ഭാഷയിലെ അയിത്തോച്ചാടനവും കേരള ഭാഷാ മോഡലും

കേരള സൊസൈറ്റി ഫോർ ലിംഗ്വിസ്റ്റിക് റിസർച്ച് ചങ്ങനാശ്ശേരി എസ്.ബി. കോളേജുമായി ചേർന്ന് പ്രസിദ്ധീകരിച്ച സി. ജെ. ജോർജിന്റെ ‘ഇംഗ്ലീഷാവിഷ്ടമായ മലയാളം' എന്ന പുസ്തകത്തിന്റെ വായന

ഭാഷയും സ്വത്വവും തമ്മിലുള്ള ഇഴബന്ധങ്ങൾ സാമൂഹ്യഭാഷാശാസ്ത്രത്തിന്റെ വിഷയമായാണ് സാധാരണ ചർച്ച ചെയ്യുന്നത്. ഭാഷകരുടെ അനന്യത വെളിവാക്കുന്നതിലും വ്യക്തിപരവും സാമൂഹികവുമായ സ്വത്വനിർണയത്തിന് ഉതകുന്ന ഭാഷാംശങ്ങളെ വെളിവാക്കുന്നതിലുമാണ്​ അത്തരം പഠനങ്ങൾ ശ്രദ്ധിക്കുന്നത്. ഭാഷയിൽ പ്രകടമായ അന്യഭാഷാസാന്നിധ്യം കാണുമെങ്കിലും ഭാഷകരുടെ സ്വത്വനിർമ്മിതിയിലെ നിഴലിഴകളായ അപരഭാഷാസാന്നിദ്ധ്യത്തിലേക്ക് നോട്ടം പതിയാറില്ല. അതിൽനിന്നു വ്യത്യസ്തമായി സി. ജെ. ജോർജിന്റെ ‘ഇംഗ്ലീഷാവിഷ്ടമായ മലയാളം' മലയാള സ്വത്വബോധത്തിന്റെ അപനിർമ്മിതിയാണ് നിർവ്വഹിക്കുന്നത്. ഇറക്കുമതി ചെയ്ത ആശയാലങ്കാര ജാടകളൊന്നുമില്ലാതെ തെളിഞ്ഞ മലയാളത്തിൽ കലർപ്പിന്റെ ഇഴകളുടെ നിഴൽക്കൂത്ത് തിരയുന്ന സ്വത്വവിചാരം, ഈ കൃതിയെ മലയാളഭാഷാസ്വത്വപഠനങ്ങളിൽ വേറിട്ടതാക്കുന്നു.

കാമ്പുള്ള സ്വത്വവിചാരണയായി മാറിയതുകൊണ്ട് അധിനിവേശാനന്തര സമൂഹപഠനങ്ങളുടെ ആഗോള സംവാദ പരിസരത്തിലേക്ക് ഈ പഠനം വേരാഴ്​ത്തുന്നുണ്ട്. പശ്ചാത്തല പഠന മാതൃകകളിൽനിന്ന് സമീപനത്തിൽ നയപരമായ ഭിന്നത പുലർത്തുക വഴി ആഗോള സ്വത്വപഠനങ്ങളുടെ തുടർച്ചയായി ഈ പഠനം മാറുന്നു. ഭാഷാസമൂഹത്തിന്റെ സ്വത്വബോധത്തെ ആഴമേറിയ അപനിർമാണത്തിന് വിധേയമാക്കിയത് അധിനിവേശാനന്തരസമൂഹപഠനങ്ങളാണ്. എഡ്വേർഡ് സെയ്ദ് (1979), അഹമ്മദ് എ. (1994), ഹോമി കെ. ഭാഭ (2000- 2002), ഗുഹി വാ തി ഓംഗേ (1986, 1993, 1994), ചിന്നുവാ അച്ചബേ (1958, 1994, 2006) എന്നിവരുടെ പഠനങ്ങൾ ഇവിടെ പശ്ചാത്തലമായി കാണാം.

സി. ജെ. ജോർജ്ജ്

മലയാളിയുടെ ഭാഷാജീവിതത്തെ നേർക്കുനേർ നോക്കി ഉൾക്കനമുള്ള സ്വത്വവിചാരത്തിലേക്ക് ജോർജ് കടന്നുപോകുന്നു. ഭാഷാസമ്പർക്കചരിത്രത്തെ അടിയാധാരമാക്കി, സംക്രമണത്തിന്റെ അടരുകൾ ഓരോന്നായി തെളിയിച്ച്, മലയാളത്തിന്റെയും മലയാളിയുടെയും സാംസ്‌കാരികവ്യാകരണത്തെയും അബോധത്തെയും അത് തുറന്നുകാട്ടുന്നു. സ്വത്വനിർമ്മിതിയെ ഭാഷാവഴക്കങ്ങളിലെ സാന്നിദ്ധ്യ- അസാന്നിദ്ധ്യങ്ങളായി വിളക്കിച്ചേർത്തു കാണാനും സമ്പർക്കവേളകളിൽ മലയാളം ഉൾക്കൊള്ളുന്ന പ്രകടമായ സമീപനങ്ങൾ എന്തെന്ന് തെളിച്ചത്തോടെ വിശദീകരിക്കാനും ഈ പഠനം ശ്രമിക്കുന്നു. അനുശീലിച്ച ഭാഷാനയത്തിന്റെ പിഴവഴി പരിശോധിക്കാനും മലയാളത്തിന്റെ തനതായ തിരഞ്ഞെടുപ്പ് സങ്കരവഴിയാണ് എന്ന് സ്ഥാപിക്കാനും ഈ പഠനത്തിനാകുന്നു. മലയാളഭാഷാപഠനങ്ങളുടെ ചരിത്രവഴിയിൽ ഒളിഞ്ഞും തെളിഞ്ഞും പതിഞ്ഞും കണ്ട നുറുങ്ങ് നോട്ടങ്ങളെ ചിക്കിച്ചികഞ്ഞെടുത്ത് കൂട്ടിയിണക്കി സ്വത്വപരിശോധന നടത്തിയപ്പോൾ അപരസംക്രമണധാരകൾ കണ്ടെത്താനും ഭാഷാവളർച്ചയുടെ വഴി മുടക്കുന്ന ഭാഷാമനോഭാവം എന്താണെന്നും എന്തുകൊണ്ടാണെന്നും തദ്ദേശീയമായ വഴികൾ എന്തെന്നുമെല്ലാം അന്വേഷിച്ച് ഉറപ്പിക്കാനും ഈ കൃതിക്ക് കഴിയുന്നു. അതുതന്നെയാണ് നവീനമായ കാഴ്ചയായി മാറാൻ ഈ കൃതിയെ സഹായിക്കുന്നതും.

കൊളോണിയൽ ആധുനികതയായി നിലയുറപ്പിച്ച ഇംഗ്ലീഷ് അധിനിവേശാനന്ത ഘട്ടത്തിലും കോളനിയിടങ്ങളിൽനിന്ന്​ പടിയിറങ്ങുന്നില്ല. സ്വത്വപ്രതിസന്ധിയായി മാറിയ ഇംഗ്ലീഷ്- ഭൂതത്തെ ഉച്ചാടനം ചെയ്യാനുള്ള ചർച്ചകൾക്ക് കുറവുമില്ല.

മലയാളത്തനിമയെക്കുറിച്ചുള്ള സ്വത്വാഭിമാനചിന്തകളെ അപഗ്രഥന വിധേയമാക്കുന്ന ഈ പഠനം മലയാളഭാഷാ സ്വത്വനിർമിതിയിലെ ദശാസന്ധികൾ ഒറ്റയൊറ്റയായി തൊട്ടുകാണിക്കുന്നുണ്ട്. സമ്പർക്കഭാഷകളുടെ സ്വാധീനവും ഭാഷാപരമായ പൊരുത്തപ്പെടലും വിവേചനവും ഉൾനിറഞ്ഞ മലയാള സ്വത്വഘടനയെക്കുറിച്ചുള്ള ഗഹനമായ അന്വേഷണമാണിത്.
മലയാള സ്വത്വത്തിന്റെ അപരഭാഷാ-അടരുകളിൽ പ്രമുഖമായ സംസ്‌കൃത- ഇംഗ്ലീഷ് ഭാഷകളോട് മലയാളം സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ പെരുമാറ്റവഴികളും, മാനകഭാഷാവരേണ്യതയും, നാട്ടുഭാഷാനിരാസവും, വാമൊഴി-വരമൊഴികളിലെ അപരഭാഷാസാന്നിദ്ധ്യവും വിവേചനവും ചർച്ചചെയ്തുകൊണ്ട് സമകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സാങ്കേതികപദനിർമ്മിതി സംബന്ധമായ വിചാരത്തിൽ ഇടപെട്ടുകൊണ്ട് അതിൽ സ്വീകരിക്കേണ്ടുന്ന പ്രായോഗികമായ ബഹുഭാഷാസമീകരണനയം തെളിച്ചെടുക്കുന്ന പഠനമാണിതെന്ന് ചുരുക്കിപ്പറയാം.

ഇംഗ്ലീഷിനോടുള്ള മലയാള സമീപനം

മലയാളിക്കുമാത്രമല്ല ലോകത്താകമാനമുള്ള അധിനിവേശിതസമൂഹങ്ങളിലൊക്കെ ഇനിയും തീർപ്പിലെത്താൻ കഴിയാത്ത ഒരു ഭാഷാപ്രശ്നമാണ് ഇംഗ്ലീഷിന്റെ ഭാഷാമേധാവിത്തം. ശാസ്ത്രസാങ്കേതികതയിലും വിവരസാങ്കേതികതയിലും ഇംഗ്ലീഷ് സ്വായത്തമാക്കിയ ആഗോളഗരിമയെ തള്ളിക്കളയാൻ വയ്യ. കൊളോണിയൽ ആധുനികതയായി നിലയുറപ്പിച്ച ഇംഗ്ലീഷ് അധിനിവേശാനന്ത ഘട്ടത്തിലും കോളനിയിടങ്ങളിൽനിന്ന്​ പടിയിറങ്ങുന്നില്ല. സ്വത്വപ്രതിസന്ധിയായി മാറിയിരിക്കുന്ന ഇംഗ്ലീഷ്- ഭൂതത്തെ ഉച്ചാടനം ചെയ്യാനുള്ള ചർച്ചകൾക്ക് കുറവുമില്ല. ആഫ്രിക്കൻ സന്ദർഭത്തിൽ ഗുഗിവാ തിയോംഗോയുടെ അപകോളനീകരണചിന്തകൾ ഒരുഭാഗത്തും ചിന്നുവാ അച്ചബെയുടെ സങ്കരഭാഷാസ്വത്വചിന്തകൾ മറുഭാഗത്തും നിലയുറപ്പിച്ച് ഭാഷാസാമ്രാജ്യത്വവിരുദ്ധത വെളിവാക്കുന്നു.

ചിന്നു അച്ച ബെ

ഇംഗ്ലീഷിനെ ആഫ്രിക്കൻ സംസ്‌കാരം പ്രകാശിപ്പിക്കാനുള്ള ഉപാധിയാക്കുക; അധിനിവേശസ്വഭാവമുള്ള ഇംഗ്ലീഷല്ല, മറിച്ച്, ആഫ്രിക്കൻ സ്വത്വം തിടമ്പേറ്റിയ ആഫ്രിക്കൻ ഉച്ചാരണത്തോടെയുള്ള ഇംഗ്ലീഷ്. അതിനെ ആഫ്രിക്കൻ ഭാഷകൾക്കൊപ്പം നിലനിർത്തണമെന്ന് അച്ചബെ വാദിക്കുന്നു. ഇംഗ്ലീഷിനെ സംബന്ധിച്ച് വ്യത്യസ്തമായൊരു സമീപനമാണ് ഗൂഗി വാ തിയോംഗോ മുന്നോട്ടുവെക്കുന്നത്. വീണ്ടും വീണ്ടും നമ്മെ നമ്മളിൽ നിന്നകറ്റി മറ്റൊന്നാക്കാൻ ശ്രമിക്കുന്ന ഇംഗ്ലീഷിനെ പുറത്താക്കുക. ഇംഗ്ലീഷിന്റെ മനോനിയന്ത്രണത്താൽ ആഫ്രിക്കക്കാർക്ക് സ്വത്വനിരാസമുണ്ടാകുന്നു എന്നതുകൊണ്ട് ഇംഗ്ലീഷ് വർജ്ജനം നിർബന്ധമാണെന്ന്​ അദ്ദേഹത്തിന്റെ വാദം. ഭാഷകളുടെ സഹസ്ഥിതിയും സങ്കലനവും ആഘോഷമാക്കി. അധിനിവേശഭാഷയും അധിനിവേശിതഭാഷകളും സഹവസിച്ചുണ്ടാകുന്ന സങ്കരമായ ഭാഷാസ്തിത്വത്തിൽ ഹോമി ഭാഭ നിലയുറപ്പിക്കുന്നു.

അധിനിവേശാനന്തരസമൂഹങ്ങളിൽ ഇംഗ്ലീഷ് ഉച്ചാടനചിന്തകൾ ശക്തമാണെങ്കിലും അത് പ്രയോഗതലത്തിൽ അമ്പേ പരാജയമാണ് എന്നാണ് കാണുന്നത്.

ഇന്ത്യൻ സന്ദർഭത്തിലും ഇംഗ്ലീഷ് വർജനവും ഇംഗ്ലീഷ് പ്രയോജനവാദവും ശക്തമാണ്. ഇംഗ്ലീഷിനെ ഒരു അധിനിവേശഭാഷയായി കാണേണ്ടതില്ല എന്നും അത് ദേശീയ ഭാഷാവൈവിധ്യങ്ങൾ ഉൾക്കൊണ്ട് മറ്റൊരു ഇന്ത്യൻ ഭാഷയായി, ഇന്ത്യൻ ഇംഗ്ലീഷ് ആയി മാറിയിട്ടുണ്ടെന്നുമുള്ള വാദം ശക്തമാണ് (അണ്ണാമലൈ 2004, ബ്രെച്ച് കച്ച്റു 1983). ആഗോളപൗരത്വത്തിന് ഇംഗ്ലീഷും പ്രാദേശികസ്വത്വത്തിനായി മാതൃഭാഷയും എന്ന നയം ഏതാണ്ട് സ്വീകാര്യമായിട്ടുണ്ട്. ഇംഗ്ലീഷ് വർജ്ജനനയത്തിന്റെ മുന ഒടിഞ്ഞ നിലയിലാണ് സമകാല ഇന്ത്യൻ സംവാദങ്ങൾ. ഇന്ത്യൻ ഭാഷകളിൽ വേരുറച്ചിരിക്കുന്ന സംസ്‌കൃതധാരയുടെ സവർണമുഖം എഴുത്തുഭാഷയെ നിയന്ത്രിക്കുന്നതിനാൽ അവർണരുടെ മുന്നേറ്റത്തിന് അത് സഹായകമാകില്ലെന്നും ഇംഗ്ലീഷ് അതിന് സഹായിക്കുമെന്നുമുള്ള വിശ്വാസവും ശക്തമാണ്. ചുരുക്കത്തിൽ, അധിനിവേശാനന്തരസമൂഹങ്ങളിൽ ഇങ്ങനെ ഇംഗ്ലീഷ് ഉച്ചാടനചിന്തകൾ ശക്തമാണെങ്കിലും അത് പ്രയോഗതലത്തിൽ അമ്പേ പരാജയമാണ് എന്നാണ് കാണുന്നത്.

അധിനിവേശത്തിന്റെ ശേഷിപ്പായ ഇംഗ്ലീഷ് പ്രശ്നം മലയാളസന്ദർഭത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തള്ളാനും വയ്യ കൊള്ളാനും വയ്യാത്ത അവസ്ഥ നമ്മളും പങ്കിടുന്നുണ്ട്. ഇംഗ്ലീഷും മലയാളവും സഹവസിക്കണം, അതല്ല ഇംഗ്ലീഷുമുക്ത മലയാളമാണ് വേണ്ടത് എന്നിങ്ങനെ വിഭിന്നമായ നിലപാടുകളുണ്ട്. ഇംഗ്ലീഷ് വർജ്ജനം തന്നെ വേണമെന്നുള്ളവർക്കും ഇംഗ്ലീഷ് മിശ്രണത്തോടെയുള്ള മലയാളമാകാമെന്നു വാദിക്കുന്നവർക്കും അമ്മമലയാളക്കാർക്കും സമകാല സങ്കര മലയാളക്കാർക്കും എല്ലാം തങ്ങളുടേതായ വൈകാരികവും ശുദ്ധാശുദ്ധി വേർതിരിവുകളും യുക്തിസഹമായ വിശദീകരണങ്ങളുമുണ്ട്. ഇങ്ങനെ പലതരം വാദപ്രതിവാദങ്ങൾ നിറയുന്നതൊഴിച്ചാൽ പരസ്പരം സഹകരിക്കാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്നില്ല എന്നതാണ് പ്രധാനം. ഈ പശ്ചാത്തലത്തിലാണ് അത്തരം വാദപ്രതിവാദത്തിൽ ഏതെങ്കിലും ഒരു പക്ഷം ചേരാതെ ഭാഷാസമ്പർക്കത്തിന്റെ യുക്തിയുക്തതയിലേക്ക് ജോർജ്ജിന്റെ പഠനം കടന്നെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതര സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായി ദ്രാവിഡം, സംസ്‌കൃതവിധേയമായ മലയാളം, ഇംഗ്ലീഷാവിഷ്ടമായ മലയാളം എന്നിങ്ങനെ മൂന്ന് ചരിത്രഘട്ടങ്ങളിലൂടെയുള്ള മലയാളത്തിന്റെ പെരുമാറ്റവഴികൾ അദ്ദേഹം സശ്രദ്ധം പരിശോധിക്കുന്നു. സമകാലപ്രാധാന്യമുള്ള മൂന്നാം ഘട്ടത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഈ പഠനം തുടങ്ങുന്നത്. പുസ്തകത്തിന്റെ പേരും അതുതന്നെയാണ് മുന്നോട്ടുവെക്കുന്നത്​.

ഇംഗ്ലീഷ് വാക്കൊഴിവാക്കി പകരം വെക്കുന്ന പദം പലപ്പോഴും സംസ്‌കൃതമായിരിക്കും എന്നതുകൊണ്ടുതന്നെ ഈ സംസ്‌കൃതീകരണത്തെ മലയാളീകരണമായി നാം തെറ്റിദ്ധരിക്കുന്നു.

അധിനിവേശഭാഷയായ ഇംഗ്ലീഷ് മലയാളത്തിൽ എത്ര ആഴത്തിലുള്ള വേരോട്ടമാണ് നടത്തിയിട്ടുള്ളതെന്ന സംക്രമണപരിശോധനയോടെയാണ് പഠനം തുടങ്ങുന്നത്. മലയാളത്തിലെ ഇംഗ്ലീഷ് പ്രഭാവത്തിന്റെ തെളിവുകളായി കുത്തും കോമയും അടങ്ങുന്ന ഇംഗ്ലീഷ് ചിഹ്നനവ്യവസ്ഥയുടെ ആദേശം, കർമ്മണിപ്രയോഗങ്ങളുടെ ധാരാളിത്തംപേറുന്ന വാക്യഘടനാസ്വാധീനം, വാക്കുകളുടെ ഇടകലരൽ മൂലമുണ്ടാകുന്ന വാക്യഘടനാപരമായ പുതുമകൾ, ഉച്ചാരണത്തിൽ വരുന്ന വ്യതിയാനങ്ങൾ, സന്ധിലോപവും ഇംഗ്ലീഷ് രീതികളും, കൂട്ടക്ഷരനിരാസം എന്നിങ്ങനെയുള്ളവ ചൂണ്ടിക്കാണിച്ച് വരമൊഴിയിലെ പുതുശീലങ്ങൾ അടയാളപ്പെടുത്തുന്നു. ഡോ. കെ. എം. ജോർജ്ജിന്റെ മലയാളഭാഷയിലെ പാശ്ചാത്യപ്രഭാവത്തിന്റെയും മറ്റും പിൻബലത്തോടെയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ മുൻപഠനങ്ങളൊക്കെ ഭാഷയുടെ രൂപപരമായ വിശകലനങ്ങളിൽ ഒതുങ്ങുമ്പോൾ ഇംഗ്ലീഷിന്റെ പ്രഭാവത്തെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവും-മനഃശ്ശാസ്ത്രപരവുമായ വിവക്ഷകളോടെ തിരിച്ചറിഞ്ഞ് അവതരിപ്പിക്കാനും ജോർജ്ജ് ശ്രമിക്കുന്നു.

മലയാളിയുടെ ഭാഷാജീവിതത്തിന്റെ ഓരോ ഇഴയിലുമുള്ള ഇംഗ്ലീഷിന്റെ സാന്നിദ്ധ്യം തൊട്ടുകാണിച്ച് നമ്മുടെ ജീവിതം ഇംഗ്ലീഷ് കലർന്ന ജീവിതമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഉദാഹരണമായി മലയാളിയുടെ കൈയ്യൊപ്പിലെ ഇംഗ്ലീഷ് സാന്നിദ്ധ്യം തെളിവുകളിലൊന്നായി അവതരിപ്പിക്കുന്നു. ഒപ്പിനൊപ്പം കുത്തും കോമയും വാക്കും മാത്രമല്ല നമ്മെ സ്വാധീനിക്കുന്ന നിരവധി മാതൃകകളും ഇംഗ്ലീഷ് സാന്നിദ്ധ്യമായി ഭാഷയിലുണ്ടെന്ന് അടയാളപ്പെടുത്തുന്നു. തുടർന്ന് എഴുത്തിലെ ഇംഗ്ലീഷുപദനിരാസത്തിലൂടെ അവയെ ഒഴിവാക്കാമെന്ന മലയാളചിന്തയെയാണ് ജോർജ്ജ് വിശകലനം ചെയ്യുന്നത്. ഇംഗ്ലീഷ് വാക്കൊഴിവാക്കി പകരം വെക്കുന്ന പദം പലപ്പോഴും സംസ്‌കൃതമായിരിക്കും എന്നതുകൊണ്ടുതന്നെ ഈ സംസ്‌കൃതീകരണത്തെ മലയാളീകരണമായി നാം തെറ്റിദ്ധരിക്കുന്നു. എന്നാൽ ഈ വിവർത്തനകർമ്മത്തിലൂടെ ഇംഗ്ലീഷ് ബാധ ഒഴിയുന്നില്ല. സബ്മിഷൻ മാറ്റി സമർപ്പണം എന്നെഴുതിയതുകൊണ്ട് പ്രത്യക്ഷത്തിൽ അതിനെ മറികടക്കുന്നതായി നടിക്കാമെങ്കിലും അപ്പോഴും ഇംഗ്ലീഷ് അപരവുമായി പൊരുത്തപ്പെടുന്നു എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. വാക്ക് പകരം വെയ്ക്കുമ്പോഴും അത് ഇരുന്ന ഇടം ആദ്യമവിടെ ഉണ്ടായിരുന്നു എന്ന വസ്​തുത നാം ശ്രദ്ധിക്കുന്നില്ല. ഇംഗ്ലീഷ് ക്രമം സൃഷ്ടിച്ച ഇടമാണ് അത്​. ഇതുപോലെയാണ് ‘ഫ്രം', ‘ടു' എന്നിവയുടെ കാര്യവും. അവ ലിപ്യന്തരണം ചെയ്ത് ഉപയോഗിക്കാതെ സംസ്‌കൃതപദം പകരം വെച്ചേ മതിയാകൂ എന്ന ശാഠ്യത്തെയും ജോർജ്ജ് കാരണപരിശോധന നടത്തുന്നുണ്ട്. അവിടെയൊക്കെ സംസ്‌കൃതത്തോടുള്ള ഒരു വിശേഷാഭിമുഖ്യം നിയമമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

പ്രബോധ ചന്ദ്രൻനായർ

ചുരുക്കെഴുത്തുകളുടെ അനുശീലനവും ഇംഗ്ലീഷ് പ്രേരിതമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനത്തെ അക്ഷരം ഉപയോഗിച്ചുള്ള തനത് ചുരുക്കെഴുത്തുമാതൃകയിൽനിന്ന് ആദ്യാക്ഷരം ഉപയോഗിക്കുന്നതിലേക്കുള്ള മാറ്റം ഉദാഹരണസഹിതം വിശദീകരിക്കുന്നു. ഇത്തരം വസ്തുതാപരിശോധനകളിലൂടെ സഞ്ചരിച്ച്, ആധുനികമായ ആശയങ്ങളുടെ മാതൃഭാഷയായി നമുക്ക് മുന്നിൽ കൊളോണിയൽ ആധുനികതയുടെ ശിഷ്ടപത്രമായി നിലയുറപ്പിച്ച ഇംഗ്ലീഷ് സാന്നിദ്ധ്യമാണ് നാം നമ്മുടെ ആധുനികജീവിതമായി മനസ്സിലാക്കുന്നതെന്ന് വിലയിരുത്തുന്നു. അത്​ സവിശേഷമായ ശ്രദ്ധയർഹിക്കുന്നുണ്ട്. ഇംഗ്ലീഷിനെ ഇങ്ങനെ ജീവിതത്തോടു ചേർത്തുനിർത്തുമ്പോഴും വാമൊഴിയിൽ ഇംഗ്ലീഷിന് കൈവന്ന പ്രഭാവം അതേപോലെ വരമൊഴിയിലേക്ക് കടന്നുകയറാൻ അനുവദിക്കുന്ന കാര്യത്തിൽ മലയാളികൾ പ്രകടിപ്പിക്കുന്ന വൈമുഖ്യം എന്തുകൊണ്ട് എന്ന അന്വേഷണമാണ് ജോർജ്ജ് തുടർന്ന് നടത്തുന്നത്. ഭാഷയിൽ അലിഞ്ഞുചേർന്നിട്ടുള്ള സംസ്‌കൃതവാദത്തെയാണ് അതുവഴി തുറന്നുകാണിക്കുന്നത്. ഇവിടെ, ഭാഷയിൽ ഇംഗ്ലീഷ് സാന്നിദ്ധ്യം ആകാമെന്ന ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായരുടെ വാദത്തിനൊപ്പം ജോർജ്ജും കൈകോർക്കുന്നു.

മലയാളഭാഷയിലെ കേരളാമോഡൽ

‘‘അറിവിന്റെയും അനുഭൂതിയുടെയും ആവിഷ്‌കാരങ്ങൾക്ക് ജന്മം കൊടുക്കാത്ത ഭാഷകൾ വിശേഷാർത്ഥത്തിൽ വന്ധ്യഭാഷകളാണ്. അങ്ങനെയുള്ള ഭാഷകളുടെ ഭാഷാസമൂഹങ്ങൾ സാമൂഹികവികാസവും വൈജ്ഞാനികവികാസവും ഉൾക്കൊള്ളേണ്ടിവരുമ്പോൾ മറ്റു ഭാഷകളിൽനിന്ന് ആശയങ്ങളും ആവിഷ്‌കാരങ്ങളും ശേഖരിക്കാൻ നിർബന്ധിതരാകുന്നു.

യഥാർത്ഥത്തിൽ എഴുത്തിൽ കടക്കാത്ത ഭാഷകൾപോലും വന്ധ്യമല്ല. ഭാഷകളെല്ലാം സർഗ്ഗാത്മകമാണ്. ആശയങ്ങളും അറിവും ആവിഷ്‌കാരങ്ങളും എല്ലാ ഭാഷകൾക്കുമുണ്ട്. എല്ലാ സമൂഹവും അത് എത്ര ചെറുതായാലും തങ്ങൾക്കാവശ്യമുള്ളതെല്ലാം വികസിപ്പിച്ചിരിക്കും.

അപ്പോൾ ആ ഭാഷ പാത്രമായി മാറുന്നു. പാത്രഭാഷ എന്നൊരു സവിശേഷ പ്രയോഗംപോലും സാധ്യമാണെ് തോന്നുന്നു.'' ഈ അവസ്ഥയെയാണ് ഭാഷയിലെ കേരളാമോഡലായി ജോർജ്ജ് കാണുന്നത്. വായ്പയെടുക്കലിനെ തെറ്റായെടുക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെങ്കിലും ഈ നിരീക്ഷണം ഭാഷയിലെ സംസ്‌കൃതവിധേയത്വ വിമർശനവുമായി തുടർന്ന് കണ്ണിചേർക്കുന്നതായി കാണാം. ജോർജ്ജിന്റെ ‘പാത്രഭാഷാ'പ്രയോഗത്തോട് വിയോജിക്കാതെതന്നെ ‘വന്ധ്യഭാഷാ'പ്രയോഗത്തോട് ഒരു തലത്തിൽ വിയോജിക്കേണ്ടിവരുന്നു. ഏകപക്ഷീയമായ ആശയസ്വീകാരവും ചിന്താപരമായ അലസതയും സൂചിപ്പിക്കാനാകണം ജോർജ്ജ് ഉദ്ദേശിച്ചത്. ഈ പ്രയോഗത്തിന്റെ സാന്ദർഭികാർത്ഥം എഴുത്തുഭാഷയെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ എഴുത്തിൽ കടക്കാത്ത ഭാഷകൾപോലും വന്ധ്യമല്ല എന്നുചൂണ്ടിക്കാണിക്കാതെ വയ്യ.

ഭാഷകളെല്ലാം സർഗ്ഗാത്മകമാണ്. ആശയങ്ങളും അറിവും ആവിഷ്‌കാരങ്ങളും എല്ലാ ഭാഷകൾക്കുമുണ്ട്. എല്ലാ സമൂഹവും അത് എത്ര ചെറുതായാലും തങ്ങൾക്കാവശ്യമുള്ളതെല്ലാം വികസിപ്പിച്ചിരിക്കും. വാമൊഴിയിലാണിത് നിലനിൽക്കുന്നതെന്നു മാത്രം. എഴുത്തുവിദ്യ പല സമൂഹങ്ങളുടെയും നിലനിൽപ്പിന് നിർബന്ധമായ ഒന്നല്ല. ആവശ്യം വരുമ്പോൾ വികസിപ്പിക്കുന്ന സാങ്കേതികത മാത്രമാണിത്. ലോകഭാഷകളെല്ലാം കൊടുത്തും വാങ്ങിയും തന്നെയാണ് അതിജീവിക്കുന്നത്. ചിലത് പ്രകടമായും മറ്റു ചിലത് ഗോപ്യമായും കൈമാറ്റം തുടരുന്നു. സമ്പർക്കസന്ദർഭങ്ങളിൽ ചിലത് സ്വീകരിക്കുന്നു. ചിലത് നിരാകരിക്കുന്നു. ചിലത് ആധിപത്യം കാട്ടുന്നു എന്നതും വാസ്തവമാണ്. സംസ്‌കൃതസമ്പർക്കത്തിന് ശേഷമാണ് പല പുതിയ ശാഖകളും യൂറോപ്പിൽ വികസിച്ചത്. ഇംഗ്ലീഷ് സമ്പർക്കത്തിലൂടെയാണ്​ പലവിജ്ഞാനങ്ങളും നാട്ടുഭാഷയ്ക്ക് പരിചയിക്കാനിടയായത്. ആ നിലയ്ക്ക് പാത്രഭാഷ എന്നത് സ്വീകരിക്കുന്ന ഭാഷയാണ്. രൂപങ്ങളുടെയും ആശയങ്ങളുടെയും സ്വീകാരം ഭാഷയെ കൂടുതൽ സർഗ്ഗാത്മകമാക്കുന്നു.

ആശയങ്ങളും രൂപങ്ങളും സ്വീകരിച്ച് വളരുകയാണ് സമ്പർക്കസാഹചര്യത്തിൽ മലയാളി കൈക്കൊള്ളുന്ന നയം. വെടിപ്പായി തനിക്കാക്കുക അഥവാ ഉൾക്കൊണ്ട് തനതാക്കുക എന്നു പറയാം. ചിലർ വെടക്കാക്കി തനിക്കാക്കുക എന്നും പറയാറുണ്ട്. യഥാർത്ഥ ചിത്രം അതല്ല. അന്യതയെ വെറുപ്പോടെ അകറ്റുകയോ ഒഴിവാക്കി പ്രതിരോധിക്കുകയോ അല്ല മറിച്ച് മലയാളീകരിച്ച് ഉൾക്കൊള്ളുകയാണ് പതിവുരീതി. ഇതാകട്ടെ തുറമുഖ സംസ്‌കൃതിയിൽനിന്ന് മലയാളി ആർജ്ജിച്ച പ്രയോഗകൗശലമാണെന്ന് പറയാം. പരകീയപദങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ വാമൊഴിയിൽ പ്രഭാവമുള്ള ഇംഗ്ലീഷും വരമൊഴിയിൽ പ്രഭാവമുള്ള സംസ്‌കൃതവുമൊക്കെ മലയാളിയുടെ തനതുവൽക്കരണശീലങ്ങളാണ് എന്നുകാണാം. ആദ്യകാലത്ത് സംസ്‌കൃതത്തിന് വാമൊഴിയിൽ ഇടം കിട്ടിയില്ല. ഇപ്പോഴും പ്രാദേശികഭാഷാഭേദങ്ങളിലില്ല. എന്നാൽ എഴുത്തിൽ പ്രബലസാന്നിദ്ധ്യവുമുണ്ട്. എഴുത്തുഭാഷ മാനകമായതോടെ വാമൊഴിയും ക്രമേണ വരമൊഴിക്ക് അധീനമായിമാറി. എന്നാൽ, ഇപ്പോഴും അനൗപചാരികമായ ഇടങ്ങളിലേതാണ്ടും നാട്ടുമൊഴിക്കുതന്നെയാണ് മുൻതൂക്കം.

മലയാളത്തിലെ സംസ്‌കൃതപ്രഭാവം

മാതൃഭാഷ, മാനകഭാഷ, വരമൊഴി എന്നിങ്ങനെ വിവിധ സങ്കൽപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് മലയാളത്തിലെ സംസ്‌കൃതപ്രഭാവം ചർച്ച ചെയ്യുന്നത്. സംസ്‌കൃത നിഷ്ഠമായ വരമൊഴിയും അതിനുചേർന്ന മാനകമലയാളവും സംസ്‌കൃതാധിനിവേശപരമാണെന്നും അധിനിവേശ വരേണ്യതയായി ഇത് മലയാളത്തെ നിയന്ത്രിക്കുന്നു എന്നുമുള്ള കാഴ്ചപ്പാട് തെറ്റല്ല. മലയാള ഭാഷാസ്വത്വത്തിന്റെ അപനിർമിതിയിൽ സംസ്‌കൃതത്തിന്റെ അടര് പൊളിച്ചു കാണിക്കാനുള്ള ശ്രമമാണിത്. സംസ്‌കൃതത്തിന്റെ പ്രഭാവം അംഗീകരിക്കുകയും അതേ ഭാഷാകുടുംബത്തിലുള്ള ഇംഗ്ലീഷിന്റെ സാന്നിദ്ധ്യം എഴുത്തുഭാഷയിൽ നിരസിക്കുകയും ചെയ്യുന്നിടത്ത് ജോർജ്ജ് വിസംവാദത്തിലാകുന്നു. ഇവിടെ കാണുന്ന വിവേചനത്തിനടിസ്ഥാനമായി, എഴുത്തുഭാഷയേയും മാനകഭാഷയേയും നിയന്ത്രിക്കുന്ന ഭൂതസാന്നിദ്ധ്യമായി സംസ്‌കൃതത്തെ തിരിച്ചറിയുന്നു. അതിലൂടെ വരേണ്യമായ ഒരു ചിന്താധാര മലയാളത്തിൽ ഭാഷാപ്രകൃതമായത് വെളിപ്പെടുത്തുന്നു. ഇതിനെയാണ് ശുദ്ധാശുദ്ധി സാംസ്‌കാരിക പ്രത്യയശാസ്ത്രത്തിന്റെ നിഴലാട്ടമായി തെളിച്ചെടുക്കുന്നത്.

മലയാളഭാഷാ പരിണാമം സംസ്‌കൃതാധിനിവേശമോ അന്യഭാഷാസമന്വയമോ എന്ന ഭിന്ന വ്യാഖ്യാനങ്ങൾ സാധ്യമാണ്. എങ്കിലും സംസ്‌കൃതാധിനിവേശവരേണ്യതയ്ക്കാണ് ജോർജ്ജ് ഊന്നൽ നൽകിയത്

സംസ്‌കൃതത്തിനുള്ള മുൻതൂക്കത്തെക്കുറിച്ചും മാനകീകരണത്തെക്കുറിച്ചും അധിനിവേശവരേണ്യതയുമായി ബന്ധപ്പെടുത്തിയുള്ള നിരീക്ഷണം സ്വത്വപരിശോധനയിലും തെളിയുന്നുണ്ട്. ഇതിനൊരു മറുപക്ഷവും ആയിക്കൂടേ എന്ന് ആലോചിക്കാവുന്നതാണ്. അന്യഭാഷാ തദ്ദേശീകരണമായോ മലയാളീകരണമായോ വിലയിരുത്താവുന്നതുമാണ് പ്രസ്​തുത പ്രക്രിയ. തമിഴിൽനിന്നുഭിന്നമായ മൊഴിമലയാളം, മലയാള വരമൊഴി എന്നിവയുടെ രൂപീകരണത്തിൽ സംസ്‌കൃതസമ്പർക്കം സഹായകമായിട്ടുണ്ട്. തമിഴേതരമായ മലയാള സ്വത്വനിർമ്മിതിയിൽ സങ്കരസ്വത്വമായി അത് നിലനിൽക്കുന്നു. മലയാളഭാഷാ പരിണാമം സംസ്‌കൃതാധിനിവേശമോ അന്യഭാഷാസമന്വയമോ എന്ന ഭിന്ന വ്യാഖ്യാനങ്ങൾ സാധ്യമാണ്. എങ്കിലും സംസ്‌കൃതാധിനിവേശവരേണ്യതയ്ക്കാണ് ജോർജ്ജ് ഊന്നൽ നൽകിയത്: ‘‘വാമൊഴി പൊതുവെയും അതിലെ പ്രാന്തസ്തവും പാമരജന പ്രസിദ്ധവുമായ പദങ്ങളെ പ്രത്യേകിച്ചും നിരസിക്കുകയാണ് മാനകീകരണത്തിലൂടെ നടന്നത്.’’
ശുദ്ധിയുള്ള ഭാഷയാണ് മാന്യമായ ഭാഷ എന്നും അത്​ കടംകൊണ്ട സംസ്​കൃതാംശങ്ങളെ വൈദിക സംസ്​കൃതിയോടെ സംരക്ഷിക്കുന്നതിലൂടെ കൈവരുന്നതാണെന്നും ഉള്ള പ്രതീതിബോധ്യങ്ങളോടെയാണ് മാനകഭാഷ രൂപമെടുത്തത് എന്നും മാത്രമല്ല, അതിന്റെ ഭാഗമായി എപ്പോഴും അശുദ്ധിയെക്കുറിച്ചുള്ള ഉത്കണ്ഠ പുലർന്നിരുന്നുവെന്നുമുള്ള ജോർജ്ജിന്റെ നിരീക്ഷണം അധിനിവേശ വരേണ്യതയെ സ്പഷ്ടമാക്കുന്നു. നാട്ടുശബ്ദങ്ങളോടുള്ള അയിത്തവും വരേണ്യ മാനകീകരണവും വിപുലീകരണ സാധ്യതയുള്ള ആശയങ്ങളാണ്. ഇതോടൊപ്പം ചേർത്തു വെക്കാവുന്ന മലയാളഭാഷീകരണ സമീപനവും പ്രസക്തംതന്നെ.

മലയാള ഭാഷീകരണം

മണിപ്രവാള സമവാക്യമായ ദ്രാവിഡ സംസ്‌കൃത സഹജീവനത്തിൽ രണ്ടും ഭിന്ന സാന്നിദ്ധ്യങ്ങളായി നിലനിന്നു. ലീലാതിലകകാരൻ വിഭക്ത്യന്ത സംസ്‌കൃതരൂപങ്ങളെ ത്രൈവർണിക കേരളഭാഷയായ ഉത്​കൃഷ്​ട ഭാഷയായും ദ്രാവിഡ സാന്നിദ്ധ്യത്തെ അപകൃഷ്ട ഭാഷയായും സ്വത്വവിവേചനം നടത്തി. ഈ ത്രൈവർണികാനുഭാവത്തെ ഭാഷീയമാക്കാൻ കൂന്തൽവാദവും മുന്നോട്ടുവെച്ചു. എഴുത്തച്ഛനാകട്ടെ അന്യത്തെ തദ്ദേശീകരിക്കാനുള്ള സംലയന വ്യാകരണം പ്രായോഗികമാക്കി. അന്യതയുമായി സന്ധി ചെയ്യുക എന്നത് തദ്ദേശീകരണത്തിലൂടെ ആകണമെന്ന നിർബന്ധം എഴുത്തച്ഛനുണ്ടായിരുന്നു.

മലയാളത്തിലെ സംസ്‌കൃതമേധാവിത്വത്തെ തടയാൻ മിഷണറി ഇടപെടലുകൾക്കോ തദ്ദേശീയരായ ഭാഷകർക്കോ കഴിഞ്ഞിരുന്നില്ല. അതേസമയം അറബിമലയാള സാഹിത്യത്തിന് ദ്രാവിഡപാരമ്പര്യം ഒരുപരിധിവരെ തുടരാനായി എന്നും കാണാം

അന്യതയെ അകറ്റിനിർത്തുന്ന പ്രതിരോധമല്ല; മറിച്ച് ഉൾക്കൊള്ളുന്ന സമീകരണമാണ് മലയാള സ്വത്വനിർമ്മിതി സാധ്യമാക്കുന്നത് എന്നതായിരുന്നു എഴുത്തച്ഛനിൽ പ്രവർത്തിച്ച നിലപാട്. ഒരുപക്ഷെ എഴുത്തച്ഛൻ അഭിമുഖീകരിച്ചത് അക്കാലത്ത് സർഗ്ഗാത്മകവും വൈജ്ഞാനികവുമായ സമ്പത്തുള്ള മറ്റേതെങ്കിലും ഒരു ഭാഷയുമായുള്ള സമ്പർക്കമാണ് എന്നിരിക്കിൽപ്പോലും അദ്ദേഹം കൈക്കൊള്ളുമായിരുന്ന സമീപനം ഇതുതന്നെയാകുമെന്ന് ഉറപ്പിക്കാം. തമിഴിൽനിന്നും സംസ്‌കൃതത്തിൽനിന്നും ഭിന്നമായ മലയാള സ്വത്വസ്ഥാപനം ആയിരുന്നു അദ്ദേഹം നിർവ്വഹിച്ചത്. മാർഗ്ഗമേതായാലും ലക്ഷ്യമാണ് പ്രധാനമെന്ന സമീപനം എഴുത്തച്ഛനും സ്വീകരിച്ചു. തദ്ദേശീയ പദങ്ങൾക്കും സുകുമാര സംസ്‌കൃതപദങ്ങൾക്കും മലയാള വിഭക്തിയും സാധാരണമല്ലാത്ത സംസ്‌കൃതപദങ്ങൾക്ക് സംസ്‌കൃതവിഭക്തിയും എന്ന ഫോർമുല രൂപീകരിച്ച് സംസ്‌കൃതഭാവനയെ മലയാളീകരിക്കുകയെന്ന പ്രക്രിയ എഴുത്തച്ഛൻ പൂർത്തിയാക്കി.

തിരൂരിലെ തുഞ്ചൻ സ്മാരകത്തിലെ എഴുത്താണിയുടേയും എഴുത്തോലയുടേയും തത്തയുടേയും ശില്പം / Photo: Wikimedia Commons

ദ്രാവിഡമായ വർണവ്യവസ്ഥയ്ക്ക് ഈ പ്രക്രിയയെ ഉൾക്കൊള്ളാനുള്ള പരിമിതി അറിഞ്ഞ് അതിഖരമൃദുഘോഷാദി സംസ്‌കൃത വർണങ്ങളെ ഉൾക്കൊണ്ട്, വർണവ്യവസ്ഥ വിപുലീകരിച്ച് അന്യതയെ ഉൾക്കൊള്ളുന്ന മലയാള സങ്കലനസംസ്‌കാരത്തോട് അദ്ദേഹം ചേർന്നുനിന്നു. ഈ ഉൾക്കൊള്ളൽ പ്രക്രിയ സംസ്‌കൃതത്തിന്റെ മലയാളീകരണമാണ് ഉറപ്പിച്ചത്. അന്യതയുടെ സ്വാംശീകരണം ഉറപ്പുവന്നതോടെ സംസ്‌കൃത ക്രിയാധാതുക്കളെല്ലാം മലയാള ഘടനയിലേക്ക് ആവാഹിച്ചെടുത്ത് പദാവലീവികസനം സാധ്യമാക്കി. നേർവായ്​പ, ലിപ്യന്തരണം, വ്യതിചലന വായ്​പ, നിഷ്പാദനം, സമാസം എന്നീ മാർഗങ്ങൾ സ്വീകരിച്ചു. ഈ സാംസ്‌കാരിക പ്രക്രിയയെ അന്യഭാഷാ സമന്വയം എന്നുതന്നെ പറയാവുന്നതാണ്​. അത് അംഗീകരിച്ചുകൊണ്ടുതന്നെ സംസ്‌കൃതത്തിന്റെ അധിനിവേശ വരേണ്യത മലയാള മാനക ഭാഷാസ്വത്വത്തെ നിർണയിക്കുന്നു എന്ന് ജോർജ്ജ് വാദിക്കുന്നു. അതൊക്കെ തെറ്റെന്നല്ല ഇവിടെ പറയുന്നത്. വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം.

മലയാളത്തിന്റെ സാമൂഹിക ഭാഷാശാസ്ത്രം

മണിപ്രവാളത്തിൽ ആരംഭിച്ച സംസ്‌കൃത സംക്രമണം എഴുത്തച്ഛനിലൂടെ ദ്രാവിഡ പൈതൃകത്തിനുമുകളിൽ പദസമ്പത്തുകൊണ്ട് സ്ഥാനം ഉറപ്പിച്ചു. സർഗ്ഗാത്മകതയുടെയും വിജ്ഞാനത്തിന്റെയും സംസ്‌കൃതകേന്ദ്രിതമായൊരു ഭാഷാശീലം മാതൃഭാഷാസങ്കൽപ്പത്തിലും ആസൂത്രണത്തിലും പ്രകടമാണ്. ‘‘മലയാളത്തിന്റെ ശരീരവും ആത്മാവും സംസ്‌കൃതമായി.'' മലയാളത്തിലെ സംസ്‌കൃതമേധാവിത്വത്തെ തടയാൻ മിഷണറി ഇടപെടലുകൾക്കോ തദ്ദേശീയരായ ഭാഷകർക്കോ കഴിഞ്ഞിരുന്നില്ല. അതേസമയം അറബിമലയാള സാഹിത്യത്തിന് ദ്രാവിഡപാരമ്പര്യം ഒരുപരിധിവരെ തുടരാനായി എന്നും കാണാം. എങ്കിലും ‘‘നിലവാരഭാഷയെ സംബന്ധിച്ച സാമാന്യബോധം സംസ്‌കൃതോന്മുഖമാണ്''. ഔപചാരികവും മാനകവും ഗൗരവം നിറഞ്ഞതുമായ ഭാഷ സംസ്‌കൃതനിഷ്ഠമായ മലയാളമാണ് എന്ന ധാരണക്ക് പ്രാമാണ്യമുണ്ട്.

നാട്ടുപദങ്ങളുടെ ഇടം നഷ്ടപ്പെട്ടതും അവസ്ഥയും സംസ്‌കൃതാധിനിവേശഫലമാണ്. ഇത്തരത്തിൽ മലയാളിയുടെ ഭാഷാസ്വത്വം സംസ്‌കൃതകേന്ദ്രിതമാണെന്നും അത് സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധി എന്തെന്നു കാണേണ്ടതുണ്ടെന്നും ജോർജ്ജ് ഓർമിപ്പിക്കുന്നു. നാട്ടുപദങ്ങളെ നിരസിക്കുന്നതിനൊപ്പം ഇംഗ്ലീഷിന് എഴുത്തിൽ ഇടം നൽകാതിരിക്കുകയും ചെയ്യുന്നതിനുപിന്നിൽ ആഴത്തിലുള്ള, അബോധാത്മകമായ സംസ്‌കൃതവിധേയത്വമാണെന്ന് അദ്ദേഹം അടിവരയിടുന്നു: ‘‘സംസ്‌കൃതത്തോടുള്ള അഭിരതിയും അനുകൂലതയും നമ്മുടെ ഭാഷാബോധത്തിന്റെ, ഭാഷാമനോഭാവത്തിന്റെ ഒരു ചുഴികുറ്റിയായി നിലകൊള്ളുന്നു എന്ന ജോർജ്ജിന്റെ നിഗമനത്തെ മലയാള ഭാഷക സമൂഹത്തിന്റെ ഭാഷാവിശ്വാസപരമായ പ്രവണതയുടെ വിശകലനമായി കാണാം. സംസ്‌കൃതാശ്രിതത്വത്തിന് തെളിവായി ജോർജ്ജ് സാങ്കേതികപദാവലീ ചർച്ച ഉദാഹരിക്കുന്നു. മലയാളത്തിലെ സാങ്കേതികപദങ്ങൾ പൊതുവിൽ സംസ്‌കൃതാഭിമുഖ്യം പുലർത്തുന്നുവെന്നും ഇംഗ്ലീഷ് വിജ്ഞാനത്തെ ഉൾക്കൊള്ളുമ്പോൾ പോലും അതുതന്നെ ആവർത്തിക്കപ്പെടുന്നുവെന്നും അതുവഴി ഇംഗ്ലീഷിനെ എഴുത്തുഭാഷയിൽ പ്രവേശിക്കുന്നതിൽനിന്നും​ പുറത്തുനിർത്താനുള്ള അബോധപ്രവണതയായി ഇത് വർത്തിക്കുന്നുവെന്നും സൂക്ഷ്മതയോടെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്​.

സംസ്‌കൃതത്തിൽനിന്ന്​ പദങ്ങളും സങ്കല്പനങ്ങളും സ്വീകരിക്കാമെങ്കിൽ ഇംഗ്ലീഷിനോടും ഇതേ സമീപനമാകാമെന്നാണ് ജോർജ്ജ് വാദിക്കുന്നത്. വാമൊഴിയിലും ആശയങ്ങളിലും ഇംഗ്ലീഷ്​ സ്വീകരിക്കുന്നു എന്നിരിക്കേ വരമൊഴിയിൽ അതിനെ വിലക്കുന്നതിൽ നിഗൂഢമായ ശുദ്ധിബോധമല്ലാതെ മറ്റൊരു യുക്​തിയുമില്ലെന്നതാണ്​ വാസ്​തവം. അതിനെ മറികടക്കുകയാണ്​ ജീവൽഭാഷാബന്ധമുള്ള വരമൊഴിയുടെ രൂപീകരണത്തിനും വൈജ്​ഞാനിക ഭാഷയുടെ വികാസത്തിനും സഹായകമാവുകയെന്ന്​ ​ജോർജ്ജ്​ വ്യക്തമാക്കുന്നുണ്ട്​: ‘‘പരിമിതമായ സംസ്‌കൃത പദങ്ങളോടൊപ്പം വാമൊഴിയിൽനിന്ന്​ ലഭിക്കുന്നതും വ്യക്തതക്കുറവ് വരാനിടയാകാത്തതുമായ രൂപങ്ങളെയും ഇംഗ്ലീഷ് വഴി വരുന്ന രൂപങ്ങളെയും സമന്വയിപ്പിക്കുന്ന ബഹുഭാഷാ സമീകരണ സമീപനമാണ് '' മലയാളത്തിന് അഭികാമ്യമെന്ന നിലപാടാണ് ജോർജ്ജ് ശുപാർശ ചെയ്യുന്നത്. അന്യഭാഷകളോട് മലയാളം സ്വീകരിച്ചുപോരുന്ന, വെടിപ്പായി തനതാക്കുക എന്ന നയത്തോട് യോജിക്കുകയാണ്​ ജോർജ്ജ്​. അതുവഴി ഇംഗ്ലീഷിനോടുള്ള വരേണ്യതയുടെ വെറുപ്പിനോട് വിയോജിക്കാനും മലയാള സ്വത്വമെന്നതിന്റെ ഏകഭാഷാവൈകാരികതയുടെ അന്തർഭാവമെന്തെന്ന് ബോധ്യപ്പെടുത്താനുമുള്ള ഉദ്യമം വിജയകരമായി നിർവഹിച്ചിരിക്കുന്നു. ഇത്​അനുമോദനമർഹിക്കുന്നു. തനിമാവാദത്തിലൂന്നിയുള്ള പ്രതിരോധമല്ല, മറിച്ച്​ സങ്കരപാതയാണ് മലയാളത്തിന്റെ വഴിയെന്നു സ്ഥാപിക്കാനും പഠനത്തിന് കഴിഞ്ഞു. മലയാള ഭാഷാസ്വത്വത്തെ സൃഷ്​ടിയിലിരിക്കുന്നതും പൂർത്തീകരിക്കാനിരിക്കുന്നതുമായ ഒരു പദ്ധതിയായിട്ടാണ്​ ജോർജ്ജ്​ കാണുന്നത്​. ഇങ്ങനെയൊരു സമീപനം രൂപപ്പെടുത്തുന്നതിലൂടെയാണ് ഈ പഠനം ആഗോള സ്വത്വാന്വേഷണങ്ങളിൽ പങ്കുചേർന്നത്. ഇറക്കുമതി ആശയങ്ങളുടെ പേ പിടിക്കാതെ അന്യതയെ ഉൾക്കൊള്ളുന്ന ബഹുഭാഷാത്മകമായ നയമാണ് ​ഭാഷാസൂത്രണത്തിൽ മലയാളം പിന്തുടരേണ്ടതെന്ന്​ ചൂണ്ടിക്കാണിക്കുന്നു. അതിന് വിവേചനപരമല്ലാത്ത തുറന്ന സമീപനമാണ് ആവശ്യം. അത് മലയാളത്തിന്റെ ചരിത്രവഴികളിലുണ്ട്. പ്രവണത എന്ന നിലയിൽ അത് വാമൊഴിയിലും നിലനിൽക്കുന്നുണ്ട്. വരമൊഴിയിൽ അതിനെ പിന്തുടർന്നു പൂർത്തീകരിക്കാൻ അനുവദിച്ചുകൊണ്ട് ലോകത്തെവിടെയും ഏതു കാലത്തും ഉണ്ടാകുന്ന വിജ്ഞാനങ്ങളും മലയാളത്തിൽ സ്വാംശീകരിക്കപ്പെടണം. ഈ ബഹുഭാഷാ സ്വാംശീകരണത്തെ അഥവാ മലയാളീകരണത്തെ ചരിത്രപരമായിത്തന്നെ കേരളഭാഷാമോഡൽ എന്നു വിളിക്കാം.

ഭാഷീകരണത്തിലും ശുദ്ധാശുദ്ധതയുടെ വേരുകളുണ്ടെന്നും അയിത്തവും വിവേചനവുമുണ്ടെന്നും പഠനം തുറന്നുകാട്ടുന്നു. ഇതെല്ലാം ഒഴിവാക്കുന്ന ഒരു അയിത്തോച്ചാടനം പൂർത്തിയാക്കാനുള്ള തുറന്ന സമീപനമാണ് ഭാഷാവളർച്ചയ്ക്ക് വേണ്ടതെന്ന് ഈ കൃതി പറഞ്ഞുറപ്പിക്കുന്നു.

മലയാളത്തിലെ അയിത്തോച്ചാടനം

മലയാളത്തിലെ അയിത്തോച്ചാടനമാണ് ഈ കൃതി ആവശ്യപ്പെടുന്നത്. ഭാഷീകരണത്തിന്റെ സാമൂഹികശാസ്ത്രം, ഒന്നുകൂടി സൂക്ഷ്മമായിപ്പറഞ്ഞാൽ സാമൂഹിക മനഃശ്ശാസ്ത്രം വെളിവാക്കുന്ന കരുത്തുറ്റ ഒരു സംസ്‌കാര പഠനമാണിത്. മലയാളം മലയാളികളുടെ മാതൃഭാഷയെന്ന് വൈകാരികമായി മാത്രം ഉൾക്കൊണ്ടാൽപ്പോരാ, അതിലെ അപരസങ്കര സാന്നിദ്ധ്യങ്ങളെയും ഓർക്കണമെന്ന് ഈ കൃതി ഓർമിപ്പിക്കുന്നു. ഭാഷീകരണത്തിലും ശുദ്ധാശുദ്ധതയുടെ വേരുകളുണ്ടെന്നും അയിത്തവും വിവേചനവുമുണ്ടെന്നും പഠനം തുറന്നുകാട്ടുന്നു. ഇതെല്ലാം ഒഴിവാക്കുന്ന ഒരു അയിത്തോച്ചാടനം പൂർത്തിയാക്കാനുള്ള തുറന്ന സമീപനമാണ് ഭാഷാവളർച്ചയ്ക്ക് വേണ്ടതെന്ന് ഈ കൃതി പറഞ്ഞുറപ്പിക്കുന്നു.

അധിനിവേശാനന്തര സ്വത്വപഠനങ്ങളുടെ മൊഴിമാറ്റമല്ല ഇവിടെ കാണുന്നത്. സമീകരണത്തിന്റെ ബഹുഭാഷീയത വ്യക്തമാക്കി ദേശി- വിദേശി ദ്വന്ദ്വത്തെ ഏകീകരിക്കുന്ന യാഥാർത്ഥ്യബോധമുള്ള മലയാളമാർഗ്ഗം തെളിച്ചിടുകയാണ്. സമീകരണമാണ് പ്രതിരോധമെന്നും ബഹുഭാഷാ സംലയനമാണ് വാസ്തവത്തിൽ മലയാളസ്വത്വമെന്നും വെളിപ്പെടുത്തുന്നതിലൂടെ അധിനിവേശാനന്തര സ്വത്വപഠനങ്ങളുടെ കേരളപാഠം ജോർജ്ജ് നിർണയിച്ചെടുക്കുന്നു. ഇതാണ് ഈ പഠനത്തിന്റെ മേന്മ. ദഹിക്കാത്ത ആശയമോ തെളിയാത്ത ചിന്തയോ കലുഷമായ ഭാഷയോ ഒട്ടുമില്ലെന്നതാണ് ഈ പഠനത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്.▮

ഗ്രന്ഥസൂചി

1. Achebe, C 1958: Things Fall Apart, London, William Heinneme, Lt.,....1994: ‘The African Writer and the English Language' in P. William and L Christman, Colonial Discourses and Post colonial Theory. A Reader Newyork. Colombia Press. ...2006: ‘The Politics of Language' in B. Asher Croft Griffth & H. Tiffin, The Post Colonial Studies Reader. Oxford. Routledge.2. Ahmmad, A, 1994: ‘Orientalism and After', in P. William and R. L. Christman. Colonial Discourse and Post Colonial Theory. A Reader, New york. Colombia Press. 3. Annamalai 2004: ‘Nativization of English In India and its Effect on Multilingualism', in Journal of Language and Politics 2:1 Johne benchamin. 4. Bhaba, H. 2000: ‘Dissemination Time Narrative and the Margins of the Modern Nation', in D. Bryden. Post Colonialism: Critical Concepts in Literary and Cultural studies, London: Routledge. 5. Bhabha, H. and Comaroff, J. 2002: ‘Speaking Post Coloniality, in the Conversation Present: A Conversation' in H. Qayson & D.T. Goldberg. Relocating Postcolonialism Hongkong Key: Black well Publishers.6. Kaehru, Braj 1983 The Indianization of English: The English Literature in India.Delhi & Newyork. Pergamon.7. Said, E. 1979: Orientalism, Vintage Books. ​8. Wa Thionge, N. 1986: Decolonising the Mind- the Politics of Language in African Literature, Nairobi: Heinemann Educational, Kenya.9...1993: Moving the Centre. The Struggle for Cultural Freedom, James Currey, Oxford . 1994. ‘The Language of African Literature’, in P. William. & L. Christman, Colonial Disscourse of Post Colonial Theory – A Reader, Newyork: Colombia University Press.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments