ലൗ ജിഹാദ് കെട്ടുകഥയ്ക്ക് മറുപടിയുമായി
ഒരു റിയൽ സ്റ്റോറി

'ലൗ ജിഹാദ് ആന്റ് അദർ ഫിക്ഷൻസ്: സിംപ്ൾ ഫാക്ട്‌സ് ടു കൗണ്ടർ വൈറൽ ഫാൾസ്ഹുഡ്‌സ്’ എന്ന പുസ്തകത്തിന്റെ മൂന്നു ലക്ഷം കോപ്പികൾ രണ്ടാഴ്ച കൊണ്ടാണ് വിറ്റുപോയത്. സംഘപരിവാർ ഉയർത്തിവിടുകയും ഇപ്പോൾ ചില ക്രിസ്ത്യൻ രൂപതകൾ വൈറലാക്കുകയും ചെയ്യുന്ന വ്യാജ നരേറ്റീവിനെ തുറന്നുകാട്ടുന്ന വസ്തുതകളുടെ സമാഹാരമാണ് ഈ പുസ്തകം.

''ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു’’- സമൂഹമനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി, വർത്തമാനകാലത്തെ സാമാന്യബോധമായി ഏതാണ്ട് മാറിക്കഴിഞ്ഞ ഈ വ്യാജപ്രചാരണം എവിടെനിന്ന് കടന്നുവരുന്നു? 'ലൗ ജിഹാദ്', 'പോപ്പുലേഷൻ ജിഹാദ്' തുടങ്ങി വിവിധങ്ങളായ ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ നിന്നുരുവെടുത്ത കഥകൾ സോഷ്യൽ മീഡിയയുടെ ചിറകിലേറി ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്. നൂറുകണക്കായ വെബ്‌സൈറ്റുകൾ, പതിനായിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകൾ, ലക്ഷക്കണക്കായ ട്വീറ്റുകൾ, ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഇൻസ്റ്റാഗ്രാം വീഡിയോകൾ, റീലുകൾ എന്നിവകളിലൂടെ അവ നമ്മുടെ പൊതു ഇടങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പലപ്പോഴും നമ്മുടെ സൗഹൃദവലയത്തിലൂടെ- ഒരുവേള നമ്മുടെ ശുദ്ധരായ അയൽക്കാർ, അല്ലെങ്കിൽ സഹപ്രവർത്തകർ, അകന്ന ബന്ധു, പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ- അത് നമ്മിലേക്ക് കടന്നെത്തുന്നു. അടുപ്പം സൃഷ്ടിക്കുന്ന ആധികാരികതകളിലൂടെ അവ ജനസഞ്ചയങ്ങളുടെ ബോധത്തെ പതുക്കെ കീഴടക്കുന്നു. 'ഹിന്ദു അപകടത്തിൽ' എന്ന സംഘപരിവാർ വായ്ത്താരികളെ പൊതുമണ്ഡലത്തിലേക്ക് പ്രസരിപ്പിക്കുന്നതിനായി ആസൂത്രിതമായി നടക്കുന്ന ഈ പ്രചണ്ഡ പ്രചാരണങ്ങളുടെ സത്യാവസ്ഥ എന്തെന്ന് കണ്ടെത്താൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആരുമില്ലാത്ത, എന്നാൽ ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ വലിയ തോതിൽ ആളുകളുള്ള ഈ വാർത്തകൾ അവഗണിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അവ സമൂഹത്തിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഹിന്ദു രാഷ്ട്ര നിർമിതിക്കായുള്ള പൊതുസമ്മതി നേടിയെടുക്കുന്നതിന് സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ ഗൂഢാലോചനാ സിദ്ധാന്തത്തെ വളരെ ആഴത്തിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകമാണ് 'ലൗ ജിഹാദ് ആന്റ് അദർ ഫിക്ഷൻസ്: സിംപ്ൾ ഫാക്ട്‌സ് ടു കൗണ്ടർ വൈറൽ ഫാൾസ്ഹുഡ്‌സ്'. പത്രപ്രവർത്തകർ എന്ന നിലയിൽ പേരെടുത്ത മൂന്ന് വ്യക്തികളാണ് ശ്രമകരമായ ഈ ദൗത്യത്തിനുപിന്നിൽ ശ്രീനിവാസൻ ജെയ്ൻ, മറിയം അലാവി, സുപ്രിയ ശർമ്മ എന്നിവർ എഴുതി, അലേഫ് ബുക് കമ്പനി 2024 ജനുവരി 15ന് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മൂന്ന് ലക്ഷത്തോളം കോപ്പികൾ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വിറ്റുപോയി എന്നറിയുന്നതും നുണകളുടെ മലവെള്ളപ്പാച്ചിലിൽ സത്യത്തെ അന്വേഷിക്കുന്ന വലിയൊരു കൂട്ടം ജനങ്ങൾ ഇവിടുണ്ടെന്നതിന്റെ കൂടി തെളിവാണ്.

208 പേജു വരുന്ന ഈ പുസ്തകം, സംഘപരിവാരങ്ങൾ പൊതുബോധത്തിലേക്ക് തള്ളിവിടുന്ന വ്യാജവാർത്തകളുടെ പൊതുരീതികളെ വസ്തുതകളുടെ അകമ്പടിയോടെ തുറന്നുകാട്ടുന്നുണ്ട്. ആമുഖ ലേഖനത്തിൽ ലേഖകർ ഇപ്രകാരം എഴുതുന്നു: ''പത്രപ്രവർത്തകർ എന്ന നിലയിൽ, അധികാരത്തിന്റെ പരമ്പരാഗത മാട്രിക്‌സിൽ നിന്നുകൊണ്ട് രാഷ്ട്രീയക്കാരും സർക്കാരുകളും കോർപ്പറേഷനുകളും നടത്തുന്ന അവകാശവാദങ്ങൾ പരിശോധിക്കുന്നതിനാണ് ഞങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിച്ചത്. എന്നിരുന്നാലും ഈ പുസ്തകത്തിൽ ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് ചാറ്റുകളിലും സോഷ്യൽ മീഡിയ ഫീഡുകളിലും എവിടെ നിന്നെന്നറിയാതെ വന്നെത്തുന്ന ഒരു കൂട്ടം വൈറൽ വിവരങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഷാരൂഖ് ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും അവർ മുസ്‍ലിമായതിനാൽ മാത്രം ആരോപിക്കാൻ കഴിയുന്ന വിചിത്രമായ ഒരു പുതു സാധാരണാവസ്ഥയെ അവയുടെ വ്യാപനം സൂചിപ്പിക്കുന്നു''.

വസ്തുതകളുടെ പിൻബലമില്ലാത്ത, ഉറവിടമോ, ഉടമസ്ഥരോ ഇല്ലാത്ത ഇത്തര വാർത്തകൾക്ക് പിന്നിൽ നാം ഇതുവരെ കാണാത്ത സാമൂഹിക രാഷ്ട്രീയ കാരണങ്ങൾഎന്തെങ്കിലുംനിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ പുസ്തകത്തിലൂടെ ലേഖകർ ശ്രമിക്കുന്നത്. പത്ര പ്രവർത്തന മേഖലയിലെ ദീർഘകാല പ്രവർത്തന പരിചയം ഈയൊരു ശ്രമത്തിൽ അവരെ സഹായിക്കുന്നു. വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്തും സർക്കാർ രേഖകൾ പരിശോധിച്ചും പാർലമെന്ററി ചോദ്യങ്ങളിലൂടെ കടന്നുചെന്നും, സംഘപരിവാർ നേതാക്കളുമായി അഭിമുഖങ്ങൾ നടത്തിയും, അക്കാദമിക് പഠനങ്ങൾ വായിച്ചും, ഗ്രൗണ്ട് റിപ്പോർട്ടിംങ്ങുകളിലൂടെ സഞ്ചരിച്ചുമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

വ്യാജ വാർത്താ നിർമിതിക്ക് വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലം ആവശ്യമില്ല എന്നത് അവയെക്കുറിച്ചുള്ള അന്വേഷണം നിറയെ ''കണ്ണാടികളുള്ള ഹാളിൽ പ്രവേശിക്കുന്നത് പോലെയുള്ള'' അനുഭവമാണ് സമ്മാനിക്കുകയെന്ന് ലേഖകർ അഭിപ്രായപ്പെടുന്നു. അവ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു പദപ്രയോഗത്തിന്മേൽ നിന്നുകൊണ്ട് എന്തിനെയും തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാൻ സാധിക്കുന്ന തരത്തിലാണ് വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. 'ലവ് ജിഹാദ്' എന്ന ലേബൽ നിരവധി കേസുകളിൽ നിരന്തരം പ്രയോഗിക്കാൻ കഴിയുന്ന അവ്യക്ത നിർവ്വചനത്തോടുകൂടിയ ഒന്നാണെന്ന് പുസ്തകത്തിലൂടെ ലേഖകർ വിശദീകരിക്കുന്നു. വസ്തുതാ പരിശോധന അസാധ്യമാക്കും വിധം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാജവാർത്തകൾ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു പുതിയ സിദ്ധാന്തം അല്ലെങ്കിൽ പഴയ സിദ്ധാന്തത്തിന്റെ ഒരു ഉപ- പ്ലോട്ട് ദിനേനയെന്നോണം ഉറവെടുക്കുന്നു. പുസ്തകത്തിന്റെ ആദ്യ അധ്യായം 'ലവ് ജിഹാദി'നെക്കുറിച്ചാണ്. സംഘപരിവാർ ഉയർത്തിവിട്ട വ്യാജവാർത്തകളിൽ, ഗൂഢ സിദ്ധാന്തങ്ങളിൽ, ഏറ്റവും പ്രചലിതമായ ഒന്ന്. പിന്നീട് മൂന്ന് അധ്യായങ്ങളിലായി 'പോപ്പുലേഷൻ ജിഹാദ്', 'നിർബന്ധിത മതപരിവർത്തനം', 'മുസ്‍ലിം പ്രീണനം' തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നു. നിരവധി വ്യാജവാർത്തകളെ ഉദാഹരിച്ച് അവക്കുപിന്നിലെ വസ്തുതകളെ വെളിച്ചത്തുകൊണ്ടുവരുന്നു.

‘ലൗ ജിഹാദ് ആന്റ് അദർ ഫിക്ഷൻസ്: സിംപ്ൾ ഫാക്ട്‌സ് ടു കൗണ്ടർ വൈറൽ ഫാൾസ്ഹുഡ്‌സ് ' എന്ന പുസ്തകത്തിന്റെ എഴുത്തുകാരായ ശ്രീനിവാസൻ ജെയ്ൻ, സുപ്രിയ ശർമ്മ, മറിയം അലാവി

ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാര്‍ത്താ നിര്‍മ്മിതികളും ഒട്ടും പുതിയതല്ലെന്ന് നമുക്കറിയാം. പക്ഷേ, മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി അധികാരത്തിന്റെയും വന്‍കിട മൂലധനത്തിന്റെയും പിന്‍ബലത്തോടെയാണ് വര്‍ത്തമാന കാലത്ത് അവ കടന്നുവരുന്നത് എന്നത് അവയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള ആസൂത്രിതശ്രമം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത് എന്നത് വളരെ ആശാവഹമായ കാര്യമാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments