മരണം വരെയും തുടരുന്ന
ഒരു നായാട്ടിന്റെ തുടക്കം

ഞാനാകെ പഠിച്ചത് എട്ടാം ക്ലാസ് തമിഴായതിനാൽ ഖസാക്കിലെ പാലക്കാടൻ മലയാളത്തിൽ എനിക്കൊട്ടും തടഞ്ഞുനിൽക്കേണ്ടിവന്നില്ല. പെരും ചിലമ്പിനെ ഖസാക്കായും ഖസാക്കിനെ പെരുംചിലമ്പായും എന്റെ ബോധം മാറ്റി വായിച്ചു.

അധ്യായം മൂന്ന്: ഒപ്പിടാതെ, തീയതി എഴുതാതെ
ഞാൻ കൈപ്പറ്റിയ ആ പുസ്തകം

ഞാനെന്തോ കണ്ട് പേടിച്ചതാണെന്നുകരുതി ഉമ്മ എനിക്കായി ആയത്തുൽ ഖുർസി ഓതി. മുളകും കല്ലുപ്പും എന്റെ തലയിൽ മൂന്നു വട്ടം ഉഴിഞ്ഞ് അടുപ്പിൽ കൊണ്ടിട്ടു. അത് അവിടെ കിടന്നു പൊട്ടിത്തെറിക്കുന്ന ഒച്ച ഞാൻ കേട്ടു. എന്റെ വിശപ്പും ദാഹവും ആവിയായി പോയിരുന്നു. എനിക്കിന്ന് ചോറ് വേണ്ടെന്ന് പറഞ്ഞതും പെങ്ങന്മാരും ബേജാറായി. ഉപ്പ മാത്രം വരാന്തയിലെ കസേരയിൽ ശാന്തനായി ഇരുന്നു. ഉപ്പാന്റെ ചുറ്റും പൂച്ചകൾ വട്ടം ചുറ്റിക്കളിച്ച് അവരുടെ ഭാഷയിൽ ഉപ്പാനോട് സംസാരിച്ചു.

വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. എന്റെ ഉള്ളിൽ കടലോളം ആനന്ദമുണ്ട്, ആകാംക്ഷയുണ്ട്, ഞാൻ എന്തൊക്കെയോ നേടിയെന്ന തോന്നലുണ്ട്, നേടിയതിനേക്കാൾ നേടാനുണ്ടെന്ന അറിവുമുണ്ട്. എല്ലാം ഉണ്ടായിട്ടും ഞാൻ അന്ന് വരെയുള്ള അബ്ബാസായിരുന്നില്ല. അന്നു മുതലാണ് എന്റെ രാത്രികൾ അശാന്തമായി മാറിയത്. എന്റെ ഉറക്കം നഷ്ടമായത്. നഗരത്തിലെ ഹോട്ടലുകളിൽ എച്ചിൽ മേശകൾ തുടക്കുന്ന കാലത്ത്, സ്വവർഗ്ഗരതിയുടെ പൂച്ചകൾ എന്നെ മാന്തുമ്പോഴും, പിന്നീട് വിജനമായ ഒരു കുന്നിൻപുറത്ത് തനിച്ച് താമസിക്കുമ്പോഴും, ഭ്രാന്താശുപത്രി എന്ന ബോർഡില്ലാത്ത വിജയാ ഹോസ്പിറ്റലിൽ ഭ്രാന്തനായി കിടക്കുമ്പോൾ പോലും ഞാൻ കുറച്ചൊക്കെ ഉറങ്ങിയിരുന്നു.

പക്ഷേ ആ രാത്രി ഉമ്മാനെ പറഞ്ഞു സമാധാനിപ്പിച്ച് ഉറങ്ങാൻ കിടന്ന ഞാൻ അഗാധമായ പ്രണയത്തിലകപ്പെട്ടവനെപ്പോലെ കിടക്കപ്പായയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എഴുന്നേറ്റിരുന്നു. ധാരാളം ബീഡി വലിച്ചു. എന്റെയുള്ളിൽ വിജയനെന്ന വിസ്മയത്തിന്റെ വാക്കുകൾ നൃത്തം വെച്ചു.

'രാജാവിന്റെ പള്ളിയിൽ, ഇരുട്ടത്ത് പൊടിയുടെ ഗന്ധം. ചന്ദനത്തിരിയുടെ ഗന്ധം. വാറ്റുചാരായം നിറച്ച സ്ഫടികക്കുപ്പി രവി മൈമൂനയുടെ നേർക്ക് ചെരിച്ചു. അവൾ ചുണ്ടുകൾ വിടർത്തി. അവയുടെ ചുവപ്പും ദൈർഘ്യവും രവിയ്ക്ക് കാണാൻ വയ്യായിരുന്നു. അവയുടെ നനവറിഞ്ഞതേയുള്ളൂ.'

പുറത്തെ വെളിമ്പറമ്പുകളിൽ മഴ പെയ്തു. ചുമർ പഴുതുകളിലൂടെ കടന്നുവന്ന മഴ എന്നോട് സംസാരിച്ചു. ഞാൻ അക്കാലമത്രയും വായിച്ചവയിൽകുറച്ച് രതിവർണ്ണനകളല്ലാതെ മറ്റൊന്നും ഓർമ്മയുണ്ടായിരുന്നില്ല. പക്ഷേ ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ നിന്ന് വായിച്ച, ഖസാക്കിന്റെ ഇതിഹാസത്തിലെ വാക്കുകൾ ഒറ്റ വായനയിൽ തന്നെ സുഗന്ധമുള്ള കൊടുങ്കാറ്റായി എന്റെയുള്ളിലേക്ക് കടന്ന് അവിടമാകെ തച്ച് തകർത്തു. ഞാൻ ഓർക്കാഞ്ഞിട്ടും ആ വാക്കുകൾ എന്റെ ഉൾ മനസ്സ് ഉരുവിട്ടു.

'അന്തിവെളിച്ചത്തിലൂടെ നടക്കുമ്പോൾ രവി ഖസാക്കിന്റെ ഈശ്വരന്മാരെ കണ്ടു. ഇരുട്ടു കെട്ടിയ പള്ളിത്തളത്തിൽ, പള്ളിച്ചതുപ്പിൽ, പുളിങ്കൊമ്പിൽ, ചാൺ കവിയാത്ത സർപ്പശിലയിൽ, ചവിട്ടടിപ്പാതയുടെ വിജനതയിൽ അങ്ങിനെ ആ കാവൽപ്പടികളിൽ അവർ കുടി കൊണ്ടു.'

എനിക്ക് ഖസാക്ക് വായിക്കണമായിരുന്നു. രവിയേയും നൈജാമലിയേയും മൈമൂനയേയും ചെതലിയേയും അറബിക്കുളത്തേയും കുപ്പുവച്ചനേയും അള്ളാ പിച്ചാ മൊല്ലാക്കയേയും വായിക്കണമായിരുന്നു. അവിടുത്തെ ഈശ്വരന്മാരെ അറിയണമായിരുന്നു.

എന്റെ കൺപോളകൾ അടഞ്ഞതേയില്ല. അത് വീടിന്റെ മേൽക്കൂരയിലെ ഇരുട്ടിൽ തടഞ്ഞുനിന്നു. അവിടെ എനിക്കറിയാത്ത ഖസാക്കിലെ മനുഷ്യർ തല കുത്തനെ നിരന്നുനിന്നു. ഘടികാരത്തിന്റെ മണിയടികൾ ഞാൻ കേട്ടു. സമയം അതിന്റെ പടം പൊഴിച്ചിട്ട് പുതിയതിലേക്കു കടക്കുന്നതിന്റെ അളവുകൾ എണ്ണി ഞാൻ വെറുതെ കിടന്നു. ഉമ്മാന്റെ കൂർക്കം വലിയും അനിയത്തിയുടെ ഉറക്കപ്പിച്ചും ഞാൻ കേട്ടു. പുറത്ത് ശാന്തമായി പെയ്യുന്ന മഴയുടെ സംഗീതം കേട്ടു.

പുലരാൻ കാത്തുകിടന്ന ആ രാത്രിയെ നീണ്ട 28 വർഷങ്ങൾക്കുശേഷവും ഞാനോർക്കുന്നു. ആ രാത്രിയുടെ ആനന്ദവും സങ്കീർണതയും വാക്കുകളുടെ നടനവും ഓർക്കുന്നു. എനിക്ക് മുമ്പേ ഖസാക്ക് വായിച്ച സകല മനുഷ്യരോടും അസൂയ തോന്നിയ രാത്രിയായിരുന്നു അത്.

ഞങ്ങളുടെ വീട് നിന്ന പറമ്പിന്റെ തെക്കേ അറ്റത്താണ് കുഞ്ഞൂട്ടനെന്ന ഉന്മാദി ഉടുതുണിയിൽ തൂങ്ങി നിന്നത്. അതു കാണാൻ ഓടിക്കൂടിയവരിൽ ഞാനുമുണ്ടായിരുന്നു. കുഞ്ഞുട്ടന്റെ കാല് നിലത്ത് തൊട്ടു തൊട്ടില്ലെന്ന നിലയിൽ ശൂന്യതയിൽ തൂങ്ങിയാടി. കയ്യെത്തിപ്പിടിക്കാവുന്ന പറങ്കിമാവിൻ കൊമ്പിലാണ് കുഞ്ഞൂട്ടൻ മരണത്തിലേക്ക് കുരുക്കിട്ടത്. കണ്ണ് തുറിച്ച് മരണം രുചിച്ച് നിന്ന കുഞ്ഞുട്ടൻ, ആ കുരുക്കിൽ നിന്ന് ഇറങ്ങി വരുന്നുണ്ടെന്ന് തോന്നി. അവൻ അടുക്കള മുറ്റത്ത് വന്ന് നിന്ന് കഞ്ഞിക്കായി എന്റെ ഉമ്മാനെ വിളിക്കുന്നുണ്ടെന്ന് തോന്നി. പക്ഷേ ആ തോന്നലുകളൊന്നും എന്നിൽ ഭയമുണ്ടാക്കിയില്ല.

പുലരാൻ കാത്തുകിടന്ന ആ രാത്രിയെ നീണ്ട 28 വർഷങ്ങൾക്കുശേഷവും ഞാനോർക്കുന്നു. ആ രാത്രിയുടെ ആനന്ദവും സങ്കീർണതയും വാക്കുകളുടെ നടനവും ഓർക്കുന്നു. എനിക്ക് മുമ്പേ ഖസാക്ക് വായിച്ച സകല മനുഷ്യരോടും അസൂയ തോന്നിയ രാത്രിയായിരുന്നു അത്. നിമിഷങ്ങളും മണിക്കൂറുകളും എണ്ണി ഒടുക്കം പുലരിയുടെ ആദ്യ ശബ്ദങ്ങൾ ഉണർന്ന് തുടങ്ങിയപ്പോൾ ഞാൻ ചെറുതായൊന്ന് മയങ്ങി. ഏതോ ദൂരയാത്രയ്ക്ക് തയ്യാറെടുത്തിട്ട് അത് മറന്ന് ഉറങ്ങിപ്പോയവനെപ്പോലെ ഞാൻ ഞെട്ടിയുണർന്നു . കിടക്കുന്നിടത്ത് നിന്ന് എനിക്ക് അടുക്കളയും അടുപ്പും കാണാമായിരുന്നു.

ഉമ്മ രാവിലത്തെ കട്ടൻ ചായ ഉണ്ടാക്കി. വിറകടുപ്പിൽ നിന്ന് ഉയരുന്ന തീയിനെ ഞാൻ ഖസാക്കിന്റെ ഇതിഹാസമെന്ന് വായിച്ചു. ശേഷം ഒട്ടും ഉറക്കച്ചടവില്ലാതെ എഴുന്നേറ്റ് അടുപ്പിൻ തിണ്ണയിൽ കയറിയിരുന്നു. ഉമ്മ എന്നോട് ഒന്നും ചോദിച്ചില്ല. എന്റെ മുഖം പഴയപടിയായതോ അല്ലെങ്കിൽ ഉമ്മാന്റെ ബേജാറ് പാടെ മാറിയതോ ആവാം അതിനു കാരണം.

അപൂർവ്വം അവസരങ്ങളിൽ മാത്രം ലഭിക്കുന്ന മധുരമിട്ട കട്ടൻ ചായ കുടിക്കുമ്പോൾ ഞാൻ ഓർത്തത്, ലൈബ്രറി തുറക്കാൻ ഇനിയും മൂന്നിലേറെ മണിക്കൂർ ബാക്കിയുണ്ടല്ലോ എന്നാണ്. പക്ഷേ ആ മണിക്കൂറുകളെ ഒരു തീപ്പൊരി ചിതറുന്ന വേഗത്തിലേക്ക് ചുരുക്കിയെടുക്കാൻ എനിക്കപ്പോൾ കഴിയുമായിരുന്നു. ഉമ്മ വിറകടുപ്പിൽ ഓട്ടട ചുട്ടു. ഞാൻ എന്റെ കടലാസു പെട്ടിയിൽ ആ ചെറിയ പുസ്തകം ഇല്ലേ എന്ന് ഉറപ്പുവരുത്തി മടങ്ങുമ്പോൾ , എനിക്കറിയാത്ത ഒരബ്ബാസ് പതിഞ്ഞ ശബ്ദത്തിൽ ഉരുവിട്ടു; 'ഈ കിളിയ്ക്ക് എന്നും അന്തിയാണ് മാഷേ, എന്നാലോ കൂടൊട്ട് പറ്റാറുമില്ല.'
'ആരും കൂട് പറ്റാറില്ല മാധവന്നായരേ.'
'നേരാ മാഷേ.'
‘അപ്പോഴും അസ്തമയത്തിലൂടെ പനന്തത്തകളുടെ ധനസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു.'

മുള്ളൻ മടയായിരുന്നു അക്കാലത്തെ എന്റെ വായനാമുറി. മഴയും വെയിലും മഞ്ഞും തേടിയെത്താത്ത, അരണ്ട വെളിച്ചവും വേർതിരിക്കാൻ കഴിയാത്ത അനേകം ഗന്ധങ്ങളുമുള്ള ഗുഹയുടെ അന്തരീക്ഷത്തിൽ പുസ്തകത്തിലേക്ക് വെളിച്ചം കിട്ടുന്ന ദൂരത്തിലിരുന്ന് ഞാൻ ഖസാക്കിന്റെ ഇതിഹാസം തുറന്നു.

അക്കാലത്ത് ഞങ്ങളുടെ വീടിന് ഒരു കക്കൂസേ ഉണ്ടായിരുന്നുള്ളൂ. ആണുങ്ങൾ വെളിമ്പറമ്പിലാണ് തൂറാനിരുന്നത്. കിണ്ടിയിൽ വെള്ളവുമായി തൂറാൻ പോവുമ്പോൾ ഞാൻ ഹരിദാസനെ ഓർത്തു. ലൈബ്രറിയയും ചില്ലലമാരകളെയും ഓർത്തു. അയാളെനിക്ക് ഖസാക്ക് തന്നില്ലെങ്കിലോ എന്ന ചിന്ത എന്റെ വയറ്റിലാണ് ഇളകിമറിഞ്ഞത്. തരാതിരിക്കില്ല, ഇത് തന്നതല്ലേ? ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു.

എന്നും രാത്രിയിൽ കുളിക്കുന്ന ഞാൻ തലേന്ന് കുളിച്ചിരുന്നില്ല. പല്ല് തേച്ച് കുളിയൊക്കെ കഴിച്ച് ഉമ്മാന്റെ ഓട്ടട കൂട്ടി ചായ കുടിച്ച്, ഉള്ളതിൽ ഏറ്റവും ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് ഞാൻ കൃത്യം എട്ട് പത്തിന് വീട്ടിൽനിന്ന് ഇറങ്ങി.

പതാകയെ കടലാസുപെട്ടിയിൽ തന്നെ സൂക്ഷിച്ച് വെച്ച്, ഇതിഹാസത്തിന്റെ ഇതിഹാസം നെഞ്ചോട് ചേർത്ത് ഞാൻ നടന്ന വഴികളിൽ വെയിൽ വീണു. വഴിയോരപ്പച്ചകളിൽ മഴത്തുള്ളികൾ തിളങ്ങി. കവലയിൽ വെച്ച് കണ്ടവരോടൊക്കെ ഞാൻ പതിവില്ലാതെ ചിരിച്ചു. പള്ളി മിനാരത്തിനപ്പുറം ഊരകം മലയുടെ മുകളിലൂടെ പുലരിയുടെ പക്ഷികൾ പറന്നു. അങ്ങോട്ട് ചിരിച്ചതിനാലോ അതോ മറ്റെന്തെങ്കിലും കാരണത്താലോ എന്നറിയില്ല, ആ പുലരിയിൽ എന്നോട് രണ്ട് പെൺകുട്ടികൾ ചിരിച്ചു. ഖസാക്കിനെ തേടിയുള്ള യാത്രയല്ലായിരുന്നെങ്കിൽ ആ ദിവസം മുഴുവൻ ധന്യമാവാൻ എനിക്കാ ചിരി മതിയായിരുന്നു.

കവലയുടെ മറ്റേ അറ്റത്ത് വെള്ളിയാഴ്ച്ച ആയതിനാൽ ഇറച്ചി വാങ്ങുന്നവരുടെ തിരക്ക്. ഇറച്ചിപ്പൊതികളുമായി എന്നെ കടന്നു പോയവരോടൊക്കെ ഞാനൊരു മന്തനെപ്പോലെ ചിരിച്ചു. ആരും പകരം ചിരിക്കാതിരുന്നില്ല. രാത്രിയുടെ അശാന്തിയും സങ്കീർണ്ണതകളും മാറി എന്റെ ഉള്ളം വെയിലേറ്റ മഞ്ഞുതുള്ളി പോലെ തിളങ്ങി. ആ തിളക്കം എന്റെ മുഖത്തും ഉണ്ടായിരുന്നിരിക്കണം.

രണ്ട് ബസ് കോട്ടക്കലിലേക്ക് പോയിട്ടും, സമയമാവാത്തതിനാൽ ഞാനതിൽ കയറിയില്ല. ഒമ്പത് മണിയുടെ കാരാടൻ ബസ് വരാൻ ഞാൻ കാത്തിരുന്നു. ബസ് വന്നപ്പോൾ ഞാനതിൽ കയറി താഴെ കോട്ടക്കലിൽ ഇറങ്ങി. ഒട്ടും ധൃതിയില്ലാതെ അല്ലെങ്കിൽ, അങ്ങനെ ഭാവിച്ച് ഞാൻ നേർവഴിയിലൂടെ ലൈബ്രറിയിലേക്ക് നടന്നു.

സൂര്യവെളിച്ചത്തെ മായ്ച്ച മഴ പെയ്യാൻ തുടങ്ങി. ലൈബ്രറിയിലേക്കുള്ള ഹാൾ തുറന്നുകിടന്നു. പുസ്തകങ്ങൾ സൂക്ഷിച്ച നീലച്ചായം പൂശിയ മരത്തിന്റെ ചുമരുകളുള്ള ലൈബ്രറി വാതിൽ തുറക്കാൻ പത്തു മണിയെങ്കിലും ആവണം.

ഖസാക്ക് എന്നെ പ്രണയത്തോടെ ചുംബിക്കുകയായിരുന്നു. ആ ചുംബനത്തിൽ ഞാൻ പൊള്ളിപ്പിടഞ്ഞു. അതുവരെ വായിച്ച നോവലുകളിലൊന്നും ഞാൻ അത്തരമൊരു തുടക്കം വായിച്ചിരുന്നില്ല.

ആ ഹാളിലിരുന്ന് രണ്ടു പേർ പത്രം വായിച്ചു. അവരിൽ ഒരാളുടെ ചുണ്ടനങ്ങുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. എന്റെ നോട്ടം നടപ്പാതയിലാണ്. അതിലൂടെയാണ് കയ്യിലൊരു ഹാൻഡ് ബാഗും തൂക്കി ഹരിദാസൻ വരാറുള്ളത്. അയാളിന്ന് ലീവാവുമോ എന്ന ശങ്കയൊന്നും എന്നെയപ്പോൾ അലട്ടിയില്ല. അയാൾ വന്നേ പറ്റൂ എന്നും ഈ പുസ്തകം മാറ്റി പകരം എനിക്ക് ഖസാക്കിന്റെ ഇതിഹാസം തന്നേ പറ്റൂവെന്നും ഞാൻഎനിക്ക് വേണ്ടി തീർപ്പ് കൽപ്പിച്ചു. എന്നെ അന്നേരം അവിടെ പ്രതീക്ഷിച്ചതാണ് എന്ന ഭാവത്തോടെ ഹരിദാസ് വന്നു കയറി. അയാൾ വാതിൽ തുറന്ന് അകത്ത് കടക്കും മുമ്പ് തന്നെ ഞാൻ പറഞ്ഞു, 'എനിക്ക് ഖസാക്കിന്റെ ഇതിഹാസം വേണം.'

അയാൾ ബാഗും പൂട്ടും മേശപ്പുറത്ത് വെച്ച് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടച്ചിട്ട ചില്ലമാര തുറന്ന് എനിക്ക് ഖസാക്ക് എടുത്തുതന്നു. അതിന്റെ പുറംചട്ടയിൽ ഇതിഹാസക്കാരൻ കരിമ്പനകൾക്കിടയിലൂടെ നടന്നു. രജിസ്റ്ററിൽ പേര് ചേർക്കാൻ നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ ഹരിദാസൻ പറഞ്ഞു, 'പുസ്തകം വൃത്തിയായി സൂക്ഷിക്കണം.'

ആ കണ്ണടയ്ക്കുള്ളിൽ അയാളുടെ കണ്ണുകൾ ആർദ്രമായി ചിരിക്കുന്നുണ്ടായിരുന്നു. നെറ്റിയിലെ ഈറൻമാറാത്ത ചന്ദനക്കുറി എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന് എന്നെ മനസ്സിലാവുമായിരുന്നു. പിന്നീട് കോട്ടക്കലിൽ നിന്ന് മാറ്റം കിട്ടി പോവുവോളം പ്രായവ്യത്യാസം മറന്ന് അയാളെന്നോട് ഒരു സുഹൃത്തിനെ പോലെ പെരുമാറി. എന്റെ ശരിക്കുള്ള വായനയുടെ തുടക്കം , ഒപ്പിടാതെ, തീയതി എഴുതാതെ ഞാൻ കൈപ്പറ്റിയ ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്നാണ്.

നാല്: സിരകൾ ത്രസിച്ചുണർന്ന നാൾ

നന്തമായി പരന്നുകിടന്ന വെളിമ്പറമ്പിന്റെ അങ്ങേയറ്റത്തായിരുന്നു ഞങ്ങളുടെ വീട്. ഇടയ്ക്ക് വഴികാട്ടികളായി ഒറ്റപ്പെട്ട് നിന്ന പറങ്കിമാവുകൾ. ചെങ്കൽ പാറകളിൽ പന്തലിച്ചു കിടന്ന കാട്ടെള്ളുകൾ. കുറുക്കൻ മൈലാഞ്ചികൾ. അതത്രയും താണ്ടിയെത്തിയാൽ വീടായി. വീടിനു താഴെ കുന്നിൻ ചെരുവായിരുന്നു. അവിടെ പറങ്കിമാവുകൾ കുന്നിറങ്ങി. ആ ചരിവിറങ്ങിയെത്തുന്നത് സമതലത്തിലേക്കാണ്. സമതലത്തിൽ പായൽ പിടിച്ചു കിടന്ന, ആരും കുളിക്കാനിറങ്ങാത്ത കുളം. അതിനപ്പുറം തെങ്ങിൻ തോപ്പുകൾ...

ഇതുവരെ വായിച്ച നോവലുകളൊന്നും എനിക്കുള്ളതായിരുന്നില്ല. അവയെനിക്ക് ഖസാക്കിലേക്ക് വഴി കാട്ടാൻ നിയോഗിക്കപ്പെട്ട അദൃശ്യമായ അടയാളങ്ങൾ മാത്രമായിരുന്നു.

സമതലത്തിലായിരുന്നു മുള്ളൻ മട. അതിന്റെ മറ്റേ അറ്റം ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള അരിച്ചോൾ വരെ നീണ്ടു കിടക്കുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിച്ചു. ഒരാൾക്ക് നടന്നുകയറാവുന്ന ആ ഗുഹയ്ക്കുള്ളിൽ ഇരുട്ടാണ്. സാഹസികർ പലരും മറുതല കാണാനായി ചൂട്ടും തെളിച്ച് അതിനുള്ളിലേക്ക് കടന്നിട്ടുണ്ട്. രണ്ടുമൂന്ന് ചുവട് വെച്ചാൽ പിന്നെ കുനിയണം. പിന്നെയും ഒരു ചുവട് വച്ചാൽ മുട്ടിലിഴയണം. അതിനപ്പുറം ഒരാൾക്ക് കിടന്ന് നീന്താവുന്ന ഉയരമേ മുള്ളൻ മടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അതുവരെയാണ് സാഹസികർ യാത്ര ചെയ്തത്. അതിനപ്പുറം കടക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. അവിടെയെത്തുമ്പോൾ ചൂട്ടുകൾ അണയും. ജീവവായു നഷ്ടമാവും. മറുതലയ്ക്കലും ഏതാണ്ട് ഇതേ ഘടന തന്നെയായിരുന്നു ഗുഹയ്ക്ക്.

ആ മുള്ളൻ മടയായിരുന്നു അക്കാലത്തെ എന്റെ വായനാമുറി. മഴയും വെയിലും മഞ്ഞും തേടിയെത്താത്ത, അരണ്ട വെളിച്ചവും വേർതിരിക്കാൻ കഴിയാത്ത അനേകം ഗന്ധങ്ങളുമുള്ള ഗുഹയുടെ അന്തരീക്ഷത്തിൽ പുസ്തകത്തിലേക്ക് വെളിച്ചം കിട്ടുന്ന ദൂരത്തിലിരുന്ന് ഞാൻ ഖസാക്കിന്റെ ഇതിഹാസം തുറന്നു. ചാറ്റൽ മഴ പെരുമഴയായി മാറിയിരുന്നു. മടയുടെ ഉള്ളിൽ മുള്ളൻ പന്നികൾ ഉണ്ടെന്നതിന് തെളിവായി അതിന്റെ മുള്ളുകൾ ഗുഹയുടെ വാതിൽക്കൽ കിടന്നിരുന്നു.

രതിയിലേക്കെന്ന പോലെ, നെഞ്ചിടിപ്പോടെ ഞാനാ മഹത്തായ തുടക്കം മുഴുവൻ വായിച്ചു.

'കൂമൻ കാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നുപന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായകളുടെ ഓർമ്മകളിൽ എവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം .കുഷ്ഠം പറ്റിയ വേരുകൾ. എല്ലാമതു തന്നെ.'

ഖസാക്ക് എന്നെ പ്രണയത്തോടെ ചുംബിക്കുകയായിരുന്നു. ആ ചുംബനത്തിൽ ഞാൻ പൊള്ളിപ്പിടഞ്ഞു. അതുവരെ വായിച്ച നോവലുകളിലൊന്നും ഞാൻ അത്തരമൊരു തുടക്കം വായിച്ചിരുന്നില്ല. അത്ര മനോഹരമായ പദങ്ങൾ വായിച്ചിരുന്നില്ല. ഏഴ് പേജുകളുള്ള 'വലിയമ്പലം തേടി' എന്ന ഒന്നാമധ്യായം വായിച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ബോധ്യമായി, ഞാൻഎത്തിപ്പെട്ടിരിക്കുന്നത് പുതിയൊരു ലോകത്തിലും ഭാഷയിലുമാണ്. പുതിയ തിരിച്ചറിവുകളിലേക്കാണ്. ഇതുവരെ വായിച്ച നോവലുകളൊന്നും എനിക്കുള്ളതായിരുന്നില്ല. അവയെനിക്ക് ഖസാക്കിലേക്ക് വഴി കാട്ടാൻ നിയോഗിക്കപ്പെട്ട അദൃശ്യമായ അടയാളങ്ങൾ മാത്രമായിരുന്നു.

‘ഒരുച്ചത്തണലിലെവിടെയോ രവിയുടെ ഓർമ്മകൾ തുടങ്ങുന്നു. കുട്ടിക്കാലം.
സിൻഡെറെല്ലയുടെ കഥ. നക്ഷത്രങ്ങൾ വിതറി വരുന്ന യക്ഷിയമ്മമാർ. അച്ഛൻ വായിച്ചുതന്ന കഥകൾ ഓർമ്മയിൽ ആവർത്തിച്ചാവർത്തിച്ച് കളിപ്പാട്ടങ്ങൾ മുന്നിൽ നിരത്തിവെച്ച് അയാൾ തിണ്ണയിൽ തനിച്ചിരിയ്ക്കും. അച്ഛനും ചിറ്റമ്മയും അകത്ത് ഉച്ചമയങ്ങുകയാവും. തിണ്ണയിൽ നിന്ന് ദൂരേയ്ക്കു നോക്കിയാൽ അറ്റമില്ലാതെ ഞെറിഞ്ഞു കിടക്കുന്ന കാപ്പിത്തോട്ടങ്ങളാണ്. കാപ്പിത്തോട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ മഞ്ഞപ്പുല്ലു പുതച്ച കുന്നുകൾ .ആകാശം. അതത്രയും ഉൾക്കൊണ്ടു കൊണ്ട് ഒരു ഗർഭവതിയെപ്പോലെ കിടന്ന വെയില്.'

ഒന്നാമധ്യായത്തിലെ ഈ വാക്കുകളത്രയും വായിച്ചു കഴിഞ്ഞപ്പോൾ പിന്നെയങ്ങോട്ട് ഖസാക്ക് എന്നെ വായിക്കാൻ തുടങ്ങി. അല്ലെങ്കിൽ ഞാൻ ഖസാക്ക് വായിക്കുകയാണോ, ഖസാക്കിനെ കൺമുമ്പിൽ കണ്ട് അനുഭവിച്ചറിയുകയാണോ എന്ന് വേർതിരിക്കാൻ കഴിയാത്ത ഒരു കുരുക്കില അകപ്പെട്ടു പോയി. പിറകിലെ ഇരുട്ടിൽ വവ്വാലുകൾ തൂങ്ങിക്കിടന്നു. പതിവുപോലെ ഓടാൻ തയ്യാറായി ഞാനാ ഇരുട്ടിലേക്ക് കല്ലെടുത്തെറിഞ്ഞില്ല. മുകളിലെ പാറയിൽ ജലകണങ്ങൾ പൊടിഞ്ഞു നിന്നിരുന്നു. ആ ഈർപ്പത്തിൽ ചെറു പച്ചകൾ പടർന്നു നിന്നു. അതിൽ ഇത്തിരിക്കുഞ്ഞൻ വയലറ്റ് പൂക്കൾ പൂത്തു നിന്നിരുന്നു.

രവിയല്ല ഖസാക്കിലേക്ക് യാത്രയായത്, ഞാനായിരുന്നു. ഞാനാണ് ബോധനന്ദന്റെ ആശ്രമത്തിൽനിന്ന് സ്വാമിനിയുടെ കാവിക്കച്ച മാറിയുടുത്ത് കടന്നുകളഞ്ഞത്. മഴയെ കുറിച്ച് വിദഗ്ദാഭിപ്രായം ചോദിച്ച കാരണവരോട്, വേദാന്തം ഇത്തിരി പ്രയോഗിച്ചാലോന്ന് ശങ്കിച്ചതും 'പിന്നെ വേണ്ട, ക്ഷീണമാണ്’ എന്ന തീർപ്പിലെത്തിയതും ഞാനാണ്. എനിക്ക് രവിയാവാനും രവിയ്ക്കു ഞാനാവാനും ആ ഇരുണ്ട അന്തരീക്ഷം കാവൽ നിന്നു. അവിടെ ഇതിഹാസകാരന്റെ വിരൽ തൊട്ട വാക്കുകളെ ഞാൻ വായിച്ചു.

'തോടിനും സ്‌കൂളിനുമിടയ്ക്ക് തെല്ലൊരറ്റത്തേക്ക് മാറി സ്ഥൂലവും ജീർണ്ണവുമായൊരു പള്ളി കയ്യും കാലും കുത്തി നിന്നു. തോടിനക്കരെ പാടങ്ങളാണ് .ഒരു താമരക്കുളം .വീണ്ടും പരന്ന പാടങ്ങൾ. അതിനപ്പുറത്ത് സന്ധ്യയുടെ സിന്ദൂരക്കുറി. അവിടെയാണ് നഗരം കിടന്നത്.'

അതുവരെ ഒരു നോവലും ഒന്നോ രണ്ടോ അധ്യായങ്ങൾ വായിച്ചിട്ട് പുസ്തകമടച്ച്, വായിച്ചതിനെ മിഠായി രുചിക്കുമ്പോലെ ഓർത്തെടുത്ത് ഞാൻ രുചിച്ചിട്ടില്ല. പക്ഷേ ഖസാക്കിന്റെ ഓരോ അധ്യായം തീരുമ്പോഴും ഞാൻ കണ്ണുകളടച്ച്, ഉൾക്കണ്ണിനാൽ ഖസാക്കിനെ കണ്ട്, ആ മധുരങ്ങളെ നുണഞ്ഞു. വായിച്ചു തീർത്ത മനോഹരമായ പദങ്ങളെയും കൽപ്പനകളെയും ഉള്ളിൽ ആവർത്തിച്ച് ഉരുവിട്ടു.അടുത്ത അധ്യായത്തിലേക്ക് കടക്കാൻ രതിയുടെ അടുത്ത ചുവടിലേക്ക് കടക്കാനെന്നപോലെ എന്റെ സിരകളത്രയും ഉണർന്ന് ത്രസിച്ചു.

എന്റെ ചോരയിലും തലയിലും ശരീരമാകെയും വിവരിക്കാനാവാത്ത ഒരു അനുഭൂതിയും ചൂടും വന്ന് നിറഞ്ഞു. അതിന്റെ പൊരുളറിയാതെ, എന്താണ് എന്നിൽ സംഭവിക്കുന്നതെന്നറിയാതെ, പുറത്തെ പറങ്കിമാവുകളിൽ മഴ പെയ്യുന്നതും കാറ്റുകൾ മരച്ചില്ലകളെ പിടിച്ചുലക്കുന്നതും ഉൾകണ്ണിലറിഞ്ഞ് ഞാൻ വായിച്ചു.

ഖസാക്കിലെ ആ പുരോഹിതനെ എനിക്ക് കാലങ്ങൾക്കു മുമ്പേ അറിയാമായിരുന്നു. അയാൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചൂരലടിയുടെ ചുട്ടു നീറലായും, വേദനയായും നിസ്സഹായതയായും ദൈന്യമായും ആർത്തിയായും അയാൾ പെരും ചിലമ്പിൽ ഉണ്ടായിരുന്നു.

‘പന്ത്രണ്ട് കൊല്ലം മുമ്പ് ചെതലിയുടെ അടിവാരത്തിൽ വെയിലിന്റെ വെളിച്ചത്തിൽ, മൃഗതൃഷ്ണയിൽ, സുഗന്ധത്തിൽ, താൻ കണ്ട സുന്ദരനായ പതിനാറുകാരനെ മൊല്ലാക്കയോർത്തു. അന്നു തൊട്ട് നടന്ന കഥ മൊല്ലാക്ക ആരോടും പറഞ്ഞിട്ടില്ല .എങ്കിലും തിത്തിബിയുമ്മ എല്ലാമറിഞ്ഞിരുന്നു. നൈസാമലിയെ മറക്കാൻ അവർ ഭർത്താവിനെ ഉപദേശിച്ചു. പക്ഷേ മറക്കാൻ പറ്റുന്നില്ല. നൊടിയിട വിട്ടു മാറാതെ നൈസാമലി തന്നെ പിന്തുടരുകയായിരുന്നു. അവന്റെ യുവത്വത്തിലൂടെ ധാർഷ്ട്യത്തിലൂടെ തന്റെ പരിക്ഷീണതയിലൂടെ ഖസാക്കിലെ ചതുപ്പുകളിലൂടെ അവൻ തന്നെ നായാടി.'

ഖസാക്കിലെ ആ പുരോഹിതനെ എനിക്ക് കാലങ്ങൾക്കു മുമ്പേ അറിയാമായിരുന്നു. അയാൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചൂരലടിയുടെ ചുട്ടു നീറലായും, വേദനയായും നിസ്സഹായതയായും ദൈന്യമായും ആർത്തിയായും അയാൾ പെരും ചിലമ്പിൽ ഉണ്ടായിരുന്നു. വെളിമലയിലേക്കും കരിപ്പാലിയിലേക്കും ഒക്കാലിമൂട്ടിലേക്കും കുടിയേറിയ മലയാളി മുസ്‍ലിംകൾക്ക്,തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിൽ പെരും ചിലമ്പെന്ന ഗ്രാമത്തിൽ ഒരു പള്ളിയുണ്ടായിരുന്നു. ഞാൻ ജനിക്കും മുമ്പേ അവിടുത്തെ ഓത്തുപള്ളി ജീർണിച്ച് നിലം പൊത്തിയിരുന്നു. അതിന്റെ മൺ ചുമരുകളിൽ പാമ്പുകൾ കുടി പാർത്തിരുന്നു .ആ അവശിഷ്ടങ്ങൾക്കപ്പുറം പള്ളിക്കാടായിരുന്നു. മീസാൻ കല്ലുകളിൽ പാഴ്‌ച്ചെടികളും വള്ളികളും പടർന്ന് പന്തലിച്ച് നിന്നിരുന്നു. ഖബറിടങ്ങളെ മൂടിയ കാട്ടു പൊന്തകളിൽ ചെമ്പോത്തുകൾ കുടി പാർത്തിരുന്നു. ആ കാഴ്ച്ചകൾക്കൊക്കെ അപ്പുറത്തായി വേളി മലയിലേക്കുള്ള ടാർ റോഡിന്റെ അരുകിലായി കുടിയേറ്റക്കാരുടെ പള്ളി നിന്നു. പള്ളിക്ക് കൊടിമരവും മിനാരവും ഉണ്ടായിരുന്നു. അറുപതോളം മുസ്‍ലിം കുടുംബങ്ങളിലെ കുട്ടികൾ ആ പള്ളിവരാന്തയിലിരുന്നാണ് മതപാഠങ്ങൾ പഠിച്ചത്. സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്ന, മുഴുക്കഷണ്ടിയും കോങ്കണ്ണുമുള്ള പാലൈവനം ഉസ്താതായിരുന്നു ഞങ്ങളുടെ ഗുരു. പള്ളിയിൽ ബാങ്ക് വിളിച്ചതും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയതും വീടുകളിൽ ചെന്ന് പ്രാർത്ഥിച്ചതും മയ്യത്ത് ഖബറടക്കാനുള്ള പ്രാർത്ഥനകൾക്ക് മുമ്പിൽ നിന്നതും അയാൾ തന്നെയാണ്.

കയ്യിലെപ്പോഴും ചൂരൽവടി കരുതുന്ന, ബദർ യുദ്ധവും പടപ്പാട്ടുകളും ഇസ്‍ലാമിക ചരിത്രവും ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്ന പാലൈവനം ഉസ്താദിനെ അള്ളാപ്പിച്ചാ മൊല്ലാക്കയാക്കാൻ എനിക്കൊട്ടും സന്ദേഹിക്കേണ്ടിവന്നില്ല. ഒ.വി. വിജയൻ പാലൈവനം ഉസ്താദിനെ എങ്ങനെയാണ് ഇത്ര വിശദമായി കണ്ടറിഞ്ഞതെന്ന് അത്ഭുതപ്പെടുകയാണ് ഞാൻ ചെയ്തത്.

ഞാനാകെ പഠിച്ചത് എട്ടാം ക്ലാസ് തമിഴായതിനാൽ ഖസാക്കിലെ പാലക്കാടൻ മലയാളത്തിൽ എനിക്കൊട്ടും തടഞ്ഞുനിൽക്കേണ്ടിവന്നില്ല. പെരും ചിലമ്പിനെ ഖസാക്കായും ഖസാക്കിനെ പെരുംചിലമ്പായും എന്റെ ബോധം മാറ്റി വായിച്ചു. പെരുംചിലമ്പിൽ താമരക്കുളങ്ങളും ആ കുളങ്ങളിൽ ചൂണ്ടലിടുന്ന എന്റെ കൂട്ടുകാരൻ തങ്കരാജും നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ചെതലിക്ക് പകരമായി വേളിമലയുണ്ടായിരുന്നു. അവിടുത്തെ ഓലവീടിന്റെ പിറകുവശത്ത് ആകാശത്തോളം ഉയർന്നു നിന്ന കരിമ്പാറയിൽ കവുങ്ങിൻ പാളകൾ വെച്ച് അതിലിരുന്ന് ഞങ്ങൾ കുട്ടികൾ താഴേക്ക് പറക്കുമായിരുന്നു. പാള പൊളിഞ്ഞ്, നിക്കർ ഉരഞ്ഞ് , ചന്തിയിലെ തോലുരിഞ്ഞ് ചോര പൊടിയുമായിരുന്നു. പെരും ചിലമ്പിലെ ഭൂവുടമയായ മാസ്റ്ററുടെ മകൾ ആബിദാനെ മടിയിലിരുത്തി അവൾ കൊണ്ടുവരുന്ന നെയ്യപ്പം തിന്ന് അവളുടെ മുടിയിൽ തലോടുന്ന പാലൈവനം ഉസ്താദിന്റെ ഓർമ്മയിൽ ഞാൻ വായിച്ചു.

'അത് പറഞ്ഞത് മറ്റാരോ ആണെന്ന് മൊല്ലാക്കയ്ക്കു തന്നെ തോന്നി. ആ നിമിഷത്തിൽ അയാൾ മൈമൂനയുടെ മണവാളനെ കുറിച്ചോ ഖസാക്കിലെ മൊല്ലയെക്കുറിച്ചോ ഓർക്കുകയായിരുന്നില്ല. മറിച്ച് ആ മുടിയെ കുറിച്ചു മാത്രം എന്തിനെന്നറിയാത്തൊരുദ്വേഗത്തോടെ ചിന്തിക്കുകയായിരുന്നു. അതിന്റെ നീലച്ചുരുളുകൾ തഴച്ചു വളരുന്നു. മൈമൂനയുടെ മുടി പോലെ, തിത്തിബിയുടെ മുടി പോലെ അത് ആ നെറ്റിയിലും കവിളിലും ഉതിർന്നുവീണു.'

ഖസാക്കിലെ വെളിമ്പുറങ്ങളിലൂടെ നൈജാമലിയുടെ ഓർമ്മയിൽ അള്ളാപ്പിച്ചാ മൊല്ലാക്ക അന്ന് രാത്രി നൊന്തു പാടിയ പാട്ട് പെരുംചിലമ്പിലെ പള്ളി വരാന്തയിൽ, കയ്യിലെ ചൂരൽവടി ചുഴറ്റിക്കൊണ്ട്, ഓരോ കുട്ടിയുടെയും തലമണ്ടയിൽ എന്തിനെന്നില്ലാതെ ചൂരലിനാൽ മേടിക്കൊണ്ട് പാലൈവനം ഉസ്താദ് പാടി.

'ബിസ്മിയും ഹംദും സലാത്തും സലാമാലും
ബിണ്ടെ പിറകെ തൊടങ്ങുന്നേൻ യാ അല്ലാഹ്
തശ് രീഫ് ദാനോർ സഹാബുൽ ബദർ മാല
തീർത്തു മൊഴിയുവാൻ ഏകേണം നീ അല്ലാ
ബശറിലും ജിന്നിലും
ആകെ മുർസലായി
ബാണ നെബീന്റെ തണിയും അരുളല്ലാ.'

അത് ബദർ മാലയായിരുന്നു. എന്റെ ഉമ്മ അനിയത്തിയെ ഉറക്കാൻ ഈ ബൈത്ത് നല്ല ഈണത്തിൽ ചൊല്ലുമായിരുന്നു. ഖസാക്കും എന്റെ ജീവിതവും ആ സന്ധിയിൽ ഒന്നിക്കുകയായിരുന്നു. മരണം വരേക്കും എന്നെ നായാടാൻ ഇതിഹാസകാരന് ഞാനെന്നെ വിട്ടു കൊടുക്കുകയായിരുന്നു.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments