മനു എസ്. പിള്ള

‘ആധുനിക ഹിന്ദു’ എന്ന നിർമിതി,
രാഷ്ട്രീയ മിത്തുകളുടെ പൊളിച്ചെഴുത്ത്

മനു എസ്. പിള്ള രചിച്ച 'ആധുനിക ഹിന്ദുസ്വത്വ നിർമ്മാണം' (‘Gods, Guns and Missionaries: The Making of the Modern Hindu Identity’) എന്ന പുസ്തകം മുൻനിർത്തി ആധുനിക ഹിന്ദുമതത്തിന്റെ പരിണാമങ്ങളെ വിശകലനം ചെയ്യുന്നു, ജിനീഷ് കുഞ്ഞിലിക്കാട്ടിൽ.

രിത്രത്തിന്റെ ഏതോ ഒരു ഇരുണ്ട കോണിൽ വെച്ച്, അധിനിവേശകൻ പിടിച്ചുനിർത്തിയ ഒരു കൂറ്റൻ കണ്ണാടിയിലേക്ക് നോക്കി സ്വന്തം പ്രതിബിംബം കണ്ട് ഭയന്നുപോയ ഒരു ജനതയുടെ കഥയാണിത്. ആ കണ്ണാടിയിൽ തെളിഞ്ഞത് അവരുടെ യഥാർത്ഥ മുഖമായിരുന്നില്ല, അധിനിവേശകരുടെ മുൻവിധികളും സദാചാരബോധവും തീർത്ത ഒരു വികലചിത്രമായിരുന്നു. ആ വികലചിത്രത്തെ സ്വന്തം മുഖമായി തെറ്റിദ്ധരിക്കുകയും, അതിനനുസരിച്ച് തങ്ങളുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സ്വത്വത്തെയും വിശ്വാസങ്ങളെയും വെട്ടിത്തിരുത്താൻ അവർ നിർബന്ധിതരാവുകയും ചെയ്തു.

മനു എസ്. പിള്ള രചിച്ച 'ആധുനിക ഹിന്ദുസ്വത്വ നിർമ്മാണം' (‘Gods, Guns and Missionaries: The Making of the Modern Hindu Identity’) എന്ന പുസ്തകം അന്വേഷിക്കുന്നത് ഭൂതകാലത്തിന്റെ ശവപ്പറമ്പുകളെയല്ല, ആധുനിക ഹിന്ദുമതം എന്ന സങ്കല്പനം എങ്ങനെയാണ് അധിനിവേശത്തിന്റെയും ക്രിസ്ത്യൻ മിഷനറിമാരുടെയും വെല്ലുവിളികളെ നേരിട്ട് കൃത്രിമമായി, എന്നാൽ അനിവാര്യമായി നിർമ്മിക്കപ്പെട്ടത് എന്നതിന്റെ മനഃശാസ്ത്രപരമായ വേരുകളെയാണ്.

മനു പിള്ള പുസ്തകം ആരംഭിക്കുന്നത് അത്യന്തം നാടകീയവും എന്നാൽ ഏറെ അർത്ഥതലങ്ങളുള്ളതുമായ ഒരു ചരിത്ര സംഭവത്തിലൂടെയാണ്. 1902-ൽ എഡ്വേർഡ് ഏഴാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് യാത്ര തിരിച്ച ജയ്പൂർ മഹാരാജാവ് മാധോ സിംഗിന്റെ കടൽയാത്രയാണത്. ഹൈന്ദവ വിശ്വാസപ്രകാരം കടൽ കടക്കുന്നത് അഥവാ 'കാലാപാനി' പാപമാണ്. എന്നാൽ സാമ്രാജ്യത്വയജമാനന്റെ ക്ഷണം നിരസിക്കാനും കഴിയില്ല. ഈയൊരു അസ്തിത്വപരമായ പ്രതിസന്ധിയെ ഇന്ത്യൻ സമൂഹം എങ്ങനെ മറികടന്നു എന്നത് വളരെ കൗതുകകരമാണ്.

ബ്രാഹ്മണിക്കൽ നവോത്ഥാനത്തിനെതിരെ ഉയർന്നുവന്ന കീഴാള പ്രതിരോധങ്ങളെ മനു എസ്. പിള്ളയുടെ പുസ്തകം അങ്ങേയറ്റം ഗൗരവത്തോടെയാണ് സമീപിക്കുന്നത്.

മാധോ സിംഗ് എസ്. എസ്. ഒളിമ്പിയ (SS Olympia) എന്ന കപ്പലിൽ യാത്ര തിരിച്ചത് സ്വന്തം കുലദൈവമായ ശ്രീ ഗോപാൽജിയുടെ വിഗ്രഹവും, ആറുമാസത്തേക്ക് കുടിക്കാനുള്ള ഗംഗാജലം നിറച്ച സ്വർണ്ണക്കുടങ്ങളും, കൂടാതെ ഒരു പറ്റം പശുക്കളുമായാണ്. ഇവിടെ പശുവും ഗംഗാജലവും ഭൗതിക വസ്തുക്കളല്ല, അന്യവൽക്കരിക്കപ്പെട്ട ഒരു ഭൂമികയിൽ തങ്ങളുടെ സാംസ്കാരിക ശുദ്ധി നിലനിർത്താനുള്ള സൂക്ഷ്മമായ ബിംബങ്ങളാണ്. പ്രായോഗികതയും മതപരമായ സിദ്ധാന്തങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ഇന്ത്യൻ മനസ്സ് എക്കാലത്തും അനുരഞ്ജനത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറന്നിരുന്നു.

ഈ പൊരുത്തപ്പെടലിന്റെ മറ്റൊരു ഉജ്ജ്വലമായ പ്രതീകമാണ് 'ഹിരണ്യഗർഭ'മെന്ന എന്ന ചടങ്ങ്. താഴെത്തട്ടിൽ നിന്നുള്ള നാട്ടുരാജാക്കന്മാർ അധികാരത്തിലെത്തുമ്പോൾ, ബ്രാഹ്മണ പുരോഹിതർ ഒരു സ്വർണ്ണപ്പശുവിന്റെ ഗർഭപാത്രത്തിലൂടെ അവരെ കടത്തിവിട്ട് ക്ഷത്രിയരായി 'പുനർജ്ജനിപ്പിക്കുന്ന' ആചാരമാണിത്. അധികാരവും മതാത്മകതയും തമ്മിലുള്ള സങ്കീർണ്ണമായ കൊടുക്കൽവാങ്ങലുകളാണിത്. മതം ഭരണകൂടത്തിന് നിയമസാധുത നൽകിയപ്പോൾ, ഭരണകൂടം മതത്തിന് ഭൗതികമായ സമ്പത്തും സംരക്ഷണവും നൽകി. ഓരോ ഗ്രാമത്തിനും ഓരോ ആചാരങ്ങൾ, ഓരോ കുലത്തിനും വ്യത്യസ്തങ്ങളായ ദൈവങ്ങൾ. ഈ അവസ്ഥയെ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത് 'ജൈവികമായി യോജിച്ച സൂക്ഷ്മ യാഥാർത്ഥ്യങ്ങളുടെ ഒരു ബൃഹദ് യാഥാർത്ഥ്യം എന്നാണ്. എന്നാൽ ഈ വിശാലമായ ക്യാൻവാസിലേക്കാണ് തോക്കുകളുമായി അധിനിവേശകരും, ബൈബിളുമായി മിഷനറിമാരും കടന്നുവരുന്നത്.

ആധുനിക ഹിന്ദുമതം എന്ന സങ്കല്പനം എങ്ങനെയാണ് അധിനിവേശത്തിന്റെയും ക്രിസ്ത്യൻ മിഷനറിമാരുടെയും വെല്ലുവിളികളെ നേരിട്ട് കൃത്രിമമായി, എന്നാൽ അനിവാര്യമായി നിർമ്മിക്കപ്പെട്ടത് എന്നതിന്റെ മനഃശാസ്ത്രപരമായ വേരുകളെയാണ് മനു എസ്. പിള്ള രചിച്ച 'ആധുനിക ഹിന്ദുസ്വത്വ നിർമ്മാണം' എന്ന പുസ്തകം  അന്വേഷിക്കുന്നത്
ആധുനിക ഹിന്ദുമതം എന്ന സങ്കല്പനം എങ്ങനെയാണ് അധിനിവേശത്തിന്റെയും ക്രിസ്ത്യൻ മിഷനറിമാരുടെയും വെല്ലുവിളികളെ നേരിട്ട് കൃത്രിമമായി, എന്നാൽ അനിവാര്യമായി നിർമ്മിക്കപ്പെട്ടത് എന്നതിന്റെ മനഃശാസ്ത്രപരമായ വേരുകളെയാണ് മനു എസ്. പിള്ള രചിച്ച 'ആധുനിക ഹിന്ദുസ്വത്വ നിർമ്മാണം' എന്ന പുസ്തകം അന്വേഷിക്കുന്നത്

മിഷനറിമാരുടെ നോട്ടങ്ങൾ

16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരിലൂടെയും പിന്നീട് പ്രൊട്ടസ്റ്റന്റ് മിഷനറിമാരിലൂടെയും ക്രിസ്തുമതം ഇന്ത്യയിലെത്തുമ്പോൾ, അവർ കണ്ട ഹിന്ദു മതം അവരെ സംബന്ധിച്ച് അസംബന്ധങ്ങളുടെ അന്ധകാര ലോകമായിരുന്നു. യൂറോപ്പിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിൽ നടന്നുകൊണ്ടിരുന്ന ആശയപരമായ പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങൾ എന്ന് മനു പിള്ള സമർത്ഥിക്കുന്നു. ഒരു ഗ്രന്ഥം, ഒരേയൊരു ദൈവം, മാറ്റമില്ലാത്ത കർക്കശമായ നിയമങ്ങൾ എന്നീ 'അബ്രഹാമിക്' വാർപ്പുമാതൃകകളിലൂടെ മാത്രം മതത്തെ കണ്ടുശീലിച്ച യൂറോപ്യന്മാർക്ക്, പരസ്പരവിരുദ്ധങ്ങളായ ആയിരക്കണക്കിന് പുരാണങ്ങളും ആചാരങ്ങളുമുള്ള ഹൈന്ദവത മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ഈ പ്രതിസന്ധിയെ മറികടക്കാൻ മിഷനറിമാർ സ്വീകരിച്ച രണ്ട് വ്യത്യസ്ത തന്ത്രങ്ങളെ പുസ്തകം അത്യന്തം നാടകീയമായി വരച്ചുകാട്ടുന്നുണ്ട്.

18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തമിഴ്നാട്ടിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിയായ ബാർത്തലോമ്യൂ സീഗൻബാൽഗ് (Bartholomaus Ziegenbalg), ഹൈന്ദവ വിശ്വാസങ്ങളെയും വിഗ്രഹാരാധനയെയും നിശിതമായി വിമർശിക്കുകയും പൈശാചികമെന്ന് മുദ്രകുത്തുകയും ചെയ്തു. 'തെക്കൻ ഇന്ത്യൻ ദൈവങ്ങളുടെ വംശാവലി' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഇത്തരത്തിലുള്ള ആദ്യത്തെ വിമർശനാത്മക ശ്രമങ്ങളിലൊന്നായിരുന്നു. 17-ാം നൂറ്റാണ്ടിൽ മധുരയിലെത്തിയ റോബർട്ടോ ഡി നൊബിലി (Roberto de Nobili) എന്ന കത്തോലിക്കാ മിഷനറി സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമായിരുന്നു. കാവിവസ്ത്രം ധരിച്ച്, സസ്യാഹാരിയായി, പൂണൂൽ ധരിച്ച്, തന്നെത്തന്നെ ഒരു 'ഇറ്റാലിയൻ ബ്രാഹ്മണനായി' അദ്ദേഹം പ്രഖ്യാപിച്ചു. "ഇന്ത്യക്കാരെ രക്ഷിക്കാൻ ഞാൻ ഒരു ഇന്ത്യക്കാരനാകും" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം, ക്രിസ്തുമതത്തെ ഹൈന്ദവവൽക്കരിക്കാനുള്ള ഒരു ബോധപൂർവ്വമായ ശ്രമമായിരുന്നു.

ഇന്നത്തെ ആധുനികോത്തര കാലഘട്ടത്തിൽ നാം ചർച്ച ചെയ്യുന്ന 'സാംസ്കാരിക വിനിമയം' എന്ന ആശയത്തിന്റെ ഏറ്റവും സങ്കീർണ്ണമായ ഉദാഹരണങ്ങളാണിവ. ചിനുവ അച്ചേബെയുടെ 'തിങ്സ് ഫാൾ അപ്പാർട്ട്' (Things Fall Apart) എന്ന വിഖ്യാത നോവലിൽ, ആഫ്രിക്കൻ ഗോത്രസമൂഹത്തിലേക്ക് കടന്നുവരുന്ന വെള്ളക്കാരനായ മിഷനറി അവരുടെ പരമ്പരാഗത വിശ്വാസങ്ങളെയും സാമൂഹിക ഘടനയെയും എങ്ങനെ തകർത്തെറിയുന്നുവോ, അതിന് സമാനമായ ഒരു ജ്ഞാനശാസ്ത്രപരമായ അധിനിവേശമാണ് ഇന്ത്യയിലും സംഭവിച്ചത്. ഫ്രാൻസ് ഫാനനെപ്പോലുള്ള ഉത്തരാധുനിക ചിന്തകർ പറയുന്നതുപോലെ, അധിനിവേശകർ കേവലം ഭൂമിയല്ല പിടിച്ചെടുക്കുന്നത്, അധിനിവേശിതരുടെ മനസ്സിനെക്കൂടിയാണ് എന്നാണ്. മിഷനറിമാരുടെ നിരന്തരമായ ആക്രമണങ്ങൾ ഹിന്ദുക്കളിൽ ഒരു അപകർഷതാബോധവും പ്രതിരോധ മനോഭാവവും സൃഷ്ടിച്ചു. തങ്ങളുടെ വിശ്വാസങ്ങളെ യുക്തിയുടെ ഭാഷയിൽ പ്രതിരോധിക്കാൻ ഹിന്ദുക്കൾ നിർബന്ധിതരായി.

18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തമിഴ്നാട്ടിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിയായ ബാർത്തലോമ്യൂ സീഗൻബാൽഗ് (Bartholomaus Ziegenbalg), ഹൈന്ദവ വിശ്വാസങ്ങളെയും വിഗ്രഹാരാധനയെയും നിശിതമായി വിമർശിക്കുകയും പൈശാചികമെന്ന് മുദ്രകുത്തുകയും ചെയ്തു.
18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തമിഴ്നാട്ടിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിയായ ബാർത്തലോമ്യൂ സീഗൻബാൽഗ് (Bartholomaus Ziegenbalg), ഹൈന്ദവ വിശ്വാസങ്ങളെയും വിഗ്രഹാരാധനയെയും നിശിതമായി വിമർശിക്കുകയും പൈശാചികമെന്ന് മുദ്രകുത്തുകയും ചെയ്തു.

'ഹിന്ദു നിയമം' എന്ന നിർമ്മിതി

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണസ്ഥാപനത്തോടെയാണ് ഭാരതീയ മതസങ്കൽപ്പങ്ങൾക്ക് അതിന്റെ അടിസ്ഥാനപരമായ രൂപമാറ്റം സംഭവിക്കുന്നത്. വാറൻ ഹേസ്റ്റിംഗ്സിനെപ്പോലുള്ള കൊളോണിയൽ ഭരണാധികാരികൾക്ക്, ഇന്ത്യക്കാരെ ഭരിക്കേണ്ടത് അവരുടെ തന്നെ പാരമ്പര്യ നിയമങ്ങൾ അനുസരിച്ചായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. എന്നാൽ സങ്കീർണ്ണവും അലിഖിതവുമായ നൂറുകണക്കിന് നാട്ടുനടപ്പുകളെയും പ്രാദേശിക ആചാരങ്ങളെയും പാടെ തള്ളിക്കളഞ്ഞ്, അവർ സംസ്കൃതത്തിൽ എഴുതപ്പെട്ട ചില ബ്രാഹ്മണിക്കൽ ഗ്രന്ഥങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു പുതിയ 'ഹിന്ദു നിയമം' ഉണ്ടാക്കിയെടുത്തു. വില്യം ജോൺസ്, നഥാനിയേൽ ഹാൽഹെഡ് തുടങ്ങിയ 'ഓറിയന്റലിസ്റ്റുകൾ' ആയിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്.

ഹാൽഹെഡിന്റെ 'എ കോഡ് ഓഫ് ജന്റൂ ലോസ്' (A Code of Gentoo Laws, 1776) എന്ന ഗ്രന്ഥം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇവിടെ ഭാഷയുടെയും വിവർത്തനത്തിന്റെയും രാഷ്ട്രീയം മനു പിള്ള കൃത്യമായി അപഗ്രഥിക്കുന്നുണ്ട്. വില്യം ജോൺസ് കാളിദാസന്റെ 'അഭിജ്ഞാനശാകുന്തളം' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ, വിക്ടോറിയൻ സദാചാരബോധത്തിന് നിരക്കാത്ത ശാരീരിക വർണ്ണനകൾ ബോധപൂർവ്വം ഒഴിവാക്കുകയും ശാകുന്തളത്തെ ഒരു യൂറോപ്യൻ നായികയെപ്പോലെ 'ശുദ്ധീകരിക്കുകയും' ചെയ്തു. അതായത്, പാശ്ചാത്യരുടെ മുൻവിധികൾക്കനുസരിച്ച് അവർ ഇന്ത്യൻ സാഹിത്യത്തെയും നിയമങ്ങളെയും പാഠവൽക്കരിക്കുകയായിരുന്നു.

ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും ഈ സംസ്കൃത ഗ്രന്ഥങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കേരളത്തിലെ മരുമക്കത്തായം പോലുള്ള പുരോഗമനപരമായ പല ആചാരങ്ങൾക്കും ഈ സംസ്കൃത ഗ്രന്ഥങ്ങളിൽ സ്ഥാനമുണ്ടായിരുന്നില്ല. അലിഖിതമായ കീഴ് വഴക്കങ്ങളെ റദ്ദ് ചെയ്ത് പുരുഷാധിപത്യത്തിലധിഷ്ഠിതമായ ബ്രാഹ്മണിക്കൽ വ്യവസ്ഥയെ ബ്രിട്ടീഷുകാർ നിയമമാക്കി മാറ്റിയപ്പോൾ, യഥാർത്ഥത്തിൽ അരികുവൽക്കരിക്കപ്പെട്ടത് സ്ത്രീകളും കീഴാളരുമാണ്. എഡ്വേർഡ് സൈദ് തന്റെ 'ഓറിയന്റലിസം' എന്ന ഗ്രന്ഥത്തിൽ പറയുന്നതുപോലെ, പൗരസ്ത്യ ദേശത്തെക്കുറിച്ചുള്ള പാശ്ചാത്യന്റെ സങ്കല്പങ്ങൾ മാത്രമായിരുന്നു അത്; അതൊരിക്കലും ഇന്ത്യയുടെ യഥാർത്ഥ മുഖമായിരുന്നില്ല.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണസ്ഥാപനത്തോടെയാണ് ഭാരതീയ മതസങ്കൽപ്പങ്ങൾക്ക് അതിന്റെ അടിസ്ഥാനപരമായ രൂപമാറ്റം സംഭവിക്കുന്നത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണസ്ഥാപനത്തോടെയാണ് ഭാരതീയ മതസങ്കൽപ്പങ്ങൾക്ക് അതിന്റെ അടിസ്ഥാനപരമായ രൂപമാറ്റം സംഭവിക്കുന്നത്.

'ദേശീയ ലൂഥർമാരും'
ആന്തരിക കോളനിവാഴ്ചയും

കൊളോണിയലിസവും മിഷനറിമാരും ഉയർത്തിയ ഈ വെല്ലുവിളികൾ ഹിന്ദു സമൂഹത്തിനുള്ളിൽ തന്നെയുള്ള ബുദ്ധിജീവികളെ അഗാധമായി സ്വാധീനിച്ചു. രാജാ റാം മോഹൻ റോയ്, ദയാനന്ദ സരസ്വതി തുടങ്ങിയ 'ദേശീയ ലൂഥർമാർ' എന്ന് വിശേഷിപ്പിക്കാവുന്ന നവോത്ഥാന നായകരുടെ ഉദയമാണ് പിന്നീട് നാം കാണുന്നത്. ആശിഷ് നന്ദി 'ഇന്റിമേറ്റ് എനിമി' എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നതുപോലെ, അധിനിവേശിതൻ തന്റെ ഭരണാധികാരികളുടെ സദാചാരബോധത്തിലൂടെ സ്വന്തം സ്വത്വത്തെ അളക്കാൻ തുടങ്ങുന്ന പ്രതിഭാസമാണിത്. റാം മോഹൻ റോയിയുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്.

മിഷനറിമാർ ഹിന്ദുയിസത്തെ പുച്ഛിച്ചത് വിഗ്രഹാരാധനയുടെയും ബഹുദൈവ വിശ്വാസത്തിന്റെയും പേരാലായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ റോയ് ചെയ്തത് ക്രിസ്ത്യൻ മിഷനറിമാരുടെ അതേ ആയുധങ്ങൾ കടമെടുക്കുക എന്നതാണ്. പുരാണങ്ങളിലെ വൈകാരികതയെയും ഗ്രാമദേവതകളെയും വിഗ്രഹാരാധനയെയും അദ്ദേഹം അന്ധവിശ്വാസങ്ങളെന്നും 'ദുഷിച്ചതെന്നും' മുദ്രകുത്തി തള്ളിക്കളഞ്ഞു. പകരം ഉപനിഷത്തുകളിലെയും വേദങ്ങളിലെയും അമൂർത്തമായ ഏകദൈവ വിശ്വാസത്തെ മാത്രം യഥാർത്ഥ ഹൈന്ദവതയായി അദ്ദേഹം പാശ്ചാത്യർക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതൊരുതരം 'പ്രൊട്ടസ്റ്റന്റ് ഹിന്ദുയിസം' സൃഷ്ടിക്കലായിരുന്നു. യൂറോപ്പിൽ ബൈബിളിനെയും ഏകദൈവത്തെയും മുൻനിർത്തി മാർട്ടിൻ ലൂഥർ കത്തോലിക്കാ സഭയെ എതിർത്തതുപോലെ, വേദങ്ങളെ മുൻനിർത്തി വിഗ്രഹാരാധനയെ എതിർക്കുകയായിരുന്നു റോയ്. തന്റെ 'തുഹ്ഫത്തുൽ മുവഹ്ഹിദീൻ' (Tuhfat-ul-Muwahhidin) എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ബഹുദൈവാരാധനയെ നിശിതമായി വിമർശിച്ചു.

19-ാം നൂറ്റാണ്ടിലെ ഹിന്ദു ബുദ്ധിജീവികൾ തങ്ങളുടെ പാരമ്പര്യവും പാശ്ചാത്യ ആധുനികതയും തമ്മിലുള്ള സംഘർഷത്തിൽ പെട്ടുഴലുകയായിരുന്നു.

ഈ നവോത്ഥാന പ്രസ്ഥാനങ്ങൾ യഥാർത്ഥത്തിൽ ഒരുതരം ആന്തരിക കോളനിവൽക്കരണത്തിനുകൂടിയാണ് വഴിതുറന്നത് എന്ന് കാണാം. പാശ്ചാത്യരുടെ കണ്ണിൽ മാന്യത നേടാൻ, ഹിന്ദുയിസത്തെ ക്രിസ്തുമതത്തിന്റെ മാതൃകയിലുള്ള ഒരു 'ടെക്സ്റ്റ് അധിഷ്ഠിത' മതമാക്കി മാറ്റുകയായിരുന്നു ഇവർ. വൈരുദ്ധ്യങ്ങൾ നിറഞ്ഞ, എന്നാൽ മനുഷ്യന്റെ ദൈനംദിന വൈകാരിക തലങ്ങളോട് ചേർന്നുനിൽക്കുന്ന പുരാണങ്ങളെ ഉപേക്ഷിച്ച് തത്വചിന്താപരമായ വേദങ്ങളെ മാത്രം പുണർന്നപ്പോൾ, യഥാർത്ഥത്തിൽ ഇന്ത്യൻ ബഹുസ്വരതയുടെ ഒരു വലിയ ലോകമാണ് അടഞ്ഞുപോയത്. ദസ്തയേവ്‌സ്കിയുടെ നോവലുകളിലെ കഥാപാത്രങ്ങൾ പാശ്ചാത്യ യുക്തിചിന്തയും റഷ്യൻ വൈകാരികതയും തമ്മിലുള്ള അസ്തിത്വപരമായ സംഘർഷങ്ങളിൽ ഉഴലുന്നതുപോലെ, 19-ാം നൂറ്റാണ്ടിലെ ഹിന്ദു ബുദ്ധിജീവികളും തങ്ങളുടെ പാരമ്പര്യവും പാശ്ചാത്യ ആധുനികതയും തമ്മിലുള്ള സംഘർഷത്തിൽ പെട്ടുഴലുകയായിരുന്നു.

ദയാനന്ദ സരസ്വതി, രാജാറാം മോഹൻ റോയ്. കൊളോണിയലിസവും മിഷനറിമാരും ഉയർത്തിയ വെല്ലുവിളികൾ ഹിന്ദു സമൂഹത്തിനുള്ളിൽ തന്നെയുള്ള ബുദ്ധിജീവികളെ അഗാധമായി സ്വാധീനിച്ചു. രാജാറാം മോഹൻ റോയ്, ദയാനന്ദ സരസ്വതി തുടങ്ങിയ 'ദേശീയ ലൂഥർമാർ' എന്ന് വിശേഷിപ്പിക്കാവുന്ന നവോത്ഥാന നായകരുടെ ഉദയമാണ് പിന്നീട് കാണുന്നത്.
ദയാനന്ദ സരസ്വതി, രാജാറാം മോഹൻ റോയ്. കൊളോണിയലിസവും മിഷനറിമാരും ഉയർത്തിയ വെല്ലുവിളികൾ ഹിന്ദു സമൂഹത്തിനുള്ളിൽ തന്നെയുള്ള ബുദ്ധിജീവികളെ അഗാധമായി സ്വാധീനിച്ചു. രാജാറാം മോഹൻ റോയ്, ദയാനന്ദ സരസ്വതി തുടങ്ങിയ 'ദേശീയ ലൂഥർമാർ' എന്ന് വിശേഷിപ്പിക്കാവുന്ന നവോത്ഥാന നായകരുടെ ഉദയമാണ് പിന്നീട് കാണുന്നത്.

തഞ്ചാവൂരിലെ
സെർഫോജി മഹാരാജാവ്

മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, എന്നാൽ ആധുനികതയെ പൂർണ്ണമായും ഉൾക്കൊണ്ട് സ്വന്തമായൊരു പാത വെട്ടിത്തുറന്ന ചുരുക്കം ചില വ്യക്തിത്വങ്ങളെയും മനു പിള്ള പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് തഞ്ചാവൂരിലെ സെർഫോജി രണ്ടാമൻ മഹാരാജാവ്. കൊളോണിയൽ അപകർഷതാബോധം ഇല്ലാതെ തന്നെ എങ്ങനെ ആധുനികതയെ പുൽകാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹം.

തന്റെ കൊട്ടാരത്തിൽ ഒരു വലിയ അച്ചടിശാലയും, സൂക്ഷ്മദർശിനികളും, പാശ്ചാത്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം സൂക്ഷിച്ചു. എന്തിനേറെ, മനുഷ്യശരീരഘടനയെക്കുറിച്ച് പഠിക്കാൻ അദ്ദേഹം ഒരു അസ്ഥികൂടം വരെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതേസമയം, അദ്ദേഹം നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കുകയും, പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാശ്ചാത്യ ശാസ്ത്രത്തെയും അറിവിനെയും സ്വീകരിക്കാൻ തങ്ങളുടെ തനതായ സ്വത്വത്തെയും വിശ്വാസങ്ങളെയും ബലികഴിക്കേണ്ടതില്ല എന്ന് അദ്ദേഹം തെളിയിച്ചു. സി.വി. രാമൻ പിള്ളയുടെ 'ധർമ്മരാജാ' പോലുള്ള ചരിത്രനോവലുകളിൽ നാം കാണുന്ന ദീർഘദർശികളായ ഭരണാധികാരികളെപ്പോലെ, സെർഫോജി പ്രതിനിധാനം ചെയ്തത് ഭാരതത്തിന് നഷ്ടപ്പെട്ടുപോയ ഒരു 'ബദൽ ആധുനികതയെ' ആണ്. പിൽക്കാലത്ത് മെക്കാളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ നയം ഇന്ത്യക്കാരുടെ സാംസ്കാരിക വേരുകൾ അറുത്തുമാറ്റിയപ്പോൾ, സെർഫോജിയുടെ മാതൃക പിന്തുടർന്നിരുന്നുവെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് ഗ്രന്ഥകാരൻ പരോക്ഷമായി സൂചിപ്പിക്കുന്നുമുണ്ട്.

ഫൂലെ പുരാണങ്ങളെയും വേദങ്ങളെയും പാടെ തള്ളിക്കളഞ്ഞപ്പോൾ, നാരായണഗുരു സംസ്കൃതഭാഷയെയും അദ്വൈത വേദാന്തത്തെയും ആയുധമാക്കി മാറ്റി, സവർണ്ണ മേധാവിത്വത്തെ അവരുടെ തന്നെ ബൗദ്ധിക കളിക്കളത്തിൽ പരാജയപ്പെടുത്തുകയാണ് ചെയ്തത്.

കീഴാള പ്രതിരോധങ്ങളും
ബ്രാഹ്മണിക്കൽ ആധിപത്യവും

ബ്രാഹ്മണിക്കൽ നവോത്ഥാനത്തിനെതിരെ ഉയർന്നുവന്ന കീഴാള പ്രതിരോധങ്ങളെയും പുസ്തകം അങ്ങേയറ്റം ഗൗരവത്തോടെയാണ് സമീപിക്കുന്നത്. മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫൂലെയും കേരളത്തിലെ ശ്രീനാരായണ ഗുരുവും ഇതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ്. ഫൂലെയെ സംബന്ധിച്ച്, ബ്രിട്ടീഷ് ഭരണവും പാശ്ചാത്യ വിദ്യാഭ്യാസവും മിഷനറി പ്രവർത്തനങ്ങളും കീഴാളർക്ക് കിട്ടിയ വിമോചന മാർഗ്ഗമായിരുന്നു. നൂറ്റാണ്ടുകളായി ബ്രാഹ്മണർ നടത്തിയ സാംസ്കാരികവും ഭൗതികവുമായ അടിമത്തത്തിൽ നിന്നുള്ള മോചനമായാണ് അദ്ദേഹം ഇതിനെ കണ്ടത്. ഹിന്ദു ഐതിഹ്യങ്ങളെയും മിത്തുകളെയും ഫൂലെ നിശിതമായി വിമർശിച്ചു. പുരാണ കഥാപാത്രങ്ങളായ പരശുരാമനെയും രാവണനെയും അദ്ദേഹം യുക്തിയുടെ ഉരകല്ലിൽ വെച്ച് പരിഹസിച്ചു. പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീവിജയം' എന്ന മലയാള നോവലിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ഒരു താഴ്ന്ന ജാതിക്കാരൻ നേടുന്ന വിമോചനം വരച്ചുകാട്ടുന്നതിന് സമാനമായ സാംസ്കാരിക മുന്നേറ്റമാണ് ഫൂലെ ലക്ഷ്യമാക്കിയത്. മിഷനറിമാരുടെ വരവ് ഇന്ത്യയിലെ സാമൂഹിക സ്വത്തുബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി എന്ന് പുസ്തകം വാദിക്കുന്നു.

അതേസമയം, ശ്രീനാരായണ ഗുരു സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ സൈദ്ധാന്തിക ശൈലിയായിരുന്നു. വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള സവർണ്ണ ബ്രാഹ്മണരുടെ കുത്തകയെ വെല്ലുവിളിച്ച് അദ്ദേഹം സ്വന്തമായി അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തി. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന അദ്ദേഹത്തിന്റെ ദർശനം, ഒരേസമയം ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കുകയും എന്നാൽ ഹൈന്ദവ ദർശനങ്ങളുടെ സത്തയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്തു.

ഫൂലെ പുരാണങ്ങളെയും വേദങ്ങളെയും പാടെ തള്ളിക്കളഞ്ഞപ്പോൾ, നാരായണഗുരു സംസ്കൃത ഭാഷയെയും അദ്വൈത വേദാന്തത്തെയും ആയുധമാക്കി മാറ്റിക്കൊണ്ട് സവർണ്ണ മേധാവിത്വത്തെ അവരുടെ തന്നെ ബൗദ്ധിക കളിക്കളത്തിൽ പരാജയപ്പെടുത്തുകയാണ് ചെയ്തത്. കുമാരനാശാന്റെ കാവ്യങ്ങളിൽ നാം കാണുന്ന സാമൂഹിക വിപ്ലവത്തിന്റെ അടിസ്ഥാനവും ഗുരുവിന്റെ ഈ ആത്മീയ-രാഷ്ട്രീയ ദർശനങ്ങളായിരുന്നു.

തഞ്ചാവൂരിലെ സെർഫോജി രണ്ടാമൻ മഹാരാജാവ്. കൊളോണിയൽ അപകർഷതാബോധം ഇല്ലാതെ തന്നെ എങ്ങനെ ആധുനികതയെ പുൽകാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു  സെർഫോജി രണ്ടാമൻ,
തഞ്ചാവൂരിലെ സെർഫോജി രണ്ടാമൻ മഹാരാജാവ്. കൊളോണിയൽ അപകർഷതാബോധം ഇല്ലാതെ തന്നെ എങ്ങനെ ആധുനികതയെ പുൽകാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു സെർഫോജി രണ്ടാമൻ,

ഹിന്ദുത്വത്തിന്റെ
ആയുധവൽക്കരണം

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയുമാണ് ഹിന്ദുയിസം എന്ന മതപരമായ സ്വത്വത്തെ തീവ്രമായി രാഷ്ട്രീയവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നത്. ബാലഗംഗാധരതിലകനും വി. ഡി. സവർക്കറുമാണ് ഈ പരിവർത്തനത്തിന്റെ പ്രധാന ശിൽപ്പികൾ. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ മതത്തെ രാഷ്ട്രീയ ആയുധമായി അവർ വികസിപ്പിച്ചെടുത്തു.

ബാലഗംഗാധരതിലകൻ മഹാരാഷ്ട്രയിൽ ഗണേശോത്സവങ്ങളെയും ശിവജി ഉത്സവങ്ങളെയും ഉപയോഗിച്ച് ജനങ്ങളെ സാമ്രാജ്യത്വത്തിനെതിരെ അണിനിരത്താൻ ശ്രമിച്ചു. ഭഗവദ്ഗീതയിലെ കർമ്മയോഗത്തെ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടത്തിന് ന്യായീകരണമായി വ്യാഖ്യാനിച്ചു. മിഷനറിമാരുടെ ഭീഷണിയെ ചെറുക്കാൻ തുടങ്ങിയ നവോത്ഥാന ശ്രമങ്ങൾ പതുക്കെ തോക്കുകളിലേക്കും ബോംബുകളിലേക്കും വഴിമാറുന്നതാണ് നാമിവിടെ കാണുന്നത്.

എന്നാൽ വി. ഡി. സവർക്കറുടെ 'ഹിന്ദുത്വ' എന്ന ആശയം ഇതിൽനിന്ന് ബഹുദൂരം മുന്നോട്ട് പോയി. സവർക്കറെ സംബന്ധിച്ച് 'ഹിന്ദു' എന്നത് കേവലം മതപരമായ നിർവ്വചനമായിരുന്നില്ല, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ കടുത്ത രാഷ്ട്രീയ നിർവ്വചനമായിരുന്നു അത്. 'എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ' എന്ന തന്റെ കൃതിയിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയെ സ്വന്തം പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ എന്ന് അദ്ദേഹം വാദിച്ചു. ഈ നിർവ്വചനത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയം അതിൽ അന്തർലീനമായിരുന്ന ഒഴിവാക്കൽ ആയിരുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഈ നിർവ്വചനത്തിൽ നിന്നും അദ്ദേഹം ബോധപൂർവ്വം പുറത്താക്കി, കാരണം അവരുടെ പുണ്യഭൂമികൾ (മക്കയും ജറുസലേമും റോമും) ഇന്ത്യക്ക് പുറത്തായിരുന്നു.

ഇറ്റാലിയൻ ചിന്തകനായ മാറ്റ്സിനിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ സവർക്കർ, ചരിത്രത്തെ തന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ഒരു പ്രത്യേക ഹൈന്ദവ സുവർണ്ണ കാലഘട്ടത്തിന്റെ മിത്ത് സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

മതപരമായ സഹിഷ്ണുതയെക്കാൾ, രാഷ്ട്രീയമായ ഐക്യവും സംഖ്യാബലവും ആയിരുന്നു സവർക്കറുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, അതുവരെ ബ്രാഹ്മണിക്കൽ വ്യവസ്ഥയുടെ പുറത്തുനിർത്തിയിരുന്ന ദലിതരെയും മറ്റു താഴ്ന്ന ജാതിക്കാരെയും അദ്ദേഹം ഹിന്ദു ഐഡന്റിറ്റിയുടെ വിശാലമായ കുടക്കീഴിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഇത് അവരോടുള്ള സാമൂഹിക നീതി എന്നതിലുപരി, മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ ഒരു വലിയ 'ഹിന്ദു വോട്ട് ബാങ്ക്' സൃഷ്ടിക്കാനുള്ള ബൃഹത്തായ രാഷ്ട്രീയതന്ത്രമായിരുന്നു. ഇറ്റാലിയൻ ചിന്തകനായ മാറ്റ്സിനിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ സവർക്കർ, ചരിത്രത്തെ തന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ഒരു പ്രത്യേക ഹൈന്ദവ സുവർണ്ണ കാലഘട്ടത്തിന്റെ മിത്ത് സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇന്ന് നാം ഇന്ത്യയിൽ കാണുന്ന അക്രമാസക്തമായ ഹൈന്ദവ ദേശീയതയുടെ ശക്തമായ അടിത്തറ പാകിയത് ഇത്തരം ആശയങ്ങളിലൂടെയാണ്. ബനഡിക്ട് ആൻഡേഴ്സന്റെ 'ഇമാജിൻഡ് കമ്മ്യൂണിറ്റീസ്' എന്ന സങ്കല്പത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, കൃത്രിമമായി നിർമ്മിക്കപ്പെട്ട ഒരു വലിയ സമുദായബോധമായിരുന്നു അത്.

പുസ്തകത്തിലെ
ശൂന്യതകൾ

മനു എസ്. പിള്ളയുടെ ഈ പുസ്തകം ഗഹനവും വിജ്ഞാനപ്രദവുമാണെങ്കിലും, വായനയിൽ ചില സുപ്രധാന പോരായ്മകൾ കണ്ടെത്താനാകും.

ഒന്നാമതായി, 400 വർഷത്തെ അതിവിശാലമായ ചരിത്രത്തെ, അതും കൊളോണിയലിസം, മതം, രാഷ്ട്രീയം എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു സങ്കീർണ്ണ വിഷയത്തെ ഒറ്റപ്പുസ്തകത്തിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഘടനാപരമായ പാളിച്ച പുസ്തകത്തിലുണ്ട്. പലപ്പോഴും അധ്യായങ്ങൾ തമ്മിലുള്ള സംക്രമണം സുഗമമല്ല. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര ലേഖനങ്ങളുടെ സമാഹാരം പോലെയാണ് ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത്.

കഥാപാത്രങ്ങളുടെ ബാഹുല്യം പലപ്പോഴും വായനക്കാരെ കുഴപ്പത്തിലാക്കുന്നുണ്ട്. കൊളോണിയൽ ഇന്ത്യയിലെ സുപ്രധാന സംഭവവികാസങ്ങളെ വളരെ വേഗം സ്പർശിച്ചുപോകുമ്പോൾ അവയുടെ പൂർണ്ണമായ ചരിത്രപരമായ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഗ്രന്ഥകാരന് പലപ്പോഴും കഴിയാതെ പോകുന്നുണ്ട്.

രണ്ടാമതായി, ഈ പുസ്തകം പൂർണ്ണമായും സ്വാതന്ത്ര്യത്തിന് മുൻപുള്ള കൊളോണിയൽ കാലഘട്ടത്തിൽ അവസാനിക്കുന്നു എന്നതാണ് ഏറ്റവും വലിയ ന്യൂനത. ആധുനിക ഹിന്ദു സ്വത്വനിർമ്മിതിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, പോസ്റ്റ്-കോളോണിയൽ സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഐഡന്റിറ്റി എങ്ങനെയാണ് ഇന്നത്തെ അക്രമാസക്തമായ ഹിന്ദുത്വ രാഷ്ട്രീയ രൂപത്തിലേക്ക് പരിണമിച്ചത് എന്ന് വിശകലനം ചെയ്യാതിരിക്കുന്നത് ചരിത്രപരമായ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. വിഭജനത്തിന്റെ മുറിവുകൾ, സ്വതന്ത്ര ഇന്ത്യയിലെ സമുദായ സംഘർഷങ്ങൾ, രാമജന്മഭൂമി പ്രസ്ഥാനം എന്നിവയൊന്നും ഈ സ്വത്വനിർമ്മിതിയിൽ ചെലുത്തിയ സ്വാധീനം പരാമർശിക്കപ്പെടാത്തത് ഈ കൃതിയുടെ സമകാലിക പ്രസക്തിയെ ഒരു പരിധിവരെ പരിമിതപ്പെടുത്തുന്നു.

കീഴാള ഇടപെടലുകളെക്കുറിച്ചും ദലിത് ആഖ്യാനങ്ങളെക്കുറിച്ചും മനു എസ്. പിള്ള വാചാലനാകുന്നുണ്ടെങ്കിലും, ഈ പുസ്തകത്തിന്റെ അടിസ്ഥാന സ്രോതസ്സുകൾ കൂടുതലും സവർണ്ണ-കൊളോണിയൽ രേഖകൾ തന്നെയാണ്.

മൂന്നാമതായി, കീഴാള ഇടപെടലുകളെക്കുറിച്ചും ദലിത് ആഖ്യാനങ്ങളെക്കുറിച്ചും ഗ്രന്ഥകാരൻ വാചാലനാകുന്നുണ്ടെങ്കിലും, ഈ പുസ്തകത്തിന്റെ അടിസ്ഥാന സ്രോതസ്സുകൾ കൂടുതലും സവർണ്ണ-കൊളോണിയൽ രേഖകൾ തന്നെയാണ്. ബ്രാഹ്മണിക്കൽ ആധിപത്യത്തെയും കൊളോണിയൽ നോട്ടങ്ങളെയും വിമർശിക്കുമ്പോഴും, ചരിത്രത്തെ വായിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നത് അതേ എലൈറ്റ് ലെൻസുകളിലൂടെയാണ് എന്നത് ഒരു സൈദ്ധാന്തിക വൈരുദ്ധ്യമായി അവശേഷിക്കുന്നു. പ്രാദേശിക ഭാഷകളിലെ നാടോടിപ്പാട്ടുകളിലോ വാമൊഴി വഴക്കങ്ങളിലോ ഉള്ള സമാന്തര ചരിത്രങ്ങളെ വേണ്ടത്ര ഉപയോഗപ്പെടുത്താൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടില്ല.

കൂടാതെ, മിഷനറിമാരുടെ പ്രവർത്തനങ്ങളെ തികച്ചും പാശ്ചാത്യ അധിനിവേശത്തിന്റെ ഭാഗമായി മാത്രം കാണുന്ന ഒരു പ്രവണതയും പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിലുണ്ട്. കേരളത്തിലെ സി. എം. എസ്, എൽ. എം. എസ് മിഷനറിമാർ വിദ്യാഭ്യാസരംഗത്തും അച്ചടിരംഗത്തും ഉണ്ടാക്കിയ വൻമുന്നേറ്റങ്ങൾ വെറുമൊരു മതപരിവർത്തനതന്ത്രം മാത്രമായിരുന്നില്ല, കീഴാള ജനതയുടെ അറിവിലേക്കും ആധുനികതയിലേക്കുമുള്ള വാതിൽ തുറക്കൽ കൂടിയായിരുന്നു എന്നത് കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു. ദലിത് ചരിത്രരചനയുടെ പശ്ചാത്തലത്തിൽ മിഷനറി ഇടപെടലുകൾക്ക് ഏറെ പുരോഗമനപരമായ തലങ്ങളുണ്ട്.

കേരളത്തിലെ സി. എം. എസ്, എൽ. എം. എസ് മിഷനറിമാർ വിദ്യാഭ്യാസരംഗത്തും അച്ചടിരംഗത്തും ഉണ്ടാക്കിയ വൻമുന്നേറ്റങ്ങൾ വെറുമൊരു മതപരിവർത്തനതന്ത്രം മാത്രമായിരുന്നില്ല, കീഴാള ജനതയുടെ അറിവിലേക്കും ആധുനികതയിലേക്കുമുള്ള വാതിൽ തുറക്കൽ കൂടിയായിരുന്നു എന്നത് കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു.
കേരളത്തിലെ സി. എം. എസ്, എൽ. എം. എസ് മിഷനറിമാർ വിദ്യാഭ്യാസരംഗത്തും അച്ചടിരംഗത്തും ഉണ്ടാക്കിയ വൻമുന്നേറ്റങ്ങൾ വെറുമൊരു മതപരിവർത്തനതന്ത്രം മാത്രമായിരുന്നില്ല, കീഴാള ജനതയുടെ അറിവിലേക്കും ആധുനികതയിലേക്കുമുള്ള വാതിൽ തുറക്കൽ കൂടിയായിരുന്നു എന്നത് കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു.

മനു എസ്. പിള്ളയുടെ ഈ പുസ്തകം, ഇന്ന് നാം കാണുന്ന ആധുനിക ഹിന്ദുയിസം എന്ന മതം എങ്ങനെയാണ് സാമ്രാജ്യത്വത്തോടും ക്രിസ്ത്യൻ അധിനിവേശത്തോടുമുള്ള നിരന്തര സംവാദമായി, അല്ലെങ്കിൽ ഒരു 'പ്രതികരണമായി' രൂപപ്പെട്ടത് എന്നതിന്റെ ചരിത്രരേഖയാണ്. ഇന്ത്യയുടെ സാംസ്കാരിക ഭൂമിക ഒരിക്കലും മാറ്റങ്ങൾക്കതീതമായ ഒരു യാഥാർത്ഥ്യമല്ല, അധികാരത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നിരന്തരം സ്വയം നവീകരിക്കുകയും പൊരുത്തപ്പെടുകയും ചെയ്യുന്ന ഒന്നാണ് എന്ന് ഈ പുസ്തകം അസന്നിഗ്ദ്ധമായി തെളിയിക്കുന്നത്.

ഈ പുസ്തകം തകർക്കുന്നത് വളരെ ജനപ്രിയമായ രണ്ട് പ്രധാന മിത്തുകളെയാണ്.

ഒന്ന്, ഹിന്ദുയിസം എന്നത് ആയിരക്കണക്കിന് വർഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ, ഒരേ രൂപത്തിൽ തുടരുന്ന ഒരു പൗരാണിക മതമാണെന്ന ഹൈന്ദവ ദേശീയവാദികളുടെ അവകാശവാദത്തെ ഇത് പൊളിച്ചടുക്കുന്നുണ്ട്.

രണ്ട്, കൊളോണിയലിസം എന്നത് വെറുതെ കുറേ മിഷനറിമാരും തോക്കുകളുമായി വന്ന് ഇന്ത്യയെ ഒറ്റയടിക്ക് നശിപ്പിച്ചു എന്ന ലളിതയുക്തിയെയും ഇത് ചോദ്യം ചെയ്യുന്നു. യഥാർത്ഥത്തിൽ, യൂറോപ്യൻ കൊളോണിയലിസം എന്ന അതികായനായ ശക്തിയും ഭാരതീയ പാരമ്പര്യങ്ങളും തമ്മിൽ നടന്ന സങ്കീർണ്ണമായ കൊടുക്കൽവാങ്ങലുകളുടെയും, ബൗദ്ധിക പ്രതിരോധത്തിന്റെയും, ചിലപ്പോഴൊക്കെ നിസ്സഹായമായ അടിയറവ് പറയലിന്റെയും ഉല്പന്നമാണ് ആധുനിക ഹിന്ദുയിസം. അധിനിവേശകർ കൊണ്ടുവന്ന കുപ്പികളിൽ ഭാരതീയർ തങ്ങളുടെ പഴയ വീഞ്ഞ് നിറയ്ക്കുകയായിരുന്നു, ചിലപ്പോൾ ആ വീഞ്ഞിന്റെ രുചി മാറുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ കാലാവസ്ഥയിൽ, ചരിത്രത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമാക്കുന്ന പ്രവണത വർദ്ധിച്ചുവരുമ്പോൾ, ഈ പുസ്തകം നൽകുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഉൾക്കാഴ്ചകൾ വളരെ വലുതാണ്. ഹിന്ദുയിസം എന്നത് അബ്രഹാമിക് മതങ്ങളെപ്പോലെ ഒരു പുസ്തകത്തിലോ ഒരു പ്രവാചകനിലോ കർക്കശമായ നിയമങ്ങളിലോ ഒതുങ്ങുന്ന ഒന്നല്ല, വ്യത്യസ്തങ്ങളായ ചിന്താധാരകളുടെയും പ്രാദേശിക വിശ്വാസങ്ങളുടെയും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വലിയ സമുദ്രമാണ്. ആ സമുദ്രത്തെ ഒരു ചെറിയ കുപ്പിയിലാക്കാൻ ആദ്യം മിഷനറിമാരും കൊളോണിയൽ ഭരണാധികാരികളും, പിന്നീട് നമ്മുടെ തന്നെ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും ശ്രമിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ സ്വത്വപ്രതിസന്ധികൾ.

മനു എസ്. പിള്ള
മനു എസ്. പിള്ള

ഭാവിയിലെ ചരിത്രവായനകളെയും സാംസ്കാരിക പഠനങ്ങളെയും ഈ കൃതി നിസ്സംശയമായും ആഴത്തിൽ സ്വാധീനിക്കും. കാരണം, ഇത് സംസാരിക്കുന്നത് വെറുതെ കഴിഞ്ഞുപോയ ഒരു നിർജ്ജീവ കാലത്തെക്കുറിച്ചല്ല, നമ്മുടെ ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക അസ്തിത്വങ്ങളെ രൂപപ്പെടുത്തിയ, ഇപ്പോഴും നമ്മുടെ സിരകളിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു ആശയപരമായ സംഘർഷത്തെക്കുറിച്ചാണ്. യഥാർത്ഥ ചരിത്ര സത്യങ്ങൾ കുടികൊള്ളുന്നത് സവർണ്ണരുടെ സംസ്കൃത ശ്ലോകങ്ങളിലോ കൊളോണിയൽ യജമാനന്റെ നിയമപുസ്തകങ്ങളിലോ അല്ല, അവയ്ക്കിടയിൽ എക്കാലത്തും ജീവിച്ചുമരിച്ച കോടിക്കണക്കിന് സാധാരണക്കാരുടെ നിശ്ശബ്ദമായ പൊരുത്തപ്പെടലുകളിലും അതിജീവന തന്ത്രങ്ങളിലുമാണ്. ആ നിശ്ശബ്ദതകളെ കണ്ടെത്താനും, ചരിത്രത്തിന്റെ ബഹുസ്വരതയെ അതിന്റെ എല്ലാ സങ്കീർണ്ണതകളോടെയും ഉൾക്കൊള്ളാനുമുള്ള കാൽവെപ്പാണ് ഈ പുസ്തകം. ഭാവിതലമുറ ഈ പുസ്തകത്തെ വായിക്കുക തങ്ങളുടെ വർത്തമാനകാലത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മിത്തുകളുടെ പൊളിച്ചെഴുത്തായിട്ടായിരിക്കും. അധിനിവേശം ബാക്കിവെച്ച കണ്ണാടികൾ ഉടച്ചെറിഞ്ഞുകൊണ്ട് സ്വന്തം യഥാർത്ഥ മുഖം കണ്ടെത്താനുള്ള ഒരു വലിയ യാത്രയുടെ തുടക്കമായി ഇതിനെ കാലം അടയാളപ്പെടുത്തും.

റഫറൻസ്:

മനു എസ്. പിള്ള; ആധുനിക ഹിന്ദു സ്വത്വനിർമ്മാണം
(ഡി.സി ബുക്സ്).
Chinua Achebe - Things Fall Apart.
V. D. Savarkar - Essentials of Hindutva.
C. V. Raman Pillai - Dharmaraja.
Potheri Kunhambu - Saraswativijayam.

Comments