ഭയത്തിന്റെ ചെമ്പരത്തികൾ ഉള്ളിലൊളിപ്പിച്ച്…

‘‘ഞാൻ ഉമ്മാന്റെ അരികിലേക്ക് നടന്നു. ഉമ്മാന്റെ മുഷിഞ്ഞ പുതപ്പിനുള്ളിലേക്ക് നൂണ് കടന്നു. മുലക്കുഞ്ഞായി മാറിയ ഞാൻ ഉമ്മാനെ ചേർന്നു കിടന്നു. ഉമ്മ എന്നെ തൊട്ടു. ചുട്ടു പൊള്ളുന്ന എന്റെ നെറ്റിയിൽ ഉമ്മാന്റെ തണു തണുത്ത കൈപ്പടം പതിഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ആ രാത്രിയിൽ ഞാൻ ഉറങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇതെഴുതാൻ സ്വബോധത്തോടെ ഞാൻ ഉണ്ടാവുമായിരുന്നില്ല എന്നുറപ്പിച്ചു പറയാൻ കഴിയും.’’

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം 11

ടക്കാലത്ത് ഞാൻ ബെല്ലാരിയിലെ സ്റ്റീൽ പ്ലാന്റിൽ ഖലാസിയായി ജോലി ചെയ്തിരുന്നു. അവിടെ ഏട്ടന്റെ അളിയന് സബ് കോൺട്രാക്ട് ഉണ്ടായിരുന്നു. ഏട്ടന്റെ കീഴിലുള്ള പണിയുടെ സൗന്ദര്യം നന്നേ ചെറുപ്പത്തിലേ അനുഭവിച്ചതാണ്. അത് കാരണമാണ് നാടുവിട്ട് പോയത്. കാലമിപ്പോൾ കുറച്ചുകഴിഞ്ഞെങ്കിലും, ചില മാറ്റങ്ങളൊക്കെ ഏട്ടനു വന്നിട്ടുണ്ടെങ്കിലും അടിസ്ഥാന മാറ്റമൊന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഉമ്മയും അവനും അങ്ങനെയൊരു ഓഫർ വെച്ച് നീട്ടിയപ്പോൾ ഞാനാദ്യം ഒഴിഞ്ഞുമാറി.

പണിയുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ഉമ്മാക്ക് നൂറ് രൂപ വീതം കൊടുക്കണം. ആഴ്ച്ചയിൽ നാലു പണിയെടുത്ത് ഉമ്മാക്കുള്ള പണം അതിൽ നിന്ന് കൊടുത്ത്, അന്തമില്ലാതെ വായിക്കുന്ന കാലമാണ്. ഞാൻ കിടന്ന സ്റ്റോർ റൂമിന് മാറ്റമൊന്നും വന്നില്ലെങ്കിലും വീടിന്റെ മുൻവശം മാറി. ഉമ്മാക്ക് സാധനങ്ങൾ വെക്കാൻ അടുക്കളയോട് ചേർന്ന് മറ്റൊരു ചെറിയ മുറി തയ്യാറായതിനാൽ സ്റ്റോർ റൂമിൽ പഴയ നാറ്റങ്ങളൊന്നുമില്ല. ചുമരിൽ ആ പെൺകുട്ടി തീപിടിച്ചു നിൽക്കുന്നുണ്ട്. അതെന്റെ മൈമൂനയാണ്. അവളെ മായ്ച്ചു കളയുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.

ടക്കാലത്ത് ഞാൻ ബെല്ലാരിയിലെ സ്റ്റീൽ പ്ലാന്റിൽ ഖലാസിയായി ജോലി ചെയ്തിരുന്നു. അവിടെ ഏട്ടന്റെ അളിയന് സബ് കോൺട്രാക്ട് ഉണ്ടായിരുന്നു

‘ഇങ്ങനെ പോയാ ഇജ് ഈ കത്ത്ണ പെണ്ണിനെ തന്നെ കെട്ടേണ്ടി വരും’ എന്ന് ഉമ്മ പറഞ്ഞു തുടങ്ങിയിരുന്നു.
അവളെ ഞാൻ മൈമുനയാക്കിയതും ഞങ്ങളുടെ വിവാഹം കഴിഞ്ഞതും ഉമ്മ അറിഞ്ഞതേയില്ല.
പണിയില്ലാത്ത ആഴ്ച്ചകളിലും ഞാൻ ഉമ്മാക്ക് പണം കൊടുത്തിരുന്നു. പുസ്തകങ്ങളും ആനുകാലികങ്ങളും രണ്ടു മൂന്നു കെട്ട് ബീഡിയും മെഴുകുതിരികളും ഉണ്ടെങ്കിൽ എന്റെ ജീവിതം സുഭിക്ഷമാണ്. അതിനപ്പുറം ഇടയ്ക്ക് വല്ല നല്ല സിനിമയും കാണാൻ വേണ്ട പണച്ചെലവേ എനിക്കുണ്ടായിരുന്നുള്ളൂ.

ബെല്ലാരിയിൽ പോയാൽ വെൽഡിങ്ങും കട്ടിങ്ങും ഫിറ്റിങ്ങും ഫാബ്രിക്കേറ്റിങ്ങ് വർക്കുമൊക്കെ പഠിക്കാമെന്ന ഏട്ടന്റെ പ്രലോഭനത്തിൽ ഞാൻ വീണില്ലെങ്കിലും ഉമ്മ തല കുത്തി വീണു. മോൻ ഇംഗ്ലീഷ് പേരുകളുള്ള പണികൾ ചെയ്യുന്നത് ഏത് ഉമ്മയ്ക്കാണ് അന്തസുണ്ടാക്കാത്തത്? സംഗതി ഞാൻ പെയിന്ററാണെങ്കിലും നാട്ടുകാർ പെയിന്റർമാരെ വിളിച്ചിരുന്നത് വെള്ള വലിക്കാർ എന്നാണ്. ഇത്തിൾ കലക്കി അതിൽ പൊടി നീലം മിക്‌സ് ചെയ്ത് മാറാലക്കൊള്ളി കൊണ്ട് ചുമരുകൾ വെള്ളവലിച്ചിരുന്ന കാലം എന്നോ കഴിഞ്ഞ് പോയെങ്കിലും, നാട്ടുകാർക്ക് പെയിന്റർമാർ അന്നും വെള്ള വലിക്കാരാണ്. വെള്ള വലിക്കുന്ന പണിയേക്കാൾ അന്തസ്സുള്ള പണിയാണ് കട്ടിങ്ങും ഫിറ്റിങ്ങുമൊക്കെയെന്ന് തെറ്റിധരിച്ച ഉമ്മ എന്നെ ബെല്ലാരിയിലേക്ക് പോവാൻ നിർബന്ധിച്ചു. ആ നിർബന്ധവും പിന്നെ കാണാത്ത ദേശങ്ങളെയും മനുഷ്യരെയും കാണാമല്ലോ എന്ന ആഗ്രഹവുമായി ഞാൻ ഏട്ടന്റെ കൂടെ ബെല്ലാരിയിലേക്ക് യാത്രയായി.

സംഗതി ഞാൻ പെയിന്ററാണെങ്കിലും നാട്ടുകാർ പെയിന്റർമാരെ വിളിച്ചിരുന്നത് വെള്ള വലിക്കാർ എന്നാണ്.

എന്റെ ഭാണ്ഡത്തിൽ രണ്ട് ജോഡി വസ്ത്രങ്ങളും, നിറയെ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസമില്ലാതെ ഖബറിലേക്ക് പോലും പോവാൻ തയ്യാറാവാത്ത ഞാൻ അക്കൂട്ടത്തിൽ ഖസാക്കിനെയും എടുത്തുവെച്ചു. അല്ല, ഖസാക്കിന്റെ ഉപദംശങ്ങളായി മറ്റു പുസ്തകങ്ങൾ എടുത്തുവെച്ചു എന്ന് പറയുന്നതാണ് ശരി. കോഴിക്കോട്ടുനിന്ന് ദിണ്ടിക്കലിലേക്ക് ട്രെയിനിലും അവിടുന്ന് ബസിൽ ബെല്ലാരിയിലേക്കും പിന്നെയൊരു ട്രക്കിൽ ഹരപ്പന ഹള്ളിയിലേക്കും ഞാനെത്തിച്ചേർന്നു.

അവിടെ കടലപ്പാടങ്ങളും സൂര്യകാന്തി പാടങ്ങളും ഉണ്ടായിരുന്നു. സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികളാണ് അവിടെ നടക്കുന്നത്. മൂവായിരം ഏക്കറിലായി പരന്നുകിടന്ന സമതലം. അതിന് ചുറ്റും ഇരുമ്പയിരിന്റെ കുന്നുകൾ. കമ്പനിയുടെ വാതിൽക്കൽ തങ്ങളുടെ ഗ്രാമവും കുടിലുകളും കൃഷിയിടങ്ങളും നഷ്ടമായ നാട്ടുകാരിൽ ചിലർ കൊടി കുത്തി സമരം ചെയ്യുന്നുണ്ട്. ഗ്രാമത്തിൽ കടലയും സൂര്യകാന്തികളും കൃഷി ചെയ്തു ജീവിച്ച ഒരു ജനതയെ യാതൊരു മുന്നറിയിപ്പും നഷ്ടപരിഹാരങ്ങളും ഇല്ലാതെ ബലമായി കുടിയൊഴിപ്പിക്കുകയാണ് ചെയ്തതെന്ന് പിന്നീട് ഞാൻ ബസവപ്പയിൽ നിന്ന് മനസ്സിലാക്കി.

കമ്പിവേലി കെട്ടി അതിര് തിരിച്ച ആ വിശാലമായ സമതലത്തിനപ്പുറം സൂര്യകാന്തിപ്പാടങ്ങൾ ഓറഞ്ച് കടലായി തിരയിളക്കി നിന്നു.

പകൽ മുഴുവൻ കൊടും ചൂടും രാത്രിയിൽ എല്ല് തണുപ്പിക്കുന്ന കാറ്റുമായിരുന്നു അവിടെ. ടിൻ ഷീറ്റിന്റെ മേൽക്കൂരകളുള്ള കെട്ടിടങ്ങളിൽ പണിക്കാർ പാർത്തു. അതിന്റെ ചുമരുകൾ സിമന്റ് കട്ടകൾ കൊണ്ട് തീർത്തതാണ്. മുകളിലെ തകരവും ചുമരിലെ സിമന്റും ചൂടാവുമ്പോൾ അവിടം നരകമായി മാറും. പരുക്കൻ സിമന്റിട്ട തറയിൽ പുൽപ്പായയും പേപ്പറുകളും വിരിച്ച് ഞങ്ങൾ കിടന്നു.

കമ്പിവേലി കെട്ടി അതിര് തിരിച്ച ആ വിശാലമായ സമതലത്തിനപ്പുറം സൂര്യകാന്തിപ്പാടങ്ങൾ ഓറഞ്ച് കടലായി തിരയിളക്കി നിന്നു. ഗെയിറ്റിനും പാതയ്ക്കും അപ്പുറം കടലപ്പാടങ്ങളാണ്. അവിടെ മണ്ണിന്റെ നിറമുള്ള മനുഷ്യർ ജോലി ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവർ ആദ്യ കാലങ്ങളിൽ കൂട്ടത്തോടെ സമരം ചെയ്തതാണ്. പക്ഷേ കമ്പനി അവരിൽ പലർക്കും തുച്ഛ വരുമാനമുള്ള സിവിൽ ജോലി കൊടുത്ത് സമരക്കാരെ ഭിന്നിപ്പിച്ചു.

കൂട്ടത്തിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്ക് സൈറ്റ് സൂപ്പർവൈസർമാരുടെ ജോലിയും ചെറിയ തുക കൈക്കൂലിയായും കൊടുത്തു. വയസ്സായവർ തങ്ങളുടെ ജീവിതോപാധികൾ നഷ്ടമായി ഗ്രാമത്തിന്റെ അരികുകളിലേക്ക് പട്ടിണി തിന്നാൻ പോയി. ഇനി അവശേഷിക്കുന്നത് കുറച്ച് മനുഷ്യരാണ്. എല്ലും തോലുമായ മനുഷ്യർ. കണ്ണുകളിൽ കനൽ സൂക്ഷിക്കുന്നവർ. അവരുടെ കൊടിയുടെ നിറം മങ്ങി നരച്ചിട്ടുണ്ട്. വസ്ത്രങ്ങളിൽ ദ്വാരങ്ങളുണ്ട്.
അവരുടെ ബക്കറ്റുകളിലേക്ക് സംഭാവനയായി അഞ്ചും പത്തും രൂപ എറിഞ്ഞു കൊടുത്ത് കമ്പനി അധികാരികൾ വിലകൂടിയ കാറുകളിൽ ആ ഗെയിറ്റും കടന്നു പോയി. കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ മാറി മാറി വന്നു. അവർ ആരാണെന്ന് പോലുമറിയാതെ സമരക്കാർ അവർക്ക് നേരെ നരച്ച ബക്കറ്റുകൾ നീട്ടി. സമരഫണ്ട് എന്നതിലുപരി അതൊരു ഭിക്ഷയായിട്ടാണ് കമ്പനി അധികൃതർ കണ്ടത്. ബഡാ സാബുമാരും ഛോട്ടാ സാബുമാരും ഭിക്ഷയെറിഞ്ഞു കൊണ്ട് ഗെയിറ്റിലൂടെ കടന്നു പോയി. സമരക്കാർക്കും എനിക്കുമിടയിൽ ഭാഷ തടസ്സം നിന്നു. അവരിൽ ഒരാളായിരുന്നു ബസവപ്പയെന്ന വൃദ്ധൻ. കമ്പനിയിലെ ഏതോ ഉദ്യോഗസ്ഥൻ ദാനമായി കൊടുത്ത നരച്ച കറുത്ത കോട്ടും താറുമുടുത്ത് അയാൾ കമ്പിവേലി നൂണ് കടന്ന് തന്റെ പഴയ ഗ്രാമത്തിലേക്ക് വന്നു. അയാൾക്ക് തമിഴ് അറിയാമായിരുന്നു. അയാളാണ് എനിക്ക് ഹരപ്പനഹള്ളി ഗ്രാമത്തിന്റെ പൂർവ ചരിത്രം പറഞ്ഞു തന്നത്. ബാഗ്ഹൗസ് നിൽക്കുന്നിടത്ത് ഒരു കുളമുണ്ടായിരുന്നു. അയാൾ പറയും, അത് ഈ നായിന്റെ മക്കൾ തൂർത്ത് കളഞ്ഞതാണ്. സൈലോണിന്റെ പണി നടക്കുന്നിടത്ത് വീടുകൾ ഉണ്ടായിരുന്നു. അത് പോലീസ് ഒത്താശയോടെ കമ്പനിയുടെ ഗുണ്ടകൾ രാത്രിയിൽ തീയിട്ട് കരിച്ചതാണ്.

ഇനി അവശേഷിക്കുന്നത് കുറച്ച് മനുഷ്യരാണ്. എല്ലും തോലുമായ മനുഷ്യർ. കണ്ണുകളിൽ കനൽ സൂക്ഷിക്കുന്നവർ.

ഓരോ തവണയും ബസവപ്പയെ കടും നീല യൂണിഫോമണിഞ്ഞ സെക്യൂരിറ്റിക്കാർ പിടിച്ച് പുറത്താക്കും. അവരുടെ കണ്ണ് വെട്ടിച്ച് അയാൾ പിന്നെയും കമ്പി വേലി നൂണുകടന്ന് തന്റെ ഗ്രാമത്തിലേക്ക് വരും. സ്വന്തം കിടപ്പാടവും കൃഷിയിടവും കാലികളും ആവാസ വ്യവസ്ഥയും നഷ്ടമായ ബസവപ്പയെ എനിക്ക് ഖസാക്കിൽ കുടിയിരുത്താൻ കഴിഞ്ഞില്ല. ഖസാക്കിൽ അയാൾക്ക് പൂർവ്വമാതൃകകളില്ലായിരുന്നു.

പെയിന്ററായി അങ്ങോട്ടുപോയ ഞാൻ ഖലാസിപ്പണിയെടുത്തു. കൂറ്റൻ ഇരുമ്പ് ഷീറ്റുകൾ കയറു കൊണ്ട് ബന്ധിച്ച് മുളയിൽ കൊരുത്ത് അത് തോളിൽ വെച്ച് ഞങ്ങൾ നാലു പേർ ചുമന്നു. ഒരാളുടെ ബാലൻസ് തെറ്റിയാൽ ബാക്കി മൂന്നു പേരുടെയും ബാലൻസ് തെറ്റി അപകടങ്ങൾ സംഭവിക്കുമായിരുന്നു. ഒട്ടും പരിചയമില്ലാത്ത ആ പണി ചെയ്യുമ്പോൾ ബാലൻസ് തെറ്റി തെലുങ്കിലും കന്നടത്തിലുമുള്ള തെറിവിളികൾ ഞാൻ എമ്പാടും കേട്ടു.

ഞാനപ്പോൾ നാടിനെ ഓർത്തു.
ഖസാക്കിനെ ഓർത്തു: ‘പുറത്തെ ഇളവെയിലിൽ ചിങ്ങപ്പാറ്റകൾ പൊടിഞ്ഞുപൊന്തി. വർഷം കുളിപ്പിച്ച കിഴക്കൻ കാറ്റ് കരിമ്പനകളിൽ വീശി. കാറ്റിൽ കരിമ്പനകൾ ഇണ ചേർന്നു.’

ഒപ്പമുള്ളവർ ഖലാസിപ്പാട്ടുകൾ പാടി. എന്റെ ചെവി അത് കേട്ടില്ല. മുതുക് കടയുന്ന വേദനയിലും ഞാനാ ഖണ്ഡിക പൂർണമായും ഉൾത്താളിൽ വായിച്ചു.

‘താമരക്കുളത്തിന്റെ മേട്ടിലൂടെ ഒരു സംഘം കുട്ടികൾ ചെതലിയുടെ നേർക്കു നടന്നുപോവുകയാണ്. ഈഴവരുടെയും റാവുത്തന്മാരുടെയും കുട്ടികളുണ്ട്. ഓണപ്പൂക്കൾ തേടിപ്പോവുകയാണ്. പൂവിറുത്തു തിരിച്ചു വന്ന്, മെഴുകി ശമിപ്പിച്ച കൊച്ചു മുറ്റങ്ങളിൽ സമാധി കൊള്ളുന്ന ചന്ദണക്കല്ലുകൾക്ക് ചുറ്റും കളമിടും. രവിയോർത്തു. കാപ്പിത്തോട്ടങ്ങളുടെ നടുവിൽ കാറ്റു പിടിച്ചു നിന്ന വീട്. കുന്നിൻ ചെരിവിലെ മഞ്ഞ്. കാട്ടു പൂക്കൾ. പിന്നെ അപരിചിതമായ സന്ധ്യകൾ. പേരില്ലാത്ത നഗരങ്ങൾ.’

ചെയിൻ ബ്ലോക്ക് വലിച്ച് വലിച്ച് എന്റെ കൈ വെള്ള പൊട്ടി. ഓക്‌സിജൻ സിലിണ്ടറുകൾ ചുമന്ന് എന്റെ ചുമൽ കടഞ്ഞു. മുകളിൽ ചാണുയരത്തിൽ സൂര്യൻ കത്തിജ്വലിച്ചു. ചുറ്റും ഇരുമ്പായിരുന്നു. ഇരുമ്പിൻ കാട്. ആ കാട്ടിൽ മനുഷ്യർ പല തരം ജോലികൾ ചെയ്തു; വിശ്രമമില്ലാതെ, വേണ്ടത്ര ഭക്ഷണമോ വെള്ളമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ. എന്റെ ബാച്ചിലെ ഫിറ്റർ സ്റ്റാലിനും വെൽഡർ ദാമുവും ഫാബ്രിക്കേറ്റർ രാഘവേട്ടനും ഞാനടക്കമുള്ള അഞ്ച് ഖലാസികളും ആ ഇരുമ്പിൻകാട്ടിലെ കൊടും ചൂടും സന്ധ്യയായാൽ തുടങ്ങുന്ന കടുത്ത തണുപ്പും സ്വീകരിച്ച് മാടുകളെപ്പോലെ പണിയെടുത്തു.

ഞങ്ങളുടെ തൊട്ടപ്പുറത്തായി ആ മണ്ണിന്റെ യഥാർത്ഥ ഉടമകൾ മുഷിഞ്ഞുകീറിയ വസ്ത്രങ്ങളുമായി കരിങ്കല്ലുകൾ ചുമന്നു. ചാന്ത് കൂട്ടി. മണലും സിമന്റും ചുമന്നു. ഞങ്ങൾക്ക് കമ്പനി വളപ്പിനുള്ളിൽകാന്റീൻ ഉണ്ടായിരുന്നു. ടോക്കൺ കൊടുത്ത് വാങ്ങാവുന്ന ഭക്ഷണമുണ്ടായിരുന്നു. സിവിൽ തൊഴിലാളികൾ രണ്ടോ മൂന്നോ റാഗി ഉണ്ടകളും കുറച്ച് പുഴുങ്ങിയ നിലക്കടലകളും കൊണ്ട് വിശപ്പാറ്റി. അവർ ഞങ്ങളുടെ കയ്യിലെ ഭക്ഷണപ്പൊതികളിലേക്ക് ആർത്തിയോടെ നോക്കി. സൈലോണിനപ്പുറത്ത് തനിച്ചുനിന്ന മഹാഗണി മരത്തിന്റെ ചുവട്ടിൽ, കമ്പിവേലിക്ക് ഇരു പുറവുമായി ഞാനും ബസവപ്പയും അന്നം പങ്കിട്ടു. ഒരു നേരത്തെ അന്നം മനുഷ്യന് എത്ര വിലപ്പെട്ടതാണെന്ന് അയാളുടെ ആർത്തിയിലും ആ വിരൽ ഉറുഞ്ചലിലും നിന്ന് ഞാൻ മനസ്സിലാക്കി. ആ മനുഷ്യന്റെ കുഴിഞ്ഞ കണ്ണുകളുടെ കാഴ്ച്ചയിൽ എന്റെ പട്ടിണിക്കാലങ്ങൾ ആവിയായിപ്പോയി.

ഞങ്ങൾക്ക് ഞായറാഴ്ച്ചകളിൽ ലീവുണ്ടായിരുന്നു. സിവിൽ തൊഴിലാളികൾ അന്നും ജോലി ചെയ്തു. തങ്ങളെക്കാൾ ഇരട്ടി ഭാരമുള്ള കരിങ്കല്ലും ചുമന്ന്, മഞ്ജുളയും മിനള്ളയും അക്കമ്മയും ബദരിയും ബാലേന്ദ്രയും തങ്ങളുടെ ബാല്യം ചിതറി വീണ പാതകളിലൂടെ നടന്നു. പഴയ ഗ്രാമത്തിന്റെ ഓർമ പോലും അവരിൽ ബാക്കിയില്ലായിരുന്നു. തങ്ങൾക്ക് നേരിട്ട അനീതിയെ, വെയില് പോലെ തണുപ്പ് പോലെ അവർ നിസ്സംഗരായി സ്വീകരിച്ചു. ലീവുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ലേബർ ക്യാമ്പുകളിൽ ചീട്ടു കളി നടക്കും. മദ്യക്കുപ്പികൾ മൂടി തുറക്കും.

തുടക്കത്തിൽ പരസ്പരം കെട്ടിപ്പിടിച്ചും കളി പറഞ്ഞും ആനന്ദിച്ചവർ ലഹരിയുടെ മൂർദ്ധന്യത്തിൽ പരസ്പരം തല്ലു കൂടി മദ്യക്കുപ്പികൾ എറിഞ്ഞുടയ്ക്കും. അടി തുടങ്ങുമ്പോൾ ആരെങ്കിലും ചുമരിലെ ബൾബ് ഊരി മാറ്റും. പല ഭാഷയിലുള്ള തെറിവിളികൾ അവിടെ കൂടിക്കലർന്ന് അട്ടഹാസങ്ങളായി മാറും.

പുറത്തെ ജീവിതദുരിതങ്ങൾക്കും അകത്തെ അടിപിടികൾക്കും ഇടയിൽ വാതിൽക്കൽ വിരിച്ച പുൽപ്പായയിൽ കിടന്ന് മെഴുകുതിരി വെട്ടത്തിൽ ഞാൻ ഖസാക്കും, ബീഗം മേരി ബിശ്വാസും വായിച്ചു. ആരൊക്കെയോ എന്റെ മേലേക്ക് വന്നു വീണു. ആരൊക്കെയോ പുറത്തേക്ക് തെറിച്ചു പോയി.

കർമ്മബന്ധങ്ങളുടെ നിരർത്ഥകമായ ആ വഴക്കുകളുടെ വാതിൽക്കൽ ഞാൻ വാക്കുകളെ നുണഞ്ഞിരുന്നു.

തല പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട് ഫിറ്റർ സ്റ്റാലിനും, അയാളുടെ പിന്നാലെ ഇരുമ്പ് കമ്പിയുമായി രാഘവേന്ദ്രയും പുറത്തേക്ക് ഓടി. പുറത്തെ തണുപ്പിൽ അവർ പരസ്പരം കെട്ടി മറിഞ്ഞു. കൈയ്യിൽ തടഞ്ഞതെടുത്ത് അടിച്ചു. രാജാവിന്റെ പള്ളിയിൽ മൈമൂനക്കുവേണ്ടി രവിയും നൈജാമലിയും നടത്തിയ സംഘടനമായിരുന്നില്ല അത്. ജീവിതമെന്ന വലിയ ഭ്രാന്തിനെ നേരിടാൻ നിസ്സഹായരായ കുറെ മനുഷ്യർ നടത്തിയ ചെറിയ ചെറിയ ഭ്രാന്തുത്സവങ്ങളായിരുന്നു അത്. സ്റ്റാലിന്റെ ചോരത്തുള്ളി ഇറ്റി വീണ പേജിൽ, അത് തുടച്ചു കളഞ്ഞ് ഞാനിങ്ങനെ വായിച്ചു: 'തൊടിയുടെ അപ്പുറത്തെ ഉടവിൽ നിന്നായിരിയ്ക്കണം ഉറഞ്ഞു പൊങ്ങിയതെന്ന് രവി നിരൂപിച്ചു. പരുവക്കൂട്ടങ്ങൾ തുറ്റുവളർന്നുനിന്ന ഉടവിൽ കച്ചയഴിച്ച്, പൊന്തയുടെ മറവിൽ കുന്തിച്ചിരുന്നുകൊണ്ട് മണ്ണിലും വളത്തിലും പൂശാരി വേരു പിടിയ്ക്കുന്നതു രവി മനസ്സിൽ കണ്ടു.'

അവിടെ ജോലിനോക്കിയ കാലത്താണ് ഞാൻ ഏകാന്തതയുടെ നൂറ് വർഷങ്ങൾ ആദ്യമായി വായിച്ചത്. കടലപ്പാടങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ടു നിന്ന പേരറിയാമരത്തിന്റെ ചുവട്ടിലിരുന്ന് മക്കൊണ്ടയിലെ അത്ഭുതങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. കേണൽ അറീലിയോനോ ബുവേണ്ടിയയും, ഉർസുലയും അമരാന്റെയും, മെൽക്കിഡിയാസും, റെബേക്കയും, ജോസ് ആർക്കേഡിയ ബുവേൻഡിയയും പുസ്തകത്തിൽ നിന്നിറങ്ങി വന്ന് ആ കടലപ്പാടങ്ങളിലെ കറുത്ത മണ്ണിലൂടെ നടന്നു.

അവളുടെ ചുംബനത്തോളം വരില്ല, മറ്റു പ്രണയിനികളുടെ ചുംബനങ്ങൾ. മലയാളത്തിന്റെ മധുരം മുഴുവനായി ഞാനറിഞ്ഞത് ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്നാണ്.

കണ്ണാടിച്ചുമരുകളുടെ ആ മായാനഗരം കൊടുങ്കാറ്റിൽ ഒടുങ്ങിയമരുന്നത് വായിച്ച് തീരുമ്പോൾ ഖസാക്ക് ചെറുതായതായി എനിക്ക് തോന്നി .ആ തോന്നലിനെ ഞാൻ തന്നെ തിരുത്തി. ഖസാക്ക് മലയാളത്തിന്റെ മക്കൊണ്ടയാണ്. മക്കോണ്ടയോളം തന്നെ സൗന്ദര്യവും ഉൾക്കനവും ഖസാക്കിനുണ്ടെന്ന് ഞാൻ എന്നോട് തന്നെ ദുർബലമായി തർക്കിച്ചു. ആ തർക്കത്തിൽ ഖസാക്കിന്റെ തട്ടിനെ മെല്ലെ മെല്ലെ ഞാൻ ഉയർത്തിയെടുത്തു. കാരണം, ഖസാക്ക് ഞാനാദ്യമായി പ്രണയിച്ച കാമുകിയാണ്.
അവളുടെ ചുംബനത്തോളം വരില്ല, മറ്റു പ്രണയിനികളുടെ ചുംബനങ്ങൾ. മലയാളത്തിന്റെ മധുരം മുഴുവനായി ഞാനറിഞ്ഞത് ഖസാക്കിന്റെ ഇതിഹാസത്തിൽ നിന്നാണ്.

12: ‘അച്ഛൻ’ എന്ന പതിമൂന്നാം അധ്യായം

ഒറ്റ വരി പോലും പുറംലോകം കണ്ടിട്ടില്ലെങ്കിലും ഈ ഗ്രാമത്തിലെ ഒരേയൊരു എഴുത്തുകാരൻ ഞാനാണെന്ന് അഹങ്കരിച്ച് നടക്കുന്ന കാലത്താണ്, അസ്‌കർ അലിയുടെ കവിത ഒരു മനഃശാസ്ത്ര മാസികയിൽ അച്ചടിമഷി പുരണ്ട് വരുന്നത്. ചങ്ങമ്പുഴയെയും ചുള്ളിക്കാടിനെയും വായിച്ച് കമ്പം കേറി കവിതയെഴുതാൻ മുട്ടിനിൽക്കുന്ന കാലമാണ്. കവിതയൊന്നും എഴുതാതെ തന്നെ അത് മാതൃഭൂമിയിലും കലാകൗമുദിയിലും എന്റെ ഫോട്ടോയോടൊപ്പം അച്ചടിച്ചുവരുന്നത് സ്വപ്നം കണ്ടു നടക്കുന്ന എന്റെ മുമ്പിൽ അവനാ മാസികയുടെ നടുപ്പേജ് തുറന്നുവെച്ചു. അതിൽ 'വേനൽ 'എന്ന പേരിൽ അവന്റെയും ഒപ്പം മറ്റു മൂന്നു പേരുടെയും കവിതകളുണ്ട്. ബ്ലാക്ക് & വൈറ്റിലാണെങ്കിലും അവന്റെ ഫോട്ടോയുമുണ്ട്.

നാരായണന്റെ തുന്നൽകടയിലെ കട്ടിങ്ങ് മേശയിൽ കിടന്ന് ആ കവിത എന്നെ നോക്കി പരിഹസിച്ച് ചിരിച്ചു. നാരായണന് എന്റെ എഴുത്തുമോഹങ്ങൾ നന്നായിട്ട് അറിയാം. എഴുതാൻ നോക്കുന്ന കഥകളിലൊക്കെ വിജയസാന്നിധ്യം വല്ലാതെയുള്ളതു കൊണ്ട് അവനെന്റെ കഥകൾ മുഴുവൻ വായിക്കാറ് പോലുമില്ല.

ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍ നിന്ന്

''നീയിങ്ങനെ വിജയനെയും റസാക്കിനെയും കെട്ടിപ്പിടിച്ച് നടന്നോ. അസ്‌ക്കറലി കവിയായി. ന്നാലും ഇജ് ഖസാക്കിനെ വിടണ്ട ട്ടാ'' , അവന്റെ പരിഹാസം കൂടിയായപ്പോൾ എന്റെ നെഞ്ച് കനത്തു. മനഃശാസ്ത്ര മാസികയിലും മനോരമയിലുമൊക്കെ ആർക്കും കവിതയെഴുതാമെന്ന പറച്ചിൽ എന്നെ കൂടുതൽ പരിഹാസ്യനാക്കി. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന സത്യം നാരായണൻ അപ്പോൾ ഉറക്കെ തന്നെ പറഞ്ഞു.

അസ്‌ക്കറലിയാവട്ടെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ തലയുയർത്തി നിൽക്കുകയാണ്. താൻ എഴുതിയിട്ട അനേകം കവിതകളിൽ കയ്യിൽ തടഞ്ഞത് എടുത്ത് തന്റെ അനിയത്തി ഈ മാസികയ്ക്ക് അയച്ചു കൊടുത്തതാണെന്നും ഇതിലും നല്ല എത്രയോ കവിതകൾ തന്റെ മേശയിൽഉണ്ടെന്നും അഹങ്കാരത്തോടെ പറയുകയാണ്. അവൻ എന്തെങ്കിലും വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എഴുത്തുകാരനാവാൻ ഒരു പാട് വായിക്കണമെന്ന തത്വം വെറുതെയാണെന്ന് എനിക്കപ്പോൾ തോന്നി. കവി മാത്രമല്ല ഒന്നാന്തരം ഗായകനുമാണ് അസ്‌കറലി. യേശുദാസിന്റെ ശ്വാസം വിടാതെയുള്ള പാട്ടുകൾ അതേപടി അവൻ പാടുമായിരുന്നു. പോരാത്തതിന് അവൻ എന്നെക്കാൾ നന്നായി ബോർഡും ബാനറുമൊക്കെ എഴുതും. ചിത്രങ്ങൾ വരയ്ക്കും. അവൻ വരച്ച ഉർവ്വശിയുടെയും ശോഭനയുടേയുമൊക്കെ ചിത്രങ്ങൾ കോട്ടക്കലിലെ ജ്വല്ലറികളുടെ ഷട്ടറുകളിൽ മേനി നിറയെ പണ്ടങ്ങളണിഞ്ഞ് ജീവനോടെ നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ശൂന്യനായി. ഇത്ര കാലം വായിച്ചതൊക്കെ വെറുതെയായ പോലെ. എഴുതി വെച്ചിരിക്കുന്നതെല്ലാം ഭാഷയറിയാത്ത ഒരുവന്റെ ചവറ് വാക്കുകളാണെന്ന തോന്നലിൽ തല കറങ്ങി. അവനുമായി ഞാൻ ജയിക്കുന്ന ഒരേയൊരു മേഖല ചെസ്സ് കളി മാത്രമാണ്.

അന്നും പിറ്റേന്നും കവലയിൽ അസ്‌ക്കറലിയായിരുന്നു ചർച്ചാ വിഷയം. അവനാകട്ടെ കവിത വന്ന മാസിക കവലയിലെ എല്ലാ കടകളിലും ഓരോ കോപ്പി വീതം കൊണ്ടിട്ടു. ഒന്നും വായിക്കാത്തവർ പോലും അവന്റെ കവിത വായിച്ചു. സംഗതി അച്ചടിച്ചുവന്നത് മനഃശാസ്ത്ര മാസികയിലായതിനാൽ അന്നുമുതൽ ഞാനാ മാസികയും വാങ്ങാൻ തുടങ്ങി. അവനോട് തോന്നിയ അസൂയ എന്റെ വായനയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുകയാണെന്നും, ഏറെക്കാലം ഞാനാ വഴികളിലെ മുൾക്കാട്ടിൽ കുരുങ്ങി കിടക്കുമെന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു.

മുഹമ്മദ് അബ്ബാസ്

ആ മാസികയിൽ സ്ത്രീകളുടെ മനഃശാസ്ത്രം എന്തെന്ന ചർച്ച എല്ലാ ലക്കത്തിലും ഉണ്ടാവും. അത് എനിക്കും അറിയേണ്ട കാര്യമാണല്ലോ. പെണ്ണിന്റെ മനസ്സറിഞ്ഞാൽ പിന്നെ അവളെ പെട്ടെന്ന് പാട്ടിലാക്കാലോ എന്ന് വിഡ്ഢിയായ ഞാൻ വിചാരിച്ചു . ലൈബ്രറിയിൽ നിന്ന് ഞാൻ മനഃശാസ്ത്ര വിഷയങ്ങൾ വായിക്കാനെടുത്തു. പലതും തൊലിപ്പുറമേയുള്ള നിരീക്ഷണങ്ങൾ മാത്രമായിരുന്നു. അക്കാലത്താണ് നാലപ്പാട്ട് നാരായണമേനോന്റെ രതിസാമ്രാജ്യം എന്ന പുസ്തകം ഞാൻ വായിക്കുന്നത്. അതോടെ എന്റെ കമ്പം സാഹിത്യം വിട്ട് മനഃശാസ്ത്രത്തിലേക്കും തത്വചിന്തയിലേക്കും കുടിയേറി. എന്നിട്ടും ഇതിഹാസക്കാരൻ എന്റെയുള്ളിൽ ഉരുവിട്ടു കൊണ്ടിരുന്നു; 'ആ വീടിനുചുറ്റും വിസ്തൃതമായ നിലമുണ്ട്. ഒരു കുന്നിൻ ചെരുവത്രയും. അതിൽ പൈൻ മരങ്ങളും പഴച്ചെടികളുമുണ്ട്. കുന്നുകളിൽ വസന്തം വരുമ്പോൾ പൂത്തിട്ടുകൾ തെളിയും. പടി കടന്ന് നീണ്ടൊരു ഡ്രൈവിലൂടെ വേണം വീട്ടിലേയ്ക്കു വരാൻ. വീട്ടിനകത്ത് ദാരു ശില്പങ്ങളുണ്ട്. വർഷങ്ങളായി വിരലു പതിഞ്ഞിട്ടില്ലാത്ത ഒരു പിയാനോവുണ്ട്.
അകലെ കിടന്ന മഞ്ഞപ്പുൽത്തട്ടുകളിലേയ്ക്കു നോക്കിയ കിടപ്പറയുണ്ട്. അവിടെയാണ് താൻ ചിറ്റമ്മയെ അറിഞ്ഞത്. '

ഇതിഹാസത്തിലെ ‘അച്ഛൻ’ എന്ന പതിമൂന്നാം അധ്യായത്തിലാണ് ഈ വാക്കുകളുള്ളത്. ആ അധ്യായം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. അതാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ ഏറ്റവും മികച്ച അധ്യായമെന്ന് ഞാനിന്നും കരുതുന്നു. എത്ര തവണയാണ് അത് വായിച്ചതെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. അത്രമാത്രം ഞാനാ വാക്കുകൾ വായിച്ചിട്ടുണ്ട്. രവിയുടെ പാപ ബോധത്തിന്റെ ഓർമ്മകൾ ആ അധ്യായത്തിലാണ് പനിപോലെ വിയർത്തൊടുങ്ങിയത്.

എന്റെ മനഃശാസ്ത്ര വായന ഫ്രോയിഡിലേക്കും യൂങ്ങിലേക്കും കടന്നപ്പോൾ അതുവരെയുള്ള യുക്തിചിന്തയും കാര്യങ്ങളോടുള്ള വൈകാരിക സമീപനവും ഒരു പോലെ എനിക്ക് നഷ്ടപ്പെട്ടു. അഗമ്യഗമനവുമായി സമരസപ്പെട്ട് പോവുന്നവർക്കേ യഥാർത്ഥ ലൈംഗികസുഖം ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്ന ഫ്രോയിഡിന്റെ നിഗമനം ഞാനെന്ന അവിവാഹിതനെ വല്ലാതെ പിടിച്ചു കുലുക്കി. പിൽക്കാലത്ത് അതൊരു മണ്ടൻ നിഗമനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞെങ്കിലും അന്നത്, സ്വയംഭോഗത്തിന്റെ ഇരുണ്ട ശൂന്യതകളിലേക്ക് അഗമ്യഗമനത്തിന്റെ പരിസരത്തോളം എത്തുന്ന പെൺശരീരങ്ങളെ ആവാഹിച്ചു വരുത്തി. അതെന്നിൽ കുറ്റബോധമുണ്ടാക്കി. പക്ഷേ ഞാനത് ആവർത്തിച്ചു. ആ ആവർത്തനങ്ങളിൽ ക്രൂരമായ സംതൃപ്തി കണ്ടു.

സിഗ്മണ്ട് ഫ്രോയിഡ്

ഫ്രോയിഡിൽ നിന്ന് ഞാൻ ഗുരു നിത്യയിലേക്കും, വിവേകാനന്ദനിലേക്കും ഇംഗർ സോളിലേക്കും കോവൂരിലേക്കും ഇടമറുകിലേക്കും നടരാജ ഗുരുവിലേക്കും നടന്നു. സെൽഫ് ഹിപ്‌നോട്ടിസവും രാജയോഗവും പരിശീലിച്ചു. എന്റെ ശിരസും സിരകളും ചൂട് പിടിച്ചു. കവിതയും മഴയും സംഗീതവും പ്രണയവും എനിക്ക് നഷ്ടപ്പെട്ടു.

ഫിസിക്‌സോ കെമിസ്ട്രിയോ ബയോളജിയോ പഠിച്ചിട്ടില്ലാത്ത എന്റെ വാരിവലിച്ചുള്ള അറിവുതീറ്റ എന്നിൽ ദഹനക്കേടുണ്ടാക്കി. ഞാനെന്ന അസ്തിത്വം തീരെ ചെറുതായതായി എനിക്ക് തോന്നി. പലതരം വർണ്ണങ്ങൾ ചുമരുകൾക്കും ജാലകങ്ങൾക്കും പെയിന്റ് ചെയ്തിരുന്ന എനിക്ക് പ്രകാശത്തിന്റെ വിവിധ അളവുകളാണ് വർണ്ണങ്ങൾ എന്നത് വല്ലാത്തൊരു ഞെട്ടലാണുണ്ടാക്കിയത്. നിരതെറ്റാതെ വരിതെറ്റാതെ ഞാൻ തേച്ച ചായങ്ങൾപ്രകാശത്തിന്റെ, അതു വഴി ഊർജ്ജത്തിന്റെ വിവിധ അളവുകളാണെന്ന അറിവ് ദഹിക്കാതെ എന്റെയുള്ളിൽ കിടന്നു.

കാഴ്ച്ചയെയും കേൾവിയെയും ചലനത്തെയും കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ എന്റെ തലച്ചോറിനെ ഉഴുതുമറിച്ചു. മുമ്പിൽ ഞാൻ കാണുന്ന പെൺശരീരം അതിന്റെ പിറകിലെ പശ്ചാത്തലമില്ലാതെ എനിക്ക് കാണാനാവില്ല എന്നതും, വെളുത്ത സുന്ദരിയും കറുത്ത സുന്ദരിയും പ്രകാശത്തിന്റെ കൺകെട്ടുവിദ്യകൾ മാത്രമാണെന്നുമുള്ള അറിവിലും ഞാനാ ശരീരങ്ങളെ ഭയന്നു.

നിത്യ ചൈതന്യയതി

രൂപ തല സംപ്രത്യക്ഷണ ബന്ധങ്ങളുടെ നിയമങ്ങൾ എന്റെ തലച്ചോറിൽ പഞ്ഞിക്കെട്ടുകളെ കുത്തി നിറച്ചു. മുമ്പിലൂടെ പോവുന്ന ഒരു വാഹനത്തിന്റെ വേഗതയും ചലനവും അടിസ്ഥാനപരമായി എന്താണെന്ന അറിവ് ആ പഞ്ഞിക്കെട്ടിന് തീ കൊടുത്തു.
അത് കത്താൻ തുടങ്ങി. പലതരം ചിന്തകൾ കൂടിക്കുഴഞ്ഞു. ചിന്തിച്ചുചിന്തിച്ച് ഞാൻ മാത്രമാണ് ഈ ഭൂമിയിലുള്ളതെന്നും, മറ്റെല്ലാം എന്റെ വെറും തോന്നലാണെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്ന ആ നിമിഷം ഭയത്തിന്റെ കറുകറുത്ത ഇരുട്ടിനെ ഞാൻ തൊട്ടു. നോമ്പുകാലമായതിനാൽ പണിയുണ്ടായിരുന്നില്ല. ‘മനഃശാസ്ത്രത്തിന് ഒരു മുഖവുര’ എന്ന പുസ്തകത്തിന്റെ രണ്ട് വോള്യങ്ങൾ വായിച്ചു തീർത്ത്, അതിലെ ചെറിയ ചെറിയ പരീക്ഷണങ്ങൾ ചെയ്ത് വിജയിച്ച ഞാൻ എനിക്ക് തന്നെ അന്യനായി മാറാൻ തുടങ്ങി. ഞാൻ തന്നെ എന്റെയൊരു തോന്നലാണെങ്കിലോ എന്ന നടുക്കുന്ന ചിന്തയിൽ ചെമ്പരത്തിപ്പൂക്കളുടെ എക്‌സ്‌റേ പ്രിന്റുകൾ ഞാൻ കണ്ടു. രാപ്പകലില്ലാതെയുള്ള വായന എന്റെ ശരീരത്തെയും മനസ്സിനെയും ബോധത്തെയും വലിഞ്ഞു മുറുകിയ കമ്പി പോലെയാക്കി.
അന്നേയ്ക്കു ഞാനുറങ്ങിയിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. വായന. ചിന്ത. വായന. പിന്നെയും ചിന്ത ...

എന്റെ അനുവാദമില്ലാതെ പിറവികൊള്ളുന്ന ചിന്തകൾ. ഒരു ചിന്തക്കും മറുചിന്തക്കും ഇടയിലെ ഇരുണ്ട ശൂന്യതയിൽ ഞാൻ ഭയന്നുനിന്നു. ആ ഇരുട്ടിൽ ഞാൻ വെളിച്ചപ്പൊട്ടുകൾ കണ്ടു. പൊട്ടുകൾ വലുതാവാൻ തുടങ്ങി. വലുതായി വലുതായി കൂറ്റൻ വലയങ്ങളായി മാറി. ആ വലയങ്ങൾക്കുള്ളിൽ ഞാനെന്ന ബോധം ചെറുതാവാൻ തുടങ്ങി. ചെറുതായി ചെറുതായി ഒരു കടുക് മണിയോളം ചെറുതായി. ഒടുവിൽ ‘ഞാനില്ല’ എന്ന അവസ്ഥ എത്തിയപ്പോൾ ഞാൻ ഭ്രാന്തിനെ കണ്ടു. ഭ്രാന്തന്മാരെ കണ്ടു. പരിചയമുള്ളതും അല്ലാത്തതുമായ അനേകം ഭ്രാന്തന്മാർ എന്റെ മുമ്പിലൂടെ ഉടുതുണിയില്ലാതെ ഓടി. അക്കൂട്ടത്തിൽ കുഞ്ഞൂട്ടനും ഉണ്ടായിരുന്നു.

എന്റെ അനുവാദമില്ലാതെ പിറവികൊള്ളുന്ന ചിന്തകൾ. ഒരു ചിന്തക്കും മറുചിന്തക്കും ഇടയിലെ ഇരുണ്ട ശൂന്യതയിൽ ഞാൻ ഭയന്നുനിന്നു. / Painting: Edvard Munch

ഭ്രാന്ത്...
അത് വരികയാണ്. ‘അനക്ക് ഓതി മറിയും ചെക്കാ’ എന്ന ഉമ്മയുടെ ഏറെക്കാലത്തെ പറച്ചിൽ ഞാനപ്പോൾ ഒരുമിച്ച് കേട്ടു. ഭയം തലച്ചോറിൽ വൈദ്യുതിക്കാറ്റായി രൂപം കൊണ്ടു. അത് ചെവി വഴികളിലൂടെ താഴേക്കിറങ്ങി തൊണ്ടയും കടന്ന് നെഞ്ചിലെത്തി, നെഞ്ച് കനപ്പിച്ച് വയറ്റിലെത്തി വയറാകെ ഇളക്കി മറിച്ച് എന്നെ കക്കൂസിലേക്ക് ഓടിച്ചു. അവിടുന്ന് ഇറങ്ങുമ്പോൾ ഭയത്തിന് നേരിയ ആശ്വാസം. പിന്നെയും തലച്ചോറിൽ അതേ ഭയം. അതേ ആവർത്തനങ്ങൾ. നെറ്റിയും കവിളും നെഞ്ചും ശരീരമാകെയും ചുട്ടുപഴുത്ത് നിന്നു. ഞാൻകുളിച്ചുനോക്കി. തല തണുത്തില്ല. ശരീരം തണുത്തില്ല. ആശ്വാസത്തിനായി ഞാൻ ഖസാക്കിനെ തുറന്നു.

‘കാലെടുത്തു വെച്ചതും ആകാശം പൊട്ടി വീണെന്ന് കുപ്പുവച്ചന് തോന്നി. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം. ശ്വാസമടയുന്നു. കമ്പിളി ഈയക്കട്ടി പോലെ കനക്കുന്നു. കുറേ നേരം കയ്യും കാലുമിട്ടു പിടഞ്ഞ ശേഷം കുപ്പുവച്ചൻ കരയ്ക്കു കയറി. കണ്ണിലാകെ പായലടിഞ്ഞിരുന്നു. കുളക്കടവിലെ പാറയിലിരുന്നു കൊണ്ട് കുപ്പുവച്ചൻ നിലവിളിച്ചു; ‘നാഞ്ചാക്‌ണോ! ഓടി വരിയേ.’

ഒട്ടും ആശ്വാസം തോന്നിയില്ലെന്നുമാത്രമല്ല അന്നാദ്യമായി തുടർന്ന് വായിക്കാനാവാതെ ഞാൻ ഖസാക്കിനെ അടച്ചുവെച്ചു.

കുപ്പുവച്ചനേക്കാൾ മോശം അവസ്ഥയിലായിരുന്നു ഞാൻ. വെറും നിലത്ത് കമിഴ്ന്നുകിടന്ന് ഞാൻ കരയാൻ നോക്കി. കരച്ചിലിനെ, ദുഃഖത്തെ, നിസ്സഹായതയെ, അതിജീവിച്ച് ഭയം എന്നിൽ പ്രതാപിയായി നിറഞ്ഞുനിന്നു. എനിക്ക് പൊട്ടിക്കരയണമായിരുന്നു. എനിക്ക് ഉറങ്ങണമായിരുന്നു. ഉപ്പാന്റെ പൂച്ചകളുടെ കടിപിടി ഞാൻ കേട്ടു. പുറത്ത് പറങ്കിമാവുകളിലൂടെ രാക്കാറ്റുകൾ കടന്നുപോയി. വിദൂരതയിൽ എവിടെയോ ഒരമ്മ ഉറക്കം ഞെട്ടിയ തന്റെ കുഞ്ഞിനു വേണ്ടി താരാട്ടു പാടി. ആ താരാട്ടിന്റെ നേർത്ത ശബ്ദങ്ങളെ കാറ്റ് ചിതറിച്ചു. ഞാൻ അതിൽ മാത്രം ശ്രദ്ധയൂന്നി. അപ്പോൾ ആ നിമിഷം, അതുവരെയില്ലാത്ത സ്‌നേഹത്തോടെ ഞാൻ ഉമ്മാനെ ഓർത്തു. ഞാൻ ഉമ്മാന്റെ അരികിലേക്ക് നടന്നു. ഉമ്മാന്റെ മുഷിഞ്ഞ പുതപ്പിനുള്ളിലേക്ക് നൂണ് കടന്നു. മുലക്കുഞ്ഞായി മാറിയ ഞാൻ ഉമ്മാനെ ചേർന്നു കിടന്നു. ഉമ്മ എന്നെ തൊട്ടു. ചുട്ടു പൊള്ളുന്ന എന്റെ നെറ്റിയിൽ ഉമ്മാന്റെ തണു തണുത്ത കൈപ്പടം പതിഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ഉമ്മ ഉറക്കം ഞെട്ടിയുണർന്നു.

ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍ നിന്ന്

‘അനക്ക് പനിക്ക്ണ് ണ്ടോ?’

എനിക്ക് ഉത്തരമില്ലായിരുന്നു. വെളുത്തുള്ളിയും മസാല കൂട്ടുകളും കൂടിക്കലർന്ന ഉമ്മാന്റെ ഗന്ധത്തിലേക്ക് ഞാൻ മുഖം താഴ്ത്തി. എന്റെ നിശ്ശബ്ദമായ കണ്ണീര് ഉമ്മാന്റെ വസ്ത്രത്തെ തൊട്ടു . വാവിട്ട് ഉറക്കെ കരയാനാവാതെ ഭയത്തിന്റെ ചെമ്പരത്തികളെ ഉള്ളിലൊളിപ്പിച്ച് ഞാനെന്ന മകൻ ഉമ്മാനെ ഇറുകെ പുണർന്നു.
‘എത്താ അനക്ക്?’
ഉമ്മ എഴുന്നേറ്റ് തീപ്പെട്ടിയുരസി വിളക്ക് കൊളുത്തി. ആ മഞ്ഞ വെളിച്ചത്തിൽ ഓതി മറിഞ്ഞ തന്റെ എട്ടാമത്തെ സന്തതിയുടെ മുഖം ഉമ്മ കണ്ടു. എന്റെ കണ്ണീര് തുടച്ചുകൊണ്ട് ഉമ്മ ഉറക്കെ നിലവിളിച്ചു. വീടുണർന്നു. വീട്ടുകാർ ഉണർന്നു. സഹോദരങ്ങളും ഉപ്പയും എന്റെ ചുറ്റും കൂടി നിന്നു. അവരിൽ ആര് ആരൊക്കെയാണെന്ന് എനിക്കപ്പോൾ തിരിച്ചറിയാൻകഴിഞ്ഞില്ല. ഭയം കൂടി. നെഞ്ച് കനത്തു. ചെവി രണ്ടും ചുട്ടു നീറി.

‘എനിക്ക് ഉറങ്ങണം ഉമ്മാ’, ഞാൻ പറഞ്ഞു.
എന്നെ കൂട്ടിപ്പിടിച്ച്, ‘ന്റെ കുട്ടി ഒറങ്ങിക്കോ’ എന്ന ഉമ്മാന്റെ സാന്ത്വനവാക്കുകളൊന്നും ആശ്വാസം തന്നില്ല. ആ രാത്രിയിൽ ഞാൻ ഉറങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇതെഴുതാൻ സ്വബോധത്തോടെ ഞാൻ ഉണ്ടാവുമായിരുന്നില്ല എന്നുറപ്പിച്ചുപറയാൻ കഴിയും.

‘കണ്ണീക്കണ്ട ബുക്കൊക്കെ ഒറക്കെളച്ച് വായ്ച്ചിട്ട് ബാക്കിള്ളോരെ എടങ്ങേറാക്കാൻ. പണ്ടാരം...’

ഏട്ടൻ പറയുന്നത് ഞാൻ കേട്ടു. അനിയൻ കവലയിലേക്ക് ഓട്ടോ വിളിക്കാനോടി. ഭയത്തിന്റെ, ഞാനില്ലായ്മയുടെ ഇത്തിരിനിമിഷങ്ങൾക്കുശേഷം ഞാൻ ഏട്ടന്റെ കൂടെ റഹീം ഡോക്ടറുടെ ഹോസ്പിറ്റലിൽ ഓട്ടോയിൽ ചെന്നിറങ്ങി. അവിടെ റഹീം ഡോക്ടർ ഇല്ല. പകരം മറ്റൊരു സ്ത്രീയായിരുന്നു ഡോക്ടറായി ഉണ്ടായിരുന്നത്. മയക്കത്തിൽ നിന്നുണർന്ന് അവരെന്നോട് ചോദിച്ചു, ‘എന്തുപറ്റി?’
‘എനിക്ക് ഉറങ്ങണം.’
ഞാനെന്ന ഭ്രാന്തൻ പുലരാൻ തുടങ്ങുന്ന ആ മൂന്നു മണി നേരത്ത് ഡോക്ടറോട് പറഞ്ഞു.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments