വരൂ, പ്രണയാത്മീയതയുടെ
അപാരതയിലേക്ക്…

‘‘പ്രണയിക്കൽ ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു. അതിന്റെ മുന്നിൽ സാമൂഹ്യ നിർമിതികൾ അപ്രതൃക്ഷമാകുന്നതിനാൽ അത് രാഷ്ട്രീയവും വിപ്ലവവും ആകുന്നു. കുലം, ജാതി, മതം, സമ്പത്ത്‌, സ്ഥാനമാനങ്ങൾ, പ്രായം മുതലായവയെല്ലാം അപ്രസക്തമാകുന്നു. അതിന് അതിന്റേതായ ഒരു മതമുണ്ട്, ഭരണഘടനയുണ്ട്.’’ കെ.ടി. സൂപ്പിയുടെ ‘കടലായും മഴയായും’ എന്ന കവിതാസമാഹാരത്തിന് റഫീക്ക് അഹമ്മദ് എഴുതിയ അവതാരിക.

പുലരികളെ പ്രഭാമയമാക്കുകയും സായന്തനങ്ങളെ സൗവർണ വിഷാദച്ഛവിയിൽമുക്കുകയും, നിലാവിന് ഇത്രമേൽ കുളിർമയേകുകയും ചെയ്യുന്നതെന്താണ്‌?

സമയനദിയെ പുറകോട്ടൊഴുക്കുകയും
ജരയുടെ ജീർണതകളെ പൊഴിച്ചുകളയുകയും ചെയ്യുന്നതെന്താണ്?
അത് നിറങ്ങൾക്ക് കൂടുതൽ നിറം പകരുന്നു, സുഗന്ധങ്ങൾക്ക് കൂടുതൽ സുഗന്ധം,
വെളിച്ചത്തിന് കൂടുതൽ വെളിച്ചം.

“നീ വിളിക്കാത്ത ദിവസങ്ങളിൽ സൂര്യൻ പോലും ഒന്നും മിണ്ടാതെ അസ്തമിച്ചിട്ടുണ്ടാവും, ഒരൊറ്റ പക്ഷി പോലും ആകാശനീലിമയിലൂടെ പറക്കുന്നുണ്ടാവില്ല, നീ വിളിക്കുന്ന ദിവസം മൊഴികളെല്ലാം പൂവാണ്‌, കാണുന്നതെല്ലാം ചന്ദ്രികയാണ്’’ എന്ന് കെ.ടി. സൂപ്പി അതിനെക്കുറിച്ചാണ് പറയുന്നത്‌.

അതിനെ പ്രണയം എന്നു വിളിക്കാം. അത് ഒരേ സമയം ജൈവികമായ ഒരു ചോദനയാണ്‌, ജന്തുസഹജവികാരമാണ്‌. അപ്പോൾതന്നെ വ്യാഖ്യാനാതീതമായ ആത്മീയാനുഭൂതിയുമാണ്‌. അത്‌സ്വാർത്ഥമാണ്‌, താനും തന്റെ ഇണയും മാത്രമെന്ന ഒരു ഏകകത്തിലേക്ക് ഒതുക്കി ലോകത്തെ പുറത്താക്കുന്നതാണ്‌. എന്നാൽ ലോകത്തെ മുഴുവൻഒരു സംഗീതമാക്കി, അതിന്റെ ലയത്തിലേക്ക് കമിതാക്കളെ വിലയിപ്പിക്കുന്നതുമാണ്‌. അതിൽ കെട്ടുപാടുകളുണ്ട്‌, അവയെന്നാൽ സമൂഹനിർമ്മിതമല്ല. അതിൽ സാഫല്യവും മോഹഭംഗവുമുണ്ട്‌. രണ്ടും പരസ്പരം മാറിപ്പോകുന്നവയുമാണ്‌.

അപാരതയുമായുള്ള അഭിമുഖീകരണമാണ് ആത്മീയതയെങ്കിൽ പ്രണയം നശ്വരതയെ അനശ്വരമാക്കാനുള്ള കൊതിയാണ്‌. പ്രണയം നിങ്ങളെ ബാധിക്കുമ്പോൾ എല്ലാം സുന്ദരമായിത്തീരുന്നു. അവൾ അല്ലെങ്കിൽ അവൻ എന്ന അദ്വൈതത്തിലേക്ക് പ്രപഞ്ചം ഉയറിക്കൂടുന്നു. നീ ആരാണ് എന്ന യുഗദീർഘമായ അന്വേഷണത്തിനൊടുവിൽ നീ ഞാൻ തന്നെ എന്നപൊരുളിൽ തുറക്കപ്പെടുന്ന റൂമിയുടെ വാതിലാണത്‌.

അതൊരുപക്ഷെ നേരത്തെ പറഞ്ഞ ജൈവിക കാമനകളുടെ, പ്രത്യുൽപാദനാകാംക്ഷയിലൂന്നി പ്രകൃതി നിക്ഷേപിച്ച ഒരു ജന്മവാസനയുടെ കാൽപനികവൽക്കരണമായിരിക്കാം. ജീവശാസ്ത്രത്തിന്റെ നേർരേഖകൾ അങ്ങനെയാണ്‌നമ്മെ പഠിപ്പിക്കുക. ദൃശ്യം, വാക്ക്‌, ഗന്ധം ഇതൊക്കെയും രാസികമായി മാറുന്ന മസതിഷ്കത്തിന്റെ മടക്കുകളിലെ അവ്യാഖ്യേയ വിലാസങ്ങളെ എത്ര demystify ചെയ്താലും mystery പിന്നെയും തുടരും. എന്തെന്നാൽ, ഒരു ജീവി സാംസ്കാരികജീവിതം കൂടിയുള്ള മനുഷ്യജീവിയായി നിലനിൽക്കുന്നത് അങ്ങനെയുള്ള മിസ്റ്ററികളുടെ തൂണുകളിൽ കൂടിയാണ്‌.

Homosapien മാത്രമായി humanbeing- നെ കാണുമ്പോൾ അതിന്റെ യുക്തിപരമായ ശരികളെ കവിഞ്ഞ് ആന്തരസത്യങ്ങൾ എവിടെയോ നഷ്ടമാവുന്നുണ്ട്‌. പ്രണയത്തെ ഉദാത്തവൽക്കരിക്കുക എന്നാൽ ആഴമുള്ള ഒരർത്ഥത്തിൽ മൃഗപരതയെ മനുഷ്യവൽക്കരിക്കുക എന്നതാണ്‌. ആയതിനാൽ പ്രണയിക്കൽ ഒരു സാംസ്കാരിക പ്രവർത്തനമാകുന്നു. അതിന്റെ മുന്നിൽ സാമൂഹ്യ നിർമിതികൾ അപ്രതൃക്ഷമാകുന്നതിനാൽ അത് രാഷ്ട്രീയവും വിപ്ലവവും ആകുന്നു. കുലം, ജാതി, മതം, സമ്പത്ത്‌, സ്ഥാനമാനങ്ങൾ, പ്രായം മുതലായവയെല്ലാം അപ്രസക്തമാകുന്നു. അതിന് അതിന്റേതായ ഒരു മതമുണ്ട്‌, ഭരണഘടനയുണ്ട്‌- അറിയാം ഈ രണ്ടു വ്യാവഹാരികതകൾക്കും പ്രണയത്തിന്റെ ലോകത്തിൽ സ്ഥാനമില്ല എന്ന്.

ബി.പി. മൊയ്തീന്‍, കാഞ്ചനമാല

രമണനെപ്പോലെ നിരർത്ഥകമായ ഒരു ആത്മഹത്യയിലേക്കുനയിക്കുന്ന, മീരയെപ്പോലെ, അക്കാദേവിയെപ്പോലെ അമൂർത്തമായ ഒരു സങ്കൽപ്പത്തിലേക്ക് ജന്മത്തെ ചേർത്തുവെയ്ക്കാൻ പ്രേരിപ്പിക്കുന്ന, മജ്നുനിനെപ്പോലെ ഉന്മത്തനായി അലയാൻ വിടുന്ന, ഫ്ലോറന്റീനൊ അരിസയെപ്പോലെ ക്ഷമാപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന, കാഞ്ചനമാലയെപ്പോലെ ആയുർദീർഘമായ വിരഹത്തിലേക്ക് ജീവിതത്തെ വിവർത്തനം ചെയ്യാൻ ത്വരിപ്പിക്കുന്ന, സാമാന്യതലത്തിൽ മൗഢ്യം എന്നു വിളിക്കാനിടയുള്ള ഒരു മനോവിഭ്രമമായി നിങ്ങളതിനെ നോക്കിക്കാണുമ്പോൾ നിങ്ങളുടെ ബുദ്ധിജീവിതത്തിന് അത് പരിക്കൽപ്പിക്കുകയില്ലായിരിക്കാം, പക്ഷെ പൈങ്കിളിക്കഥകളിൽ പോലും തെളിയുന്ന പ്രണയം എന്ന ആദിമചോദനയുടെ മഴവിൽനിറങ്ങൾ കാണാനുള്ള ഉൾക്കണ്ണ് എവിടെയോ നഷ്ടപ്പെടുകയാണ്‌, അതോടെ മനുഷ്യൻ എന്ന ആർദ്രതയെ കേവല ഭൗതികതയുടെ ചാരവും ചിതമ്പലും പൊതിയുകയാണ്‌, നിങ്ങൾ തഴമ്പിക്കുകയാണ്‌.

എന്റെ മുന്നിലിരിക്കുന്നത് കെ.ടി. സൂപ്പിയുടെ കവിതകളാണ്‌. “കടലായും മഴയായും” എന്ന ഈ കാവ്യപുസ്തകത്തിലുള്ളതു മുഴുവനും പ്രണയകവിതകളാണ്‌. അവയെ തൊട്ടു വിടർത്തി വിവരിക്കണമെങ്കിൽ സൂപ്പിയുടെ കാവ്യഭാഷയോളമോ അതിലധികമോ ഭാഷാവഴക്കം ആവശ്യമാണ്‌. നിർഭാഗ്യവശാൽ അതെനിക്കില്ല. ഇതൾ വിടർത്തി, അടർത്തി പരിശോധിക്കേണ്ടവയല്ല പൂക്കൾ എന്ന വിചാരവും എനിക്കുണ്ട്‌. അതുകൊണ്ടുതന്നെ ഇവയെ തൊട്ടും തലോടിയും വാസനിച്ചും കൊണ്ടുള്ള ഹൃദയസഞ്ചാരത്തിലേക്ക് അനുവാചകരെ ക്ഷണിക്കുക മാത്രമേ എനിക്ക് ചെയ്യാവുന്നതായി ഉള്ളൂ.

സാമാന്യമായി നമ്മൾ പരിചയിച്ച പ്രണയകവിതകളിൽ നിന്ന് വേറിട്ടു നിൽക്കുന്നവയാണിവ. ആത്മനിർഭരമായ, മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉൾവലിയുന്ന ഈ സ്പന്ദങ്ങളെ പ്രണയകവിതകൾ എന്ന് ചുരുക്കുവാനും വയ്യ. ഖുർസുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂുടെയും ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരുദയിലൂടെയുമെല്ലാം നാമനുഭവിച്ച ആത്മാവിന്റെ ഉൾപ്പിടച്ചിൽ ഈ കവിതകളും നമുക്ക്‌പകർന്നുതരുന്നു. പ്രണയം എന്നത് ജന്മനാ അപൂർണമായ മനുഷ്യാത്മാവ് അതിന്റെ മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്‌. ആ മറുപാതി വേർപെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം. ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും വേർപെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്‌. ഏതു താൾ എവിടെ നിന്നും വായിക്കാവുന്ന പ്രണയത്തിന്റെ ഈ പ്രാർത്ഥനാ പുസ്തകം നമ്മുടെ ഇരുൾക്കാലത്തിലേക്ക് ഒരിറ്റു കണ്ണീർവെളിച്ചം വിഴ്ത്തുന്നുണ്ട്‌. മനുഷ്യരായി നമുക്കു തുടരാൻ ഇത്തരം വെളിച്ചങ്ങൾ അത്യാവശ്യവുമാകുന്നു. സൂപ്പിയുടെ കവിതകളിലൂടെ പേർത്തും പേർത്തും സഞ്ചരിക്കവെ പണ്ടെഴുതിയ ഒരു വരി ഓർമ്മയിൽ വീണ്ടും വന്നു:

പ്രണയത്തിൽ വിജയിച്ചവരായി ആരുമില്ല
ആത്മഹത്യ ചെയ്ത്‌
കഷ്ടിച്ചു കടന്നുകൂടിയവരല്ലാതെ.

ഇലകൾ നനച്ചുപെയ്ത മഴ ഭൂമിയെ തൊട്ടുഴിഞ്ഞ് ആഴങ്ങളിലേക്കും കടലിലേക്കും യാത്ര തുടങ്ങി. സൂുരൃനിലൂടെ വിയർത്ത് വീണ്ടും നീരാവിയായി ഉയർന്ന് മേഘമായി പറന്ന് നിന്നിലേക്കു തന്നെയെന്നാണ് ഓരോ മഴത്തുള്ളിയുമെന്ന് സൂപ്പി എഴുതിയിടുന്നു. പ്രണയാത്മീയതയിലൂടെ അപാരതയുടെ, അനശ്വരതയുടെ ഭാഗമവാൻ വെമ്പുന്ന ഈ ഹൃദയസ്പന്ദങ്ങളെ നിങ്ങളും കേട്ടാലും.


റഫീക്ക് അഹമ്മദ്

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്. സ്വപ്‌നവാങ്മൂലം, പാറയിൽ പണിഞ്ഞത്, ആൾമറ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും അഴുക്കില്ലം എന്ന നോവലും പ്രധാന കൃതികൾ.

Comments