ഖസാക്കോ എം.ടിയോ?
ഒരു തർക്കം

‘‘ഖസാക്കിനെ പുകഴ്ത്താനായി, അല്ലെങ്കിൽ എനിക്ക് വാദിച്ചുജയിക്കാനായി ഞാൻ എം.ടിയുടെ എഴുത്തിനെ ഇകഴ്ത്തി സംസാരിച്ചു. അത് അവന് ഒട്ടും ഇഷ്ടമായില്ല. അവൻ നല്ല ഒഴുക്കോടെ സാമാന്യം ദേഷ്യത്തോടെ എന്റെ ഖസാക്കിനെ ചവിട്ടിയരച്ചു. 'ആർത്തവ രക്തം എങ്ങനെയാടാ പുതുമഴത്തുള്ളികളാവുക?' എന്നവൻ പരിഹസിച്ചു.’’ മുഹമ്മദ് അബ്ബാസിന്റെ ഖസാക്ക് വായനാനുഭവം തുടരുന്നു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം ഒമ്പത്

ല്യാണവീടുകളിൽ, ആൾക്കൂട്ടങ്ങളിൽ, മരണവീടുകളിൽ, നാലാള് കൂടുന്നിടത്തു നിന്നൊക്കെ ഒഴിഞ്ഞുമാറി ജീവിച്ച ഞാൻ ഖസാക്ക് വായിച്ചതിന്റെ ആഹ്ലാദം പങ്കിടാനും ഖസാക്കിനെ കുറിച്ച് പറയാനുമാണ് ഉള്ളിലെ മൺപുറ്റിൽനിന്ന് പുറത്തുകടന്നത്. പണിസ്ഥലത്തുവെച്ച് പരിചയപ്പെട്ട ഹരിദാസൻ ജോലിസമയത്ത് അധികമൊന്നും സംസാരിക്കുന്ന ആളായിരുന്നില്ല. എന്റെ സംസാരം അതിലും കുറവ് .പത്താം ക്ലാസിൽ പഠനം നിലച്ചതിൽ ദുഃഖിച്ചിരുന്ന അവന്, കേരളത്തിൽ ഒരു സ്‌കൂളിലും പോവാത്ത ഞാൻ ആശ്വാസമായി. അവന്റെ നില എന്നേക്കാൾ ഒരുപാട് മുകളിലാണല്ലോ.

ഉച്ചവിശ്രമത്തിന്റെ ചുരുങ്ങിയ സമയത്ത് ഞങ്ങൾ ഖസാക്കിലൂടെ അലഞ്ഞു. കിണറും കടന്ന് ഉൾക്കിണറിന്റെ സാന്ദ്രമായ ഇരുട്ടിലേക്ക് മരണം തേടിപ്പോയ മുങ്ങാംകോഴിയുടെ പിന്നിൽ അടഞ്ഞ ചില്ലുവാതിലുകളെയും ജലത്തിന്റെ വില്ലീസു പടുതകളെയും കുറിച്ച് സംസാരിച്ചു. ആ മരണത്തിന്റെ പൊരുൾ ഞങ്ങൾ രണ്ടാൾക്കും പിടികിട്ടിയിരുന്നില്ല. പക്ഷേ അത് വിവരിക്കാൻ ഇതിഹാസകാരൻ ഉപയോഗിച്ച വാക്കുകളും ബിംബങ്ങളും ഞങ്ങളെ അത്ഭുതപ്പെടുത്തി. പോരുളറിയാത്ത ആനന്ദത്തിന്റെ ചവിട്ടടിപ്പാതയിലൂടെ ഞങ്ങൾ മൈമുനയിലേക്ക് നടന്നു. അവൾ ഞങ്ങൾക്കുമുമ്പിൽ പൊടിയിൽ നിന്നുയർന്നു. ആ പിൻപുറത്തിന്റെ സമൃദ്ധിയിൽ ഞങ്ങളുടെ ജൈവചോദനകൾ വിറകൊണ്ടു. പെയിന്റിൽ ടർപ്പന്റയിൻ ചേർക്കുന്നത് അല്പം കുറയുകയോ കൂടുകയോ ചെയ്താൽ ഞങ്ങൾ പരസ്പരം ചോദിക്കും, 'അതോടെ സത്തിയമെന്നാ?
'സത്തിയം പലത്.'
ഞങ്ങൾ ഉത്തരം പറഞ്ഞു. മറ്റു പണിക്കാർ ഞങ്ങളെ കൗതുകത്തോടെ നോക്കി. എന്തിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നതെന്ന് അവർക്ക് മനസ്സിലായില്ല. ഞങ്ങൾ സയ്യിദ് മിയാൻ ഷെയ്ക്കിന്റെ പുകൾ പാടി . രവിയുടെയും മാധവൻ നായരുടെയും കൂടെ കോടച്ചിയുടെ വീട്ടിലേക്ക് പോയി. ജമന്തിയുടെ മണമുള്ള പെൺവിയർപ്പിന്റെ ഉന്മാദത്തിൽ ആനന്ദിച്ചു.

അവിടുത്തെ പണി കഴിഞ്ഞതോടെ ഞങ്ങൾ രണ്ടാളും രണ്ടുവഴിക്ക് പിരിഞ്ഞു. പറഞ്ഞുതീരാതെ ഖസാക്ക് എന്റെയുള്ളിൽ പെയ്തുകൊണ്ടിരുന്നു. അക്കാലത്ത് കവലയിൽ നാരായണന് തുന്നൽക്കടയുണ്ടായിരുന്നു. അവിടെയാണ് ഗ്രാമത്തിലെ യൗവ്വനങ്ങൾ രാഷ്ട്രീയവും കാൽപ്പന്തുകളിയും പ്രണയവും കാമവും പരദൂഷണവും പങ്കുവെച്ചത്.

നാരായണന് എന്നെക്കാൾ നാലഞ്ച് വയസ്സ് കൂടുതലാണ്. കടുത്ത കമ്യൂണിസ്റ്റാണ്. തുന്നൽ കടയിൽ രാഷ്ട്രീയം തർക്കിക്കാൻ വരുന്ന മറ്റു പാർട്ടിക്കാരെ അവൻ നിഷ്‌കരുണം തോൽപ്പിച്ചു. പത്രവായനയും പുസ്തകവായനയുമാണ് ആ തർക്കങ്ങൾക്കുള്ള അവന്റെ കരുതൽ ധനം. ചാനലുകളോ ചാനൽ ചർച്ചകളോ വിക്കി മാമനോ ഗൂഗിൾ ചേട്ടനോ ഇല്ലാത്ത കാലമാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ അക്കാലത്തെ നായനാർ മന്ത്രിസഭ വരെ അവന് കാണാപ്പാഠമായിരുന്നു. ആരൊക്കെ ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്തുവെന്നും, എന്തൊക്കെ അഴിമതി ആരോപണങ്ങളിൽ ആരൊക്കെ പെട്ടിട്ടുണ്ടെന്നും അവന് കിറുകൃത്യം അറിയാം. പത്രവായനയുള്ളതുകൊണ്ട് സമകാലിക രാഷ്ട്രീയവും നന്നായറിയാം. തീരെ മെലിഞ്ഞ് ഉയരം കുറഞ്ഞ അവന്റെ സംസാരത്തിന് മുഴക്കവും ഒഴുക്കുമുണ്ടായിരുന്നു. എതിരാളി എന്തെങ്കിലുമൊന്ന് പറഞ്ഞുതുടങ്ങുമ്പഴേക്കും അതിനെ ഖണ്ഡിക്കാനുള്ള ആശയവും വാക്കുകളും അവന്റെ തലച്ചോറിൽ ഉരുവം കൊണ്ടിട്ടുണ്ടാവും. വായനയിൽ അവൻ എം.ടിയുടെ പക്ഷത്തായിരുന്നു. എം.ടിയെന്നാൽ അവന് ഇ.എം. എസിനെയും നായനാരെയും പോലെ കാണാപാഠമായിരുന്നു. നാലുകെട്ടും കാലവും അസുരവിത്തും എം.ടിയുടെ കഥകളും അവൻ പലതവണ വായിച്ചതാണ്. എം.ടി തിരക്കഥ എഴുതിയ സിനിമകൾ ഒന്നൊഴിയാതെ കണ്ടതാണ്. ഞാനാ കടയിലേക്ക് എത്തുന്നതുവരെ സാഹിത്യത്തിൽ അവന് എതിർപക്ഷമില്ലായിരുന്നു. അതിനിടയിൽ ഞാൻ എം.ടിയെയും ബഷീറിനെയും വി.കെ.എന്നിനേയും ടി. പത്മനാഭനെയും മാധവിക്കുട്ടിയെയും കഴിയുന്നത്ര വായിച്ചു കഴിഞ്ഞിരുന്നു. അവരൊക്കെ എന്നെ ആകർഷിച്ചെങ്കിലും എന്റെയുള്ളിൽ തോരാതെ പെയ്തില്ല. വേനൽമഴ പോലെയോ ചാറ്റൽമഴ പോലെയോ അവരെന്റെയുള്ളിൽ പെയ്‌തൊടുങ്ങി. ഖസാക്ക് അതിന്റെ ഉൾക്കനത്തിലൂടെ എന്നെ നായാടുകയായിരുന്നു.

നാലുകെട്ടും കാലവും അസുരവിത്തും എം.ടിയുടെ കഥകളും അവൻ പലതവണ വായിച്ചതാണ്. എം.ടി തിരക്കഥ എഴുതിയ സിനിമകൾ ഒന്നൊഴിയാതെ കണ്ടതാണ്.

താൻ ഖസാക്കിന്റെ ഇതിഹാസം വായിച്ച് മുഴുമിപ്പിക്കാൻ പറ്റാതെ ലൈബ്രറിയിലേക്ക് മടക്കി കൊടുത്തതാണെന്ന് അവൻ പറഞ്ഞപ്പോൾ ഞാനവനെ അന്തംവിട്ട് നോക്കി. കടലിന്റെ ആദ്യ തിരയിൽ കാൽവെച്ച് പിന്മാറിയ അവനോട് അനിഷ്ടമല്ല കരുണയാണ് തോന്നിയത്, ഒപ്പം അവന് സാധിക്കാത്തത് എനിക്ക് സാധിച്ചല്ലോ എന്ന കുഞ്ഞ് അഹങ്കാരവും. അവന്റെയുള്ളിൽ അപ്പുണ്ണിയും സേതുവും സുമിത്രയും ദ്രൗപതിയും ഭീമനും ഗോവിന്ദൻകുട്ടിയും നിളയുടെ ഭാഷയുമാണ് തോരാതെ പെയ്തുകൊണ്ടിരുന്നത്. അവൻ വീട്ടിൽ തന്റെ ഏട്ടത്തിയെ ഓപ്പോളേ എന്നാണ് വിളിച്ചത്. അത് ഞങ്ങളുടെ ഈ ഭാഗത്ത് പരിചയമുള്ള വിളിയല്ല. അറിഞ്ഞും അറിയാതെയും അവന്റെ മലപ്പുറം ഭാഷയിലേക്ക് വള്ളുവനാടൻ ഭാഷ അലിഞ്ഞുചേർന്നു.

തുന്നൽക്കടയിലെ കാര്യമായ ചർച്ചയും തർക്കവും സിനിമകളെ കുറിച്ചാണ്. ഒരുപക്ഷം മമ്മൂട്ടിയുടെയും മറുപക്ഷം ലാലിന്റെയും പക്ഷമാണ്. പക്ഷം തിരിഞ്ഞ് അവർ തൊള്ളത്തല്ല് തല്ലി. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെ മമ്മൂട്ടിയല്ലാതെ മറ്റാര് അവതരിപ്പിക്കുമെന്നും, കിരീടത്തിലെ സേതുമാധവനെ ലാലേട്ടനല്ലാതെ മറ്റാര് അത്ര മനോഹരമാക്കുമെന്നും മണിക്കൂറുകളോളം അവർ തർക്കിച്ചു. ആ തർക്കങ്ങൾക്കിടയിൽ ഖസാക്കെന്ന വിസ്മയവുമായി ഞാൻ വാ പൂട്ടി ഇരുന്നു. വടക്കൻ വീരഗാഥയും കിരീടവും ലോഹിതദാസും എം.ടി യുമൊക്കെ എന്നെയും ആകർഷിച്ചതാണ്. പക്ഷേ അതിന്റെ തർക്കയുക്തികളിലേക്ക് കടക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെ മമ്മൂട്ടിയല്ലാതെ മറ്റാര് അവതരിപ്പിക്കുമെന്നും, കിരീടത്തിലെ സേതുമാധവനെ ലാലേട്ടനല്ലാതെ മറ്റാര് അത്ര മനോഹരമാക്കുമെന്നും മണിക്കൂറുകളോളം അവർ തർക്കിച്ചു.

തനിച്ചാവുമ്പോൾ ഞാൻ നാരായണന് ഖസാക്കിൽ നിന്നുള്ള മനോഹരമായ ഉദ്ധരണികൾ പറഞ്ഞു കൊടുക്കും. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ പുനർജനിയുടെ കൂടും, കർമ്മ ബന്ധങ്ങളുടെ അകൽച്ചയും ദുഃഖവും, ചമ്പകത്തിന്റെ കഥയും ഖസാക്കിൽ പൂത്ത വസൂരിയുടെ ജമന്തികളും അവനെ ഒട്ടും ആകർഷിച്ചില്ല. അവന് കുട്ട്യേടത്തിയുടെ പാലുണ്ണിയും വേലായുധന്റെ ഉന്മാദവും താമരപ്പൂവിന്റെ ഗന്ധമുള്ള ദ്രൗപതിയുടെ വിയർപ്പും സേതുവിന് സേതുവിനെ മാത്രമാണ് ഇഷ്ടമെന്ന പറച്ചിലും വരും വരാതിരിക്കില്ല എന്ന നൂലിൽ തൂങ്ങിയുള്ള വിമലയുടെ കാത്തിരിപ്പുമാണ് ഇഷ്ടം.

അക്കാലത്ത് അവൻ ഖസാക്കിനെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എനിക്ക് എം.ടിയുടെ മുഴുവൻ എഴുത്തും ഇഷ്ടപ്പെടാൻ കഴിയുമായിരുന്നു. വായനക്കാരുടെ ഇഷ്ടങ്ങളും ഒരു കൃതിയിൽനിന്ന് അവർ കണ്ടെത്തുന്ന ആനന്ദങ്ങളും എത്രമാത്രം വ്യത്യസ്തമാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഖസാക്കിനെ പുകഴ്ത്താനായി, അല്ലെങ്കിൽ എനിക്ക് വാദിച്ചു ജയിക്കാനായി ഞാൻ എം.ടിയുടെ എഴുത്തിനെ ഇകഴ്ത്തി സംസാരിച്ചു. അത് അവന് ഒട്ടും ഇഷ്ടമായില്ല. അവൻ നല്ല ഒഴുക്കോടെ സാമാന്യം ദേഷ്യത്തോടെ എന്റെ ഖസാക്കിനെ ചവിട്ടിയരച്ചു. 'ആർത്തവ രക്തം എങ്ങനെയാടാ പുതുമഴത്തുള്ളികളാവുക?' എന്ന അവന്റെ പരിഹാസത്തിൽ നിന്ന് അവൻ ഖസാക്ക് മുഴുവനായിത്തന്നെ വായിച്ചിട്ടുണ്ടെന്നും അതിലെ പല ഭാഷാപ്രയോഗങ്ങളും അവനിൽ തങ്ങിനിൽപ്പുണ്ടെന്നും മനസ്സിലാക്കാൻ മാത്രമാണ് ആ തർക്കങ്ങൾ കൊണ്ട് എനിക്ക് സാധിച്ചത്.

അടൂരിന്റെയും അരവിന്ദന്റെയും സിനിമകൾ ഞങ്ങൾ ഒരു വെയിറ്റിനുവേണ്ടി കണ്ടുവെന്നല്ലാതെ അതിന്റെ മൂല്യങ്ങളിലേക്ക് കടക്കാനുള്ള ദൃശ്യബോധവും സൗന്ദര്യസങ്കല്പങ്ങളുടെ മുതിർച്ചയും ഞങ്ങൾക്കില്ലായിരുന്നു.

പക്ഷേ, സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ മനസ്സായിരുന്നു. ഞങ്ങൾ ഇക്കാന്റെയും ഏട്ടന്റെയും പിറകെ പോയില്ല. സിനിമയുടെ തിരക്കഥകളുടെ പുതുമയിലും സൗന്ദര്യത്തിലും അഭിരമിച്ചു. എം.ടി തിരക്കഥ എഴുതിയ സിനിമകൾ എനിക്കും ഇഷ്ടമായിരുന്നു. അത് ഒ.വി. വിജയൻ തിരക്കഥകൾ എഴുതാത്തതുകൊണ്ടാണോ എന്നറിയില്ല. ലോഹിതദാസും ഭരതനും ജോൺ പോളും ഡെന്നീസ് ജോസഫും പത്മരാജനും ഞങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. അടൂരിന്റെയും അരവിന്ദന്റെയും സിനിമകൾ ഞങ്ങൾ ഒരു വെയിറ്റിനുവേണ്ടി കണ്ടുവെന്നല്ലാതെ അതിന്റെ മൂല്യങ്ങളിലേക്ക് കടക്കാനുള്ള ദൃശ്യബോധവും സൗന്ദര്യസങ്കല്പങ്ങളുടെ മുതിർച്ചയും ഞങ്ങൾക്കില്ലായിരുന്നു. തനിച്ചാവുമ്പോൾ ഞങ്ങൾ അത്തരം സിനിമകളെ പരിഹസിക്കുമെങ്കിലും, മറ്റു സിനിമാ ഭ്രാന്തന്മാർ കടയിലുള്ളപ്പോൾ നാരായണൻ അടൂർ ചിത്രങ്ങളുടെ ആന്തരിക ഗരിമയക്കുറിച്ച് വാതോരാതെ സംസാരിച്ച് എന്നെ അത്ഭുതപ്പെടുത്തി. അനന്തരവും എലിപ്പത്തായവും കാഞ്ചന സീതയും തമ്പുമൊക്കെ ലോകോത്തര സിനിമകളാണെന്ന് ഞാനും തട്ടിവിട്ടു. എന്താണ് പറയുന്നതെന്ന് ഞങ്ങൾക്കുതന്നെ വല്യ പിടിയില്ലാത്തതിനാൽ അത് കേട്ടിരുന്നവർ വാ പൊളിച്ച് ഞങ്ങളെ നോക്കി. ഞങ്ങൾ എന്തോ വല്യ സംഭവമാണെന്ന് അവർ ഉറപ്പിച്ചു.

നടന്മാരുടെ ഫാനാവാതെ സിനിമയെ സംവിധായകന്റെ കഥയായി കാണണമെന്ന് ഞങ്ങളവരെ ഉപദേശിച്ചു. പക്ഷേ പത്ത് ബിരിയാണിയും നാല് വല്യ പെരുന്നാളും ഒരുമിച്ച് സൽകരിച്ചാൽ പോലും അവർ അത്തരം സിനിമകൾകാണുമായിരുന്നില്ല. അഗാധമായ ക്ഷമയോടെ അവാർഡ് സിനിമകൾ കണ്ടിരുന്ന ഞങ്ങൾക്ക് തന്നെ അക്കാലത്ത് ആ സിനിമകളുടെ ഇഴച്ചിലും ജീവനില്ലാത്ത ഭാഷയും നരച്ച ദൃശ്യങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അത് ഞങ്ങൾ മറ്റാരോടും പറഞ്ഞില്ലെന്നു മാത്രം. പറഞ്ഞാൽ ഞങ്ങളിലുള്ള അവരുടെ മതിപ്പ് നഷ്ടമാവുമെന്ന ഭയമായിരുന്നു കാരണം.

എം.ടി യുടെയും വിജയന്റെയും പേരിൽ തർക്കിച്ച ഞങ്ങൾ ബഷീറിലും മാധവിക്കുട്ടിയിലും വി.കെ. എന്നിലും ഒരുമിച്ചു. ഒരേപോലെ അവരെ ഇഷ്ടപ്പെട്ടു. ബഷീർ എം.ടി യുടെ ഗുരുവാണെന്ന് പറഞ്ഞ് ഇടയ്ക്ക് ഞാനവനെ ഇളക്കുമെങ്കിലും, ബഷീറിന്റെ മുമ്പിൽ അവൻ എം.ടി യോടുള്ള ആരാധനക്ക് ഇളവ് കൊടുത്തു. എന്റെ കാര്യത്തിൽ അത് സാധ്യമായിരുന്നില്ല. ബഷീറിനും എത്രയോ മുകളിലായിരുന്നു എന്റെ മനസ്സിൽ വിജയനുള്ള സ്ഥാനം. പക്ഷേ അവനോടത് തുറന്നു പറയാൻ ഞാനിഷ്ടപ്പെട്ടില്ല.

തർക്കങ്ങളിലൂടെയും കലഹങ്ങളിലൂടെയും പരസ്പരമുള്ള കളിയാക്കലുകളിലൂടെയും ഖസാക്ക് എന്റെയുള്ളിൽ വളരുകയായിരുന്നു. അതൊരു വൻമരമായി എന്റെയുള്ളിൽ ആകാശം തൊട്ടു നിന്നു. അതിന്റെ ശിഖരങ്ങൾ എനിക്ക് തണലായി. അതിൽ നിന്നിറ്റുന്ന കാനൽ ജലം നിറുകയിൽ വീണ് എന്നെ തണുപ്പിച്ചു. ഓരോ വായനയിലും ഞാൻ ഖസാക്കിൽനിന്ന് പുതിയ പുതിയ പൊരുളുകൾ കണ്ടെടുത്തു.

വേദാന്തം പഠിക്കാൻ വീട് വിട്ടു പോയി മടങ്ങിവന്ന മാധവൻ നായരോട് അയാളുടെ അമ്മ, 'നീ വേതാന്തം പഠിച്ചോടാ?' എന്ന് ചോദിച്ചപ്പോൾ വിജയനെന്ന വിസ്മയത്തിന്റെ സൗന്ദര്യം ഞാനറിഞ്ഞു. വാറ്റുചാരായത്തിന്റെ സുഖമുള്ള നീറ്റലിൽ മാധവൻ നായർ രവിയോട് പറഞ്ഞു, 'ഈ നട്പ്പറമ്പിലാണ് ഞാൻ വേദാന്തം പടിയ്ക്കാമ്പോയ കാലത്ത് എന്റമ്മ വെപിചരിച്ചത്.’
കണ്ണുപൊട്ടനായ ഗുരുവിന്റെ ശാന്തിയോർത്ത് മാധവൻ നായർ അസൂയ കൊണ്ടു. മാധവൻ നായരുടെ ഉൾക്കാഴ്ച്ചകളും ഓർമ്മകളും എന്റെയുള്ളിൽ കലങ്ങിമറിഞ്ഞു. വാറ്റു ചാരായത്തിന്റെ കുപ്പികൾ കാലിയാവുന്നതും, കൃഷ്ണ കാന്തികൾ വിരിയുന്നതും ,കാനൽ തുള്ളികൾ വീഴുന്നതും, പാപ്പാത്തികൾ ഇണ ചേരുന്നതും തുടയിലെ സന്ധിയിലെ കുരു പൊട്ടി ചലം വരുന്നതും കാഴ്ച്ചകളെല്ലാം കാണലിന്റെ സാരാംശത്തെ ചോർത്തിക്കളയുന്നതും ഞാനറിഞ്ഞു.

ആ പുരയ്ക്കകത്ത് അയാളും അമ്മയും ഉറങ്ങിയില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ പനങ്കാട്ടിൽ മഞ്ഞുതിരുമ്പോൾ കിഴക്കൻ കാറ്റ് വീശുമ്പോൾ, അതിൽ അവർ രണ്ടുപേരും അസ്വസ്ഥരായി.

മരിച്ചുപോയ അച്ഛന്റെ തൽസ്വരൂപമാണ് നീയെന്ന് മാധവൻ നായരോട് അമ്മ വീണ്ടും വീണ്ടും പറയുമായിരുന്നു. ആ സാദൃശ്യത്തിന് അയാൾ അച്ഛനെ കഠിനമായി വെറുത്തു. ആ പുരയ്ക്കകത്ത് അയാളും അമ്മയും ഉറങ്ങിയില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ പനങ്കാട്ടിൽ മഞ്ഞുതിരുമ്പോൾ കിഴക്കൻ കാറ്റ് വീശുമ്പോൾ, അതിൽ അവർ രണ്ടുപേരും അസ്വസ്ഥരായി. ആ അസ്വസ്ഥതകളിൽ നിന്നുള്ള മോചനം തേടിയാണ് അയാൾ വേദാന്തത്തിലേക്ക് യാത്രയായത്. 'നീ പോയാൽ ഞാൻ കഷ്ടത്തിലാവും. എനിക്കാരാ ഉള്ളത് മാധവാ' എന്ന അമ്മയുടെ സങ്കടം പറച്ചിലൊന്നും അയാളെ അലട്ടിയില്ല. അയാൾക്കന്ന് ഇരുപത്തിയൊന്ന് വയസ്സും അമ്മയ്ക്ക് മുപ്പത്തിയഞ്ച് വയസ്സുമാണ്.

പതിനാലാം വയസ്സിലാണ് അമ്മ അയാളെ പെറ്റത്. ഇരുനിറവും സാമാന്യം സൗന്ദര്യവും സാമാന്യത്തിലധികം ആരോഗ്യവും അവർക്കുണ്ടായിരുന്നു. വളരെ ചുരുക്കം വാക്കുകളിലൂടെ ഇതിഹാസക്കാരൻ ശരീരതൃഷ്ണകളുടെ അറ്റമില്ലാത്ത അഗ്‌നിയെ, അതിന്റെ വിചിത്രമായ സഞ്ചാര വഴികളെ അടയാളപ്പെടുത്തുകയായിരുന്നു. ആ സർഗവിസ്മയത്തിനു മുമ്പിൽ നമിക്കാതെ വയ്യ.

പത്ത്: വിജയനും ബഷീറും കൂടിക്കുഴഞ്ഞ പ്രണയലേഖനങ്ങൾ

ജനുവരിക്കാറ്റുകൾ പറങ്കിമാവുകളെ പ്രണയിക്കുന്ന കാലം. ലത്തീഫ് താഹിറാനെയും ഫൈസൽ സംഗീതയേയും പ്രണയിച്ച കാലം. അവർക്കിടയിൽ പ്രണയമെന്തെന്ന് അറിയാതെ, അത് വെറും ഗ്യാരണ്ടി ആഭരണമാണെന്നും ഇടക്ക് രതിയിൽ മുക്കിയെടുത്തില്ലെങ്കിൽ പ്രണയത്തിന്റെ തിളക്കവും ഭംഗിയും നഷ്ടമാവുമെന്ന ബുദ്ധിജീവി വർത്താനവും പറഞ്ഞ് ഞാൻ നടന്ന കാലം. ഈ രണ്ട് കാമുകന്മാർക്കും വേണ്ടി പ്രണയലേഖനങ്ങൾ എഴുതിക്കൊടുത്തത് ഞാനാണ്. കത്തുകളിൽ ജന്മാന്തരങ്ങളുടെ ഇളവെയിലും, കർമ്മബന്ധങ്ങളുടെ അകൽച്ചയും, ക്രൂരമായ നിരാശവും, ദുരൂഹമായ സ്ഥലരാശിയും സ്ഥാനം തെറ്റി കിടന്നു. കൊടുക്കും മുമ്പ് അവർ രണ്ടുപേരും കത്തുകൾ വായിച്ചു നോക്കും. അർത്ഥം മനസ്സിലായില്ലെങ്കിലും പ്രണയലേഖനത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് ആ വാക്കുകളെന്ന് അവർ കരുതി. അല്ലെങ്കിൽ ഞാനവരെ അങ്ങനെ വിശ്വസിപ്പിച്ചു. തങ്ങൾക്ക് കിട്ടിയ പ്രണയ ലേഖനങ്ങളിലെ പൊരുളറിയാത്ത വാക്കുകൾ കാമുകിമാരെ അലട്ടിയില്ല. ബുദ്ധിമതികളായ അവർ ആ വാക്കുകളെ തിരിച്ചും മറിച്ചുമിട്ട് പുതിയ വാക്കുകൾ ഉണ്ടാക്കി. അങ്ങനെ അവരുടെ പ്രണയത്തിന് ഇതിഹാസക്കാരന്റെ വാക്കുകൾ കൂട്ടായി.

അക്കാലത്ത് ബഷീറിനെയും വായിക്കുന്നതു കൊണ്ട്, ബഷീറിന്റെ 'ഞാനും നീയുമെന്ന സത്യത്തിൽ നിന്ന് ഞാൻ മാത്രമാവുന്ന കാലം’ എന്ന പ്രയോഗം വിജയന്റെ വാക്കുകളുമായി കൂടിക്കലർന്നു. അവിയൽ പരുവത്തിലാണെങ്കിലും അതൊക്കെ എന്തോ വല്യസംഭവങ്ങളായി തന്നെ ആ പ്രണയിനികൾ കരുതി. ജലത്തിന്റെ വില്ലീസു പടുതകൾ പ്രണയത്തിന്റെ വില്ലീസു പടുതകളായി. വിരഹത്തിന്റെ സന്ധ്യകൾക്ക് പിറകിൽ ചില്ലു വാതിലുകൾ ഓരോന്നായി അടഞ്ഞു. പ്രണയ ലേഖനത്തിന് ആദ്യമൊക്കെ പഴം പൊരിയും ചായയുമാണ് കൂലിയായി കിട്ടിയത്. പിന്നെ പിന്നെ ഞാനില്ലാതെ ആ കത്തുകൾക്ക് മറുപടി ഉണ്ടാവില്ല എന്ന ഘട്ടമെത്തിയപ്പോൾ അത് സിനിമാ ടിക്കറ്റാക്കി ഞാനുയർത്തി.
അങ്ങനെ വിജയന്റെ വാക്കുകൾ വിറ്റ് ഞാൻ സിനിമകൾ കണ്ടു.

നോമ്പുകാലത്തെ പാതിരാപ്രസംഗങ്ങളുടെ ദിവസങ്ങളിലാണ് പല പ്രണയങ്ങളും പിറവി കൊണ്ടത്. രാത്രിയിൽ വയളിന് വരാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിൽ നിന്ന് പെർമിഷൻ കിട്ടും. അക്കാലത്ത് ആണിനും പെണ്ണിനുമിടയിൽ പള്ളി കമ്മറ്റിക്കാർ സാരി കെട്ടി മറച്ചിരുന്നില്ല. അവർ ഇടകലർന്ന് ഇരുന്നു സ്റ്റേജിൽ പ്രാസംഗികൻ നരക ശിക്ഷകളെ കുറിച്ച് കരഞ്ഞു പറയുമ്പോൾ യൗവ്വനാരംഭങ്ങൾ കണ്ണുകളാൽ പരസ്പരം തങ്ങളുടെ പ്രണയം പറഞ്ഞു. കണ്ണുകളുടെ ഭാഷ മതിയാവാതെ വന്നപ്പോൾ ലത്തീഫും ഫൈസലും വഴി അവർ എന്നെ തേടിയെത്തി. കവലയിൽ അന്ന് ഇത്ര കടകൾ ഉണ്ടായിരുന്നില്ല വിജനമായ വെളിമ്പറമ്പുകൾ ധാരാളമായിരുന്നു. അവിടെ പറങ്കിമാവുകളുടെ കുടക്കീഴിൽ മെഴുകുതിരി വെട്ടത്തിൽ, ഒരു രാത്രിയിൽ അഞ്ചും ആറും പ്രണയലേഖനങ്ങൾ വരെ ഞാൻ എഴുതിക്കൊടുത്തു. അത് കിട്ടുന്ന പെൺകുട്ടികൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കാൻ വഴിയൊന്നും ഉണ്ടായിരുന്നില്ല .അവർ പിന്നീട് പകലുകളിൽ ആരും കാണാതെ എന്തോ പാപം ചെയ്യുന്ന പോലെ തങ്ങളുടെ പ്രണയത്തെ കടലാസുകളിലേക്ക് പകർത്തി. വിജയനും ബഷീറും കൂടിക്കുഴഞ്ഞ എന്റെ എഴുത്തുഭാഷയല്ല മറുപടിയായി കിട്ടിയ കത്തുകളിൽ ഉണ്ടായിരുന്നത്. അതിൽ ആനന്ദങ്ങൾ ഉണ്ടായിരുന്നു. ചുംബനത്തിനായി ദാഹിക്കുന്ന ചുണ്ടുകളുണ്ടായിരുന്നു.

ഒരുമിച്ചിരിക്കാൻ ഇടം തേടുന്ന അശാന്തമായ മോഹങ്ങളുണ്ടായിരുന്നു. ആരും ഒരു കെട്ടിപ്പിടുത്തത്തിനോ ചുംബനത്തിനോ അപ്പുറം വാക്കുകൾ കൊണ്ടുപോലും കടന്നില്ല. വയള് കഴിഞ്ഞ് യാസർ മുസ്ലിയാരുടെ ലേലം വിളിയും കഴിഞ്ഞ് നിലാവ് വീഴുന്ന പാതകളിലൂടെ, പെൺകുട്ടികൾ ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച പ്രണയ ലേഖനങ്ങളുമായി വീട് പറ്റി. കുറുക്കൻ മൈലാഞ്ചികളും കാട്ടെള്ളും പടർന്നുകിടന്ന ചെങ്കൽ പാറകളിലെ ഒറ്റയടിപ്പാതയിലൂടെ ഇതിഹാസകാരനെക്കാൾ വലിയ എഴുത്തുകാരനായി ഞാൻ നടന്നു. വായിച്ചുവായിച്ച് മനഃപ്പാഠമായ വാക്കുകളുരുവിട്ടു.

സന്ധ്യ കറുക്കെ ഒന്നൊന്നായി നക്ഷത്രങ്ങൾ തെളിഞ്ഞു. ആ നക്ഷത്രങ്ങളിലേക്ക് ബഹിരാകാശ സഞ്ചാരി അവന്റെ കപ്പൽ തിരിച്ചു. മരണവും വ്യർത്ഥതയും ചുമന്നു കൊണ്ട് ഏതോ ഗ്രഹത്തിൽ അവൻ കപ്പലണച്ചു. അവിടെ അവൻ വിത്തുകൾ പാവി.അങ്ങിനെ പെരുവിരൽ നൊന്തു. വ്രണപ്പെട്ടു. അനാദിയായ സ്ഥലരാശിയിൽ നിസ്സഹായനായി ആ പടു കിഴവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.'

വയളിന്റെ കാലത്ത് തുടങ്ങുന്ന പ്രണയങ്ങൾ പലതും ആ എട്ടും പത്തും ദിവസങ്ങൾ കൊണ്ട് തന്നെ അവസാനിച്ചു. പിന്നീട് നഷ്ടപ്രണയങ്ങൾ പറങ്കിമാവിൻ തോട്ടങ്ങളിലിരുന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളിലെ ശോക ഗാനങ്ങൾ പാടി. എന്നിട്ട് കുറ്റിബീഡികൾ പൊറുക്കി വലിച്ചു. ഇതിഹാസകാരന്റെ വാക്കുകൾ എനിക്ക് നേടിത്തന്ന സമ്പാദ്യം കൊണ്ട് ഞാൻ സിഗരറ്റ് വലിച്ചു. തമ്മിൽ കാണാൻ പറ്റാതെ ശ്വാസം മുട്ടുന്ന കാമുകന്മാർ എന്നോട് ആ പ്രണയലേഖനങ്ങൾ വായിക്കാൻ പറഞ്ഞു. എഴുതിയതും എഴുതാത്തതുമായ വാക്കുകൾ വായിച്ചു കഴിഞ്ഞിട്ടും അവർക്ക് തൃപ്തിയായില്ല. അവരുടെ കാമുകിമാർ തങ്ങൾക്ക് കിട്ടിയ ആ പ്രണയ ലേഖനങ്ങളെ നിധി പോലെ സൂക്ഷിച്ചുവെച്ചു. അക്കൂട്ടത്തിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സുലൈഖ മാത്രം മുനീറിന് കാര്യങ്ങൾ വെട്ടിത്തുറന്ന് എഴുതി: ''എടാ പൊട്ടാ, നീയെന്നെ പറ്റിക്കാൻ നോക്കണ്ട. ഇതൊന്നും പത്താം ക്ലാസ് പാസാവാത്ത അന്നെക്കൊണ്ട് എഴുതാൻ പറ്റില്ലെന്ന് എനിക്ക് നല്ലോണം അറിയാ. വിവരമുള്ള ആരോ എഴുതി തരുന്ന ഇങ്ങനത്തെ വാക്കും കൊണ്ട് ഇനിയെന്റെ അടുത്തേക്ക് വന്നാ പൊന്നു മോനേ ഇജ് നക്ഷത്രമെണ്ണും.'

അവനത് എനിക്ക് വായിച്ചുതരുമ്പോൾ എന്നെ ആ വിവരമുള്ള ആളായിട്ട് കരുതി. പക്ഷേ അത് ഓട്ടു പുലാക്കൽ വേലുക്കുട്ടി വിജയനായിരുന്നു. കൂട്ടുകാർക്കു വേണ്ടി പ്രണയലേഖനങ്ങൾ എഴുതിയെഴുതി എന്റെ വാചക ബാക്കി പെരുകി പെരുകി വന്നു. ഒരു നോട്ടുബുക്കിൽ ഞാൻ അവയൊക്കെ കുറിച്ചു വെച്ചു .എന്നിട്ട് പ്രണയത്തെ പുച്ഛിക്കുന്ന ഞാൻ അതൊരു കത്താക്കി പകർത്തി എഴുതി. അതും കീശയിലിട്ട് ഞാനെന്റെ കാമുകിയെ തിരഞ്ഞ് നടന്നു. ആൾക്കൂട്ടത്തിൽ, ബസ് സ്റ്റാന്റിൽ, പുക മണക്കുന്ന സിനിമാശാലകളിൽ, തിരക്കുള്ള ബസ്സുകളിൽ, കോളേജിലേക്കുള്ള വഴികളിൽ കൈത്തണ്ടയിൽ നീല ഞരമ്പുള്ള,തട്ടം ഊർന്നു പോവുന്ന ആ കാമുകിക്കായി ഞാൻ അലഞ്ഞു നടന്നു. എവിടെയും കണ്ടു കിട്ടിയില്ല.

ഒടുക്കം, അക്കാലത്തെ പത്രത്താളുകളിലെ ചരമ കോളങ്ങളിൽ അപൂർവമായി മാത്രം വരുന്ന കളർ ഫോട്ടോകളിൽ ഒന്ന് വെട്ടിയെടുത്ത് ഞാനെന്റെ ഡയരിയിൽ ഒട്ടിച്ചുവെച്ചു. രാത്രികളിൽ ഞാനവളോട് സംസാരിച്ചു. എന്റെ കൈത്തണ്ടയിൽ ഉമ്മ വെച്ച് ഞാനാ നീലഞരമ്പുകളിൽ തലോടി. എന്റെയാ ഭ്രാന്തൻ പ്രണയത്തിന് സാക്ഷിയായി സ്റ്റോർ റൂമിൽ തീപിടിച്ച പെൺകുട്ടി നിന്നു. മരണപ്പെട്ടവളാണെന്ന് അറിഞ്ഞിട്ടും ഞാനവൾക്ക് കത്തുകൾ എഴുതി. ആ കത്തുകളിലൊന്നും വിജയനോ ബഷീറോ മറ്റു എഴുത്തുകാരോ കടന്ന് വന്നില്ലെന്ന് ഇപ്പോൾ ഞാൻ അത്ഭുതത്തോടെ ഓർക്കുന്നു.

എന്റെ മുണ്ടിന്റെ തലയ്ക്കൽ ചവിട്ടി തടഞ്ഞ് വീണതോടെ കുട്ടാടൻ പൂശാരിയുടെ നിയോഗം എന്നെയും തൊട്ടു. / Photo: Biju Ibrahim / The Legend of Khasak

ഇതിനിടയിൽ ഫൈസലിന്റെയും മൻസൂറിന്റെയും കാമുകിമാർ തങ്ങൾക്ക് ലഭിച്ച പ്രണയലേഖനങ്ങൾ കൈമാറി വായിച്ചപ്പോൾ സംഗതിയാകെ വഷളായി .രണ്ട് കൈപ്പടയിൽ ഒരേ വാക്കുകൾ. പ്രണയത്തിന് ഒരേ നിർവചനങ്ങൾ. അടഞ്ഞ ചില്ലുവാതിലുകൾ. നീയെന്നെ പിരിയുമ്പോൾ ശൂന്യമായി തീരുന്ന കാലത്തിന്റെ മദീനാ തടം. അധരങ്ങളുടെ കർമ്മ ബന്ധങ്ങൾ.

അവർക്ക് കാര്യം മനസ്സിലായി. ഫൈസലിന്റെ കാമുകി അവനോടു കടുപ്പിച്ച് ചോദിച്ചപ്പോൾ അവൻ സത്യം മുഴുവൻ പറയുകയും എന്നെ കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കവേ എന്റെയരികിൽ ആ പെൺകുട്ടിയുടെ ശബ്ദത്തിൽ കാലത്തിന്റെ മദീനാ തടവും ,ദുരൂഹമായ സ്ഥല രാശിയും ഇളവെയിലിലെ തുമ്പിയും, പരിഹാസപ്പാട്ടായി മുഴങ്ങി. അവളുടെയും കൂട്ടു കാരികളുടെയും ഉച്ചത്തിലുള്ള ചിരിയിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തിൽ അവിടുന്ന് നടന്ന ഞാൻ, എന്റെ മുണ്ടിന്റെ തലയ്ക്കൽ ചവിട്ടി തടഞ്ഞ് വീണതോടെ കുട്ടാടൻ പൂശാരിയുടെ നിയോഗം എന്നെയും തൊട്ടു. എന്റെ നെറുകയിൽ നിന്ന് ചോരയൊലിച്ചു. വയറ്റിൽ സൾഫേറ്റിന്റെ ദ്രാവകം കലങ്ങി മറിഞ്ഞു .ആ വീഴ്ച്ചയിലും എന്നിലെ ഉന്മാദി ഉരുവിട്ടു.

'കീരിമണി കെട്ടിയ കാല് ഊന്നിച്ചവിട്ടി പൂശാരി ഒന്നട്ടഹസിച്ചു. ആൾക്കൂട്ടം ദൈവപ്പുരയുടെ നേർക്കു പ്രതീക്ഷയോടെ നോക്കുകയാണ്. ആ അട്ടഹാസത്തിൽ വയറൊന്നമർന്നു. അതിനകത്ത്, അന്തർവാഹിനികളിലൂടെ മെഴുക്കു പിടിച്ചൊരു പദാർത്ഥം നീങ്ങി. നിസ്സഹായമായി കുട്ടാടൻ പൂശാരിയുടെ ചോതന ആ ചലനത്തിൽ കേന്ദ്രീകരിച്ചു.'

അള്ളാ പിച്ചാ മൊല്ലാക്കയുടെ മയ്യത്ത് ഖസാക്കിലേക്ക് മടങ്ങിവരുമ്പോൾ വിജയൻ എഴുതിയിട്ട വാക്കുകളെ മാറ്റിമറിച്ച് കാമുകിയെ കാണാതിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന വേദനകളെ ഉസ്മാനെന്ന കാമുകനുവേണ്ടി ഞാനെഴുതി. / Photo: ഖസാക്കിന്റെ ഇതിഹാസം - നാടകം

പ്രണയലേഖനങ്ങളിലെ സ്വന്തമല്ലാത്ത വാക്കുകളെ ചൊല്ലി പല പ്രണയങ്ങളും വേർപിരിഞ്ഞു .എന്റെ എഴുത്തെഴുതലിനു മാത്രം കുറവ് വന്നില്ല. ടൈലർ ഉസ്മാനുവേണ്ടി പ്രണയലേഖനം എഴുതിക്കൊടുക്കുമ്പോൾ എനിക്കറിയില്ലായിരുന്നു, അവന്റെ കാമുകി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന്. ഉസ്മാന് കാമുകിമാർ പലതായിരുന്നു. അവന് ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. വിവാഹത്തോടെ പ്രണയം അവസാനിക്കുന്നില്ലെന്നും ഒരാളിൽ മാത്രം അത് തടഞ്ഞു നിൽക്കില്ലെന്നും അവനിലൂടെയാണ് ഞാൻമനസ്സിലാക്കിയത്.
അവന്റെ തുന്നൽക്കട കവലയുടെ അങ്ങേയറ്റത്തായിരുന്നു. അവൻ തയ്ച്ചത് ബ്ലൗസും പാവാടകളുമാണ്. അവന്റെ കടയിൽ നാരായണന്റെ കടയിലേക്കെന്ന പോലെ എല്ലാവർക്കും പ്രവേശനമില്ലായിരുന്നു. പ്രത്യേകിച്ചും വായ് നോക്കികൾക്ക്. ആ കടയുടെ നിരപ്പലകയിൽ അക്കാലത്ത് ഞങ്ങൾക്ക് അപരിചിതരായ ജാക്കിചാനും അനിൽ കപൂറും ബ്രൂസ്‍ലിയും പതിഞ്ഞുകിടന്നു. ഉസ്മാന് സിനിമയിൽ അഭിനയിക്കാൻ വല്ലാത്ത മോഹമുണ്ടായിരുന്നു. അതിനുവേണ്ട സൗന്ദര്യവും അവനുണ്ടായിരുന്നു. ഞാൻ പലർക്കും കത്തുകൾ എഴുതി കൊടുക്കുന്നതറിഞ്ഞ് അവനെന്നെ തന്റെ കടയിലേക്ക് ക്ഷണിച്ചു. അവിടെ വസ്ത്രങ്ങൾക്ക് അളവെടുക്കാൻ തരുണീമണികൾ വന്നു. അവരുടെയെല്ലാം നോട്ടം അവനിൽ മാത്രം തടഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ വേദനിച്ചു. 'ഭവതികളേ, ഇതാ ഇവിടെയൊരു എഴുത്തുകാരൻ ഇരിപ്പുണ്ട്. എന്നെയും കടാക്ഷിച്ചാലും' എന്ന് ബഷീറിയൻ ശൈലിയിൽ ഞാൻ ഉള്ളിൽ പറഞ്ഞു.

ആർക്കാണ് നിങ്ങൾ കത്ത് കൊടുക്കുന്നതെന്ന് ഞാനാരോടും അന്വേഷിക്കാറില്ല. ചിലർ കത്തിൽ പേര് എഴുതേണ്ട ആവശ്യം വരുമ്പോൾ മാത്രം എന്നോട് പേരുകൾ പറഞ്ഞു. എനിക്ക് അവരെയൊന്നും പരിചയമുണ്ടായിരുന്നില്ല. ഉസ്മാനും പേര് പറഞ്ഞില്ല. പേരറിയാത്ത ആ പെൺകുട്ടിയോട് ഇതിഹാസക്കാരന്റെ വാക്കുകൾ പ്രണയം പറഞ്ഞു.

അള്ളാ പിച്ചാ മൊല്ലാക്കയുടെ മയ്യത്ത് ഖസാക്കിലേക്ക് മടങ്ങിവരുമ്പോൾ വിജയൻ എഴുതിയിട്ട വാക്കുകളെ മാറ്റിമറിച്ച് കാമുകിയെ കാണാതിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന വേദനകളെ ഉസ്മാനെന്ന കാമുകനുവേണ്ടി ഞാനെഴുതി. എന്റെ എഴുത്തിൽ കമ്പം കയറിയ ഉസ്മാൻ എനിക്കു പൊറോട്ടയും ബീഫും വാങ്ങിത്തന്നു. പലരും മറുപടി കത്തുകൾ എന്നെ കാണിച്ചിട്ടാണ് പിന്നത്തെ കത്ത് എഴുതിക്കാറുള്ളത്.

ഉസ്മാൻ ആദ്യമൊന്നും എനിക്ക് ആ മറുപടികൾ കാണിച്ചുതന്നില്ല. അവന്റെ പ്രണയം പല തരം മണ്ണിനെ നനയ്ക്കുന്ന അരുവിയാണെന്ന് മനസ്സിലാക്കിയ ഞാൻ അത് ചോദിച്ചതുമില്ല. അങ്ങനെ നാലഞ്ച് കത്തും മറുപടിക്കത്തും ആയപ്പോൾ ഒരിക്കൽ അവനെന്നെ ബേജാറോടെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോയി. നീല ഇൻലന്റിൽ മേൽവിലാസം എഴുതാത്ത ഒരു കത്ത് വായിക്കാൻ തന്നു. ഉസ്മാന്റെ ദിവ്യമായ പ്രണയത്തിൽ പെട്ടുപോയ ഏതോ ഒരു സ്ത്രീ അതിൽ എഴുതി, 'നിങ്ങളെ എനിക്കിഷ്ട്ടാണ്. നിങ്ങൾ വിളിച്ചാൽ എവിടേക്കും വരാൻ ഞാൻ തയ്യാറാണ്. എന്റെ എല്ലാം ഞാൻ നിങ്ങൾക്ക് വേണ്ടി ഒഴിവാക്കാ. എന്റെ കാക്കാനെയും മുത്തു മോനെയും കുഞ്ഞോളെയും ഞാൻ ഒഴിവാക്കാം. ഈ ബന്ധം ഒഴിവാക്കി ഞാൻ നിങ്ങളെ കൂടെ വരാ. ഇങ്ങള് കല്യാണം കഴിച്ചിറ്റില്ലാന്ന് പൊള്ള് പറഞ്ഞതാണെന്നും എനിക്കറിയാ. നിങ്ങൾ ആ ബന്ധം ഒഴിയണം. ഞാൻ ഈ ബന്ധവും ഒഴിയാം. എന്ന്ട്ട് നമ്മക്കൊന്നിച്ച് എവിടെങ്കിലും ജീവിക്കാ.'

ഉസ്മാൻ താൻ വിവാഹം കഴിച്ച കാര്യം ആ സ്ത്രീയോട് പറഞ്ഞിരുന്നില്ല. നേരിട്ടുകണ്ട് കത്തുകൾകൈമാറി വിരൽത്തുമ്പിൽ തൊട്ട്, കമ്യൂണിസ്റ്റ് പച്ചകളുടെ മറവിൽ അവരെ ചേർത്തുപിടിച്ച് ഉമ്മ വെച്ചിരുന്നു. എന്റെ നിർബന്ധത്തിനുവഴങ്ങി ആള് ആരാണെന്ന് അവൻ പറഞ്ഞുതന്നപ്പോൾ ഞാൻ ബദരീങ്ങളെയും മിയാൻ ഷെയ്ക്കിനെയും ഒരുമിച്ചു വിളിച്ചുപോയി.
അവർ ഞങ്ങളുടെ ഗ്രാമത്തിന് തൊട്ടപ്പുറത്തുള്ള ഗ്രാമത്തിലെ ചെങ്കൽ കോറിയിൽ പണിക്കാർക്ക് ഭക്ഷണം ഉണ്ടാക്കാൻ പോവുന്ന സ്ത്രീയായിരുന്നു. ഞാനവരെ കണ്ടിട്ടുണ്ട്. ഇരു നിറത്തിൽ വിടർന്ന കണ്ണുകളും പനങ്കുലയോളം മുടിയുമുള്ള സുന്ദരിയായിരുന്നു അവർ. അവരുടെ ഭർത്താവ് മരം വെട്ടുകാരനായിരുന്നു. അയാൾ മരത്തിൽ നിന്ന് വീണ് ചലന ശേഷി നഷ്ടമായി വീട്ടിൽ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷങ്ങളായി.
ഉസ്മാനെക്കാൾ ബേജാറോടെയാണ് ഞാനന്ന് ഉറങ്ങാൻ കിടന്നത്. കത്തുകൾക്കുള്ള പ്രതിഫലമായി അവൻ വാങ്ങിത്തന്ന പൊറോട്ടയും ബീഫും പഴം പൊരിയുമൊക്കെ എന്റെ വയറ്റിൽ കിടന്ന് പഞ്ഞിക്കെട്ട് പോലെ കത്തി.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments