ഇനിയുമൊരു വായനക്കായി തുറക്കുകയാണ്,
ഖസാക്കിന്റെ ഇതിഹാസം

അടുപ്പിൽ തീ പിടിപ്പിക്കാനുള്ള ഓലക്കൊടി തീർന്ന് ഭാര്യ അന്തം വിട്ടുനിൽക്കുമ്പോൾ എഴുതിവെച്ച ന്യൂസ് പ്രിൻ്റിൻ്റെ കടലാസുകൾ ഞാനവൾക്ക് തീ പിടിപ്പിക്കാന്‍ കൊടുക്കും. 'ഇതൊക്കെ ഇങ്ങള് എഴുതി വെച്ചതല്ലേ?' എന്ന അവളുടെ ദേഷ്യത്തിന് ഞാൻ ചിരിയോടെ, അതൊന്നും ആവശ്യമില്ലാത്ത എഴുത്തുകളാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം 19

കൊറോണക്കാലം ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യതകളും ദുരിതങ്ങളും എന്നെപ്പോലുള്ള കൂലിപ്പണിക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. വിശപ്പായും നിറയാത്ത വയറായും ഒഴിഞ്ഞ കീശയായും അത് എന്നിലൂടെ കടന്നുപോയി. മൂന്ന് മക്കൾക്കും കൂടി പഠിക്കാൻ ഒറ്റ ഫോൺ മാത്രം. അതിന് റീചാർജ് ചെയ്യാൻ തന്നെ പണമില്ലാത്ത അവസ്ഥ. കടം വാങ്ങിയവരോടുതന്നെ പിന്നെയും കടം വാങ്ങിയാണ് അടുക്കള ബജറ്റ് ഒപ്പിച്ചെടുത്തത്.

ആ ദുരിതകാലത്തും ഖസാക്ക് എനിക്ക് സാന്ത്വനമായി കൂട്ടുനിന്നു. അത് എൻ്റെ അബോധങ്ങളിൽനിന്ന് പെരുമഴയായും പൂർവ്വ ജന്മസ്മൃതിയായും ഖബറിടങ്ങളിലെ ചന്ദനത്തിരികളായും അരയാലിലകളിലെ പതിഞ്ഞ കാറ്റായും കരിമ്പനകളിലെ കാനൽ ജലമായും തൃത്താവിന്റെ മണമായും മൈമുനയുടെ നീല ഞരമ്പോടിയ കൈത്തണ്ടയായും മൊല്ലാക്കയുടെ കാലിലെ വൃണനോവായും ശിവരാമൻ നായരുടെ അശാന്തിയായും എന്നെ ചൂഴ്ന്നു തിടം വെച്ചു. മക്കൾ തിന്ന് തീരാൻ വിശന്നിരിക്കുന്ന ഞാൻ ഖസാക്കിൽ നിന്ന് അന്നം നേടി. പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ ഈ വാടക ക്വാർട്ടേഴ്സിൽ അടഞ്ഞിരുന്ന ആ കാലത്ത് ഖസാക്ക് കൂടി കൂട്ടിനില്ലായിരുന്നെങ്കിൽ, പണ്ട് ഭയന്നിരുന്ന പോലെ മുഴുഭ്രാന്തനായി ഈ വഴികളിലൂടെ ഉടുതുണി ഉരിഞ്ഞിട്ട് ഞാൻ ഓടുമായിരുന്നു.

ചുറ്റും രോഗവിവരങ്ങൾ മാത്രം. തേടിയെത്തുന്നത് മരണത്തിന്റെയും അനിശ്ചിത്വത്തിന്റെയും രുചി നഷ്ടത്തിന്റെയും ഗന്ധനഷ്ടത്തിന്റെയും വാർത്തകൾ മാത്രം. കവലയിൽ കാവലായി പോലീസുകാർ നിന്നു. മുപ്പത് രൂപയ്ക്ക് അതുവരെ വാങ്ങിയിരുന്നു സാമ്പാറിനുള്ള പച്ചക്കറിക്ക് എൺപതു രൂപയായി. പല സംഘടനകളും കിറ്റുകൾ നടന്ന് വിതരണം ചെയ്യുന്നുണ്ട്. അതൊന്നും, രാഷ്ട്രീയ കക്ഷികളെയൊക്കെ മുഷിപ്പിച്ച, വായനാ ഭ്രാന്തനായ, അധികമാരോടും കൂട്ടില്ലാത്ത എന്നെ തേടിയെത്തിയില്ല. അക്കാലത്താണ് ഞാൻ വായനാക്കുറിപ്പുകൾ അധികമായി എഴുതിയത്. അതാണ് പിന്നീട് എൻ്റെ ആദ്യ പുസ്തകമായി മാറിയത്.

വായനാക്കുറിപ്പിനും അനുഭവക്കുറിപ്പിനും അപ്പുറം കഥകളോ നോവലോ എഴുതാനുള്ള എൻ്റെ ശ്രമങ്ങൾക്കു മുമ്പിൽ ഖസാക്കെന്ന വൻമരം തടസ്സമായി നിന്നു. എന്നിട്ടും ഞാനെന്തൊക്കെയോ വാരിവലിച്ചെഴുതി.

അടുപ്പിൽ തീ പിടിപ്പിക്കാനുള്ള ഓലക്കൊടി തീർന്ന് ഭാര്യ അന്തം വിട്ടുനിൽക്കുമ്പോൾ എഴുതിവെച്ച ന്യൂസ് പ്രിൻ്റിൻ്റെ കടലാസുകൾ ഞാനവൾക്ക് തീ പിടിപ്പിക്കാന്‍ കൊടുക്കും. 'ഇതൊക്കെ ഇങ്ങള് എഴുതി വെച്ചതല്ലേ?' എന്ന അവളുടെ ദേഷ്യത്തിന് ഞാൻ ചിരിയോടെ, അതൊന്നും ആവശ്യമില്ലാത്ത എഴുത്തുകളാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. എൻ്റെ കഥാപാത്രങ്ങൾ ആ തീയിൽ കിടന്ന് നിലവിളിച്ചു. ചിലർ തീയിൽ നിന്ന് ജീവനും കൊണ്ട് ഓടി. അവർ പിന്നീട് കൊറോണ ബാധിച്ച് മരിച്ചു.

എന്റെയാ പനിനീർപ്പൂവ് മരിച്ചതും കൊറോണ ബാധിച്ചാണ്. അന്ന് തോരാതെ മഴ പെയ്തു. അവളുടെ മയ്യത്തൊന്ന് കാണാൻ പോലും കഴിയാതെ കത്തുന്ന ഓർമകളുമായി തിരികെ വന്ന് ഞാനിവിടെ കമിഴ്ന്ന് കിടന്നു. എനിക്കുചുറ്റും എൻ്റെ മക്കൾ നിന്നു. അവർക്കും ആ അടച്ചിരിപ്പ് മടുത്തു കഴിഞ്ഞിരുന്നു. ആദ്യമൊക്കെ ഞങ്ങൾ ഒന്നിച്ചിരുന്ന് എന്റെ കുഞ്ഞുഫോണിൽ സിനിമകൾ കണ്ടു. ഭാര്യയുടെ ഇഷ്ടത്തിന് ജയറാമിന്റെയും, മൂത്ത മകളുടെ ഇഷ്ടത്തിന് വിജയ് സേതുപതിയുടെയും, രണ്ടാമത്തെ മകൾക്കുവേണ്ടി ദിലീപിന്റെയും, മകനു വേണ്ടി അല്ലു അർജുന്റെയും സിനിമകൾ ഞങ്ങൾ ദിവസക്കണക്കിന് ഊഴം വെച്ച് കണ്ടു.

ആ അരവയർകാലത്തെ എൻ്റെ മക്കൾ അതിജീവിച്ചത് അത്തരം സിനിമ കാണലുകളിലാണ്. അവർ കാണുന്ന സിനിമകളൊക്കെ കുറച്ചുനേരം ഞാനും കണ്ടിരിക്കും. പിന്നെ പുറത്തു പെയ്യുന്ന മഴയെ ഖസാക്കിലെ മഴയാക്കി മാറ്റി അതും നോക്കിയിരിക്കും. ദൂരെ കാണുന്ന ചെറിയ കുന്നിനെ ചെതലിയാക്കി മാറ്റി ആനന്ദിക്കും. അവിടെ ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നീലച്ച പാർശ്വങ്ങൾക്ക് പായലിൻ്റെ നിറമായി. മലന്തേനട്ടികളിൽ ആലിപ്പഴങ്ങൾ വീണു. ഇടയ്ക്ക് വരാന്തയിലേക്ക് വരുന്ന ഭാര്യ എന്റെ അന്തം വിട്ടുള്ള ഇരുത്തം കണ്ട് നെടുവീർപ്പിടും. എൻ്റെ മടിയിൽ ഖസാക്ക് കമഴ്ന്നു കിടക്കുന്നുണ്ടാവും.

പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഊടുവഴികളിലൂടെ ഞാൻ നടന്നു. പണ്ടത്തെ കരാർ പണികളിൽ ബാക്കി കാശ് തരാനുള്ള വീടുകളിലേക്കും ആളുകളിലേക്കും. എന്നിട്ട് വെറും കയ്യോടെ മടങ്ങിവരുമ്പോൾ, ഞാൻ ഞാറ്റുപുരയിലേക്ക് മടങ്ങിവരുന്ന രവിയായി മാറും. രവിയോടൊപ്പം ഞാനും ഖസാക്കിലെ നെടുവരമ്പുകളിലൂടെ അലഞ്ഞു. എന്നെ തേടി പത്മയുടെ കത്ത് വന്നു. നേരിയ മുന കൊണ്ട് കുറിച്ച നേരിയ അക്ഷരങ്ങൾ. കോയമ്പത്തൂർ, ഏപ്രിൽ 25, മുപ്പതു നാഴികയുടെ അകൽച്ച. അഞ്ചു ദിവസങ്ങളുടെ അകൽച്ച. പക്ഷേ മറ്റേതോ നാട്ടിൽനിന്ന്, മറ്റേതോ കാലത്തിൽ നിന്ന് പത്മ എഴുതി:

"രവീ, ഇതു ഞാനാണ്. പത്മ"
കത്ത് കൊണ്ടുവന്ന കേളുമേനോൻ ഇത്തിരി നാട്ടു വിശേഷങ്ങൾ കൈമാറി യാത്ര പറഞ്ഞുപോയി. ഉച്ച വെയില് വ്യഗതയോടെ എന്നെ വിളിച്ചു. മൃഗതൃഷ്ണയിലെ ജലസർപ്പങ്ങൾ മാടിവിളിച്ചു. പത്മയുടെ വാക്കുകൾ ഞാൻ വായിച്ചു.

"രവീ, ഇത് ഞാനാണ് പത്മ. രാപ്പക്ഷികൾ പറന്നു പോവുന്നതും നോക്കി കടൽത്തീരത്തെ തണുത്ത മണലിൽ കിടന്നത് ഏഴു കൊല്ലം മുമ്പാണ്. രവിയുടെ സ്വാസ്ഥ്യം നശിപ്പിക്കാൻ ഞാൻ വീണ്ടും വരുന്നെങ്കിൽ ക്ഷമിയ്ക്കുക."

എൻ്റെ ഖസാക്ക് കാഴ്ച്ചകളെ മുറിച്ച് മഴയത്തുനിന്ന് കൂട പൂട്ടി ഒരാൾ ക്വാർട്ടേഴ്സിന്റെ ഇറയത്തേക്ക് കയറി. മാസ്ക്ക് കൊണ്ട് മുഖം മറച്ചിരുന്നെങ്കിലും, കണ്ണുകളും ചുരുൾ മുടിയും കണ്ട് ഞാൻ ആളെ തിരിച്ചറിഞ്ഞു. അത് ചന്ദ്രേട്ടനായിരുന്നു. ഇവിടെ നിന്ന് എട്ട് കിലോമീറ്റർ ദൂരമുണ്ട് മൂപ്പരുടെ നാട്ടിലേക്ക്. അവിടെ ഇരുനില വീടും ഉറുമാമ്പഴ മരങ്ങളും അരിനെല്ലിക്കകളുമുണ്ട്. തെങ്ങും പ്ലാവുമുണ്ട്. കാറ്റത്ത് ഇളകിയാടുന്ന പേരമരങ്ങളുടെ ശിഖരങ്ങൾ ജാലകച്ചില്ലിൽ ഉരസാറുണ്ട്. പഴുത്ത പേരക്കകൾ അവിടെ പൊഴിഞ്ഞു കിടന്നിരുന്നു. അത് പൊറുക്കിയെടുക്കാനോ, പറിച്ചുതിന്നാനോ ആ വീട്ടിൽ ചെറിയ കുട്ടികളുണ്ടായിരുന്നില്ല.

ചന്ദ്രേട്ടന്റെ ഭാര്യ ആമവാതം പിടിപെട്ട് ആ വീട്ടിലെ വലിയ കിടപ്പറയിൽ കിടന്നു. അവരുടെയും ചന്ദ്രേട്ടന്റെയും മകൻ ജർമനിയിൽ ഡോക്ടർ വേല ചെയ്തു. അമ്മയുടെ അവസാന ആഗ്രഹമായിരുന്നു മകൻ്റെ വിവാഹം. അവൻ തന്നെ കണ്ടെത്തിയ വധുവിനെ ചന്ദ്രേട്ടനും ഭാര്യക്കും ഇഷ്ടപ്പെട്ടു. ആ വിവാഹത്തിന് വീട് പെയിൻ്റ് ചെയ്യാനാണ് ഞാനങ്ങോട്ട് ചെല്ലുന്നത്.

കരാർ പണിയായിരുന്നു. ഒരു ദിവസത്തെ ലീവൊഴിച്ചാൽ എട്ടു ദിവസം ഞാനും മറ്റ് രണ്ടു പേരും അവിടെ ജോലി ചെയ്തു. ഒമ്പതാം ദിവസം എന്നെ തേടിയെത്തിയത് ചന്ദ്രേട്ടന്റെ മകൻ്റെ മരണവാർത്തയാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഞാനവൻ്റെ ഫോട്ടോ കണ്ടിട്ടുണ്ട്.

അവിടെ ആ വല്യ കിടപ്പറയിൽ ചന്ദ്രേട്ടന്റെ ഭാര്യ തളർന്നുകിടന്നു. കാൽക്കീഴിലെ ഭൂമി പെട്ടെന്ന് ഇല്ലാതായ പോലെ ചന്ദ്രേട്ടൻ അമ്പരന്നുനിന്നു. മരണവീട്ടിൽ നിന്ന് മടങ്ങിയ ഞാൻ പിന്നീടങ്ങോട്ട് പോയില്ല. കരാർ പണിയായതിനാൽ എട്ടു ദിവസത്തെ കൂലിയിൽ, രണ്ടു ദിവസത്തെ കൂലി മാത്രമാണ് ഞാൻ വാങ്ങിയിരുന്നത്. മൂടികൾ തുറന്ന ഇമൽസനും ഇനാമലും ആ വീടിൻ്റെ കാർ ഷെഡ്ഡിൽ കിടന്ന് കട്ടപിടിച്ചു. മകൻ്റെ മരണം നൽകിയ നടുക്കം മാറാതെ അന്തിച്ചുനിൽക്കുന്ന മൂപ്പരുടെ അടുത്തേക്ക് ബാക്കി തുക ചോദിച്ചു ഞാൻ പോയില്ല. ധാരാളം പണിയുണ്ടായിരുന്ന നല്ല കാലമായതിനാൽ മറ്റു രണ്ടു പേർക്കും ഞാൻ എൻ്റെ പണം കൊടുത്ത് അവരുടെ കണക്ക് തീർത്തു.

അത് കഴിഞ്ഞിട്ട് മൂന്നിലേറെ വർഷങ്ങളായി. അതു വഴി പോവുമ്പോൾ ആ വീട് പെയിൻ്റ് ചെയ്യാതെ പഴയ നിറത്തിൽ തന്നെ നിലകൊള്ളുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ചവിട്ടുപടിയിൽ കുട ചാരി വെച്ച് ചന്ദ്രേട്ടൻ അകത്തേക്ക് കടക്കുമ്പോൾ എന്റെ മടിയിൽ ഖസാക്കുണ്ട്. ഭാര്യയും മക്കളും അകത്തെ ഒറ്റ മുറിയിലിരുന്ന് എൻ്റെയാ കുഞ്ഞു ഫോണിൽ അല്ലു അർജുന്റെ സിനിമ കാണുന്നുണ്ട്.

ചുറ്റും പെരുമഴയായി പെയ്യുന്ന കൊറോണയുടെ കാലത്ത് ചന്ദ്രേട്ടൻ എന്നെ ഓർത്തു. എനിക്ക് പണി ഉണ്ടാവില്ലല്ലോ എന്നോർത്തു. പണം തരാനുണ്ടല്ലോ എന്നോർത്തു. മാസ്ക് മാറ്റാതെ തന്നെ മൂപ്പർ ഞാനിട്ടു കൊടുത്ത കയ്യില്ലാത്ത കസേരയിൽ ഇരുന്നു. ഭാര്യയുണ്ടാക്കി കൊടുത്ത മധുരമില്ലാത്ത കട്ടൻ ചായ കുടിച്ചു. എന്റെ മടിയിൽ നിന്ന് ഖസാക്കിനെ എടുത്ത് അലസമായി മറിച്ചു നോക്കി. മഴച്ചാറ്റൽ ഗ്രില്ലിനുള്ളിലൂടെ പാറി വന്ന് ഞങ്ങളെ തൊട്ടു. മൂപ്പർ അധികമൊന്നും സംസാരിച്ചില്ല. മൂന്നിലേറെ വർഷങ്ങളായി മകൻ്റെ മരണത്തിൽ ദുഃഖിച്ചു കഴിയുന്ന അയാളോട് ഞാനും വീട്ടു വിശേഷങ്ങൾ ചോദിച്ചില്ല. കട്ടൻ ചായ കുടിച്ചു തീർത്ത് ക്ലാസും കയ്യിൽ പിടിച്ച് അയാൾ ഏറെ നേരം അതേ ഇരുത്തം ഇരുന്നു. മുമ്പിലെ ടീപ്പോയിയിൽ അടുക്കി വെച്ച പുസ്തകങ്ങളെ വെറുതെ നോക്കി. ചുമരിലെ കറുത്ത പുള്ളികളിൽ മിഴി നഷ്ടമായി ഇരുന്നു.

ഒടുക്കം പോവാനായി എഴുന്നേറ്റ് എൻ്റെ കയ്യിലേക്ക് ഒരു കവർ വെച്ചു തന്നു. മഴ നനയാതിരിക്കാൻ അതിനെ പ്ലാസ്റ്റിക് കൂടു കൊണ്ട് പൊതിഞ്ഞിരുന്നു. മാസ്ക്ക് ഊരി മാറ്റി അയാൾ കണ്ണുകൾ തുടച്ചു. പിതൃ ദുഃഖത്തിന്റെ ആ കണ്ണീരിൽ ഒരു മനുഷ്യൻ്റെ മുഴുജീവിതവും ഞാൻ കണ്ടു. മകൻ വളർന്നു വലുതാവാൻ കാത്തിരുന്ന അച്ഛനെ കണ്ടു. അവൻ്റെ പഠനത്തിന് കൂട്ടിരുന്ന അമ്മയെ കണ്ടു.
"നിക്ക് വരാൻ പറ്റീല അബ്ബാസേ'', ചന്ദ്രേട്ടൻ പറഞ്ഞു.
"നീയ് അങ്ങട്ടും വന്നില്ല. അതാ വൈകിയത്. ഒന്നും വിചാരിക്കരുത്."

ആ കവറിനുള്ളിൽ എനിക്ക് തരാനുള്ള പണമുണ്ടായിരുന്നു. കൊറോണപ്പേടി മറന്ന് അയാളെന്നെ ചേർത്തുപിടിച്ചു. പിന്നെ കരച്ചിലടക്കാനാവാതെ മഴ പെയ്യുന്ന അന്തരീക്ഷത്തിലേക്ക് കുട തുറന്ന്, യാത്ര പറയാതെ ഇറങ്ങിപ്പോയി. ആ പാദങ്ങൾ പതിയുന്നിടത്തെ കലക്ക് വെള്ളത്തിൽ ഞാനപ്പോൾ ദൈവങ്ങളെ കണ്ടു. ഞാൻ ഉള്ളിൽ വായിച്ചു.

"കയ്യൊപ്പിന്റെ ഉപയോഗം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരികയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗഹീനമായ അവയവത്തെ പോലെ അത് ഓർമയിൽ നിന്ന് മായും. പിന്നെ അവശേഷിയ്ക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടി കൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോവും. പരിണമിയ്ക്കും."

മകൻ്റെ വേർപാടിൽ അങ്ങനെ പരിണമിച്ച ഒരച്ഛൻ, ധാരാളം സംസാരിച്ചിരുന്ന തമാശകൾ പറഞ്ഞിരുന്ന, ഒരു മനുഷ്യൻ മഴയിലൂടെ നടന്നുമറയുന്നതും നോക്കി ഞാൻ നിന്നു. കയ്യിലിരുന്ന് ആ കവർ വിറച്ചു. മരണവും ഖസാക്കും വിഷാദങ്ങളും മറന്ന് ഞാനാ കവർ തുറന്നു. അതിൽ എനിക്ക് കിട്ടാനുള്ള പണം മുഴുവനുണ്ടായിരുന്നു. എണ്ണിക്കഴിഞ്ഞ് അത് കീശയിലേക്കിടുമ്പോൾ സകല ദൈവങ്ങളെയും ഒറ്റ മനുഷ്യനിലേക്ക് ആവാഹിച്ച എൻ്റെ ബോധം ആനന്ദത്തിന്റെ കണ്ണീരിനെ അറിഞ്ഞു. ആ കണ്ണീര് ഖസാക്കിന്റെ പുറം ചട്ടിയിലേക്ക് ഇറ്റി വീണു. അന്ന് രാത്രി ചന്ദ്രേട്ടനും ചേച്ചിക്കും അവരുടെ മരണപ്പെട്ട മകനും വേണ്ടി എൻ്റെ ഭാര്യ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയിൽ അവൾ ആശ്വാസം കൊണ്ടു.

രാത്രിയുടെ ഇരുട്ടിലേക്ക് ആർത്തുപെയ്യുന്ന മഴയും നോക്കി ഉറക്കം വരാതെ ഞാൻ വരാന്തയിലിരുന്നു. ഖസാക്കിൽ കാലവർഷം പൊട്ടി. ചുവന്ന പുള്ളിയും നെറുകയിൽ ചൂട്ടുമുള്ള പരൽമീൻ ചെതലിയിലെ കാട്ടുചോലയിൽ കൽപ്പടവിന്റെ അഗാധമായ വിള്ളലുകളിൽ നിന്ന് ഉറക്കം ഞെട്ടി തോട്ടിലേക്ക് തുഴഞ്ഞു വന്നു. തീമഴ പെയ്യുമ്പോഴാണ് അവൻ വരിക. കോരിച്ചൊരിയുന്ന മഴയത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ ഖസാക്കുകാർ ആ ചുവന്ന പരലിനെ കണ്ടു.

ഉറക്കത്തിൽ എന്റെയുള്ളിൽ കൊടുങ്കാറ്റു വീശി. പനകൾ കടപുഴകി. പുളിങ്കൊമ്പുകൾ പൊട്ടി. മഴ ചൊരിഞ്ഞു. ഖസാക്ക് വെടിച്ചിരുന്നു. അസ്തമയത്തിന്റെ താഴ് വരയിൽ ചെമ്പകം വീണ്ടും പൂത്തു. ഓതം കുതിർന്ന് സന്ധ്യയുടെ നിറം പോയിരുന്നു. കരിമ്പനകളുടെ മുകളിൽ ആകാശം സാന്ദ്രമായി ഇറങ്ങിനിന്നു. അതിനപ്പുറത്തെവിടെയോ കാലവർഷം വളർന്നു വലുതായി. ഉറക്കത്തിൽ ഞാൻ പിച്ചും പേയും പറഞ്ഞു. എൻ്റെ സ്വപ്നങ്ങളിൽ കാറ്റു പിടിച്ച പേരമരങ്ങൾ ഭ്രാന്തെടുത്ത പോലെ അലറിവിളിച്ചു. അതിൻ്റെ ശിഖരങ്ങൾ ജാലകചില്ലുകളിൽ ഉരസി ശബ്ദമുണ്ടാക്കി. അകത്തിരുന്ന് വൈദ്യം പഠിക്കുന്നവന്റെ പഠനം മുറിഞ്ഞു. അരിനെല്ലിക്കകൾ കൂട്ടത്തോടെ അടർന്നു വീണു .അത് പൊറുക്കാനായി ഓടിയ എൻ്റെ മകൻ കാല് കല്ലിൽ തടഞ്ഞുവീണു. നിലവിളിയോടെ ഞാൻ എഴുന്നേറ്റിരുന്നു.

കൊറോണക്കാലത്തെ ആ രാത്രിയിൽ നിന്ന് എൻ്റെ ദുഃഖസഞ്ചാരങ്ങൾ പിന്നെയും നീണ്ടു. ചവിട്ടടിപ്പാതകളിൽ മഴയും മഞ്ഞും വെയിലും ആവർത്തിച്ചു. കയ്യിലൊരു പെയിൻ്റ് പാട്ടയുമായി ഞാനാ പേരമരങ്ങളുടെ വീടിനു മുമ്പിൽ ചെന്ന് നിന്നു. അഞ്ച് വർഷങ്ങൾക്കുശേഷം പുതിയ പെയിൻ്റ് വാങ്ങി, പഴയത് ഉപേക്ഷിച്ച് ഞാൻ ചന്ദ്രേട്ടന്റെ വീട് പെയിൻ്റ് ചെയ്തു. രോഗത്തിന് ഒട്ടും ശമനമില്ലാത്ത, കൂടുതൽ രോഗങ്ങളും അതിനേക്കാൾ കൂടുതൽ മകൻ്റെ വേർപാട് ഓർത്തുള്ള വേദനയുമായി ചേച്ചി ആ വലിയ മുറിയിൽ കിടന്നു. അവസാന ദിവസം ഞാൻ വടി സഞ്ചിയിൽ നിന്ന് ഖസാക്കിന്റെ ഇതിഹാസമെടുത്ത് ചന്ദ്രേട്ടന് കൊടുത്തു. അയാളപ്പോൾ എനിക്ക് തരാനുള്ള അന്നത്തെ കൂലി എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.
"എനക്കെന്തിനാ അബ്ബാസേ ഇത്?", ചന്ദ്രേട്ടൻ വാടിയ ഒരു ചിരിയോടെ ചോദിച്ചു.
പുസ്തകം ആ കയ്യിൽ പിടിപ്പിച്ച് ഞാൻ പറഞ്ഞു, "ഏട്ടൻ സമയം കിട്ടുമ്പോ വെറുതെയൊന്ന് വായിച്ചു നോക്കോണ്ടീ."

അതിനു മറുപടിയൊന്നും പറയാതെ ചന്ദ്രേട്ടൻ എന്നെ യാത്രയാക്കി. ആ വലിയ വീടിൻ്റെ ഏതോ ഒരു മുറിയിൽ ഒരു മേശയിൽ ഇതിഹാസം ജീവിക്കുന്നുണ്ട്. ഖസാക്ക് ഭ്രാന്തനായ എനിക്ക് തന്ന പോലെ, ആശ്വാസവും സാന്ത്വനവും ആ നോവൽ ചന്ദ്രേട്ടന് കൊടുത്തോ എന്നറിയില്ല. അയാളത് വായിച്ചു നോക്കിയോ എന്നും.

അധ്യായം 20:
ഉള്ളുരുകി നടന്ന ചതുപ്പുകൾ

സാക്കിലേക്ക് രവി പോവുന്നത് ഒരിക്കൽ മാത്രമാണ്. ഈയുള്ളവൻ ഖസാക്കിലേക്ക് പോയതിന് കയ്യും കണക്കുമില്ല. രവി ഖസാക്കിൽ ജീവിച്ചത് കുറച്ചുകാലമാണ്. നീണ്ട 28 വർഷങ്ങളായി ഞാൻ ഖസാക്കിലാണ് താമസിക്കുന്നത്. രവിയേക്കാൾ പരിചിതരാണ് ഖസാക്കുകാർ എനിക്ക്. അവരെന്റെ സഹയാത്രികരാണ്. ജീവിതത്തിൻ്റെ എല്ലാ സന്ധികളിലും അമ്പരപ്പുകളിലും ഉന്മാദങ്ങളിലും ആനന്ദങ്ങളിലും വേദനകളിലും ഖസാക്കുകാർ എനിക്കൊപ്പം നിന്നു. ഒരു നോവൽ എന്നതിലപ്പുറം ഖസാക്കിന്റെ ഇതിഹാസം എൻ്റെ ജീവിതത്തെ നിർണയിച്ച വഴിയടയാളമാണ്.

രവി ഖസാക്കിൽ ജീവിച്ചത് കുറച്ചുകാലമാണ്. നീണ്ട 28 വർഷങ്ങളായി ഞാൻ ഖസാക്കിലാണ് താമസിക്കുന്നത്. / Photo: Biju Ibrahim

ഉള്ളുരുകുമ്പോൾ ഖസാക്കിലെ ചതുപ്പുകളിലൂടെയാണ് ഞാൻ അലഞ്ഞുനടന്നത്.

ആനന്ദങ്ങളിൽ കുഞ്ഞാമിനയെയും അപ്പുക്കിളിയെയും കൂട്ടി ഞാൻ ചെതലിയുടെ മിനാരങ്ങൾ കയറി. അവിടുത്തെ കാട്ടരുവിയിൽ കുളിച്ചു. പ്രണയനഷ്ടങ്ങളിൽ നൈജാമാലിയായി മാറി വിപ്ലവത്തിലേക്കും ഭക്തിയിലേക്കും കളം മാറി. എൻ്റെ കാലം ഖസാക്കിലെ തകർന്നടിഞ്ഞ പള്ളികളിൽ തളം കെട്ടിക്കിടന്നു.
മിനാരങ്ങളിൽ കയറി നിന്ന് ഇരുകൈയും ചെവിയിൽ ചേർത്തു വെച്ച് ഞാൻ ബാങ്ക് വിളിച്ചു.
ശിവരാമൻ നായരോടൊപ്പം അയാളുടെ അശാന്തികളെ ഞാനും പങ്കിട്ടു. ഞാറ്റുപുര സ്കൂളിനായി ഒഴിഞ്ഞു കൊടുക്കുമ്പോൾ, ഈറൻ തുവർത്ത് മാത്രം ചുറ്റി നിന്ന് ചന്ദനം പൂശുന്ന നാരായണിയാണ് എൻ്റെയുള്ളിലും ഉണ്ടായിരുന്നത്. മുപ്പതു കൊല്ലം മുമ്പ് പുടമുറി രാത്രിയിൽ കണ്ട അതേ നാരായണി. വിലങ്ങനെ വളർന്നെന്നു മാത്രം. നെറ്റിയ്ക്കിരുവശവും കുറച്ച് വെള്ളിനാരുകൾ തെളിഞ്ഞിട്ടുണ്ടെന്ന് മാത്രം. മഞ്ഞളിൻ്റെ നിറം. മുലക്കുഞ്ഞിന് തളർത്താൻ കഴിയാത്ത കല്ലൻ മുലകൾ.
നാരായണിയുടെ ഉടൽച്ചുഴികളിലും കാമനകളിലും തളർന്നുവീണ ശിവരാമൻ നായർ ആ ശരീരത്തെ ഭയന്നു. ഈരെഴത്തോർത്തുടുത്ത് നാരായണിയമ്മ ആദ്യമായി തിണ്ണയിൽ ഉലാത്തിയത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് അയാളവളെ ശാസിച്ചു. നാരായണിയമ്മ പിറ്റേന്നും തോർത്തുടുത്തു.
കാശു മാലയും നീലക്കൽ പതുക്കവുമിട്ടു മുറ്റത്തു നിന്നു. ആദ്യമായി അവൾ ഞാറ്റുപുരയിൽ തനിച്ചു പോയപ്പോൾ അയാൾ പോവരുതെന്ന് വിലക്കി. അവൾ വീണ്ടും പോയി. ആരായിരുന്നു ഞാറ്റുപുരയിലെന്ന ചോദ്യത്തിന് അവൾ പ്രതാപിയായ പനകേറ്റക്കാരൻ്റെ പേര് പറഞ്ഞു. കുപ്പുവിൻ്റെ തഴമ്പ് വീണ മാറിടവും കൈപ്പടങ്ങളും ശിവരാമൻ നായരെയെന്ന പോലെ എന്നെയും അസ്വസ്ഥനാക്കി.

അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ വടിവൊത്ത മൂക്കിലും പതിഞ്ഞ ചുണ്ടിലും മറ്റേതോ മുദ്ര കണ്ടെത്താനാവുന്നു. മനസ്സ് കയ്ക്കുന്നു. തരിക്കുന്നു. വീണ്ടും ദുരൂഹമായൊരു സാധനയിലൂടെ ആ കയ്പ്പ് മറക്കുന്നു. ശിവരാമൻ നായരുടെ ആ കയ്പ്പ് ഞാനും രുചിച്ചറിഞ്ഞു. ഒന്നല്ല, ഒരുപാട് ശാഠ്യങ്ങൾ. എത്ര വിലക്കിയിട്ടും നാരായണി വീണ്ടും വീണ്ടും ഞാറ്റുപുരയിലേക്ക് ചെല്ലുന്നു. അതിനു വിലക്കിടാൻ മാത്രമല്ല ഞാറ്റുപുരയെ സ്കൂളിനായി വിട്ടു കൊടുത്തത്. ശിവരാമൻ നായരോടൊപ്പം ഞാനും ശാഠ്യം പിടിക്കുകയായിരുന്നു. ദുർബലമായി പക പോക്കുകയായിരുന്നു. നാരായണിയോടല്ല. ഓർത്തു നോക്കിയാൽ ആരോടുമല്ല.

18 വയസ്സുള്ള എൻ്റെ മകൾ ഖസാക്ക് ഫാനാണ്. അവൾക്കു കുഞ്ഞു നൂറുവിനെയും, കുട്ടാപ്പു നരിയേയും, അപ്പുക്കിളിയെയും ആബിദാനെയും, നൈജാമണ്ണനേയും മൊല്ലാക്കയേയും ഒത്തിരി ഇഷ്ടമാണ്. / Photo: Biju Ibrahim

ആരോടുമല്ലാത്ത ആ പകയ്ക്ക് എന്തൊരു വ്യഗ്രത! ശ്വാസം കഴിച്ചു കൂടാ. പാലക്കാട്ടെ ആശുപത്രിയിൽ പോയി. അവർ കണങ്കയ്യിൽ റബ്ബർ കുഴലു ചുറ്റി കാറ്റടിച്ച് അളവെടുത്തു. രക്തസമ്മർദ്ദമാണെന്ന് പറഞ്ഞു.

ഉസ്മാന്റെ തുന്നൽക്കട കവലയുടെ അങ്ങേയറ്റത്താണ്. നട്ടുച്ചകളിൽ ആ കെട്ടിടത്തിനരികിലെ പ്ലാവിൽ ചെറുപക്ഷികൾ ഉച്ച മയങ്ങും. കവല വിജനമായി കിടക്കും. ആര്യ വൈദ്യശാലയിൽ നിന്ന് മരുന്നിൻ മണങ്ങളുമായി കാറ്റുകൾ വരും. കടയുടമയുടെ ഭാര്യ പിൻഭാഗത്ത് കൂടി പതുങ്ങിവന്ന് കടയിലേക്ക് കയറും. അതിൻ്റെ നിരപ്പലക വാതിൽ താഴും. ആവർത്തനങ്ങളുടെ ആ നട്ടുച്ചളിൽ മനം നൊന്ത് കലുഷമായ ശാഠ്യത്തോടെ കടയുടമ ഉസ്മാനോട് കട ഒഴിയാൻ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല. കട ഒഴിയേണ്ടെന്ന് ഉച്ച ചൂടുകളിൽ വിയർത്തു കലങ്ങിയ കൺമഷി അവനോട് പറഞ്ഞു. പൊട്ടിയ കുപ്പിവളകളും അഴിഞ്ഞുലഞ്ഞ മുടിയും പറഞ്ഞു. ഇതിഹാസക്കാരൻ അവതരിപ്പിച്ച ആ ജീവിതസത്യം എന്റെ കൺമുമ്പിൽ നേരായി പുലർന്നു. ഒടുക്കം കണ്മഷികലക്കങ്ങൾക്കും കുപ്പിവളകൾക്കും അഴിഞ്ഞുലഞ്ഞ തലമുടിക്കും വിട പറഞ്ഞ് ഉസ്മാനെന്ന തുന്നൽക്കാരൻ ആ കട ഒഴിയുമ്പോൾ ഞാൻ ഇതിഹാസത്തിലെ വാക്കുകളെ ആ സന്ദർഭത്തിന് ഒട്ടും യോജിക്കാത്തിട്ടും ഓർത്തു പോയി.

"അച്ഛൻ എന്നെ പ്രതീക്ഷിക്കരുത്. ആ ഓർമകളിൽ നിന്ന് എന്നെയും അച്ഛനെയും വിടുർത്താനാണ് ഞാനാ വീട്ടിൽ വരാതിരിയ്ക്കുന്നത്. ആ ഓർമയിൽ നിന്ന് എന്നിൽ നിന്നുമകലാൻ ഒരു അവധൂതനെപ്പോലെ ഞാൻ നടന്നു. നടന്നു പോകുന്നു. അവസാനത്തെ കടൽപ്പുറത്ത് തിര വരാൻ കാത്തുനിൽക്കുമ്പോൾ എനിയ്ക്ക് ഓർമകളരുത്. "

ഖസാക്ക് എൻ്റെ മുമ്പിലെ ജീവിതങ്ങളിലേക്ക് ഇറങ്ങി വന്നു. ഇതിഹാസകാരൻ എഴുതിയ മനുഷ്യാവസ്ഥകൾ എൻ്റെ പരിസരങ്ങളിൽ ആവർത്തിച്ചു. നൈജാമലിയുടെ തുടയിലെ ചെമ്പൻ രോമങ്ങളിൽ ജീവിതം കുരുങ്ങി, മകളെ മുങ്ങാം കോഴിക്ക് വിവാഹം ചെയ്തു കൊടുത്ത അള്ളാപ്പിച്ചമാർ എന്റെ പരിസരങ്ങളിൽ എമ്പാടുമുണ്ട്.

ഖസാക്കിനെ കുറിച്ചുള്ള ഘടാഘടിയൻ നിരൂപണങ്ങളും ഭയങ്കരമാന പഠനങ്ങളും വായിക്കാത്തതുകൊണ്ട് എനിക്കാ നോവലിനെ അതിൻ്റെ തെളിമയിൽ വായിച്ച് സ്വാംശീകരിക്കാൻ പറ്റി. ഇന്നും കോട്ടക്കൽ മുനിസിപ്പൽ ലൈബ്രറിയിൽ പോവുമ്പോൾ, ഞാൻ ഇതിഹാസത്തിന്റെ ഇതിഹാസവും, ഖസാക്കും മറിച്ചുനോക്കും.

ഖസാക്ക് വായിച്ച പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അതിൽ അക്കാലത്ത് മലയാള സാഹിത്യത്തെ അടക്കിവാണ ആധുനികതയുടെ കൂടപ്പിറപ്പായ അസ്തിത്വദുഃഖമാണെന്ന്. ഞാൻ ഖസാക്കിലെവിടെയും അസ്തിത്വദുഖം കണ്ടില്ല. അസ്ഥിത്വങ്ങൾ അവയുടെ സഞ്ചാരപഥങ്ങളിലെ ക്ഷണികമായ വികാരങ്ങളിൽ ജീവൻ കുരുക്കിയിടുന്ന കാഴ്ച്ചകളാണ് കണ്ടത്. മനുഷ്യരെയാണ് കണ്ടത്. അതുവരെ കാണാത്ത നഗ്നരായ മനുഷ്യരെ. രതിയ്ക്കും പകയ്ക്കും ലഹരിയ്ക്കുമൊന്നും മറയിടാത്ത വെറും മനുഷ്യരെ. ആ മനുഷ്യർ എനിക്ക് അപരിചിതരല്ല.

അപ്പുക്കിളിയെ ഏതു ദേശത്തും നമുക്ക് കണ്ടെത്താം. അല്ലെങ്കിൽ ഒരു അപ്പുക്കിളിയെങ്കിലും ഇല്ലാത്ത ദേശങ്ങളില്ല എന്നും പറയാം. ഞാൻ ജനിച്ചു വളർന്ന പെരുംചിലമ്പന്ന തമിഴ് ഗ്രാമത്തിലും അപ്പുക്കിളി ഉണ്ടായിരുന്നു. അവൻ്റെ പേര് ചെല്ലമുത്തു എന്നാണ് . വലിയ തലയും മലർന്ന ചുണ്ടുകളും ചെറിയ കണ്ണുകളുമായി ചെല്ലമുത്തു പെരുംചിലമ്പിലും, കൊറ്റിയോടും, കുമാരപുരത്തും, അലഞ്ഞുനടന്നു. തുമ്പികൾക്കുപകരം സിനിമാ പോസ്റ്ററുകൾ പറിച്ചെടുത്തു. ഓന്തുകൾക്കു പകരം മരച്ചീനിത്തോട്ടങ്ങളിലെ പെരുച്ചാഴികളെ നായാടി. കൊഞ്ഞപ്പടയുള്ള നാട്ടുതമിഴിൽ സംസാരിച്ചു. ഞാൻ പഠിച്ച സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അവൻ. ഒരിക്കൽ പോലും പഠിക്കാനായി സ്കൂളിലേക്ക് അവൻ വന്നിട്ടില്ല. അപൂർവ്വം അവസരങ്ങളിൽ വിശന്നുവലഞ്ഞ് സിനിമാപോസ്റ്റർ കുമ്പിളാക്കി ഉച്ചച്ചോറിനുവേണ്ടി സ്കൂളിലേക്കുവന്നു. വിളമ്പിക്കിട്ടിയ സത്തുണവുമായി സ്കൂൾ മുറ്റവും ചെടയാറും കടന്ന്, എരുമപ്പെട്ടിയിലേക്കുള്ള കയറ്റം കയറി.

ഈ വലിയപറമ്പിലും കുറ്റ്യാടിയിലും ജന്മാന്തരങ്ങളുടെ പൊരുളറിഞ്ഞ അപ്പുക്കിളിമാർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. ഖസാക്കിലെ എല്ലാ കഥാപാത്രങ്ങളും മണ്ണിൽ വേരുള്ളവരാണ്. അതു കൊണ്ടാണ് അവർ ഇത്രമാത്രം വളർന്ന് പന്തലിച്ചത്. മൈമൂനയെന്ന യാഗാശ്വമില്ലാത്ത ഏതെങ്കിലുമൊരു ദേശം സങ്കൽപ്പിക്കാനാവുമോ? പ്രണയത്തിലേക്കും വിപ്ലവത്തിലേക്കും ഭക്തിയിലേക്കും ലഹരിയിലേക്കും കളം മാറുന്ന നൈജാമലിയെന്ന ഖസാക്കിന്റെ ഖാലിയാരെയും നമുക്ക് എവിടെയും കണ്ടെത്താം. അയാൾ ചെന്നടിയുന്ന തീരങ്ങളുടെ മണലുകൾക്ക് നിറം മാറ്റമുണ്ടാവാം. എങ്കിലും അത് അടിസ്ഥാനപരമായി നൈജാമലി തന്നെയാണ്.

ഖസാക്കിലെ ഓരോ മനുഷ്യരും ജീവിതത്തിലെ ഓരോരോ സന്ധികളിൽ എന്നോടൊപ്പം കൂടിയിട്ടുണ്ട് . അവരുടെ ജീവിതങ്ങളെ ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. തെക്കൻ വളർന്നു വലുതാവാൻ സ്വന്തം പങ്ക് അന്നം കൂടി കുഞ്ഞു നൂറുവിനു കൊടുക്കുന്ന ചാന്തു മുത്തുവിന് ഏത് വീട്ടിലും ഇരിപ്പിടമുണ്ട്. ചിലപ്പോളത് അവൾക്കു പകരം ചാന്തു മുത്തുവായി മാറുമായിരിക്കാം, എന്നാലും അവരുണ്ട്.

ഖസാക്കിനെ കുറിച്ചുള്ള ഘടാഘടിയൻ നിരൂപണങ്ങളും ഭയങ്കരമാന പഠനങ്ങളും വായിക്കാത്തതുകൊണ്ട് എനിക്കാ നോവലിനെ അതിൻ്റെ തെളിമയിൽ വായിച്ച് സ്വാംശീകരിക്കാൻ പറ്റി. ഇന്നും കോട്ടക്കൽ മുനിസിപ്പൽ ലൈബ്രറിയിൽ പോവുമ്പോൾ, ഞാൻ ഇതിഹാസത്തിന്റെ ഇതിഹാസവും, ഖസാക്കും മറിച്ചുനോക്കും. പല പതിപ്പുകളും പല വായനക്കാർ എടുത്ത് വായിച്ചതു കൊണ്ട് അതിൻ്റെയൊക്കെ പുറംചട്ട നഷ്ടമായി ബയൻ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ പതിപ്പിച്ചിട്ടുള്ള പണ്ടത്തെ സ്ലിപ്പുകളിൽ ഒരുപാട് തീയതികളുണ്ട്. എനിക്കു മുമ്പുള്ള തലമുറ ഖസാക്ക് വായിച്ചു. എൻ്റെ തലമുറയും ഖസാക്ക് വായിച്ചു. പുതിയ തലമുറയും ഖസാക്കിനെ വായിക്കുന്നുണ്ട്.

18 വയസ്സുള്ള എൻ്റെ മകൾ ഖസാക്ക് ഫാനാണ്. അവൾക്കു കുഞ്ഞു നൂറുവിനെയും, കുട്ടാപ്പു നരിയേയും, അപ്പുക്കിളിയെയും ആബിദാനെയും, നൈജാമണ്ണനേയും മൊല്ലാക്കയേയും ഒത്തിരി ഇഷ്ടമാണ്.

ഖസാക്ക് പിന്നെയും വളരുകയാണ്. പല തലമുറകളിലൂടെ പലതരം മനുഷ്യരിലൂടെ പലതരം വായനകളിലൂടെ. മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളൊക്കെ ഒറ്റ അലമാരയിലുണ്ടെന്ന് കരുതുക. അതിൽനിന്ന് ഖസാക്കിനെ എടുത്തു മാറ്റിയാൽ നമുക്കവിടെ പകരമൊന്ന് വെയ്ക്കാനില്ല. ആ വിടവ് വിടവായി തന്നെ അവശേഷിക്കും. മറ്റൊന്നുകൊണ്ടും, ആ വിടവ് നികത്താൻ കഴിയില്ല. ഖസാക്കിന് പകരക്കാരില്ല, ഒപ്പം നിൽക്കുന്നവരുമില്ല. ഖസാക്കിനെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞ ഞാൻ, ഒ.വി.വിജയൻ്റെ ധർമപുരാണവും ഗുരുസാഗരവും പ്രവാചകൻ്റെ വഴിയും മധുരം ഗായതിയും തലമുറകളും ഉള്ളറിഞ്ഞ് വായിച്ചിട്ടില്ലെന്ന് കരുതരുത്. ധർമ്മപുരാണത്തിൽ എത്തിയപ്പോൾ മറ്റാർക്കും സാധിക്കാത്ത വിധം ഇതിഹാസകാരൻ എന്നെ അടിമുടി ഉലച്ചുകളഞ്ഞു. ധർമ്മപുരാണത്തിൻ്റെ രാഷ്ട്രീയമാനങ്ങൾ മനസ്സിലാക്കാൻ രണ്ടാം വായന വേണ്ടി വന്നെങ്കിലും ഒന്നാം വായനയിൽ, ധർമ്മപുരാണത്തിന്റെ ആ ഞെട്ടിക്കുന്ന ഭാഷയിൽ ഞാൻ അന്തം വിട്ടിരുന്നു. മലയാളത്തിൻ്റെ മധുരമത്രയും എന്നിലേക്ക് പകർന്ന എഴുത്തുകാരൻ, അതേ ഭാഷ കൊണ്ട് ചവർപ്പും വമനേശ്ചയും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഞാൻ അമ്പരന്നു. ഏറെ കാലത്തിനുശേഷം വിജയനെന്ന എഴുത്തുകാരൻ ഭാഷക്കുമേൽ ചെയ്ത തപങ്ങളെ, അതിൻ്റെ അശാന്തമായ രാത്രികളെ, ആവലാതികളെ അനുഭൂതികളെ, ഞാൻ തിരിച്ചറിയുക തന്നെ ചെയ്തു.

കടൽത്തീരത്തും, എണ്ണയും, കാറ്റു പറഞ്ഞ കഥയുമൊക്കെ ഖസാക്കിന്റെ ഭാഷയിൽ എഴുതപ്പെട്ടതാണെങ്കിൽ, അരിമ്പാറയും എട്ടുകാലിയും ധർമ്മപുരാണത്തിന്റെ ഭാഷയിലും അതിൻ്റെ ദർശനപരിസരങ്ങളിലും നിന്ന് എഴുതപ്പെട്ടതാണ്. പ്രവാചകൻ്റെ വഴിയും ഗുരുസാഗരവും വിജയനെന്ന എഴുത്തുകാരനിലുണ്ടായ ആന്തരിക മാറ്റങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. ഇത്ര ചുരുക്കത്തിൽ ഇതിനെക്കുറിച്ചൊക്കെ പറഞ്ഞുപോവുന്നത് അവയെ ഉള്ളറിഞ്ഞ് വായിക്കാഞ്ഞിട്ടല്ല. അവയൊന്നും ഖസാക്ക് ഉണ്ടാക്കിയത്ര സ്വാധീനം ഉണ്ടാക്കിയില്ല എന്നതുകൊണ്ടാണ്.

ധർമ്മപുരാണവും ഗുരുസാഗരവുമാണ് വിജയൻ്റെ മാസ്റ്റർപീസുകൾ എന്ന് എന്നോട് തർക്കിക്കുന്ന സുഹൃത്തുക്കളുണ്ട്. അവരുടെ ഇഷ്ടങ്ങളെയും തർക്കങ്ങളെയും മാനിക്കാനും, അതിനു ചെവി കൊടുക്കാനുമുള്ള ജനാധിപത്യ ബോധം എന്നിൽ ഉണ്ടാക്കിയതും ഒ. വി. വിജയനാണ്. ആ മനുഷ്യനെ സി ഐ എ ചാരനും ഹൈന്ദവവാദിയും ഇസ്രായേൽ പക്ഷപാതിയും ഇസ്‍ലാമിക വിരോധിയും മറ്റു പലതുമാക്കി മാറ്റി. തനിക്ക് പതിച്ചു കിട്ടിയ പരിഹാസ ബിരുദങ്ങളെ ഒട്ടും ഗൗനിക്കാതെ, സൗമ്യമായ ചിരിയോടെ, സ്നേഹം മണക്കുന്ന കരുണയോടെ ആ മനുഷ്യൻ നടന്നു. തന്റെ ദുഃഖസഞ്ചാരങ്ങളുടെ ചവിട്ടടിപ്പാതകളിലൂടെ... സഞ്ചാരത്തിന്റെ സൗമ്യമായ ആ പാതകളിലെ മനുഷ്യജീവിതത്തെയും അതിൻ്റെ തഴമ്പുകളെയും മനുഷ്യനിർമിതമായ ദർശനങ്ങളെയും ആ മനുഷ്യൻ നോക്കിക്കണ്ടത് മറ്റൊരു മലയാളിയും കാണാത്ത വിധത്തിലാണ്.

അപ്പുക്കിളിയ്ക്ക് ഭക്ഷണവും കിടപ്പിടവും കൊടുക്കുന്ന, മൊല്ലാക്കയ്ക്കും കുഞ്ഞുനൂറുവിനും മരുന്നു വാങ്ങാൻ പാലക്കാടോളം സൈക്കിൾ ചവിട്ടി പോവുന്ന, ആഡംബര ജീവിതമോ വസ്ത്രങ്ങളോ ഇല്ലാത്ത, പുസ്തകങ്ങളുടെയും ദർശനങ്ങളുടെയും ഭാരം ചുമക്കാത്ത, കുട്ടികൾക്ക് മിഠായി മധുരങ്ങൾ കൊടുക്കുന്ന, രോഗികളെ സന്ദർശിക്കുന്ന, രവിയെന്ന കഥാപാത്രത്തെ എങ്ങനെ അരാജകവാദിയായി മുദ്രകുത്താൻ കഴിയുമെന്ന് മനസ്സിലാവുന്നില്ല. നമ്മുടെ മുദ്രകളെല്ലാം അവഗണിച്ച് രവി നടന്നു, മലയാള നോവലിലെ ഒറ്റയാനായി. തന്റെ കൽക്കീഴിലെ ജൈവികമായ ദൈവസാന്നിധ്യങ്ങളെ അറിഞ്ഞുകൊണ്ടുള്ള ആ നടത്തം ഇന്നും തുടരുകയാണ്.

രവിയോടൊപ്പം നടക്കാൻ, ഖസാക്കെന്ന വിസ്മയത്തെ വായിക്കാൻ, അതിനെ നെഞ്ചേറ്റി എന്റേതായ പാതകളിലൂടെ നടക്കാൻ ഞാനും വിധിക്കപ്പെട്ടിരിക്കുന്നു. മോചനമില്ലാത്ത ഒരു പ്രണയക്കുരുക്കായി ഖസാക്ക് ഇപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്. രാഷ്ട്രീയ തർക്കങ്ങളിൽ വിജയനിലെ സന്ദേഹിയും കാർട്ടൂണിസ്റ്റും അഭിരമിച്ചെങ്കിലും അതൊക്കെയും സൗമ്യങ്ങളായിരുന്നു. ആ കലഹങ്ങൾക്കു പിന്നിൽ അറിവാരാഞ്ഞവൻ്റെ വ്യർത്ഥതയും, അപാരമായ നിസ്സംഗതയുമുണ്ട്. അതുകൊണ്ടാണ് സഖാവ് ഇ.എം. എസ് മരിച്ചപ്പോൾ വിജയൻ ഇങ്ങനെ എഴുതിയത്; 'പ്രിയ സഖാവേ, അങ്ങ് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ മലയാളികൾ തീരെ ചെറിയ മനുഷ്യരായിപ്പോകുമായിരുന്നു.'

നീണ്ട 28 വർഷത്തെ ഖസാക്ക് വാസത്തിനു ശേഷം ഈയുള്ളവനും എഴുതുന്നു; "പ്രിയ ഇതിഹാസകാരാ, അങ്ങില്ലായിരുന്നെങ്കിൽ ഞങ്ങൾ മലയാളിയുടെ സാഹിത്യം തീരെ ചെറുതും ഉൽക്കനമില്ലാത്തതുമായി മാറുമായിരുന്നു.''
നന്ദി;
ഖസാക്കിന്റെ ഇതിഹാസത്തിൽ താങ്കൾ കുറിച്ചിട്ട ഓരോ വാക്കിനും നന്ദി. ഇനിയുമൊരു വായനയ്ക്കായി ഈയുള്ളവൻ ഖസാക്കിന്റെ ഇതിഹാസം തുറക്കുകയാണ്.

(അവസാനിച്ചു)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments