Image: doodles.google

ആത്മത്തിനും കഥയ്ക്കുമിടയിൽ ഒരു മാധവിക്കുട്ടി

അവരിലെ കാവ്യഭാവന തൊട്ടുരുചിക്കാനോ, കഥകളിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസില്ലാതെ കൊട്ടിയടച്ച് ജനൽപ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചുകളിയിൽ രസിച്ചമരാമെന്നാണ് മലയാളി തീരുമാനിച്ചത്. സ്ത്രീ-ലൈംഗികത-ദാമ്പത്യരഹസ്യങ്ങൾ എന്ന സങ്കരപ്രമേയം അവനെ തന്റെ ഒളിനോട്ടദാഹത്തിനു ശമനിയാക്കാൻ പഴുത് കണ്ടു. മാധവിക്കുട്ടിയുടെ നിലപാട് ഇതാണ്, ഇതു മാത്രമാണ് എന്നു മലയാളി വായനക്കാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

പ്രസിദ്ധ കഥാകാരി, കവയിത്രി, പ്രത്യേകിച്ചും മറ്റാരും കൈവെയ്ക്കാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചും ദാരുണദാമ്പത്യങ്ങളെക്കുറിച്ചും ഉൽക്കടലൈംഗികതയെക്കുറിച്ചും കഥകൾ എഴുതിയിട്ടുള്ള സ്ത്രീ ആത്മകഥ എഴുതുമ്പോൾ അത് ശ്രദ്ധിക്കപ്പെടുന്നു. ഒരു വെറും സ്ത്രീയുടെ ആത്മകഥ എന്നതിൽ നിന്ന് വേറിട്ടതാണ് ഈ ‘കഥ’ എന്നതാണ് ലോഭനീയതയുടേ, പൊതുജനസമ്മതിയുടെ പശ്ചാത്തലം.

വിഭ്രാന്തി അതി വിദഗ്ദ്ധമായി ആഖ്യാനം ചെയ്തിട്ടുള്ള ആളുടെ ആത്മകഥയിൽ സത്യം മിഥ്യയും എത്രമാത്രമുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്താനും സാദ്ധ്യമല്ല. എന്റെ കഥയെ സമീപിക്കേണ്ടത് ഈ വാതാവരണത്തിലാണ്. ഇതിൽ ‘ആത്മം’ എത്രയുണ്ട് എന്നത് വിവാദവിഷയമാക്കേണ്ടതേ ഇല്ല. ‘ഒരേ സമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്’ എന്നാണ് കെ.പി. അപ്പൻ എന്റെ കഥയെ വിലയിരുത്തിയത്. സ്വന്തം തദ്ഭവങ്ങളെ പല കഥകളിലും അവതരിപ്പിക്കാറുള്ള അവരുടെ ചാതുര്യം ഇതിനു പശ്ചാത്തലം അണയ്ക്കുന്നെണ്ട്ന്നുള്ളത് സത്യമാണു താനും. ഇത് ‘ഫിക്ഷൻ’ ആണെങ്കിൽ ഒന്നാന്തരം ഫിക്ഷൻ ആണ്, ആത്മം ആണെങ്കിൽ അതിസങ്കീർണ്ണമായ ജീവിതാഖ്യാനമാണ്. പക്ഷേ മാധവിക്കുട്ടി 38-ാമത്തെ വയസ്സിൽ എഴുതിയത് നിർവ്വചനപ്രകാരമുള്ള ഒരു ആത്മകഥയുടെ കാലനിർണ്ണയവുമായി യോജിച്ചു പോകുന്നതല്ല. ‘എന്റെ കഥ’ എന്ന് പേരിട്ടതിനാൽ 38 വയസ്സുവരെയുള്ള അനുഭവങ്ങൾ എന്ന് കരുതിയാൽ മതി എന്നായിരിക്കണം അവർ ഉദ്ദേശിച്ചത്. ആത്മകഥ എഴുതാൻ പ്രായമായിട്ടില്ല എന്ന സുഹൃത്തുക്കളുടെ അഭിപ്രായത്തെ അവർ തെല്ലും വക വെയ്ക്കുന്നുമില്ല.

കെ.പി. അപ്പൻ

ഇടം എവിടെ?

മാധവിക്കുട്ടിയുടെ കഥകളുടെ ഇടം ഇൻഡ്യ മുഴുവനും വ്യാപിച്ചുകിടക്കുന്നുണ്ട്. പുന്നയൂർക്കുളത്തോ കൽക്കട്ടയിലോ മാത്രമല്ല ഇൻഡ്യയിലെ പലേ നഗരങ്ങളിലോ ഗ്രാമങ്ങളിലോ കടൽത്തീരത്തോ കുളക്കോഴികൾ ഒളിയ്ക്കുന്ന പൊന്തപ്പടടർപ്പുകളിക്കിടയിലോ വേശ്യാഗൃഹങ്ങളിലോ തെരുവീഥിയിലോ ആവാം. ചിലപ്പോൾ കഥാപാത്രത്തിന്റെ സ്വത്വരൂപീകരണം ഈ ഇടങ്ങളുമായി നേർബന്ധം സ്ഥാപിച്ചെടുത്തിരിക്കണമെന്നുമില്ല. ഒരേ ഇടത്ത് ഒരു കഥാപാത്രം മറ്റൊന്നായി മാറുന്ന വിദ്യയും ഈ എഴുത്തുകാരിയുടെ കൈവശം ഉണ്ട്.

ഗോപി മേനോന്റെ വീട്ടിൽ നിന്നിറങ്ങിയ അയാളുടെ ഭാര്യ അധികം ദൂരെയല്ലാത്ത മറ്റൊരു വീട്ടിൽ എത്തുമ്പോൾ അയാളെ അറിയാൻ വയ്യാത്ത മൃണാളിനി ആയി മാറിയേക്കാം (സനാതൻ ചൗധ് രിയുടെ ഭാര്യ 1969). പലപ്പൊഴും കഥാപാത്രങ്ങൾക്ക് പേരുകളില്ല. ‘അയാൾ’ അല്ലെങ്കിൽ ‘അവൾ’ മതി സങ്കീർണ്ണമായ ജീവിതഖണ്ഡത്തിന്റെ ആഖ്യാനം നിർവ്വഹിക്കപ്പെടാൻ. 1955 ഇൽത്തന്നെ ‘മതിലുകൾ’ എഴുതുമ്പോൾ തുടങ്ങിവെച്ച ഈ ആചരണം മാധവിക്കുട്ടി എന്നും പിന്തുടർന്നിരുന്നു. ‘എന്റെ കഥ’ യിലെ ‘ഞാൻ’ ഇതുപോലെ സാങ്കൽപ്പികം ആയിരിക്കാം എന്ന ചിന്ത രസാവഹമാണ്.

ഈ ‘ഞാൻ’ നെ പുന്നയൂർക്കുളത്തും കൽക്കട്ടയിലും പ്രതിഷ്ഠിക്കുമ്പോൾ അത് അവരുടെ കഥയായി മറുകയാണ്. ‘മതിലുകൾ’ ലെ ‘അയാൾ’ ടെ ഭാര്യയുടെ പേര് ‘മാധവിക്കുട്ടി’ എന്നാനെന്നുള്ളതും കൗതുകകരമാണ്. എന്റെ കഥ ആരുടെയും കഥ ആയി മാറാം എന്ന സാദ്ധ്യത ഇവിടെ തെളിയുകയാണ്. ഇപ്രകാരം ഇടത്തിനു കൃത്യത നൽകി കൂടുവിട്ട് കൂടു മാറൽ പ്രക്രിയ അവതരിപ്പിക്കുക എന്നത് മാധവിക്കുട്ടിയ്ക്ക് മാത്രം സാധിയ്ക്കുന്ന അപൂർവ്വ ചാതുര്യമാണ്.

Photo: Haritha R.

എന്റെ കഥ-തെറ്റായ വായനകൾ

ആഢ്യ നായർ തറവാട്ടിലെ ‘കുലസ്ത്രീ’യുടെ Sexual escapade (ലൈംഗിക സാഹസികതാന്തോന്നിത്തരം) വിദിതമാക്കുന്ന കഥയ്ക്ക് ജനപ്രീതി ലഭിച്ചതിൽ അദ്ഭുതമില്ല. ലൈംഗികത, സ്നേഹം, പ്രണയം എന്നിവയിലെ ഒക്കെ ഭാരതീയ ഇരട്ടത്താപ്പുകൾ തുറന്നു വെളിവാക്കി പൊതുജനസമക്ഷം അവതരിക്കപ്പെട്ടത് ദർശനരതി (voyeurism) തൊഴിലാക്കിയവർക്ക് ഉൽസുകത പ്രദാനം ചെയ്യുകയായിരുന്നു. അതിലെ ആത്മവത്തയോ കലാത്മകതയോ ഭാവനാപ്രകാശദീപ്തിയോ എന്റെ കഥയുടെ പൊതുസമ്മതിയുടെ ഭാഗമായിട്ട് വർത്തിച്ചിട്ടില്ല. ഒരു സ്വൈരിണിയുടെ അഴിഞ്ഞാട്ടങ്ങളുടെ സർവ്വവിവരണങ്ങളിൽ പ്രീതി പൂണ്ടരുളുന്നവർക്ക് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മപ്രകാശനം അക്ഷരങ്ങൾക്കും വാക്കുകൾക്കും പിന്നിൽ പ്രഭ ചൊരിയുന്നത് കാണേണ്ടതില്ല. കാമശാസ്ത്രത്തിന്റെ മറ്റൊരു പതിപ്പ് മാത്രം എന്ന ആൺ വായന വസ്തുതയാണ്, ഇത് മുദ്രവെച്ച് പ്രാമാണീകരിക്കപ്പെടാൻ അധികം താമസിച്ചില്ല, പമ്മൻ ‘ഭ്രാന്ത്’ എന്ന നോവലുമായി എത്തി. കാമോൽസുകതയിൽ തളയ്ക്കപ്പെട്ട സ്ത്രീയുടെ സാഹിത്യം എന്ന രൂപവിശേഷത്തിലേക്ക് മാധവിക്കുട്ടിയുടെ എഴുത്ത് താഴത്തപ്പെട്ടു. മലയാളനാട് കേരളത്തിലെ ഏറ്റവുംകൂടുതൽ വായിക്കപ്പെട്ട വാരിക എന്ന പ്രസിദ്ധിയും നേടി അക്കാലത്ത്.

പക്ഷേ ഒരു ഭാരതസ്ത്രീയ്ക്ക് പറയാനുള്ള സത്യങ്ങളുടെ നേർചിത്രം എന്ന രീതിയിൽ എന്റെ കഥ ലോകപ്രശസ്തിയാർജ്ജിക്കുകയും ടൈം മാഗസീൻ വരെ ഇത് ശ്രദ്ധിക്കുകയും ചെയ്തു എന്നത് എന്റെ കഥയ്ക് വേറൊരു മാനം നൽകി എന്നത് വിസ്മരിക്കാനാവുന്നതല്ല. അവരിലെ കാവ്യഭാവന തൊട്ടുരുചിക്കാനോ, കഥകളിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസില്ലാതെ കൊട്ടിയടച്ച് ജനൽപ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചുകളിയിൽ രസിച്ചമരാമെന്നാണ് മലയാളി തീരുമാനിച്ചത്. സ്ത്രീ-ലൈംഗികത-ദാമ്പത്യരഹസ്യങ്ങൾ എന്ന സങ്കരപ്രമേയം അവനെ തന്റെ ഒളിനോട്ടദാഹത്തിനു ശമനിയാക്കാൻ പഴുത് കണ്ടു. മാധവിക്കുട്ടിയുടെ നിലപാട് ഇതാണ്, ഇതു മാത്രമാണ് എന്നു മലയാളി വായനക്കാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

മാധവിക്കുട്ടി / Photo: caravanmagazine.in

ഒരു പെണ്ണ് ദാമ്പത്യരഹസ്യങ്ങൾ, പ്രത്യേകിച്ചു ലൈംഗികതാനിബദ്ധമായത് തെളിച്ചു പറയുന്നതിൽ ഭീതിയാർന്ന പുരുഷന്മാർക്ക് അവരെ ഒരു ‘ലൂസ് വുമൻ’ ബ്രാൻഡ് അംബാസഡറാക്കി നിശ്ചയിക്കപ്പെടേണ്ടത് അത്യാവശ്യമായും വന്നു. സ്വാതന്ത്ര്യബോധം, അതും ഉൽക്കടമായത്, വിഭ്രാത്മകമായ ഭാവന, ആത്മപ്രഹർഷണത്തിന്റെ ഉച്ചകോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും, കാവ്യഭാവനയുടെ പരിപൂർന്ന ഗഗനസഞ്ചാരം ഇതൊക്കെ വലിച്ചു താഴത്തിട്ട് ഞെക്കിച്ചവിട്ടി ഇനിയൊരിക്കലും ശ്വാസം തിരിച്ചു കിട്ടാതിരിക്കാൻമാത്രം കുറെ യത്‌നിച്ചു ഈ ഭവ്യാരാധകർ. എഴുത്തുകാരന്റെ/കാരിയുടെ സ്വകാര്യജീവിതം അല്ല അവരുടെ എഴുത്തുജീവിതം. സ്വകാര്യജീവിതവിവരണം കലാത്മകമല്ല. സ്വന്തം മാനസിക ജീവിതത്തിന്റെ സംവേദനപ്രമാണങ്ങൾ ആണു കഥാപാത്രങ്ങൾ എങ്കിലും മാധവിക്കുട്ടിയിലെ ‘ഞാൻ’ എഴുത്തിലെ ‘ഞാൻ’ എന്നീ സങ്കീർണ്ണ ദ്വന്ദങ്ങൾ ചിലപ്പോൾ ഒന്നാകാറുണ്ട്. എന്നാൽ ഈ ഒന്നിനെ രണ്ടായി കാണാനുള്ള വിവേകമില്ലാഞ്ഞൊന്നുമല്ല അറിഞ്ഞുകൊണ്ടുള്ള ഈ വ്യാജക്കളി. ‘ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല, എന്റെ കൂടെ ഇറങ്ങിപ്പോന്നു’ എന്നതിലെ കാവ്യഭാവന മനസ്സിലായില്ലെന്നു നടിച്ചു ഇക്കൂട്ടർ.

അവരുടെ ആന്തരികലോകത്തെ വ്യക്തമായി നിരീക്ഷിക്കുന്നത് അത് വിദിതമാക്കിയ (ഇംഗ്ലിഷ്) കവിതകളിൽക്കൂടിയാവണം എന്നത് ഇംഗ്ലിഷ് കവിതകൾ വായിക്കാത്ത മലയാളികൽ മനസ്സിലാക്കിയതുമില്ല. ഇത് മലയാളിവായനക്കാരുടെ തെറ്റ് അല്ലെങ്കിലും വരികൾക്കിടയിൽ വായിക്കുക എന്നത് ശീലമാക്കാത്തവരാണ് കൂടുതലും എന്റെ കഥയെ വാഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്തത് എന്നത് സത്യമായി അവശേഷിക്കുന്നുണ്ട്.

The cut flowers

In the vases have begun to smell of human sweat. There is

No more singing, no more dance, my mind is an old

Playhouse with all its lights put out. The strong man's technique is

Always the same, he serves his love in lethal doses,

For, love is Narcissus at the water's edge, haunted

By its own lonely face, and yet it must seek at last

An end, a pure, total freedom, it must will the mirrors

To shatter and the kind night to erase the water. എന്ന മാതിരിയുള്ള ആത്മപ്രകാശനം അവരുടെ മനസ്സിൽ എവിടെ നിന്ന് എങ്ങനെ ഉരുവം കൊള്ളുന്നു എന്നതും ഈ കാവ്യാത്മകതയുടെ വിപുലീകരണമാകാം പലേ കഥകളും എന്നത് ദൃഷ്ടാന്തമായി കണക്കിലെടുത്തിട്ടില്ല സാധരണ വായനക്കാർ.

മാധവിക്കുട്ടിയുടെ ഏറെ വായിക്കപ്പെട്ട കൃതി എന്റെ കഥ ആയിത്തീർന്നതിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമണിത്. അവരുടെ ഏറ്റവും നല്ല കൃതി എന്റെ കഥ അല്ല എന്നതാണ് സത്യം. പക്ഷേ മാധവിക്കുട്ടി=എന്റെ കഥ എന്നൊരു സമവാക്യം ഉടലെടുത്തത് അവരുടെ ധിഷണയേയും കലാപരതയേയും നിരാകരിക്കലാണ്, ധിക്കരിക്കലാണ്. 1953 മുതൽ 1972 വരെയുള്ള കഥകളുടെ വ്യാപ്തിയോ വിസ്താരണമോ (extension) ആണ് എന്റെ കഥ. നേരത്തെ എഴുതിയ കഥകളിൽ നിന്നും എന്റെ കഥയിലേക്ക് അധികം ദൂരം നടക്കേണ്ടി വന്നിട്ടില്ല മാധവിക്കുട്ടിയ്ക്ക്. മദ്ധ്യവർഗ്ഗക്കാരുടെ ആത്മവഞ്ചനകൾ, പ്രത്യേകിച്ചു ദാമ്പത്യബന്ധങ്ങളിലേത്, സ്നേഹരാഹിത്യമനുഭവിക്കുന്ന ഭാര്യമാരുടെ സ്വകാര്യദുഃഖങ്ങൾ, അഗമ്യഗമനങ്ങൾ, ദാമ്പത്യബാഹ്യമായ സ്നേഹബന്ധങ്ങൾ-അതും പലതും പരിപൂർണ്ണതയിൽ എത്തപ്പെടുന്നവ-, സൂക്ഷ്മമായ രതി വിവരണങ്ങൾ ഇവയൊക്കെ അവർ ആവർത്തിച്ച് കഥകളിൽ നിബന്ധിച്ചിരുന്നു. സ്വവർഗാനുരാഗം പണ്ടേ കഥകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ എന്റെ കഥയിൽ പ്രഥമപുരുഷനാമത്തിൽ വന്ന കഥാപാത്രം മറ്റു കഥകളിൽ വന്നവരുടെ പ്രതിബിംബമോ തന്മയീ ഭാവമൊ ആണ്. ഇവയിലേക്ക് സ്വയം സന്നിവേശിപ്പിച്ച് യഥാതതത്വവും വിശ്വസനീയതയും നേടുവാനുള്ള നൈപുണ്യത്തിന്റെ പ്രദർശനവുമായിരുന്നു ഇത്. അവരുടെ ഇംഗ്ലീഷ് കവിതകളിലെന്ന പോലെ ആത്മാന്വേഷണത്തിനു സ്വയം സമർപ്പിച്ച് ബലി നൽകുന്ന വിചിത്രാനുഷ്ഠാനജാലവിദ്യ. ഈ സമർപ്പണം അവരുടെ പല കവിതകളിലും കാണാം.

Benefit of soul

My body shall be bare

Benefit of body

My soul shall be bare

I throw the bodies out...only the souls know

How to sing

ഇതൊരു വിഭ്രാന്തി സൃഷ്ടിക്കലാണ് അതിവിദഗ്ദ്ധമായി ഈ ജാലവിദ്യ കൈകാര്യം ചെയ്തതിനാൽ അനുവാചകർ എളുപ്പം വശംവദരാകുകയും ചെയ്തു. എന്റെ കഥ എഴുതുന്നതിനു വളരെ മുൻപു തന്നെ കഥകളിൽ പ്രത്യക്ഷപ്പെട്ട ചില പ്രസ്താവനകൾ ചില സത്യങ്ങളുടെ മൂടി തുറക്കാൻ ശ്രമിച്ചതായി ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല:

‘എന്റെ ഭാവന മത്തുപിടിച്ച ആനയെപ്പോലെ എവിടെയെല്ലാം ഓടി നടന്നു, എന്തെല്ലാം തകർത്തു വീഴ്ത്തി! അദ്ദേഹവും ഞാനും കൂടി നടത്തിയ പ്രേമരംഗങ്ങളെപ്പറ്റിയും കാമരംഗങ്ങളെപ്പറ്റിയും എന്റെ കള്ളത്തൂലിക എത്ര തന്നെ വർണ്ണിച്ചു! എന്നാൽ വാസ്തവം എന്തായിരുന്നു?’ (കാലൊച്ച, 1966).

കഥയിലെ കള്ളം, കള്ളത്തിലെ കഥ-വരയുന്ന തൂലിക കള്ളച്ചിരി ചിരിയ്ക്കുന്നു.

Image: doodles.google

എന്റെ കഥയ്ക്ക് മുൻപിലത്തെ കഥകൾ

മാധവിക്കുട്ടിയുടെ വിസ്മയിപ്പിക്കുന്ന, നൂതനാശയപ്രസാരിണികളായ, ആഖ്യാനചാതുരി മാജിക് തീർക്കുന്ന കഥകൾ മിക്കതും എന്റെ കഥ യ്ക്ക് മുൻപ് തന്നെ എഴുതപ്പെട്ടവയാണ്. അവയാണ് ആഘോഷിക്കപ്പെടേണ്ടത്. എന്റെ കഥയിൽ ഒരു സാഹിത്യകാരൻ/കാരി ആരാണ്, എന്താണ് അവരുടെ ധർമ്മം, അവർ ഭാവി പ്രവാചകർ ആകുന്നതെങ്ങിനെ എന്നെല്ലാം വിസ്തരിക്കുന്നുണ്ട്. വാസ്തവത്തിൽ മാധവിക്കുട്ടിയുടെ കഥകളുടെ പശ്ചാത്തലവും നിബദ്ധമായ തത്വശാസ്ത്രങ്ങളും വെളിവാക്കാനോ നിർദ്ധരിക്കാനോ സാധൂകരിക്കാനോ ഉള്ള പരിശ്രമം സൂക്ഷ്മവായനയിൽ എന്റെ കഥയിൽ ഉൾചേർന്നിട്ടുണ്ട് എന്നതാണ് സത്യം.

കാപട്യത്തിന്റെ കരിമ്പടം സമൂഹം പുതപ്പിക്കുന്നത് , പ്രത്യേകിച്ചും ദാമ്പത്യത്തിലേയും അനുരാഗത്തിലേയും, പ്രച്ഛന്നമായി എത്രയോ കഥകളിൽ പ്രത്യക്ഷപ്പെട്ടു (കുറച്ച് മണ്ണ് ഉദാഹരണം). മാതൃഭാവത്തിന്റെ പാവനതയും ശക്തിയും ‘വെള്ളിത്തകിട്’ ‘മുത്തശ്ശി’ പോലത്തെ കഥകളിൽ തിളങ്ങി നിന്നു. കൂട് വിട്ട് കൂട് മാറുന്ന ആത്മാവ് ‘നാവികവേഷം ധരിച്ച കുട്ടി’യ്ൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വവർഗ്ഗാനുരാഗിയായ ഭർത്താവിനെ ‘ചന്ദ്രരശ്മികൾ’ (1969) തന്മയത്വത്തോടെ വരച്ചിടുന്നുണ്ട്. എന്റെ കഥയിൽ സ്വന്തം ജീവിതം മുൻനിറുത്തി ഇതൊക്കെ വിശദീകരിക്കപ്പെടുകയും അതൊക്കെ സത്യമാണെന്ന് വെളിപാടുണർത്തിക്കുകയും ഇത്തരം സങ്കീർണ്ണതകളുടെ ആകെത്തുകയാണ് അവരുടെ മനസ്സും ശരീരവും എന്ന് സംർത്ഥിക്കുകയും ചെയ്യുകയാണ്.

എന്റെ കഥ മാധവിക്കുട്ടിയുടെ കഥകളുടെ കഥയാണ്. കഥകളിലെ വിഭ്രമാത്മകതയും അതീന്ദ്രിയാനുഭവങ്ങളും സ്വന്തം ജീവിതത്തിലെ സത്യങ്ങളാണെന്ന് സമർത്ഥിക്കാനുള്ള ഒരുമ്പെടലാണ്. 1972 ഇൽ എന്റെ കഥ എഴുതുമ്പോൾ 140 ഓളം അദ്വിതീയങ്ങളായ കഥകൾ എഴുതപ്പെട്ട് കഴിഞ്ഞു. 1975 ഇൽ 'അവർക്ക് 'അവസാനത്തെ അതിഥി' യിൽ സ്വയം നീതീകരിയ്ക്കപ്പെട്ട, സ്വയം ആവിഷ്‌ക്കരിച്ച, സ്വന്തം തീരുമാനത്തിൽ സംഭിവിക്കുന്ന സ്വയം കൊലപാതകം സംഭവിപ്പിക്കുന്ന കഥ എഴുതേണ്ടി വന്നത് ഈ നൈര്യന്തര്യത്തിനു സമാപനം കുറിച്ചിട്ടേ സ്ഥലം വിടുകയുള്ളു എന്ന ദൃഢനിശ്ചയത്താലായിരിക്കണം. സ്വന്തം പരിസമാപ്തി പ്രവചിക്കലാണിത്. അതിന്റെ പരിപൂർണ്ണ നിയന്ത്രണം തന്റെ പക്കൽത്തന്നെ എന്നതിന്റെ സൂചനയാണ. പിന്നീടും ഗംഭീരങ്ങളായ കഥകൾ അവർ എഴുതി എങ്കിലും 'നീർമാതളം പൂത്തകാലം' പോലെ വെറും നൊസ്റ്റാൾജിയ കഥകൾ , ചില സമ്മർദ്ദങ്ങളാലാണെങ്കിലും അവർ എഴുതിയത് ഏറെ തെറ്റിദ്ധാരണകൾക്ക് വഴി വെച്ചിട്ടുണ്ട്. മാധവിക്കുട്ടിയെ ഇന്നത്തെ തലമുറ അറിയുന്നത് എന്റെ കഥയും നീർമാതളവും ഒക്കെ എഴുതിയ ആളായിട്ടാണ്,1972 ഇനു മുൻപുള്ള കഥകളാലല്ല എന്നത് ദയനീയവും അനുപയുക്തവുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷേ ഇതിനെ അവർ അതിജീവിച്ച് നിൽക്കുന്നത് 1975 ഇൽത്തന്നെ സ്വയം തീരുമാനിക്കുന്ന സമയത്ത് മരണം കൈവരുത്തുന്ന അനസൂയ എന്ന കഥാപാത്രത്തെ (അവസാനത്തെ അതിഥി) സൃഷ്ടിച്ചുകൊണ്ടാണ്


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments