മാപ്പ്, ഒ.വി. വിജയനോട്…

‘‘അറുബോറായ ആ സാധനം ഞാൻ പലതായി കീറി കത്തിച്ചുകളഞ്ഞു. ഇപ്പോൾ കാലങ്ങൾക്കു ശേഷം വികലമായ ആ അനുകരണത്തിനും, ഖസാക്കിലേക്ക് അനുവാദമില്ലാതെ കടന്നു കയറിയതിനും ഞാൻ ഇതിഹാസകാരനോട് തൊഴു കൈകളോടെ മാപ്പിരക്കുയാണ്.’’ മുഹമ്മദ് അബ്ബാസ് എഴുതുന്ന ‘ഖസാക്ക് എന്നെ വായിച്ച കഥ’ തുടരുന്നു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം: 17

ങ്ങളുടെ കോട്ടക്കൽ പട്ടണം അറിയപ്പെടുന്നത് വൈദ്യരത്നം പി. എസ്. വാരിയർ 19O2- ൽ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാലയുടെ പേരിലാണ്. വൈദ്യശാലയുടെ നഴ്സിങ് ഹോമിലേക്കും ചാരിറ്റബിൾ ഹോസ്പിറ്റലിലേക്കും പോവുന്ന വഴികളിൽ കഷായത്തിന്റെയും കുഴമ്പിന്റെയും സുഖകരമായ മണമാണ്. പട്ടണം ഇത്ര പുരോഗമിക്കും മുമ്പ് ആ മണം എല്ലായിടത്തും നിറഞ്ഞുനിന്നിരുന്നു. ധന്യന്തരം കുഴമ്പിന്റെയും ദശമൂലത്തിന്റെയും ആ മണങ്ങളായാണ് എന്റെയുള്ളിൽ കോട്ടക്കൽ പട്ടണം അടയാളപ്പെട്ടു കിടക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നു പോലും വൈദ്യശാലയിലേക്ക് സൗഖ്യം തേടി ആളുകൾ വരാറുണ്ട്. ആയുർവേദത്തിന്റെ ഈ പെരുമയ്ക്കുള്ളിൽ പുതഞ്ഞു പോവാതെ വേറിട്ടു നിൽക്കുന്ന ഒരിംഗ്ലീഷ് വൈദ്യനുണ്ട് ഞങ്ങൾക്ക്; ഡോ: പി. ബാലചന്ദ്ര വാരിയർ എന്ന ‘എമ്പിയെസ്’. വൈദ്യശാലയുടെ ചാരിറ്റബിൾ ഹോസ്പിറ്റലിനെ ഞങ്ങൾ വിളിക്കുന്നത് മേലേ ആശുപത്രി എന്നാണ്. അവിടുത്തെ അലോപ്പതി ഡോക്ടറാണ് നാട്ടുകാരുടെ ‘എമ്പിയെസ്’. എം ബി ബി എസ് എന്ന ബിരുദത്തിൽ നിന്ന് ഒരക്ഷരം ചോർത്തിക്കളഞ്ഞ് ഞങ്ങൾ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ‘എമ്പിയെസ്’ എന്ന് വിളിക്കുന്നു. തികച്ചും സൗമ്യൻ. രോഗികളോട് വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഡോക്ടർ. മേലെ ആശുപത്രിയിലെ ഒ പിയിലും ഐ പി യിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം എപ്പോഴുമുണ്ടാവും.

ചെങ്കൽപാറകളിൽ വീണ് മുറിവുപറ്റുമ്പോഴും, പനിക്കും ഛർദ്ദിക്കും വയറിളക്കത്തിനുമൊക്കെ ഉമ്മ, ഞങ്ങൾ മക്കളെ കൊണ്ടുപോയിരുന്നത് ‘എമ്പിയെസി’ന്റെ അടുത്തേക്കാണ്. അവിടെ ചീട്ടെടുക്കാൻ പോലും പണം വേണ്ട. പരിശോധനയും മരുന്നും കിടത്തി ചികിത്സയുമൊക്കെ തികച്ചും സൗജന്യമാണ്. ഒരു മുറിയിൽ അദ്ദേഹം അലോപ്പതി ചികിത്സ നടത്തും. തൊട്ടടുത്ത മുറിയിൽ ആയുർവേദ ചികിത്സകരും ഉണ്ടാവും. സാധാരണ ഡോക്ടർമാർ രോഗിയുടെ വിശേഷങ്ങളൊക്കെ ചോദിക്കുമ്പോൾ, ‘എമ്പിയെസ്’ രോഗവിവരങ്ങൾ മാത്രം ചോദിക്കും.

കോട്ടക്കൽ ആര്യവൈദ്യശാല

മറുപടി കേട്ട് തീരും മുമ്പേ അദ്ദേഹം മരുന്ന് കുറിച്ചിട്ടുണ്ടാവും. അതിന് ചിലരൊക്കെ നീരസം പ്രകടിപ്പിക്കുമെങ്കിലും ‘എമ്പിയെസി’ന്റെ ചികിത്സ ഫലിക്കാതെ ഒരു രോഗിയും നിരാശനായിട്ടില്ല. ധർമ്മശാശുപത്രിയിലെ പരിശോധന കഴിഞ്ഞാൽ ആ വളപ്പിൽ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലും പരിശോധനയുണ്ടാവും. മുന്നൂറും അഞ്ഞൂറുമൊെക്കെ ഫീസായി വാങ്ങുന്ന ഡോക്ടർമാരുള്ള ഈ പട്ടണത്തിൽ അദ്ദേഹത്തിനു മാത്രം നിയതമായ ഫീസില്ല. വീട്ടിലും അദ്ദേഹം രോഗികളോട് അവരുടെ വിവാഹ വാർഷികവും ജന്മദിനവും വരെ അന്വേഷിക്കുന്ന സൈക്കോളജിക്കൽ ഇടപെടൽ നടത്താറില്ല. രോഗ വിവരങ്ങൾ അറിയാനുള്ള ചുരുക്കം ചില ചോദ്യങ്ങൾ മാത്രം. നമ്മുടെ മറുപടിക്ക് അദ്ദേഹമൊന്ന് മൂളുക പോലും ചെയ്യില്ല. വില കുറഞ്ഞ മരുന്നുകളാണ് എഴുതാറ്. അത് ഏറ്റവും നല്ല കമ്പനിയുടേതും ആവും. വീട്ടിൽ മാത്രം നൂറിലേറെ രോഗികളെ ഒരു ദിവസം പരിശോധിക്കുന്ന അദ്ദേഹത്തിൻ്റെ മേശവലിപ്പ് പാതി തുറന്നു കിടക്കും. അതിലേക്ക് നമ്മളിടുന്ന പണം എത്രയാണെന്ന് പോലും അദ്ദേഹം നോക്കാറില്ല.

എൻ്റെ ഉമ്മയുടെ തലമുറയിൽ പെട്ടവർ ഇപ്പോഴും അദ്ദേഹത്തിനു നൽകുന്ന പ്രതിഫലം പത്തും ഇരുപതും രൂപയാണ്. അവർക്കൊന്നും അദ്ദേഹത്തിൻ്റെ പേര് ബാലചന്ദ്രനാണെന്ന് അറിയില്ല. പക്ഷേ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഒരു ഡോക്ടറുടെ പേര് പറയാൻ പറഞ്ഞാൽ, അവർ ‘എമ്പിയെസി’ന്റെ പേര് പറയും. അദ്ദേഹത്തിൻ്റെ പരിശോധനാ മുറിക്കു പുറത്ത് മെഡിക്കൽ റപ്പുകൾ ഉണ്ടാവാറില്ല. സ്വന്തം തൊഴിൽ മേഖലയിൽ അദ്ദേഹം എപ്പോഴും അപ്ഡേറ്റാണ്.

മകൾക്ക് സുഖമില്ലാതെ ഒരു മഴക്കാലത്ത് ഞാൻ മേലെ ആശുപത്രിയിലെ ഒ.പിയിൽ വരി നിൽക്കുകയാണ്. ഭാര്യയ്ക്ക് മഞ്ഞപ്പിത്തം വന്ന് മാറിയതേയുള്ളൂ. മോൾ എൻ്റെ തോളിൽ കിടന്ന് പനിച്ചു വിറച്ചു. ഇടയ്ക്ക് ഛർദ്ദിച്ചു. തന്റെ പരിശോധനാമുറിയുടെ പുറത്ത് വരിനിൽക്കുന്ന രോഗികളിൽ ആർക്കാണ് ഉടൻ ചികിത്സ വേണ്ടതെന്ന് ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കും. അതുകൊണ്ടു തന്നെ എല്ലാവരും മുഖത്ത് കഴിയുന്നത്ര ദൈന്യത അഭിനയിച്ച് നിൽക്കും. ആ അഭിനയങ്ങൾക്കിടയിൽ നിന്ന് യഥാർത്ഥ ആവശ്യക്കാരെ തിരിച്ചറിഞ്ഞ് അദ്ദേഹം കൈ കാട്ടി വിളിക്കാറുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഒ.പി. അവസാനിക്കും. അതിനു മുമ്പ് ഡോക്ടറെ കാണാൻ പറ്റുമോ എന്ന വേവലാതിയിൽ ഞാൻ നിൽക്കുമ്പോൾ, അദ്ദേഹം എന്നെ കൈ കാട്ടി വിളിച്ചു. പലപ്പോഴും അവിടെ ചികിത്സ തേടി പോയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എൻ്റെ പേരു പോലും അറിയില്ല. തോളിൽ നിന്ന് ഊർന്നിറങ്ങിയ മകളുടെ കയ്യും പിടിച്ച് അകത്തേക്ക് നടക്കവേ അവളെ സൂക്ഷിച്ചു നോക്കിയ അദ്ദേഹം, ചീട്ടിൽ രക്തവും മൂത്രവും പരിശോധിക്കാൻ എഴുതിക്കഴിഞ്ഞിരുന്നു.

ആ ചീട്ടുമായി ലാബിലേക്ക് ഓടുമ്പോൾ റിസൾട്ടിന്റെ ഫലം ഏതാണ്ട് ഞാൻ ഊഹിച്ചുകഴിഞ്ഞിരുന്നു. ചോരയും മൂത്രവും കൊടുത്ത് ലാബിനു മുമ്പിലെ നീണ്ട വരിയിൽ റിസൽട്ടും കാത്തുനിൽക്കുമ്പോൾ മകൾ പിന്നെയും ഛർദ്ദിച്ചു. ഡോക്ടർ പറഞ്ഞയച്ച ഒരു നഴ്സ് വന്ന് ആ തിരക്കിനിടയിലും ഞങ്ങളുടെ റിസൾട്ട് പെട്ടെന്ന് തയ്യാറാക്കാൻ ലാബിൽ പറയുന്നത് ഞാൻ കേട്ടു.

ഞാനപ്പോൾ ഡോക്ടർക്ക് ഉള്ളിൽ നന്ദി പറഞ്ഞു. പുറത്ത് ജാലകത്തിനപ്പുറം മഴ പെയ്തു. ആ മഴ കണ്ടിരിക്കെ എന്തിനെന്നില്ലാതെ ഞാൻ ഖസാക്കിനെ ഓർത്തു. ഖസാക്കിൽ വേരുകളില്ലാത്ത, പിൻ കുടുമകൾ മാത്രമുള്ള പണ്ടാരന്മാരെ ഓർത്തു. ഖസാക്കിലെ പുള്ളി വെയിലും പിന്നിട്ട്, പൊള്ളാച്ചിയും ഉഡുമല പേട്ടയും കടന്ന് അവർ കൊങ്ങു നാട്ടിൽ അലഞ്ഞു നടന്നു. അവിടെ വേലായി പണ്ടാരം, വടിവേൽ ചാമിയും ,കരുമാടി പണ്ടാരം, കരുമപ്പെരുമാളുമായി മാറുന്ന പരിണാമ സന്ധികളെ ഓർത്തു.

റിസൾട്ട് കിട്ടി. മകൾക്ക് മഞ്ഞപ്പിത്തമായിരുന്നു. ഡോക്ടർ മകളെ അവിടെ അഡ്മിറ്റ് ചെയ്തു. ഭാര്യയുടെ അസുഖത്തിന്റെ ക്ഷീണം മുഴുവനായി മാറാത്തതിനാൽ ഞാൻ മകൾക്ക് കൂട്ടിരുന്നു. രാവിലെയും വൈകുന്നേരവും ‘എമ്പീയെസ്’ വന്ന് മകളെ പരിശോധിക്കും. ചുരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ദേഹമെന്നെ ആശ്വസിപ്പിക്കും.

കൈപ്പത്തിയുടെ പുറത്ത് ഘടിപ്പിച്ച കുഴലിലൂടെ മോളുടെ അസുഖത്തിനുള്ള മരുന്നുകൾ സഞ്ചരിച്ചു. ആ വാർഡിൽ ബീഡി വലിക്കുന്ന ഒരു മുത്തശ്ശിയുണ്ടായിരുന്നു. മുടിയത്രയും നരച്ച് വെള്ളി മേഘങ്ങളായി മാറിയിട്ടും, ചെറിയ ചില ഓർമ്മത്തെറ്റുകൾ ഒഴിച്ചാൽ അവർക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. അവർ നഴ്സുമാരും അറ്റൻ്ററും കാണാതെ എന്റെയടുത്തു നിന്ന് ബീഡി വാങ്ങും. എന്നിട്ടത് കുളിമുറിയിൽ കയറി കതകടച്ചിരുന്ന് വലിക്കും. പുക പുറത്തേക്ക് വരും. നഴ്സുമാർ ഓടിച്ചെന്ന് വാതിലിൽ മുട്ടും. ബീഡി വലിച്ച് തീരും വരെ അവർ വാതിൽ തുറക്കില്ല.

അവർ ഡോക്ടറെ 'മോനേ' എന്നാണ് വിളിച്ചത് . ഓർമത്തെറ്റിന്റെ ചുഴിയിൽ പെട്ട് അവർ ഡോക്ടറോടും ബീഡി ചോദിക്കും. ഏറെ നേരം അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട് ഡോക്ടർ പറയും, "ബീഡി വലിയ്ക്കാനാണെങ്കി അമ്മയ്ക്ക് വീട്ടിൽ തന്നെ കിടന്നാ പോരെ?"

സത്യത്തിൽ ആ ആശുപത്രി അവർക്ക് വീട് തന്നെയായിരുന്നു. അത്രയും സ്വാതന്ത്ര്യത്തിലാണ് അവരവിടെ കഴിഞ്ഞത്. വിട്ടുമാറാത്ത തലവേദനയായിരുന്നു അവരുടെ അസുഖം. അവർ ചോദിക്കുമ്പോൾ ബീഡിയില്ലെന്നു കള്ളം പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. അതു കാരണം ഞാൻ ഖസാക്ക് തുറന്ന് അതിലേക്ക് തന്നെ നോക്കിയിരിക്കും. എൻ്റെ വായന തീരാൻ അവർ കാത്തിരിക്കും. വർഷങ്ങളായിട്ടും തീരാത്ത എന്റെ ഖസാക്ക് വായനയെ കുറിച്ച് അവർക്ക് അറിയില്ലല്ലോ. കുറേ നേരം കാത്തു നിന്നിട്ട് അവർ മടങ്ങിപ്പോവും. പിന്നെ അവരുടെ കട്ടിലിൽ ചെന്നിരുന്ന് എന്നെ ചീത്ത വിളിക്കും. അത് കഴിയുമ്പോൾ ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ എന്നെ നോക്കും.

അപ്പുക്കിളി കടല മുറുക്ക് ചോദിക്കും പോലെ കൊഞ്ചിക്കൊണ്ട് ബീഡി ചോദിക്കും. ഞാനപ്പോൾ കുപ്പുവച്ചനെ ഓർക്കും. കലുങ്കിലിരുന്ന് അയാൾ കടലമുറുക്ക് കല്ലു കൊണ്ട് കുത്തി പൊട്ടിക്കുന്നത് ഓർക്കും. ഭൂതകാലത്തിന്റെ ചവിട്ടടിപ്പാതയിൽ നിൽക്കുന്ന പ്രതാപിയായ ആ പന കേറ്റക്കാരനെ ഓർക്കും. അയാളെ ഉപേക്ഷിച്ചു പോയ കല്യാണിയെ ഓർക്കും. ഞാൻ പോലുമറിയാതെ എന്റെ കൈ കീശയിൽ നിന്ന് ബീഡിയെടുത്ത് അവർക്ക് കൊടുക്കും.

അവർ കിടന്ന കട്ടിലിനപ്പുറം വേറൊരു വല്യമ്മ കിടന്നു. അവർക്ക് ശ്വാസം മുട്ടലായിരുന്നു. മകൾ മാത്രമാണ് അവിടെ കൂട്ടുണ്ടായിരുന്നത്. ശ്വാസം വലിക്കാൻ അവർ പാടുപെടുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടു. ഇതിനുമുമ്പ് കുറെ തവണ അവരവിടെ അഡ്മിറ്റായതാണ്. ഡോക്ടർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം അവരുടെ രോഗം അതിൻ്റെ ഉച്ചിയിലെത്തിയിരുന്നു. ദുർബലമായ ആ ശരീരത്തിൽ പ്രാണ വായു പിടിച്ചു നിർത്താൻ ‘എമ്പിയെസ്’ ഡോക്ടർ വല്ലാതെ പണിപ്പെട്ടു. അവരുടെ മകളുടെ കയ്യിൽ നോക്കിയയുടെ ചെറിയൊരു സ്വിച്ച് ഫോണുണ്ടായിരുന്നു. അതിലേക്ക് ആരെങ്കിലും വിളിക്കുന്നതോ, അവൾ ആർക്കെങ്കിലും അങ്ങോട്ട് വിളിക്കുന്നതോ ഞങ്ങൾ കേട്ടില്ല. ഒട്ടും ഉപയോഗമില്ലാത്ത ഒരു വസ്തുവായി അത് ആ മേശപ്പുറത്ത് കിടന്നു.

രാത്രിയാവുമ്പോൾ അവരുടെ ശ്വാസം മുട്ടൽ വല്ലാതെ കൂടും. ഉറക്കങ്ങളുടെ പലതരം ശബ്ദ ഘോഷങ്ങൾക്കിടയിൽ ഒരാത്മാവ് തൻ്റെ പ്രാണനു വേണ്ടി പിടയുന്നതിന്റെ ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു. മോള് രാത്രിയിലത്തെ മരുന്നും കഴിച്ച് ഉറങ്ങി കഴിഞ്ഞാൽ, ആ ഹാളിനു പുറത്തെ നീണ്ട വരാന്തയിലൂടെ ഞാൻ നടക്കും. താഴെ, പുൽത്തകിടികളിൽ മഴ പെയ്യുന്നുണ്ടാവും. വിളക്കു കാലുകളിലേക്ക് ചെറു ജീവികൾ മരണം തേടി വരുന്നുണ്ടാവും. ആ വെളിച്ചം വന്നു വീഴുന്ന ഇത്തിരി ഇടത്ത് പടിഞ്ഞിരുന്ന് ഞാൻ ഖസാക്ക് തുറക്കും. രവിയുടെ അച്ഛൻ രവിക്കയച്ച ആ കത്ത് വായിക്കും:

"എനിക്ക് സുഖക്കേട് അധികമൊന്നുമില്ല മകനെ. ചിലപ്പോൾ തല ചുറ്റുന്നു. മയക്കം വരുന്നുണ്ട് .എങ്കിലും പേടിയ്ക്കാനില്ല. പക്ഷേ മനോവ്യഥകളാണ്. എന്തിനായ് ദുഃഖിക്കുന്നു എന്ന് എനിയ്ക്കു തന്നെ അറിഞ്ഞു കൂടാ...''

ആ കത്ത് എനിക്ക് കാണാപ്പാഠമായിരുന്നു. അതിലെ ഓരോ വാക്കും വായിച്ച് വായിച്ച് ഹൃദിസ്ഥമായി തീർന്നതാണ് .പുസ്തകം അടച്ച് വെച്ച്, നീല ചായം പൂശിയ ചുമരിൽ ചാരിയിരുന്ന് ഞാൻ കത്തിന്റെ ബാക്കി ഭാഗം ഓർമ്മയിൽ നിന്ന് വായിക്കും

"ഞാൻ ഈ കിടക്കുന്ന കിടപ്പിൽനിന്ന് എഴുന്നേൽക്കില്ലെന്ന ബോധം പോലുമല്ല എന്നെ ദുഃഖിപ്പിക്കുന്നത്. ഒന്നേയുള്ളൂ .എല്ലാ സായം സന്ധ്യകളും ദുഃഖമാണ് .ആ ദുഃഖത്തിന്റെ ഹൃദ്യതയിൽ ഞാൻ സ്വയം താഴ്ന്നു പോകുന്നുവെന്നു മാത്രം. മകനെ, നീ അച്ഛനെ ഇപ്പോൾ കണ്ടാലറിയില്ല. ഞാൻ എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതിപ്പോകുന്നത്? ഇതോർത്തു നിൻ്റെ ഏകാഗ്രത നഷ്ടപ്പെടുത്തരുത്. അച്ഛന് അത്രമേൽ സുഖക്കേടൊന്നുമില്ല. നിന്നെക്കുറിച്ച് നിൻ്റെ പ്രൊഫസർക്ക് മതിപ്പുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ കൃതാർത്ഥനായി. ആസ്ട്രോഫിസിക്സിൽ ഗവേഷണത്തിനു പ്രിൻസ്റ്റണിലേക്ക് ചെല്ലാൻ പറ്റിയാൽ നല്ലതുതന്നെ. നാലഞ്ചു കൊല്ലം നീയവിടെയായിരിക്കും, അല്ലേ? എൻ്റെയീ സന്ധ്യയിലിരുന്നു കൊണ്ട് ഞാനും ആ നക്ഷത്രങ്ങളിലേയ്ക്കു നോക്കുകയാണ്. അസ്തമയം കാണാൻ എന്നുമെന്നെ തിണ്ണയിലേയ്ക്കു കൊണ്ടു വരും .നിൻ്റെ പ്രിയപ്പെട്ട ചിറ്റമ്മയാണ് വീൽചെയർ ഉന്തിക്കൊണ്ടു വരിക. ആ തിണ്ണയിലിരുന്നു കൊണ്ട് അച്ഛൻ നിനക്കു കഥ പറഞ്ഞു തന്നതോർമ്മയുണ്ടോ? "

അത്രയുമെത്തുമ്പോൾ എൻ്റെ നെഞ്ച് കനക്കും. കണ്ണുകൾ നിറയും. തൻ്റെ ഭാര്യയെ മകൻ പ്രാപിച്ചത് അറിയാതെ ഒരച്ഛൻ മകന് എഴുതിയ ആ സന്ധ്യയുടെ ദുഃഖങ്ങളെല്ലാം എന്റെയുള്ളിൽ കാർമേഘങ്ങളായി കനക്കും. ഒരിടത്തും വ്യക്തമായി വിവരിക്കാത്ത ,പേര് പോലും അറിയാത്ത രവിയുടെ അച്ഛൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്.

വരാന്തയിലൂടെ നീണ്ട ടോർച്ചും തെളിച്ചുകൊണ്ട് നടന്നു വരുന്ന സെക്യൂരിറ്റിക്കാരൻ എന്റെ മുഖത്ത് വെളിച്ചം വീഴാതിരിക്കാൻ ശ്രദ്ധിക്കും. എന്തൊക്കെയോ മാനസികപ്രശ്നങ്ങൾ ഉള്ള ഒരാളായിട്ടാണ് അയാളെന്നെ കരുതിയത്. ഞാനത് തിരുത്താൻ നിന്നില്ല. അന്നും ഞാൻ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം ആ വരാന്തയും പുറത്തെ മരങ്ങളും വെളിച്ചങ്ങളേയും ഖസാക്കാക്കി മാറ്റിയ ഞാൻ, അവിടുന്ന് എഴുന്നേറ്റ് മോളുടെ ഒപ്പം ചെന്ന് കിടക്കും. അവളുടെ അസുഖം കുറഞ്ഞു തുടങ്ങിയിരുന്നു. അവൾ പഴയപടി ഭക്ഷണം കഴിക്കാൻ തുടങ്ങിയ രാത്രിയിൽ മനസ്സ് നിറഞ്ഞ് ഞാൻ കിടന്നപ്പോൾ, മരണദൂതൻ ആ ഹാളിലേക്ക് തൻ്റെ അദൃശ്യമായ കാലടികൾ എടുത്തുവെച്ചു. ഖസാക്കിലെ വെളിമ്പുറങ്ങളിൽ തുമ്പികളെ കോർത്ത മാലയുമായി അപ്പുക്കിളി നടക്കുന്നത് ഞാൻ കണ്ടു. കൂട്ട നിലവിളി കേട്ട് ഉണർന്നു. ഹാളിൽ പകൽ പോലെ വെളിച്ചം പരന്നു. രേഖ സിസ്റ്റർ ആ വല്യമ്മയുടെ ദേഹം വെളുത്ത മുണ്ട് കൊണ്ട് മൂടി. അവരുടെ മുഖം, ഇനി തനിക്ക് പ്രാണവായുവിനായി പിടയേണ്ടല്ലോ എന്ന ആശ്വാസത്തിൽ ശാന്തത കൊണ്ടു. ഉറക്കം ഞെട്ടിയ എൻ്റെ മകൾക്ക് ആ കാഴ്ച്ചയിലേക്ക് മറയിട്ട് ഞാൻ നിന്നു. എന്നിട്ടും മരണം അവളറിഞ്ഞു.

ബീഡി ചോദിക്കുന്ന മുത്തശ്ശിയും മറ്റുള്ളവരും ഉറക്കെ കരഞ്ഞു. ആ മകൾ മാത്രം കൂട്ട നിലവിളികൾക്കിടയിൽ മരിച്ച അമ്മയുടെ കാൽക്കൽ തല കുനിച്ചിരുന്നു .അവൾ കരഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അമ്മയുടെ മുഖത്തേക്ക് നിർവികാരതയോടെ നോക്കി. കാൽപാദങ്ങളെ മൂടിയ വെള്ളത്തുണിയിൽ എന്തോ കറയുണ്ടെന്ന പോലെ ഇടയ്ക്ക് അങ്ങോട്ടും നോക്കി. കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ വന്ന് മരണം ഉറപ്പു വരുത്തി. മകൾ ആ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അതു വരെ ഉപയോഗമില്ലാതെ കിടന്ന ഫോണിൽ ആരുടെയോ നമ്പർ ഞെക്കി വിളിച്ചു. മരണം അറിയിച്ച ശേഷം ഫോൺ മേശപ്പുറത്ത് തന്നെ വെച്ച് അവൾ അമ്മയെ തന്നെ നോക്കി നിന്നു.

പുലരിയുടെ പക്ഷികൾ ഉണരാൻ തുടങ്ങിയിരുന്നു. കോട്ടക്കൽ പട്ടണം വഴിവിളക്കുകൾ കെടുത്തി അതിൻ്റെ സ്വന്തം ശബ്ദങ്ങളിലേക്ക് ഉണർന്നു. പലരും കണ്ണു തുടച്ചുകൊണ്ടിരുന്നു. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ സിസ്റ്റർമാരല്ലാതെ അധികമാരും ആ കട്ടിലിനടുത്തേക്ക് പോയിട്ടില്ല .അവർക്ക് സന്ദർശകരും ഉണ്ടായിരുന്നില്ല. ഇപ്പോൾ മരണം വന്നു കഴിഞ്ഞപ്പോൾ ആ ഹാളിലെ എല്ലാ മനുഷ്യരും കണ്ണ് നിറയ്ക്കുന്നത് എന്തിനെന്ന് ഞാൻ അത്ഭുതപ്പെട്ടു. എൻ്റെ മകൾ കണ്ണും തിരുമ്മി ആ മയ്യത്തിനു നേർക്ക് ഏറെ നേരം നോക്കിയിരുന്നു.

ആ ഫോണിലേക്ക് ആരുടെയോ വിളി വന്നു. അതിന് രണ്ട് വാക്കിൽ മറുപടി പറഞ്ഞ് അവൾ ഫോൺ താഴെ വെച്ചതും അടുത്ത വിളി വന്നു. പിന്നെ അടുത്ത വിളി. പിന്നെയും വിളി. ഒടുക്കം സ്ട്രക്ചർ വന്നു. ആ അമ്മയെ സിസ്റ്റർമാർ അതിലേക്ക് മാറ്റിക്കിടത്തി. രണ്ട് അറ്റൻഡർമാർ ആ മയ്യത്തും വഹിച്ച് അവിടുന്ന് യാത്രയായി. മുമ്പേ നടന്ന അവരുടെ മകൾ ഫോണും മറ്റ് അല്ലറ ചില്ലറ സാധനങ്ങളും എടുക്കാൻ മറന്നു. ആരും അവളെയത് ഓർമിപ്പിച്ചില്ല. ഞാനും ഓർമ്മിപ്പിച്ചില്ല.

ഏഴ് ദിവസങ്ങളിൽ വിളിയൊന്നുമില്ലാതെ ചത്തു കിടന്ന ആ ഫോൺ, അവരുടെ മരണം അറിയാൻ കാത്തു നിന്ന പോലെ ശബ്ദിച്ചുകൊണ്ടിരുന്നു. പലരും ആ ഫോണെടുത്ത് മറുപടി പറഞ്ഞു .പിന്നെയും ഫോൺ ബെല്ലടിച്ചു. പിന്നെ പിന്നെ ആരും എടുക്കാതെ ആ ഫോൺ ഇടവിട്ട് ഇടവിട്ട് ബെല്ലടിച്ചു കൊണ്ടേയിരുന്നു. എല്ലാത്തിലും നിന്നുമുള്ള മോചനത്തിനായി ഞാനെൻ്റെ ഖസാക്കിനെ തുറന്നു.

18: ഖസാക്കിലെ ജീവിതങ്ങൾ

രോ വായനയിലും ഖസാക്കിൽ നിന്ന് ഞാൻ കണ്ടെത്തിയത് പുതിയ പൊരുളുകൾ മാത്രമായിരുന്നില്ല. ഇതിഹാസകാരൻ മുഴുമിപ്പിക്കാതെ വിട്ട ജീവിതങ്ങൾ കൂടിയാണ്. ആ ജീവിതങ്ങൾ എങ്ങനെയൊക്കെയാവും പുലർന്നതെന്ന് ഞാൻ എപ്പോഴും വിചാരപ്പെട്ടു. അക്കൂട്ടത്തിൽ ഖസാക്കിൽ നിന്നുള്ളവരുണ്ട്. പുറത്തുനിന്നുള്ളവരുണ്ട്. തൻ്റെ കച്ചയും ചുറ്റി യാത്ര പോലും പറയാതെ കടന്നു കളഞ്ഞ രവിയെ ബോധാനന്ദൻ്റെ ആശ്രമത്തിലെ പേരറിയാത്ത ആ സന്യാസിനി പിന്നീട് ഓർത്തിട്ടുണ്ടാവില്ലേ? അവരുടെ ജീവിതം അതിനു ശേഷം പഴയപടിയാവാൻ എത്ര കാലം കഴിഞ്ഞിട്ടുണ്ടാവും? അല്ലെങ്കിൽ അവരും ബോധാനന്ദൻ്റെ ആശ്രമത്തിൽ നിന്ന് രവിയെ തേടി കടന്നു കളഞ്ഞിട്ടുണ്ടാവുമോ? ആ വിചാരങ്ങളിൽ കുരുങ്ങിക്കിടന്ന ഒരു രാത്രിയിൽ രവിയുടെ മുണ്ടും വാരിചുറ്റി അവരെൻ്റെ മുമ്പിൽ വന്നു നിന്നു. രവിയെ കണ്ടുവോ?

ദീപന്‍ ശിവരാമന്‍റെ ഖസാക്കിന്‍റെ ഇതിഹാസം നാടകത്തില്‍ നിന്ന്

അയാൾ എവിടെയാണ് താമസിക്കുന്നത്? അയാൾക്ക് ഭാര്യയുണ്ടോ? തുടങ്ങി അനേകം ചോദ്യങ്ങൾ ആ സന്യാസിനി എന്നോട് ചോദിച്ചു. മറുപടിക്ക് കാത്തു നിൽക്കാതെ അവർ മടങ്ങി പോവുകയും ചെയ്തു.

കുപ്പുവച്ചന്റെ മകനും എന്നെ വേട്ടയാടിയ കഥാപാത്രമാണ്.

അവൻ്റെ പേരുപോലും ഇതിഹാസത്തിൽ എവിടെയുമില്ല. പക്ഷേ എൻ്റെയുള്ളിൽ അവനു ഒരു രൂപമുണ്ട്. അത് കുപ്പുവച്ചന്റെ യൗവനത്തിലെ രൂപമാണ്. കുപ്പുവച്ചന്റെ ഭാര്യ കല്യാണി ഖസാക്ക് വിട്ടു പോവുമ്പോൾ അവൻ കിഴക്കവിടെയോ ചായത്തോട്ടത്തിലാണ്. പടിയിറങ്ങുമ്പോൾ അവർ മകനെ ഓർക്കുന്നില്ല. മെഞ്ചിയും മോതിരവും വെള്ളിപാദസരവും വെറ്റില വട്ടിയിൽ തിരുകി നിറച്ച് അവൾ ഇത്തിരി നേരം മുറ്റത്ത് നിൽക്കുന്നുണ്ട്.

മുറ്റത്തെ കാനലു വീണു പായൽ പിടിച്ച ഇടത്ത് അവളുടെ കണ്ണുകൾ തടയുന്നുണ്ട്. എന്തെല്ലാമോ ഓർമ്മകളിൽ മുഴുകുന്നുണ്ട്.

കൂടുതൽ ഓർമിക്കാൻ നിൽക്കാതെ കല്യാണി ഖസാക്ക് വിടുകയാണ്.
കല്യാണിയെ ഓർത്തു കൊണ്ട് കുപ്പുവച്ചൻ കുടിലിൽ അടഞ്ഞിരുന്നു. വേനലും വർഷവും അയാളെ കടന്നു പോയി. ഒറ്റ തോർത്ത് മാത്രമുടുത്ത് യാക്കരത്തോട്ടിൽ കല്യാണി കുളിച്ചു നിൽക്കുന്നതും, ഓട്ടു കമ്പനിയിൽ പണിയെടുക്കാൻ വരുന്നവർ ആ കടവിൽ തന്നെ കുളിക്കാനിറങ്ങുന്നതും, സന്ധ്യകളിൽ ആണില്ലാത്ത ആ വീടിനുമുമ്പിൽ അവർ ചുറ്റിക്കറങ്ങുന്നതും അയാൾ കാലുഷ്യത്തോടെ ഓർക്കുകയാണ്. മെല്ലെ മെല്ലെ അയാളുടെ മനസ്സിൽ നിന്ന് മറ്റെല്ലാം ഒഴിഞ്ഞു പോവുകയാണ്.

ഒറ്റത്തുവർത്ത് മാത്രമുടുത്ത് കല്യാണി മാത്രം അവിടെ നീരാടുകയാണ്. പുറത്ത് മഞ്ഞും കാറ്റും നിറയുമ്പോൾ അയാൾ കുടിലിലെ പായയിൽ കമഴ്ന്നു കിടന്നത്, ഒന്നും രണ്ടും കൊല്ലമല്ല നീണ്ട പതിനഞ്ച് കൊല്ലമാണ്.

പിന്നീടാണ് കല്യാണിയെന്ന ഒറ്റയക്ഷരത്തിൽ പ്രാണൻ കുരുക്കിയിട്ട്, സകല ഖസാക്കുകാരോടുമുള്ള നീരസവുമായി അയാൾ കലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. രവിയെ അയാൾ വീട്ടിലേക്ക് ചോറുണ്ണാൻ ക്ഷണിക്കുന്നത് കല്യാണിയെന്ന ഒറ്റത്തോർത്തിൻ്റെ നഗ്നത വേട്ടയാടിയ മനസിനു ശാന്തി കിട്ടാനാണ്. മരുമകൾ കേശിയിലൂടെ രവി നേടിയേക്കാവുന്ന രതിയുടെ സുഖദമായ ഓർമ്മകൾക്ക് രൂപം നൽകാനാണ് .രവിയെ കേശിയുടെ അടുത്തിരുത്തി അയാൾഅവണീശ് വാങ്ങാൻ ഇരുട്ടിലേക്ക് ഓടുന്നുണ്ട്. അപ്പോൾ രവിയും കേശിയും തമ്മിലുണ്ടായ സംഭാഷണത്തിലാണ് കുപ്പുവച്ചൻ്റെ മകൻ കടന്നു വരുന്നത്. 'കേശിയുടെ ഭർത്താവ് ഏർക്കാട്ടിലോ മറ്റോ ആണെന്ന് കുപ്പുവച്ചൻ പറഞ്ഞിരുന്നത് രവി അവളെ ഓർമിപ്പിക്കുമ്പോൾ, "ഓ, ആ പോയിട്ടൊര്പാടായി. നാണെൻ്റെ വീട്ട്ലാടന്നു. പിന്നെ അപ്പൻ ഇങ്ങ്ട് വന്ന് പാർക്കാമ്പറഞ്ഞു" എന്ന് അവൾ മറുപടി പറയുന്നുമുണ്ട്.

പിന്നീടൊരിടത്തും കുപ്പുവച്ചന്റെ മകൻ കടന്നു വരുന്നില്ല. തന്റെ ഭാര്യയുമായി ഖസാക്കുകാരനല്ലാത്ത രവി ഇണചേർന്നുവെന്ന് അയാൾ എന്നെങ്കിലും അറിയുമോ? അത് അറിഞ്ഞാൽ തന്നെ, തന്റെ അപ്പൻ അമ്മയെ ഓർത്ത പോലെ കേശിയേയും ഓർത്തത് അറിയുമോ? മരുമകൾ രവിയുമൊത്ത് ഇണ ചേരുന്നുവെന്ന് ഉറപ്പുവരുത്താൻ, ആ രാത്രിയിൽ അപ്പൻ തിരികെ വീട്ടിലേക്ക് വന്നത് അവനറിയുമോ? അവിടെ ഇതിഹാസക്കാരൻ എഴുതിയത് ഇങ്ങനെയാണ്.

"കലുഷമായ മനസ്സോടെ കലുഷമായ പ്രതീക്ഷയോടെ കുപ്പുവച്ചൻ വീട്ടിലേയ്ക്കു നടന്നു. അറവാതിലടച്ചിരുന്നു. വാതിൽപ്പുറമേ രവിയുടെ ചെരിപ്പും ഞെക്കുവിളക്കുമിരുന്നു. വാതിൽ വിടവിലൂടെ കുപ്പുവച്ചൻ അറയിലേയ്ക്കു നോക്കി. എന്നിട്ടു തിരികെവന്ന് തിണ്ണപ്പടിയിലിരുന്നു."

ഈ മകനെ ഞാൻ പലയിടത്തും വെച്ച് കണ്ടു. അല്ലെങ്കിൽ അയാളെപ്പോലുള്ള ജീവിതങ്ങൾ എന്നെക്കടന്നു പോയി. അവരുടെ ഭാര്യമാർ മറ്റുള്ളവരുമായി ഇണചേർന്ന വിവരം പല വഴികളിൽ നിന്നായി അറിയുമ്പോൾ ,ഞാനും കാലുഷ്യത്തോടെ ആ ഉടലുകളെ നോക്കി. എൻ്റെയുള്ളിലും യാക്കരത്തോട് ഒഴുകി. അവിടെ ഒറ്റത്തോർത്ത് മാത്രമുടുത്ത് ആ മകൻ്റെ അമ്മ നീരാടി. അവൻ്റെ പൂരിപ്പിക്കാതെ വിട്ട ഖസാക്കിലെ ജീവിതം എന്റെയുള്ളിൽ അശാന്തിയോടെ പെരുകി. ആ പെരുക്കത്തിനു കുപ്പുവച്ചൻ കാവലിരുന്നു .അയാൾ മകനെക്കുറിച്ച് ജീവിതത്തിൽ ഒരിക്കൽ പോലും ഓർത്തില്ലല്ലോ എന്ന ഖേദത്തിൽ ഞാനും പിന്നെ മൗനിയായി.

ഖസാക്കിൽ നിന്ന് അങ്ങനെ പലരും എന്നെത്തേടി വന്നു. മേടു കേറി പള്ളിയാലോരം പറ്റി, പുള്ളി വെയിലുകൾ താണ്ടി ഖസാക്കിന്റെ മണങ്ങളുമായി അവർ വന്നു. എന്റെയുള്ളം വ്രണപ്പെട്ടു. ഓർക്കാൻ ത്രാണിയില്ലാത്തത്ര കാലം ആ സഞ്ചാരങ്ങൾ തുടർന്നു. അവർക്കു പിറകിൽ മുന്നിരുട്ടു പുതച്ച ചെതലിയുടെ പുറകിൽ ,കാലടി വീണിട്ടില്ലാത്ത പെരുവഴികൾ തുറവ മൂടിക്കിടന്നു. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവ സ്ഥാനങ്ങളിൽ നിന്ന് കലക്കുവെള്ളങ്ങൾ താഴോട്ടൊഴുകി. നിരർത്ഥകമായ ജീവിതങ്ങളുടെ ഒഴുക്കുചേറ് എന്നിൽ നിക്ഷേപിച്ചുകൊണ്ട് അവ വീണ്ടും ഒഴുകി കടന്നു. അവയുടെ മുകളിൽ ചെതലിയുടെ നിനാരങ്ങളിൽ ഷെയ്ഖ് തമ്പുരാൻ മാത്രം കാവൽ നിന്നു.

വളരെ കാലങ്ങൾക്കുശേഷം സൗദി അറേബ്യയിലെ ഖുർത്തുബ എന്ന സ്ഥലത്ത് പെയിൻ്ററായി ജോലി നോക്കുമ്പോൾ ഞാൻ ഉയരത്തിൽ നിന്ന് താഴെക്കു വീണു. വലിയ ഉയരമൊന്നുമല്ല, ഒരാൾ പൊക്കമുള്ള ലാഡറിൽ നിന്ന്. അവിടെയെത്തിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞിരുന്നു. വിസയുടെ കടം വീടിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ആ വീഴ്ച്ചയിൽ മുഖത്തും വസ്ത്രങ്ങളിലും പെയിൻ്റ് പുരണ്ട് നിലത്ത് കിടക്കുമ്പോൾ, ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് മുകളിൽ വേദന മുളപൊട്ടി. അത് വളർന്ന് തിടം വെച്ചു. അവിടുത്തെ എല്ലിന് പൊട്ട് വീണിരുന്നു. അതിൻ്റെ ഫലമായി കാലിൽ പ്ലാസ്റ്ററിട്ട് ഒന്നരമാസം അവിടുത്തെ ഒമ്പതു നില കെട്ടിടത്തിലെ നാൽപതു ഫ്ലാറ്റുകളിലൊന്നിൽ ഞാൻ തനിച്ചു കിടന്നു. തണുപ്പ് കാലമായിരുന്നു. ഞാൻ പെയിൻ്റ് പണിയെടുക്കുന്ന കെട്ടിടമായിരുന്നു അത്. കമ്പനിയിൽ നിന്ന് തൊക്കിൽ കുത്തി നടക്കാനുള്ള ഒരു വടി കിട്ടി. അതും കുത്തിപ്പിടിച്ച് ഒന്നരക്കാലുമായി ഞാൻ ഭക്ഷണം പാകം ചെയ്തു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ചു. എൻ്റെ വീഴ്ച്ചയറിയാതെ, ഭാര്യ ചെലവിനുള്ള പണം കാത്തിരുന്നു. നാട്ടിലേക്ക് പണമയച്ചിട്ട് 28 ദിവസങ്ങൾ കഴിഞ്ഞിരുന്നു. പോക്കറ്റിൽ അവശേഷിച്ചത് 60 റിയാലാണ്. ഓരോ ഹലാലയും ഞാൻ സൂക്ഷിച്ച് ചെലവഴിച്ചു. ഞാൻ കിടന്ന ഫ്ലാറ്റിൽ മറ്റ് രണ്ട് പെയിൻ്റർമാർ കൂടിയുണ്ടായിരുന്നു. അവർ നാട്ടിലേക്ക് ലീവിൽ പോയതാണ്. പണിയൊക്കെ കഴിഞ്ഞ ആ കെട്ടിടത്തിൽ അല്ലറചില്ലറ പെയിൻ്റ് പണികളേ ബാക്കിയുള്ളൂ. എന്നെ അവിടെ താമസിക്കാൻ അനുവദിച്ചാൽ, ആ പണികൾ ഞാൻ തീർക്കുമെന്ന വിചാരത്തിലാണ് സ്പോൺസർ അവിടെ തനിച്ചു താമസിക്കാൻ എന്നെ അനുവദിച്ചത്.

അതിൻ്റെ ചുറ്റും മറ്റു കെട്ടിടങ്ങളുണ്ടായിരുന്നില്ല. റോഡ് മുറിച്ചു കടന്നാൽ ഒരു ഇസ്തറാഹ് ഉണ്ട്. അവിടെ ശ്രീലങ്കക്കാരനായ കാവൽക്കാരനുണ്ട്. വ്യാഴാഴ്ച രാത്രികളിൽ അവിടേക്ക് അറബികൾ കുടുംബസമേതം അവധി ആഘോഷിക്കാൻ വരും. പുഴുങ്ങിയ ആടിന്റെയും കനലിൽ ചുട്ട കോഴിയുടെയും മണങ്ങൾ എന്നെ വന്നു തൊടുമ്പോൾ ആ മണം കൂട്ടി ഞാൻ പച്ച ഖുബൂസ് തിന്നും. വികസിച്ച് വരുന്ന ഒരു പ്രദേശമായിരുന്നു അത്. എൻ്റെ ജാലകത്തിനപ്പുറം മരുഭൂമികൾ കിടന്നു. ആ പൊള്ളുന്ന മണലിലൂടെ നൈജാമലിയും മൈമൂനയും കുപ്പുവച്ചനും അള്ളാപ്പിച്ചാ മൊല്ലാക്കയും ആബിദയും നടന്നു.

കുട്ടാപ്പു നരി കുടിലിൽ പേടിപ്പനി പിടിച്ച് കിടന്നു. അവിടേക്ക് ഖാലിയാർ വന്നു. അയാളുടെ പുക ചുറ്റിയ കണ്ണുകൾ നീലിയെ അടിമുടി തഴുകി. കുട്ടാപ്പുനരി ആ പെരുമ്പനിയിൽ മരിച്ചു. സ്വപ്നത്തിലെന്ന പോലെ ഖാലിയാർ നീലിയുടെ വീടിനു നേർക്കുനടന്നു. ശവമെടുക്കാൻ ദേശക്കാർ കൂടിയിട്ടുണ്ട്. അയാൾ ഇല്ലിപ്പടിയ്ക്കൽ നിന്നു. ഉടലത്രയും തകിലു കൊട്ടി വിറയ്ക്കവേ, ഷെയ്ഖ് തങ്ങളുടെ മന്ത്രം മൂന്നു വട്ടം അയാളുരുവിട്ടു. പിന്നെ, അതിൻ്റെ ഫലമറിയാൻ കാത്തുനിൽക്കാതെ അവിടെനിന്ന് ധൃതി വെച്ച് നടന്നു.

കാലിലെ വേദനയിൽനിന്ന് മോചനം നേടാൻ ഞാൻ ഖസാക്കിനെ ആ മരുഭൂമികളിൽ കുടിയിരുത്തി. പ്ലാസ്റ്ററിനുള്ളിൽ പൊട്ടിയ എല്ലുകൾക്കു മുകളിലെ ഞരമ്പുകളിലൂടെ ഖസാക്കിന്റെ ചോര ഒഴുകി. ചൈത്രമാസം വന്നു. ഖാലിയാർ അപ്പുക്കിളിക്ക് കണ്ണിനൂതുകയും രക്ഷയടച്ചു കെട്ടുകയും ചെയ്തു. പിന്നെ പള്ളിക്കാട്ടിൽ ചുറ്റിച്ചുറ്റി നടന്നു. മയ്യത്തുകളുടെ ചതുപ്പിൽ ചന്ദനത്തിരികൾ കുത്തി നിർത്തി. പുകയത്രയും ശ്വസിച്ചു തീർത്ത് പാടത്തേയ്ക്കിറങ്ങി.

നീലി അപ്പുക്കിളിയെ പെറ്റിട്ട് ഇരുപത് കൊല്ലമായിരുന്നു. നീലിക്ക് വീണ്ടും സുഖമില്ലാതായി. അതിനും എത്രയോ മുമ്പ് അപ്പുക്കിളിയ്ക്ക് പൂജ ചെയ്ത കൂട്ടത്തിൽ, ഖാലിയാർ നീലിയുടെ ശരീരത്തിലും പൂജ ചെയ്തിരുന്നു. കുട്ടാപ്പു നരിയുടെ മരണശേഷം ഊതാൻ വന്ന ഖാലിയാരെ നീലി വിളിച്ചു, "കാലിയാരേ ...."
"എന്നാ ,എന്നാ ശങ്ങതി?"

നീലി മുഖം കുനിച്ചു. ഉലർന്നു കിടന്ന ചുണ്ടിലെ നനവിൻ മേൽ വെയിലു തട്ടുന്നത് ഖാലിയാർ നോക്കി. നീലി പറഞ്ഞു; "എയ്ക്കി വയ്യ"

ഖാലിയാർ ചികിത്സിച്ചു. ചൈത്രം കഴിഞ്ഞു. മൂന്നു മാസം ചികിത്സ തുടർന്നു. അലസവും മധുരവുമായ ഒരാവലാതിയിൽ നിന്ന് നീലിയുടെ രോഗാവസ്ഥ ഒരാസന്നതയായി മാറി. നിസ്സഹായയായി അവൾ വിളിച്ചു, "കാലിയാരേ ...."

ഖാലിയാർ ചെതലിയുടെ തെറ്റത്തേക്കു കയറി. അവിടെ നിന്ന് കുറെ വേരുകൾ പറിച്ചു കൊണ്ടു വന്ന് നീലിക്ക് കലക്കിക്കൊടുത്തു. പാതിരയോടടുത്ത് വേദന തുടങ്ങി. കുടലുകൾ മുറിഞ്ഞു മുറിഞ്ഞു പോവുകയാണോ? സകല നിയന്ത്രണവും വിട്ടു നീലി നിലവിളിച്ചു. മുറിയിലെ ഇലക്ട്രിക് ഹീറ്ററിലേക്ക് പാറി വന്ന് പൊട്ടിത്തെറിച്ച് ചത്ത് വീഴുന്ന കൊതുകുകളെ നോക്കി ഞാനിരുന്നു. ദൂരെ ....പാനീസു വിളക്കുകൾ നീലിയുടെ വീടിനു നേർക്ക് നീങ്ങി. അവൾ നിലത്ത് കിടന്നുരുളുന്നത് ഞാൻ കണ്ടു .അവിടമാകെ ചോരക്കളമായി മാറി. ആ ചോരയുടെ മണം ഖുർത്തുബയുടെ തണുപ്പൻ രാത്രിയിൽ എന്നെ വന്ന് തൊട്ടു. കുട്ടാപ്പു നരിയെ കുഴിച്ചിട്ടതിന്റെ സമീപം നീലിയും നിദ്ര കൊണ്ടു. ആ രണ്ട് ശവകുടീരങ്ങൾ തൊട്ടപ്പുറത്തെ ഹാളിലാണെന്ന് എനിക്കുതോന്നി. രാത്രിയിൽ ഞാൻ നീലിയുടെ നിലവിളി കേട്ടു. അവളുടെ ശരീരത്തിൽ ഖാലിയാർ ചെയ്ത പൂജയിൽ മനം നൊന്ത്, കുട്ടാപ്പു നരി ഖാലിയാരെ ചീത്ത വിളിച്ചിരുന്നു. വിളിച്ചു കഴിഞ്ഞപ്പോൾ ഖസാക്കിന്റെ ഖാലിയാരെ ചീത്ത വിളിച്ചതിൽ ഭയന്ന് അയാൾ നടന്ന വെളിമ്പറമ്പുകളിൽ തീയാളി.
പിന്നെ അവണീശിന്റെ ധൈര്യത്തിൽ ഖാലിയാരോടുള്ള ഭയം നീങ്ങി മിയാൻ ഷെയ്ഖ് തന്നെ നേരിട്ടുവന്നാലും നേരിടാൻ തയ്യാറായി കുട്ടാപ്പു നരി ഖസാക്കിലേക്ക് തിരികെ നടന്നു. ചെതലിയുടെ കാഴ്ച്ചയിൽ ഖാലിയാരോടുള്ള ഭയം ഇരച്ചു കയറി അയാൾ പനിച്ചു വിറച്ച് കിടന്നത് ഞാൻ കിടന്ന മുറിയുടെ തൊട്ടപ്പുറത്താണെന്ന് തോന്നിപ്പോയി.

ആ കെട്ടിടത്തിൽ തനിയെ കിടന്ന കാലത്ത് ഞാനൊരു അവിവേകം ചെയ്തു. ഖസാക്കിൽ സാമാന്യം വിവരണങ്ങൾ ഉള്ള പലരുടെയും പേരുകൾ നമുക്കറിയില്ല. എന്നാൽ ഒട്ടും വിവരണമില്ലാത്ത രവിയുടെ സഹോദരിമാരുടെ പേരുകൾ ഇതിഹാസകാരൻ എഴുതിയിട്ടുണ്ട്. ‘അച്ഛൻ’ എന്ന അധ്യായത്തിൽ സ്കൂളിലേക്ക് പരിശോധനയ്ക്ക് വരുന്ന ഇൻസ്പെക്ടറോടുള്ള സംഭാഷണത്തിനിടയ്ക്കാണ് രവി അവരെ ഓർക്കുന്നത്. അത് ഇങ്ങനെയാണ്: ‘‘സുമയും രമയും പഴയ ഛായാപടങ്ങളെ അനുസ്മരിപ്പിച്ചു. താളുകൾക്കിടയിൽ എട്ടുകാലികൾ അമർന്നു ചത്ത് ഉണങ്ങിപ്പറ്റി നിന്ന പഴയ ആൽബത്തിൽ നിന്ന് അവരുടെ ചിത്രങ്ങൾ എത്തി നോക്കി. ചിത്രങ്ങളുടെ ഓരങ്ങൾ വെള്ളി മീനുകൾ അരുമ്പിപ്പോയിരുന്നു.’’

അവർ രണ്ടു പേരും അമേരിക്കയിൽ പഠിക്കുകയാണെന്നും ഖസാക്കിൻ്റെ ഇതിഹാസത്തിൽ വിജയൻ എഴുതിയിട്ടുണ്ട്.

പത്മ വഴി രവി ഖസാക്കിലാണെന്ന് അറിഞ്ഞ അവർ, ഏട്ടനെ അന്വേഷിച്ച് വരില്ലേ? ആ ചോദ്യത്തിൽ നിന്ന് ഖസാക്ക് ഭ്രാന്തനായ ഞാൻ, വരയുള്ള നോട്ടു ബുക്കിൽ ഒരു കഥ എഴുതാൻ തുടങ്ങി.

ഒ.വി വിജയന്‍

സുമയും രമയും ഏട്ടനെ തേടി ഖസാക്കിലേക്ക് വരുന്നതും, മരണമഴയിൽ തകർന്ന കൂമൻകാവങ്ങാടി കാണുന്നതും, അവിടെ നിന്ന് ഖസാക്കിലെത്തി ഏട്ടനെ അന്വേഷിക്കുന്നതും, ഏകാധ്യാപക വിദ്യാലയം നിലകൊണ്ട ഞാറ്റുപുര കണ്ടെത്തുന്നതും, ശിവരാമൻ നായരുടെ സമ്മതത്തോടെ അവിടെ പാർക്കാൻ തുടങ്ങുന്നതും ഞാനെഴുതി. സൗദിയിലേക്ക് പോവുന്നതിനൊക്കെ മുമ്പ് ഏതോ ഒരു വീക്കിലിയിൽ, ഖസാക്കിന്റെ ബാക്കിയായി ആരോ ഒരാൾ എഴുതിയ കഥയോ നോവെല്ലയോ ഞാൻ വായിച്ചിരുന്നു. പക്ഷേ അതിന് ആത്മാവുണ്ടായിരുന്നില്ല. ഖസാക്കിന്റെ ആത്മാവ് കുടി കൊള്ളുന്നത് അതിൻ്റെ ഭാഷയിലാണ്. സുഖകരമായ ഒരു ഓർക്കസ്ട്ര പോലെ ആ ഭാഷയാണ് ഖസാക്കിന്റെ ഇതിഹാസത്തിന് ജീവൻ നൽകുന്നത്. അത് ഒ.വി. വിജയൻ്റെ മാത്രം ഭാഷയാണ്. അനുകരിക്കാൻ കഴിയാത്ത, എങ്ങാനും അനുകരിച്ചാൽ ഉടൻ മനസ്സിലാക്കാൻ കഴിയുന്ന മനോഹരമായ ഭാഷ.

ഞാൻ വായിച്ച ആ കഥയ്ക്ക് (നോവെല്ലയ്ക്ക്) വിരസമായ ഭാഷയായിരുന്നു. അതുകൊണ്ടുതന്നെ പേര് ഓർമയില്ലാത്ത ആ എഴുത്തുകാരൻ എന്തൊക്കെയാണ് അതിൽ എഴുതിപ്പിടിപ്പിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. എൻ്റെ കഥയിൽ മാധവൻ നായർ അപ്പുക്കിളിയെയും കൂട്ടി ഞാറ്റുപുരയിലേക്ക് സുമയെയും രമയേയും കാണാൻ വരുന്നതും, അവരോട് രവിയുടെ മരണവാർത്ത അറിയിക്കുന്നതും, നൈജാമലിയുടെ ആഗ്രഹ പ്രകാരം അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ഖബറിനരികിൽ രവി അന്ത്യവിശ്രമം കൊള്ളുന്നത്, മാധവൻ നായർ അവരോട് പറയുന്നതുമൊക്കെ ഉണ്ടായിരുന്നു.
രാജാവിൻ്റെ പള്ളിയിൽ നൈജാമലിയും മൈമൂനയും ചേർന്ന് അവരെ സ്വീകരിക്കുന്നതും, തിത്തിബിയുമ്മ സുമയേയും രമയേയും കാണാൻ വരുന്നതും, രവി തൻ്റെ മക്കൾക്ക് വസ്ത്രങ്ങളും പഴങ്ങളും മിഠായികളും വാങ്ങി കൊടുത്തതുമൊക്കെ അവർ കണ്ണീരോടെ ഓർക്കുന്നതും ഉണ്ടായിരുന്നു. കുഞ്ഞാമിന തൂക്കുപാത്രങ്ങൾ നിറയെ അരിപ്പത്തിരിയും ഇറച്ചിയും കൊണ്ടു വന്ന് അവരെ സൽക്കരിച്ചു.

കുപ്പുവച്ചൻ തന്റെ കാഴ്ച നഷ്ടമായ കണ്ണുകളാൽ അവരെ നോക്കി, തൊട്ടുഴിയുന്നതും രവിയുടെ മരണത്തിൽ ക്രൂരമായൊരു സംതൃപ്തിയോടെ ചിരിക്കുന്നതും ഞാൻ എഴുതിവെച്ചു.
പിന്നെയും കുറെ കഥാ കഥനങ്ങൾക്കുശേഷം സുമയും രമയും, ഖാലിയാരെയും കൂട്ടി ആബിദാനെ തിരഞ്ഞ് കാളികാവിലേക്ക് പോവുന്നിടത്ത് ഞാൻ കഥ അവസാനിപ്പിച്ചു. എഴുതിയ പേജുകൾ കുറച്ചു ദിവസം കഴിഞ്ഞു വായിച്ചപ്പോൾ ഞാനതിൽ ഇതിഹാസക്കാരന്റെ സ്വന്തം പദങ്ങളെ കണ്ടു. പാലക്കാടൻ തമിഴ് കണ്ടു. ജന്മാന്തരങ്ങളും ദുരൂഹമായ ദുഃഖവും കാലത്തിൻ്റെ ഗംഗാതടവും കണ്ടു.
അറുബോറായ ആ സാധനം ഞാൻ പലതായി കീറി കത്തിച്ചുകളഞ്ഞു. ഇപ്പോൾ കാലങ്ങൾക്കു ശേഷം വികലമായ ആ അനുകരണത്തിനും, ഖസാക്കിലേക്ക് അനുവാദമില്ലാതെ കടന്നു കയറിയതിനും ഞാൻ ഇതിഹാസകാരനോട് തൊഴു കൈകളോടെ മാപ്പിരക്കുയാണ്.

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments