പെറ്റുമ്മയെ ചേർത്തുകെട്ടിയ പുസ്തകം

എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങൾ ജീവിച്ച ദരിദ്രനായ ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളിൽ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകൾ.

മ്മയിൽ നിന്ന് ഒരിക്കലും മുറിഞ്ഞുപോയിട്ടില്ലാത്ത പൊക്കിൾക്കൊടിയുടെ ഓർമയിലും മണത്തിലും ചോരപ്പാടിലും അലിഞ്ഞിരുന്നാണ് പി.എസ്. റഫീഖ് അനുഭവങ്ങളുടെ എഴുത്തുരൂപം മെടഞ്ഞെടുക്കുന്നത്. റഫീഖിന്റെ ഉപമയെടുത്താൽ പായ നെയ്യുന്ന സൂക്ഷ്മതയോടെ മുള്ളുകളഞ്ഞ് ചീകിയെടുത്ത തഴപ്പൊളികൾ അടുക്കി വെയ്ക്കുമ്പോൾ രൂപപ്പെടുന്ന ഓരോ ചതുരസ്‌ക്രീനിലും ഭാഷ കൊണ്ട് ഓരോരോ കഥകൾ, കേൾവികൾ, സന്തോഷങ്ങൾ, മനുഷ്യരുകൾ, ഖബറുകൾ, നടത്തങ്ങൾ, വെള്ളങ്ങൾ നിറച്ചുവെയ്ക്കുകയാണ്.

ഇന്ത്യൻ മുസ്‌ലിമിന്റെ ചരിത്രം തുടങ്ങുന്ന ചേരമാന്റെ കൊടുങ്ങല്ലൂരിലിരുന്നാണ്, ഇന്ത്യൻ മുസ്‌ലിംസ്വത്വം പകച്ചുനിൽക്കുന്ന വർത്തമാനകാലത്ത്, കൊടുങ്ങല്ലൂരുകാരനായ ഒരാൾ സ്വന്തം നാടിന്റെ പൗരത്വ രേഖകൾ പൂരിപ്പിക്കുന്നത്. അതിൽ ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കൽ, സ്വാതന്ത്ര്യത്തിന്റെ മുക്കാൽനൂറ്റാണ്ട് പിന്നിടുന്ന ഒരു രാജ്യത്തിനകത്ത് ഒരു മുസ്‌ലിം, ആത്മാവിലും ശരീരത്തിലും അനുഭവിക്കുന്ന നിസ്സഹായതയുണ്ട്. ഇന്ത്യൻ മുസ്‌ലിമിന്റെ ഭയങ്ങളുണ്ട്. ‘ഉമ്മ തന്ന പാകിസ്ഥാന്റെ താക്കോലും' ‘ഞങ്ങളുടെ പൗരത്വരേഖകളും' സ്വന്തം രാജ്യം വ്യക്തികൾക്കുചുറ്റും സ്വത്വത്തിന്റെ പേരിൽ നിർബന്ധപൂർവ്വം വരച്ചിടുന്ന അദൃശ്യമായ അതിർത്തികളെക്കുറിച്ചാണ് പറയുന്നത്.

ഒട്ടനവധി കഥകളും നാടകങ്ങളും സിനിമാ തിരക്കഥകളും പാട്ടുകളും എഴുതിയിട്ടുള്ള റഫീഖിന്റെ അനുഭവക്കുറിപ്പുകളിൽ റഫീഖ് തന്നെ എഴുതിയിട്ടുള്ള ഫിക്ഷനെ തോൽപ്പിച്ചുകളയുന്ന യാഥാർത്ഥ്യത്തിന്റെ ഉമ്മൂമ്മപ്പാലങ്ങൾ കാണാം. പാലത്തിനടിയിൽ നൂറ്റാണ്ടുകളുടെ ഒഴുക്കുവെള്ളം. കഥകൾ പറയുന്ന അമ്മൂമ്മമാരുടെ മുലകൾ തൂങ്ങിക്കിടക്കുന്ന കൈവരികൾ. കഥകൾ പേറുന്ന തലയോട്ടികൾ കടലിലേക്ക് പാഞ്ഞെത്തി മീനുകളായി രൂപാന്തരം പ്രാപിക്കുന്ന ഇന്ദ്രജാലം.

പി.എസ്. റഫീഖ് ഉമ്മ കുഞ്ഞി ബിവാത്തുവിനൊപ്പം
പി.എസ്. റഫീഖ് ഉമ്മ കുഞ്ഞി ബിവാത്തുവിനൊപ്പം

മനുഷ്യരുടെ കടലിൽനിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്‌തെടുത്ത ഉപ്പു രുചിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലെ കുറിപ്പുകൾ. അതിലൊരു കടൽ മനുഷ്യൻ, തന്റെ ജീവിതകാലത്തെ മുഴുവൻ പുസ്തകസമ്പാദ്യവും തുണിയിൽക്കെട്ടി ഭാണ്ഡമാക്കി തലയിൽ ചുമന്ന് റഫീഖിന്റെ വീട്ടിലേക്ക് ഇടവഴികൾ താണ്ടിയെത്തുന്നുണ്ട്. അതയാൾ എഴുത്തുകാരന് കൈമാറുന്നു. ശേഷമയാൾ കടലിൽ ലയിക്കുന്നു. സിദ്ദുക്ക എന്ന് വിളിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരൻ, ഭ്രാന്തൻ, സിദ്ധൻ. അന്നാട്ടിലെ അമ്മമാർ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിലെ, ഇല്ലാത്ത ഇല്ലാവുണ്ണിയ്ക്ക്, സിദ്ദുക്കയുടെ പൂച്ചക്കണ്ണുകളാണെന്ന് തോന്നും. വെള്ളിയാഴ്ച നല്ല ദിവസത്തിലെ അയാളുടെ മരണം വായനക്കാരെയും നഷ്ടമുള്ളവരാക്കി മാറ്റുന്നുണ്ട്. അയാൾ കൈമാറിയ ഭാണ്ഡക്കെട്ടിലെ പുസ്തകങ്ങളിൽ നാടോടിക്കഥകളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും മനുഷ്യ സ്‌നേഹമായിരുന്നു ഉണ്ടായിരുന്നത്. റഫീഖ് എഴുതിയ ഒന്നും വായിച്ചിട്ടില്ലാത്ത ഒരാൾ.

വെള്ളത്തിൽ മുങ്ങി മരിച്ച മാതു, ഭൂമിയിൽ റഫീഖിനെ ആദ്യം കണ്ട കാളിയമ്മ, മാതുവിന്റെ മകൻ വിറച്ചു വിറച്ചു നടക്കുന്ന ബാബു, മീൻമുള്ള് ചവച്ച് തുപ്പിയതിൽ കടല് കാണിച്ചു കൊടുത്ത പെങ്ങൾ, ജോലിയ്ക്കായുള്ള ബസ്സ് യാത്രയിൽ ഇറങ്ങാതെ സീറ്റിലിരുന്ന് മരിച്ച സഹപ്രവർത്തകൻ... അങ്ങനെയങ്ങനെ പലതരം മനുഷ്യരെക്കുറിച്ച് ജീവിതത്തെക്കുറിച്ച്, വിടർത്തിയിട്ട തഴപ്പായയുടെ കൊച്ചു കൊച്ചു സ്‌ക്രീനുകളിൽ ദൃശ്യഭാഷയിൽ റഫീഖ് എഴുതിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെ ആദ്യകാല ബസ്സുകളിലൊന്ന്‌
കൊടുങ്ങല്ലൂരിലെ ആദ്യകാല ബസ്സുകളിലൊന്ന്‌

പണ്ട് സാരിയുടുത്തിരുന്ന ജമീലത്ത ഇപ്പോൾ പർദ്ദയിലാണ്. ഒരു കാലത്ത് ചേരമാൻ ടാക്കീസിലേക്ക് കുട്ടിപ്പട്ടാളത്തേയും സ്ത്രീകളുടെ പട്ടാളത്തേയും മുന്നിൽ നിന്ന് ആഹ്‌ളാദ മുഖത്തോടെ നയിച്ച ജമീലത്ത. സിനിമ കാണുന്നതിന് വിലക്കുണ്ടായിരുന്ന കുടുംബത്തിലെ കുട്ടികളെ സിനിമാക്കാഴ്ചയുടെ അത്ഭുതലോകത്തേക്ക് ആരും കാണാതെ തള്ളിയിട്ട ലൂയിസ് കരോൾ. സങ്കടമുഖം മാത്രം പുറത്തു കാണിച്ച് 'എന്നെയൊരു സിനിമയ്ക്ക് കൊണ്ടു പോടാ' യെന്ന് അത്ഭുത ലോകത്തു തന്നെ ചിതറി നടക്കുന്ന പഴയ കുട്ടിയോട് ജമീലത്ത ഇപ്പോൾ വഴിയിൽ കാണുമ്പോൾ ചോദിക്കാറുണ്ട്.

അയൽക്കാരാണ് സിദ്ധാർത്ഥനും പട്ടികളും അവന്റെ അമ്മയും. അവരുടെ വീട്ടിനുള്ളിൽ നിറയെ നിരത്തി വെച്ച ചെറുതും വലുതുമായ പാത്രങ്ങൾ. അവയിൽ ഓരോ ദിവസവും പൈപ്പിൽ നിന്ന് വെള്ളം ചുമന്ന് നിറയ്ക്കുന്ന അമ്മ. ആ അമ്മ മരിച്ച ദിവസം സിദ്ധാർത്ഥൻ വഴിയിലൂടെ കരഞ്ഞ് നടന്നു. അതിനു കുറച്ച് നാൾ മുൻപവൻ അമ്മയെ തല്ലി. അതിനും മുൻപുള്ള ദിവസങ്ങളിലവൻ വയറിൽ വേദന കൊണ്ട് നിർത്താതെ നിലവിളിച്ചു. ഒരു മനുഷ്യജീവി മുന്നിൽ നരകിച്ചു മരിക്കുന്നതു കാണാനാവാതെ റഫീഖ് എഴുതിയതാണ് ‘സിദ്ധാർത്ഥന്റെ പട്ടികൾ'. ആ എഴുത്ത് പ്രസിദ്ധീകരിച്ചതിനു ശേഷം സിദ്ധാർത്ഥനെത്തേടി ആളുകൾ വന്നു. അതിജീവനത്തിന്റെ വഴിയിലൂടെ നടന്നു നോക്കുകയാണ് അയാളിപ്പോൾ. ചിലപ്പോളയാൾക്ക് ജീവിക്കാൻ പറ്റിയേക്കും.

ചിത്രീകരണം: ദേവപ്രകാശ്‌
ചിത്രീകരണം: ദേവപ്രകാശ്‌

തന്റെ ജീവിതത്തിനു ചുറ്റുമുണ്ടായിരുന്ന സ്ത്രീകളെപ്പറ്റിയെഴുതുമ്പോഴൊക്കെ റഫീഖ് പെറ്റുമ്മയെ അതിൽ ചേർത്തുകെട്ടി. ആ സ്ത്രീകളിൽ നിന്നെല്ലാം അയാൾ പിന്നെയും പിറന്നു. തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ച ഉമ്മയുമായി ആശുപത്രിയിൽ നിന്ന് തിരിച്ച് ബസ്സിൽ വന്ന യാത്രയെക്കുറിച്ച് ഒരു കുറിപ്പിൽ എഴുതുന്നുണ്ട്. വേദനിക്കുന്ന തൊണ്ടയുമായി പുറത്തു മഴ പെയ്യുന്ന ബസ്സിൽ ഉമ്മയിരുന്ന ഇരുപ്പ്. ഇനിയെത്ര കാലമെന്നറിയാത്ത ഉൾഭയത്തോടെ ഉമ്മയുടെ ഉയിരിനെ ആർത്തിയോടെ നോക്കിയ ഒരു മകന്റെ നോട്ടം. മഴയിറങ്ങി നടക്കുമ്പോൾ കുടക്കീഴിൽ നെഞ്ചിലേക്ക് അടക്കിപ്പിടിച്ച പിടുത്തം.

ചേരമാൻ ടാക്കീസ്
ചേരമാൻ ടാക്കീസ്

വെള്ളായണി പരമുവിനെ ചേരമാൻ ടാക്കീസിൽ കാണാൻ വീടിന്റെ കണ്ണുവെട്ടിച്ചോടിയ ഒരു ദിവസം. രാത്രിയാണ്, ചെറിയ കുട്ടിയാണ് എന്നൊക്കെ സ്വയം മറന്ന ആ ദിവസം, സിനിമയുടെ പ്രലോഭനത്തെ മറികടക്കുന്നതിൽ തോറ്റ് പോയ ഒരു സ്‌കൂൾ കുട്ടി തിയറ്ററിന്റെ എക്‌സിറ്റ് ബോർഡിനു താഴെക്കൂടി പുറത്തിറങ്ങി നിന്ന് വിതുമ്പിയമ്പോൾ കുറച്ചു ദൂരെ ഗേറ്റിൽ കൈവെച്ച് അവനെക്കാത്ത് നിന്ന ഉപ്പയെ കണ്ടു. അന്നുവരെ ഒരു സിനിമയും കണ്ടിട്ടില്ലാത്ത അദ്ദേഹമാണ് സിനിമാ തിയറ്ററിലെ കാഴ്ചയുടെ തെറ്റിൽ നിന്ന് സാരമില്ലെന്ന് കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഉപ്പയാണ് കുടുക്കില്ലാത്ത ട്രൗസറിനുമീതെ ചീന്തിയെടുത്തൊരു തുണിക്കഷ്ണം വെച്ച് കെട്ടി ആ കുട്ടിയെ കവലയിലെ ചായക്കടയിൽ കൊണ്ടുപോയി നാട്ടിൽ രുചികളുണ്ടെന്ന് ആദ്യം കാട്ടിക്കൊടുത്തത്. കഥ പറച്ചിലിന് ഒരു ടെക്‌നിക്കുണ്ടെന്ന് അനുഭവിപ്പിച്ചത്. ആ കുട്ടി പിന്നീട് കുറേ സിനിമകൾക്ക് തിരക്കഥയെഴുതി. ആ സിനിമകളിലൊക്കെ താഴെത്തട്ടിലെ മനുഷ്യരുടെ ജീവിതം നിറഞ്ഞൊഴുകി. നായകൻ, ആമേൻ, തൊട്ടപ്പൻ തുടങ്ങി തിരക്കഥകളെഴുതിയ സിനിമകളെക്കുറിച്ചും ഒരു ലേഖനത്തിൽ റഫീഖ് വിശദമായി എഴുതിയിട്ടുണ്ട്.

പി.എസ്. റഫീഖിന്റെ ഉപ്പ സെയ്തുമുഹമ്മദ്. ആർട്ടിസ്റ്റ് പി.എ. മാഹിൻ വരച്ച ചിത്രം
പി.എസ്. റഫീഖിന്റെ ഉപ്പ സെയ്തുമുഹമ്മദ്. ആർട്ടിസ്റ്റ് പി.എ. മാഹിൻ വരച്ച ചിത്രം

മാർകേസ് തന്റെ ആത്മകഥയുടെ ആമുഖത്തിൽ പറയുന്ന പ്രശസ്തമായ വാചകമുണ്ട്. ആത്മകഥയെന്നാൽ ഒരാൾ ജീവിച്ച ജീവിതമല്ല, അതയാൾ എങ്ങനെ ഓർത്തു പറയുന്നു എന്നതാണ് എന്ന്. പി. എസ്. റഫീഖ് എഴുതുന്നത് ആത്മകഥയല്ല. പല സമയങ്ങളിൽ പല സാഹചര്യങ്ങളിൽ എഴുതിയ ഓർമക്കുറിപ്പുകളാണ്. പക്ഷേ അവയെല്ലാം ചേർത്തുവെയ്ക്കുമ്പോൾ അതിന് ഒരു ആത്മകഥയുടെ ഭാവം വരുന്നു. റഫീഖത് ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല.
ഒരാളുടെ ജീവിതം മുഴുവൻ മുഖത്തു നിന്ന് വായിച്ചെടുക്കാൻ കഴിയുമെന്ന് തോന്നിപ്പിക്കുന്ന മുഖമുള്ളയാളുടെ ആത്മകഥ. വലിയ നഖങ്ങൾ കൊണ്ടുള്ള ഹൃദയത്തിൽ നിന്ന് കിനിഞ്ഞു വന്ന ആത്മകഥ.

എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങൾ ജീവിച്ച ദരിദ്രനായ ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളിൽ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകൾ.

ചിലപ്പോളയാൾക്ക് ജീവിക്കാൻ പറ്റിയേക്കും എന്ന് പറഞ്ഞ് അവസാനിപ്പിച്ച ഒരു പാരഗ്രാഫുണ്ട് മുകളിൽ. പട്ടികൾക്കൊപ്പം ജീവിച്ച സിദ്ധാർത്ഥനെക്കുറിച്ചായിരുന്നു അത്. പക്ഷേ അയാൾക്ക് ജീവിക്കാൻ പറ്റിയില്ല. സിദ്ധാർത്ഥൻ മരിച്ചു പോയി. സിദ്ധാർത്ഥനെ രക്ഷപ്പെടുത്താൻ പലരും ശ്രമിച്ചു. സാധിച്ചില്ല. എനിക്കാരുമില്ലാത്തതുകൊണ്ടാണ് ഞാൻ തെറി പറയുന്നത് എന്ന് പറഞ്ഞ മനുഷ്യൻ. മരിച്ചപ്പോഴും, ചത്ത് പുഴുവരിച്ചപ്പോഴും ആരുമില്ലാതിരുന്നതുകൊണ്ട് ആരും കാണാതെ പോയ ഒരു മനുഷ്യൻ.

സിദ്ധാർത്ഥന്റെ വംശത്തിലെ മനുഷ്യർക്ക് ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് പരസ്പരം അറിയില്ലായിരുന്നു. അവർ പരസ്പരം തെറിവിളിച്ചു കാണും ചിലപ്പോൾ. പുഴുവരിച്ച നിന്റെ വംശ ചരിത്രവും ഇനി ഉറങ്ങട്ടെ എന്ന ആഗ്രഹം റഫീഖ് സിദ്ധാർത്ഥന്റെ മരണത്തിനു മേൽ പുതപ്പിക്കുന്നുണ്ട്. പക്ഷേ ആ പുതപ്പുകൾക്കുള്ളിൽ നിന്ന്, പരസ്പരമില്ലാതെ പോകുന്ന മനുഷ്യർ ഉച്ചത്തിൽ വിളിക്കുന്ന തെറികൾ, മുദ്രാവാക്യങ്ങൾ പോലെയും പ്രാർത്ഥന പോലെയും ബാങ്ക് വിളി പോലെയും സിനിമ പോലെയും പായ നെയ്യുന്ന ശബ്ദം പോലെയും കേൾക്കാൻ കഴിയും ഈ പുസ്തകത്തിൽ.

("ഉമ്മൂമ്മപ്പാലം കടന്ന എപ്പി' എന്ന പി.എസ്. റഫീഖിന്റെ പുതിയ പുസ്തകത്തിന് മനില സി. മോഹൻ എഴുതിയ അവതാരിക)


Summary: എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങൾ ജീവിച്ച ദരിദ്രനായ ഒരു മുസ്‌ലിമിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളിൽ നിന്ന് ഇഴപിരിച്ചെടുക്കാം. ദേശം അയാളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ. കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുകൾ.


മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments