ഖസാക്ക് എന്നെ വായിച്ച കഥ

ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വായനാനുഭവമല്ല മുഹമ്മദ് അബ്ബാസ് എഴുതുന്നത്. ഒരു ​നോവൽ ഒരു വായനക്കാരന്റെ ​ചോരയിലേക്ക് അരിച്ചിറങ്ങുന്ന വിസ്ഫോടനാനുഭവമാണിത്. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നോവലിന്റെ ഭാഷയും കഥാപാത്രങ്ങളും ഇടങ്ങളും കാലവും ആഖ്യാനവുമെല്ലാം ഒരു വായനക്കാരൻ ജീവിച്ച പല കാലങ്ങളിലൂടെ അതിതീവ്രമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുഭവം.

ഒന്ന്: പമ്മനും അയ്യനേത്തിനുമൊപ്പം
ഒരു പതിനേഴുകാരൻ

ത് ഞാൻ ഖസാക്ക് വായിച്ച കഥയല്ല, ഖസാക്ക് എന്നെ വായിച്ച കഥയാണ്. മലയാള ഭാഷ എഴുതാനും വായിക്കാനും സ്വയം പഠിച്ച ഒരുവൻ എങ്ങനെ ഖസാക്കിലെത്തിയെന്നും ഖസാക്ക് അവനെ എങ്ങനെയൊക്കെ നായാടിയെന്നും പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഈയുള്ളവൻ അതിന് ശ്രമിക്കുകയാണ്.

ബസിന്റെയും കടകളുടെയും ബോർഡുകൾ വായിക്കാനും ഉമ്മ പറഞ്ഞുതരുന്ന പലചരക്ക് സാധനങ്ങൾ എഴുതിയെടുക്കാനും എനിക്ക് ഭാഷ പഠിക്കണമായിരുന്നു. എട്ടാം ക്ലാസ് വരെ തമിഴ് പഠിച്ച ദേശത്തുനിന്ന് എന്നെ പറിച്ചെടുത്ത് തിരികെ നട്ട ഈ ദേശത്ത് എനിക്കായി ആരും തമിഴിൽ ബോർഡുകൾ എഴുതിവെച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ബോർഡ് വായിക്കാനറിയാതെ ഞാൻ ബസ് മാറിക്കയറി വഴിയിൽ ഇറക്കിവിടപ്പെട്ടും, സ്റ്റേഷനറി കടയിൽ കയറി പഞ്ചസാരയും പരിപ്പും ചോദിച്ചും അപമാനിതനായി.

ബാലരമയിലും ബാലഭൂമിയിലും തുടങ്ങിയ തപ്പി തടഞ്ഞുള്ള വായനയ്ക്ക് അക്കാലത്ത് എടുത്ത തൊഴിലും സഹായകമായി. കോട്ടക്കലിലെ ഒരു കമേഴ്‌സ്യൽ ആർട്ടിസ്റ്റിന്റെ ഹെൽപ്പറായിരുന്നു. 'ബിസ്മില്ല ഹോട്ടൽ' എന്ന് കറുത്ത തുണിയിൽ വെളുത്ത ഡിസ്റ്റമ്പർ കൊണ്ട് രണ്ടുതവണ എഴുതി നിറം വെപ്പിച്ച് അതിനുമേൽ തത്തമ്മപ്പച്ചയിലും ഓറഞ്ചിലുമുള്ള ഫ്ലൂറസെന്റ് കളറുകൾ പൂശിക്കഴിയുമ്പോൾ ആ രണ്ട് വാക്ക് എന്റെ ബോധത്തിൽ ഉറച്ചു കഴിഞ്ഞിരിക്കും.

മുഹമ്മദ് അബ്ബാസ്

പിച്ചവെക്കാൻ പഠിക്കുന്ന കുട്ടിയെപ്പോലെ ഞാൻ മലയാള അക്ഷരങ്ങളിൽ പലപ്പോഴും തടഞ്ഞു വീണു. ചിരിയോടെ അവിടുന്ന് എഴുന്നേറ്റ് അടുത്ത അക്ഷരത്തിലേക്ക് നടന്നു. അത്ര എളുപ്പമായിരുന്നില്ല അത്. വീണും ഇഴഞ്ഞും മുറിവേറ്റും വീണ്ടും എഴുനേറ്റും ഞാൻ മംഗളത്തിലും മനോരമയിലും എത്തി. അവ വായിക്കുമ്പോൾ തന്നെ അതിലെ ഒരു പാരഗ്രാഫ് എനിക്ക് കാണാതെ എഴുതാൻ അറിയുമായിരുന്നില്ല. 'അവൾ അവന്റെ ദേഹത്ത് വല്ലി പോലെ പടർന്നു കയറി’ എന്നത് എന്താണെന്ന് തിരിച്ചറിയാൻ പറ്റിയ പ്രായവുമായിരുന്നില്ല.

അന്ന് പഞ്ചായത്തായിരുന്ന കോട്ടക്കലിലെ പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുത്തത് സ്‌കൂളിൽ പോവാതെ നേരെ കോളേജിലേക്ക് പ്രവേശിക്കും പോലെയായിരുന്നു. അവിടെ ചില്ലലമാരകളിൽ പുസ്തകങ്ങൾ ഭംഗിയായി അടുക്കി വെച്ചിരുന്നു. ചില അലമാരകൾ പൂട്ടിയിട്ടിരുന്നു. ലൈബ്രറി ഹാളിൽ കട്ടിമീശയും കണ്ണടയും നെറ്റിയിലെ ചെറിയ ചന്ദനക്കുറിയുമായി ആ പുസ്തകങ്ങളുടെയെല്ലാം ഉടമ ഇരുന്നു. ഹരിദാസ് എന്നായിരുന്നു അയാളുടെ പേര്. അത് ലൈബ്രേറിയനാണ് എന്നൊന്നും അന്ന് അറിയുമായിരുന്നില്ല. അയാളുടെ മേശപ്പുറത്ത് പുസ്തകങ്ങളുടെ പേരുകൾ എഴുതിയ തടിയൻ ലെഡ്ജറുകൾ ചിതറിക്കിടന്നു.
അക്കാലത്ത് അതിൽ നോക്കിയാണ് ആളുകൾ പുസ്തകങ്ങളുടെ പേരുകൾ പറഞ്ഞത്. സീരിയൽ നമ്പർ ഒത്തു നോക്കി ഹരിദാസ് പുസ്തകങ്ങൾ തപ്പിയെടുത്ത് അവർക്ക് കൊടുക്കും. ചുരുക്കം ചില ആളുകളെ മാത്രമേ അലമാര തുറന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ എടുക്കാൻ അനുവദിച്ചിരുന്നു. അവർ അക്കാലത്തെ വല്യ വായനക്കാരും ബുദ്ധിജീവികളുമായിരുന്നു. അവർക്കൊക്കെ താടി ഉണ്ടായിരുന്നു. അവർ അധികമൊന്നും സംസാരിച്ചില്ല. ഞാനെന്ന പതിനേഴുകാരൻ താടിയില്ലാഞ്ഞിട്ടും താടിയുഴിഞ്ഞ് അവരെപ്പോലെ അലമാരകളുടെ മുമ്പിൽ ചെന്ന് നിന്നു. മംഗളവും മനോരമയും വായിച്ച പരിചയത്തിൽ, നോവൽ എന്ന് എഴുതി വെച്ച അലമാര തുറക്കാൻ നോക്കിയപ്പോൾ ഹരിദാസ് എന്നെ തടഞ്ഞു. എന്നിട്ട് എനിക്ക് പുസ്തകത്തിന്റെയും എഴുത്തുകാരുടെയും പേരുകൾ എഴുതിയ ലെഡ്ജറുകൾ എടുത്ത് തന്ന്, അതിൽ നോക്കി ഏത് പുസ്തകമാണ് വേണ്ടതെന്ന് തിരയാൻ പറഞ്ഞു.

ആ തടിയൻ ലഡ്ജറുകളിൽ എനിക്കറിയാത്ത എഴുത്തുകാരുടെ പേരുകൾ നീല മഷിയിൽ വൃത്തിയുള്ള കൈപ്പടയിൽ അടയാളപ്പെട്ട് കിടന്നു. ഏത് പുസ്തകമാണ്, ആരുടെ പുസ്തകമാണ് വായിച്ചുതുടങ്ങേണ്ടതെന്ന് എനിക്കാരും പറഞ്ഞു തന്നില്ല. വാരികകളിൽ പരിചയപ്പെട്ട പേരുകളും അതിലുണ്ടായിരുന്നു. അവരെ പുറത്തുനിന്ന് വായിക്കാൻ കിട്ടുന്നതുകൊണ്ട് ഞാൻ മറ്റു പേരുകൾതിരഞ്ഞു. ഒടുക്കം എന്റെ അതേ പ്രായമുള്ളവർ തിരികെ കൊണ്ടുവെയ്ക്കുന്ന പുസ്തകങ്ങൾ എടുക്കുക എന്ന ലളിതമായ തീരുമാനത്തിൽ വായന തുടങ്ങി.

പമ്മനും അയ്യനേത്തും ഒപ്പം കൂടി. ഇരുകാലികളുടെ തൊഴുത്തും തമ്പുരാട്ടിയും ഭ്രാന്തും കണ്ണീരാറ്റിലെ തോണിയും ആളുകൾ കാണാനായി കയ്യിൽ തന്നെ പിടിച്ചു. എന്നിട്ട് ഇല്ലാത്ത താടിയും തടവി ഒട്ടും ചേരാത്ത ഗൗരവഭാവം മുഖത്ത് ഫിറ്റ് ചെയ്ത് കവലയിലൂടെ അന്തസ്സായി നടന്നു. ആദ്യമൊന്നും ആരും മൈന്റ് ചെയ്തില്ല. അന്നത്തെ വായനകൾ എനിക്കുവേണ്ടി എന്നതിനപ്പുറം മറ്റുള്ളവർ കാണാൻ വേണ്ടി കൂടിയായിരുന്നു.

പ്രായം പതിനേഴാണ്. എതിർലിംഗത്തോട് ഭക്തിയോളമെത്തുന്ന ആരാധനയും അഭിനിവേശവും തോന്നുന്ന കാലം. ഒരു പുഞ്ചിരിക്കായി ജീവൻ തന്നെ പകരം നൽകാൻ തയ്യാറാവുന്ന കാലം. ഉള്ളിൽ ഒരു കടലത്രയും ആർത്തിരമ്പിയിട്ടും ഞാനവരോട് അങ്ങോട്ട് ചിരിച്ചില്ല. അവരുടെ കണ്ണുകളെ നേരിട്ടില്ല. സമപ്രായക്കാർ പറയും പോലെ അവരോട് കമന്റുകൾ പറഞ്ഞില്ല. ഞാനവരുടെ മുമ്പിലൂടെ അവർ കാണാനായി ലൈബ്രറി പുസ്തകങ്ങൾ കയ്യിൽ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരെല്ലാവരും എന്നെ നോക്കുന്നുണ്ടെന്നും പുസ്തകങ്ങൾ ചുമക്കുന്ന എന്നോട് അവർക്ക് ആരാധനയുണ്ടെന്നും ഞാനുറച്ച് വിശ്വസിച്ചു.

കോളേജിലേക്കും ഹൈസ്‌കൂളിലേക്കും പോവുന്ന ആൺകുട്ടികളോട് കടുത്ത അസൂയ തന്നെ തോന്നി. അവർക്ക് ആ വസന്തങ്ങളെല്ലാം വിരൽ തുമ്പിലാണല്ലോ എന്നോർത്ത് സങ്കടപ്പെട്ടു. പ്രണയം എന്ന വാക്ക് ഞാൻ വായിക്കുന്നുണ്ട്. അത് എഴുതാനും പഠിച്ചിട്ടുണ്ട്. അതിന്റെ എക്‌സ്‌റേ പ്രിന്റുകൾ എന്റെയുള്ളിലുണ്ട്. പക്ഷേ യഥാർത്ഥ വ്യക്തികളോടുള്ള പ്രണയം ഉള്ളിൽ മുരടിച്ചുനിന്നു. അതിന് വെള്ളവും വളവും സൂര്യപ്രകാശവും കിട്ടിയില്ല. ഇടയ്ക്ക് ഏതെങ്കിലുമൊരു പെൺകുട്ടി എന്നെ നോക്കിയാൽ, എന്നോട് ചിരിച്ചാൽ, കയ്യിൽ വാച്ച് കെട്ടുന്നതു കൊണ്ട് എന്നോട് സമയം ചോദിച്ചാൽ എന്റെ നാവ് വരണ്ട്,വായിലെ ഉമിനീർ വറ്റി, കണ്ണുകൾ ഭൂമിയിലേക്ക് താണ് ഞാൻ ഉരുകിത്തീരുമായിരുന്നു.

പമ്മന്റെ നോവലുകളിലൂടെ എന്നിലേക്ക് രതിയുടെ ചാറ്റൽമഴ പാറി വരുന്നുണ്ടായിരുന്നു. സ്പർശനങ്ങളുടെയും ചുംബനങ്ങളുടെയും പെരുമഴകൾ എന്റെയുള്ളിൽ പെയ്തുതോരുന്നുണ്ടായിരുന്നു. വിജനമായ പറമ്പിൽ ഒറ്റപ്പെട്ടു നിന്ന ഞങ്ങളുടെ വീട് കത്തിച്ചാമ്പലായി, പിന്നീട് തളിർത്ത് ചുമരുണ്ടായി മേൽക്കൂരയുണ്ടായി എനിക്ക് അഭയം നൽകിയിരുന്നു.

ഒറ്റയ്ക്ക് പെയിന്റ് ചെയ്യാനായെങ്കിലും അതിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഭയന്ന് ഏട്ടന്റെ കൂടെയും മറ്റുള്ളവരുടെ കൂടെയും ഞാൻ ദിവസക്കൂലിക്ക് പെയിന്റിങ് ജോലി ചെയ്തു. അക്കാലത്ത് ടൂൾസുകൾ ഇടുന്ന എന്റെ വടി സഞ്ചിയിൽ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഉച്ചനേരത്തെ വിശ്രമവേളകളിൽ ഞാൻ പമ്മന്റെയും അയ്യനേത്തിന്റെയും കൂടെ അവർ സൃഷ്ടിച്ച ഇക്കിളികളിലേക്കും രോമാഞ്ചങ്ങളിലേക്കും നടന്നു . ‘ചന്ദണമുട്ടി പോലുള്ള തുടകൾ’ ഭാവന ചെയ്യാൻ കഴിയാതെ ഞാൻ വിയർത്തു. 'ഹിലാരിയും ടെൻസിങും തോറ്റു പോവുന്ന കുന്നുകൾ' മുലകളാണെന്നറിയാതെ ഞാൻ പതറിനിന്നു.

ആ പ്രായത്തിന്റെ ആകുലതകളും നിഗൂഢതകളും അതിന്റെ കൊതിപ്പിക്കുന്ന സൗന്ദര്യവും ഞാൻ അവരിലൂടെയാണ് അറിഞ്ഞത്. മുമ്പു പറഞ്ഞ താടി വേഷങ്ങൾ പമ്മന്റെ നോവലുകളെ പുറംലോകം കാണിക്കാതെയാണ് ലൈബ്രറിയിൽ നിന്ന് കൊണ്ടു പോയത്. സാധാരണ അവർ വായിക്കാൻ എടുക്കുന്നത് കാക്കനാടന്റെയും മുകുന്ദന്റെയും സേതുവിന്റെയും എം.ടിയുടെയും ഒ.വി. വിജയന്റെയും പുസ്തകങ്ങളായിരുന്നു. ആ എഴുത്തുകാരെയൊന്നും അവർ മുഖം മൂടിയണിയിക്കാത്തത് എന്തുകൊണ്ടെന്ന് ഞാൻ അത്ഭുതപ്പെട്ടു. അലമാരകളിൽ മുഖംമൂടികളില്ലാതെ നിലകൊള്ളുന്നവരിൽ ചിലരെ മാത്രം പൊതിഞ്ഞു കെട്ടി മാലോകർ കാണാതെ കൊണ്ടുപോവുന്നത് എന്തിനെന്ന് പിന്നെപ്പിന്നെ ഞാൻ മനസ്സിലാക്കി തുടങ്ങി.

അപ്പോഴും ഞാൻ പമ്മനും അയ്യനേത്തിനെയും ആ ജനുസ്സിൽ പെട്ട മറ്റ് എഴുത്തുകാർക്കും മുഖംമൂടി അണിയിച്ചില്ല. അവരെ ബസിലിരുന്ന് വായിച്ചു, കവലയിലൂടെ നടക്കുമ്പോൾ വായിച്ചു, ലൈബ്രറിയിൽ ഇരുന്നും വായിച്ചു. കാക്കനാടന്റെ പറങ്കിമല എന്ന നോവൽ ചോദിച്ചിട്ടും ഹരിദാസ് തന്നില്ല. അബ്ബാസ് അതിനു മാത്രം വായിച്ച് വളർന്നിട്ടില്ല എന്നാണ് അയാൾ പറഞ്ഞത്. ദേഷ്യം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ വായിച്ചു വളരാൻ തീരുമാനിച്ചു.

ആ കാലത്താണ് ലഡ്ജറിൽ നിന്ന് ഇതിഹാസത്തിന്റെ ഇതിഹാസം എന്ന പുസ്തകം കണ്ടെത്തുന്നത്. അത് താടി വളർത്തിയ ബുദ്ധിജീവികൾ വായിക്കുന്ന എഴുത്തുകാരന്റെതായിരുന്നു. ഒന്ന് ശങ്കിച്ചെങ്കിലും ഹരിദാസ് അതിന്റെ സീരിയൽ നമ്പർ നോക്കി എടുത്തുതന്നു.

ആ ദിവസവും സന്ധ്യയും ഇന്നും ഓർമയിലുണ്ട്. അതൊരു മഴക്കാലമായിരുന്നു. ഹാളിൽ കുറച്ചാളുകൾ പത്രങ്ങൾ വായിച്ചു. ടി.വി ഓണാവാൻ ചിലർ കാത്തിരുന്നു. ലൈബ്രറി കെട്ടിടത്തിന്റെ ഇറയത്ത് ഇതിഹാസത്തിന്റെ ഇതിഹാസം എന്ന ചെറിയ പുസ്തകവും കയ്യിൽ പിടിച്ച് ഞാൻ നിന്നു. എനിക്കുമുമ്പിൽ മഴ പെയ്തു. ആരോ ഒരാൾ ടി വി ഓണാക്കാൻ ഹരിദാസിനോട് പറയുന്നതും അതിന് സമയമായിട്ടില്ല എന്ന അയാളുടെ മറുപടിയും കേട്ടു. ലൈബ്രറിയുടെ മുറ്റത്ത് ചെറിയൊരു പൂന്തോട്ടവും അതിൽ സിമന്റ് ബെഞ്ചുകളും ഉണ്ടായിരുന്നു. ജമന്തികളും ചുവന്ന ചെമ്പരത്തികളും അവിടെ പൂത്തുനിന്നിരുന്നു. പൂവിലും ചെടികളിലും സിമന്റ് ബെഞ്ചുകളിലും നടപ്പാതയിലെ തറയോടുകളിലും ഗെയിറ്റിനപ്പുറം ടാറിട്ട പാതകളിലും മഴ പെയ്തു.
കയ്യിൽ കുടയുണ്ടായിരുന്നില്ല. ഞാൻ മഴ തോരാൻ കാത്തിരുന്നു. ഇതിഹാസത്തിന്റെ ഇതിഹാസത്തിനൊപ്പം എ ക്ലാസ് മെമ്പറായ ഞാൻ മറ്റൊരു പുസ്തകം കൂടി എടുത്തിരുന്നു. അത് കെ. സുരേന്ദ്രന്റെ പതാക എന്ന തടിയൻ നോവലായിരുന്നു. രണ്ട് പുസ്തകങ്ങളും കവർ നഷ്ടമായി ബയന്റ് ചെയ്യപ്പെട്ടിരുന്നു. കെ സുരേന്ദ്രൻഎന്ന എഴുത്തുകാരനെയും ഞാനതുവരെ വായിച്ചിരുന്നില്ല. തടിയൻ പുസ്തകങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന കാലമാണത്. കാറ്റലോഗിൽ പുസ്തകത്തിന്റെ പേജുകളുടെ എണ്ണമില്ലാത്തതിനാൽ ഞാൻ ആവശ്യപ്പെടുന്നത് തടിച്ചതാണോ മെലിഞ്ഞതാണോ എന്നറിയാൻ പുസ്തകം കയ്യിൽ കിട്ടുന്നതുവരെ ആകാംക്ഷയോടെ കാത്തിരിക്കണമായിരുന്നു.

ഒ.വി. വിജയന്റെ പുസ്തകത്തിന്റെ പേര് വലുതായതിനാൽ അത് വലിയ പുസ്തകമാവുമെന്നും, 'പതാക' ചെറിയ പുസ്തകമാവും എന്നുമാണ് ഞാൻ കരുതിയത്. സംഗതി നേരെ മറിച്ചായിരുന്നു. മഴ തോരും വരെ തടിയൻ പുസ്തകം കുറച്ച് വായിക്കാമെന്ന് കരുതി വരാന്തയിലിട്ട മരബെഞ്ചിലിരുന്നു. പതാകയോടു ചേർന്ന് വടിസഞ്ചിയിൽ കിടന്ന ആ ചെറിയ പുസ്തകം എന്നോട് പറഞ്ഞു, 'എന്നെ ആദ്യം വായിക്ക്, ഞാനല്ലേ ചെറുത്.'
അങ്ങനെ മഴ പെയ്യുന്ന ആ സന്ധ്യയിൽ കവർ പേജ് നഷ്ടമായി ബയന്റ് ചെയ്യപ്പെട്ട ഇതിഹാസത്തിന്റെ ഇതിഹാസം ഞാൻ കയ്യിലെടുത്തു. മഴക്കാറ്റുകൾ പാറി വന്ന് എന്നെ തൊട്ടു. പൂന്തോട്ടത്തിലെ ജമന്തികളും ചെമ്പരത്തികളും മഴ നനഞ്ഞ് എന്നെ നോക്കി. ആ സന്ധ്യ എന്റെ വായനയിലും ജീവിതത്തിലും കാഴ്ച്ചപ്പാടുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന്, അതിന് കാരണമായി മാറാൻ പോവുന്നത് ഇതിഹാസത്തിന്റെ ഇതിഹാസമെന്ന ആ ചെറിയ പുസ്തകമാണെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.

രണ്ട്: ഇതിഹാസത്തിന്റെ ഇതിഹാസം

പുസ്തകത്തിലേക്ക് ചാറ്റൽമഴ പാറി വന്നു.
ടി.വി ഓണാക്കാഞ്ഞിട്ട് ആരൊക്കെയോ ഹരിദാസനെ ചീത്ത പറഞ്ഞു. പുസ്തകം മഴ നനയുമെന്ന് പേടിച്ച് ഞാൻ ഹാളിനകത്തെ ഇരുമ്പ് കസേരയിൽ ചെന്നിരുന്നു. അവിടെ വലിയൊരു ഉണ്ടബൾബ് മഞ്ഞ വെളിച്ചം വിതറി ചുമരിൽ മാറാല പിടിച്ചുനിന്നു.
അവതാരികയും കുറിപ്പും, ജി.യുടെ കത്തും മുൻവാക്കും മറിച്ച് ഞാൻ പുസ്തകത്തിലേക്ക് കടന്നു. വഴിയമ്പലം എന്ന തലക്കുറിക്ക് താഴെ വിജയൻ എഴുതിയിട്ടു: 'കൂമൻ കാവിൽ ബസ് ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. വരും വരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ട് ഹൃദിസ്ഥമായിത്തീർന്നതാണ്.'

ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്ന് / Photo: Ajmal Roshan

എന്റെയുള്ളിലേക്ക് ഞാനറിയാതെ എന്തോ ഒന്ന് ഒളിച്ചുകടന്ന പോലെയാണ് തോന്നിയത്. ദീനതയും ഹൃദിസ്ഥവും എന്തെന്ന് എനിക്ക് ശരിയായി മനസ്സിലായില്ലെങ്കിലും 'വരും വരായകളുടെ ഓർമ്മകളിലെവിടെയോ' എന്ന പ്രയോഗത്തിൽ ഞാൻ തലകുത്തി വീണു. കയ്യിലുള്ളത് അനന്തമായ ഒരു കടലാണെന്നും ഞാനതിന്റെ തിരപ്പതകളിൽ കാൽ തൊട്ടു നിൽക്കുകയാണെന്നും തോന്നിപ്പോയി. ആ പാരഗ്രാഫിന് താഴെ വിജയൻ, താൻ ഖസാക്കിലേക്ക് എത്തിച്ചേരാൻ കാരണമായ വഴികളെ കുറിച്ചാണ് എഴുതിയത്. പുസ്തകം തുറക്കുന്നതുവരെ ഞാൻ കരുതിയിരുന്നത് ഇത് രാമായണത്തിന്റെയോ മഹാഭാരതത്തിന്റെയോ കഥയാവും എന്നാണ്. ഇതിഹാസം എന്ന വാക്ക് എന്റെയുള്ളിൽ അടയാളപ്പെട്ട് കിടന്നത് അങ്ങനെയാണ്.

തുടർന്ന് വായിച്ച ഞാൻ പല വാക്കുകളിലും അർത്ഥമറിയാതെ തടഞ്ഞുനിന്നു. കുട്ടിക്കാലത്തെ കുറിച്ചും നാരായണൻ നായരെന്ന ഗുരുവിനെ കുറിച്ചുമാണ് ആ അധ്യായത്തിൽ ഇതിഹാസകാരൻ എഴുതിയത്. മനസ്സിലാവാത്ത വാക്കുകളിലൂടെ ഉരുണ്ടുനീങ്ങിയ ഞാൻ ഒന്നാം അധ്യായം കൊണ്ട് തന്നെ അതിൽ പൂർണമായും മുഴുകി.

വിജയൻ എഴുതി: ‘‘അസാധാരണമായ ഒരു അധ്യായനകഥ ഇവിടെ തുടങ്ങുന്നു. ഏഴോ എട്ടോ വയസ്സായിരുന്നു അന്നെനിക്ക്. പള്ളിക്കൂടത്തിൽ തുടർച്ചയായി പോകാതിരുന്ന പ്രാകൃതൻ. എന്നെ എന്തു പഠിപ്പിക്കണമെന്ന് അധ്യാപന പരിശീലനം നേടിയിട്ടില്ലാത്ത നാരായണൻ നായർക്ക് പിടിയുണ്ടായിരുന്നില്ല. അങ്ങിനെ മറ്റു ഗതിയില്ലാതെ താൻ കോളേജിൽ അവസാനം പഠിച്ച കാര്യങ്ങൾ എന്നെ പഠിപ്പിക്കുക എന്ന അസംബന്ധത്തിന് അദ്ദേഹം മുതിർന്നു. രണ്ടും കൽപ്പിച്ച് നാരായണൻ നായർ തന്റെ ഗ്രന്ഥം എനിക്കു വേണ്ടി തുറക്കുന്നത് ഞാനെന്റെ മനസ്സിൽ കാണുന്നു. ഈ കുട്ടിയുടെ പ്രായത്തിന് ഉതകിയതല്ല ഇത്. എന്നാൽ എന്റെ കൈവശം മറ്റൊന്നുമില്ല. സരസ്വതീ ഇത് ഇവനിൽ വിളയട്ടെ! ഗ്രന്ഥം തുറന്നപ്പോൾ റോബർട്ട് ബ്രൗണിഗ്. ബ്രൗണിംഗിന്റെ ഗാനങ്ങളായ കാവ്യങ്ങൾ നാരായണൻ നായർ എനിക്ക് വായിച്ചു തരാൻ തുടങ്ങി. ഏഴോ എട്ടോ വയസ്സു ചെന്ന ഞാൻഒരൊപ്പുകടലാസുപോലെ ആ കാവ്യങ്ങൾ ഒപ്പിയെടുത്തു.’’

ഒ.വി വിജയൻ

ഞാൻ വിജയനെന്ന കുട്ടിയെ കണ്ടു. ആ കുട്ടിക്കു മുമ്പിൽ തന്റെ ഇല്ലായ്മകൾക്ക് സാന്ത്വനമായി കിട്ടിയ ജോലി ഖേദത്തോടെ ചെയ്യുന്ന നാരായണൻ നായരെ കണ്ടു. എന്റെ പരിസരം മറ്റൊന്നായി മാറി. ആ ഹാളിലിരുന്ന് പത്രമാസികകൾ വായിക്കുന്നവരെ ഞാൻ മറന്നു. തുറന്നിട്ട ജാലകത്തിലൂടെ മഴ നനഞ്ഞെത്തിയ കാറ്റുകൾ എന്നെ തൊട്ടു. ഹാൾ അടയ്ക്കാനും പുറത്തെ ടി.വി ഓണാക്കാനുമുള്ള സമയമായപ്പോൾ ഞാൻ നിഷ്‌ക്കരുണം അവിടെ നിന്ന് പുറത്താക്കപ്പെട്ടു. അകത്തേക്ക് കയറിയ ഞാനല്ല പുറത്തേക്കുവന്നത്. വഴിയമ്പലവും, കൽപ്പകവൃക്ഷവും, തുമ്പികളും, കഥാസരിൽ സാഗരവും, ദൈവജ്ഞനായ ക്ഷുരകനുമടക്കം അഞ്ച് അധ്യായങ്ങൾ ഞാൻ വായിച്ചു കഴിഞ്ഞിരുന്നു.

ആ അഞ്ച് അധ്യായങ്ങളിലും ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ടായിരുന്നു. അതിന്റെ കൊതിപ്പിക്കുന്ന സൗന്ദര്യത്തിൽ ഞാൻ ഭാഷയെന്ന അത്ഭുതത്തെ അറിഞ്ഞു. വാക്കുകൾ എങ്ങനെയാണ് മനുഷ്യരെ സ്വാധീനിക്കുന്നതെന്ന്, എങ്ങനെയാണ് പലതരം വികാരങ്ങളിലേക്ക് വാക്കുകൾ മനുഷ്യരെ കൈപിടിച്ച് നടത്തുന്നതെന്ന് പക്വതയെത്താത്ത ആ പ്രായത്തിൽ തന്നെ ഞാൻ മനസ്സിലാക്കുകയായിരുന്നു.

ടി.വിയിൽ അക്കൊല്ലത്തെ കലാപ്രതിഭയുടെ പ്രകടനങ്ങളായിരുന്നു. അത് മഞ്ജു വാര്യരാണോ എന്നെനിക്ക് തീർപ്പില്ല. ചാനൽ ദൂരദർശനാണോ എന്നും ഓർമ്മയില്ല. പക്ഷേ ആ ചതുര വെളിച്ചത്തിൽ ഒരു പെൺകുട്ടി ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഭാര്യ എങ്ങനെയൊക്കെയാവും പ്രതികരിക്കുക എന്ന് അഭിനയിച്ച് കാണിച്ചു. സിനിമയിൽ അത് എങ്ങനെയാവുമെന്ന് അവൾ അതി ഗംഭീരമായി അവതരിപ്പിച്ചു. ഞാൻ കുറച്ചു നേരം അത് നോക്കി നിന്നെങ്കിലും അതെന്നെ ആകർഷിച്ചില്ല. എന്റെ കയ്യിൽ കടലുണ്ട്. ഞാൻ അതിന്റെ തിരകളിലേക്ക് ഇറങ്ങിക്കഴിഞ്ഞതാണ്. കടൽക്കാറ്റുകൾ കണ്ണ് നീറ്റിയതാണ്.

Photo: Akshay

ഹാൾ പൂട്ടി ഹരിദാസൻ പോവുകയാണ്. കോട്ടക്കൽ പട്ടണത്തിലേക്ക് രാത്രി വരികയാണ്. പാതകളിലേക്ക് ഇരുട്ട് വരികയാണ്. മഴക്കാലങ്ങളിൽ അക്കാലത്ത് കറന്റ് പോവുന്നത് സാധാരണമായിരുന്നു. വഴിവിളക്കുകൾ കണ്ണ് തുറന്നിട്ടില്ല. മഴ മറ്റെവിടേക്കോ പെയ്യാൻ പോയതാണ്. ഇത്തിരി വെളിച്ചവും ഇരിക്കാനൊരു ഇടവും കിട്ടിയെങ്കിലെന്ന് ഞാൻ തീവ്രമായി ആശിച്ചു. മഴ പെയ്‌തൊഴിഞ്ഞ അന്തരീക്ഷത്തിലൂടെ തറയോടുകൾ പിന്നിട്ട്, ഗെയിറ്റ് കടന്ന് ഞാൻ മെയിൻ റോഡിലേക്ക് കയറി. പുസ്തകം തുറന്നെങ്കിലും അതിലെ അക്ഷരങ്ങൾ വായിക്കാനുള്ള വെളിച്ചമുണ്ടായിരുന്നില്ല. വായിച്ചതിൽ മനസ്സിൽ കുരുങ്ങിയ വാക്കുകളെ ഞാൻ ഓർത്തെടുത്തു: 'കരിമ്പനകളിൽ കാറ്റ്. സന്ധ്യ. മണ്ണിന്റെ മുകൾപരപ്പിൽ കുരുത്ത പനയും കാറ്റും സന്ധ്യയും അവിടെയനങ്ങിയ വഴിപോക്കന്റെ കാലടിയുമെല്ലാം അപാരനായൊരു പടു കിഴവനെ പീഡിപ്പിക്കുകയാവണം.'

ആ കിഴവൻ അള്ളാ പിച്ചാ മൊല്ലാക്കയാണെന്ന് മനസ്സിലാവാൻ എനിക്ക് ഖസാക്കിന്റെ ഇതിഹാസം വായിക്കണമായിരുന്നു. എന്റെ കയ്യിലുള്ളത് ഒരു കാമുകിയുടെ കൈകളാണെങ്കിൽ, ഖസാക്കിന്റെ ഇതിഹാസമെന്ന നോവൽ അവളുടെ മുഴു ഉടലും ഉയിരുമാണ്. അത് കിട്ടാൻ വഴിയൊന്നുമില്ലാതെ പ്രണയിനിയുടെ കൈകൾ പിടിച്ച് ഞാനാ നനഞ്ഞ സന്ധ്യയിലൂടെ നടന്നു. പാതയുടെ ഇടതു വശത്തായി അന്ന് എമറാൾഡ് ഹോട്ടലുണ്ടായിരുന്നു. അതിന്റെ ഇറയത്ത് ഇരുട്ടകറ്റുന്ന വെളിച്ചമുണ്ടായിരുന്നു. അക്കാലമത്രയും അനുഭവിക്കാത്ത ഉൾപ്പുളകത്തോടെ ഞാനാ വെളിച്ചത്തിൽ ചെന്നുനിന്ന് പുസ്തകം തുറന്നു. ആരൊക്കെയോ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ചു. മട്ടൻ ചാപ്‌സിന്റെയും മൊരിയുന്ന പൊറോട്ടയുടെയും മണം എന്റെ മൂക്കിൽ വന്നു തൊട്ടു.

ആറാം അധ്യായമായ ബങ്കർവാഡി ഇതിഹാസത്തിനുനേർക്ക് ഉയർന്ന മോഷണ ആരോപണത്തിനുള്ള സൗമ്യവും സത്യസന്ധവുമായ മറുപടിയാണെന്ന് എനിക്ക് മനസ്സിലായില്ല. ബംഗർവാഡി എന്ന ഒരു മറാത്തി നോവലുണ്ടെന്ന് മാത്രമാണ് അന്ന് മനസ്സിലായത്. ആ അധ്യായത്തിൽ ഖസാക്കിൽ നിന്നുള്ള ഉദ്ധരണികൾ ഇല്ലായിരുന്നു. ഏഴാം അധ്യായമായ 'സമാനതകളുടെ കഥയിൽ ' കുട്ടാടൻ പൂശാരി ഉണ്ടായിരുന്നു.
മാ - യും എൻ - ഉം മാനെന്ന് കൂട്ടിവായിക്കാൻ അറിയാത്ത കുട്ടാടന്റെ, 'മായൻ ' എന്ന ദയനീയമായ ആവർത്തനം ഞാൻ കേട്ടു. എട്ടാം അധ്യായമായ നാട്ടുവിളക്കുകളിൽ ഞാൻ ഇങ്ങനെ വായിച്ചു: 'രവി തനിച്ചാവും. തനിച്ചിരുന്നുകൊണ്ട് ജനാലയിലൂടെ പുറത്തേക്കുനോക്കും. പുറത്ത് പാണ്ടി പയ്ക്കൾ മേയുന്നില്ല. ദുഃഖം പോലെ സാന്ത്വനം പോലെ ഇരുട്ട് .ഇരുട്ടിൽ അങ്ങിങ്ങ് മിന്നാമിന്നികൾ. നാട്ടുവിളക്കുകളെന്ന പഥികൻമാർ'

എനിക്കുമുമ്പിൽ വീണ്ടും മഴ പെയ്യാൻ തുടങ്ങി. ഹോട്ടലിന്റെ ഇറയത്ത് നിന്ന് പുസ്തകം വായിക്കുന്ന ഞാനെന്ന ഭ്രാന്തനെ പലരും അമ്പരപ്പോടെ നോക്കിയിരിക്കണം. അതിലെന്റെ പരിചയക്കാരും ഉണ്ടാവും. പക്ഷേ ഞാൻ അതൊന്നും അറിഞ്ഞതേയില്ല. അന്നത്തെ എമറാൾഡ് ഹോട്ടലിന്റെ ഇറയത്ത് നിന്നുകൊണ്ട് ഇതിഹാസത്തിന്റെ ഇതിഹാസം വായിച്ച് തീർത്തു. 22 അധ്യായങ്ങളുണ്ടായിരുന്നു അതിന്. ഒമ്പതാം അധ്യായമായ ഖസാക്കിലെ സുന്ദരിയിൽ തുടങ്ങി ഇരുപത്തിരണ്ടാം അധ്യായമായ, സർപ്പരൂപായ വിഷ്ണവേ വരെ, നിന്ന നിൽപ്പിലാണ് വായിച്ചുതീർത്തത്.

പെരുമഴകൾ പെയ്തുതോരുന്നത് അറിഞ്ഞില്ല. മഴച്ചാറ്റൽ കാൽമുട്ടുകൾ നനച്ചതും അറിഞ്ഞില്ല. ആറു മണി മുതൽ ഒമ്പതു മണി വരെ ഞാൻ നിന്ന ആ നിൽപ്പ് ശരിക്കും ഒരു ഉൻമാദം തന്നെയായിരുന്നു. സ്ഥലകാല ബോധമില്ലാതെ ഞാൻ വിജയനെന്ന മാന്ത്രികന്റെ പിന്നാലെ നടന്നു. വാക്കുകൾ കൊണ്ട് അയാളെന്നെ സാന്ത്വനിപ്പിച്ചു. ദുഃഖിപ്പിച്ചു. അമ്പരപ്പിച്ചു. പിന്നെയും, വിവരിക്കാനറിയാത്ത പല പല വികാരങ്ങളാൽ അയാളെന്നെ ആ മഴത്തണുപ്പുള്ള ഇറയത്ത് കാല് തരിക്കുവോളം നിർത്തിച്ചു.

എന്റെയുള്ളിൽ മഴയും മഞ്ഞും ജമന്തികളും ജന്മാന്തരങ്ങളും തുമ്പികളും ആവർത്തിച്ചു. രതിയെന്തെന്ന് അറിയാത്ത ഞാൻ അന്നറിഞ്ഞത് രതിമൂർഛയാണെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും. ആ രാത്രി അവസാന ബസിൽ അവസാന യാത്രക്കാരനായി കവലയിൽ ചെന്നിറങ്ങുമ്പോൾ എന്റെ മുമ്പിൽ ഞാൻ വായിക്കാത്ത ഖസാക്കിന്റെ ഇതിഹാസമെന്ന നോവൽ പടർന്ന് പന്തലിച്ചു നിന്നു. രാത്രി അത് കിട്ടാൻ വഴിയൊന്നുമില്ല. ഖസാക്ക് വായിച്ചിരിക്കാൻ ഇടയുള്ള ഒരാളെപ്പോലും എന്റെ ഗ്രാമത്തിൽ നിന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

ദുഃഖിതനായി വീട്ടിലേക്ക് നടന്നു. സ്വയം ഭോഗത്തിലൂടെ രതിമൂർഛയറിഞ്ഞവൻ യഥാർത്ഥ രതിക്കായി എത്രമാത്രം ആഗ്രഹിക്കുമോ അതിന്റെ നൂറിരട്ടി ഞാൻ ഖസാക്കിനായി ദാഹിച്ചു. കിതച്ചു. ഉള്ളിൽ അലറി വിളിച്ചു. തനിച്ചാവുമ്പോൾ സാധാരണ വേട്ടയാടുന്ന അനേകം ചിന്തകൾ ആ നടത്തത്തിൽ ഉള്ളിൽനിന്ന് കൂടൊഴിഞ്ഞു പോയി. ഒരേപോലെ ശൂന്യവും നിറവുള്ളതുമായ അകത്തിന്റെ ആകുലതകളും ഭയവും അന്ന് ഞാനറിഞ്ഞു. എത്രയോ പരിചിതമായ വഴിയായിരുന്നിട്ടും അന്ന് എല്ലാം അപരിചിതമായി മാറി. ലക്ഷംവീട് കോളനിയും, എൻ.എസ്.എസ് സ്‌കൂളും അനന്തമായി പരന്നുകിടന്ന പറമ്പുകളും വീട്ടിലേക്കുള്ള നടവഴി തുടങ്ങുന്നിടത്ത് ഒറ്റപ്പെട്ടു നിന്ന വടവൃക്ഷവും മുകളിലെ ആകാശവും മഴമേഘങ്ങളും മുഴുലോകവും എനിക്ക് അപരിചിതമായി തോന്നി.

അന്ന് വ്യാഴാഴ്ച്ചയായിരുന്നു. പിറ്റേന്ന് ലീവാണ്. വർക്കിംഗ് ഡ്രസ്സൊക്കെ ആഴ്ച്ചയിൽ ഒരിക്കലാണ് അലക്കാറ്. അത് വടിസഞ്ചിയിലുണ്ട്. അതിനു മുകളിൽ ഇതിഹാസത്തിന്റെ ഇതിഹാസമുണ്ട്. ആ താളുകളിൽ എന്നെ ഉന്മത്തനാക്കിയ വാക്കുകളുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദത്തോടെയാണ് ഞാൻ വീട്ടിലേക്ക് ചെന്ന് കയറിയത്. എന്നെ കണ്ട് ഉമ്മ അന്തം വിട്ടു നിന്നു. പിന്നെ ചോദിച്ചു, 'എത്താടാ അന്റെ കണ്ണും മോറും ങ്ങനെ?'

ആനന്ദമായി ഞാനറിഞ്ഞതെല്ലാം എന്റെ മുഖത്തുനിന്ന് ഇരുണ്ട ശൂന്യതയായി ഉമ്മ വായിച്ചെടുത്തു. വന്നു കേറുമ്പോൾ സാധാരണ ഉമ്മാനോട് എന്തെങ്കിലും തമാശ പറയുന്ന ഞാനന്ന് വാക്കുകൾക്കായി വിമ്മിട്ടപ്പെട്ടു. എന്റെ മൗനം കൂടിയായപ്പോൾ ഉമ്മ വല്ലാതെ ബേജാറായി.
'എത്താ ഇന്റെ കുട്ടിക്ക് പറ്റീത് റബ്ബേ ....' എന്ന ഭയത്തിന്റെ വിളുമ്പിൽ ഉമ്മ ഇടറിനിന്നു.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments