മാനസ് ഫിറാഖ് ഭട്ടാചാർജിയുടെ 'ഗാന്ധി: ദി എൻഡ് ഓഫ് നോൺ-വയലൻസ്' (Gandhi: The End of Non-Violence | Manash Firaq Bhattacharjee) എന്ന പുസ്തകം മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാന 15 മാസങ്ങളെ- 1946 അവസാനം മുതൽ 1948 ജനുവരി 30-ന് അദ്ദേഹം കൊല്ലപ്പെടുന്നതുവരെയുള്ള നാളുകളെ- കേന്ദ്രീകരിച്ച് എഴുതപ്പെട്ട ഒന്നാണ്. നവാഖലി, കൊൽക്കത്ത, ബീഹാർ, ദില്ലി എന്നിവിടങ്ങളിലെ കലാപങ്ങൾ ഉൾപ്പെടെ വിഭജനകാലം സൃഷ്ടിച്ച അപരിഹാര്യമായ മുറിവുകൾക്കിടയിലെ ഗാന്ധിയുടെ അഹിംസാത്മക പ്രയോഗങ്ങളുടെ പരീക്ഷണകാലഘട്ടത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. ഗാന്ധിയുടെ സന്തത സഹചാരിയായിരുന്ന പ്യാരേലാൽ, നിർമ്മൽ കുമാർ ബോസ് എന്നിവർ നൽകുന്ന സാക്ഷിവിവരണങ്ങളോടൊപ്പം, പ്രൊഫ. തൃദീപ് സുഹൃദ് ഇംഗ്ലീഷ് ഭാഷയിലേക്ക്, അടുത്തകാലത്ത് വിവർത്തനം ചെയ്ത, ഗാന്ധിയുടെ അനന്തരവൾ മനുവിന്റെ ഡയറിക്കുറിപ്പുകൾ എന്നിവയിൽ നിന്നുള്ള ആധികാരിക റഫറൻസുകളും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു.
വംശഹത്യയ്ക്ക് സമാനമായ രീതിയിലുള്ള കൂട്ടക്കൊലകൾ അരങ്ങേറിക്കൊണ്ടിരുന്ന ഘട്ടങ്ങളിൽ അഹിംസാത്മ പ്രതിരോധത്തിലൂടെ മതമൈത്രി സ്ഥാപിച്ചെടുക്കാനുള്ള ഗാന്ധിയുടെ പരിശ്രമങ്ങളെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ ചങ്ങലകളില്ലാതെ പരിശോധിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞാൽ, ഗാന്ധിയുടെ അഹിംസാത്മ പ്രതിരോധത്തിന്റെ പ്രായോഗികതയെ ചരിത്രപരവും ദാർശനികവുമായ കോണിലൂടെ വിലയിരുത്തുവാനാണ് പുസ്തകം ശ്രമിക്കുന്നത്. കൽക്കട്ട, ബീഹാർ, ദില്ലി നഗരം എന്നിവിടങ്ങളിലെ സംഭവങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, മുഖ്യശ്രദ്ധ നവാഖലിയിലാണ്.
നവാഖലിയിലെ കൊലപാതകങ്ങൾ, മുസ്ലീംലീഗിന്റെ സംശയാസ്പദമായ പങ്ക്, ആ ഘട്ടങ്ങളിലെ ഗാന്ധിയുടെ കടുത്ത ധാർമ്മിക പോരാട്ടം എന്നിവയിൽ പുസ്തകം കാര്യമായ ശ്രദ്ധ ചെലുത്തുന്നു. അതേസമയം, ഖിലാഫത്ത് കാലഘട്ടം തൊട്ടുള്ള ഹിന്ദു- മുസ്ലീം ബന്ധങ്ങളെക്കുറിച്ച് ദീർഘമായ ആമുഖക്കുറിപ്പിലൂടെ ('റിഫ്റ്റ് ഇൻ ദി ലുട്ട്') പുസ്തകത്തിന്റെ ചട്ടക്കൂടിനെക്കുറിച്ചുള്ള ബോധ്യം ഗ്രന്ഥകാരൻ നമുക്ക് നൽകുന്നുമുണ്ട്.
കൊളോണിയൽ ഭരണത്തിനെതിരായ ധാർമ്മിക പ്രതിരോധത്തിന്റെ ദീപസ്തംഭമായി മാറിയ ഇന്ത്യൻ സ്വാതന്ത്ര്യസമരം, ദാരുണമായ കൂട്ടക്കൊലകളെയും നിരന്തരമായ അക്രമണങ്ങളെയും പിന്തുടർന്നുള്ള വിഭജനത്തിലേക്ക് എത്തിപ്പെട്ടതെങ്ങിനെയെന്ന് ചരിത്രത്തിന്റെ ദാർശനിക വിലയിരുത്തലിലൂടെ (metahistorical assessment) മനസ്സിലാക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു.

ഹിംസയ്‌ക്കെതിരായ ഗാന്ധിയുടെ 'അന്തിമ പോരാട്ട'ത്തെക്കുറിച്ചാണ് ഈ പുസ്തകം വിശദീകരിക്കുന്നത്. അവിടെ, കലാപബാധിത ഗ്രാമങ്ങളിലൂടെ നഗ്‌നപാദനായി നടക്കുകയും, ഉപവസിക്കുകയും, അനുരഞ്ജനത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗാന്ധിയെ നമുക്ക് കാണാൻ കഴിയും. എങ്കിൽക്കൂടിയും 'വെറുപ്പിന്റെ രാഷ്ട്രീയം' (ഭട്ടാചാർജി വിശേഷിപ്പിക്കുന്നതുപോലെ) ഗാന്ധിയുടെ ഇടപെടലുകളെ മറികടക്കുകയും, സാഹചര്യങ്ങൾ അഹിംസയുടെ ദുർബലതയെ വെളിപ്പെടുത്തുന്നതായി മാറുകയും ചെയ്തതായി ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. കൊൽക്കത്തയിൽ ഉണ്ടായ വിജയത്തെ ഗാന്ധി വിശേഷിപ്പിച്ചത് 'ഒമ്പത് ദിവസത്തെ അത്ഭുതം' എന്നായിരുന്നു. വിജയങ്ങളുടെ താൽക്കാലികത അഹിംസാ പദ്ധതിയുടെ ദുർബലതയെ അടിവരയിടുന്നതാണോ എന്ന് ഗ്രന്ഥകാരൻ സന്ദേഹിക്കുന്നു. ഗാന്ധി മുന്നോട്ടുവെക്കുന്ന അഹിംസയുടെ അതിരുകൾ പരീക്ഷണവിധേയമാക്കപ്പെടുന്ന ഒരു കാലഘട്ടമായിട്ടാണ് വിഭജത്തിന് തൊട്ടുമുമ്പുള്ള കാലത്തെ ഈ ഗ്രന്ഥത്തിൽ അടയാളപ്പെടുത്തുന്നത്. ആത്മത്യാഗത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന, അതേസമയം വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് കീഴിൽ വഴുതിവീഴുന്ന ഒരു 'വൈരുദ്ധ്യാത്മക ധാർമ്മിക രാഷ്ട്രീയ രീതി' ആയി അഹിംസയെ ഗ്രന്ഥകാരൻ വിലയിരുത്തുന്നു.
ഈ ഗ്രന്ഥത്തിന്റെ ഉപശീർഷകം-The End of Non-Violence- വായനക്കാരുടെ നെറ്റിചുളിപ്പിക്കാൻ പര്യാപ്തമായ ഒന്നാണ്. തീർച്ചയായും അൽപ്പം പ്രകോപനപരമായിത്തന്നെയാണ് ഗ്രന്ഥകാരൻ ഇത്തരമൊരു ഉപശീർഷകം തയ്യാറാക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അഹിംസയോടുള്ള തന്റെ ആജീവനാന്ത പ്രതിബദ്ധത ഗാന്ധി ഉപേക്ഷിച്ചുവെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നില്ലെങ്കിൽ കൂടിയും പ്രയോഗസ്ഥലികളിൽ അത് വളരെ അകലെയാണ് എന്ന സൂചന നൽകുന്നുണ്ട്. വംശഹത്യയുടെ പ്രത്യയശാസ്ത്രം അതിന്റെ 'അസാധ്യതകളെ' അഭിമുഖീകരിക്കുമ്പോൾ ഗാന്ധിയൻ അഹിംസയുടെ ചരിത്രപരവും പ്രായോഗികവുമായ പരിമിതികളെ അത് തുറന്നുകാട്ടാൻ ശ്രമിക്കുന്നു.
സാരാംശത്തിൽ, ഗാന്ധിയെ ഒരിക്കലും തെറ്റുപറ്റാത്ത വിഗ്രഹമെന്ന നിലയിലല്ല, മറിച്ച് വിഭജനത്തിന്റെ തീജ്വാലകളിൽ അഹിംസ അതിന്റെ ഏറ്റവും ആഴത്തിലുള്ള വെല്ലുവിളിയെ- ഒരുപക്ഷേ, അതിന്റെ ചരിത്രപരമായ പരിണാമത്തെ- നേരിട്ട ഒരു 'ചിന്തക-പ്രയോഗ' ഗാന്ധിയെ വളരെ കാവ്യാത്മകവും കർശനവുമായ ഭാഷയിലൂടെ വരച്ചുകാട്ടാനുള്ള ശ്രമമാണ് ഗ്രന്ഥകാരൻ നിർവ്വഹിക്കുന്നതെന്ന് കാണാം. ഇത് പൊതുജീവിതത്തിൽ അഹിംസയുടെ പങ്കിനെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾ നിരന്തരമായി ഉയർത്താൻ നമ്മോട് ആവശ്യപ്പെടുന്നു.
കലാപബാധിത പ്രദേശങ്ങളിലൂടെയുള്ള ഗാന്ധിയുടെ യാത്രകൾക്കും ഇടപെടലുകൾക്കും ഭരണകൂട യന്ത്രങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെന്നത് വസ്തുതയാണ്. ഒരർത്ഥത്തിൽ ഈ കാലയളവിൽ ഗാന്ധി ഒറ്റയ്ക്കായിക്കഴിഞ്ഞിരുന്നു. സമർപ്പിതരായ ഏതാനും അനുയായികൾ മാത്രമായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. എന്നുമാത്രമല്ല, പോലീസിന്റെയും ഇതര ഭരണകൂടയന്ത്രങ്ങളുടെയും പിന്തുണ തന്റെ യാത്രയുടെ ഭാഗമാക്കിമാറ്റാൻ അദ്ദേഹം ശ്രമിച്ചുമില്ല. കാരണം, പോലീസിനെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ചുള്ള ഭയം വിദ്വേഷം നിറഞ്ഞ ആളുകളെ അക്രമത്തിലേക്ക് തിരിയുന്നതിൽ നിന്ന് തടയുന്നുവെങ്കിൽ, അത്തന്നെ വലിയ ആശങ്കയ്ക്ക് കാരണമാണെന്നും അത് സമാധാനത്തിന്റെ ഉറപ്പായി കണക്കാക്കാനാവില്ലെന്നും ആയിരുന്നു ഗാന്ധിയുടെ അഭിപ്രായം.

ഇക്കാലമാകുമ്പോഴേക്കും ഗാന്ധി 'ദുർബലരുടെ അഹിംസ'യിൽ നിന്നും 'ശക്തരുടെ അഹിംസ'യിലേക്കുള്ള അന്വേഷണഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാരോടുള്ള അഹിംസാത്മക പ്രതിരോധത്തിൽ നിന്നും സ്വന്തം ദേശക്കാർക്കിടയിൽ മുളച്ചുപൊന്തിയ മതഭ്രാന്തിനെ നേരിടുമ്പോൾ ആവശ്യമായ ശക്തി തന്റെ അഹിംസാ പ്രയോഗങ്ങൾക്കുണ്ടോ എന്ന പരീക്ഷണം കൂടിയായിരുന്നു ഗാന്ധിക്ക് നേരിടാനുണ്ടായിരുന്നതെന്ന് പുസ്തകം വിശകലനം ചെയ്യുന്നു.
തീർച്ചയായും മാനസ് ഫിറാഖ് ഭട്ടാചാർജിയുടെ ഗ്രന്ഥം വായനക്കാരുടെ ചിന്തകളെ കൂടുതൽ ഉദ്ദീപിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരവും സംഭവബഹുലവുമായ നാളുകളെ വൈകാരിക വിച്ഛേദനത്തോടെയും ബൗദ്ധിക സത്യസന്ധതയോടെയും വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഗ്രന്ഥകാരൻ. എങ്കിൽക്കൂടിയും തന്റെ ഗ്രന്ഥത്തിന് അദ്ദേഹം നൽകിയ പ്രകോപനപരമായ ഉപശീർഷകം, 'അഹിംസയുടെ അന്ത്യം', എന്നത് തെളിയിക്കാനുള്ള യജ്ഞത്തിന് അറിഞ്ഞോ അറിയാതെയോ കൂടുതൽ പ്രാമുഖ്യം കൈവരുന്നുണ്ടെന്ന് കാണാവുന്നത്. ഇത് വിഭജനത്തിന്റെ തുടർച്ചയെന്ന നിലയിലുള്ള അക്രമണങ്ങളുടെ അനിവാര്യത ഉറപ്പിക്കുന്നതായും കൊളോണിയൽ ഭരണകൂട നയങ്ങൾ പോലുള്ള ഘടനാപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചാ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നതായി വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം
