കെ.ടി. കുഞ്ഞിക്കണ്ണൻ.

നവഫാഷിസത്തിന്റെ
ആഗോള ഭൂപടം

‘‘ജനാധിപത്യം, സാമ്രാജ്യത്വം, ദേശീയത, സംസ്കാരം, വർഗ്ഗരാഷ്ട്രീയം എന്നിവയുടെ സങ്കീർണ്ണ ബന്ധങ്ങളെ അന്വേഷിക്കുന്ന ഈ ഗ്രന്ഥം നമ്മുടെ കാലഘട്ടത്തെ മനസ്സിലാക്കാനുള്ള ഒരു ബൗദ്ധിക ഉപകരണമാണ്’’- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ‘നവഫാസിസവും നവലോകക്രമവും’ എന്ന പുസ്തകം വായിക്കുന്നു, നവീൻ പ്രസാദ് അലക്സ്.

“The tradition of all dead generations weighs like a nightmare on the brains of the living.”
- Karl Marx (The Eighteenth Brumaire of Louis Bonaparte).

ഫാഷിസം ഒരിക്കലും ചരിത്രത്തിന്റെ മ്യൂസിയത്തിൽ അടച്ചുവെച്ച ഒരു രാഷ്ട്രീയരൂപമല്ല. അത് മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധികളിൽ നിന്ന് ആവർത്തിച്ച് ഉയർന്നുവരുന്ന ഒരു രാഷ്ട്രീയ പ്രവണതയാണ്. കെ. ടി. കുഞ്ഞിക്കണ്ണന്റെ ‘നവഫാസിസവും നവലോകക്രമവും’ എന്ന ഗ്രന്ഥം ഈ രാഷ്ട്രീയ യാഥാർത്ഥ്യത്തെ സമകാലിക ലോക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു. ഫാഷിസത്തിന്റെ ചരിത്രപരമായ അനുഭവങ്ങളിൽ നിന്നാരംഭിച്ച് അമേരിക്കൻ സാമ്രാജ്യത്വം, സയണിസം, ട്രംപിസം, ഹിന്ദുത്വ രാഷ്ട്രീയം, നവലിബറലിസം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നവഫാഷിസത്തിന്റെ ആഗോള ഭൂപടം പുസ്‌തകം വരച്ചുകാട്ടുന്നു.

ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷത, ഫാഷിസത്തെ ചരിത്രത്തിലെ ഒരു അടഞ്ഞ അധ്യായമായി കാണാതെ, സമകാലിക മുതലാളിത്ത ലോകക്രമത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ ഉൽപ്പന്നമായി സമീപിക്കുന്നതിലാണ്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും പരാജയത്തോടെ ഫാഷിസം അവസാനിച്ചുവെന്ന വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട്, ഫാഷിസത്തെ ജനിപ്പിച്ച സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഗ്രന്ഥകാരൻ ഉയർത്തുന്നത്. ഈ സമീപനം തന്നെ പുസ്തകത്തെ ഒരു സാധാരണ രാഷ്ട്രീയവിവരണത്തിൽനിന്ന് വ്യത്യസ്തമാക്കുന്നു.

മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ ഫാഷിസം ഒരു ആശയപ്രവണത മാത്രമല്ല; അത് ഒരു രാഷ്ട്രീയ- സാമ്പത്തിക പ്രതിഭാസമാണ്. 1930-കളിൽ ജോർജി ഡിമിട്രോവ് ഫാഷിസത്തെ നിർവചിച്ചത്, “മൂലധനത്തിന്റെ ഏറ്റവും പ്രതിലോമപരവും ഏറ്റവും ആക്രമണാത്മകവുമായ തുറന്ന ഭീകരാധിപത്യം” എന്നായിരുന്നു. ഈ നിർവചനം പുസ്തകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഫലിക്കുന്നു. നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന അസമത്വവും തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതത്വവും ജനകീയ അസംതൃപ്തിയെ വളർത്തുന്നു; എന്നാൽ ആ അസംതൃപ്തി വർഗ്ഗസമരത്തിലേക്ക് നീങ്ങാതിരിക്കാൻ അതിനെ മതപരവും വംശീയവുമായ അപരവിദ്വേഷത്തിലേക്ക് തിരിച്ചുവിടുകയാണ് നവഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ കേന്ദ്ര തന്ത്രമെന്ന് ഗ്രന്ഥം വാദിക്കുന്നു.

ഇത് മനസ്സിലാക്കാൻ യൂറോപ്പിലെ ഭവനപ്രതിസന്ധിയെ തീവ്ര വലതുപക്ഷ ശക്തികൾ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം വളർത്താനുള്ള ആയുധമാക്കുന്നതെങ്ങനെ എന്ന് പരിശോധിച്ചാൽ മതി. വാടക കുറഞ്ഞ വീടുകൾ കുടിയേറ്റക്കാർ കൈയേറിയതാണ് പ്രതിസന്ധിയുടെ കാരണമെന്ന് പ്രചരിപ്പിക്കുമ്പോൾ, ഭവനസുരക്ഷയെ ലാഭത്തിനുള്ള ചരക്കാക്കി മാറ്റിയ നവലിബറൽ നയങ്ങളാണ് യഥാർത്ഥ കാരണം എന്ന വസ്തുത മറച്ചുവെക്കപ്പെടുന്നു. വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ന്യൂനപക്ഷങ്ങൾക്കുമേൽ ചുമത്തുകയും മൂലധനത്തിന്റെ ഉത്തരവാദിത്തം മറച്ചുവെക്കുകയും ചെയ്യുന്നതാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രപരമായ രീതി.

നവഫാഷിസത്തെ മനസ്സിലാക്കാൻ സാമ്പത്തിക ഘടകങ്ങൾക്കൊപ്പം സംസ്കാരം, മതം, ദേശീയത, മാധ്യമങ്ങൾ, ചരിത്രസ്മരണകൾ തുടങ്ങിയ പ്രത്യയശാസ്ത്രഘടകങ്ങളെയും പരിശോധിക്കേണ്ടതുണ്ട്.
നവഫാഷിസത്തെ മനസ്സിലാക്കാൻ സാമ്പത്തിക ഘടകങ്ങൾക്കൊപ്പം സംസ്കാരം, മതം, ദേശീയത, മാധ്യമങ്ങൾ, ചരിത്രസ്മരണകൾ തുടങ്ങിയ പ്രത്യയശാസ്ത്രഘടകങ്ങളെയും പരിശോധിക്കേണ്ടതുണ്ട്.

എന്നാൽ ഈ പുസ്തകത്തിന്റെ പ്രാധാന്യം സാമ്പത്തിക പ്രതിസന്ധികളെ ചൂണ്ടിക്കാണിക്കുന്നതിൽ മാത്രമല്ല. സാമ്പത്തിക പ്രതിസന്ധി സ്വയം ഫാഷിസത്തെ സൃഷ്ടിക്കുന്നില്ല എന്ന കാര്യം പുസ്തകത്തിന്റെ വിശകലനത്തിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ചരിത്രത്തിൽ സാമ്പത്തിക പ്രതിസന്ധികൾ തൊഴിലാളി പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾക്കും വഴിവെച്ചിട്ടുമുണ്ട്. അതിനാൽ നവഫാഷിസത്തെ മനസ്സിലാക്കാൻ സാമ്പത്തിക ഘടകങ്ങൾക്കൊപ്പം സംസ്കാരം, മതം, ദേശീയത, മാധ്യമങ്ങൾ, ചരിത്രസ്മരണകൾ തുടങ്ങിയ പ്രത്യയശാസ്ത്രഘടകങ്ങളെയും പരിശോധിക്കേണ്ടതുണ്ട്.

ഇവിടെയാണ് അന്റോണിയോ ഗ്രാംഷിയുടെ ഹെജിമണി സിദ്ധാന്തം പ്രസക്തമാകുന്നത്. ഭരണവർഗ്ഗം സമൂഹത്തെ നിയന്ത്രിക്കുന്നത് സാമ്പത്തിക ശക്തിയിലൂടെ മാത്രം അല്ല; ജനങ്ങളുടെ സാമാന്യബോധത്തെയും രാഷ്ട്രീയ സങ്കൽപ്പങ്ങളെയും രൂപപ്പെടുത്തുന്നതിലൂടെയാണ്. നവലിബറലിസം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതാവസ്ഥയും നവഫാഷിസത്തിന്റെ ഭൗതിക അടിത്തറയാണെങ്കിൽ, ദേശീയതയും മതവും വംശീയതയും അതിന്റെ പ്രത്യയശാസ്ത്രപരമായ രൂപങ്ങളാണ്. ജനങ്ങൾ തങ്ങളുടെ ജീവിതപ്രതിസന്ധികളെ മനസ്സിലാക്കുന്നത് സാമ്പത്തിക കണക്കുകളുടെ ഭാഷയിലല്ല, മറിച്ച് സാംസ്കാരികവും രാഷ്ട്രീയവുമായ അർത്ഥഘടനകളിലൂടെയാണ്. അതുകൊണ്ട് യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തെയോ ഇന്ത്യയിലെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെയോ വെറും ശ്രദ്ധ തിരിച്ചുവിടൽ തന്ത്രങ്ങളായി മാത്രം കാണാൻ കഴിയില്ല; യഥാർത്ഥ സാമ്പത്തിക വൈരുദ്ധ്യങ്ങളെ ദേശീയതയുടെയും മതത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രത്യയശാസ്ത്രപരമായ പ്രക്രിയകളായാണ് അവ പ്രവർത്തിക്കുന്നത്. ധനമൂലധനത്തിന്റെ (financialized capitalism) വളർച്ചയും നവഫാഷിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചയും ശ്രദ്ധേയമാണ്. ഉൽപ്പാദനത്തെക്കാൾ ധനകാര്യ മൂലധനം ആധിപത്യം സ്ഥാപിക്കുന്ന ഘട്ടത്തിൽ സാമൂഹിക അസമത്വം കൂടുതൽ രൂക്ഷമാവുകയും ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമാവുകയും ചെയ്യുന്നു എന്ന വാദം ഗ്രന്ഥകാരൻ മുന്നോട്ടുവയ്ക്കുന്നു. സമകാലിക നവഫാഷിസത്തിന്റെ സാമൂഹിക അടിത്തറ മനസ്സിലാക്കാൻ ഈ നിരീക്ഷണം പ്രധാനമാണ്.

ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഉയർച്ചയെ വ്യക്തികളുടെ കരിസ്മ കൊണ്ടുമാത്രം വിശദീകരിക്കുന്ന ചരിത്രരചനകൾക്ക് പകരം, മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധികളുമായി അവയെ ബന്ധിപ്പിച്ചാണ് പുസ്തകം വായിക്കുന്നത്.

ഈ വിശകലനം പുസ്തകത്തെ ഫാഷിസത്തെ പറ്റിയുള്ള ലിബറൽ, പോസ്റ്റ്‌ മോഡേൺ, സ്വത്വവാദപരമായ സമീപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇത്തരം സമീപനങ്ങൾ ഫാഷിസത്തിന്റെ സാംസ്കാരിക രൂപങ്ങളായ അസഹിഷ്ണുത, വംശീയത, മതതീവ്രവാദം, ജനാധിപത്യവിരുദ്ധത എന്നിവയിൽ ഊന്നുന്നു. എന്നാൽ ഈ ആശയങ്ങൾ പ്രത്യേക ചരിത്രസന്ദർഭങ്ങളിൽ എന്തുകൊണ്ട് വ്യാപകമായ ജനപിന്തുണ നേടുന്നു എന്ന ചോദ്യത്തിന് അവ പലപ്പോഴും മതിയായ ഉത്തരം നൽകുന്നില്ല. ഈ പ്രശ്നത്തെ ചരിത്രപരമായി തന്നെ പുസ്‌തകം സമീപിക്കുന്നു.

ഫാഷിസം ജർമ്മനിയിലും ഇറ്റലിയിലും പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു രാഷ്ട്രീയ അപകടമല്ലെന്നും, ഒന്നാം ലോകമഹായുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധികളും തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയും ഭരണവർഗ്ഗത്തിന്റെ ഭയങ്ങളും ചേർന്നാണ് അത് രൂപപ്പെട്ടതെന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഉയർച്ചയെ വ്യക്തികളുടെ കരിസ്മ കൊണ്ടുമാത്രം വിശദീകരിക്കുന്ന ചരിത്രരചനകൾക്ക് പകരം, മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധികളുമായി അവയെ ബന്ധിപ്പിച്ചാണ് പുസ്തകം വായിക്കുന്നത്. ഫാഷിസത്തെ വിദ്വേഷത്തിന്റെയും പ്രതിനിധാനത്തിന്റെയും തലത്തിലേക്ക് മാത്രം ചുരുക്കുന്ന പോസ്റ്റ്‌മോഡേൺ സമീപനങ്ങൾക്ക് പലപ്പോഴും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല. അതുപോലെ ജനാധിപത്യ പ്രതിസന്ധിയായി മാത്രം ഫാഷിസത്തെ കാണുന്ന ലിബറൽ സമീപനവും അതിന്റെ വർഗ്ഗപരമായ അടിത്തറയെ മറച്ചുവെക്കുന്നു. ഫാഷിസം പ്രതിസന്ധിയിലായ സാമൂഹിക ക്രമത്തെ നിലനിർത്താനുള്ള ഒരു രാഷ്ട്രീയ പദ്ധതിയാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പ്രധാന സംഭാവന.

കെ.ടി. കുഞ്ഞിക്കണ്ണൻ
കെ.ടി. കുഞ്ഞിക്കണ്ണൻ

ഇതിന്റെ തുടർച്ചയിൽ ഫാഷിസത്തിന്റെ തകർച്ചയിൽ നിന്ന് നവഫാഷിസത്തിലേക്കുള്ള ഉയർച്ച, ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ പുതിയ രാഷ്ട്രീയരൂപങ്ങളിൽ എങ്ങനെ പുനരവതരിക്കുന്നു തുടങ്ങിയ അന്വേഷണമായി ഗ്രന്ഥം വികസിപ്പിക്കുന്നു. സ്ട്രാസ്ബർഗ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ, യുദ്ധശേഷം നാസി ശൃംഖലകളുടെ അവശിഷ്ടങ്ങളും മൂലധനബന്ധങ്ങളും വിവിധ രൂപങ്ങളിൽ സംരക്ഷിക്കപ്പെട്ടുവെന്നും അവ പിന്നീട് നവ-നാസി സംഘടനകളുടെയും അതിതീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവണതകളുടെയും വളർച്ചയ്ക്ക് സഹായകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഫാഷിസം ചരിത്രത്തിലെ അടഞ്ഞ അധ്യായമല്ല, മറിച്ച് അനുയോജ്യമായ സാഹചര്യങ്ങളിൽ പുതിയ രൂപങ്ങളിൽ പുനരവതരിക്കാൻ കഴിയുന്ന രാഷ്ട്രീയ സാധ്യതയാണെന്ന പുസ്തകത്തിന്റെ കേന്ദ്രവാദത്തെ ഈ വിശകലനം ശക്തിപ്പെടുത്തുന്നു.

പശ്ചിമേഷ്യയും സയണിസവും സംബന്ധിച്ച ഭാഗങ്ങൾ ആഗോള അധികാരഘടനയെ മനസ്സിലാക്കാനുള്ള ശ്രമമാണ്. അമേരിക്കൻ ആധിപത്യവും സൈനിക ഇടപെടലുകളും വിഭവനിയന്ത്രണവും ചേർന്ന ഒരു നവലോകക്രമത്തെ ഗ്രന്ഥകാരൻ വിമർശനാത്മകമായി പരിശോധിക്കുന്നു. ഇവിടെ ലെനിന്റെ സാമ്രാജ്യത്വ സിദ്ധാന്തത്തിന്റെ സ്വാധീനം കാണാം. സാമ്രാജ്യത്വം വെറും വിദേശനയമല്ല, മറിച്ച് മൂലധനത്തിന്റെ ആഗോള വ്യാപനത്തിന്റെ രാഷ്ട്രീയ രൂപമാണെന്ന ലെനിന്റെ വാദം പുസ്തകത്തിന്റെ പശ്ചാത്തല ചിന്തയായി നിലകൊള്ളുന്നു.

ട്രംപിസത്തെക്കുറിച്ചുള്ള അധ്യായങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക അസമത്വം, വ്യവസായ മേഖലകളുടെ തകർച്ച, ആഗോളവൽക്കരണത്തിന്റെ ആഘാതങ്ങൾ എന്നിവയെ വലതുപക്ഷ ജനകീയത എങ്ങനെ ദേശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും ഭാഷയിലേക്ക് വിവർത്തനം ചെയ്തു എന്നത് ഗ്രന്ഥം വിശദീകരിക്കുന്നു. ട്രംപ് ഒരു വ്യക്തി എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവണതയാണെന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനപ്പെട്ടത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയെ വെറും മതപരമായ പ്രതിഭാസമായി കാണാതെ, നവലിബറൽ സമ്പദ്‌വ്യവസ്ഥയും കോർപ്പറേറ്റ് മൂലധനത്തിന്റെ ശക്തിപ്പെടലും ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലതയും ചേർന്നുണ്ടാക്കുന്ന രാഷ്ട്രീയരൂപമായി ഗ്രന്ഥകാരൻ വായിക്കുന്നു.

ഇന്ത്യൻ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ച പുസ്തകത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങളിലൊന്നാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയെ വെറും മതപരമായ പ്രതിഭാസമായി കാണാതെ, നവലിബറൽ സമ്പദ്‌വ്യവസ്ഥയും കോർപ്പറേറ്റ് മൂലധനത്തിന്റെ ശക്തിപ്പെടലും ജനാധിപത്യ സ്ഥാപനങ്ങളുടെ ദുർബലതയും ചേർന്നുണ്ടാക്കുന്ന രാഷ്ട്രീയരൂപമായി ഗ്രന്ഥകാരൻ വായിക്കുന്നു. വർഗ്ഗചോദ്യങ്ങളെ സാംസ്കാരികവും മതപരവുമായ സംഘർഷങ്ങളാൽ മറച്ചുവെക്കുന്ന രാഷ്ട്രീയ യുക്തി ഇവിടെ വ്യക്തമായി ചർച്ച ചെയ്യപ്പെടുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഈ വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിൽ തുല്യമായി വിതരണം ചെയ്യപ്പെട്ടില്ല. വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖലയുടെ ദുർബലീകരണം, സാമൂഹിക സുരക്ഷയുടെ ക്ഷയം എന്നിവ വ്യാപകമായ അസംതൃപ്തിക്ക് വഴിവെച്ചു. ഈ അസംതൃപ്തി വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഷയിൽ പ്രകടമാകുന്നതിനുപകരം മതപരവും സാംസ്കാരികവുമായ ധ്രുവീകരണങ്ങളിലേക്ക് തിരിച്ചുവിടപ്പെടുകയായിരുന്നു. ഇന്ത്യയിലെ ബൂർഷ്വാപാർട്ടികൾ പുലർത്തിയ മൃദു ഹിന്ദുത്വസമീപനം ഈ നവ ഫാഷിസ്റ്റ് വളർച്ചയെ വേഗത്തിലാക്കാൻ സഹായിച്ചു. അതിനാൽ ഹിന്ദുത്വത്തെ കേവലം ഒരു മതദേശീയതാ പദ്ധതിയായി മാത്രം കാണാൻ കഴിയില്ല; നവലിബറൽ കാലഘട്ടത്തിലെ സാമൂഹിക വൈരുദ്ധ്യങ്ങളെ നിയന്ത്രിക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ രൂപമായും അതിനെ മനസ്സിലാക്കേണ്ടതുണ്ടെന്ന് പുസ്തകം വാദിക്കുന്നു.

 വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖലയുടെ ദുർബലീകരണം, സാമൂഹിക സുരക്ഷയുടെ ക്ഷയം എന്നിവ വ്യാപകമായ അസംതൃപ്തിക്ക് വഴിവെച്ചു. ഈ അസംതൃപ്തി വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഷയിൽ പ്രകടമാകുന്നതിനുപകരം മതപരവും സാംസ്കാരികവുമായ ധ്രുവീകരണങ്ങളിലേക്ക് തിരിച്ചുവിടപ്പെടുകയായിരുന്നു.
വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പൊതുമേഖലയുടെ ദുർബലീകരണം, സാമൂഹിക സുരക്ഷയുടെ ക്ഷയം എന്നിവ വ്യാപകമായ അസംതൃപ്തിക്ക് വഴിവെച്ചു. ഈ അസംതൃപ്തി വർഗ്ഗരാഷ്ട്രീയത്തിന്റെ ഭാഷയിൽ പ്രകടമാകുന്നതിനുപകരം മതപരവും സാംസ്കാരികവുമായ ധ്രുവീകരണങ്ങളിലേക്ക് തിരിച്ചുവിടപ്പെടുകയായിരുന്നു.

ഇവിടെ പുസ്തകം ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന്, ഫാഷിസത്തെ വെറും വിദ്വേഷത്തിന്റെ രാഷ്ട്രീയം എന്ന നിലയിൽ വിശദീകരിച്ചാൽ മതിയോ എന്നതാണ്. തീർച്ചയായും ഫാഷിസം വിദ്വേഷത്തെ ആശ്രയിക്കുന്നു. എന്നാൽ വിദ്വേഷം മാത്രം അതിന്റെ വിശദീകരണമല്ല. ഒരു സമൂഹത്തിലെ വലിയ ജനവിഭാഗങ്ങൾ എന്തുകൊണ്ടാണ് ഇത്തരം രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ഫാഷിസത്തെ മനസ്സിലാക്കാൻ കഴിയില്ല. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധികളും സാമൂഹിക അരക്ഷിതാവസ്ഥയും വർഗ്ഗബന്ധങ്ങളും പ്രത്യയശാസ്ത്രവും ഒരുമിച്ച് വിശകലനം ചെയ്യേണ്ടിവരുന്നത്.

ഇവിടെ ഗ്രാംഷിയുടെ പ്രസിദ്ധമായ വാക്കുകൾ ഓർക്കാം: “The old world is dying, and the new world struggles to be born; now is the time of monsters.” പഴയ രാഷ്ട്രീയക്രമങ്ങൾ തകരുകയും പുതിയ സാമൂഹിക ബദലുകൾ രൂപംകൊള്ളാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭയങ്ങളെയും നിരാശകളെയും മുതലെടുക്കുന്ന വലതുപക്ഷശക്തികൾ ഉയർന്നുവരുന്നു.

21-ാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ പ്രതിസന്ധികളെ മനസ്സിലാക്കാനുള്ള ഒരു മാർക്സിസ്റ്റ്‌ വിശകലന ചട്ടക്കൂട് മുന്നോട്ടു​വെക്കുന്നു എന്നതാണ് ഈ പുസ്‌തകത്തിന്റെ അടിസ്ഥാന പ്രസക്തി. ജനാധിപത്യം, സാമ്രാജ്യത്വം, ദേശീയത, സംസ്കാരം, വർഗ്ഗരാഷ്ട്രീയം എന്നിവയുടെ സങ്കീർണ്ണ ബന്ധങ്ങളെ അന്വേഷിക്കുന്ന ഈ ഗ്രന്ഥം നമ്മുടെ കാലഘട്ടത്തെ മനസ്സിലാക്കാനുള്ള ഒരു ബൗദ്ധിക ഉപകരണമാണ്.


Summary: KT Kunhikannan's book on Neo Fascism 'Navafascisavum Navalokakramavum', Naveen Prasad Alex writes a review.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments