മാർക്​സിലെ ഇക്കോളജിസ്​റ്റ്​​

‘‘19-ാം നൂറ്റാണ്ടിൽ ജീവിച്ചുമരിച്ച കാൾ മാർക്സ്​ 21-ാം നൂറ്റാണ്ടിൽ ജീവിക്കുകയായിരുന്നുവെങ്കിൽ കെ–റെയിൽ പോലുള്ള മെഗാനിർമ്മിതികൾക്കെതിരെ, പാരിസ്​ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായി നിന്ന്, സൈദ്ധാന്തിക സംഭാവനകൾ നൽകുമായിരുന്നുവോ?’’- കുഹൈ സെയ്തോയുടെ ‘മാർക്സ്​ ഇൻ ദ ആന്ദ്രപോസീൻ: ടുവേർഡ്സ്​ ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം’ എന്ന പുസ്​തകത്തിന്റെ വായന.

കാൾ മാർക്സും കെ–റെയിലും– 5

മാർക്സിലെ ഇക്കോളജിസ്റ്റിനെ ശരിയായ രീതിയിൽ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയുടെ കേന്ദ്രസ്​തംഭമെന്ന നിലയിൽ വർത്തിക്കുന്ന ഉപാപചയ സിദ്ധാന്തത്തെ (metabolic theory) കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. തന്റെ ഉപാപചയ സിദ്ധാന്ത രൂപീകരണത്തിനായി പ്രകൃതിശാസ്​ത്രത്തെക്കുറിച്ചും മുതലാളിത്തപൂർവ്വ / പാശ്ചാത്യേതര സമൂഹങ്ങളെക്കുറിച്ചും ഗഹനതയോടെ പഠിക്കേണ്ടത് മാർക്സിന് അനിവാര്യമായിരുന്നു. മുതലാളിത്തപൂർവ്വ ഗ്രാമീണ സമൂഹങ്ങളിൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഉപാപചയരീതികളുടെ ഭിന്നവഴികൾ അത്തരം സമൂഹങ്ങളുടെ ചലനാത്മകതയായി മനസ്സിലാക്കാൻ മാർക്സ്​ ശ്രമിച്ചു.

മാർക്സിലെ ഇക്കോളജിക്കൽ ബോധ്യങ്ങൾ രൂപപ്പെട്ടതിനുപിന്നിലെ സൈദ്ധാന്തിക വഴികൾ അന്വേഷിച്ചുകൊണ്ട് പിൽക്കാല മാർക്​സിന്റെ ഗവേഷണമേഖലകളിലേക്കും പഠന താൽപ്പര്യങ്ങളിലേക്കും കുഹൈ സെയ്തോ ചെന്നെത്തുന്നു.

ഉപാപചയ വിള്ളലിനെക്കുറിച്ചുള്ള മാർക്​സിന്റെ പാരിസ്​ഥിതിക സിദ്ധാന്തത്തിന്റെ പ്രധാന മേഖല കൃഷിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പാശ്ചാത്യേതര സമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കൊളോണിയൽ ഭരണത്തിലൂടെ സാമൂഹിക സമ്പത്ത് പിരിച്ചുവിടുന്ന പ്രക്രിയ മാത്രമല്ല, അവ സൃഷ്ടിക്കുന്ന പാരിസ്​ഥിതിക പ്രത്യാഘാതങ്ങളുമുണ്ടെന്ന് മാർക്സ്​ കണ്ടെത്തിയിരുന്നു. വാസ്​തവത്തിൽ, പാരിസ്​ഥിതിക നാശത്തിന്മേലുള്ള തന്റെ വർദ്ധിച്ചുവരുന്ന താൽപ്പര്യങ്ങൾക്കിടയിൽ മുതലാളിത്തത്തിന്റെ കേന്ദ്രവൈരുദ്ധ്യമെന്ന നിലയിൽ സ്വാഭാവിക പരിസ്​ഥിതിയുടെ കൊള്ളയെ മാർക്സ്​ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, മൂലധന ഉൽപ്പാദനശകതികളുടെ വികാസത്തിന്റെ യുകതിരാഹിത്യത്തെ അദ്ദേഹം ബോധപൂർവ്വം അവതരിപ്പിച്ചു. അത് കവർച്ചയെ ശകതിപ്പെടുത്തുകയും ആഗോളതലത്തിൽ ഉപാപചയ വിള്ളൽ ആഴത്തിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാരിസ്​ഥിതിക വീക്ഷണകോണിൽ നിന്നുകൊണ്ട് മുതലാളിത്തത്തിനു കീഴിലും പാശ്ചാത്യേതര സമൂഹങ്ങളിലും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഉപാപചയ ഇടപെടലിനായുള്ള സാമൂഹിക സംഘാടനത്തിന്റെ വ്യത്യസ്​ത വഴികളെക്കുറിച്ചും മാർക്സ്​ പഠിച്ചു. മാർക്സിലെ ഇക്കോളജിക്കൽ ബോധ്യങ്ങൾ രൂപപ്പെട്ടതിനുപിന്നിലെ സൈദ്ധാന്തിക വഴികൾ അന്വേഷിച്ചുകൊണ്ട് പിൽക്കാല മാർക്​സിന്റെ ഗവേഷണമേഖലകളിലേക്കും പഠന താൽപ്പര്യങ്ങളിലേക്കും കുഹൈ സെയ്തോ ചെന്നെത്തുന്നു.

The Veteran in a New Field, Artist: Winslow Homer

പാശ്ച്യാത്യേതര സമൂഹങ്ങളിലെ സഹകരണ ഉൽപാദനവും അനുബന്ധ സാമൂഹിക സമ്പത്തും അവയുടെ പരിസ്​ഥിതിയുമായുള്ള കൂടുതൽ സുസ്​ഥിരമായ മനുഷ്യ ഉപാപചയ ഇടപെടലുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് (കാൾ ഫ്രാസ്​ വായനയിലൂടെ) മാർക്സ്​ തിരിച്ചറിഞ്ഞതായി സെയ്തോ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിന്മേലുള്ള ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം മണ്ണിന്റെ പോഷകചംക്രമണം ഉറപ്പുവരുത്തുന്നുവെന്നും മണ്ണിലെ പോഷകാംശംങ്ങൾ തിരികെ മണ്ണിലേക്ക് തന്നെ കൂട്ടിച്ചേർക്കുന്ന പ്രക്രിയയിലൂടെ സുസ്​ഥിരകൃഷി സാധ്യമാക്കാൻ സഹായിക്കുന്നുവെന്നും കാർഷിക രസതന്ത്രൻ ലീബിഗുമായുള്ള ബന്ധത്തിലൂടെ മാർക്സിന് ബോധ്യപ്പെട്ടിരുന്നു. മുതലാളിത്ത ഉൽപാദന രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ട്യൂട്ടോണിക് (വടക്കൻ യൂറോപ്പിലെ തദ്ദേശീയ ഗോത്രജനത) സമൂഹങ്ങൾക്കുള്ളിൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സമഗ്രവും വ്യത്യസ്​തവുമായ ഉപാപചയ ബന്ധമാണ് നിലനിൽക്കുന്നതെന്ന് 1868 മാർച്ചിലെ മാർക്​സിന്റെ നോട്ടുബുക്കിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് കുഹൈ സെയ്തോ തെളിവുനൽകുന്നു.

പരമ്പരാഗത മാർക്സ്​ വായനകളിൽ നിന്ന്​ ഭിന്നമായ മാർക്സിയൻ ചിന്തകൾ പങ്കുവെച്ച്​ പിൽക്കാല മാർക്സിൽ രൂപപ്പെട്ട സൈദ്ധാന്തിക ബോധ്യങ്ങളുടെ അകക്കാമ്പിലേക്ക്, ‘ടുവേർഡ്സ് ഡീ ഗ്രോത്ത് കമ്യൂണിസം’ എന്ന മൂന്നാം ഭാഗത്തിലൂടെ സെയ്തോ കൂട്ടിക്കൊണ്ടുപോകുന്നു.

ഫ്രാസിനെയും മൗററെയും ‘സോഷ്യലിസ്റ്റ് പ്രവണത’യുള്ള വ്യകതികളായി ചിത്രീകരിച്ചതിലൂടെ മാർക്സ്​ തന്റെ സോഷ്യലിസ്റ്റ് പദ്ധതിയിലെ ‘സോഷ്യൽ ഇക്വിറ്റി’, ‘സുസ്​ഥിരത’ എന്നിവയുടെ കേന്ദ്രപ്രാധാന്യത്തെ സൂചിപ്പിക്കുകയായിരുന്നു. പിൽക്കാല മാർക്സിനെ മനസ്സിലാക്കാൻ ഈ ഉൾക്കാഴ്ച അനിവാര്യമാണ്. ഫ്രാസിനെയും മൗററെയും വായിക്കുന്നതിന് മുമ്പ് മുതലാളിത്തത്തിനു മുമ്പുള്ള കമ്യൂണുകൾ ആധുനിക സമൂഹത്തേക്കാൾ സമത്വവാദി (egalitarian) കളാണെന്ന് തീർച്ചയായും മാർക്സിന് നന്നായി അറിയാമായിരുന്നു. അദ്ദേഹം പ്രാചീന സമൂഹങ്ങളെ ‘തദ്ദേശീയ കമ്മ്യൂണിസം’ (മൂലധനം 3: 970) എന്ന് വിശേഷിപ്പിച്ചതായി കാണാം. അതേസമയം, അവയുടെ പാരിസ്​ഥിതിക മാനം വേണ്ടത്ര കണക്കിലെടുക്കാതെ പലപ്പോഴും അതിന്റെ സുസ്​ഥിര സ്വഭാവത്തെ നിരസിക്കുകയായിരുന്നു മാർക്സ്​ ചെയ്തിരുന്നത്. 1868–നുശേഷമുള്ള ‘തദ്ദേശീയ കമ്മ്യൂണിസ’ത്തെ സംബന്ധിച്ച പുനർമൂല്യനിർണയം മാർക്​സിന്റെ ആഴത്തിലുള്ള പാരിസ്​ഥിതിക അവബോധവുമായി ബന്ധപ്പെട്ടതാണ്. 1880–1 ൽ മോർഗന്റെ (Hentry L Morgan) ‘കമ്മ്യൂണിസം ഇൻ ലിവിംഗ്’ സ്വീകരിക്കുന്നതുവരെ ഈ പ്രവണത തുടർന്നതായി സെയ്തോ വിലയിരുത്തുന്നു.

Photo: Wikimedia Commons

പരമ്പരാഗത മാർക്സ്​ വായനകളിൽ നിന്ന്​ ഭിന്നമായ മാർക്സിയൻ ചിന്തകൾ പങ്കുവെച്ച്​ പിൽക്കാല മാർക്സിൽ രൂപപ്പെട്ട സൈദ്ധാന്തിക ബോധ്യങ്ങളുടെ അകക്കാമ്പിലേക്ക്, ‘ടുവേർഡ്സ് ഡീ ഗ്രോത്ത് കമ്യൂണിസം’ എന്ന മൂന്നാം ഭാഗത്തിലൂടെ സെയ്തോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

‘സുസ്​ഥിരത’, ‘സാമൂഹിക സമത്വം’ എന്നിവ തമ്മിലുള്ള പരസ്​പര ബന്ധത്തെക്കുറിച്ച് 1870–കളിൽ മാർക്സ്​ നേടിയെടുത്ത നവ ബോധ്യം, പടിഞ്ഞാറൻ യൂറോപ്പിലെയും അമേരിക്കയിലെയും പ്രകൃതിയുമായുള്ള മനുഷ്യന്റെ ഉപാപചയത്തിന്റെ യുക്തിസഹമായ നിയന്ത്രണം സംബന്ധിച്ച ഒരു പുതിയ രൂപം സൃഷ്ടിച്ചെടുക്കാനുള്ള അവസരമായി അദ്ദേഹം വിനിയോഗിച്ചു. അതിലൂടെ, പാരിസ്​ഥിതിക കാരണങ്ങളാൽ, പാശ്ചാത്യ സമൂഹങ്ങളുടെ ശ്രേഷ്​ഠതയെക്കുറിച്ചുള്ള തന്റെ മുൻധാരണ അദ്ദേഹം തിരുത്തി. കമ്മ്യൂണിസം സ്​ഥാപിക്കുന്ന പ്രക്രിയയിൽ പാശ്ചാത്യസമൂഹങ്ങൾ പുരാതന കമ്യൂണുകളുടെ ഉയർന്ന ഘടകങ്ങളെ പുനരുജ്ജീവിപ്പിക്കണമെന്ന് അദ്ദേഹം ഈ ഘട്ടത്തിൽ നിർബന്ധിച്ചു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, യൂറോപ്പിെൻ്റ ചരിത്രപരമായ ഗതിയുടെ ബഹുസ്വരീകരണവും പ്രവിശ്യാവൽക്കരണവുമല്ല പ്രധാനം, മറിച്ച് കമ്മ്യൂണിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ മാർക്സ്​ ഗണ്യമായി പരിഷ്ക്കരിച്ചു എന്നതാണെന്ന നിഗമനത്തിലേക്ക് സെയ്തോ എത്തിച്ചേരുന്നുണ്ട്.

ഡാര്‍വിന്‍

അതത് പ്രദേശങ്ങളുടെ പാരിസ്​ഥിതികവും സാമൂഹികവുമായ സവിശേഷതകൾ തനതായ സാമ്പത്തിക– സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് തദ്ദേശവാസികളെ നിർബന്ധിതമാക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഡാർവിന്റെ പ്രാകൃതിക നിർധാരണത്തിനുപകരം പരസ്​പര സഹകരണത്തിന്റേതായ പുതിയൊരു ജീവിതശൈലി കെട്ടിപ്പെടുക്കാൻ കഠിനമായ ജീവിതസാഹചര്യങ്ങൾ റഷ്യക്കാരെ നിർബന്ധിതരാക്കിയെന്ന് കാണാവുന്നതാണ്. എല്ലാവർക്കും എതിരെയുള്ള എല്ലാവരുടെയും യുദ്ധം (bellum omnium contra omnes) എന്ന് പീറ്റർ ക്രോപോട്കിൻ (Peter Kropotkin) പിന്നീട് വിശദീശകരിച്ച ഈയൊരു കാഴ്ചപ്പാടിലേക്ക് മാർക്സ്​ എത്തിച്ചേരുകയായിരുന്നുവെന്ന് കുഹൈ സെയ്തോ അനുമാനിക്കുന്നു.

14 വർഷത്തെ ഗവേഷണത്തിന് ശേഷം, ദൃഢസ്​ഥിത സമ്പദ്​വ്യവസ്​ഥയെ അടിസ്​ഥാനമാക്കിയുള്ള സുസ്​ഥിരതയും സമത്വവുമാണ് മുതലാളിത്തത്തെ ചെറുക്കാനുള്ള ശകതിയുടെ ഉറവിടമെന്ന് മാർക്സ്​ അനുമാനിച്ചു.

ഭൂമിയുടെയും സ്വത്തിന്റെയും സാമൂഹിക നിയന്ത്രണത്തിലൂടെ, അടിസ്​ഥാനപരമായി, എല്ലാ വർഷവും ഒരേ ഉൽപാദന ചക്രം ആവർത്തിക്കപ്പെടുന്ന, ദീർഘകാല പരമ്പരാഗത ഉൽപാദനരീതിയെ പിന്താങ്ങുകയായിരുന്നു മാർക്സ്​ ഇതിലൂടെ ചെയ്തത്. അതായത്, ചരിത്രമില്ലാത്ത പ്രാകൃത സമൂഹങ്ങളുടെ പിന്തിരിപ്പൻ സ്​ഥിരതയെന്ന് മാർക്സ്​ ഒരിക്കൽ തള്ളിക്കളഞ്ഞിരുന്ന, സാമ്പത്തിക വളർച്ചയില്ലാത്ത നിശ്ചലവും ചാക്രികവുമായ സമ്പദ്​വ്യവസ്​ഥയെ അദ്ദേഹത്തിന് പിന്തുണയ്ക്കേണ്ടി വന്നുവെന്ന് സാരം. കാർഷിക കമ്യൂണുകളിലെ ദൃഢസ്​ഥിത സമ്പദ്​വ്യവസ്​ഥയുടെ (steady- state economy) ഈ തത്വം പരിധിയില്ലാത്ത മൂലധന സഞ്ചയവും സാമ്പത്തിക വളർച്ചയും പിന്തുടരുന്ന മുതലാളിത്തത്തിൽ നിന്ന് തികച്ചും വ്യത്യസ്​തമാണന്ന് മാർക്സിന് ബോധ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകൾ സൂചിപ്പിക്കുന്നതായി സെയ്തോ ചൂണ്ടിക്കാട്ടുന്നു.

പീറ്റർ ക്രോപോട്കിൻ

സാസുലിച്ചിന് (Vera Zasulich) എഴുതിയ കത്തിൽ, പുരാതന രീതി (archaic type) യിലേക്ക് മടങ്ങാനുള്ള മാർക്​സിന്റെ ആഹ്വാനം അശ്രദ്ധമായതോ ഏകപക്ഷീയമോ ആയിരുന്നില്ല. സാമ്പത്തിക വളർച്ചയില്ലാത്ത കമ്യൂണുകളുടെ സ്​ഥിരതയാണ് മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സുസ്​ഥിരവും സമത്വവുമായ ഉപാപചയ ഇടപെടൽ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന അടിത്തറയെന്ന് 1880–കളോടെ മാർക്സ്​ തിരിച്ചറിഞ്ഞു. 1850–കളിലെ ഏഷ്യൻ കമ്യൂണുകളുടെ നിശ്ചലാവസ്​ഥയെയും അസ്​ഥിരതയെയും കുറിച്ചുള്ള മാർക്​സിന്റെ മുൻകാല നിഷേധാത്മക അഭിപ്രായങ്ങളിൽ നിന്നും വ്യക്തമായ വ്യതിചലനം ഇത് സൂചിപ്പിക്കുന്നു. മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽപ്പോലും ഇത് രേഖപ്പെടുത്തിയതായി കാണാം.

പ്രകൃതിശാസ്​ത്രത്തെയും കമ്യൂണുകളെയും സംബന്ധിച്ച ഗവേഷണ മേഖലകൾ മാർക്സ്​ തന്റെ മുൻകാല ചരിത്രപരമായ ഭൗതികവാദ നിലപാട് ഉപേക്ഷിച്ചതിൽ ഇഴചേർന്ന് കിടക്കുന്നത് ഇങ്ങനെയാണ്. 14 വർഷത്തെ ഗവേഷണത്തിനുശേഷം, ദൃഢസ്​ഥിത സമ്പദ്​വ്യവസ്​ഥയെ (steady-state economy) അടിസ്​ഥാനമാക്കിയുള്ള സുസ്​ഥിരതയും സമത്വവുമാണ് മുതലാളിത്തത്തെ ചെറുക്കാനുള്ള ശകതിയുടെ ഉറവിടമെന്ന് മാർക്സ്​ അനുമാനിച്ചു. മുതലാളിത്തത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായി പാശ്ചാത്യ സമൂഹങ്ങൾ ബോധപൂർവ്വം ആർക്കൈക് രീതിയുടെ ഉയർന്ന രൂപമായി ’തിരിച്ചുവരാൻ’ ആവശ്യമായതും ദൃഢസ്​ഥിത സമ്പദ്​വ്യവസ്​ഥയുടെ ഇത്തരത്തിലുള്ള സുസ്​ഥിരതയും സമത്വവുമാണ്. മുതലാളിത്താനന്തര കാലത്തെക്കുറിച്ചുള്ള മാർക്​സിന്റെ അവസാന ദർശനം അപവളർച്ചാ കമ്മ്യൂണിസമാണ് എന്ന് ഈ തെളിവുകൾ ചൂണ്ടിക്കാട്ടി സെയ്തോ ഉറപ്പിച്ചുപറയുന്നു.

വേര സാസുലിച്ചു, മാര്‍ക്‌സ്‌

ഡീ ഗ്രോത്ത് കമ്യൂണിസത്തെക്കുറിച്ച് വിശദീകരിക്കും മുമ്പ് എന്താണ് ഡീ ഗ്രോത്ത് അഥവാ അപവളർച്ച എന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. കുഹൈ സെയ്തോ തന്റെ പുസ്​തകത്തിൽ ഇതേക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നില്ല. അതിന് കാരണം, ജാപ്പാനും മറ്റ് പാശ്ചാത്യ വികസിത രാജ്യങ്ങളും അപവളർച്ചയെ സംബന്ധിച്ച ചർച്ചകളിൽ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു എന്നതാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഈ വിഷയത്തിൽ ചർച്ചകൾ ഇനിയും വലിയതോതിൽ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ എന്നതുകൊണ്ടുതന്നെ പ്രാഥമികമായ ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.

പാരിസ്​ഥിതിക തകർച്ചകൾക്കും വിഭവക്കൊള്ളകൾക്കും എതിരെ ലോകത്താകമാനം ഉയർന്നുവന്ന പ്രത്യക്ഷ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ ബദലുകൾക്കായുള്ള അന്വേഷണങ്ങളും വളർന്നുവികസിക്കുകയുണ്ടായി.

എന്താണ് അപവളർച്ച
അഥവാ ഡീ ഗ്രോത്ത്​?

മനുഷ്യജീവിതത്തിന്റെ കേന്ദ്ര സംഘാടനതത്വം എന്ന നിലയിൽ ഉത്പാദനം–ഉപഭോഗം എന്നിവയുടെ ക്ഷമത, വിപണി–വ്യാപാര കൈമാറ്റങ്ങൾ എന്നിവയുടെ പങ്കാളിത്തം തുടങ്ങിയവയിൽ ന്യായപൂർണ്ണമായ വെട്ടിച്ചുരുക്കലുകൾ വരുത്തുന്നതിനുള്ള കൂട്ടായതും ബോധപൂർവ്വവുമായ പ്രക്രിയയെയാണ് അപവളർച്ച എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത്.

മൊത്ത ആഭ്യന്തര ഉത്പാദനം എന്ന സാമ്പത്തിക സംജ്ഞക്കെതിരായി പുതുസഹസ്രാബ്​ദത്തിന്റെ ആരംഭത്തിൽ ഉയർന്നുവന്ന ഈ മുദ്രാവാക്യം ഒരു സാമൂഹ്യപ്രസ്​ഥാനം എന്ന നിലയിൽ വളർന്നുവികസിക്കുകയാണുണ്ടായത്. ഫ്രാൻസ്​, ജർമ്മനി, ഇറ്റലി, സ്​പെയിൻ, കാറ്റലോനിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും അപവളർച്ചാ പ്രസ്​ഥാനങ്ങൾ അക്കാദമിക് മേഖലകളിൽപ്പോലും നിർണ്ണായക സ്വാധീനം ചെലുത്തിപ്പോരുന്നുണ്ട്. വാൾ സ്​ട്രീറ്റ് ജേർണൽ, ഫൈനാൻഷ്യൽ ടൈംസ്​ പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ പോലും അപവളർച്ചയെ സംബന്ധിച്ച സംവാദങ്ങൾക്ക് ഇടം നൽകാനാരംഭിച്ചു.

Photo: Pixabay

സ്​ഥായിയായ വികസനം എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്​തമായി, സാമൂഹികമായി നിലനിൽക്കത്തക്കവിധത്തിലുള്ള അപവളർച്ച, മൗലികമായ പരിവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയസംവാദങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം, സാമ്പ്രദായിക വികസന പരിേപ്രക്ഷ്യങ്ങളുടെ ആധിപത്യസ്വഭാവത്തെ വെല്ലുവിളിക്കാനും അത് തയ്യാറാകുന്നുണ്ട്. നിലനിൽക്കുന്ന വ്യവസ്​ഥാ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പാരിസ്​ഥിതിക–സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താമെന്ന വ്യാമോഹങ്ങളെയും അപവളർച്ചാ സിദ്ധാന്തം നിരാകരിക്കുന്നു. ഹരിതസമ്പദ്വ്യവസ്​ഥ, ഹരിതവളർച്ച തുടങ്ങിയ സ്വപ്നങ്ങളിലെ അയാഥാർത്ഥതയെ അവ വെളിവാക്കുന്നുണ്ട്.

തീർത്തും വിപണിയെ ആശ്രയിച്ചുള്ള ആഗോള സമ്പദ്​വ്യവസ്​ഥയെ അടിമുടി അഴിച്ചുപണിയാനും പ്രാദേശിക സമ്പദ്​വ്യവസ്​ഥയിലേക്ക് തിരിച്ചുകൊണ്ടുപോകുവാനുമുള്ള ശ്രമങ്ങളാണ് ജൈവസമ്പദ്​വ്യവസ്​ഥയുടെ വക്താക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പാരിസ്​ഥിതിക തകർച്ചകൾക്കും വിഭവക്കൊള്ളകൾക്കും എതിരെ ലോകത്താകമാനം ഉയർന്നുവന്ന പ്രത്യക്ഷ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ ബദലുകൾക്കായുള്ള അന്വേഷണങ്ങളും വളർന്നുവികസിക്കുകയുണ്ടായി. സ്വകാര്യവാഹനങ്ങളുടെ അമിതമായ പെരുപ്പങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളോടൊപ്പം തന്നെ ഉയർന്നുവന്ന സൈക്കിൾപോലുള്ള പരിസ്​ഥിതി സൗഹൃദവാഹനങ്ങളുടെ പ്രചരണത്തിനും, പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രസ്​ഥാനങ്ങൾ, അമിത രാസവള–കീടനാശിനി പ്രയോഗങ്ങൾക്കെതിരെയും ജനിതക വിളകൾക്കെതിരെയും വളർന്നുവന്ന പ്രക്ഷോഭങ്ങളോടൊപ്പം വികസിച്ച ജൈവ–പ്രകൃതി കൃഷി പ്രസ്​ഥാനങ്ങൾ തുടങ്ങിയ നിരവധി നവ സാമൂഹ്യ പ്രസ്​ഥാനങ്ങളുടെ കൂട്ടായ ബോദ്ധ്യങ്ങളിൽ നിന്നുമാണ് അപവളർച്ചാ പ്രസ്​ഥാനങ്ങൾ രൂപംകൊള്ളുന്നത്. വികസിത രാജ്യങ്ങളിലെ ബദൽപ്രസ്​ഥാനങ്ങളോടൊപ്പം തന്നെ അവികസിത രാജ്യങ്ങളിലെ പരിസ്​ഥിതിക മുന്നേറ്റങ്ങളുടെ മുൻനിരക്കാരും അപവളർച്ചാ പ്രസ്​ഥാനങ്ങളുടെ സൈദ്ധാന്തിക വളർച്ചയ്ക്ക് സഹായം നൽകിവരുന്നുണ്ട്. അടിത്തട്ടിൽ നിന്നും രൂപപ്പെടുന്നതും പാരിസ്​ഥിതിക ബോദ്ധ്യങ്ങളാൽ നയിക്കപ്പെടുന്നതുമായ ഒരു രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുന്നതിലാണ് അപവളർച്ചാ പ്രസ്​ഥാനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

Photo: UnSplash

തീർത്തും വിപണിയെ ആശ്രയിച്ചുള്ള ആഗോള സമ്പദ്​വ്യവസ്​ഥയെ അടിമുടി അഴിച്ചുപണിയാനും പ്രാദേശിക സമ്പദ്​വ്യവസ്​ഥയിലേക്ക് തിരിച്ചുകൊണ്ടുപോകുവാനുമുള്ള ശ്രമങ്ങളാണ് ജൈവസമ്പദ്​വ്യവസ്​ഥയുടെ വക്താക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിവിപുലമായൊരു മാതൃകാമാറ്റത്തിന് ആവശ്യമായ സൈദ്ധാന്തിക ചട്ടക്കൂടുകൾ രൂപപ്പെടുത്തുവാനും ആഗോളതലത്തിൽ ഇതുസംബന്ധിച്ച സംവാദങ്ങൾ ആരംഭിക്കുവാനുമുള്ള ശ്രമങ്ങൾ പാരിസ്​ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായിത്തന്നെ നടന്നുവരുന്നു. ക്ലാസിക്കൽ സാമ്പത്തിക ദർശനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ദൃഢസ്​ഥിത സമ്പദ്​വ്യവസ്​ഥയെയാണ്​ (sustainable development) തങ്ങളുടെ അർത്ഥനീതിയുടെ അടിസ്​ഥാനപ്രമാണമായി അപവളർച്ചാ പ്രസ്​ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്നത് ജോൺ സ്റ്റ്യൂവർട്ട് മിൽ (1857) വികസിപ്പിച്ച ഈയൊരാശയത്തിന്റെ സത്ത, ജനസംഖ്യയുടെയും മൂലധന ശേഖരങ്ങളുടെയും സ്​ഥിരത സാമ്പത്തിക ഉപവ്യവസ്​ഥയുടെ തോതിനെ നിർവ്വചിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു എന്നതാണ്. മരണനിരക്കിന് തുല്യമായ ജനനനിരക്കും, ഉത്പാദനത്തിന് തുല്യമായ അപകർഷണ (depreciation) നിരക്കും ജനസംഖ്യയെയും ഭൗതിക മൂലധനത്തെയും സ്​ഥിരതയോടെ നിലനിർത്താൻ സഹായിക്കുന്നു. ഈ സ്​ഥിരത എന്നത് നിശ്ചലമായ ഒരവസ്​ഥയല്ല, മറിച്ച്, ചലനാത്മകമായ ഒരു സമതുലിതാവസ്​ഥയാണ്.

മുതലാളിത്ത ഉൽപ്പാദനം മറികടന്നാൽ കൂടുതൽ സുസ്​ഥിരമായ സാമ്പത്തിക വളർച്ച പിന്തുടരാനുള്ള സാധ്യതയെ ഇക്കോ സോഷ്യലിസം ഒഴിവാക്കുന്നില്ല, എന്നാൽ സോഷ്യലിസത്തിൽ പോലും വളർച്ച സുസ്​ഥിരമോ അഭികാമ്യമോ അല്ലെന്ന് അപവളർച്ചാ കമ്മ്യൂണിസം അഭിപ്രായപ്പെടുന്നു.

അപവളർച്ച എന്ന കാഴ്ചപ്പാടിലൂടെ എല്ലാതരത്തിലുമുള്ള വികസനത്തെയും നിഷേധിക്കുകയാണോ ഈ പ്രസ്​ഥാനങ്ങൾ ചെയ്യുന്നത് എന്ന സംശയം സ്വാഭാവികമാണ്. അപവളർച്ചാ പ്രസ്​ഥാനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളും പ്രമുഖ സാമ്പത്തികവിദഗ്ദ്ധനുമായ ജുവാൻ മാർട്ടിനെസ്​–അലയർ (Joan Martinez-Alier) ഈ ചോദ്യത്തിന് മറുപടി നൽകുന്നതിങ്ങനെയാണ്: ‘‘നൂറ് ശതമാനം അപവളർച്ച എന്നല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. ഭൗതികാർത്ഥത്തിൽ, വ്യാവസായിക സമ്പദ്​വ്യവസ്​ഥകൾ ഊർജ്ജത്തിന്റെയും ദ്രവ്യത്തിന്റെയും കാര്യത്തിൽ അപവളർച്ച എന്ന സിദ്ധാന്തം സ്വീകരിക്കുക എന്നതാണ്. അതേസമയം സമ്പദ്​വ്യവസ്​ഥയുടെ ചില മേഖലകളിൽ നന്നായി വളർച്ച കൈവരിക്കാൻ സാധിക്കും. ഉദാഹരണത്തിന്, കാർഷിക– പാരിസ്​ഥിതിക മേഖലയിൽ കാര്യമായ വളർച്ച നേടിയെടുക്കാൻ സാധിക്കും. നിലനിൽക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും കാര്യത്തിൽ പുനരധിവാസം–പരിഷ്കരണം തുടങ്ങിയ വ്യവസായത്തിൽ വൻതോതിലുള്ള വളർച്ച സാധ്യമാക്കാവുന്നതാണ്. യൂറോപ്പിൽ ഇത് പ്രധാനപ്പെട്ട ഒന്നാണ്. കാരണം ഇവിടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും വലിയൊരുശേഖരം തന്നെയുണ്ട്...’’ (interview with Joan Martinez-Alier by Richard Swift, April 1, 2014, Montreal Serai.)

ജുവാൻ മാർട്ടിനെസ്​–അലയർ

യുദ്ധവിരുദ്ധ– സമാധാന പ്രസ്​ഥാനങ്ങൾ, ജനാധിപത്യവാദികൾ, അനാർക്കിസ്റ്റുകൾ, അഹിംസാവാദികൾ, സോഷ്യലിസ്റ്റുകൾ, നിയോ മാർക്സിസ്റ്റുകൾ, പരിസ്​ഥിതി–മനുഷ്യാവകാശ പ്രസ്​ഥാനങ്ങൾ, ജീവിതശൈലീ രാഷ്ട്രീയക്കാർ, ആഗോളവൽക്കരണത്തിനെതിരായി പ്രവർത്തിക്കുന്ന സംഘടനകൾ, ബദൽ അന്വേഷകർ തുടങ്ങി നിരവധി ആശയധാരകളിൽ നിന്നുള്ളവരെ അപവളർച്ചാ പ്രസ്​ഥാനത്തിന്റെ ഭാഗമായി കണക്കാക്കാൻ സാധിക്കും.

കേന്ദ്രീകൃത ഉത്പാദന വ്യവസ്​ഥക്കുപകരം വികേന്ദ്രീകൃത വ്യവസ്​ഥയും പുനരുൽപ്പാദിപ്പിക്കാവുന്ന അസംസ്​കൃത വിഭവങ്ങളുടെ വിനിയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രാദേശിക സമ്പദ്​വ്യവസ്​ഥയെ ശകതിപ്പെടുത്തുന്നതുമായ ബദലുകളാണ് പരിസ്​ഥിതി സമ്പദ്ശാസ്​ത്രത്തിന്റെ വക്താക്കൾ മുന്നോട്ടുവെക്കുന്നത്. സമ്പത്ത്, തൊഴിൽ, നാണയവ്യവസ്​ഥ തുടങ്ങിയ മേഖലകളിലെല്ലാം സമഗ്ര മാറ്റങ്ങൾക്കായുള്ള അന്വേഷണങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു.

അപവളർച്ച എന്ന ആശയത്തെക്കുറിച്ച് പ്രാഥമികമായ ചില ധാരണകൾ പങ്കുവെച്ചുകൊണ്ട് നമുക്ക് വീണ്ടും കുഹൈ സെയ്തോയുടെ പുസ്​തകത്തിലേക്ക് പോകാം.

പ്രകൃതിവിഭവങ്ങളെ വിലയില്ലാത്ത സൗജന്യ സമ്മാനങ്ങളായി കരുതുന്നതുവഴി, മൂലധനം അവയെ സമഗ്ര ചൂഷണത്തിന് വിധേയമാക്കുന്നതെങ്ങിനെയെന്ന്​ മാർക്സ്​ ചൂണ്ടിക്കാട്ടുന്നു.

ഡീ ​ഗ്രോത്ത്​ കമ്മ്യൂണിസം എന്ന ആശയം യുവ മാർക്​സിന്റെ പ്രൊമിഥിയനിസത്തിന് എതിരാണെന്ന് മാത്രമല്ല, ലീബിഗിന്റെ ‘കവർച്ച കൃഷി’യെക്കുറിച്ചുള്ള വിമർശനത്തെ അംഗീകരിക്കുന്നതിലൂടെ മൂലധനത്തിൽ അദ്ദേഹം ആദ്യകാലത്ത് മുന്നോട്ടുവെച്ച ‘ഇക്കോ സോഷ്യലിസം’ എന്ന നിലപാടിൽ നിന്ന് ഭിന്നവുമാണ്. മുതലാളിത്ത ഉൽപ്പാദനം മറികടന്നാൽ കൂടുതൽ സുസ്​ഥിരമായ സാമ്പത്തിക വളർച്ച പിന്തുടരാനുള്ള സാധ്യതയെ ഇക്കോ സോഷ്യലിസം ഒഴിവാക്കുന്നില്ല, എന്നാൽ സോഷ്യലിസത്തിൽ പോലും വളർച്ച സുസ്​ഥിരമോ അഭികാമ്യമോ അല്ലെന്ന് അപവളർച്ചാ കമ്മ്യൂണിസം അഭിപ്രായപ്പെടുന്നു. അതനുസരിച്ച്, ഡീ ഗ്രോത്ത് കമ്മ്യൂണിസം എന്നത് മുതലാളിത്താനന്തരകാലത്തെക്കുറിച്ചുള്ള എംഗൽസിന്റെ കാഴ്ചപ്പാടിൽനിന്ന് വ്യത്യസ്​തമാണ്. മുതലാളിത്തത്തെ മറികടന്നാൽ, തൊഴിലാളിവർഗത്തിനുവേണ്ടി ഇക്കോ സോഷ്യലിസം ഉൽപ്പാദനശകതികളെ പൂർണ്ണമായി വിമോചിപ്പിക്കുമെന്ന് എംഗൽസ്​ വിശ്വസിച്ചു: സോഷ്യലിസം ‘ഉൽപാദന ശകതികളുടെ നിരന്തരവും ത്വരിതഗതിയിലുള്ളതുമായ വികസനമാണ്, കൂടാതെ അത് പ്രായോഗികമായി പരിധിയില്ലാത്ത ഉൽപാദന വർദ്ധനവ്’ സാധ്യമാക്കുകയും ചെയ്യുമെന്ന്​ (MECW 25:) ഏംഗൽസ്​ എഴുതി. ഇതിനു വിപരീതമായി, 1881–ൽ, മാർക്സ്​ പരിധിയില്ലാത്ത വളർച്ചയെ പിന്തുണക്കുന്നതിൽ നിന്ന് അകന്നുനിൽക്കുകയും ‘ജീവത്തായ കമ്മ്യൂണിസം’ എന്ന തത്വത്തെ അടിസ്​ഥാനമാക്കിയുള്ള സാമൂഹിക സമത്വത്തിെൻ്റയും സുസ്​ഥിരതയുടെയും ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തതായി സെയ്തോ ഓർമ്മിപ്പിക്കുന്നു.

സമൂഹം, പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങൾ, ഒരു ദൃഢ–സ്​ഥിത സമ്പദ്​വ്യവസ്​ഥ (steady-state economy) യിലേക്ക് നീങ്ങണം, ഇതിന് പരിധിയില്ലാത്ത മൂലധന സഞ്ചയം സാധ്യമല്ലാത്ത, സൗരോർജ്ജ ബജറ്റിനുള്ളിൽ തന്നെ തുടരുന്ന, ഒരു സമ്പദ്​വ്യവസ്​ഥയിലേക്ക് മാറേണ്ടതുണ്ടെന്ന് പ്രമുഖ മാർക്സിയൻ ഇക്കോളജിസ്​റ്റായ ജോൺ ബെല്ലമി ഫോസ്​റ്റർ എഴുതുന്നു. വികസനം, പ്രത്യേകിച്ച് സമ്പന്ന സമ്പദ്​വ്യവസ്​ഥകളിൽ, ഒരു പുതിയ രൂപം സ്വീകരിക്കണം; ഗുണപരവും കൂട്ടായതും സാംസ്​കാരികവുമായ–സോഷ്യലിസത്തെക്കുറിച്ചുള്ള മാർക്സിെൻ്റ യഥാർത്ഥ വീക്ഷണത്തിന് അനുസൃതമായി സുസ്​ഥിര മനുഷ്യവികസനത്തിന് ഊന്നൽ നൽകണം. (ഫോസ്റ്റർ 2015: 9)

പ്രകൃതിവിഭവങ്ങളെ വിലയില്ലാത്ത സൗജന്യ സമ്മാനങ്ങളായി കരുതുന്നതു വഴി, മൂലധനം അവയെ സമഗ്ര ചൂഷണത്തിന് വിധേയമാക്കുന്നതെങ്ങിനെയെന്നും അവയുടെ അന്ധമായ മൂല്യവൽക്കരണ യുക്തി ഉപാപചയ വിള്ളലുകൾ വർദ്ധിപ്പിക്കുന്നതെങ്ങിനെയെന്നും മാർക്സ്​ ചൂണ്ടിക്കാട്ടുന്നു.

ജോൺ ബെല്ലമി ഫോസ്​റ്റർ

സാമൂഹികവും പ്രകൃതിദത്തവുമായ സമ്പത്തിെൻ്റ ചരക്കുവൽക്കരണം, ‘സമ്പത്തും’ ‘ചരക്കും’ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം സൃഷ്​ടിക്കുന്നു. കാരണം ചരക്കുകൾ തൊഴിൽ ഉൽപ്പന്നത്തിന്റെ മൂല്യത്തിൽ ഏകപക്ഷീയമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും മുൻകൂട്ടി നിശ്ചയിച്ച അളവുകോൽ കാരണം മൂല്യമില്ലാത്തതിനെ പാർശ്വവത്കരിക്കുകയും ചെയ്യുന്നു. ഈ പിരിമുറുക്കം പ്രകൃതിയുടെ അടിസ്​ഥാനത്തിൽ ദൃശ്യമാണ്. ഒരു വശത്ത്, മൂലധനം, പ്രകൃതിശക്തികളെ ‘സൗജന്യ സമ്മാനങ്ങൾ’ (free gift) എന്ന നിലയിൽ സമഗ്രമായ ചൂഷണത്തിന് വിധേയമാക്കുന്നു: ‘ചെലവില്ലാത്ത ഏജൻ്റുമാരായി ഉൽപാദനപ്രക്രിയയിലേക്ക് എത്തിപ്പെടുന്ന പ്രകൃതിദത്ത ഘടകങ്ങൾ, ഉൽപാദനത്തിൽ എന്ത് പങ്ക് വഹിച്ചാലും, മൂലധനത്തിന്റെ ഘടകങ്ങളായി മാറുന്നില്ല, മറിച്ച് മൂലധനത്തിന്റെ ഒരു സ്വതന്ത്ര സ്വാഭാവിക ശകതിയായി നിലകൊള്ളുന്നു’വെന്ന് മാർക്സ്​ മൂലധനത്തിന്റെ മൂന്നാം വാല്യത്തിൽ സൂചിപ്പിക്കുന്നു. (മൂലധനം 3: 879). പ്രകൃതി തൊഴിൽ പ്രക്രിയയിൽ പ്രവേശിക്കുകയും തൊഴിലാളികൾക്കൊപ്പം ചരക്കുകളുടെ ഉൽപാദനത്തിൽ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ അത് അധ്വാനത്തിന്റെ ഉൽപന്നമല്ലാത്തതിനാൽ മൂല്യവൽക്കരണ പ്രക്രിയയിൽ ഇടപെടുന്നില്ല. പ്രകൃതി സ്വതന്ത്രമായ രീതിയിൽ നിലനിൽക്കുകയും മൂലധനം അതിന്റെ ശക്തി പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. മൂലധനത്തിന്റെ പ്രകൃതിയോടുള്ള പെരുമാറ്റം മൂലം മൂലധനത്തിന്റെ നിരന്തരമായ മൂല്യവൽക്കരണത്തിന് അനുകൂലമായി പ്രകൃതി സമ്പത്തിന്റെ നാശവും പാഴാക്കലും ശക്തിപ്പെടുത്തുന്നു. അപ്പോഴും, പ്രകൃതിസമ്പത്തിന്റെയും മൂല്യത്തിന്റെയും ഭൗതിക ‘വാഹകനാ’യി മൂലധനം തുടരുന്നു. സമ്പത്ത് പലപ്പോഴും മൂലധനം സ്വയം സൃഷ്ടിക്കാത്ത ഒന്നാണ് (മൂലധനം അറിവും സംസ്​കാരവും ഭൂമിയും വെള്ളവും സൃഷ്ടിക്കുന്നില്ല), സമ്പത്തിന് അതിേൻ്റതായ സവിശേഷതകളും ചലനാത്മകതയും ഉണ്ട്. അത് മൂലധനത്തിന്റെ ലക്ഷ്യങ്ങളിൽ നിന്ന് സ്വതന്ത്രവും പൊരുത്തപ്പെടാത്തതുമാണ്. തൽഫലമായി, മൂലധനത്തിന്റെ അന്ധമായ മൂല്യവൽക്കരണ യുക്തിക്കുകീഴിൽ ഭൗതിക പദാർത്ഥങ്ങളുടെ ഉപയോഗ മൂല്യം വിനിമയ മൂല്യത്തിന് വിധേയമായതിനാൽ സംഭവിക്കുന്ന വൈരുദ്ധ്യം ഉപാപചയ വിള്ളലിന്റെ രൂപത്തിൽ പ്രകടമാകുന്നു.

സമ്പത്തും ചരക്കുകളും തമ്മിലുള്ള ഈ പിരിമുറുക്കമാണ് ‘ലൗഡർഡേൽ വിരോധാഭാസ’ത്തിന് (lauderdale paradox) അടിവരയിടുന്നത്. ലോഡർഡെയ്​ലിലെ എട്ടാമത്തെ പ്രഭുവായിരുന്ന ജെയിംസ്​ മൈറ്റ്​ലാൻഡ് ‘പൊതു സമ്പത്തും’ ‘സ്വകാര്യ സമ്പത്തും’ തമ്മിലുള്ള വിപരീത ബന്ധത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ഒന്ന് കൂടിയാൽ മറ്റൊന്ന് കുറയും. ലോഡർഡെയ്​ലിെൻ്റ അഭിപ്രായത്തിൽ, ‘രാഷ്ട്രങ്ങളുടെ സമ്പത്ത്’ എന്നത് ‘സ്വകാര്യ സമ്പത്തിന്റെ’ മൊത്തം തുകയാണെന്ന് വിശ്വസിക്കുന്നതിൽ ആദം സ്​മിത്ത് അവഗണിക്കുന്ന ഒരു വിരോധാഭാസമാണിത്. ‘പൊതുസമ്പത്ത്’ എന്ന മൂന്നാമത്തെ ആശയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഈ കാര്യം പ്രകടമാക്കി.

ജെയിംസ്​ മൈറ്റ്​ലാൻഡ്

‘മനുഷ്യൻ ആഗ്രഹിക്കുന്ന, അവന് ഉപകാരപ്രദമോ ആനന്ദകരമോ ആയവ’ ഉൾക്കൊള്ളുന്നവയാണ് ‘പൊതു സമ്പത്ത്’ എന്നാണ് ലോഡർഡേൽ നിർവചിച്ചത്. നേരെമറിച്ച്, ‘സ്വകാര്യ സമ്പത്തിന്’ ഒരു അധിക സ്വഭാവമുണ്ട്, അതിൽ ‘മനുഷ്യൻ ആഗ്രഹിക്കുന്നതെല്ലാം അവന്​ പ്രയോജനകരമോ ആനന്ദകരമോ ആയി; അത് ഒരു പരിധിവരെ ദൗർലഭ്യത്തിൽ നിലനിൽക്കുന്നു’ (Lauderdale 1819: 57-8). രണ്ട് ആശയങ്ങളും തമ്മിലുള്ള വ്യത്യാസം ‘ക്ഷാമം’ ആണ്. മാർക്സിയൻ പദങ്ങളിൽ പറഞ്ഞാൽ, ‘പൊതു സമ്പത്തിന്’ ‘ഉപയോഗ മൂല്യം’ ഉണ്ട്, പക്ഷേ അത് ‘മൂല്യ’മല്ല, കാരണം അത് പ്രകൃതിയിൽ സമൃദ്ധമായി നിലവിലുണ്ട്, മാത്രമല്ല തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവ ലഭ്യമാണ്. പൊതു സമ്പത്തിൽ വായു, പൊതുഭൂമി, വനം, നദീജലം എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ‘പൊതു സമ്പത്ത്’ ദുർല്ലഭമാകുമ്പോൾ ‘സ്വകാര്യ സമ്പത്ത്’ ആയി മാറ്റപ്പെട്ടേക്കാം.

ഒരു മുഴുവൻ സമൂഹമോ, ഒരു രാഷ്ട്രമോ, അല്ലെങ്കിൽ ഒരേസമയം നിലവിലുള്ള എല്ലാ സമൂഹങ്ങളും ഒന്നിച്ചെടുത്താൽ പോലും ഭൂമിയുടെ ഉടമകളല്ല. അവർ കേവലം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്.

പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിൽ നിന്ന് മാത്രമായി ദൗർലഭ്യം ഉണ്ടാകണമെന്നില്ല എന്നാണ് ലൗഡർഡേൽ വാദിച്ചത്. വേലികൾ നിർമ്മിച്ച്, ഭൂമിയിൽ നിന്ന് ആളുകളെ ബലപ്രയോഗത്തിലൂടെ പുറത്താക്കിക്കൊണ്ടാണ് ഇത് പലപ്പോഴും മനഃപൂർവ്വം സൃഷ്ടിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭൂമി, വെള്ളം, ഭക്ഷണം എന്നിവ കൃത്രിമമായി ദുർലഭമാക്കപ്പെട്ടതിനാൽ, അവയുടെ ഉടമസ്​ഥരുടെ ‘സ്വകാര്യ സമ്പത്ത്’ പണമായി പ്രകടിപ്പിക്കാൻ പ്രവർത്തിക്കാൻ കഴിയും. (അതുപോലെ തന്നെ വ്യക്തിഗത സമ്പത്തിന്റെ ആകെത്തുക ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ സമ്പത്തും). ഇവിടെ പ്രകടമായ പ്രശ്നം, ലോഡർഡേൽ വാദിച്ചതുപോലെ, സ്വകാര്യ സമ്പത്തിന്റെ വർദ്ധനവ് അനിവാര്യമായും സമൂഹത്തിലെ ദൗർലഭ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, ഭൂരിപക്ഷം ആളുകൾക്കും സ്വതന്ത്രവും സമൃദ്ധവുമായ പൊതുസമ്പത്ത് കുറയുന്നു എന്നതാണ്. മൂലധനത്തിന്റെ പ്രാകൃത സഞ്ചയത്തിൽ കാണുന്നതുപോലെ, സാധാരണ ഭൂമികളും വനങ്ങളും വേലികെട്ടിത്തിരിച്ച്, കർഷകർക്ക് അപ്രാപ്യവും ദുർലഭവുമായിക്കിത്തീർത്തു. ഇത് ജനങ്ങളുടെ ദുരിതവും പ്രകൃതിയുടെ നാശവും വർദ്ധിപ്പിച്ചു. അതേസമയം കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന ഈ പ്രക്രിയ കുറച്ചുപേരുടെ സ്വകാര്യ സമ്പത്തിനെ വർദ്ധിപ്പിച്ചു.

മുതലാളിത്തപൂർവ്വ സമൂഹങ്ങളിൽ കൃത്രിമമായ ദൗർലഭ്യത്തിനപ്പുറം ഉയർന്ന തോതിലുള്ള പൊതുസമൂഹത്തിന്റെ സമൃദ്ധിയുടെ പുനർനിർമ്മാണത്തിന്റെ അടിസ്​ഥാനത്തിലാണ് ക്ഷാമാനന്തര സമൂഹം സ്​ഥാപിക്കപ്പെടുക. മാർക്​സിന്റെ അപവളർച്ച കമ്മ്യൂണിസം ലക്ഷ്യമിടുന്നത് ‘പരിഹരിക്കാനാകാത്ത’ ഉപാപചയ വിള്ളൽ പരിഹരിക്കാനും ‘നിഷേധത്തിന്റെ നിഷേധ’ത്തിലൂടെ (the negation of the negation) ലോഡർഡെയ്ൽ വിരോധാഭാസത്തിന് അപ്പുറത്തുള്ള സാമൂഹികവും പ്രകൃതിദത്തവുമായ സമ്പത്തിന്റെ ‘സമൃദ്ധി’ പുനഃസ്​ഥാപിക്കാനുമാണ്.

കേറ്റ് സോപ്പര്‍ / Photo: Screen grab, Bifrost Online

ഉയർന്ന സാമൂഹിക സാമ്പത്തിക രൂപീകരണത്തിന്റെ കാഴ്ചപ്പാടിൽ, ഭൂമിയിലെ പ്രത്യേക വ്യക്തികളുടെ സ്വകാര്യ സ്വത്ത് ഒരു മനുഷ്യന്റെ സ്വകാര്യസ്വത്ത് പോലെ തന്നെ അസംബന്ധമായി മറ്റുള്ളവരിൽ പ്രത്യക്ഷപ്പെടും. ഒരു മുഴുവൻ സമൂഹമോ, ഒരു രാഷ്ട്രമോ, അല്ലെങ്കിൽ ഒരേസമയം നിലവിലുള്ള എല്ലാ സമൂഹങ്ങളും ഒന്നിച്ചെടുത്താൽ പോലും ഭൂമിയുടെ ഉടമകളല്ല. അവർ കേവലം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്. ‘കുടുംബങ്ങളിലെ നല്ല പിതാക്കന്മാരെപ്പോലെ’, അനന്തര തലമുറകൾക്ക് മെച്ചപ്പെട്ട അവസ്​ഥയിൽ അത് നൽകേണ്ടതുണ്ടെന്ന ബോധ്യത്തെ ഡി ഗ്രോത്ത് കമ്യൂണിസം ഉയർത്തിപ്പിടിക്കുന്നതായി സെയ്തോ സമർത്ഥിക്കുന്നു.

മാർക്​സിന്റെ പാരിസ്​ഥിതിക പദ്ധതി നവ മാനവയുഗത്തിലെ ഇന്നത്തെ അവസ്​ഥയിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ നോട്ട്ബുക്കുകൾ ഉപയോഗപ്രദമായ സൂചനകൾ നൽകുന്നുണ്ട്.

മുതലാളിത്താനന്തരം തികച്ചും വ്യത്യസ്​തമായ മൂല്യ–മാനദണ്ഡങ്ങളും സാമൂഹിക പെരുമാറ്റങ്ങളും കണ്ടുപിടിക്കേണ്ടതുണ്ട്. ഉപരി– മധ്യവർഗമാകാനുള്ള വ്യാപകമായ അഭിലാഷത്തിന് പകരമായി പര്യാപ്തതയുടെയും ക്ഷേമത്തിന്റെയും ഒരു പുതിയ ബോധം ആവശ്യമാണ്. എന്നിരുന്നാലും, വളർച്ചാനന്തര സമൂഹത്തിൽ ‘ബദൽ സുഖ’ത്തെ (alternative hedonism) സംബന്ധിച്ച സോപ്പറിന്റെ (Kate Soper, 2020) ആഹ്വാനം ചെലവുചുരുക്കലും ദാരിദ്ര്യവും അർത്ഥമാക്കുന്നില്ല. കാരണം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി ഡി പി) പ്രതിഫലിപ്പിക്കാത്ത വിവിധ വാണിജ്യേതര പ്രവർത്തനങ്ങളെ ഒരേസമയം സമ്പന്നമാക്കാൻ ഇത് ലക്ഷ്യമിടുന്നു. ആളുകൾക്ക് വ്യത്യസ്​തമായ ആഗ്രഹങ്ങളുണ്ടാകും. വിനാശകരവും അതിരുകടന്നതും പാഴ്വസ്​തുക്കളും ആഗ്രഹിക്കുന്നതിനുപകരം, ആളുകൾ ആരോഗ്യകരവും കൂടുതൽ ഐക്യദാർഢ്യവും ജനാധിപത്യപരവുമായ ജീവിതരീതികൾ ആഗ്രഹിക്കുന്നു. ഈ രീതിയിൽ, ഉൽപ്പാദനക്ഷമതയിലെ വർദ്ധനവിനെ ആശ്രയിക്കാതെയും ഉൽപ്പാദനം കുറയ്ക്കുന്നതിലൂടെയും കമ്മ്യൂണിസം ‘സ്വാതന്ത്ര്യത്തിന്റെ മണ്ഡലം’ വികസിപ്പിക്കുന്നു. ഇങ്ങനെയാണ് ‘നിഷേധത്തിന്റെ നിഷേധം’ ‘പൊതുസമ്പത്തിന്റെ’ സമൂലമായ സമൃദ്ധിയെ പുനർനിർമ്മിക്കുകയും 20–ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയങ്ങൾ ആവർത്തിക്കാതെ സ്വതന്ത്രവും സുസ്​ഥിരവുമായ മനുഷ്യവികസനത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നത്.

മാർക്​സിന്റെ പാരിസ്​ഥിതിക പദ്ധതി നവ മാനവയുഗത്തിലെ (ആന്ദ്രപോസീൻ) ഇന്നത്തെ അവസ്​ഥയിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ നോട്ട്ബുക്കുകൾ ഉപയോഗപ്രദമായ സൂചനകൾ നൽകുന്നുണ്ട്. അത് രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയെക്കുറിച്ചുള്ള തന്റെ വിമർശനവുമായി സമന്വയിപ്പിക്കാൻ മാർക്സിന് കഴിഞ്ഞിരുന്നുവെങ്കിൽ അവ എങ്ങനെ കൂടുതൽ വികസിതമാകുമായിരുന്നുവെന്ന് ഊഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. വർത്തമാനകാല മാർക്സിസ്റ്റുകൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്ന ദൗത്യമാണിത്. കാരണം ഇത് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മുതലാളിത്താനന്തര കാലഘട്ടത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു. ഈ അർത്ഥത്തിൽ, കാൾ മാർക്​സിന്റെ ഇക്കോ സോഷ്യലിസം, ആന്ദ്രപോസീനിലെ പരിസ്​ഥിതിവാദത്തിന്റെ മറ്റ് ധാരകളുമായി പുതിയ സംവാദങ്ങൾ തുറക്കുന്നതിനും മുതലാളിത്താനന്തര ഭാവിയെ കൂടുതൽ വ്യക്തമായി വിഭാവനം ചെയ്യുന്നതിനുമായി മൂലധനത്തിനപ്പുറം പോകാനുള്ള ഒരുക്കമായിരുന്നു. മൂലധനത്തിനപ്പുറം പോകുക എന്നത് അത് നിഷേധിക്കുന്നതിന് തുല്യമല്ല. മൂലധനത്തിലെ മുതലാളിത്തത്തെക്കുറിച്ചുള്ള മാർക്​സിന്റെ പാരിസ്​ഥിതിക വിമർശനം മുതലാളിത്തത്തിന്റെ പാരിസ്​ഥിതിക നാശത്തെക്കുറിച്ചുള്ള വിമർശനാത്മക ധാരണയ്ക്ക് അനിവാര്യമായ ഒരു രീതിശാസ്​ത്രപരമായ അടിത്തറ നൽകുന്നു. ഈ രീതിശാസ്​ത്രം ഉപയോഗിച്ച്, മുതലാളിത്തത്തെക്കുറിച്ചുള്ള മാർക്സിെൻ്റ ഇക്കോ സോഷ്യലിസ്റ്റ് വിമർശനത്തിന് അനുബന്ധമായി ഭൗമ വ്യവസ്​ഥ, മണ്ണ്, സമുദ്ര പരിസ്​ഥിതി, കാലാവസ്​ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള സമീപകാല ശാസ്​ത്രീയ കണ്ടെത്തലുകൾ ഉപയോഗിക്കാം. ഇത് അപവളർച്ച കമ്യൂണിസം എന്ന ആശയത്തെ കൂടുതൽ സാധൂകരിക്കും.

പിൽക്കാല മാർക്സ്​ രചനകളുടെ സൂക്ഷ്മവും ആഴത്തിലുള്ളതുമായ പഠനങ്ങളിലൂടെ മാർക്സിനെ ഏറ്റവും സമകാലീനനാക്കുകയാണ് സെയ്തോ ചെയ്തിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം.

വർത്തമാനകാല പാരിസ്​ഥിതിക–സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മുതലാളിത്ത ഉത്പാദന വ്യവസ്​ഥയെ അടിമുടി പൊളിച്ചെഴുതാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന രാഷ്ട്രീയ യുകതിയെ മാർക്​സിന്റെ രചനകളിലൂടെ കണ്ടെടുക്കുകയാണ് കുഹൈ സെയ്തോ 280- ഓളം പേജുകളുള്ള ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്. നവ മാർക്സിസ്റ്റുകളും പരിസ്​ഥിതി പ്രസ്​ഥാനങ്ങളും തമ്മിലുള്ള സൈദ്ധാന്തിക അതിർവരമ്പുകൾ നേർപ്പിച്ചെടുക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുകയാണ് സെയ്തോ. വളർച്ച എന്നതല്ല, മറിച്ച് മൂലധന കേന്ദ്രീകരണമാണ് മുതലാളിത്തത്തിന്റെ ആത്യന്തിക വ്യവസ്​ഥാപിത ലക്ഷ്യമെന്ന് സെയ്തോ സമർത്ഥിക്കുന്നു. പിൽക്കാല മാർക്​സിന്റെ രചനകളെ അടിസ്​ഥാനമാക്കി, പ്രകൃതി– മനുഷ്യ ബന്ധങ്ങളെ കൂടുതൽ കൂടുതൽ സങ്കീർണ്ണമാക്കുന്ന, മുതലാളിത്ത ഉത്പാദന ശക്തികൾ സൃഷ്ടിക്കുന്ന, ഉപാപചയ വിള്ളൽ എന്ന മാർക്​സിന്റെ ആശയത്തെ കേന്ദ്ര സ്​ഥാനത്തുനിർത്തിക്കൊണ്ടാണ് സെയ്തോ അന്വേഷണം തുടരുന്നത്.

Painting: Jean-François Millet

പിൽക്കാല മാർക്സ്​ രചനകളുടെ സൂക്ഷ്മവും ആഴത്തിലുള്ളതുമായ പഠനങ്ങളിലൂടെ മാർക്സിനെ ഏറ്റവും സമകാലീനനാക്കുകയാണ് സെയ്തോ ചെയ്തിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം. അതേസമയം, സെയ്തോയുടെ അന്വേഷണം ബോധപൂർവ്വമോ അബോധപൂർവ്വമോ വിട്ടുപോകുന്ന ചില സുപ്രധാന വിഷയങ്ങൾ വർത്തമാന ഉത്പാദന വ്യവസ്​ഥ നേരിടുന്നുണ്ടെന്നും ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകുക പ്രയാസമാണെന്നും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം മിച്ചമൂല്യത്തിന്റെ ഭൗതികാടിത്തറ (material basis) എന്താണ് എന്നത് സംബന്ധിച്ചാണ്.

ആന്ദ്രപോസീനിലെ മാർക്സ്​ തീർച്ചയായും ഒരു പാരിസ്​ഥിതിക നവീകരണവാദിയോ സാങ്കേതികവിദ്യാ ശുഭാപ്തിവിശ്വാസിയോ ആയിരിക്കുകയില്ല.

ഉത്പാദിക്കപ്പെടുന്ന മിച്ചമൂല്യത്തിന്റെ ഭൗതികാടിത്തറ എന്താണ് എന്ന് വിശദീകരിക്കുവാൻ മാർക്സ്​ ശ്രമിക്കുന്നതായി കാണുന്നില്ല. മിച്ചമൂല്യം, അധ്വാനം എന്നിവ സംബന്ധിച്ച നിർവ്വചനങ്ങൾ അതുകൊണ്ടുതന്നെ വളരെ അമൂർത്തമായി അവതരിപ്പിക്കുകയാണ് മാർക്സ്​ ചെയ്യുന്നത്. പൊദോളിൻസ്​കി അടക്കമുള്ള ആദ്യകാല ഊർജ്ജ– സാമ്പത്തിക വിദഗ്ദ്ധന്മാർ ഇവ തമ്മിലുള്ള ബന്ധങ്ങളെ ചൂണ്ടിക്കാണിക്കുവാനും സാമ്പത്തിക ക്രയ–വിക്രയങ്ങൾക്കിടയിലെ ഊർജ്ജപ്രവാഹത്തെ (Energetics) വിശദീകരിക്കുവാനുമാണ് നിരന്തരം ശ്രമിച്ചത് എന്ന് കാണാം. മിച്ചമൂല്യം എന്നതിന്റെ ഭൗതികാടിത്തറ ഊർജ്ജവും മറ്റ് പ്രകൃതി വിഭവങ്ങളുമാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അധ്വാനം എന്നത് ആത്യന്തികമായി ഊർജ്ജ വിനിയോഗം തന്നെയാണ്. ഭക്ഷണത്തിലൂടെ നാം സ്വീകരിക്കുന്ന ഊർജ്ജത്തെ മറ്റ് ഉത്പാദന പ്രക്രിയയ്ക്കായി വിനിയോഗിക്കുന്നതിനെയാണ് അധ്വാനം എന്ന് പറയുന്നത്. മിച്ചോർജ്ജം (Surplus Energy) ഇല്ലായിരുന്നുവെങ്കിൽ മനുഷ്യ സമൂഹത്തിന്റെ വളർച്ചയും വികാസവും സാധ്യമാകുമായിരുന്നില്ലെന്ന് നമുക്ക് കാണാം. ഈയൊരു വിഷയത്തെ ഊർജ്ജ ന്യൂനീകരണവാദമായി (energy reductionism) വ്യാഖ്യാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും വർത്തമാനകാലത്തെ ഏറ്റവും സങ്കീർണവിഷയമായി അത് ഉയർന്നുവരുന്നുണ്ട്.

മാർക്​സിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്ന ഈ വിഷയങ്ങളിന്മേലുള്ള സംവാദങ്ങൾ സംബന്ധിച്ച ചില മർമ്മപ്രധാനങ്ങളായ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മാർക്സിയൻ ഇക്കോളജിയെ രീതിശാസ്​ത്രപരമായി വികസിപ്പിച്ചെടുക്കാനുള്ള കുഹൈ സെയ്തോയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.

ഈ റിവ്യൂ പരമ്പരയുടെ തലക്കുറിപ്പ് ‘കാൾ മാർക്സും കെ–റെയിലും‘ എന്നാണ്. ഈ പരമ്പരയുടെ ആദ്യത്തിൽ തന്നെ വളരെ സുപ്രധാനമായൊരു ചോദ്യം ഉന്നയിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ ജീവിച്ചുമരിച്ച കാൾ മാർക്സ്​ 21-ാം നൂറ്റാണ്ടിൽ ജീവിക്കുകയായിരുന്നുവെങ്കിൽ കെ–റെയിൽ പോലുള്ള മെഗാ നിർമ്മിതികൾക്കെതിരെ, പാരിസ്​ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായി നിന്ന്, സൈദ്ധാന്തിക സംഭാവനകൾ നൽകുമായിരുന്നുവോ എന്നതാണാ ചോദ്യം.

1870-കൾ തൊട്ട് 1883-വരെയുള്ള ഒരു ദശകക്കാലത്തിലധികം നീളുന്ന മാർക്​സിന്റെ അന്വേഷണങ്ങൾ, പ്രകൃതി– മനുഷ്യ ബന്ധങ്ങളുടെ സാകല്യത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ബോധ്യങ്ങൾ, സാങ്കേതികവിദ്യകളുടെ ഉടമസ്​ഥതാ കൈമാറ്റം കൊണ്ടുമാത്രം പരിഹരിക്കാൻ സാധിക്കാത്ത ഉപാപചയ വിള്ളലുകളെ സംബന്ധിച്ച നിരീക്ഷണങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് മാർക്സിലെ ഇക്കോളജിസ്​റ്റിനെ കണ്ടെത്താതിരിക്കാൻ കഴിയില്ല. ആന്ദ്രപോസീനിലെ മാർക്സ്​ തീർച്ചയായും ഒരു പാരിസ്​ഥിതിക നവീകരണവാദിയോ (ecomodernist) സാങ്കേതികവിദ്യാ ശുഭാപ്തിവിശ്വാസിയോ (technological optimist) ആയിരിക്കുകയില്ല എന്നതാണ് ഉത്തരം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments