ഇന്ത്യൻ വംശജരായ എഴുത്തുകാരെ ഇന്ത്യൻ ഡയസ്പോറ എഴുത്തുകാർ എന്നാണ് പൊതുവെ വിവക്ഷിക്കുന്നത്. ഇന്ത്യൻ- ഇംഗ്ലീഷ് എഴുത്തുകാരിൽനിന്ന് വിഭിന്നമായി വിഷയ സ്വീകരണത്തിലും ശൈലിയിലും തനതായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യൻ ഡയസ്പോറ വിഭാഗത്തിലെ എഴുത്തുകാർക്ക് കഴിഞ്ഞിട്ടുണ്ട്. അമിതാവ് ഘോഷ്, സൽമാൻ റുഷ്ദി, വിക്രം സേഥ് മുതലായവരുടെ കൃതികൾ ഇന്ത്യൻ- ഇംഗ്ലീഷ് സാഹിത്യത്തിൽനിന്ന് വേറിട്ടുനിന്ന് സ്വന്തമായ ഐഡന്റിറ്റി കാണിക്കുന്നുണ്ട്.
ആദ്യ നോവലായ Inheritence of Loss പ്രസിദ്ധീകരിക്കപ്പെട്ട് 19 വർഷത്തിനുശേഷമാണ് കിരൺ ദേശായി, തന്റെ രണ്ടാമത്തെ നോവലായ Loneliness of Soniya and Sunny പുറത്തിറക്കുന്നത്. 10 വർഷത്തെ രചനാകാലയളവ് ഈ നോവലിനുണ്ട് എന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിൽ കാണുന്ന കുടുംബവൃത്താന്തം പ്രധാന പ്രമേയമായി ഈ നോവലിൽ വരുന്നുണ്ടെങ്കിലും നോവലിന്റെ നറേറ്റീവ് ഘടന വ്യത്യസ്തമാണ്. 670 പേജുള്ള ഈ നോവലിന് ഒരു ഇതിഹാസമാനമുണ്ട്. കഥാഘടനയുടെ വ്യത്യസ്ഥത കാരണം പ്ലോട്ടിനുവേണ്ടി വായിക്കുക എന്ന രീതി മാറ്റിവെച്ചുകൊണ്ടുമാത്രമേ നോവലിലേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.
2025- ലെ ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ച നോവലായിരുന്നു Loneliness. ബുക്കർ സമ്മാനത്തിനുള്ള ശക്തയായ മത്സരാർഥിയായി മാറുന്നുണ്ട് കിരൺ ദേശായിയുടെ ഈ നോവൽ.
പ്രധാനമായും മൂന്നു കുടുംബങ്ങളാണ് നോവലിന്റെ ആഖ്യാനത്തിൽ വന്നുപോകുന്നത്. സോണിയയുടേയും സണ്ണിയുടേയും കുടുംബം കൂടാതെ സോണിയയുടെ അമ്മയുടെ ജർമൻബന്ധമുള്ള മറ്റൊരു കുടുംബവൃത്താന്തം കൂടി നോവലിൽ കടന്നുവരുന്നുണ്ട്. ദൽഹി, ന്യൂയോർക്ക്, മെക്സിക്കോ തുടങ്ങി പല ദേശങ്ങളിലൂടെയാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്.
റിയലിസ്റ്റ് ആഖ്യാനരീതിയാണ് പ്രത്യക്ഷത്തിൽ ഈ നോവലിനുള്ളത്. ഭാഷയുടെ സൗന്ദര്യാത്മകമായ പ്രയോഗം മറ്റെന്തിനേക്കാളും ഉയർന്നുനിൽക്കുന്നു. സോണിയയുടെ അച്ഛൻവഴിക്കുള്ള മുത്തച്ഛനും മുത്തശ്ശിയുമാണ് ദാദാജിയും ബായും. ദാദാജിയുടെ മകൻ മാനവ് പാതി ജർമനായ സഹറിനെ വിവാഹം ചെയ്യുന്നതിലൂടെയാണ് സോണിയയുടെ ജനനം. അങ്ങനെയൊരു ജർമൻ ബന്ധം കൂടി സോണിയയുടെ വ്യക്തിത്വത്തിലേക്കു വന്നുചേരുന്നു. സഹറിന്റെ അമ്മ അഞ്ജലി റോയിയെ സിജിഫ്രിഡ് ബലിബർ എന്ന ജർമ്മൻകാരനാണ് വിവാഹം കഴിക്കുന്നത്. ഇങ്ങനെ ഭൂഖണ്ഡാന്തര ബന്ധങ്ങളുടെ സങ്കീർണതകൾ പേറുന്നുണ്ട് നോവൽ. സോണിയയുടെ വ്യക്‌തിത്വത്തെ സ്വാധീനിക്കുന്ന മറ്റൊരു കഥാപാത്രമാണ് അവളുടെ അച്ഛൻപെങ്ങൾ മിനഫോയ്.

സണ്ണിയുടെ അമ്മയുടെ അച്ഛൻ കേണൽ നാനയും അദ്ദേഹത്തിന്റെ ഭാര്യ നാനിയും ചേർന്നതാണ് നോവലിലെ രണ്ടാമത്തെ കുടുംബം. കേണലിന്റെ മകൾ ബബിതയാണ് സണ്ണിയുടെ അമ്മ. അച്ഛൻ രത്തൻ. ഇതുകൂടാതെ സോണിയയുടെ അലഹബാദിലെ കുടുംബവീട്ടിലെ അംഗങ്ങൾ, അവരുടെ കുടുംബസുഹൃത്തുക്കൾ, ബബിതയുടെ ഗോളാന്തര സുഹൃത്തുക്കൾ, ദൽഹിയിലേയും ഗോവയിലേയും വീട് സസൂക്ഷിപ്പുകാർ തുടങ്ങി വ്യക്തിബന്ധങ്ങളിലേയും കുടുംബബന്ധങ്ങളിലേയും സങ്കീർണതകൾ ചാരുതയാർന്ന ഭാഷയോടുകൂടി ആവിഷ്കരിക്കപ്പെടുന്നുണ്ട്.
2025- ലെ ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ച നോവലായിരുന്നു Loneliness. ബുക്കർ സമ്മാനത്തിനുള്ള ശക്തയായ മത്സരാർഥിയായി മാറുന്നുണ്ട് കിരൺ ദേശായിയുടെ ഈ നോവൽ.
മൂന്നു തലങ്ങളിലാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. ആദ്യത്തേത് സണ്ണിയും അവന്റെ അമ്മ ബബിതയും തമ്മിലുള്ള അസ്വസ്ഥജനകവും എന്നാൽ ആഴത്തിലുള്ളതുമായ ബന്ധമാണ്. രത്തനുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കു പറന്നുയരാൻ കൊതിക്കുന്ന വ്യക്തിയാണ് ബബിത. അവർക്കുള്ള ഒരേയൊരു വൈകാരികബന്ധം മകനുമായുള്ളതാണ്. സണ്ണിയെ തന്നോട് അടുപ്പിച്ചുനിർത്താനുള്ള വ്യഗ്രതയിലാണവർ. സണ്ണിയാകട്ടെ, ബബിതയിൽനിന്നും അകന്നുനിൽക്കാനുള്ള ശ്രമത്തിലും.
ന്യൂയോർക്കിലെ ഒരു ബോട്ടിക് ടെക് ഫേമിൽ ജോലിചെയ്യുന്ന സണ്ണി, സിറ്റി ലൈഫിന്റെ യന്ത്രികതയിൽ പെട്ട് പ്രേതസമാനമായ ജീവിതം നയിക്കുന്നു. ജൈവികവും അജൈവികവുമായ ഒരു മൃത- ജീവ ദ്വന്ദ്വം സണ്ണിയുടെ വ്യക്തിത്വത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. ബബിതയുടെ ദൽഹി ജീവിതവും അതിൽനിന്നുള്ള പലായനങ്ങളും മറ്റൊരു നഗരത്തിൽ മറ്റൊരു ജീവിതം കരുപ്പിടിപ്പിക്കുന്നതുമായി മാറിമാറി വരുന്ന ആഖ്യാനം വായനയ്ക്ക് വെല്ലുവിളിയാണെങ്കിലും നോവലിന്റെ ആഖ്യാനഘടനയെ കരുത്തുറ്റതാക്കുന്നുണ്ട്. യുല എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നുണ്ട് സണ്ണി. ഒരിടത്തോ ഒരാളിലോ ഒതുങ്ങാത്ത പ്രണയത്തിന്റെ അനിത്യതയാണ് അത്തരം ബന്ധങ്ങളിലൂടെ വെളിവാകുന്നത്.
റിയലിസ്റ്റ് നോവലുകളുടെ ആഖ്യാനരീതി അവലംബിക്കുമ്പോൾത്തന്നെ മാജിക്കൽ റിയലിസത്തിന്റെ ചില സ്പർശങ്ങൾ ആഖ്യാനത്തിൽ സന്നിവേശിപ്പിക്കാൻ കിരൺ ദേശായി ശ്രമിക്കുന്നുണ്ട്.
സോണിയക്ക് ഇലാൻ എന്ന പ്രായം ചെന്ന ഒരു യൂറോപ്യൻ ചിത്രകാരനുമായുള്ള ബന്ധമാണ് നോവലിന്റെ രണ്ടാമത്തെ തലം. അപ്രവചനീയമായ സ്വഭാവത്തിനും മൂഡ് മാറ്റങ്ങൾക്കും വിധേയനായ ആളാണ് ഇലാൻ. സാഹിത്യമോഹങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന വ്യക്തിയാണ് സോണിയ. വെർമൗണ്ടിലെ പഠനത്തിനുശേഷം അവിടെയുള്ള ഒരു ആര്ട്ട് ഗാലറിയിൽ ജോലി ചെയ്യുന്നുണ്ട് അവൾ. ഗാലറിയുടെ ഉടമസ്ഥന്റെ ചൂഷണത്തിൽനിന്ന് രക്ഷനേടാനായി അവൾ ആ ജോലി ഉപേക്ഷിക്കുന്നു. നോവലിസ്റ്റ് ആകണമെന്ന മോഹവുമായാണ് അവൾ മെക്സിക്കോയിൽ എത്തുന്നത്. അവിടെവെച്ചാണ് അവൾ ഇലാനുമായി കണ്ടുമുട്ടുന്നതും അതൊരു ടോക്സിക് റിലേഷനായി മാറുന്നതും. തന്റെ സാഹിത്യ മോഹങ്ങളേ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അയാൾ കൈക്കൊള്ളുന്നത്. സോണിയ എഴുതാൻ പോകുന്ന നോവലിനെ ഒരു ‘ഓറിയന്റലിസ്റ്റ് നോൺസെൻസ്’ (Orintelist nonsence) എന്നാണ് അയാൾ വിശേഷിപ്പിക്കുന്നത്. ഇലാനുമായുള്ള ബന്ധം ഒരു സ്വത്വപ്രതിസന്ധിയിലേക്കാണ് സോണിയയെ കൊണ്ടുചെന്നെത്തിക്കുന്നത്. സമ്പൂർണ വിധേയത്വത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് സോണിയ. ഇലന്റെ ഭ്രാന്തമായ വികാരങ്ങൾക്ക് അടിമപ്പെടുന്നതോടൊപ്പം, അതിൽനിന്നും രക്ഷപ്പെടാനുള്ള സ്വാതന്ത്യവാഞ്ചയും അവൾ കാണിക്കുന്നുണ്ട്. ദൽഹിയിലേക്കുള്ള അവളുടെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതും അതാണ്.

ഇതിനിടയിൽ സോണിയയുടെ കുടുംബവും സണ്ണിയുടെ കുടുംബവും ഇരുവരും തമ്മിലുള്ള വിവാഹക്കാര്യത്തിൽ താല്പര്യമെടുക്കുകയും ആഖ്യാനത്തിന്റെ മറ്റൊരു തലത്തിലേക്ക് നോവലിനെ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ദൽഹിയിലെ സോണിയ- സണ്ണി കണ്ടുമുട്ടലുകളും പ്രണയത്തോളമെത്താത്തതും എന്നാൽ ഒട്ടൊരു വൈകാരികതലം സൃഷ്ടിക്കുകയും ചെയ്യുന്ന ബന്ധത്തിലേക്ക് രണ്ടുപേരും നടന്നടുക്കുകയും ക്രമേണ അവർ അതിൽനിന്നും വിടുതൽ നേടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സ്ഥല- കാല- വ്യക്തി ബന്ധങ്ങളിൽ അസ്ഥിരത സൃഷ്ടിച്ച് പ്രത്യേക ലക്ഷ്യമില്ലാതെയാണ് (meandering) ആഖ്യാനം മുന്നേറുന്നത്.
നോവലിന്റെ മൂന്നാമത്തെ തലത്തിൽ സോണിയയും സണ്ണിയും വെർമൗണ്ടിൽവെച്ചു ആകസ്മികമായി വീണ്ടും കണ്ടുമുട്ടുന്നുണ്ട്. സാമ്പ്രദായിക പ്രണയബന്ധങ്ങളിൽനിന്നും വിടുതൽ നേടിയ രീതിയിലുള്ള ഇടപെടലുകളാണ് അവർ തമ്മിൽ പിന്നീടുണ്ടാകുന്നത്. സണ്ണി അപ്പോഴേക്കും അവന്റെ 'അമ്മ ബബിതയുമായുള്ള വിച്ഛേദം പൂർണ്ണമാക്കിയിരുന്നു. വ്യക്തിതലത്തിലും വൈകാരികതലത്തിലുമുള്ള ഒറ്റപ്പെടലിനെ പരസ്പരം മനസിലാക്കിക്കൊണ്ടുള്ള ഒരു വേർപിരിയലിലാണ് നോവൽ അവസാനിക്കുന്നത്.
loneliness- ൽ ഒരു ഗോഥിക് സ്റ്റൈൽ കൊണ്ടുവരുന്നുണ്ട് നോവലിസ്റ്റ്. സ്വപ്നാടനം പോലെയാണത്. ജ്വരബാധിതന്റെ തീഷ്ണസ്വപ്‌നങ്ങൾ പോലെയും ചിലപ്പോൾ അത് മാറുന്നുണ്ട്.
ഏകാന്തത (Loneliness) എന്ന രൂപകത്തിന്റെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണ് നോവലിൽ സംഭവിക്കുന്നത്. വൈയക്തികവും വൈകാരികവുമായ ഏകാന്തത അനുഭവിക്കുന്നവരാണ് സോണിയയും സണ്ണിയും. ബബിതയിലും മിനഫോയിലും അവരുടെ വ്യക്‌തിത്വത്തിന്റെ ഭാഗമായി മാറുന്ന ഘടകവും മറ്റൊന്നല്ല. ഡയാസ്പോറിക് നോവലുകളിൽ കാണപ്പെടുന്ന സാംസ്കാരികമായ ഒറ്റപ്പെടലിൽനിന്നും അത് വ്യത്യസ്തവുമാണ്. ഇലാൻ- സോണിയ ബന്ധത്തിൽ ഈ സാംസ്‌കാരിക സംഘർഷം നിഴലിക്കുന്നുണ്ടെങ്കിലും ഡയാസ്പോറിക് നോവലുകളുടെ സാമ്പ്രദായിക രീതിയിൽനിന്നും അതിനെ മാറ്റിനിർത്താൻ കിരൺ ദേശായി ശ്രമിക്കുന്നുണ്ട്. നോവലിനെ വ്യത്യസ്തമാക്കുന്നതിനുള്ള പ്രധാന ഘടകമായി അത് മാറുന്നുണ്ട്.
റിയലിസ്റ്റ് നോവലുകളുടെ ആഖ്യാനരീതി അവലംബിക്കുമ്പോൾത്തന്നെ മാജിക്കൽ റിയലിസത്തിന്റെ ചില സ്പർശങ്ങൾ ആഖ്യാനത്തിൽ സന്നിവേശിപ്പിക്കാൻ കിരൺ ദേശായി ശ്രമിക്കുന്നുണ്ട്. സോണിയയെ എല്ലായ്പ്പോഴും പിന്തുടരുന്ന- അങ്ങനെ അവൾക്കു തോന്നുന്ന- ഒരു ghost dog- ന്റെ സാന്നിധ്യമാണ് അതിലൊന്ന്. നിഴൽ പോലെ അവളെ പിന്തുടരുന്ന ഈ നായ നമ്മളെ ഒരുപക്ഷെ മഹാഭാരതത്തിലെ മഹാപ്രസ്ഥാനസന്ദർഭത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. സ്ഥല- കാലങ്ങളിലെ സ്ഥിരതയില്ലായ്മയും വ്യക്തിബന്ധങ്ങളിലെ അനിശ്ചിതത്വവും ഒരു പോസ്റ്റ്- ഡയാസ്പോറിക് നോവലിന്റെ സവിശേഷതകളിലേക്ക് ഈ നോവലിനെ ഉയർത്തുന്നുണ്ട്. കിരണിന്റെ നോവലിനായി വായനക്കാരുടെ രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് സാരം.

Inherintence of Loss- ൽ നിന്ന് വ്യക്തമായ വിടുതലുകൾ സൂക്ഷിക്കുന്ന നോവലാണ് Loneliness of Soniya and Sunny. റിയലിസത്തിൽനിന്നും സർറിയലിസത്തിലേക്കുള്ള ആഖ്യാനത്തിന്റെ മാറ്റമാണ് അതിൽ പ്രധാനം. ചരിത്രം ഏല്പിച്ച ചില മുറിവുകളുണ്ട് inheritence- ൽ. കലിംപോങ്ങിന്റെ ദൃശ്യചാരുതയും ന്യൂയോർക്ക് ജീവിതത്തിന്റെ ദാർഢ്യവും അതിൽ ഉൾച്ചേർന്നിട്ടുണ്ട്.
loneliness- ൽ ഒരു ഗോഥിക് സ്റ്റൈൽ കൊണ്ടുവരുന്നുണ്ട് നോവലിസ്റ്റ്. സ്വപ്നാടനം പോലെയാണത്. ജ്വരബാധിതന്റെ തീഷ്ണസ്വപ്‌നങ്ങൾ പോലെയും ചിലപ്പോൾ അത് മാറുന്നുണ്ട്. ആഖ്യാനത്തിന്റെ വിശാലത മറ്റൊന്നാണ്. ഒന്നാം വായനയിൽ നിന്നും രണ്ടാമത്തേയും മൂന്നാമത്തേയും വായനയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ നിർബന്ധിക്കുന്ന വശ്യതയും നോവലിനുണ്ട്. “If you are lonely, you feel ashamed, and the only relief your shame is being alone, which is what makes you lonely int the first place’’ എന്ന് കിരൺ ദേശായി എഴുതുമ്പോൾത്തന്നെ അത് വ്യക്തമാണ്.

