ചരിത്രത്തിന്റെ അസ്ഥികളിൽ
ഭാവനയുടെ വിരലുകൾ
തൊടുമ്പോളുയരുന്ന ചിറകടികൾ

പലതരം വായനക്കാർക്ക് സഞ്ചരിക്കാനുള്ള വഴികൾ, ‘മത്തിയാസ്’ എന്ന നോവൽ, അതിന്റെ ശരീരത്തിൽ തുറന്നിരിക്കുന്നു. ഓരോ വഴിയിലൂടെയും സഞ്ചരിച്ച് മതിവരാതെ വീണ്ടും പലവട്ടമൊഴുകാൻ പറ്റും വിധം കൈവഴികളുള്ള ആഖ്യാനശൈലി’’- എം. ആർ. വിഷ്ണുപ്രസാദിന്റെ ‘മത്തിയാസ്’ എന്ന നോവലിന്റെ വായന. സ്റ്റാലിന എഴുതുന്നു.

നിഗൂഢചിന്തകളുറങ്ങുന്നൊരു ഭൂഗർഭ ലൈബ്രറി*യിൽ നിന്ന് പുറപ്പെട്ടതെന്നു തോന്നും വിധത്തിൽ കാവ്യഭാഷയിലെഴുതപ്പെട്ട നോവൽ രൂപമാണ് എം.ആർ. വിഷ്ണുപ്രസാദിന്റെ ‘മത്തിയാസി’നുള്ളത്. പലതരം വായനക്കാർക്ക് സഞ്ചരിക്കാനുള്ള വഴികൾ അതിന്റെ ശരീരത്തിൽ തുറന്നിരിക്കുന്നു. ഓരോ വഴിയിലൂടെയും സഞ്ചരിച്ച് മതിവരാതെ വീണ്ടും പലവട്ടമൊഴുകാൻ പറ്റും വിധം കൈവഴികളുള്ള ആഖ്യാനശൈലി. നോവൽവഴികളിൽ കുറച്ചു നാളുകളായി സഞ്ചാരം നിർത്തിവെച്ചിരിക്കുന്ന എന്നെപ്പോലൊരാളെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ പ്രേരിപ്പിക്കും വിധം രസമുള്ളത്. അതേസമയം വീണ്ടും വായിക്കാനാകും വിധം അകക്കാമ്പുള്ളതും ഭാവനയുടെ ചിറകുകളുള്ളൊരാൾക്ക് ദൃശ്യപരതയിലഭിരമിക്കാനുതകും വിധത്തിൽ ചലച്ചിത്രമെന്ന പോലെ ചുരുളഴിയുന്നതുമായ രചന. ചരിത്രവും ശാസ്ത്രവും ഭാവനയും ഭാഷയും ഈ മട്ടിൽ ഇഴചേർന്ന് സഞ്ചരിക്കുന്നതിന് പിന്നിൽ കവിയെന്ന നിലയിൽ എം. ആർ. വിഷ്ണുപ്രസാദ് നേടിയെടുത്ത അനുഭവങ്ങളുടെ ബലമാണെന്നാണ് സഹകവിയെന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നത്.

ശാസ്ത്രത്തിൻ്റെ സാമൂഹികവ്യാപാരങ്ങളെക്കുറിച്ചും അതിൻ്റെ ചരിത്രത്തെക്കുറിച്ചും പഠിക്കുന്നൊരാളെന്നെ നിലയിൽ എനിക്ക് ഈ നോവലിൽ ഏറ്റവും താൽപ്പര്യമുണർത്തുന്ന വിഷയങ്ങളിലൊന്ന് ശരീരശാസ്ത്രവിജ്ഞാനത്തിൻ്റെ വളർച്ചയിൽ സമൂഹത്തിൻ്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിലപ്പെട്ട സംഭാവനകളെന്തെല്ലാമായിരിക്കാം എന്ന ചിന്തയിലേക്ക് ഭാവനയിലൂന്നിക്കൊണ്ട്, ഈ കൃതിയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കുന്നുവെന്നതാണ്.

നിഗൂഢചിന്തകളുറങ്ങുന്നൊരു ഭൂഗർഭ ലൈബ്രറി*യിൽ  നിന്ന് പുറപ്പെട്ടതെന്നു തോന്നും വിധത്തിൽ  കാവ്യഭാഷയിലെഴുതപ്പെട്ട നോവൽ രൂപമാണ് എം.ആർ. വിഷ്ണുപ്രസാദിന്റെ ‘മത്തിയാസി’നുള്ളത്.
നിഗൂഢചിന്തകളുറങ്ങുന്നൊരു ഭൂഗർഭ ലൈബ്രറി*യിൽ നിന്ന് പുറപ്പെട്ടതെന്നു തോന്നും വിധത്തിൽ കാവ്യഭാഷയിലെഴുതപ്പെട്ട നോവൽ രൂപമാണ് എം.ആർ. വിഷ്ണുപ്രസാദിന്റെ ‘മത്തിയാസി’നുള്ളത്.

ചരിത്രത്തിൻ്റെ ശരീരശാസ്ത്രവും ശരീരശാസ്ത്രത്തിൻ്റെ ചരിത്രവും സർഗ്ഗാത്മകതയുടെ സൂക്ഷ്മദർശിനിയിലൂടെ കടന്നുപോകുമ്പോൾ തീർക്കുന്ന ചിത്രരൂപങ്ങളെ അറിയാനുള്ള കാഴ്ച തുറന്നാൽ ഈ നോവൽ കൊളുത്തുന്ന ചിന്തയുടെ അനേകസാധ്യതകളെ നമുക്ക് കണ്ടെടുക്കാനാകും. അറിവിൻ്റെ വിതരണത്തിൽ നിലനിൽക്കുന്ന അധികാരരൂപങ്ങളെക്കുറിച്ച്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സഞ്ചരിയ്ക്കുന്ന മുറിവുകളെക്കുറിച്ച്, ആത്മാഭിമാനത്തോടെ ജീവിക്കാൻ നിരന്തരം പോരാടുന്ന അടിമജീവിതങ്ങളുടെ തുടർച്ചയെക്കുറിച്ച്, എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത ആ മുറിവുകളുടെ സഞ്ചാരപഥങ്ങളെക്കുറിച്ചൊക്കെയും ചോദ്യങ്ങളുയർത്തുന്ന നോവലിൽ തികച്ചും സമകാലീന രാഷ്ട്രീയ വിഷയങ്ങൾ കൂടി കൈയടക്കത്തോടു കൂടി തുന്നിച്ചേർത്തിരിക്കുന്നത് കാണുമ്പോൾ, രാഷ്ട്രീയജീവിയായ വായനക്കാരിയെന്ന നിലയിൽ സന്തോഷവും, കവിത സ്വന്തം മാധ്യമമായി സ്വീകരിച്ചിരിക്കുന്ന ഒരാളായിട്ടു പോലും നോവലിൻ്റെ വിശാലഭൂമികയിലെ രചനാസാധ്യതകളുടെ വശീകരിക്കുന്ന ആകർഷണവും ഇതെഴുതുന്നയാൾക്ക് അനുഭവപ്പെട്ടു.

മത്തിയാസിൻ്റെ വായനയിലുടനീളം വെളിപ്പെടുന്ന തത്വശാസ്ത്ര ചിന്താപദ്ധതിക്കനുയോജ്യമാം വിധം അർത്ഥഗർഭവും കാവ്യാത്മകവുമായ അവസാന ഭാഗം നോവലിന് ഏറെദൂരം കടന്നു പോകാൻ കരുത്തേകുന്നതുമാണ്.

ചരിത്രത്തിൻ്റെയും അധികാരത്തിൻ്റെയും ഭാഷയിൽ അധ്വാനിക്കുന്നവരുടെ കഥകളെക്കാൾ ചൂഷകരുടെ വാക്കുകളാണ് മുഴങ്ങികേൾക്കാറുള്ളത്. അത്തരം വിധേയശീലങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ഒരു കൃതിയെന്ന നിലയിൽ മത്തിയാസിൻ്റെ പ്രസക്തിയെ അടയാളപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ലോകം കണ്ട ഏറ്റവും ധിഷണാശാലികളായ മനുഷ്യരിലൊരാളായ കാൾ മാർക്സ് ഒരു കഥാപാത്രമായി കടന്നുപോകുന്നുണ്ടെന്നതാണ്. ഒരേസമയം വെല്ലുവിളിയും സാധ്യതയുമാകുന്ന ഒരാശയം നോവൽ രൂപത്തിൻ്റെ വിശാലമായ വഴികളുപയോഗിച്ച് വ്യത്യസ്തമായി ആവിഷ്ക്കരിക്കാൻ വിഷ്ണുപ്രസാദിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ മത്തിയാസിൻ്റെ ജീവിതത്തിൻ്റെ വിവിധ അടരുകളെ പരിശോധിക്കുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ മുൻവിധികൾക്ക് നിരക്കാത്ത വിധത്തിൽ അയാൾക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ട്, എഴുത്തുകാരൻ നല്ല നിരീക്ഷകനാകുന്നുണ്ട്. ജെന്നിയുടെ ശക്തമായ സാന്നിധ്യം തുടക്കത്തിലുണ്ടെങ്കിലും സ്ത്രീകഥാപാത്രങ്ങളുടെയൊന്നും തന്നെ കഥാപാത്രവികസനം പിന്നീടധികം പുരോഗമിക്കുന്നില്ലെന്ന് കാണാം. ഒരു പക്ഷേ പുതിയ കാലത്തിൻ്റെ വായനകൾക്കുതകുന്ന വിധത്തിൽ കോംപാക്ട് ആയി, ചുരുക്കി ഒതുക്കമുള്ള രീതിയിൽ നോവലിൻ്റെ ഘടന രൂപപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നുന്നതിനാലാകാം ഇത്. അല്ലെങ്കിൽ കേന്ദ്രകഥാപാത്രത്തെ പോലെ തന്നെ എഴുത്തുകാരനും സ്ത്രീകളുടെ ലോകത്തിലെ മുറിവുകളുടെ ആഴങ്ങൾ മനസ്സിലാക്കാൻ ഇനിയുമേറെ പഠനങ്ങൾ ആവശ്യമുണ്ടെന്ന് തിരിച്ചറിയുന്നതിനാലുമാകാം.

എം.ആർ. വിഷ്ണുപ്രസാദ്
എം.ആർ. വിഷ്ണുപ്രസാദ്

ഈ നോവൽ അവസാനിപ്പിച്ചിരിക്കുന്നത് തുടർച്ചകളേക്കുറിച്ചുള്ള ആഗ്രഹവും പ്രതീക്ഷയും ജനിപ്പിച്ചുകൊണ്ടാണ്. അവസാന അധ്യായമെന്നതിനേക്കാൾ അവസാന ദൃശ്യമെന്നെഴുതുന്നതാണ് കൂടുതൽ ചേരുക. വായിച്ചുകഴിയുമ്പോൾ കാലങ്ങൾ കടന്നെത്തുന്ന മനുഷ്യരുടെ ചിന്തകളുടെ ചിറകടികൾ വെളിച്ചമുള്ളിൽപേറുന്ന രാത്രികളുടെ തിരമാലകളാകുന്നെതെങ്ങനെയെന്ന് അനുഭവിക്കാം. മത്തിയാസിൻ്റെ വായനയിലുടനീളം വെളിപ്പെടുന്ന തത്വശാസ്ത്ര ചിന്താപദ്ധതിക്കനുയോജ്യമാം വിധം അർത്ഥഗർഭവും കാവ്യാത്മകവുമായ അവസാന ഭാഗം നോവലിന് ഏറെദൂരം കടന്നു പോകാൻ കരുത്തേകുന്നതുമാണ്.

ഈ നോവലിൻ്റെ തുടർവായനകളെയും അത് സഞ്ചരിച്ചേക്കാവുന്ന വഴികളെയും പ്രതീക്ഷയോടെ നോക്കിക്കാണുന്നു. നോവലിൻ്റെ ഉള്ളടക്കത്തിലേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വിധത്തിൽ ആഴമേറിയ മുഖച്ചിത്രമൊരുക്കിയ ഡോ.സുധീഷ് കോട്ടേമ്പ്രത്തിനെക്കുറിച്ച് പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.

*മൃത്യുഞ്ജയം എന്ന ഭൂഗർഭലൈബ്രറി - എം. ആർ. വിഷ്ണുപ്രസാദിൻ്റെ കവിത


Summary: Malayalam poet and performance artist M. R. Vishnuprasad's novel 'Mathias'. Stalina writes the review


സ്​റ്റാലിന

കവി, വിദ്യാഭ്യാസ പ്രവർത്തക, ഗ​വേഷക. വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments