ഖസാക്ക്, കാലം, പാണ്ഡവപുരം, പെഡ്രോ പരാമോ;
മണ്ണെണ്ണയൊഴിച്ച് കത്തിച്ച ഉന്മാദിയുടെ കടലാസുപെട്ടി

ഉന്മാദിയായി തീർന്ന എന്നെ കോഴിക്കോട്ടെ വിജയാ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി മടങ്ങിവന്ന ഏട്ടനും ഉമ്മയും ചേർന്ന് എന്റെ മുറിയിലെ കടലാസുപെട്ടിയിലും ചാക്കിലുമായി വിശ്രമിച്ചിരുന്ന ഖസാക്കും അനുരാഗത്തിന്റെ ദിനങ്ങളും കാലവും ഉഷ്ണമേഖലയും പെഡ്രോ പരാമോയും മയ്യഴിയും പാണ്ഡവപുരവും പിന്നെ ഞാനെഴുതി പൂർത്തിയാക്കിയ അനേകം ചെറുകഥകളും രണ്ട് നോവലുകളും മൂന്നാമത്തെ നോവലിനുള്ള കുറിപ്പുകളും മുറ്റത്ത് കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം ഏഴ്

വായനക്കുശേഷം പുസ്തകം തിരിച്ചുകൊടുക്കേണ്ട ദിവസവും കഴിഞ്ഞ് പിന്നെയും ഒരുപാട് ദിവസം ഖസാക്ക് എന്റെ കടലാസുപെട്ടിയിൽ കിടന്നു. ജീവനുള്ള ഒന്നിനെപ്പോലെ ഞാനതിനെ അരുമയോടെ തൊട്ടു. ഏറെ ഇഷ്ടത്തോടെ മണത്തു. ഒറ്റ പുസ്തകത്തിലേക്ക് അന്ധമായ ആരാധനയോടെ ചുരുങ്ങി ചെറുതാവുകയാണെന്ന ബോധം എനിക്കുണ്ടായിരുന്നു. പക്ഷേ ആ ചുഴിയിൽനിന്ന് അത്ര പെട്ടെന്ന് രക്ഷപ്പെടാനാവുമായിരുന്നില്ല.

ബസിലും, ജോലിസ്ഥലത്തെ വിശ്രമവേളയിലും, സ്റ്റോർ റൂമിലും, മുള്ളൻ മടയിലും പറങ്കിമാവുകളിലും ഖസാക്ക് എനിക്ക് കൂട്ടുവന്നു. ഇതിഹാസകാരൻ താമസിക്കുന്നത് ദൽഹിയിലാണെന്ന് ഞാൻ മനസ്സിലാക്കി. അത്ര ദൂരം ചെന്ന് ആ മനുഷ്യനെ കാണണമെന്നും കൈകളിൽ ചുംബിക്കണമെന്നും ആശിച്ചു. പക്ഷേ അക്കാലത്ത് എനിക്കത് സാധ്യമായിരുന്നില്ല. അതുകൊണ്ട് ഞാനാ കവർചിത്രത്തിൽ ചുംബിച്ചു.

എന്നിലെ മാറ്റം ഉമ്മ കാണുന്നുണ്ടായിരുന്നു. ഏറെ നാളായി ഒരേ കിതാബ് തന്നെയാണ് ഞാൻ വീണ്ടും വീണ്ടും ഓതുന്നതെന്ന് മനസ്സിലാക്കിയ ഉമ്മ, അത് ഖുർആൻ പോലെ മറ്റേതെങ്കിലും മതഗ്രന്ഥമാണെന്ന് വിചാരിച്ച് മൂത്ത ഏട്ടത്തിയോട്, ഞാനില്ലാത്തപ്പൊ അത് പരിശോധിക്കാൻ പറഞ്ഞു. അതൊരു കഥയാണെന്ന് പെങ്ങൾ പറഞ്ഞു കൊടുത്തിട്ടും തൃപ്തിയാവാതെ ഉമ്മ എന്നോട് ചോദിച്ചു; 'അയിന് മാത്രം എന്ത് അതൃപ്പാഡാ ഇദിലിള്ളത്?'

ഞാൻ ഖസാക്കിന്റെ ഇതിഹാസത്തിലെ ബദർമാല തിരഞ്ഞെടുത്ത് ഉമ്മാക്ക് വായിച്ചുകൊടുത്തു. വിശ്വാസം വരാതെ ഉമ്മ അത് പെങ്ങളെക്കൊണ്ട് വായിപ്പിച്ചു. ബദർമാലയാണ് ഞാൻ ആവർത്തിച്ച് വായിക്കുന്നതെന്ന് വിശ്വസിച്ച ഉമ്മ എന്നെ സ്‌നേഹത്തോടെ നോക്കി. എന്നിട്ട് ഏറെനേരം ഏതൊക്കെയോ ഓർമ്മകളിൽ മുഴുകി ശൂന്യതയിൽ നോട്ടം നഷ്ടപ്പെട്ടുനിന്നു. ഉമ്മയപ്പോൾ ഓർത്തത് ഉമ്മാന്റെ ഓത്തുപള്ളിയെ കുറിച്ചായിരിക്കണം. പതിമൂന്നാം വയസ്സിൽ വിവാഹിതയായ എന്റെയുമ്മ സ്‌കൂളിൽ പോയിട്ടില്ലെങ്കിലും ഓത്തുപള്ളിയിൽ നാലു കൊല്ലം പോയിട്ടുണ്ട്. അവിടുന്ന് കിട്ടിയ അറബി മലയാളവും മാലപ്പാട്ടുകളും പടപ്പാട്ടുകളും ചില പ്രാർത്ഥനകളും ഖുർ ആൻ വചനങ്ങളുമാണ് ഉമ്മാന്റെ അറിവുലോകം

ബദർമാല എഴുതിയത് ആരാണെന്ന് ഉമ്മാക്കും അറിയുമായിരുന്നില്ല. പക്ഷേ തന്നെ അത് ഈണത്തിൽ ചൊല്ലി പഠിപ്പിച്ച രായീൻ മുസ്ലിയാരെ കുറിച്ച് ഉമ്മ അന്നേരം സ്നേഹത്തോടെ ഓർത്തു. അങ്ങനെ എന്നിലെത്തിയ ഖസാക്കിലൂടെ അതിലെ ബദർമാലയുടെ ചില വരികളിലൂടെ ഉമ്മയും ഖസാക്കിനെ തൊട്ടു. ബദർമാല മാത്രമല്ല മഞ്ഞക്കുളം മാലയും നഫീസത്ത് മാലയും മുഹിയുദ്ദീൻ മാലയും രിഫായീൻ മാലയും ഇതേ പോലെ ആവർത്തിച്ച് വായിച്ചുപഠിക്കാൻ ഉമ്മ എന്നെ ഉപദേശിച്ചു. അതുകേട്ടുനിന്ന പെങ്ങന്മാർ ഒച്ചയില്ലാതെ ചിരിച്ചു.

ഞാൻ വാങ്ങിക്കൊണ്ടുവന്നിരുന്ന മംഗളവും മനോരമയുമൊക്കെ വായിക്കാൻ കിട്ടിയതിന്റെ ഓർമ്മയിൽ അവരെന്റെ ഖസാക്ക് രഹസ്യം ഉമ്മാനോട് പറഞ്ഞില്ല.
'തെക്കൻ ബെക്കം ബല്താകട്ടെ' എന്നു പറഞ്ഞ ചാന്തുമുത്തുവിനെ ഓർമിപ്പിച്ചുകൊണ്ട് രണ്ടാമത്തെ പെങ്ങൾ പറഞ്ഞു.
'വേം വായിച്ച് വൽതായ്‌ക്കോ'
ഉമ്മ അത് കേട്ട് സംതൃപ്തിയോടെ ചിരിച്ച് എനിക്കായി മുഹിയ്ദ്ദീൻ മാലയിലെ കുറച്ച് വരികൾ ചൊല്ലി.
'കോഴിക്കോട്ടെത്തൂറ തന്നിൽ പിറന്നോവർ
കോർവ്വാ ഇതൊക്കെയും നോക്കിയെടുത്തോവർ
അവർ ചൊന്ന ബൈത്തിന്നും ബഹ്ജ കിതാബിന്നും
അങ്ങനെ തക്മില തന്നിന്നും കണ്ടോവർ
അള്ളാ തിരു പേരും തുദിയും സ്വലാവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേതാമ്പർ
ആലം ഉടയോവൻ ഏകൽ അരുളാലെ
ആയെ മുഹമ്മദവർ കിള ആണോവർ'

ഞാൻ അള്ളാപ്പിച്ചാ മൊല്ലാക്കയെ ഓർത്തു. ഖസാക്കിലെ ഓത്തുപള്ളിയെ കണ്ടു. ഇതിഹാസ പീഠത്തിലിരുന്ന് ഖസാക്കിന്റെ മൊല്ല സയ്യിദ് മിയാൻ ഷെയ്കിന്റെ പുകൾ പാടുന്നത് കേട്ടു. പാണ്ടൻ കുതിര മരിച്ചുവീണപ്പോൾ മുടന്തനായ അതിനു വേണ്ടി ഉടയോന്റെ സേനാവ്യൂഹമത്രയും കാത്ത് കിടന്ന ചെതലിയുടെ താഴ് വരെയെ ഓർത്തു. അവിടെ പൂത്ത ജമന്തികളെ കണ്ടു. പണ്ടാര ശവങ്ങൾ ചുമക്കുന്ന പറയന്മാരുടെ മുഖത്തെ വസൂരിക്കലയുടെ മേടും പള്ളവും കണ്ടു. കുളിർ മഞ്ഞിൽ പൂത്ത ജമന്തിയുടെ സുഗന്ധം എന്നെ വന്ന് തൊട്ടു. ഉമ്മ അപ്പോൾ മുഹിയുദീൻ മാല ചൊല്ലുന്നത് നിർത്തി നഫീസത്ത് മാല ചൊല്ലി. പുകയില കൂട്ടി മുറുക്കിയതിന്റെ ചെറു ലഹരി ഉമ്മാന്റെ കണ്ണുകളെ പ്രകാശിപ്പിച്ചു. ഉമ്മാന്റെ ശബ്ദം ഖസാക്കിലെ പുരോഹിതന്റെ ശബ്ദമായി, പാലൈവനം ഉസ്താദിന്റെ ശബ്ദമായി ഞാൻ കേട്ടു.

'വിശയം ഇന്നും കേളുവിനീ
ബീവിയർ ഗുണത്തേ
ബിള്ളൈ ഓരു തള്ള മുട്ടി
ഉള്ളകം കനത്തേ
ബീവിയർ ഗുണത്തേ
ബിള്ളൈ ഓരു തള്ള മുട്ടി
ഉള്ളകം കനത്തേ'

കെട്ടുപോയ അടുപ്പിന്റെ കാഴ്ചയിൽ ഉമ്മാന്റെ പാട്ട് നിലച്ചു. ഉമ്മ എന്നെ ഒന്നു തലോടിക്കൊണ്ട് അടുപ്പിനടുത്തക്ക് പോയി. അന്നേരം ഞാൻ തിത്തിബിയുമ്മയെ ഓർത്തു. ഖസാക്കിന്റെ മൊല്ല അർബുദം ബാധിച്ച് മരിച്ചപ്പോൾ ആ മയ്യത്തിനരികിലിരുന്ന് കരഞ്ഞ അവരെ മറ്റു സ്ത്രീകൾ ആശ്വസിപ്പിച്ചു.

‘‘ഇന്ത ചാത്തപ്പെര്‌നാളോടെ അന്ന് മയ്യത്തടക്കറത് ശെയ്ക് തങ്ങളോടെ കിർഫയാക്കും''
തിത്തിബിയുമ്മ വിതുമ്പി.
''ശെയ്ക് തങ്ങളോടെ കിർഫ’’

അങ്ങനെ അവസരത്തിലും അനവസരത്തിലും ഖസാക്ക് എന്റെ നിത്യജീവിതത്തിലേക്ക് ഇറങ്ങി വന്നു. പല ജീവിതസന്ധിയിലും ഞാൻ പോലുമറിയാതെ എന്റെയുള്ളിലെ മറ്റൊരു ഞാൻ ഖസാക്കിൽ സാന്ത്വനം കണ്ടെത്തി. പ്രണയത്തിലും ഭ്രാന്തിലും നഷ്ടകാമങ്ങളിലും ഖസാക്കിലെ വാക്കുകൾ പ്രാർഥനയെന്നപോലെ എന്റെ നാവ് ഉരുവിട്ടു. അപ്രതീക്ഷിതമായ മരണവാർത്തകളിൽ നടുങ്ങിനിൽക്കുമ്പോൾ ഞാൻ ഇതിഹാസകാരന്റെ വാക്കുകളെ ഓർക്കും. ആ സന്ദർഭത്തിന് ഒട്ടും യോജിക്കാത്ത വാക്കുകളാവും അത്. എന്നാലും ഞാനത് ഓർത്തു.

ഖസാക്ക് മടക്കിക്കൊടുക്കും മുമ്പ് ഉമ്മ പറഞ്ഞ് മകന്റെ ബദർമാലയുടെ വായനയെ കുറിച്ച് അറിഞ്ഞ ഉപ്പ, അത് തനിക്ക് കാട്ടിത്തരാൻ എന്നോട് പറഞ്ഞു. പൊതുവേ ഉപ്പ ഒന്നിനും മക്കളെ വഴക്ക് പറയാറില്ലെങ്കിലും ഖസാക്കിനെ ഉപ്പാക്ക് കൊടുക്കുമ്പോൾ, ഉമ്മാനെ പറ്റിച്ച പോലെ ഉപ്പാനെ പറ്റിക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ഉപ്പ ഖസാക്ക് വാങ്ങി അതിന്റെ കവർ ചിത്രം നോക്കിയ ഉടനെ ചിരിച്ചു. പിന്നെ താളുകൾ മറിക്കവേ ഉപ്പാന്റെ കണ്ണുകൾ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ പാട്ടിൽ തടഞ്ഞുനിന്നു. ആ ചിരി കൂടുതൽ തെളിഞ്ഞു. പുസ്തകം മടക്കിത്തരുമ്പോൾ ഉപ്പ ഉമ്മാനോടായി പറഞ്ഞു.
'ഓന് ഇഷ്ടള്ളത് ഓൻ വായിക്കട്ടെ.'

പെരുംചിലമ്പിൽ നിന്ന് ഞങ്ങളിങ്ങോട്ട് വരാൻ മൂല കാരണമായി മാറിയ ഏട്ടൻ അപ്പഴേക്കും ഒരുപാട് മാറിയിരുന്നു. അവനാണ് വീട്ടു കാര്യങ്ങൾ നോക്കിയത്. ദാരിദ്ര്യം കൊണ്ടുമാത്രം തനിക്ക് നഷ്ടമായ പ്രണയിനിക്കുവേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായവനാണ് അവൻ. ധാരാളം സിനിമകൾ കണ്ടവൻ. 'ഒരു തലൈ രാഗ’ത്തിലെ പാട്ടുകൾ ഉച്ചത്തിൽ പാടിയിരുന്നവൻ. പക്ഷേ ഇവിടെയെത്തി കുറഞ്ഞകാലം കൊണ്ടുതന്നെ അവന് സിനിമ ഹറാമായി. സംഗീതം ഹറാമായി. മനുഷ്യരുടെ ചിത്രങ്ങൾ വരയ്ക്കുന്നത് ഹറാമായി. അവന്റെ അത്തരം എണ്ണിയാലൊടുങ്ങാത്ത ഹറാമുകൾക്കും ഹലാലുകൾക്കും ഇടയിൽ ശ്വാസം മുട്ടിയാണ് ഞങ്ങൾ ജീവിച്ചത്. ചെറിയ കുറ്റത്തിനു പോലും അവൻ വലിയ ശിക്ഷ വിധിച്ച് അത് നടപ്പിലാക്കുമായിരുന്നു. വിജയനും കാക്കനാടനും മുകുന്ദനും അവന് കഞ്ചാവ് വലിക്കാരായിരുന്നു.

'കണ്ണീക്കണ്ട കഞ്ചാവൊക്കെ വലിച്ച് കേറ്റി വല്ലോനും വല്ലതും എഴുതി വെക്കും. അതൊക്കെ ശ്വാസം വിടാതെ വായിക്കാൻ ഇവനെപ്പോലത്തെ കൊറേ പൊട്ടന്മാരും' എന്ന പരിഹാസം അക്കാലത്തെ അവന്റെ സ്ഥിരം ഡയലോഗായിരുന്നു. മറ്റാരെ പറഞ്ഞാലും സഹിച്ച് നിൽക്കുന്ന ഞാൻ ഇതിഹാസകാരനെ കുറിച്ച് പറയുമ്പോൾ അവൻ കേൾക്കാതെ മുറു മുറുക്കും, ' പിന്നേ, ഇജല്ലേ ഓല്ക്ക് കഞ്ചാവ് വാങ്ങിക്കൊട്ക്ക്ണ്ടത്. ഇത്ര കൃത്യായിട്ട് പറയാൻ'
'എന്താടാ പുറു പുറുക്ക്ണ്ടത്? '

ഒന്നുമില്ലെന്ന് പറഞ്ഞ് ഞാനവിടുന്ന് മാറിപ്പോവും. അവന്റെ മുറിയിൽ മാധ്യമം പത്രവും പ്രബോധനം വാരികയും മൗദൂദിയുടെ ഖുർ ആൻ വ്യാഖ്യാനവും പുസ്തകങ്ങളും ഉണ്ടായിരുന്നു. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുതെന്ന് പറഞ്ഞപോലെ, അതിനെക്കുറിച്ച് ആരും അവനോടൊന്നും പറയാൻ പാടില്ലായിരുന്നു. എന്റെ ഖസാക്കിനും അവന്റെ മൗദൂദിക്കും ഇടയിൽ ഉപ്പ സൗമ്യനായി നിന്നു.

'ഇജ് അനക്കിഷ്ടള്ളതും ഓൻ ഓൻക്ക് ഇഷ്ടള്ളതും വായിച്ചോട്ടെ. അയ്ന്റെ പേരില് തൊള്ളത്തല്ലും കൈത്തല്ലും മാണ്ട.'

ഉപ്പ മുസ്‍ലിം ലീഗുകാരനും ചന്ദ്രിക പത്രത്തിന്റെ വരിക്കാരനുമാണ്. ചന്ദ്രിക പത്രം കവലയിലെ ചായ പീടികയിലാണ് ഉപ്പാക്കുവേണ്ടി പത്രക്കാരൻ ഇടാറ്. ജോലി കഴിഞ്ഞുവന്ന് ചുറ്റും ഒരുപാട് പൂച്ചകളെ കാവലിരുത്തി പത്രം അരിച്ചുപൊറുക്കി ഉപ്പ വായിക്കും. അക്കാലത്ത് ചന്ദ്രികയുടെ വാരാന്ത്യപ്പതിപ്പിൽ വന്ന ഖസാക്കിനെ കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ് ഉപ്പ എനിക്ക് വായിക്കാൻ കൊണ്ടു തന്നു. ഉപ്പയും അത് വായിച്ചിരുന്നു. നോവൽ വായിക്കാത്തതുകൊണ്ട് കാര്യമായിട്ടൊന്നും അതിൽ നിന്ന് ഉപ്പാക്ക് മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും ഞാനെന്ന മകന്റെ ഖസാക്ക് ഭ്രാന്തിന്റെ അരികുപറ്റി, എന്റെ ഉപ്പയും ഖസാക്കിനെ തൊട്ടു.

Khasakkinte Ithihasam

ഖസാക്ക് ഞാൻ ലൈബ്രറിയിൽ മടക്കി കൊടുക്കുന്നത് ഒരു മാസവും പതിനെട്ടു ദിവസവും കഴിഞ്ഞാണ്. ഹരിദാസ് ആദ്യം സൗമ്യതയോടെയും പിന്നെ ദേഷ്യത്തിലും എന്നോട് പുസ്തകം മടക്കിത്തരാൻ പറയുന്നുണ്ടായിരുന്നു. ഖസാക്ക് മാറ്റാതെ, 'പതാക' വായിച്ചുതീർത്ത് അത് മടക്കി കൊടുത്ത് ഞാൻ പിന്നെയും ആറേഴ് തവണ പുസ്തകങ്ങൾ എടുത്തിരുന്നു. ഒടുക്കം ഖസാക്ക് ഞാൻ വാങ്ങി കൊടുക്കുകയോ അതിന്റെ പണം തരികയോ വേണമെന്ന് അയാൾ തീർത്ത് പറഞ്ഞപ്പോഴാണ് ഖസാക്കിനെ മടക്കി കൊടുത്തത്. സത്യം പറഞ്ഞാൽ ഖസാക്കിന്റെ ഇതിഹാസം പുറത്തുനിന്ന് വാങ്ങാമെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. കോട്ടക്കലിലെ ബുക്ക് സ്റ്റാളുകളിലൊന്നും അക്കാലത്ത് സാഹിത്യം വിറ്റിരുന്നില്ല.

ദിവസത്തിൽ പത്ത് പൈസ വീതം ഇരുപത്തെട്ട് ദിവസത്തിന്, രണ്ട് രൂപയും എൺപത് പൈസയും ഞാനന്ന് ലൈബ്രറിയിൽ പിഴയടച്ചു. ഖസാക്കിന്റെ ഇതിഹാസത്തെ സ്വന്തമാക്കാൻ കോട്ടക്കലിലെ ബുക്ക് സ്റ്റാളുകളിലൊക്കെ ഞാൻ പിന്നീട് കയറിയിറങ്ങി. തകഴിയുടെ ചെമ്മീനെന്ന നോവൽ മാത്രം ഒരു ബുക്സ്റ്റാളിൽ നിന്ന് കാണാൻ കിട്ടി. അതിന്റെ ഉടമ, മലപ്പുറത്തോ തിരൂരോ പോയാൽ ഖസാക്ക് കിട്ടുമെന്ന് എനിക്ക് പറഞ്ഞുതന്നു. അവിടെയും കിട്ടിയില്ലെങ്കിൽ കോഴിക്കോട് പോയാൽ എന്തായാലും കിട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞു.

കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രാചെലവിനും ഖസാക്ക് വാങ്ങാനുമുള്ള പണം ഞാൻ ഒരുക്കൂട്ടാൻ തുടങ്ങി. അക്കാലത്ത് കുഴിപ്പുറത്തുള്ള ഒരു ടീമിന്റെ കൂടെ പെയിന്റ് പണിയെടുക്കുമ്പോൾ, അതിൽ ഖസാക്കിന്റെ ഇതിഹാസം വായിച്ച ഒരാളെ ഞാൻ കണ്ടെത്തി. ഹരിദാസ് എന്ന് തന്നെയായിരുന്നു അവന്റെയും പേര്. എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടും. രക്തം രക്തത്തെ തൊടും പോലെയാണ് ആ കൂടിക്കാഴ്ച്ച എനിക്ക് അനുഭവപ്പെട്ടത്.

ഖസാക്കിലെ ചതുപ്പുകളും അപ്പുക്കിളിയും പുള്ളിവെയിലിലെ തുമ്പികളും രാജാവിന്റെ പള്ളിയും മൈമൂനയും അറബിക്കുളവും നൈജാമലിയും പാലക്കാടൻ മലയാളവും അവനെയും ഭ്രാന്ത് പിടിപ്പിച്ചിരുന്നു. പക്ഷേ അത് എനിക്കുള്ളയത്ര മൂച്ചിപ്പിരാന്തായി മാറിയിരുന്നില്ല.

എട്ട്: തിരൂരിലെ ഖസാക്ക് കട

ഒരു തവണ കൂടി ഹരിദാസന്റെ കയ്യും കാലും പിടിച്ച് ഖസാക്കിന്റെ ഇതിഹാസം വായിക്കാൻ വാങ്ങിയതിനുശേഷമാണ്, ഖസാക്ക് സ്വന്തം കാശിന് ഞാൻ വാങ്ങുന്നത്. അത്തവണ പത്തു ദിവസം കൊണ്ട് തന്നെ ഖസാക്ക് മടക്കി കൊടുത്ത് നല്ല കുട്ടിയായി. ഖസാക്ക് വാങ്ങാൻ ആദ്യം പോവുന്നത് തിരൂരിലേക്കാണ്. അതേ തിരൂരിലേക്ക്, വളരെ ചെറുപ്പത്തിൽ നാട് വിട്ടുപോയി അവിടുത്തെ സെൻട്രൽ തീയേറ്ററിൽ നിന്ന് മമ്മൂട്ടിയുടെ 'ന്യൂഡൽഹി' എന്ന സിനിമ കണ്ടതാണ്. സിനിമയൊക്കെ കഴിഞ്ഞ് പട്ടണത്തിൽ ഇരുട്ടുവീണപ്പോൾ ഭയന്നു വിറച്ച് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോന്നതുമാണ്.

ഖസാക്ക് വാങ്ങാൻ ചെല്ലുമ്പോൾ തിരൂർ പട്ടണം കുറെ കൂടി വലുതായി കഴിഞ്ഞിരുന്നു. തിരൂർ വാഗൺ ട്രാജഡിയുടെ മണ്ണാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ ആകർഷിച്ചത് അവിടുത്തെ തിയേറ്ററുകളാണ്. തിരൂരിലും പെരിന്തൽമണ്ണയിലും കോഴിക്കോടുമൊക്കെയാണ് അക്കാലത്ത് സിനിമകൾ റിലീസായത്. അവിടെ റിലീസായി മാസങ്ങൾ കഴിഞ്ഞാണ് കോട്ടക്കലിലെ തീയേറ്ററുകളിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ചെറുപ്പക്കാർ ഏതു വിധത്തിലും കാശുണ്ടാക്കി തിരൂരിലേക്ക് റിലീസ് സിനിമകൾ കാണാൻ പോയി. ചിലർ പണിയെടുത്ത് കിട്ടുന്ന കാശു കൊണ്ട് സിനിമ കണ്ടു. വേറെ ചിലർ പറങ്കിയണ്ടികൾ മോഷ്ടിച്ച് വിറ്റ് സിനിമ കണ്ടു. ഇനിയും ചിലർ വീട്ടിലെ അലൂമിനിയ പാത്രങ്ങൾ കട്ടെടുത്ത് ചവിട്ടി ഞെളുക്കി കോട്ടക്കലിലെ ആക്രിക്കടകളിൽ വിറ്റ് സിനിമ കണ്ടു.

ലക്ഷംവീട് കോളനിയിൽ പാർക്കുന്ന അച്ചൂട്ടി അമ്മയുമായി കാരണമൊന്നുമില്ലാതെ വഴക്കിടും. വഴക്കെന്നു പറഞ്ഞാൽ നിസ്സാരവഴക്കല്ല. അച്ഛൻ ചെറുപ്പത്തിലെ മരിച്ച അവനെ കോട്ടക്കൽ ആര്യ വൈദ്യശാലയിലെ ക്ലീനിങ് ജോലിയിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അമ്മ പോറ്റിയത്. കാരണമെന്നുമില്ലാതെ തന്നോട് വഴക്കിട്ട് അലൂമിനിയ പാത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് അത് ചവിട്ടി ഞെളുക്കുന്ന അവനെ അമ്മ വേദനയോടെ കണ്ടുനിൽക്കും. ഓട്ടുരുളിയും കിണ്ടികളും അവൻ തച്ചുതകർത്തു. എന്നിട്ട് ദേഷ്യം തീർന്നതായി അഭിനയിച്ച്, ചെറിയൊരു കരച്ചിലും പാസാക്കി ഞെളുങ്ങിയ പാത്രങ്ങൾ ചാക്കിലിട്ട് കോട്ടക്കൽ കൊണ്ടു പോയി വിറ്റു. എന്നിട്ട് ആ പണം കൊണ്ട് തിരൂരും കോഴിക്കോടുമൊക്കെ പോയി റിലീസ് സിനിമകൾ കണ്ടു.

മകന് എന്തോ ബാധ കയറിയതാണെന്ന് കരുതിയ അമ്മ അതിനുവേണ്ട കർമ്മങ്ങൾ ചെയ്തു. ആ കർമ്മത്തിനു വന്ന ആളുടെ ഓട്ടുകിണ്ടി അച്ചൂട്ടി വലിച്ചെറിഞ്ഞതോടെ കർമ്മി മന്ത്രവും ജീവനും കൊണ്ട് തടിയെടുത്തു. മുറ്റത്ത് അനാഥമായി കിടന്ന ഓട്ടുകിണ്ടി വിറ്റ് അച്ചൂട്ടി സിനിമ കണ്ടു. അവന് ചേരുന്ന ഒരു കഥാപാത്രത്തിനായി ഞാൻ ഖസാക്കിലാകെ പരതി.

മുങ്ങാംകോഴിയിലും നൈജാമലിയിലും ഗോപാലു പണിയ്ക്കരിലും രാമച്ചാരിലും എനിക്ക് അച്ചൂട്ടിയെ കുടിയിരുത്താൻ കഴിഞ്ഞില്ല. പക്ഷേ അവനും ഖസാക്കിലെ പാതകളിലൂടെ നടന്നു. ഖസാക്കിലെ ചതുപ്പുകളിൽ ഞാൻ അവനെയും അലയാൻ വിട്ടു.

തിരൂരിൽ ബസിറങ്ങിയ ഞാൻ അച്ചൂട്ടിയെ ബസ് സ്റ്റാന്റിൽ വെച്ച് കണ്ടു. അവൻ സിനിമ കാണാൻ തിരൂരിലേക്ക് വന്നതായിരുന്നു. ഞാനെത്തുമ്പോൾ നൂൺഷോ കണ്ട് കഴിഞ്ഞ്, വീട്ടിലേക്ക് മടങ്ങണോ അതോ എങ്ങനെയെങ്കിലും കുറച്ചുപണം കൂടി സംഘടിപ്പിച്ച് മാറ്റിനിയോ ഫസ്റ്റ് ഷോയോ കാണാൻ നിക്കണോ എന്ന സന്ദേഹത്തിലായിരുന്നു അവൻ.

എന്നെക്കണ്ടതും അവനെന്നെ അപ്പുക്കിളി കടല മുറുക്ക് കണ്ട പോലെ ആഹ്ളാദത്തോടെ കെട്ടിപ്പിടിച്ചു. പതിവില്ലാത്ത ആ സ്നേഹ പ്രകടനങ്ങളുടെ പൊരുൾ എനിക്ക് മനസ്സിലായില്ല. ഞാനെന്തിനാണ് തിരൂരിലേക്ക് വന്നതെന്ന അവന്റെ ചോദ്യത്തിന് ഒരു പുസ്തകം വാങ്ങാൻ വന്നതാണെന്ന് മറുപടി പറഞ്ഞത് അവന് വിശ്വാസമായില്ല. അക്കാലത്ത് സിനിമ കാണാൻ ചെറുവാല്യക്കാർ ഒളിഞ്ഞും പാത്തും വീട്ടുകാർ അറിയാതെയുമാണ് പോയിരുന്നത്.

സിനിമ കണ്ട കുറ്റത്തിന് അടി കിട്ടി നാട് വിടേണ്ടി വന്നവരും, അന്തിപ്പട്ടിണി കിടക്കേണ്ടിവന്നവരും ഒരുപാടായിരുന്നു. സിനിമ കാണാൻ വന്നിട്ട്, അത് അവൻ അറിയാതിരിക്കാൻ ഞാൻ കള്ളം പറയുകയാണെന്ന് അച്ചൂട്ടി വിശ്വസിച്ചു.
'പിന്നേ, കോട്ടക്കലൊന്നും ബുക്കില്ലല്ലോ? നീയ് തമാശ പറയാതെ സത്യം പറ അബ്ബാസേ. സിനിമയ്ക്ക് വന്നതല്ലേ?’

സിനിമ കണ്ടുവെന്ന് ഏട്ടനറിഞ്ഞാൽ വഴക്ക് കേൾക്കുമെങ്കിലും, ഉപ്പയുള്ളതുകൊണ്ട് അത് കാര്യമാക്കാതെ ഞങ്ങൾ അനിയന്മാർ സുലഭമായി സിനിമ കണ്ടു. ഞാൻ പുസ്തകം വാങ്ങാൻ വന്നതാണെന്ന് പലവട്ടം പറഞ്ഞിട്ടും അച്ചൂട്ടി വിശ്വസിച്ചില്ല. അവൻ എന്റെ പിന്നാലെ കൂടി. ഖസാക്കിൽ നിന്ന് പൊള്ളാച്ചിയിലെ കാലിച്ചന്തയിലേക്ക് തരകു പറയാൻ പോവുന്ന രാമച്ചാരെ ഞാനോർത്തു.

അത്തവണ ഒന്നും തടയാതെ വിശന്ന് വലഞ്ഞ്, കണ്ണിൽ ഇരുട്ട് കയറി, ഈശ്വരാ തങ്ങളേ ഒന്ന് നാടെത്തി കിട്ടണേ എന്ന് വിലപിച്ച് രാമച്ചാർ നടക്കുമ്പഴാണ് കാഷായവസ്ത്രമണിഞ്ഞ് ഗോപാലു പണിയ്ക്കർ എതിരെ വന്നത്. ആ ഓർമ്മയിൽ ഞാൻ അച്ചൂട്ടിയെ വിളിച്ചു, 'കുര് വേ'
'ഉണ്ണീ' എന്ന മറുവിളി വിളിക്കാതെ അവൻ എന്നെ അന്തംവിട്ടു നോക്കി. നടക്കുന്ന വഴിയിലെല്ലാം അവൻ എന്റെ പിന്നാലെ കൂടി. ഒടുക്കം 'നിനക്കെന്താണ് വേണ്ടത് അച്ചുട്ടിയേ' എന്ന എന്റെ ചോദ്യത്തിൻ അവൻ ശരിക്കും രാമച്ചാരായി. ഒന്നും കഴിച്ചിട്ടില്ലന്നും നാടെത്താൻ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞ് അവനെന്നെ വീണ്ടും കെട്ടിപ്പിടിച്ചു. ഞാൻ ഗോപാലു പണിയ്ക്കരെപ്പോലെ ഉദാരനായി. അവന് സിനിമ കാണാനാണ് പണമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പണം കൊടുത്തു. പത്തിന്റെ രണ്ട് നോട്ടുകൾ കയ്യിൽ കിട്ടിയതോടെ എന്നെ പാടെ മറന്ന് അവൻ 'ഖയാം' തിയേറ്ററിലേക്കുള്ള വഴിയിലൂടെ ഓടി. വണ്ടികൾക്കിടയിലൂടെ പെരും പാച്ചിൽ പായുന്ന അവനെ ഞാൻ നോക്കി നിന്നു. ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൻ ഓടി. അപ്പോൾ മാറ്റിനി തുടങ്ങാൻ പത്തു മിനിട്ടേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഞാൻ ഗോപാലു പണിയ്ക്കരായി മാറി ആ ഉച്ചവെയിലിന്റെ പാതയിൽനിന്നു കൊണ്ട് സ്വയം ചോദിച്ചു, ‘നൊമ്പടെയൊക്കെ ജീവിതം എന്ത് ജീവിതാ അച്ചുട്ടിയേ? ദുഃഖിക്കാൻ ജനിച്ചോരാ... ഈശ്വരാ.'

ഉച്ചവെയിലിൽ തിരൂർ പട്ടണത്തിൽ തുമ്പികൾ പാറി . വെയിലിന്റെ സ്ഫടികമാനങ്ങളിൽ നിന്ന് കല്പക വൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ അടർന്നു വീണു. തിരൂരിൽ എവിടെയൊക്കെയാണ് പുസ്തകക്കടകൾ ഉള്ളതെന്നും അതിൽ തന്നെ ഖസാക്ക് എവിടെയാണ് കിട്ടുകയെന്നും എനിക്കറിയില്ലായിരുന്നു.
ഞാൻ നടന്നു.
വെയില്.
ചൂട്.
കാറ്റ് നഷ്ടമായ പാതകൾ.
ആകാശം നോക്കുന്ന കരിമ്പനക്കെട്ടിടങ്ങൾ.
ആദ്യം കണ്ട പുസ്തകക്കടയിൽ കയറി ഞാൻ ഖസാക്ക് ചോദിച്ചു. അത് മദ്രസയിലെ പാഠപുസ്തകങ്ങൾ വിൽക്കുന്ന കടയായിരുന്നു. തലയിൽ വെള്ള തൊപ്പി ധരിച്ച് മൈലാഞ്ചിച്ചുവപ്പിന്റെ താടിയുള്ള വെല്ലിപ്പ എന്നെ മിഴിച്ചുനോക്കി; 'അതെന്ത് ബുക്കാണ്?'
അതോടെ സത്തിയമെന്നാ? എന്നു ചോദിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ മടിച്ചു മടിച്ചു പറഞ്ഞു; 'അതൊരു നോവലാണ്'
'കതാ പുസ്തകോ?'
അതെയെന്ന് തലയാട്ടുമ്പോൾ ആ മുഖത്ത് തെളിഞ്ഞ പരിഹാസവും പുച്ഛവും ഞാൻ കണ്ടു. വായിച്ച് പഠിക്കേണ്ട മതപാഠങ്ങൾ ഇവിടെ കെട്ടു കണക്കിന് കിടക്കുമ്പോൾ ഒരുത്തനിതാ ഉച്ച വെയിലത്ത് വിയർത്തുകുളിച്ചുവന്ന് കഥാപുസ്തകം ചോദിക്കുന്നു. അയാൾ താഴേക്കും മുകളിലേക്കും ഒരേപോലെ വഴി പറഞ്ഞുതന്ന് എന്നെ കുഴപ്പിച്ചു.

ഞാൻ താഴേക്ക് നടന്നു. കുറച്ച് നടന്നപ്പഴാണ് അയാൾക്ക് തങ്ങള് പക്കീരിയുടെ ഛായയില്ലേ എന്ന സന്ദേഹമുദിച്ചത്. മടങ്ങിവരുമ്പോൾ അത് തീർക്കണമെന്ന് ഉറപ്പിച്ച് പാലവും കടന്ന് നടന്നു.

തങ്ങൾ പക്കീരി പേരക്കുട്ടിയുടെ ജഡവും ചുമന്ന് ചെതലിമല കയറി. ആളുകൾ അടുത്തേക്ക് ചെന്നപ്പോൾ കവണക്കല്ലുകൾ മൂളി വന്നു. ചെതലിയുടെ മുകളിൽ ഷെയ്ക്കിന്റെ മിനാരങ്ങളിൽ തങ്ങളു പക്കീരി കേറി. പേരക്കുഞ്ഞിന്റെ മയ്യത്തിനെ മടിയിൽ കിടത്തി അയാളവിടെ കാവലിരുന്നു. ആ അഞ്ച് രാതികളെയും ഞാനപ്പോൾ മുമ്പിൽ കണ്ടു. ചെതലിയുടെ ഓരത്തെങ്ങും ചെല്ലാൻ പറ്റാത്ത ആ കല്ലേറുകൾ കണ്ടു .ആറാം ദിവസം അപ്പുക്കിളി ജട പിടിച്ച് കുപ്പായത്തിൽ ചിതലുകളുമായി ചെതലിയിറങ്ങി വന്നു. ഷെയ്ക്ക് തങ്ങളുടെ കല്ലറയ്ക്കരികെ ചാന്തുമുത്തു അഴുകിപ്പൊട്ടിക്കിടന്നു. ആ അഴുകലും പുഴുക്കളും കൺമുമ്പിൽ കണ്ടിട്ടെന്ന പോലെ ഞാൻ ഓക്കാനിച്ചു. കുറച്ചുകൂടി നടന്നപ്പോൾ 'ന്യൂ സ്റ്റാർ ബുക്ക്സ്റ്റാൾ' എന്ന ബോർഡ് കണ്ടു. അതിന്റെ വാതിൽക്കൽ കലാകൗമുദിയും മാതൃഭൂമി വാരികയും തൂങ്ങിക്കിടന്നു. ഖസാക്ക് എന്നെ കാത്ത് അവിടെയുണ്ടായിരുന്നു. കടയുടമയ്ക്ക് പെട്ടെന്ന് അത് തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ അതവിടെയുണ്ടെന്ന ഉറപ്പ് അയാൾക്കുണ്ടായിരുന്നു. പൊടിയുടെ, പുസ്തകങ്ങളുടെ മണങ്ങളിൽ ഞാനും മുങ്ങിത്തപ്പി. ഏറ്റവും താഴത്തെ അറയുടെ ഉള്ളിലായി വിശ്രമിക്കുന്ന ഖസാക്കിനെ എടുത്തു തരുമ്പോൾ ഞാനയാളെ വാത്സല്യത്തോടെ നോക്കി . അയാൾക്ക് മാധവൻ നായരുടെ മുഖച്ഛായ ഉണ്ടെന്ന തീർപ്പിൽ ഖസാക്കിനെ പൊതിഞ്ഞു വാങ്ങി പണം കൊടുത്ത് ഞാനാ കടയിൽ നിന്നിറങ്ങി.

വെയിലിന് ചൂട് കുറഞ്ഞിരുന്നു. പൊതിയഴിച്ച് പുസ്തകം മറിച്ചുനോക്കാൻ തോന്നിയെങ്കിലും അത് മുള്ളൻമടയിൽ എത്തിയിട്ട് തുറന്നാൽ മതിയെന്ന തീർപ്പിൽ ഞാൻ നടന്നു. ജീവിതത്തിലാദ്യമായി സ്വന്തം പണം കൊടുത്ത് ഞാൻ വാങ്ങിയ പുസ്തകമായിരുന്നു അത്.

ഖസാക്ക് എന്റെ കയ്യിലിരുന്ന് പിടയ്ക്കുന്നുണ്ടെന്ന് തോന്നി. അപ്പുക്കിളിയും രവിയും മൈമൂനയും ആ പൊതി തുരന്ന് പുറത്തുചാടി എനിക്ക് മുൻപേ നടന്നു. രവി വാരിച്ചുറ്റിയ സ്വാമിനിയുടെ കാവിക്കച്ചയിൽ വെയിൽ വീണു. മൈമൂനയുടെ തലയിലെ തട്ടൻ അവൾ പോലുമറിയാതെ ഊർന്നു വീണു. നീല ഞരമ്പുള്ള കൈകൊണ്ട് അലസമായി അവൾ തട്ടൻ നേരെയാക്കി. അത് പിന്നെയും ഊർന്നു വീണു. കാറു പിടിച്ച പോലെ ഇരുണ്ടുനിന്ന ആ മുടി ഖസാക്കിന്റെ സൗന്ദര്യമായിരുന്നു.

അവൾക്കുചുറ്റും കാസിമും ഹനീഫയും ഉബൈദുദാവീദും ഉസമത്തും വട്ടംചുറ്റി. മൈമൂന തന്റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവെച്ചു. കരിവളകൾ തെറുത്തുകേറ്റിനിർത്തി. അപൂർവം അവസരങ്ങളിൽ കാസിമിനോടോ ഉസാമത്തിനോടോ വായാടാൻ നിന്നു. അവരുടെ മുഖങ്ങൾ ചുവക്കുന്നതും സ്വരങ്ങൾ ഇടറുന്നതും കാണാൻ വേണ്ടി മാത്രം. അല്ലെങ്കിൽ ഒരു ചിരി കടിച്ചമർത്തി ഖസാക്കിലെ യാഗാശ്വമായി അവൾ നടുപ്പറമ്പിലൂടെ നടന്നു.

റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്ന് ഒഴിഞ്ഞ പറമ്പ് കയറി ഞാൻ ബസ് സ്റ്റാന്റിലെത്തി. ദാഹം തോന്നിയപ്പോൾ സ്റ്റാന്റിലെ സർവ്വത്ത് കടയിൽ നിന്ന് നന്നാറി സർവത്ത് കുടിച്ചു. ചുറ്റും ബഹളമായിരുന്നു. പലതരം മരുന്നുകൾ വിൽക്കുന്നവർ. ജനറൽ നോളേജിന്റെ പുസ്തകങ്ങൾ വിൽക്കുന്നവർ. ഇഞ്ചി മിഠായിയും കടലയും വിൽക്കുന്നവർ. പോർട്ടർമാർ. ബസിലെ കിളികൾ. എല്ലാവരും ആവശ്യത്തിലധികം ഒച്ചയിട്ടു. ഖസാക്ക് എന്റെ കയ്യിനുള്ളിൽ വിശ്രമിച്ചു. ഇനിയെനിക്ക് ഹരിദാസന്റെ മുമ്പിൽചെന്ന് തല കുനിച്ച് നിൽക്കണ്ട. ഒരു നോവൽ തന്നെ പിന്നെയും പിന്നെയും ഒപ്പിട്ട് വാങ്ങുന്നതിന്റെ ചളിപ്പ് അറിയണ്ട. നോവലല്ല, ഒരു ലോകം മുഴുവനുമാണ് സ്വന്തമാക്കിയതെന്ന് തോന്നിപ്പോയി. 40 രൂപയ്ക്ക് ഞാൻ സ്വന്തമാക്കിയ ആ ലോകം ഏറെ കാലം എന്റെ കൂടെയുണ്ടായിരുന്നു.

പിന്നീട്, ഉന്മാദിയായി തീർന്ന എന്നെ കോഴിക്കോട്ടെ വിജയാ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി മടങ്ങിവന്ന ഏട്ടനും ഉമ്മയും ചേർന്ന് എന്റെ മുറി പരിശോധിച്ചു. അവിടെ തീപിടിച്ച പെൺകുട്ടിക്ക് താഴെ കടലാസു പെട്ടിയിലും ചാക്കിലുമായി ഖസാക്കും അനുരാഗത്തിന്റെ ദിനങ്ങളും കാലവും ഉഷ്ണമേഖലയും പെഡ്രോ പരാമോയും മയ്യഴിയും പാണ്ഡവപുരവും പിന്നെ ഞാനെഴുതി പൂർത്തിയാക്കിയ അനേകം ചെറുകഥകളും രണ്ട് നോവലുകളും മൂന്നാമത്തെ നോവലിനുള്ള കുറിപ്പുകളും വിശ്രമിച്ചു. ഉമ്മ അതൊക്കെയും ഏട്ടന്റെ ഉപദേശമനുസരിച്ച് മുറ്റത്ത് കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.

മറ്റെന്തൊക്കെ നഷ്ടമായാലും ഞാൻ ആദ്യമായി കാശുകൊടുത്ത് വാങ്ങിയ എന്റെ പ്രിയപ്പെട്ട ഖസാക്ക് കത്തിയമരുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. യൗവ്വനത്തിന്റെ ആ സുന്ദരസുരഭില കാലത്ത് ഞാൻ എഴുതിക്കൂട്ടിയ കഥകളും നോവലുകളും എത്ര നിലവാരമില്ലാത്തതായാലും, ഉമ്മ കൊളുത്തിയ അഗ്നിയിൽ അവയൊക്കെയും വെന്ത് വെണ്ണീറായി. ആശുപത്രിയിൽ നിന്ന് ഭ്രാന്ത് മാറാതെ മടങ്ങിയെത്തുമ്പോൾ കടലാസുപെട്ടിയും ചാക്കും കാണാഞ്ഞ് ഞാൻ അമ്പരന്നു.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments