ഫ്രാൻസിസ് നൊറോണയുടെ 'സ്മരണകളിരമ്പും' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.

മലയാള കഥയിൽ നൊറോണയെപ്പോലെ അപൂർവം ചിലർക്ക് സാധ്യമാകുന്നത്...

മലയാള കഥയിൽ നൊറോണയെപ്പോലെ അപൂർവം ചിലർക്ക് സാധ്യമാകുന്നത്...

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഫ്രാൻസിസ് നൊറോണ എഴുതിയ "സ്മരണകളിരമ്പും...' എന്ന കഥയിൽ "സഖാവ്' എന്നു പറയുമ്പോൾ "ക'യല്ല, "ഖ' എന്നുതന്നെ സ്ട്രോങ്ങായി പറയണം എന്ന ഓർമപ്പെടുത്തലുണ്ട്. അതെ, ഒരു രാഷ്ട്രീയ കാലഘട്ടത്തെക്കുറിച്ചും അന്നത്തെ ചരിത്രത്തെക്കുറിച്ചും അൽപം സ്‌ട്രോംഗായി തന്നെ പറയേണ്ട ഒരു കാലത്താണ്, വളരെ സ്‌ട്രോംഗായ ഒരു കഥയുമായി ഫ്രാൻസിസ് നൊറോണ വീണ്ടും വന്നിരിക്കുന്നത്.

പച്ചയായ ജീവിതാഖ്യാനങ്ങളുടെ സൂക്ഷ്മമായ അടരുകളിൽ അതിശക്തമായ രാഷ്ട്രീയം ചേർത്തുവച്ച് കഥയെഴുതാനുള്ള നൊറോണയുടെ സവിശേഷമാർന്ന കഴിവ് ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നതാണ് വെബ്‌സീനിൽ പ്രസിദ്ധീകരിച്ച ഈ കഥ (പാക്കറ്റ് 65). "ഡവലപ്‌മെന്റിനെക്കുറിച്ച് പറയുന്നതിനൊപ്പം അവർക്കാ പാർട്ടിയാപ്പീസൊന്ന് മോഡിഫൈ ചെയ്തൂടേ' എന്ന ചോദ്യം, ഈ കാലഘട്ടത്തിന്റെ കൂടി ചോദ്യമാണ്. അത് പാർട്ടിക്കുപുറത്തുനിന്ന് നിരവധി പേർ പാർട്ടിയോട് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഫ്രാൻസിസ് നൊറോണ
ഫ്രാൻസിസ് നൊറോണ

പ്രത്യയശാസ്ത്രത്തോളം തന്നെ പ്രധാനമാണ് മലയാളിയെ സംബന്ധിച്ച് അവരെ രൂപപ്പെടുത്തിയ രാഷ്ട്രീയ ജീവിതവും. അതിനുവേണ്ടി ഒഴുക്കിയ വിയർപ്പും ചോരയും ത്യജിച്ച ജീവിതങ്ങളുമെല്ലാം, ഒരു "ഭൂതകാലക്കുളിരു'മാത്രമായാണ് ഇന്ന് അവശേഷിക്കുന്നത്. അന്നത്തെ രക്തസാക്ഷിത്വത്തിൽനിന്ന് ഇന്നത്തെ രക്തസാക്ഷിത്വത്തിലേക്കുള്ള ദൂരം എത്രയാണ്? ആലപ്പുഴക്കും പുന്നപ്രക്കും വയലാറിനും കെ.ആർ. ഗൗരിയെപ്പോലുള്ള സഖാക്കൾക്കും ഓർമിപ്പിക്കാനുള്ള രക്തസാക്ഷിത്വങ്ങളുടെ അനുഭവങ്ങൾ ഇന്ന് പാർട്ടിയെ എങ്ങനെയാണ് മുന്നോട്ടുനയിക്കുന്നത് എന്നതിനെ ആശയക്കുഴപ്പം നിറഞ്ഞ ഒരു ചോദ്യമായി ഈ കഥ ഉയർത്തിപ്പിടിക്കുന്നു.

കെ റെയിലിന്റെ കാലത്ത്, ധീരജിന്റെയും ഹരിദാസിന്റെയുമെല്ലാം കൊലപാതകങ്ങളുടെ കാലത്ത്, ചോദ്യം ചെയ്യലുകളോടുള്ള അസഹിഷ്ണുതയുടെ കാലത്ത്, പ്രത്യയശാസ്ത്രം സന്ദേഹങ്ങളാൽ ചഞ്ചലമായിക്കൊണ്ടിരിക്കുന്ന കാലത്ത്, ഇങ്ങനെ തന്നെയാണ് ഒരു കഥ എഴുതപ്പെടേണ്ടത്, മലയാള കഥയിൽ നൊറോണയെപ്പോലെ അപൂർവം ചിലർക്കു മാത്രമേ ഇത് സാധ്യമാകുന്നുള്ളൂ.

സജി സ്‌കറിയ, കട്ടപ്പന, ഇടുക്കി.


നിറം മങ്ങിയ ചുവപ്പുതോരണങ്ങളുടെ കഥ

മീപകാലത്ത്, മലയാള കഥയിലുണ്ടായ ഏറ്റവും ശ്രദ്ധേയ രചനയാണ് ഫ്രാൻസിസ് നൊറോണയുടെ "സ്മരണകളിരമ്പും...'. ഈ കഥയുടെ രാഷ്ട്രീയമാണ് അതിന്റെ സവിശേഷത. അടിത്തട്ടുജീവിതത്തെയും അവർ രൂപപ്പെടുത്തുന്ന ചരിത്രത്തെയും വീണ്ടെടുത്ത്, പുതിയ കാലത്തെ രാഷ്ട്രീയ ജീവിതത്തോട് സന്ദേഹത്തോടെയും വിമതത്വത്തോടെയും ചേർത്തുവക്കുന്ന ആഖ്യാനരീതിയാണ് അദ്ദേഹത്തിന്റേത്. ആലപ്പുഴയുടെ തീരദേശാനുഭവങ്ങളും ക്രൈസ്തവതയോടുള്ള വൈമുഖ്യം കലർന്ന സമ്പർക്കങ്ങളും കമ്യൂണിസത്തിന്റെ ഇരമ്പിയാർക്കുന്ന ഓർമകളുമെല്ലാമാണ് നൊറോണയുടെ പല രചനകളുടെയും അടിവേരുകൾ. ഈ ഓർമകൾ പുതിയ കാലത്തെ രാഷ്ട്രീയാനുഭവങ്ങളാക്കി മാറ്റുകയെന്ന സർഗപ്രവൃത്തി നൊറോണ അതിവിദഗ്ധമായി സാധിച്ചെടുക്കുന്നു, അതിന്റെ നല്ല ഉദാഹരണമാണ് ഈ കഥ.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 65-കവർ
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 65-കവർ

സമൂഹത്തിലെ അതിസാധാരണക്കാരായ മനുഷ്യരാണ് ഇവിടെ നായകരായി വരുന്നത്, അവർ തന്നെയാണ് ചരിത്രം സൃഷ്ടിക്കുന്നതും. "വെള്ളം കോരികളും ചുമുടതാങ്ങികളു'മായ ഈ നിസ്വവർഗം രൂപപ്പെടുത്തുന്ന രാഷ്ട്രീയമാണ് യഥാർഥ രാഷ്ട്രീയമെന്നും അല്ലാത്തവ, നിറം മങ്ങിയ ചുവപ്പുതോരണങ്ങളും മാറാല പിടിച്ച ചില്ലുചിത്രങ്ങളും മാത്രമായി അവശേഷിക്കുമെന്നുമുള്ള ജാഗ്രത കലർന്ന ഒരു നോട്ടം നൊറോണ ഈ കഥയിലൂടെ മുന്നോട്ടുവക്കുന്നു.

പി.എൻ. ടൈസൻ, കൊല്ലം


ഡോ. തോമസ് ഐസക്കിന്റെ കെ-റെയിൽ സ്വപ്‌ന വ്യാഖ്യാനങ്ങൾ

ഡോ. ടി.എം. തോമസ് ഐസക് എഴുതിയ "കെ-റെയിൽ സാമ്പത്തിക വളർച്ചയുടെ പാത' എന്ന ലേഖനം (പാക്കറ്റ് 65) വായിച്ചു. ഈ വാദങ്ങൾ, അദ്ദേഹം മുമ്പ് അവതരിപ്പിച്ചുകൊണ്ടിരുന്ന ബജറ്റുസ്വപ്‌നങ്ങളുടെ തനിയാവർത്തനം മാത്രമാണ്. യാഥാർഥ്യബോധമില്ലാത്ത സാമ്പത്തിക പ്ലാനുകളാണ് തോമസ് ഐസക്കിന്റെ പ്രധാന പരിമിതിയായി വിമർശകർ ഉന്നയിച്ചിട്ടുള്ളത്. അത്, അദ്ദേഹം അവതരിപ്പിച്ച ബജറ്റുകളുടെ തന്നെ പ്രായോഗികത അന്വേഷിച്ചാൽ വ്യക്തമാകും. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ തന്നെ 2019- 20ലെ സംസ്ഥാന ബജറ്റിനെതിരെ രംഗത്തുവന്നിരുന്നു.

നാലു ലക്ഷം കോടി രൂപയിലേറെയാണ് കേരളത്തിന്റെ പൊതുകടം. അതായത്, 100 രൂപ വരുമാനമുണ്ടെങ്കിൽ അതിൽ 18.35 രൂപയും കടബാധ്യതയുടെ പലിശയായി അടക്കേണ്ടിവരും. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 36 ശതമാനവും കടമാണ് എന്നർഥം. എന്നിട്ടും, കെ-റെയിൽ പോലെ, യാഥാർഥ്യബോധമില്ലാത്ത വൻകിട പദ്ധതികൾക്കായി കടമെടുത്തുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, "ഒത്ത മനുഷ്യന്റെ തലയിൽ ക്വിന്റൽ ചാക്ക് വച്ചാലും ഒന്നും സംഭവിക്കില്ല' എന്ന വിചിത്രമായ തമാശയിലൂടെ, കേരളീയരുടെ തലക്കുമീതെയുള്ള കടഭാരത്തെ മുൻ ധനമന്ത്രി നിസ്സാരവൽക്കരിക്കുകയാണ്.

ഡോ. ടി.എം. തോമസ് ഐസക്
ഡോ. ടി.എം. തോമസ് ഐസക്

കൃത്യമായ മുൻഗണനകൾ നിശ്ചയിച്ച് അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക വളർച്ച മുന്നിൽ കാണുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കേണ്ടത്. എന്നാൽ, "കെ-റെയിൽ സാമ്പത്തിക വളർച്ചയുടെ വേഗത വർധിപ്പിക്കും' എന്ന അവകാശവാദത്തിന് ഉപോൽബലകമായി തോമസ് ഐസക് നിരത്തുന്ന ന്യായങ്ങൾ സ്വപ്‌നലോകത്തിരുന്ന് നെയ്യുന്ന വല മാത്രമാണെന്ന് പ്രത്യക്ഷത്തിൽ തന്നെ കാണാവുന്നതാണ്. കെ-റെയിലിന്റെ ഏറ്റവും പ്രധാന നേട്ടമായി അദ്ദേഹം പറയുന്നത്, റോഡ്, വിമാനം, ബ്രോഡ്‌ഗേജ്, ദീർഘദൂര യാത്രക്കാർ വൻ തോതിൽ കെ റെയിലിലേക്ക് മാറുമെന്നതാണ്. ഇതുകൊണ്ടുണ്ടാകുന്ന സമയലാഭത്തിനുപുറമേ കെ റെയിൽ പ്രവർത്തനം തുടങ്ങുന്ന ആദ്യ വർഷം തന്നെ 6471 കോടി രൂപ ലാഭമുണ്ടാകുമത്രേ.

ട്രാഫിക് പഠനങ്ങളുടെയും യാത്രക്കാരുടെ മനോഭാവം പഠിച്ചതിൽനിന്നുമാണത്രേ ഈയൊരു കണക്കുണ്ടാക്കിയിരിക്കുന്നത്. ആപേക്ഷികമായി മാത്രം സ്വീകരിക്കാവുന്ന ഈ നിഗമനത്തെ ശാസ്ത്രീയ യുക്തിയിലധിഷ്ഠിതമാക്കി അവതരിപ്പിക്കുകയാണ് അദ്ദേഹം. മാത്രമല്ല, ഇത്രയും യാത്രക്കാർ കുറയുമ്പോൾ, അത്രയും വാഹനങ്ങൾ റോഡിലും മറ്റും കുറയുകയും ചെയ്യുമെന്നും അദ്ദേഹം എഴുതുന്നു. (റോഡിൽ അല്ലാതെ, "മറ്റും' എന്നത് എവിടെയാണാവോ?) എന്നാൽ, വർഷം തോറും വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഈ "പഠനം' കണക്കിലെടുത്തിട്ടുണ്ടോ? 1980ൽ കേരളത്തിലെ മോട്ടോർ വാഹനങ്ങളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയായിരുന്നു. 2000ൽ അത് 19 ലക്ഷമായി, 2017ൽ 1.10 കോടിയും. മൊത്തം വാഹനങ്ങളിൽ 86 ശതമാനവും വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. വർഷം തോറുമുള്ള ഈ വർധന കൂടി പരിഗണിച്ചാൽ, തോമസ് ഐസക് പറയുന്ന വാഹനച്ചെലവിന്റെയും അപകടങ്ങളുടെ ചെലവിന്റെയും വായു മലിനീകരണം കുറയുന്നതുമൂലമുണ്ടാകുന്ന നേട്ടത്തിന്റെയും നിരക്കിൽ വൻ വ്യത്യാസമുണ്ടാകും. കെ റെയിലിന്റെ സാമൂഹിക നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട്. ആരുടെ സാമൂഹിക നേട്ടം എന്ന ഒരു വർഗാധിഷ്ഠിത വിശകലനം കൂടി നടത്താമായിരുന്നു.

ജീവൻ രാജ്, കലൂർ, എറണാകുളം.


ഇടതിന്റെ വലതു വികസന തന്ത്രം

ടിസ്ഥാന സൗകര്യ വികസനം നടന്നാൽ വിദേശ മൂലധനം ഒഴുകുമെന്ന വാദം നവ ഉദാരവൽക്കരണത്തിന്റേതാണ്. ബി.ജെ.പിയും കോൺഗ്രസും രാജ്യമാകെ നടപ്പാക്കുന്ന "വികസനതന്ത്രം' ഇതു തന്നെയാണ്. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന ഒരു സർക്കാറിനുപോലും ഇതിൽ നിന്ന് മാറി ചിന്തിക്കാനാകുന്നില്ല എന്നത് വലിയ ദുരന്തമാണ്.

കേന്ദ്രം അനുവദിച്ച വായ്പ എടുക്കാതെയും എടുത്ത വായ്പ പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാതെയും കേന്ദ്രവും സംസ്ഥാനങ്ങളും നിയോ ലിബറൽ ചിട്ടകളുടെ അവതാരങ്ങളായി എന്ന് കുറ്റപ്പെടുത്തുന്ന തോമസ് ഐസക്ക്, കേരളത്തിൽ നടപ്പാക്കുന്ന, ജീവകാരുണ്യ നടപടികളെ എങ്ങനെ വിശദീകരിക്കും? അത് നവ ഉദാരവാദ സമീപനമല്ലേ? യഥാർഥത്തിലുള്ള ഇടതുപക്ഷ ബദൽ, ഉൽപാദന മേഖലയിലല്ലേ പ്രാവർത്തകമാക്കേണ്ടത്? അതിന് ഭാവനാപൂർണമായ എന്ത് നടപടികളാണ് രണ്ട് എൽ.ഡി.എഫ് സർക്കാറുകളും ചെയ്തത്? കേരളത്തിന്റെ വിഭവങ്ങളിലൂന്നിയ എന്ത് വ്യവസായ വികസന കാഴ്ചപ്പാടാണ് ഈ സർക്കാർ അവതരിപ്പിച്ചത്? ഇതൊന്നും ഏറ്റെടുക്കാതെ, ജനവിരുദ്ധമായ വൻകിട പദ്ധതികളുടെ പുറകേ പോകുകയും അതിനെ സോഷ്യലിസമെന്ന് വിശദീകരിക്കുകയും ചെയ്യാൻ അപാര ശേഷി തന്നെ വേണം!

സിനി ഷെറിൻ, കാര്യവട്ടം കാമ്പസ്, കേരള യൂണിവേഴ്‌സിറ്റി


വിശലകന വിദഗ്ധർക്ക് സാധാരണക്കാരുടെ മനസ്സറിയാനായിരുന്നുവെങ്കിൽ!

ടതുപക്ഷത്തെക്കുറിച്ചുള്ള കാൽപനികമായ ബോധ്യങ്ങൾ ഇന്നും വച്ചുപുലർത്തുന്ന ഒരു കൂട്ടം സ്വപ്‌നജീവികളുടെ രോദനമാണ് പ്രമോദ് പുഴങ്കരയിലൂടെ പുറത്തുവരുന്നത് (പിണറായി സർക്കാറിൽ എത്ര ഇടതുപക്ഷമുണ്ട്, പാക്കറ്റ് 65). തിരുത്തലുകൾ സാധ്യമായ ഭരണനടപടികളെയും ബ്യൂറോക്രസിയുടെ ജനവിരുദ്ധ ഇടപെടലുകളെയും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാക്കി മുദ്ര കുത്തുകയാണ് പ്രമോദ് പുഴങ്കര ചെയ്യുന്നത്. ഇടതുപക്ഷം ആയതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നതുപോലും.

പ്രമോദ് പുഴങ്കര
പ്രമോദ് പുഴങ്കര

കോവിഡ് കാലത്ത് ചിലയിടങ്ങളിൽ പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജനവിരുദ്ധനടപടിയെ, മോദി സർക്കാറിന്റെ ക്രിമിനലിസവുമായി താരതമ്യം ചെയ്യുന്നതുനോക്കുക. കോവിഡ് കാലത്ത് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച, ആഗോള പ്രശംസക്കുതന്നെ പാത്രമായ ഭരണ നടപടികളെയെല്ലാം ഇതുവഴി റദ്ദാക്കുകയാണ് ലേഖകന്റെ സൂത്രം. എന്തുതരം സമഗ്രാധിപത്യ സ്വഭാവമാണ് ഈ കാലത്ത് പിണറായി വിജയന്റെ സർക്കാർ കാണിച്ചത്? പൊലീസിനെയും ബ്യൂറോക്രസിയെയും ജനാധിപത്യവൽക്കരിക്കുകയും ജനപക്ഷമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഒരു ഇടതുപക്ഷ സർക്കാറിന്റെ ഉത്തരവാദിത്തം തന്നെയാണ്. ബ്യൂറോക്രസിയിലെ അഴിമതി ഇപ്പോൾ എത്രയോ കുറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാനും സുതാര്യമാക്കാനുമുള്ള നിരന്തര ശ്രമം നടക്കുന്നു.

കേരള പൊലീസിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ, ഉത്തരേന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെയാകെ നിലപാടുകളുമായി ഒന്ന് താരതമ്യം ചെയ്തുനോക്കൂ. അപ്പോൾ അറിയാം, സർക്കാറിന്റെ പൊലീസ് രാജിനെക്കുറിച്ച്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ, പ്രതിസന്ധി സമയത്ത് ചേർത്തുപിടിക്കുകയും മതനിരപേക്ഷമായ ഒരു സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ ധീരമായി നിലപാടെടുക്കുകയും ചെയ്യുക എന്ന കാലം ആവശ്യപ്പെടുന്ന സമീപനമാണ്, പിണറായി വിജയൻ സർക്കാറിന് തുടർഭരണം സാധ്യമാക്കിയത്. വിശകലന വിദഗ്ധർക്ക് സാധാരണ മലയാളിയുടെ മനസ്സറിയാനുള്ള കഴിവുകൂടിയുണ്ടായിരുന്നുവെങ്കിൽ എന്നാശിക്കുന്നു!

പി.വി. സെബാസ്റ്റിയൻ, കൊടുങ്ങല്ലൂർ, തൃശൂർ.


നേട്ടങ്ങളുണ്ട്, പിഴവുകളും പരിഗണിക്കണം

പിണറായി സർക്കാറിനെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ അശോകൻ ചരുവിലും അഡ്വ. കെ.പി. രവിപ്രകാശുമാണ് സമചിത്തതയോടെയുള്ള വാദമുയർത്തിയത്. (പാക്കറ്റ് 65).
കേരളം നേരിട്ട ഒരു പ്രതിസന്ധി കാലമായിരുന്നു കഴിഞ്ഞ ആറു വർഷങ്ങൾ. പ്രളയങ്ങൾ, പരിസ്ഥിതി ദുരന്തങ്ങൾ, പകർച്ചവ്യാധികളും കോവിഡും, കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം, ഫെഡറലിസത്തിനെതിരായ കടന്നുകയറ്റങ്ങൾ, മതനിരപേക്ഷതക്കെതിരായ ആക്രമണങ്ങൾ തുടങ്ങി, ജനതയെ ആകെ ബാധിച്ച സങ്കീർണതകളെ എങ്ങനെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്തു എന്നതാണ് പരിശോധിക്കേണ്ടത്.

ഈ കാര്യങ്ങളിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി സാധാരണക്കാരുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്ന പരിപാടികളാണ് സർക്കാർ സ്വീകരിച്ചത്. ദുരന്ത സമയത്ത്, ജീവിതം വഴിമുട്ടിയ മനുഷ്യരെ ഇത്രമേൽ ചേർത്തുനിർത്തിയ ഒരു സർക്കാർ ഉണ്ടായിട്ടില്ല. അതോടൊപ്പം, ഭരണഘടനാപരമായ മൂല്യങ്ങൾ പോലും വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാറിന്റെ വലതുപക്ഷ നിലപാടുകൾക്കെതിരായ ഒരു തുരുത്തായി കേരളം മാറി. അതുകൊണ്ടുതന്നെയാണ്, തുടർഭരണം എന്ന, കേരളത്തെ സംബന്ധിച്ച് ഏതാണ്ട് അസാധ്യമായിരുന്ന ഒരു സാധ്യതയിലേക്ക് ജനവിധി എത്തിച്ചേർന്നത്.
അതോടൊപ്പം, ഭാവി കേരള സൃഷ്ടിക്കായുള്ള ഭാവനാപൂർണമായ ഒരു കാഴ്ചപ്പാട് ഇതുവരെയും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

അശോകൻ ചരുവിൽ, അഡ്വ. കെ.പി. രവിപ്രകാശ്
അശോകൻ ചരുവിൽ, അഡ്വ. കെ.പി. രവിപ്രകാശ്

വികസനം, പരിസ്ഥിതി, നവോത്ഥാനത്തുടർച്ച, പാർശ്വവൽകൃത സമൂഹങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സാമൂഹിക വികാസം തുടങ്ങിയ വിഷയങ്ങളിൽ കാര്യക്ഷമമായ മുൻകൈയുണ്ടായില്ല. കെ റെയിൽ പദ്ധതിയെക്കുറിച്ച് ഒരു ജനപക്ഷ സമീപനം വിശദീകരിക്കാൻ ഇടതുസർക്കാറിന് കഴിയാതെ പോയത് ഇതുമൂലമാണ്. മൂലധന വിനിയോഗത്തിന്റെ രാഷ്ട്രീയപക്ഷം എങ്ങോട്ടായിരിക്കണം എന്നത്, അധികാരത്തിലിരിക്കുന്ന ഏത് ഇടതുപക്ഷ സർക്കാറുകളുടെയും മുന്നിലെ വലിയ ചോദ്യചിഹ്‌നങ്ങളായിരുന്നു, പശ്ചിമ ബംഗാൾ ഉദാഹരണം. ആ ഒരു "മാതൃക'യിലേക്കാണ് കേരളത്തിലെ സർക്കാറും സഞ്ചരിക്കുന്നത് എന്ന ആശങ്ക പങ്കുവക്കപ്പെട്ടപ്പോൾ അതിനെ ഗൗരവകരമായി ഉൾക്കൊള്ളുകയല്ല പാർട്ടി സംവിധാനം ചെയ്തത് എന്നതും, പക്വമായ ഒരു സമീപനമായി കാണാനാകില്ല.

ജനകീയാസൂത്രണത്തിന്റെ പരാജയത്തെക്കുറിച്ച് അഡ്വ. കെ.പി. രവിപ്രകാശ് എഴുതുന്നുണ്ട്. ജനകീയാസൂത്രണത്തിന്റെ ഓർമക്കുറിപ്പുകൾ, അതിന് നേതൃത്വം നൽകിയ ഡോ. ടി.എം. തോമസ് ഐസക്ക് ഫേസ്ബുക്കിൽ തുടർച്ചയായി എഴുതുന്നുണ്ട്. അത് വായിച്ചാലറിയാം, വിവിധ മേഖലകളിൽ വിശദമായ ചർച്ചകളും ആലോചനകളുമെല്ലാം നടക്കുകയും യാഥാർഥ്യബോധത്തിലൂന്നിയതും പ്രായോഗികമായതുമായ ഒരു വികേന്ദ്രീകൃത വികസന പരിപ്രേക്ഷ്യം മുന്നോട്ടുവക്കപ്പെടുകയും ചെയ്തിരുന്നു തുടക്കത്തിൽ. എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തന്റെ "ഓർമക്കുറിപ്പുകളിൽ' തോമസ് ഐസക്ക് പറയുന്നില്ല.

ജനകീയാസൂത്രണം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ ഇടതുസർക്കാർ തന്നെയാണ് നടത്തേണ്ടത്. പ്രളയത്തിനുശേഷം പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ച നവകേരള നിർമാണം, യഥാർഥത്തിൽ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടമായി ഏറ്റെടുക്കേണ്ട ഒരു പ്രക്രിയ കൂടിയായിരുന്നുവെന്നും ഓർക്കണം. ഇത്തരം ഗുരുതരമായ പിഴവുകളും കൂടി ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന ഒരു സർക്കാറിനെയാണ് കേരളത്തിന് ഇന്ന് ആവശ്യം.

വി.കെ. ഷറഫുദ്ദീൻ, മട്ടന്നൂർ, കണ്ണൂർ


ഓർമയിലെ മദ്രസക്കാലം

ഷംഷാദ് ഹുസൈൻ കെ.ടി. എഴുതുന്ന "മലപ്പുറം പെണ്ണിന്റെ ആത്മകഥ' ഞാൻ ഏറെ ഇഷ്ടത്തോടെയാണ് വായിക്കുന്നത്. കാരണം, അതിൽ പറയുന്ന പല അനുഭവങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. "മൊല്ലാച്ചികളുടെ മദ്രസകൾ' എന്ന അനുഭവക്കുറിപ്പിൽ നബിദിനാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. കുട്ടിക്കാലത്ത് ഞാനും കൂട്ടുകാരികളും വഴിയോരത്തുനിന്ന് സങ്കടത്തോടെ കണ്ട ഘോഷയാത്രകളെക്കുറിച്ച് ഓർമ വന്നു.

ഷംഷാദ് ഹുസൈൻ കെ.ടി.
ഷംഷാദ് ഹുസൈൻ കെ.ടി.

മദ്രസയിൽ ദിവസങ്ങൾക്കുമുമ്പേ ഒരുക്കം തുടങ്ങും. ഞങ്ങളെല്ലാം അതിൽ ഓടിനടന്ന് പങ്കെടുക്കും. എന്നാൽ, പരിപാടികളുടെ ദിവസമെത്തിയാൽ, ഞങ്ങൾ പെൺകുട്ടികൾക്ക് അവിടേക്ക് പ്രവേശനമില്ലാതാകും, വെറും കാഴ്ചക്കാർ മാത്രമാകും. ചെറിയ കുട്ടികളെ പോലും ഇങ്ങനെ എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് മുതിർന്നശേഷം തോന്നിയിട്ടുണ്ട്. ഇത്തരം സങ്കടങ്ങളുണ്ടെങ്കിലും മദ്രസക്കാലം ജീവിതത്തിലെ വിലപ്പെട്ട ഓർമകളുടേതാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങാനും കൂട്ടുകാരികളോടൊപ്പം സ്വകാര്യങ്ങൾ പറയാനും ഞങ്ങളുടേതുമാത്രമായ ഇടങ്ങളുണ്ടാക്കാനും പറ്റിയ ഒരു കാലമായിരുന്നു അത്.

മുംതാസ് റിയാസ്, മസ്‌ക്കറ്റ്, ഒമാൻ.


ഇനി വിദ്യാർഥികളും ഗാഡ്‌ജെറ്റുകളും സഹവസിക്കട്ടെ

വിനോദ്കുമാർ കുട്ടമത്ത് എഴുതിയ "ന്യൂ ജനറേഷന്റെ ക്ലാസ്‌റൂം പര്യായമല്ല ഗാഡ്‌ജെറ്റുകൾ' എന്ന പഠനം അതീവ ഗൗരവത്തോടെ വായിക്കപ്പെടേണ്ട ഒന്നാണ്. ഓൺലൈൻ പഠനവും അതിന്റെ സങ്കേതങ്ങളും രീതികളുമെല്ലാം പ്രാഥമിക തലത്തിൽ മാത്രമാണ് നാം പരിഗണിച്ചുപോരുന്നത്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഒരു വിനിയം എന്നതിൽനിന്ന് മാറി, ഒരു പുതിയ തലമുറയെ രൂപപ്പെടുത്തുന്ന സാമൂഹിക വികാസ പ്രക്രിയ എന്ന നിലയിൽ തന്നെ ഇതിനെ സമീപിക്കേണ്ടതുണ്ട്. ഇതിന്റെ സങ്കീർണതകളാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.അത് വ്യക്തി വികാസം മുതൽ സാമൂഹ്യ ബന്ധങ്ങളുടെ രൂപീകരണം, സാങ്കേതിക വിദ്യയുടെ രാഷ്ട്രീയപ്രയോഗം തുടങ്ങി നിരവധി തലങ്ങളിലേക്ക് വികസിക്കേണ്ടതുമുണ്ട്.

വിനോദ്കുമാർ കുട്ടമത്ത്
വിനോദ്കുമാർ കുട്ടമത്ത്

പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവം മനുഷ്യരെ കൂടുതൽ ഒറ്റപ്പെടുത്തി എന്ന നിരീക്ഷണം ലേഖകൻ പങ്കുവെക്കുന്നുണ്ട്. മുതിർന്ന തലമുറയെ സംബന്ധിച്ച് ഇത് ശരിയായിരിക്കാമെങ്കിലും പുതിയ തലമുറ, തങ്ങളുടെ ഇടപെടലുകളുടെ ഒരു സജീവലോകമായി ഈ സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്നുണ്ട് എന്നുവേണം കരുതാൻ. ശാരീരികമായ സഹവാസത്തെക്കുറിച്ചും സാമൂഹിക ശരീരത്തെക്കുറിച്ചുമൊക്കെയുള്ള യാഥാസ്ഥിതിക ധാരണകളെ തകർത്ത്, പുതിയ തലമുറക്ക് വളരെ വിപുലമായ ബന്ധങ്ങളും സമ്പർക്കങ്ങളും കൊണ്ടുവരാൻ കഴിയുന്നുണ്ട്. മാത്രമല്ല, ഭാവനയുടെയും സർഗാത്മകതയുടെയും അതിരില്ലാത്ത ഒരു പ്രപഞ്ചമാണ് അത് സൃഷ്ടിക്കുന്നത്, അല്ലാതെ, അതിനെ പരിമിതപ്പെടുത്തുകയല്ല ചെയ്യുന്നത്. മനുഷ്യ കേന്ദ്രിതമായ ജ്ഞാനവ്യവസ്ഥയിലും ബൗദ്ധികപ്രാമാണികതയിലും ഊന്നുന്ന ഒരു മനോഭാവമാണ്, പുതിയ തലമുറയുടെ വിമോചന പ്രവണതകളെ, മാനവികതയുടെ നഷ്ടവും സർഗാത്മകതയുടെ ശൂന്യതയുമൊക്കെയായി വിലകുറച്ചുകാണുന്നത്.

മാനവ് രാമചന്ദ്രൻ, കുണ്ടന്നൂർ, എറണാകുളം.


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ​ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർ​ഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments