും ഞാൻ ഖസാക്ക് കയ്യിൽ കരുതുന്നതിന് അവനെന്നെ പരിഹസിക്കും.

"ന്നാപ്പിന്നെ അനക്കിത് കലക്കി കുടിച്ചൂടേ? അപ്പൊ അത് തടിമ്മല് പിടിച്ചോലോ."

അവനങ്ങനെ രണ്ടാമൂഴത്തിന്റെ ഭ്രാന്തനല്ലെങ്കിലും, അത് ചൂടുവെള്ളത്തിൽ ഇട്ടുവെച്ച് ഇടയ്ക്കിടെ ആ വെള്ളം എടുത്ത് കുടിക്കാൻ പറഞ്ഞ് ഞാനവനെയും കളിയാക്കും. വലിയ ടൂറൊക്കെ പ്ലാൻ ചെയ്ത ഞങ്ങൾ ഒടുക്കം ആ ചെറിയ ടൂറിലും അവിടുന്ന് കാണുന്ന പുതിയ സിനിമകളിലും ആനന്ദം കണ്ടെത്തും. ആഘോഷങ്ങൾ കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തിന് അവനു പണിയുണ്ടാവില്ല. അപ്പോൾ ചായ കുടിക്കാനുള്ള പണത്തിനായി അവിടെയിരുന്ന് ചെസ് കളിക്കുന്ന എൻ്റെ മേൽ പന്തയം വെച്ച് അവൻ പണമുണ്ടാക്കും. പെരുന്നാൾ തിരക്കുകളിലും ആ കടയിൽ ചെസ് കളിയുണ്ടാവും ഹനീഫയും മുഹമ്മദാലിയുമായിരുന്നു അവിടത്തെ ഏറ്റവും നല്ല കളിക്കാർ. അവരുമായി പന്തയം വെച്ച് ചെസ്സ് കളിക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല.

പന്തുകളി ഭ്രാന്തന്മാർ ചെസ് കളിയെ പുച്ഛത്തോടെയാണ് കണ്ടത്. ഒരു നീക്കത്തിനും മറു നീക്കത്തിനും ഇടയിൽ ആലോചിക്കാൻ ഞങ്ങളെടുക്കുന്ന സമയം പന്തുകളിക്കാരെ വല്ലാതെ അലോസരപ്പെടുത്തും. ചടുലതയും വേഗതയും വേണ്ട ഫുട്ബോൾ പോലെയല്ലല്ലോ ചെസ്. അതറിയാതെ ഞങ്ങൾ അടുത്ത നീക്കത്തിന് തല പുകഞ്ഞു ചിന്തിച്ചിരിക്കുമ്പോൾ പന്ത് കളിക്കാരിൽ ആരെങ്കിലുമൊരാൾ കാലു കൊണ്ട് ചെസ് ബോർഡ് തട്ടി മറിച്ചിട്ട് ഓടിക്കളയും.

പന്തുകളി ഭ്രാന്തന്മാർ ചെസ് കളിയെ പുച്ഛത്തോടെയാണ് കണ്ടത്. ഒരു നീക്കത്തിനും മറു നീക്കത്തിനും ഇടയിൽ ആലോചിക്കാൻ ഞങ്ങളെടുക്കുന്ന സമയം പന്തുകളിക്കാരെ വല്ലാതെ അലോസരപ്പെടുത്തും.

"ഓലെ ഒലക്കീലെ ബുത്തിക്കളി’’, എന്ന അവരുടെ പരിഹാസവും ദേഷ്യവും കണ്ട് നാരായണൻ ഒച്ചയില്ലാതെ ചിരിക്കും.

പെരുന്നാൾ തലേന്ന് മുതിർന്നവർ അല്പം മദ്യവും, അതിലേറെ മുതിർന്നവർ അതിനേക്കാൾ മദ്യവും സേവിക്കും.

നാരായണൻ്റെയും ഉസ്മാൻ്റെയും തുന്നൽ കടകളിലെ വെളിച്ചങ്ങളിലേക്കാണ് ഈ മദ്യപന്മാർ രാത്രികളിൽ പാറ്റകളെപ്പോലെ വന്നടിയുന്നത്. വേറെ ചിലർ ‘സ്വാമി’ എന്ന് നാട്ടുകാർ വിളിക്കുന്ന കഞ്ചാവ് പുകച്ച് ഉച്ചത്തിൽ പാട്ടുകൾ പാടും. എന്തിനെന്നില്ലാതെ ഉറക്കെയുറക്കെ ചിരിക്കും. ഞാനപ്പോൾ ഖസാക്കിലെ അവണീശിനെയും, രവിയും മാധവൻ നായരും കോടച്ചിയുടെ വീട്ടിൽ നിന്ന് മോന്തിയ വാറ്റു ചാരായത്തെയും ഓർക്കും. രാജാവിൻ്റെ പള്ളിയിൽ നൈജാമലിയും രവിയും പങ്കിട്ട,വെയിലു പോലെ സ്വച്ഛമായ തെളി നീർ ലഹരിയെ ഓർക്കും. കഞ്ചാവ് വലിക്കാർക്ക് ഖസാക്കിൽ മാതൃകകളുണ്ടായിരുന്നില്ല. കഞ്ചാവും കള്ളും ഒരുമിച്ച് സേവിച്ചവർക്ക് ഖസാക്കിൽ ഒട്ടും ഇടമില്ല. അവർ ഞങ്ങളുടെ കവലയിൽ വെറുതേ വഴക്കുണ്ടാകും. തെറി വിളിക്കും. വിളക്കു കാലുകളോടു പോലും തല്ലു കൂടും. തിരികെ തല്ലാത്ത ആ വിളക്കുകാലുകളെ അവർ കാലുയർത്തി തൊഴിക്കും. കൈ കൊണ്ട് ഇടിക്കും.

അത്തരം പെരുന്നാൾകാലങ്ങളുടെ രാത്രിയിൽ നാരായണന്റെ കടയിലേക്ക് ആടിയാടി ഒരാൾ കടന്നു വന്നു. അത് മുഹമ്മദാലിയുടെ ഏട്ടൻ ഹമീദാണ്. ഞാനവിടെയിരുന്ന് ഒരു ഷർട്ടിന്റെ ബട്ടൺഹോൾ തുന്നുകയായിരുന്നു. കക്ഷി എന്നെ കൈ കാട്ടി വിളിക്കുന്നു. എന്തിനെന്ന് അറിയാൻ ഞാൻ അയാളുടെ അടുത്തേക്ക് ചെല്ലുന്നു. കട്ടിങ് മേശയുടെ മുകളിലൂടെ തെറിവിളിയുടെ അകമ്പടിയോടെ എന്റെ കവിളിലേക്ക് അടി വരുന്നു. ഞാൻ മുഖം ചെരിച്ചതിനാൽ അടി കവിളത്ത് കൊണ്ടില്ല. മിണ്ടാതിരുന്ന് പണിയെടുത്ത എന്നെ കൈ കാട്ടി വിളിച്ച് അയാളെന്തിന് തല്ലണമെന്ന് ഞാനും നാരായണനും മറ്റുള്ളവരും അന്തം വിട്ടു. വീണ്ടും അടിക്കാൻ നോക്കിയ അയാൾ ആടിയാടി കടയുടെ ഉള്ളിലേക്ക് കമഴ്ന്നുവീണു. അത്രത്തോളം ലഹരി അയാൾ മോന്തിയിരുന്നു. ആരൊക്കെയോ ചേർന്ന് അയാളെ പിടിച്ചു കൊണ്ടുപോയി. അക്കാലത്തെ സ്ഥിരം മദ്യപന്മാരിൽ ഒരാളായിരുന്നു അയാൾ. പലരുമായും വഴക്കുണ്ടാക്കുന്നത് കൊണ്ടും, അത്യാവശ്യം കാശുള്ള വീട്ടിലെ ആളായതു കൊണ്ടും അയാളെ തിരികെ തല്ലാൻ എന്നെ പലരും പ്രേരിപ്പിച്ചു.

മുഹമ്മദാലി എൻ്റെ സുഹൃത്താണ്. ഞാനുമായി ചെസ് കളിക്കുന്ന ആളാണ്. അവനു വേണ്ടിയും ഞാൻ പ്രണയലേഖനങ്ങൾ എഴുതി കൊടുത്തിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഞങ്ങൾ ഒരുമിച്ചാണ് സിനിമയ്ക്ക് പോവുന്നത്. അവൻ ആ സമയത്ത് ഉസ്മാൻ്റെ തുന്നൽ കടയിൽ പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടികളെ വായ് നോക്കി നിൽക്കുന്നുണ്ട്. അവൻ്റെ ഏട്ടൻ മദ്യലഹരിയിൽ എന്നെ അടിക്കാൻ നോക്കിയ വിവരം , അവൻ്റെയടുത്ത് എത്തിയപ്പോൾ അത് എന്നെ അവൻ്റെ ഏട്ടൻ അടിച്ചുവീഴ്ത്തി എന്ന നിലയിലായി. അവൻ ഓടിക്കിതച്ച് നാരായണൻ്റെ കടയിലേക്കു വന്നു. ഞാനവിടെയിരുന്ന് ബട്ടനുകൾ തുന്നി പിടിപ്പിക്കുകയാണ്. അവൻ കടയുടെ അകത്തേക്ക് കയറിവന്ന് എൻ്റെ കൈ കൂട്ടിപ്പിടിച്ച് ഏട്ടനു വേണ്ടി മാപ്പ് ചോദിച്ചു. ഹമീദിനെ ഞാൻ തല്ലണമെന്ന ആവശ്യവുമായി കുറെ ചെറുപ്പക്കാർ കടയുടെ മുമ്പിൽ കൂട്ടം കൂടി നിന്നു. അവരിൽ പലരും ചെറുതായും വലുതായും മിനിങ്ങിയിട്ടുണ്ട്. മുഹമ്മദാലി അപ്പോൾ തന്നെ ആ വിവരം അവൻ്റെ വീട്ടിൽ അറിയിച്ചു. അവരുടെ ഉപ്പ മകനെ തിരഞ്ഞു വന്ന് കവലയിലിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഹമീദിനെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

എന്നെക്കൊണ്ട് പകരം വീട്ടിക്കാൻ വരിനിന്നവർ ഞാനതിനു മുതിരുന്നില്ല എന്നുകണ്ട് എന്നെ പരിഹസിക്കാൻ തുടങ്ങി. ഞാനും മദ്യപനും തമ്മിലുള്ള യുദ്ധത്തിൽ നാട്ടുകാർക്കെന്ത് കാര്യമെന്നോർത്ത് ഞാൻ നൈജാമലിയായി മാറി.

"പേടിത്തൂറി. അടീം കൊണ്ട് ഇരിക്ക്ണത് കണ്ടാ? "

ഞാനവർക്ക് പുറംതിരിഞ്ഞുനിന്ന് പിൻഭാഗം തൊട്ടു നോക്കി മണപ്പിച്ച് തൂറിയിട്ടില്ലെന്ന് അവർക്ക് കാണിച്ചുകൊടുത്തു. ആ കറുത്ത ഹാസ്യം എനിക്ക് ഖസാക്കിൽ നിന്ന് കിട്ടിയതാണ്.

കൊഴണശ്ശേരിയിലെ സഖാക്കൾ രവിയെ കാണാൻ വരുന്നതും, അവർ തമ്മിലുള്ള സംഭാഷണത്തിൽ ശിവരാമൻ നായരുടെ പാടത്ത് കൊയ്യാൻ പോകുന്ന ചെറുമികൾ മാറുമറയ്ക്കാതെ കുമ്പിട്ടു നിന്ന് കൊയ്യണമെന്ന അയാളുടെ ചട്ടത്തെ കുറിച്ചും ദേഷ്യപ്പെടുന്ന സഖാവിനോട് രവി ചോദിക്കുന്നുണ്ട്, ‘നല്ലതല്ലേ?’

ആ ചോദ്യം കൊഴണശ്ശേരിയിലെ സഖാക്കളെയും എൻ്റെ സുഹൃത്ത് നാരായണനെയും, അറിയുന്നതും അറിയാത്തതുമായ അനേകം സഖാക്കളെയും ഭ്രാന്ത് പിടിപ്പിച്ച ചോദ്യമാണ്. ആ ചോദ്യത്തിൻ്റെ മുന്നിലും പിന്നിലുമായി ഇതിഹാസകാരൻ എഴുതിവെച്ച കറുത്ത ഹാസ്യത്തെ ശരിയായി മനസ്സിലാക്കാഞ്ഞിട്ടാണ് ആ ചോദ്യം അത്ര വിവാദമായത്. അതിൻ്റെ പേരിൽ നാരായണൻ എപ്പോഴും എന്നെ വഴക്ക് പറയും. ഞാനാണ് അത് എഴുതിയതെന്ന ഭാവത്തിലാണ് അവൻ്റെ വഴക്കത്രയും.

കഞ്ചാവും കള്ളും ഒരുമിച്ച് സേവിച്ചവർക്ക് ഖസാക്കിൽ ഒട്ടും ഇടമില്ല. അവർ ഞങ്ങളുടെ കവലയിൽ വെറുതേ വഴക്കുണ്ടാകും. തെറി വിളിക്കും. വിളക്കു കാലുകളോടു പോലും തല്ലു കൂടും. തിരികെ തല്ലാത്ത ആ വിളക്കുകാലുകളെ അവർ കാലുയർത്തി തൊഴിക്കും. കൈ കൊണ്ട് ഇടിക്കും.

അഗമ്യഗമനത്തിന്റെ പാപബോധത്തിൽ നിന്നും മോചനം തേടിയലഞ്ഞ്, പ്രയാണത്തിന്റെ പൊടി പടലങ്ങളുമായി ഖസാക്കിൽ വന്നണഞ്ഞ രവി, തൻ്റെ മരണത്തിലേക്ക് കാല് നീട്ടി കൊടുക്കുന്നതിന്റെ തൊട്ടുമുമ്പായിട്ടാണ് ഇതിഹാസകാരൻ ആ ചോദ്യം എഴുതിയിട്ടത്. ഒരു പരിധി വരെ അത് അക്കാലത്തെ പുരുഷ ബോധങ്ങളെ ഉൾക്കൊള്ളുന്നുണ്ട്.

ആദ്യമൊക്കെ ആ ചോദ്യം എന്നെയും അലട്ടിയിട്ടുണ്ട്. പിന്നീട് ഖസാക്കിൻ്റെ ആന്തരികാർത്ഥങ്ങൾ തെളിഞ്ഞു കിട്ടിയപ്പോൾ നിർദോഷമായ ആ ചോദ്യം, തൻ്റെ സ്വപ്ന നഷ്ടത്തിൽ നിന്ന് ഇതിഹാസകാരൻ സൃഷ്ടിച്ചതാണെന്ന് മനസ്സിലായി.

അന്ന് രാത്രിയിലും പിറ്റേന്നും, അതിൻ്റെ പിറ്റേന്നും എന്നെ എന്തിനാണ് മുഹമ്മദാലിയുടെ ഏട്ടൻ തല്ലാൻ വന്നതെന്ന് ഓർത്ത് ഞാൻ അസ്വസ്ഥനായി. ഞങ്ങൾ തമ്മിൽ മുൻകാല വിരോധമൊന്നുമില്ല. അനിയൻ്റെ സുഹൃത്തെന്ന നിലയിൽ കഴിയുന്നത്ര വാത്സല്യത്തോടെയാണ് അയാളെന്നോട് ഇടപഴകിയിട്ടുള്ളത്.
വീടിനു താഴെയുള്ള പറങ്കിമാവിൻ തോട്ടത്തിലും മുള്ളൻ മടയിലും ഞാനിരുന്നു വായിക്കുമ്പോൾ, അയാളും കൂട്ടുകാരും കുറച്ചുമാറി വട്ടം കൂടിയിരുന്ന് ചീട്ട് കളിക്കുന്നത് ഞാൻ കാണാറുണ്ട്. പണം വെച്ചുള്ള ആ ചീട്ടുകളിയെ പറ്റി ഞാൻ ആരോടും പറഞ്ഞിട്ടില്ല, അതിൻ്റെ ആവശ്യവുമില്ല. ആ പറമ്പിലും മറ്റു പല പറമ്പുകളിലും അക്കാലത്ത് ഇത്തരം ചീട്ടുകളികൾ സുലഭമായിരുന്നു. ഇടയ്ക്ക് പോലീസ് വരുന്നുവെന്ന അറിയിപ്പ് ചോർന്നു കിട്ടുമ്പോൾ അവരൊക്കെ ഉടുമുണ്ട് പോലും ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാറുമുണ്ട്.

ആ പറങ്കിമാവിൻ തോട്ടങ്ങളിലേക്ക് ചമ്മൽ (കരിയില ) അടിച്ചുവാരാൻ സ്ത്രീകളും പെൺകുട്ടികളും കൂട്ടത്തോടെ വരുമായിരുന്നു. കയ്യിൽ കരുതിയ ചാക്കുകളിൽ അടിച്ചുകൂട്ടിയ ചമ്മൽ നിറച്ച് അത് തലയിലേറ്റി അവർ മടങ്ങിപ്പോവും. അതിനിടയിൽ പറങ്കിമാവിൻ തോട്ടത്തിലെ ഇത്തിരി ഇരുളിലും, ചെറിയ കാട്ടുപൊന്തകളിലും അവിഹിതങ്ങളും ഹിതങ്ങളും നടക്കാറുണ്ട്. അതൊക്കെയും പരസ്പര സമ്മതത്തോടെയുള്ളതാണ്. അത്തരം അവിഹിതങ്ങളിൽ ഹമീദും പങ്കാളിയാണ്. അതും ഞാനാരോടും പറഞ്ഞിട്ടില്ല. പരസ്യമായി ചർച്ചിച്ചില്ലെങ്കിലും നാട്ടുകാർക്കെല്ലാം അറിവുള്ള അവിഹിതങ്ങളാണ് അത്. പിന്നെ എന്തിനാവും അയാളെന്നെ തല്ലാൻ വന്നതെന്നോർത്ത് ഞാനാകെ നട്ടം തിരിഞ്ഞു. 'തല്ലാൻ വന്നതല്ലേയുള്ളൂ, തല്ലിയിട്ടില്ലല്ലോ?' എന്ന് നാരായണൻ എന്നെ ആശ്വസിപ്പിച്ചു .

വീടിനു താഴെയുള്ള പറങ്കിമാവിൻ തോട്ടത്തിലും മുള്ളൻ മടയിലും ഞാനിരുന്നു വായിക്കുമ്പോൾ, അയാളും കൂട്ടുകാരും കുറച്ചുമാറി വട്ടം കൂടിയിരുന്ന് ചീട്ട് കളിക്കുന്നത് ഞാൻ കാണാറുണ്ട്. പണം വെച്ചുള്ള ആ ചീട്ടുകളിയെ പറ്റി ഞാൻ ആരോടും പറഞ്ഞിട്ടില്ല, അതിൻ്റെ ആവശ്യവുമില്ല.

എന്നാലും ഖസാക്കുകാരെപ്പോലെ ഞാൻ എന്നോട് തന്നെ ചോദിച്ചു, "അതോടെ സത്തിയമെന്നാ? "
"സത്തിയം പലത്’’, ഞാൻ തന്നെ മറുപടിയും പറഞ്ഞു.

പലതരം സത്യങ്ങളുടെ നെടുവരമ്പിലൂടെ എന്റെ ദിവസങ്ങൾ മുമ്പോട്ട് പോയി. മുള്ളൻമടയിലും പറങ്കിമാവുകളിലും വായനാവസന്തങ്ങൾ പൂത്തു. ചാക്കുകളുമായി സ്ത്രീകൾ ചമ്മലടിക്കാൻ വന്നു. കരിയിലകളിലൂടെ പാമ്പുകൾ പാഞ്ഞു. ചമ്മലടിക്കുന്നവർ എൻ്റെ അന്തം വിട്ട വായനയെ പരിഹസിച്ചു. ഞാനവിടെയുണ്ടെന്ന ബോധം അവരുടെ ഒളിസേവകളിൽ കാലുഷ്യം കലർത്തി. എന്നിട്ടും അവർ കാട്ടുപൊന്തകളിൽ ഇണ ചേർന്നു. ആ കാഴ്ച്ചകൾക്ക് കാവലായി മറ്റു സ്ത്രീകൾ നിന്നു. ചിലർ പ്രണയം മാത്രം പറഞ്ഞ് കെട്ടിപ്പുണർന്ന് പിരിഞ്ഞു.

പ്രണയിനികളുടെ ചാക്കുകെട്ടുകൾ കാമുകന്മാർ ചുമന്നു. അവരുടെ മേലേക്ക് കരിയിലകൾ അടർന്നു വീണു.

ഹമീദ് എന്നെ അടിക്കാൻ നോക്കിയ വാർത്ത ഉമ്മാൻ്റെ ചെവിയിൽ എത്തിയത്, എനിക്ക് കവലയിൽ വെച്ച് നല്ലോണം അടി കിട്ടി എന്ന മട്ടിലാണ്. "എന്തിനാടാ മൂത്തോരുമായി തല്ലുണ്ടാക്കുന്ന’’തെന്ന് ഉമ്മ ചോദിച്ചെങ്കിലും, ഉമ്മാക്ക് അറിയാമായിരുന്നു, ഉമ്മാൻ്റെ കിത്താബ് പിരാന്തൻ ആരുമായും വഴക്കിടില്ലെന്ന്.

ആ രാത്രിയേയും അപമാനത്തേയും മറന്ന് കഴിഞ്ഞ കാലത്ത് 'രാധാകൃഷ്ണ' തിയേറ്ററിൽ വച്ച് ഞാൻ ഹമീദിനെ കണ്ടുമുട്ടി. അയാളപ്പോൾ മദ്യപിച്ചിരുന്നില്ല. "ചെങ്കോൽ" എന്ന സിനിമയാണ് അവിടെ കളിച്ചിരുന്നത്. ടിക്കറ്റിന് വരിനിൽക്കുമ്പോൾ അയാളെന്നോട് എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നീട് തീയേറ്ററിനുള്ളിൽ ഞാൻ ഇരുന്ന സീറ്റിന് തൊട്ടടുത്തായി അയാളും വന്നിരുന്നു. നേരിയ ഭയം തോന്നിയെങ്കിലും ഞാൻ ധൈര്യം സംഭരിച്ച് അവിടെത്തന്നെ ഇരുന്നു. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ തല എൻ്റെ ചെവിയിലേക്ക് കുനിഞ്ഞു, "ഞാനെന്തിനാ അന്ന് അന്നെ തല്ലിയതെന്ന് അറിയ്യോ? "

നിങ്ങളെന്നെ തല്ലാൻ നോക്കിയതേയുള്ളൂ എന്നും, അത് എന്തിനാണെന്ന് അറിയില്ലെന്നും ഞാൻ മറുപടി പറഞ്ഞപ്പോൾ അയാൾ കാര്യങ്ങളൊക്കെ വിശദീകരിച്ചുതന്നു. കഴുത കുങ്കുമം ചുമക്കും പോലെ ഞാൻ തടിയൻ പുസ്തകങ്ങളും ചുമന്ന് ലൈബ്രറിയിലേക്ക് പോവുന്നത് അയാൾ കണ്ടു നിന്നിരുന്നു. എന്നോട് ചെറിയൊരു ഇഷ്ടമൊക്കെ തോന്നിയതുമാണ്. അങ്ങനെയിരിക്കെ കോട്ടക്കലിലേക്ക് പോവാൻ ബസ് കാത്തുനിന്ന എന്നോട്, അയാൾ വടിസഞ്ചിയിലെ പുസ്തകം കാണണമെന്ന് ആവശ്യപ്പെട്ടു. ഞാനത് അത്ര കാര്യമാക്കിയില്ല. അന്നും അയാളെ മദ്യം മണത്തിരുന്നു. പുസ്തകങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് ആളുകൾക്കിടയിൽ വെച്ച് പുസ്തകം കാണിച്ചുകൊടുക്കാൻ ഞാൻ മടിച്ചു.

അയാളാ സംഭവം പറഞ്ഞപ്പോൾ ഞാനത് ഓർത്തു. അന്നെന്റെ വടിസഞ്ചിയിൽ ഹരിദാസന് സ്നേഹ സമ്മാനമായി കൊടുക്കാൻ ഞാൻ കരുതിവെച്ച ഖസാക്ക് മാത്രമാണ് ഉണ്ടായിരുന്നത്. അതിൻ്റെ മുൻപേജിൽ തന്നെ, "എന്നെ ഖസാക്കിലേക്ക് വഴി നടത്തിച്ച ഹരിദാസന് സ്നേഹപൂർവ്വം" എന്ന് ,ഞാൻ എഴുതിവെച്ചിരുന്നു. അത് ഹമീദ് കാണുമല്ലോ എന്നുള്ള ലജ്ജ കൊണ്ടുകൂടിയാണ് ഞാൻ അയാൾക്ക് ഖസാക്ക് കാണിച്ചുകൊടുക്കാതിരുന്നത്. അത് അയാൾക്ക് വല്യ അപമാനമായി തോന്നി. പോരാത്തതിന് "ഇത് ഇങ്ങക്ക് പറ്റിയ ബുക്കല്ല" എന്നു കൂടി ഞാനയാളോട് പറഞ്ഞിരുന്നു. അത് അയാളിൽ പകയായി പുകഞ്ഞുകിടന്നു. ആ പുക ഒഴിക്കാനാണ് പെരുന്നാൾ തലേന്ന് അയാളെന്നെ തല്ലാൻ വന്നത്.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments