സാധാരണക്കാർക്കായി കാബറെ തുടങ്ങിയ ഒരു മധുരത്തെരുവിന്റെ കഥ​

കോഴിക്കോടിന്റെ, അവിടുത്തെ മിഠായിത്തെരുവിന്റെ കഥയെഴുതുമ്പോൾ, അവിടെ നടപ്പിലുള്ള ജനപ്രിയ സംസ്‌കാരം, സുഭിക്ഷമായ കോഴിക്കോടിന്റെ പഴയ സംസ്‌കാരവുമായി പലപ്പോഴും കൂടിക്കുഴയും. സമാനമായ ആ കാലത്തെ ഉള്ളിലേക്ക് തിരിച്ചുകൊണ്ടുവരും വിധമിതാ നദീം നൗഷാദിന്റെ "മധുരത്തെരുവ്' എന്നെത്തിരഞ്ഞുവന്നു.

Man is always a story teller!
He lives surrounded by his and other's myths.
With them he sees everything in his life,
no matter what befalls him.
And he seeks to live his life as though he were telling it.
- Jean-Paul Sartre

‘കോഴിക്കോടിൽ ജഗപൊഗ’ എന്നൊരു പരസ്യം എൺപതുകളിൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. മിഠായിത്തെരുവിലെ ഒരു ഫാഷൻ തുണിക്കടയായിരുന്നു ആ പരസ്യത്തിന്റെ ഉടമ എന്നാണ് ഓർമ. ഫാറൂഖ് കോളേജിൽ ബി.എഡിന് പഠിക്കുന്ന എൺപതുകളിലാണ് കോഴിക്കോടുമായി ആത്മബന്ധം തുടങ്ങുന്നത്. ബി.എഡ് കോളേജിലെ സ്റ്റുഡൻറ്​ എഡിറ്ററായിരുന്നതിനാൽ, മാഗസിന് പരസ്യം പിടിക്കാനുള്ള നഗരപ്രദക്ഷിണങ്ങളിലാണ് കോഴിക്കോടിനെ ഏറെയറിഞ്ഞത്. സഹപാഠികളും ബോർഡ് അംഗങ്ങളുമായ കെ.ടി. സൂപ്പിയും ഇസ്മായിലും, എ.കെ. അബ്ദുസ്സമദും മറ്റു ചില സുഹൃത്തുക്കളും പലപ്പോഴായി അനുഗമിച്ചു. വിദ്യാർഥി ജീവിതം അവസാനിക്കാറാകുമ്പോൾ ഉണ്ടാകുന്ന ദർശനികവും കാല്പനികവുമായ അരാജകത്വത്തിന്റെ അതിവിചിത്രകാലമായിരുന്നു അത്. വിപ്ലവവും റോമാൻസും ഒരേ തൂവൽപക്ഷികളെപ്പോലെയാണ്, എന്ന തിരിച്ചറിവ് നൽകിയ കാലവും ആദ്യനഗരവും അതുതന്നെ.

മിഠായിത്തെരുവിൽ പോകുന്ന പല സന്ദർഭങ്ങളിലും ആ ഷോപ്പിന്റെ മുമ്പിൽ പോയി നിൽക്കുന്നത് എനിക്കൊരു രസമായിരുന്നു. കസ്റ്റമേഴ്സിന്റെ ഒരു ജഗപൊഗ തന്നെയായിരുന്നു അവിടെ.

ഏതൊരു നഗരത്തിനും രണ്ട് ചരിത്രാവസ്ഥയുണ്ട്. ഒന്ന്, അതിന്റെ ചരിത്രമാണ്. മറ്റൊന്ന് അതിന്റെ വർത്തമാനം. ലോകഭൂപടത്തിൽ കോഴിക്കോടിനെപ്പോലുള്ള ഒരു നഗരം എന്തുകൊണ്ടും വേറിട്ട് അടയാളപ്പെടുത്തപ്പെട്ട ഒന്നാണ്. ഒരു പക്ഷേ, കടലിലൂടെ ഒഴുകിയെത്തിയ നിരവധി സംസ്‌കാരങ്ങൾക്ക് ഉടമയായ അറബിക്കടലിന്റെ തീരത്തെ പേർപെറ്റ പഴയ തുറമുഖം.
ഇത്തരമൊരു നഗരത്തിന്, ആ ചരിത്രത്തിന്റെ വ്യവഹാരങ്ങൾ മുഴുവൻ മാറ്റിനിർത്തി ഒരു വർത്തമാനം അസാധ്യമാണ്. അതുകൊണ്ടുതന്നെ, കോഴിക്കോടിന്റെ, അവിടുത്തെ മിഠായിത്തെരുവിന്റെ കഥയെഴുതുമ്പോൾ, അവിടെ നടപ്പിലുള്ള ജനപ്രിയ സംസ്‌കാരം, സുഭിക്ഷമായ കോഴിക്കോടിന്റെ പഴയ സംസ്‌കാരവുമായി പലപ്പോഴും കൂടിക്കുഴയും.

കവർ : ശംഭു പ്രസാദ്

എന്നാൽ, സമാനമായ ആ കാലത്തെ ഉള്ളിലേക്ക് തിരിച്ചുകൊണ്ടുവരും വിധമിതാ നദീം നൗഷാദിന്റെ "മധുരത്തെരുവ്' എന്നെത്തിരഞ്ഞുവന്നു. ഒരുപക്ഷേ, ഞാനറിയാത്ത, പലപ്പോഴും പറഞ്ഞുകേട്ട, സ്വാതന്ത്ര്യാനന്തര കോഴിക്കോടിനെക്കുറിച്ചുള്ള കഥകളുടെ അപ്പൂപ്പൻ താടികൾ അമൂർത്തമായമട്ടിൽ എന്റെ ഓർമയുടെ മസ്തിഷ്‌കത്തിലേക്ക് അതിരസകരമായി പാറിപ്പാറിവന്നു-പലതരം വ്യവഹാരങ്ങളാൽ കൂടിക്കുഴഞ്ഞുകൊണ്ട്.

നദീമിന്റെ പല എഴുത്തുകളും ഞാൻ വായിക്കാറുണ്ട്. കാരണം, അവയിൽ പലതും സംഗീതത്തെകുറിച്ചാണ് എന്നുള്ളതു കൊണ്ടുതന്നെ. കോഴിക്കോടിന്റ ചരിത്രവും സംഗീതവുമായി അത്രമേൽ ബന്ധമുണ്ട് ഈ പുസ്തകത്തിന്.

അബ്ദു എന്ന ഓഥറിന്റെ രണ്ടുമട്ടിലുള്ള വേഷപ്പകർച്ച എന്നിലുണ്ടാക്കിയ കൺഫ്യൂഷനാണ് ഈ പുസ്തക വായന ഏറെ രസകരമാക്കിയത്. ആഖ്യാതാവ് എന്ന നിലയ്ക്ക് അബ്ദുവിന്റെ കാലം ആവശ്യപ്പെടുന്ന പ്രായവും ശരിയായ ഗ്രന്ഥകാരന്റെ പ്രായവും തമ്മിലൊരു സംഘർഷം എന്റെ പ്രായം അനുഭവിച്ചു. പ്രേംനസീർ പഴയ പടങ്ങളിൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ വരുമ്പോൾ ആരാധകരായ കാണികൾക്കുണ്ടാവുന്ന ഒരു കൺഫ്യൂഷൻ പോലെയൊന്ന്. പുഷ്പാഞ്ജലി എന്ന സിനിമയിലാണ്, പ്രേംനസീർ മൂന്ന് റോളുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതോടെ ആ കൺഫ്യൂഷൻ വലുതായി. എഴുത്തിനും സിനിമക്കും എന്താ സാധ്യമല്ലാത്തത്?

ഒരു പുസ്തകം വായനക്കെടുക്കുമ്പോൾ ഒരു സംസ്‌കാരത്തെയാണ് നാം കൂടെക്കൂട്ടുന്നത്. അത് ഒരു തെരുവിന്റെ കഥയാവുമ്പോൾ പ്രത്യേകിച്ചും. ചരിത്രവും ഭാവനയും വേർതിരിച്ചെടുക്കാൻ വയ്യാത്ത വിധം അവ നമ്മോട് സംസാരിക്കും. മധുരത്തെരുവ് എന്ന പുസ്തകം ഗ്രന്ഥകാരന്റെ തന്നെ ആത്മകഥാംശം പുരണ്ട ഒന്നാകുമ്പോൾ പ്രത്യേകിച്ചും.

ഹിലിസ് മില്ലറെപ്പോലുള്ളവർ കൃതിയെ ഒരു "നാടോടുന്ന യഥാർഥ്യ'മായി (Wandering Reality) കണ്ടിട്ടുണ്ട്. പരിഭാഷയുടെ വിനിമയസന്ദർഭവുമായി ബന്ധപ്പെട്ട ഒരുകാഴ്ചയാണ് വസ്തുതയും ഭാവനയും കൂടിക്കലരുന്ന ഏതൊരു വ്യവഹാരസന്ദർഭത്തിനും അവ ബാധകമാണ്. അവ ഏതൊരു ഭാഷയിലും ഭാഷ കടന്നും എങ്ങനെയൊക്കെ സഞ്ചരിക്കുന്നു എന്നത് വിസ്മയകരമത്രേ. മാരാർ പറയും പോലെ, സഹൃദയരുടെ സംസ്‌കാരമാണ് വായനയെ വേറിട്ടവയാക്കുന്നത്. ഇതുപോലൊരുപുസ്തകം ഞാൻ വായനയ്ക്കെടുക്കുമ്പോൾ, ആ നഗരവുമായി വായനക്കാരൻ എന്ന നിലയ്ക്ക് എന്റെ ആത്മബന്ധങ്ങൾ മുഴുവൻ വായനയ്ക്കിടയിൽ കയറിവന്ന് സംവദിക്കും. ഇങ്ങനെ വായനക്കാരുടെ സംസ്‌കാരം കൃതിയുടെ ഫ്ലേവർ തന്നെ മാറ്റിമറിക്കുന്ന സന്ദർഭമാണ് ഒരുപക്ഷേ ഏതുകൃതിയുടെയും വാഴ്ചക്കാധാരം. ഓഥർ മരിച്ചുകൊണ്ടല്ലാതെ കൃതിക്ക് നിലനിൽക്കാനാവുകയില്ല.

ചിത്രീകരണം: ശശി മേമുറി

ഒരുപക്ഷേ എന്റെ കൗമാരകാലത്തോ തൊട്ടു മുൻപോ ഒക്കെ നടന്ന ഒരു കോഴിക്കോടൻ മിഠായിത്തെരുവിന്റെ ചരിത്രം കോഴിക്കോടൻ ഹൽവ മുറിച്ചുനൽകും പോലെ ഈ പുസ്തകം സമ്മാനിക്കുന്നു. ബാബുരാജും കോഴിക്കോട് അബ്ദുൽ ഖാദറും ഏറെ ചെറുപ്പത്തിൽത്തന്നെ എന്റെ ഓർമകളിൽ കേട്ടുതുടങ്ങിയതാണ്. പിന്നെപ്പിന്നെ അവരുടെ പാട്ടും. ജനുസ്സ് അടയാളപ്പെടുത്തുമ്പോൾ ബാബുരാജിനോളം കഴിവുള്ള ഒരു സംഗീതജ്ഞൻ നമുക്കില്ല. പല ഭാഷാ സംസ്‌കാരങ്ങളുടെയും വേരുകളിൽ നിന്ന് വളംപിടിച്ചെടുക്കുന്നതു കൊണ്ടാവണം ബാബുരാജിന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചത്. പ്രതിഭയുടെ തിളക്കം വേറെ. അത് തിരിച്ചറിഞ്ഞ് ബാബുരാജിനെ സംഗീതഭൂപടത്തിൽ അടയാളപ്പെടുത്താൻ ഇന്നും മലയാളി വിജയിച്ചിട്ടില്ല. ഏറെ "ട്രാജിക് ' ആയ ബാബുരാജിന്റെ ജീവിതത്തിലാണ് നാം ഏറെ ശ്രദ്ധിച്ചത്.
ബാബുരാജും കോഴിക്കോടും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം മധുരത്തെരുവ് തിരിച്ചറിയുന്നുണ്ട്. കോഴിക്കോട് അബ്ദുൽഖാദറിന്റെ പാട്ടുകളിൽ അഭിരമിച്ചവർക്ക് പലർക്കും ഖാദറിന്റെ ജീവിതം അധികമറിയില്ല. മുമ്പൊരിക്കൽ, കോഴിക്കോട് ശാന്താദേവിയുമായി നടത്തിയ അഭിമുഖം ഒരുപക്ഷേ, അബ്ദുൽ ഖാദറെക്കുറിച്ചുള്ള /കോഴിക്കോടൻ സംഗീതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം ഏറെ പരിഷ്‌ക്കരിക്കുകയുണ്ടായി.

മുഖ്യമായും രണ്ടുധാരകളിലൂടെ ഈ പുസ്തകത്തിലെ ആഖ്യാനം ഇഴപിരിയുന്നു.
ഒന്ന്: താൻസൻ മ്യൂസിക് ക്ലബ്ബിന്റെ പാട്ടുകാരിലൂടെ ഒഴുകുന്ന മിഠായിത്തെരുവ്. ഈ ക്ലബ്ബിനെപ്പറ്റി പലപ്പോഴും ഞാനും കേട്ടിട്ടുണ്ട്.
സാമുവൽ ഭായിയുടെ ഗിറ്റാർ,
"മേരി യാദ് മേ തും ആൻസുബഹാനാ..'
എന്ന് തലത്തിനെ ഗിറ്റാറിൽ വായിക്കുന്നു...

എം.എസ്. ബാബുരാജ്

ആഖ്യാതാവ് ചെറുപ്പത്തിൽ ബാപ്പയോടൊപ്പം നടന്നുപോകുമ്പോൾ കണ്ട ഗ്രാമഫോണിന്റെ പേര് പെട്ടിപ്പാട്ട് യന്ത്രം എന്നായിരുന്നു, എന്നോർമിക്കുന്നു. എന്നാൽ തിരിച്ചറിയാനായപ്പോൾ, മിഠായിത്തെരുവിൽ അതിന്റെ വിൽപ്പനക്കാർ അവയ്‌ക്ക് ചാവി കൊടുത്തുകൊണ്ട് പാടിയ ഹിന്ദി പാട്ട്. പിന്നെ താൻസൻ മ്യൂസിക് ക്ലബ്ബിലൂടെ, പാട്ടുകാരും വാദ്യക്കാരുമായ സുഹൃത്തുക്കളിലൂടെ വളർന്നു വികസിക്കുന്നത് ആനന്ദകരമാണ്. സോമുവാണ് ക്ലബ്ബിൽ വച്ച് ബാബുക്കയുടെ ഹാർമോണിയം വായനയെക്കുറിച്ച് വാചാലനാവുന്നത്.
അല്ലെങ്കിൽ, ആരാണ് ബാബുക്കയുടെ പെട്ടിവായനയെക്കുറിച്ച് പറയാത്തത്?
ഇതേകാര്യം ബാബുക്കയുടെ പാട്ട് ഹാർമോണിയത്തിൽ വായിച്ചുകൊണ്ട് ബാബുക്കയെ അനുകരിച്ചഭിനയിച്ച എരഞ്ഞോളി മൂസയെ ഞാൻ ഓർത്തു. ഇവരുടെയൊക്കെ തായ്ത്തടി ബാബുക്കയായിരുന്നു.

ബാബുരാജിന്റെ ജീവിതത്തിന്റെ പ്രസാദാത്മകവും വിഷാദാത്മകവുമായ നിരവധി നിമിഷങ്ങൾ തൊട്ട് മദിരാശിയിൽ അന്ത്യം സംഭവിച്ചപ്പോൾ മൃതശരീരത്തോടൊപ്പം കോഴിക്കോട്ടേക്കൊഴുകിയെത്തിയ വിലാപജാഥ വരെയുള്ള നഖചിത്രങ്ങൾ നൽകുന്നുണ്ട് ഈ പുസ്തകം. എം.എസ്. ബാബുരാജ് ഒരു സംസ്‌കാരമായിരുന്നു.

അബ്ദുൽഖാദറിന്റെ മാസ്മരിക സാന്നിധ്യം, ചവിട്ടാർമോണിയത്തിന്റെ ചരിത്ര ധ്വനികൾ... ഇങ്ങനെ താൻസൻ സംഗീത ക്ലബ്ബിന്റെ ആഖ്യാനധാര എഴുത്തുകാരന്റെ ജീവിതവുമായും ഓർമയുമായും കെട്ടുപിണയുന്നു. എല്ലാ കലകളുടെയും ബീജം സംഗീതമാണെന്ന് പറയുംപോലെ, താൻസൻ ക്ലബ്ബിൽ നിന്നാണ് മിക്ക കഥകളുടെയും തുടക്കം.

അതുപോലെ, വാസുപ്രദീപ് മിഠായിത്തെരുവിൽ കെട്ടിപ്പടുത്ത നാടകത്തിന്റെ കഥകൾ, അതിന്റെ അനുഭവങ്ങൾ നിരവധിയുണ്ട്, ഈ പുസ്തകത്തിൽ. അദ്ദേഹത്തിന്റെ നാടകങ്ങളുടെ ട്വിസ്റ്റ് അപ്രതീക്ഷിതമായി സംഭവിക്കുന്നു. ഒരുപക്ഷേ, കെ.ടി. മുഹമ്മദും മറ്റും കൊണ്ടുവന്ന മോഡേണിസമേ ആയിരുന്നില്ല വാസുപ്രദീപിന്റേത്. ബ്രഹ്ത്തിന്റെ എപിക് തിയേറ്റർ സങ്കൽപ്പങ്ങളൊന്നും അദ്ദേഹം നേരിട്ട് പ്രയോഗിച്ചില്ലെങ്കിലും, ചില അപ്രതീക്ഷിതമായ ട്വിസ്റ്റ് കൊണ്ട്, കാണികൾക്ക് കൊടുക്കാനുള്ള സന്ദേശത്തെ കൂടുതൽ അർഥവത്താക്കുമായിരുന്നു.

മറ്റൊരു ധാര, ആർ.പി. എന്ന ചുരുക്കപ്പേരിൽ അറിയുന്ന രാഘവൻ പുതിയോട്ടിലിന്റെ പത്രാധിപത്യത്തിൽ ഇറങ്ങുന്ന കാഹളം സായാഹ്നപത്രത്തിന്റെ എഡിറ്റോറിയലിൽ പങ്കാളിയാവുന്ന ആഖ്യാതാവിന്റെ മിഠായിത്തെരുവനുഭവ ചരിത്രം. തെരുവിന്റെ ടോപ്പോഗ്രഫി തന്റെ ജീവിതവാസത്തിൽനിന്ന്​ ഭിന്നമല്ല. തെരുവിലെ സ്ഥലങ്ങൾ, ആളുകൾ, വി.ഐ.പികൾ, കോളനിചിന്തുകളുടെ ബാക്കികൾ, പഠാണികളുടെയും ഗുജറാത്തി തെരുവിന്റെയും അതിരസകരങ്ങളായ അനുഭവങ്ങൾ, ആചാരങ്ങൾ, മാനാഞ്ചിറ മൈതാനിയിൽനിന്നും അപ്രതീക്ഷിതമായി കേട്ട,
"ജെൽത്തെ ഹേ ജിസ്‌കേലിയെ...'എന്ന്, തലത്തിന്റെ സ്വകീയശബ്ദത്തിൽ കേട്ട പാട്ട്, വിചിത്രവീര്യരായ നിരവധി കഥാപത്രങ്ങൾ, തെരുവിലെ ദ്രവ്യങ്ങളുടെ ഉത്സവം, നിറങ്ങൾ, മണങ്ങൾ...അങ്ങനെ നീണ്ടുപോകുന്ന ഓർമയുടുമ്പുകൾ..

നിരവധി ആർട്ടിസ്റ്റുകളെ നമുക്ക് മധുരതെരുവിൽ നിന്ന് കിട്ടും. ചിലരെങ്കിലും ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റുകളുടെ വേഷം കേട്ടുന്നവരുണ്ട്. അമിതമായ ലഹരിക്കടിപ്പെട്ടു മരിക്കുന്നവരുണ്ട്.

ഡ്രം മുസ്തഫ തീവണ്ടി തട്ടിമരിച്ചു എന്ന് ജനസംസാരമുണ്ടെങ്കിലും തീവണ്ടിയിൽ നിന്ന്​ ചാടി ആത്മഹത്യ ചെയ്തതാണെന്ന് അറിയുന്നവർക്കറിയും. ലഹരിയും തെരുവും സംഗീതവും തമ്മിലുള്ള ആത്മബന്ധം ഒരുപക്ഷേ, ഏറ്റവും ഹൃദയസ്​പർശിയായി മധുരത്തെരുവിലുണ്ട്. അതുപോലെ മാനസാന്തരം വരുന്ന നിരവധി മനുഷ്യർ. നൊസ്സ് വന്ന്, തന്റെ കല്യാണക്കാര്യം ഓഫീസ് തോറും നടന്ന് സുഹൃത്തുക്കളെ അറിയിക്കുന്ന ഒരാൾ. ജീവിതകാലം മുഴുവൻ രക്തദാനം നടത്തി ആളുകളെ ജീവിപ്പിച്ച ചോരബാലൻ അവസാനം, തന്റെ ഗ്രൂപ്പ് രക്തം കിട്ടാതെ അന്ത്യശ്വാസം വലിക്കുന്നു. ഇവർക്കോരോരുത്തർക്കും മിഠായിത്തെരുവുമായിട്ടുള്ള ജൈവബന്ധം കോഴിക്കോടൻ ജീവിതത്തിന്റെ എഴുതപ്പെടാത്ത ഏടുകളാണ്.

ദേവിയോടുള്ള പ്രണയം, തെരുവിലെ പത്രക്കാരനെ ആവേശിപ്പിക്കുന്നുണ്ട്. ദേവി എന്ന പേര് ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ ഓർമിപ്പിച്ചു. നിരവധി ജീവിതപരിതോവസ്ഥകളെ മിഠായിത്തെരുവ്, മനുഷ്യജീവിതകഥകളായി എടുത്തുകാണിക്കുന്നുണ്ട്. അതിലൊന്നാണ് സ്വയം പരാജയം സമ്മതിക്കേണ്ടി വന്ന തെരുവിലെ പ്ലാറ്റണിക് പ്രണയം. പഠാണിയായ ബീവിജാന്റെ മകൾ നിലോഫറിനോടുള്ള ഗൂഢാനുരാഗം, അവരുടെ ജീവിതസംസ്‌കാരത്തിലേക്ക് നിരവധി വാതായനങ്ങൾ തുറക്കുന്നു. പാഠാണികളുടെ അദാബുകൾ (മര്യാദകൾ) നീലോഫറിലൂടെ അതിരസകരമായി വരച്ചിട്ടിട്ടുണ്ട്. മെഹന്ദി, ഹൽദി, ശുക്രാന തുടങ്ങിയ കല്യാണചടങ്ങുകൾ നീലോഫറിന്റെ ഭാഷയിലൂടെ അതിമനോഹരമായി അവതരിപ്പിക്കുന്നു. ശിയാക്കളുടെ മുഹറം പത്ത് (തഅസിയ) തെരുവിൽ അരങ്ങേരുന്നത് രസകരമാണ്.പഠാണി ജീവിതത്തിന്റെയും ഗുജറാത്തികളുടെയും സംസ്‌കാരത്തിന്റെ ഒരു പരിഛേദം വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നുണ്ട്.

ദസ്താൻ സിനിമയുടെ പ്രചാരണാർഥം കൽപക ബസാറിൽ നിന്നിറങ്ങിവരുന്ന ദിലീപ് കുമാറും ശർമിള ടാഗോറും ഒരു സ്പെക്റ്റക്കിൾപോലെ വായനക്കാരെ പിടിച്ചുനിർത്തും.

ക്വീൻസ് ഹോട്ടലുകാർ, പഴയ ഹൽവാ ഹാളിന്റെ മുകൾഭാഗം വാടകക്കെടുത്ത് സാധാരണക്കാർക്കായുള്ള കാബറെ തുടങ്ങിയ ചരിത്രം ഈ പുസ്തകം പറയുന്നു.
ഇതൊക്കെ വായിച്ചപ്പോൾ, ആദ്യമായി ക്രൗണിൽ നിന്ന്​ ഇംഗ്ലീഷ് ജെയിംസ് ബോണ്ട് സിനിമ കണ്ടതും ആരുമറിയാതെ കട്ടുകടന്നുപോയി രണ്ട് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട്ടുനിന്ന് കാബറെ കണ്ടതും മനസ്സിലേക്കോടിയെത്തി. ഡിഗ്രിക്ക് പഠിക്കുമ്പോഴാണത്. ക്വീൻസ് ഹോട്ടൽ, മഹാറാണി എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിലേക്ക് ഒരു വിക്ടോറിയൻ ലോകം മനസ്സിൽ ഓടിക്കൂടി വരുന്ന കാലമാണത്. യൂറോപ്യൻ ആധുനികതയുടെ സാംസ്‌കാരികധ്വനി നമ്മുടെ ആധുനികതയെ ചൂഴ്ന്നുനിൽക്കുന്ന കാലം. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന വർഗീയവും ജാതീയവും വംശീയവുമായ ചിന്തകൾ യൂറോ - കേന്ദ്രിത ബോധത്തിനിടയിൽ വാലുമടക്കിക്കിടന്നു.

മാത്രമല്ല, എന്റെ ബൗദ്ധികജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരിടമാണ്, ഈ തെരുവിലെ ഹോട്ടൽ ആര്യഭവൻ -25 എന്ന മുറിയിൽ സംഭവിച്ച ഷെൽവിയുടെ മൾബെറി പുസ്തകപ്രസാധനം. എന്റെ ആദ്യ പുസ്തകം, അവധൂതന്റെ മൊഴി (Voice of the Master) വെളിച്ചം കാണുന്നത് മൾബറിയിലൂടെയാണ്. ജിബ്രാനെ ആദ്യമായി പരിഭാഷപ്പെടുത്തിയത്, അലിഗഡിൽ വച്ചാണ്. അലിഗഡ് സർവകലാശാലയിലെ സർ സയ്യദ് ലൈബ്രറിയിൽനിന്നാണ് ജിബ്രാനുമായി കൂടുതൽ അടുപ്പത്തിലായത്. മറ്റൊരു പ്രിയപ്പെട്ട പരിഭാഷയും (ബർഗ്​മാന്റെ Cries and Whispers /നിലവിളികളും മർമരങ്ങളും) പുറത്തുവന്നത് ഷെൽവിയിലൂടെത്തന്നെ.

ജിബ്രാന്റെ ആദ്യഡ്രാഫ്റ്റ് ഞാൻ അയച്ചുകൊടുത്തത് ഇന്നും ഓർമിക്കുന്നു. ഒരു ഗ്രന്ഥകാരനാവാനുള്ള അതിയായ മോഹം പൂവണിയുമോ? ഒരാഴ്ച കഴിഞ്ഞ്​ ദാ വരുന്നു ഒരു ഫോൺ കാൾ. ജിബ്രാൻ പുസ്തകമാക്കാൻ തീരുമാനമെടുത്ത വിവരം അറിയിച്ചതാണ്. എന്നാൽ, ജിബ്രാന്റെ ലഹരി ബാധിച്ച ശബ്ദമായിരുന്നു, അത്. ആ സ്വരം എന്നെ എന്തെന്നില്ലാതെ ത്രസിപ്പിച്ചു. പിന്നെ പല പ്രസാധകാരിലൂടെ പുസ്തകം വന്നിട്ടുണ്ടെങ്കിലും അതുപോലെ ഒരു പ്രസാധകന്റെ മാസ്മരികസ്വരം ഞാൻ കേട്ടിട്ടില്ല. അതായിരുന്നു ഷെൽവി. ഓരോ പുസ്തകവും അയാൾക്കൊരു ഡിസ്‌കവറി ആയിരുന്നു. പുസ്തകത്തിന്റെ കണ്ണും കരളും ഇതുപോലെ തിരിച്ചറിഞ്ഞ മറ്റൊരു പ്രസാധകനെ മലയാളത്തിൽ എനിക്ക് പരിചയമില്ല. എന്നിൽ ഒരു എഴുത്തുകാരൻ ഉണ്ട് എന്ന് എന്റെ ശൈലി കണ്ട് ആദ്യമായി തിരിച്ചറിഞ്ഞയാൾ, പ്രിയപ്പെട്ട ഷെൽവി തന്നെ. പ്രസാധനകലയുടെ കണ്ണും കരളും വിദഗ്ധമായ കലാശസ്ത്രക്രിയയിലൂടെ അയാൾ മാറ്റിസ്ഥാപിച്ചു. പ്രസാധന കലയുടെ രാഷ്ട്രീയവും സംസ്‌കാരവും അദ്ദേഹം മാറ്റിയെഴുതി.

"ചാർമിനാർ' എന്നൊരു അധ്യായം തന്നെ ഈ കൃതിയിലുണ്ട്. കൗമാരക്കാർ വലിച്ചു ശീലിക്കുന്നത് ഒരുപക്ഷേ, അന്ന് സമൂഹത്തെ തിരിച്ചറിയുന്നതിന്റെ കൂടി പരിഷ്‌കാരതുല്യമായ അടയാളമായിരുന്നു.

ഞാനിപ്പോഴും ഓർക്കുന്നു, അന്നത്തെ കല്യാണത്തിന് സദ്യ കഴിഞ്ഞാൽ ധനസ്ഥിതിയനുസരിച്ചു ഒരു ബീഡിയോ സിഗരറ്റോ കൊടുത്തിരുന്നു. അത് വിതരണം ചെയ്യാൻ ഒരാൾത്തന്നെയുണ്ടാവും. സിഗററ്റ് വിതരണം ചെയ്യുന്നയാളുടെ മുഖത്ത് പ്രത്യേകമായൊരു അഭിമാനഭാവം മിന്നുന്നുണ്ടാവും. പുകവലിക്കാത്തവർക്ക് മുറുക്കാൻ.

ഇന്ന് കേരളത്തിലെ ഏതെങ്കിലും ഒരങ്ങാടിയിൽ നിന്ന് പുകയ്ക്കണമെങ്കിൽ, അയാൾ എടുക്കേണ്ട റിസ്‌ക് ഒന്നാലോചിച്ചുനോക്ക്. ശ്രീധരേട്ടന്റെ കടയിൽ കോളേജ് കുട്ടികൾ കൂടിനിന്ന്, ചാർമിനാറിന്റെ പരസ്യപ്പലക സ്ഥാപിക്കുന്നത് സാകൂതം നോക്കിനിൽക്കുന്നു.

കാമുകീ കാമുകന്മാർ ബുള്ളറ്റിൽ പോകുന്ന ആ പരസ്യബോർഡിലുള്ള വാചകം ഒരുപക്ഷെ ആക്കാലത്തിന്റെ ഒരു പാരഡയിം ആണ്,

Give me a bike
Give me a highway
Give me my girl
And give me the taste of toasted tobacco.

കൂടിനിൽക്കുന്ന യുവാക്കൾക്കിടയിൽ പലതരം സിഗാറുകളെക്കുറിച്ച് ഒരു "സെമിനാർ' തന്നെ അലയ്ക്കുന്നുണ്ട്. പലതരത്തിലുള്ള കളികൾ, സൈക്കിൾ യജ്ഞങ്ങൾ, തൈലവിൽപ്പനക്കാർ, മറ്റുള്ളവർ... അങ്ങനെ ഒരുതരം കാർണിവലിന്റെ ഉഷ്ണഭൂമിയായി മിഠായിത്തെരുവ് വെളിപ്പെടുന്നു.

കേരളം മെല്ലെമെല്ലെ പെട്രോഡോളറിലേയ്ക്ക് ഉണർന്നുതുടങ്ങുന്ന കാലമാണത്. ആധുനികത നിർമ്മിച്ച സാഹിത്യം അതിനോട് കൂട്ടുകൂടിയ യുവാക്കളിൽ നിറയെ പരീക്ഷണ കുതുകങ്ങൾ നിറച്ചു. കാബറെ കാണുന്നത് ഹൃദയത്തിന്റെ ആനന്ദത്തേക്കാൾ പരിഷ്‌കാരത്തോടും പശ്ചാത്യവൽക്കരണത്തോടുമുള്ള അഭിമുഖ്യമായിരുന്നു. അലസവിലസിതവും മന്ദതാളത്തിലും ചലിക്കുന്ന അന്നത്തെ സമാന്തര സിനിമയിൽനിന്ന്​ ഭിന്നമായ അനുഭവമായിരുന്നു, ചടുലമായ കാബറെ.

മഹാറാണിയിലെ കളി അന്ന് ഞങ്ങൾക്ക് താങ്ങുന്നതായിരുന്നില്ല. ഒരു ദിവസം അവിടെപ്പോയി തിരിച്ചുപോന്നു. ഞങ്ങൾ അതിനുപോന്നവരല്ല, എന്ന് മഹാറാണിക്കാർക്കുതന്നെ തോന്നിയപോലെ. അങ്ങനെയാണ്, അതുവരെ കേൾക്കാത്ത ക്വീൻസ് എന്ന പേര് തെരഞ്ഞുപിടിച്ചത്. ഹിപ്പിസവും ബോണി എമ്മും ഒക്കെ കാമ്പസ് മനസ്സുകളിൽ പച്ചപിടിച്ച കാലമായിരുന്നു അത്.
നർത്തകി റോസി, വേഷം മാറാൻ മതിയായ സ്ഥലമില്ലാതെ ഒറ്റഷാൾ പുതച്ച് റോഡ് മുറിച്ചുകടന്നുപോകുന്നത്, ഈ കൃതിയിലെ ഒരസുലഭമുഹൂർത്തമാണ്. ഒരുപക്ഷേ, അന്ന് ഞങ്ങൾ പൊയ്ക്കണ്ട ആ കളിയിൽ റോസി തന്നെയായിരുന്നുവോ ആർട്ടിസ്റ്റ്?- ആർക്കറിയാം.

തെരുവിലേക്ക് ഹിപ്പികളുടെ വരവ്, സംഗീതബാന്റുകാരുടെ മാർച്ച്പാസ്റ്റുകൾ, ഹൽവത്തെരുവിലെ പെൺവാണിഭം, അതിരസികനും സാമൂഹ്യ വിമർശകനുമായ കൃഷ്ണൻ വൈദ്യരുടെ അലക്കുകല്ലുകളോടുള്ള പ്രസംഗം, കൗമാരങ്ങളുടെ ഉള്ളിലേയ്ക്ക് കടക്കുന്ന ചാർമിനാറിന്റെ പുതുലോകപ്പുകയും പരസ്യ വാചകങ്ങളും, ബീഡിചരിതം, ഒരു കൈയിൽ കറുത്ത ബാഗും മറുകൈ കൈകൊണ്ട് മുണ്ടറ്റം പൊക്കിപ്പിടിച്ചുള്ള എസ്.കെ. പൊറ്റക്കാട്ടിന്റെ തെരുവിലെ നടത്തം, നാഗ്​ജി ഫുട്ബാൾ... അങ്ങനെയങ്ങനെ.

അടിയന്തരാവസ്ഥയുടെ വരവ് കേരളത്തിന്റെ മാധ്യമരംഗത്തു കൊണ്ടുവന്ന സെൻസർഷിപ്പിന്റെ ആഘാതം, ആർ.പിയുടെ കാഹളത്തിന്റെ അവസ്ഥാന്തരത്തിലൂടെ കൃതിയിൽ വാചാലമാകുന്നു. അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം എഡിറ്റോറിയൽ സ്‌പേസ് ഒഴിച്ചിട്ടു പത്രമിറക്കാനുള്ള തീരുമാനത്തിലൂടെ പ്രകടമാവുന്നുണ്ട്. അന്ന് ഇന്ത്യയിലെ പല പത്രങ്ങളും ഇങ്ങനെ ചെയ്യുകയുണ്ടായി. അഭിപ്രായം എഴുതാൻ മടികാണിച്ചവരും അങ്ങനെ ചെയ്തതായി ചിലർ എഴുതിയിട്ടുണ്ട്. ഒരു പ്രാദേശിക സായാഹ്നപത്രമുടമയാണെന്നാലും മുഖ്യപത്രാധിപർ കൂടിയായ ആർ.പി യുടെ നിശ്ചയദാർഢ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയവും ചരിത്രസാന്നിധ്യവും വെളിപ്പെടുത്തുന്നു. ആർ.പി ഒരു നിർമിത കഥാപാത്രം അല്ലാത്തിടത്തോളം നമ്മുടെ മാധ്യമചരിത്രത്തിൽ, ഇത്തരത്തിലുള്ളവരെ നാം പരിഗണിച്ചിട്ടുണ്ടോ എന്ന കാര്യം ആലോചനാമൃതമാണ്.

ഹിപ്പികളുടെ, തെരുവിലേക്കുള്ള വരവ് ഹിപ്പിസത്തിന്റെ രാഷ്ട്രീയവും സംസ്‌കാരവും സംസാരിക്കുന്നു. ബെൽജിയം, ജർമനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗെറിയ, തുർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ ദേശങ്ങൾ കടന്നാണ് അവർ കൽക്കത്തയിൽ എത്തുന്നത്. അവരിൽ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കൻ പട്ടാളത്തിന്റെ അതിക്രൂര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഹിപ്പികളുടെ റോൾ എടുത്തുപറയുന്നുണ്ട്.
ഹിപ്പികൾ, ഗിറ്റാർ വായിച്ച്, ബോബ് ഡിലാന്റെ പാട്ടുകൾ തെരുവിൽ ആലപിക്കുന്നു.

How many roads must a man walkdown
Before you call him a man?
How many seas must a white dove sail
Before she sleeps in the sand...

ഹിപ്പികളെ അനുകരിച്ചായിരിക്കണം 70- കളിലും 80- കളിലും അലസവിലസിതമായ വേഷവും പശ്ചാത്യസംഗീതവും നമ്മുടെ കാമ്പസുകളിലും ഹരമായി. ലൂസ് ഷർട്ടിന് ഒന്നോ രണ്ടോ ബട്ടൺ ഇട്ടാലായി. നൽപ്പത്തഞ്ചും കൂടുതലും ഇഞ്ച് വരുന്ന ബെൽബോട്ടം യുവാക്കളുടെ വേഷമായി. നാട്ടിൻപുറങ്ങളിൽ, റോഡടിച്ചുവാരാൻ പോകുന്നവർ എന്നുവരെ പഴമക്കാർ, കോളേജ് പിള്ളാരെ തമാശയോടെ ഓർമിച്ചു. ഓരോ കാലത്തും നടമാടുന്ന വേഷങ്ങൾ അതതു കാലത്തെ രാഷ്ട്രീയ - സാംസ്‌കാരിക ജ്ഞാനിമങ്ങളോട് അടുപ്പമുള്ളവയായിരിക്കും. ഇന്ന് ഇന്ത്യയിലെ സ്ഥിതിനോക്കിയാലറിയാം വേഷം സ്വത്വപരമായ സാമൂഹ്യ ശ്രേണികളെ പ്രകടിപ്പിക്കുന്നു. പ്രത്യയശാസ്ത്രപരമാണ് അത്. അവയോടുള്ള സംഘർഷം നമ്മുടെ ഉത്തരകാലരാഷ്ട്രീയത്തെപ്പോലും മറ്റൊന്നാക്കുന്നു.

അബ്ദുവിന്റെ പ്രവാസം, തിരിച്ചുവരവ്, ഒരു റിട്രോസ്‌പെക്റ്റീവ് എന്നപോലെ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം, പൂട്ടിയ ഓട്ടുകമ്പനി, ഇങ്ങനെ പോകുന്ന ഓർമചിത്രങ്ങൾ കൊണ്ട് അതിരസകരമായ കഥയും ചരിത്രവും ആത്മാഖ്യാനവും ആക്കിമാറ്റിയിരിക്കുന്നു. ബാബുരാജിനുപകരം നജ്മൽ ബാബു പാടുന്നു, സുറുമയെഴുതിയ മിഴികളേ... പാട്ടിന് കാലത്തിന്റെ ഭാവപ്പകർച്ചകൾ വരുന്നു. പാട്ടിന്റെ തുടർച്ചയിലേക്ക് തന്നെ ഒരു തെരുവിന്റെ സംസ്‌കാരത്തെ സംയോജിപ്പിക്കുകയാണ്, മധുരത്തെരുവ്.

ഈ പുസ്തകം നൽകുന്ന എഴുത്തിനെ അതിലംഘിക്കുന്ന വരയാണ്, ശശി മേമുറിയുടേത്. ഇത്ര നൊസ്റ്റാൾജിക് ആയി ചരിത്രവും ഓർമയും സംയോജിപ്പിച്ചു വരയ്ക്കുന്ന "വരയന്മാർ' നമുക്കധികമില്ല. വരയ്ക്ക് സംഗീതം അകമ്പടിയാകുന്ന മാതൃക ഓരോ ചിത്രത്തിലുമുണ്ട്. മിഠായിത്തെരുവിന്റെ / കോഴിക്കോടിന്റെ ചരിത്രത്തെയാണ് ശശി വരഞ്ഞെടുക്കുന്നത്. ശംഭു പ്രസാദിന്റെ പുറംചട്ടക്കുമുണ്ട് അതേയെടുപ്പ്.

ഈ പുസ്തകം എന്റെ ആത്മാഖ്യാനങ്ങളോട് പല മട്ടിലും രാഗ- വൈരാഗ ബന്ധത്തിൽ നിലക്കൊള്ളുന്നതിനാലാണ് ഇത്തരത്തിൽ ഞാനെഴുതിയത്. ഓർമയെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രക്രിയയാണ് ഇത്തരം എഴുത്തുകൾ. ഒരു പക്ഷേ പലരുടെയും ഓർമകൾ ഇങ്ങനെ ഒട്ടിച്ചുചേർക്കുമ്പോൾ ചരിത്രം വലിയൊരു കൊളാഷ് പോലെയാവും. നീരും ക്ഷീരവും കണിശമായി വേർതിരിക്കുന്നത് കലയുടെ പ്രവൃത്തിയല്ല. അതുകൊണ്ടാവണം, നദീം നൗഷാദിന്റെ പുസ്തകം ചരിത്രമായോ, ആത്മാഖ്യാനമായോ, ഫിക്ഷൻ ആയോ ഒക്കെ വായനക്ക് ഇണങ്ങും. ഒന്നുകൂടി അമർത്തിപ്പറഞ്ഞാൽ, ഓർമ ഊരിയെറിഞ്ഞാൽ ചരിത്രം മെലിഞ്ഞുപോകുമെന്നും തിരിച്ചാണെങ്കിൽ വാക്കുകളിലൂടെ ചരിത്രം പൂക്കുമെന്നും ഓർമിപ്പിക്കുന്നു, മധുരത്തെരുവ്.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments