മാർക്‌സിസ്റ്റുകളോടും തന്നോടുതന്നെയും ചോദ്യം ചോദിക്കുന്നു, കെ. വേണുവിന്റെ പുതിയ പുസ്​തകം

മാർക്‌സിസ്റ്റുകളുടെ പ്രതികരണം അർഹിക്കുന്ന ധാരാളം വിമർശനങ്ങൾ കെ. വേണു, തന്റെ പുതിയ പുസ്​തകത്തിൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ വേണുവിന്റെ തന്നെ വിശദീകരണങ്ങൾ ഉണ്ടാകുന്നത് പുസ്തകത്തിന്റെ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാൻ ആവശ്യമാണ് എന്നു കരുതുന്നു. കെ. വേണുവിന്റെ ‘മാർക്‌സിസം: ഉത്ഭവവും വികാസവും പരാജയവും’ എന്ന പുസ്​തകത്തിന്റെ വായന.

കെ. വേണുവിന്റെ ഏറ്റവും പുതിയ പുസ്തകമാണ് മാർക്‌സിസം: ഉത്ഭവവും വികാസവും പരാജയവും (പ്രിസം ബുക്‌സ്). നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിടുതി നേടിയശേഷം വേണു നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത് മാർക്‌സിസത്തിന്റേയും അതിന്റെ പ്രയോഗങ്ങളുടെയും പരിമിതികളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചുമാണ്. പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്ന പുസ്തകത്തിലും ഒരന്വേഷണത്തിന്റെ കഥ എന്ന ആത്മകഥയിലും പല സന്ദർഭങ്ങളിലായി എഴുതിയ കാര്യങ്ങൾ മാർക്‌സിസത്തിന്റെ ചരിത്രജീവിതത്തെ ആസ്പദമാക്കി കൂടുതൽ നിശ്ചിതമാക്കിയും സംക്ഷിപ്തമാക്കിയും പറയുകയാണ് ഈ പുസ്തകത്തിൽ. പുസ്തകത്തിന്റെ വായന അവശേഷിപ്പിച്ച ചിന്തകളും വിചാരങ്ങളും ആണ് ചോദ്യങ്ങളുടേയും സംശയങ്ങളുടേയും രൂപത്തിൽ അവതരിപ്പിക്കുന്നത്​. അവ മാർക്‌സിസ്റ്റുകൾക്കും വേണുവിനുതന്നെയും നേർക്ക് നീളുന്നുണ്ടാവാം. ഇതു പോലെ സംവാദസാധ്യത തുറന്നിടുന്ന ഒരു കൃതിയുടെ അവലോകനം ചോദ്യങ്ങളാലും സംശയങ്ങളാലും നിറയുന്നത് സ്വാഭാവികമാണല്ലോ.

മാർക്‌സിസ്റ്റുകളുടെ പ്രതികരണം അർഹിക്കുന്ന ധാരാളം വിമർശനങ്ങൾ വേണു ഉന്നയിക്കുന്നുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ വേണുവിന്റെ തന്നെ വിശദീകരണങ്ങൾ ഉണ്ടാകുന്നത് പുസ്തകത്തിന്റെ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാൻ ആവശ്യമാണ് എന്നു കരുതുന്നു. പുസ്തകത്തിന്റെ വായന ഒരു രാഷ്ട്രീയ വ്യവഹാരം കൂടിയാണ് എന്ന ബോധ്യമാണ് ഈ തരത്തിലുള്ള ഒരു അവലോകനത്തിനാധാരം.

വർഗസമരം, ചരിത്രം, ജനാധിപത്യം, വിപ്ലവം

മാർക്‌സിസത്തിനെതിരെയുള്ള വേണുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വിമർശനമായി കരുതാവുന്നതാണ് വർഗ്ഗസമരത്തെ സംബന്ധിച്ചുള്ളത്. പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ അത്​ ഉന്നയിക്കുന്നുണ്ട്. പിന്നീട് അത് വിശദമായി പ്രതിപാദിക്കുന്നു. ചരിത്രത്തെ മുന്നോട്ടു നയിച്ചതിൽ വർഗ്ഗസമരത്തിനാണ് പ്രധാന പങ്ക് എന്ന മാർക്‌സിയൻ ആശയം തെറ്റാണെന്നതാണ് അദ്ദേഹത്തിന്റെ വാദം. വർഗസമര നിർണയമാത്ര വാദത്തെ എതിർക്കുക മാത്രമല്ല വേണു ചെയ്യുന്നത്. വർഗസമരമാണ് സാമൂഹ്യ വളർച്ചയിലെ നിയാമക ഘടകം എന്ന മാർക്‌സിന്റെ തിയറിയെ അശാസ്ത്രീയമെന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഭാഷ രൂപപ്പെട്ടത് മനുഷ്യന്റെ സാമൂഹികതയ്ക്ക് ആധാരമായി കാണുന്ന വേണു, മനുഷ്യസമൂഹത്തിലെ അടിസ്ഥാന ജനാധിപത്യ പ്രക്രിയയുടെ ഉത്ഭവമായും അതിനെ കാണുന്നു. ഈ ദിശയിലുള്ള അന്വേഷണത്തിലേക്ക് മാർക്‌സോ പിന്നീട് മാർക്‌സിസ്റ്റുകളോ പോയില്ല എന്ന് വേണു ചൂണ്ടിക്കാട്ടുന്നു. ഇതിനോടുള്ള മാർക്‌സിസ്റ്റുകളുടെ പ്രതികരണം ഇന്നത്തെ മാർക്‌സിസ്റ്റ് / അമാർക്‌സിസ്റ്റ് സംവാദപരിസരം നിരീക്ഷിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാർഥിക്ക് ആവശ്യമുണ്ട്. കഴിഞ്ഞകാല ലേഖനങ്ങളിലൂടേയും രണ്ടോ മൂന്നോ പുസ്‌തകങ്ങളിലൂടേയും നേരത്തെ ഉന്നയിക്കപ്പെട്ട വാദങ്ങൾ തന്നെയാണ് ഇവിടെ വേണു വിശദീകരിച്ചെഴുതുന്നത്. ജനാധിപത്യത്തിന്റെ വർഗ്ഗവിവക്ഷകളെക്കുറിച്ചു നിലവിലുള്ള അടിസ്ഥാന മാർക്‌സിസ്റ്റ് ആശയങ്ങളെയാണ് വേണു കാലഹരണപ്പെട്ടതെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

Photo:Muhammed Fasil

"വർഗ്ഗസമരസിദ്ധാന്തത്തിൽ ഏകപക്ഷീയമായി ഊന്നിയ മാർക്‌സ് വർഗ്ഗങ്ങൾ ഉടലെടുക്കുന്നതിന് ഏറെ മുൻപുതന്നെ ഗോത്രസമൂഹങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന സാമൂഹ്യപ്രക്രിയയാണ് ജനാധിപത്യമെന്ന് മനസ്സിലാക്കുന്നതിൽ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ഗോത്രകാലഘട്ടത്തിൽ മനുഷ്യമസ്തിഷ്‌കത്തിലുണ്ടായ ജനിതകമാറ്റത്തിലൂടെ ആദിമമനുഷ്യൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെറുകൂട്ടായ്മകളിൽ വ്യക്തികൾ തമ്മിലുള്ള ആശയവിനിമയവും ആശയക്രോഡീകരണവും ആരംഭിച്ചിടത്താണ് ജനാധിപത്യത്തിന്റെ ഉറവിടം തേടേണ്ടത്. ജനാധിപത്യത്തിന്റെ വർഗ്ഗേതരമായ അടിസ്ഥാനമാണ് അവിടെ പ്രകടമാവുന്നത്. ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപംകൊണ്ട പ്രാഥമിക ജനാധിപത്യ പ്രക്രിയയുടെ സുദീർഘപരിണാമത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് ഉരുത്തിരിഞ്ഞുവന്ന പാർലിമെന്ററി ജനാധിപത്യത്തിന് ബൂർഷ്വാ ജനാധിപത്യമെന്നാണ് മാർക്‌സ് പേരിട്ടത്. ജനാധിപത്യത്തെ വർഗ്ഗപരമായ ഒരു പ്രക്രിയ മാത്രമായി ചുരുക്കിക്കെട്ടുന്നതിന്റെ സ്വാഭാവികഫലമാണ് ഈ ഇടുങ്ങിയ സമീപനം'(പേജ് 142-143).

ഈ വാക്യങ്ങൾ വേണുവിന്റെ മറ്റു വാദങ്ങളുടെയെല്ലാം അടിസ്ഥാനമായി വർത്തിക്കുന്ന ഒന്നായി കാണാം.

കെ. വേണു

വിപ്ലവത്തിൽ വർഗ്ഗങ്ങളുടെ സ്ഥാനവും നേതൃത്വപരമായ പങ്കും സംബന്ധിച്ച് വേണു വ്യത്യസ്ത കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. വർഗ്ഗത്തിന് വിപ്ലവത്തിൽ ഒന്നും ചെയ്യാനില്ല എന്നാണ് വിപ്‌ളവത്തിന്റെ ചരിത്രവും അനുഭവവും സൂചിപ്പിക്കുന്നത് എന്ന് വേണു എഴുതുന്നു. ഒരു പ്രത്യേക വർഗ്ഗം മാത്രമായല്ലാതെ വ്യത്യസ്ത ജനവിഭാഗങ്ങൾ വിപ്ലവങ്ങളിൽ പങ്കെടുത്തതിന്റെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് ഒരു വർഗ്ഗം നടത്തുന്ന വിപ്‌ളവം എന്ന ആശയത്തെ അദ്ദേഹം എതിർക്കുന്നത്. ജനാധിപത്യത്തിന്റെ വർഗ്ഗവിവക്ഷകളെ അംഗീകരിക്കാതിരിക്കുന്നതിന്റെ തുടർച്ചയായ നിരീക്ഷണമായി ഇതിനെ കരുതാം. പക്ഷേ, അതു യുക്തിഭദ്രമാണോ എന്നത് വിശകലനം ചെയ്യപ്പെടേണ്ടതാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾ പങ്കാളികളാകുന്നുണ്ട് എന്നതുകൊണ്ടുമാത്രം അതിന്റെ വർഗ്ഗനേതൃത്വത്തെ നിഷേധിക്കുവാൻ കഴിയുമോ എന്നതാണ് പ്രശ്‌നം. നേതൃത്വത്തിന്റെ കാര്യത്തിലാണ് മാർക്‌സ് ഊന്നുന്നത് എന്നിരിക്കേ പ്രത്യേകിച്ചും. തൊഴിലാളിവർഗ്ഗ വിപ്ലവം തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗതാത്പര്യങ്ങളെ മാത്രമല്ല, മറിച്ച് സമകാലികസമൂഹത്തിന്റെ മൊത്തം പുരോഗമനപരമായ അഭിലാഷങ്ങളേയാണ് പ്രതിനിധീകരിക്കുന്നതത് എന്നും ബൂർഷ്വാ ആധിപത്യത്തിനാൽ മർദ്ദിക്കപ്പെടുന്ന എല്ലാവരുടേയും താത്പര്യങ്ങളെ അത് പ്രതിനിധീകരിക്കുന്നുണ്ട് എന്നും മാക്‌സിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുസ്തകത്തിന്റെ 21, 22, 23 പേജുകളിലാണ് വിപ്ലവത്തിന്റെ വർഗ്ഗനേതൃത്വം എന്ന ആശയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദമുഖങ്ങൾ വേണു അവതരിപ്പിക്കുന്നത്. വർഗേതേര സ്വഭാവമാർന്നതാണ് ഫ്രഞ്ചു വിപ്ലവം ഉൾപ്പെടെയുള്ള വിപ്ലവങ്ങൾ എന്നാണ് വേണു പറയുന്നത് (പേജ് 23-25). വിപ്ലവത്തിൽ എല്ലാ സാമൂഹ്യവിഭാഗങ്ങളും പങ്കെടുത്തു എന്നും വർഗങ്ങൾക്കോ വർഗ വിഭജനത്തിനോ വിപ്ലവത്തിൽ പങ്കില്ല എന്നും വാദിക്കുകയാണ് വേണു.

തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം, മുതലാളിത്ത ജനാധിപത്യം, ഭരണകൂടം വർഗ സർവാധിപത്യം എന്ന രീതിയിൽ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയെ വിലയിരുത്തുന്ന മാർക്‌സിസ്റ്റ് വായനയെ വേണു അടിസ്ഥാനപരമായി എതിർക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ ഉത്ഭവത്തേയും നിലനിൽപ്പിനേയും കുറിച്ച് വേറിട്ട പരിപ്രേക്ഷ്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. മുതലാളിത്ത ജനാധിപത്യത്തെ ബൂർഷ്വാവർഗ്ഗ സർവ്വാധിപത്യമായി ഒരിക്കലും കാണാൻ കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം. അതിന് ഉപോദ്ബലകമായി വേണുവിന് മുന്നോട്ടു വയ്ക്കാനുള്ളതാകട്ടെ ജനാധിപത്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നേരത്തെ സൂചിപ്പിച്ച തിയറിയും. അതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന ആശയത്തേയും അദ്ദേഹം വീക്ഷിക്കുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റേയും അതിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടേയും സോഷ്യലിസ്റ്റ് പരിവർത്തനത്തിലുള്ള പങ്ക് തന്റെ മുൻചൊന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ഒരു കേന്ദ്രീകൃത വിപ്ലവ സംഘടന ഇല്ലെങ്കിൽ വിപ്ലവപരമായ മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ കഴിയില്ലെന്ന ലെനിന്റെ ആശയമാണ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം പാർട്ടി സർവ്വാധിപത്യമായിത്തീരാൻ കാരണം എന്ന് അദ്ദേഹം വിമർശിക്കുന്നു. പാർട്ടിയുടെ ഏകപക്ഷീയമായ കേന്ദ്രീകരണത്തെ വിമർശിക്കുന്നതിൽ ശരിയുണ്ടെങ്കിലും കേന്ദ്രീകൃതമായ ഭരണകൂടങ്ങളും ഭരണവർഗവുമാണ് ശത്രുപക്ഷത്തുള്ളത് എന്ന മൂർത്ത സാഹചര്യത്തെ വേണു ചർച്ചക്കെടുക്കുന്നില്ല. അധികാരം പൂർണമായും പാർട്ടിയുടെ കൈകളിലാണെന്നും സോവിയറ്റുകൾ വിപ്ലവ ഭരണയന്ത്രത്തിലെ ചക്രപ്പല്ലുകളാണെന്നും ലെനിൻ പറഞ്ഞതാണ് വേണുവിനെ ഇത്തരം നിഗമനങ്ങളിലെത്തിച്ചതെന്ന് പുസ്തകം പറയുന്നു. ലെനിന്റെ ഫ്രാക്ഷൻ വിദ്യയിലൂടെ സോവിയറ്റ് യൂണിയനിൽ വിപ്ലത്തിനുശേഷം ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരാവുകയും ചെയ്തതായി വേണു നിരീക്ഷിക്കുന്നു. അധികാരം വികേന്ദ്രീകരിച്ച് ജനങ്ങൾക്ക് ലഭ്യമാക്കലാണ് പാർട്ടിയുടെ ഹെഗിമണി നിലനിർത്താൻ ഏറ്റവും ആവശ്യമായിട്ടുള്ളത് എന്ന ശരിയായ പ്രശ്‌നം ഇതിലുണ്ട്. പാരീസ് കമ്യൂണിൽ വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യം ഉറപ്പുവരുത്തുന്നതിൽ വന്ന പിഴവ് പാർട്ടി സർവാധിപത്യത്തിലേക്ക് മാറിയെന്ന വേണുവിന്റെ വിമർശനത്തിലും കഴമ്പുണ്ട്. ഏറ്റവും അപരിമിതമായ വിശാല ജനാധിപത്യവും ബഹുജനവിഭാഗങ്ങളുടെ സജീവവും സ്വതന്ത്രവും ഊർജ്ജസ്വലവുമായ രാഷ്ട്രീയജീവിതവുമാണ് അല്ലാതെ ഭീകരതയിലൂടെയുള്ള ഭരണമോ ഏകാധിപത്യപരമായ ബലപ്രയോഗമോ അല്ല സോഷ്യലിസത്തെ ഉറപ്പിച്ചു നിർത്തുക എന്ന് ലെനിനെ വിമർശിച്ചു കൊണ്ട് മാർക്‌സിസ്റ്റ് ആയ റോസ ലക്‌സംബർഗ് ചൂണ്ടിക്കാണിക്കുന്നത് ഇവിടെ ഓർക്കാം. മാർക്‌സിസ്റ്റുകൾക്കിടയിൽ തന്നെ ഇക്കാര്യത്തിൽ സ്വയം വിമർശനത്തിന്റേതായ നീക്കങ്ങൾ അക്കാലത്തുതന്നെ സജീവമായിരുന്നു എന്നത് പ്രസക്തമാണ്. പ്രതിവിപ്ലവത്തിന്റെ വിജയം വേണോ അതോ തൊഴിലാളിവഗ്ഗ സർവ്വാധിപത്യം നിലനിൽക്കണോ എന്ന ചോദ്യത്തിന്റെ മൂർത്ത പശ്ചാത്തലത്തിൽ നടന്ന ഒരു കാര്യമാണത് എന്നും റോസ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റോസാ ലക്സംബർഗ്

മാർക്‌സിന്റെ നിഗമനങ്ങൾ തകർന്നടിഞ്ഞതിനെപ്പറ്റി

തന്റെ സവിശേഷമായ വിശകലനരീതിയിലൂടെ മാർക്‌സ് എത്തിച്ചേർന്ന ഒട്ടു മിക്ക നിഗമനങ്ങളും തെറ്റാണെന്ന് തെളിയുകയും തകർന്നടിയുകയും ചെയ്തു എന്നതാണ് വേണു ഉന്നയിക്കുന്ന മറ്റൊരു വാദം. ഏറെ പോസ്റ്റ് മാർക്‌സിസ്റ്റ് /പോസ്റ്റ് മോഡേൺ ചിന്തകർ വിവിധ രൂപത്തിലും ഭാവത്തിലും 1990 കൾക്കു ശേഷം ഉന്നയിച്ച വാദങ്ങളെ മുന്നോട്ടുകൊണ്ടു പോകുകയാണ് വേണു പുസ്തകത്തിൽ ചെയ്യുന്നത്. വേണു എഴുതുന്നു: ‘പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിത മുതലാളിത്തം യാഥാർത്ഥ്യമായെങ്കിലും വിപ്ലവാന്തരീക്ഷം ഒരിടത്തും വളർന്നു വന്നില്ല. മാർക്‌സ് വളരെ ശാസ്ത്രീയമെന്ന് അവകാശപ്പെട്ട് കൊണ്ടു അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിഗമനമാണ് ഇങ്ങനെ തകർന്നടിഞ്ഞത്' (പേജ് 47).

മുതലാളിത്തം അപ്പോഴേക്കും സാമ്രാജ്യത്വമായി വികസിച്ചുവെന്നും കോളനി രാജ്യങ്ങളെ ചൂഷണം ചെയ്ത് പ്രതിസന്ധികളിൽ നിന്ന് താത്കാലികമായി കരകയറി എന്നതും വായനക്കാർക്ക് അറിയാവുന്ന കാര്യം.അതോടെ വൈരുധ്യം ചൂഷകരായ സാമ്രാജ്യത്യരാജ്യങ്ങളും ചൂഷിതരായ കോളനി ജനതയും തമ്മിലായിത്തീർന്നു. ഈ വാസ്തവത്തെ സംബോധന ചെയ്യുന്ന രീതിയിൽ തന്റെ നിരീക്ഷണങ്ങളെ സമഗ്രമാക്കാൻ വേണു ഈ പുസ്തകത്തിൽ തുനിഞ്ഞിട്ടില്ല.

വ്യവസായ തൊഴിലാളിവർഗം മാർക്‌സ് നിരീക്ഷിച്ചതു പോലെ ഉയർന്നു വന്നില്ല എന്നതാണ് വേണുവിന്റെ ഇതു സംബന്ധിച്ച മറ്റൊരു വിമർശനം. തൊഴിലാളിവർഗം സാർവദേശീയ വർഗമായി ഉയർന്നുവന്നില്ല, തൊഴിലാളിവർഗ സ്വത്വം എന്നൊരു അസ്തിത്വം ഉണ്ടായില്ല, തൊഴിലാളിവർഗ്ഗം സമൂഹത്തിന്റെ നേതാവായില്ല (പേജ് 66-70) തുടങ്ങിയ വിമർശനങ്ങളും വേണു ഉന്നയിക്കുന്നുണ്ട്. തൊഴിലാളി വർഗത്തിന്റെ രൂപപ്പെടലിനെ സംബന്ധിച്ചും തൊഴിലാളിവർഗ സർവാധിപത്യത്തെക്കുറിച്ചുമുള്ള മാർക്‌സിന്റെ വിശകലനങ്ങളും പ്രവചനവും തെറ്റി എന്ന് വേണു വാദിക്കുന്നു. അദ്ദേഹം എഴുതുന്നു: "ഭാഷാപരമോ അല്ലാത്തതോ ആയ ദേശീയ സ്വത്വബോധം,വംശീയ സ്വത്വബോധം, മതസ്വത്വബോധം എന്നിങ്ങനെയുള്ള, സാമൂഹിക ഏകീകരണത്തിനു സഹായകമായ സ്വത്വബോധങ്ങളോട് തുലനപ്പെടുത്താവുന്ന വർഗ്ഗസ്വത്വബോധം ഏതെങ്കിലും രാജ്യത്ത് വളർന്നുവരികയോ നിലനിൽക്കുകയോ ചെയ്തതായി ചരിത്രത്തിൽ ഒരിടത്തും കാണാനില്ല. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്‌സ് തൊഴിലാളിവർഗത്തിന് ഏൽപ്പിച്ചുകൊടുക്കുകയുണ്ടായി. പക്ഷേ, അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗം ഒരിക്കലും ഒരിടത്തും വളർന്നു വന്നതായി കാണാൻ കഴിയില്ല. തൊഴിലാളിവർഗ്ഗത്തെക്കുറിച്ചുള്ള മാർക്‌സിന്റെ വിലയിരുത്തൽ അമ്പേ തെറ്റിപ്പോയതും ഇവിടെയാണ് '(പേജ് 69).

മാർക്‌സിസ്റ്റുകൾക്ക് ഇതിന് തീർച്ചയായും മറുപടി ഉണ്ടാകേണ്ടതാണ്. തുടർന്നദ്ദേഹം എഴുതുന്നത് മറ്റൊരു തകർച്ചയുടെ കാര്യമാണ്. തന്റേതെന്ന് പറയാവുന്ന കണ്ടെത്തെലെന്ന് മാർക്‌സ് സ്വയം അവകാശപ്പെട്ട , "മുതലാളിത്തം അനിവാര്യമായും സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും പരിണമിക്കും' എന്ന നിഗമനം തകർന്നു എന്നതാണത്. അപ്പോൾ മുതലാളിത്തജനാധിപത്യം ചരിത്രത്തിന്റെ അന്ത്യം വരെ അവശേഷിക്കുന്ന ഒരു വ്യവസ്ഥയായി തുടരുമോ? ഇല്ലെങ്കിൽ അതു വഴിമാറുക ഏത് വ്യവസ്ഥയ്ക്കു വേണ്ടിയാവും? പ്രകൃതിയും മനുഷ്യസമൂഹവും അനന്തമായ പരിണാമപ്രക്രിയയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. ഒരാഗോള വ്യവസ്ഥയെന്ന നിലയിൽ മുതലാളിത്തത്തിന്റെ വളർച്ച അപൂർണ്ണാവസ്ഥയിലായിരിക്കേ, ഇതഃപര്യന്തം നടന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ പിന്നാക്കരാജ്യങ്ങളെ മുതലാളിത്ത വളർച്ചയുടെ പൊതുധാരയിലെത്തിച്ച് മത്സരക്ഷമമാക്കുക എന്ന ചരിത്രദൗത്യം ആണ് നിർവഹിച്ചത് എന്നതല്ലേ യാഥാർത്ഥ്യം?

സോവിയറ്റ് പരീക്ഷണത്തിന്റെ അനുഭവങ്ങൾ

സോഷ്യലിസ്റ്റ് സമൂഹത്തിലെ സമ്പത്തിന്റെ കേന്ദ്രീകരണത്തേയും അതു ഫലത്തിൽ കയ്യാളിയിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയേയും സംബന്ധിച്ച് വേണു നടത്തുന്ന നിരീക്ഷണങ്ങൾ പഠനവിധേയമാക്കേണ്ടതാണ്. അദ്ദേഹം എഴുതുന്നു- ‘ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും നാടുവാഴികൾക്കും മുതലാളിത്തത്തിലെ കുത്തകകൾക്കുമൊന്നും സങ്കൽപ്പിക്കാനാവാത്തവിധം കേന്ദ്രീകരിച്ച അധികാരമാണ് സോഷ്യലിസ്റ്റ് സമൂഹങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലഭിച്ചത്.അതിന് വസ്തുനിഷ്ഠമായ കാരണവുമുണ്ട്. വിപ്ലവത്തെ തുടർന്ന് അടിസ്ഥാന ഉൽപ്പാദനോപാധികളായ ഭൂമിയും വ്യവസായങ്ങളുമെല്ലാം പൊതു ഉടമസ്ഥതയിൽ കൊണ്ടുവന്നപ്പോൾ സംഭവിച്ച സമ്പത്തിന്റെ കേന്ദ്രീകരണമാണ് ഈ അധികാരകേന്ദ്രീകരണത്തിലേക്ക് നയിച്ചത്.’ (പേജ് 74).

സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ രൂപംകൊണ്ട സമ്പത്തിന്റെ കേന്ദ്രീകൃതഘടന മനുഷ്യചരിത്രത്തിൽ അതുവരെ കാണാത്ത ഒന്നാണെന്നും വേണു നിരീക്ഷിക്കുന്നു. ലെനിന്റെ വിപ്ലവപരമായ ആധികാരികതയുടെ പിന്തുടർച്ച ഗൂഢാലോചനാപരമായി നേടിയെടുത്ത സ്റ്റാലിന്റെ കാലഘട്ടത്തിലെ ഭരണകൂട ഭീകരതയ്ക്ക് കാരണമായി വേണു കാണുന്നത് കേന്ദ്രീകരണത്തിന്റെ ഈ അവസ്ഥയെ ആണ്. ഇക്കാര്യത്തിൽ വായനയിൽ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. "വിപ്ലവത്തിനുമുമ്പ് ജന്മിമാരുടേയും മുതലാളിമാരുടേയും പൂർണ്ണനിയന്ത്രണത്തിലായിരുന്ന കൃഷിഭൂമിയിലും വ്യവസായശാലകളിലും തങ്ങൾക്കുകൂടി അവകാശവും അധികാരവുമുണ്ടെന്നുവന്നത് കർഷകരേയും തൊഴിലാളികളേയും സംബന്ധിച്ചിടത്തോളം മുൻപൊന്നും ചിന്തിക്കാൻ പോലുമാകാത്ത പുതിയൊരു അനുഭവമായിരുന്നു' (പേജ് 79).
ഇതു ശരിയെങ്കിൽ സ്വത്തിന്റെ കാര്യത്തിൽ പൂർണ കേന്ദ്രീകരണമാണ് നടന്നത് എന്ന്​ എങ്ങനെ പറയും?

"ഇത്തരം പ്രതികൂലാന്തരീക്ഷമെല്ലാം ഉള്ളപ്പോഴും ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ കൃത്യമായും ഉറപ്പുവരുത്തിയിരുന്നു എന്നതുകൊണ്ട് ജനങ്ങൾ പ്രതിഷേധങ്ങളൊന്നുമില്ലാതെ പൊതുവിൽ പുതിയ സാമൂഹ്യക്രമത്തോട് പൊരുത്തപ്പെട്ടുതന്നെ ഏറെക്കുറെ സംതൃപ്തരായി കഴിഞ്ഞുപോരുകയും ചെയ്തിരുന്നു''(പേജ് 83).
സോഷ്യലിസ്റ്റ് പരീക്ഷണഘട്ടത്തിൽ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെട്ടിരുന്നു എന്ന് വേണു ഇതിലൂടെ സമ്മതിക്കുന്നു എന്നു കാണാം. 1920 കളുടെ അവസാനത്തിൽ വ്യാപകമായ കർഷക കലാപങ്ങളും അതിനെതിരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും ഉണ്ടായെന്നും അദ്ദേഹം എഴുതുന്നു. തുടർന്ന്, ആ കലാപങ്ങളെ തുടർന്ന് ലക്ഷങ്ങളല്ല, ദശലക്ഷങ്ങളാണ് പീഡിപ്പിക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതെന്നാണ് ആധികാരിക റിപ്പോർടുകൾ കാണിക്കുന്നതായി അദ്ദേഹം എഴുതുന്നു.

മുപ്പതുകളിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും അതിനാധാരമായ റിപ്പോർട്ടുകളോ ആധികാരിക രേഖകളോ ഏതെന്ന് അദ്ദേഹം പരാമർശിക്കുന്നില്ല. ഇതു പുസ്തകത്തെ ദുർബലമാക്കുന്നതായാണ് അനുഭവപ്പെടുന്നത്. ട്രോട്‌സ്‌കി, സെർഗി കീറോവ്, സീനോവീവ്, കമനോവ്, ബുഖാറിൻ തുടങ്ങി അനേകം പാർട്ടി നേതാക്കൾ തന്നെ ഇങ്ങനെ കൊല്ലപ്പെട്ടതായി വേണു എഴുതുന്നുണ്ട്.

‘പരസ്യമാക്കപ്പെട്ട ചരിത്രരേഖകളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ തെളിഞ്ഞതുപ്രകാരം സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ഈ ശുദ്ധീകരണപ്രക്രിയയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറു ലക്ഷം മുതൽ പന്ത്രണ്ടു ലക്ഷം വരെ വരുമത്രെ’- ഇവിടേയും ചരിത്രരേഖകളെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ ഇല്ല. ക്രൂഷ്‌ച്ചേവിന്റെ കാലത്ത് പുറത്തുവിട്ട രേഖകളാണോ ഉദ്ദേശിക്കുന്നത് എന്ന വ്യക്തതയും ഉണ്ടാകുന്നില്ല.

മോസ്‌കോയിലെ Sverdlov Square ൽ റെഡ് ആർമി യൂണിറ്റുകളെ അഭിസംബോധന ചെയ്യുന്ന ലെനിൻ (1920)

1939 ൽ രഹസ്യമായി ഒപ്പുവെക്കപ്പെട്ട സോവിയറ്റ് -ജർമ്മൻ രാഷ്ട്രീയ സൈനിക കരാർ അയൽരാജ്യങ്ങളേയും പ്രദേശങ്ങളേയും വെട്ടിപ്പിടിക്കുന്നതിനും പങ്കിട്ടെടുക്കുന്നതിനും വേണ്ടിയായിരുന്നു എന്ന വേണുവിന്റെ നിരീക്ഷണം പ്രധാനപ്പെട്ടതാണ്, ചർച്ച ചെയ്യപ്പെടേണ്ടതാണ്. പോളണ്ട്, ഫിൻലാൻറ്, എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, റുമേനിയ തുടങ്ങിയ രാജ്യങ്ങളെ പങ്കുവച്ചെടുക്കുന്നതിനുള്ള ഇടുങ്ങിയ കണക്കുകൂട്ടലുകൾ മുൻനിർത്തിയാണ് ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ പുലർത്തിയിരുന്ന ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മുതലാളിത്ത ജനാധിപത്യം നിലനിൽക്കുന്ന രാഷ്ട്രങ്ങളുമായി ധാരണയിലെത്താതെ ഹിറ്റലറുടെ ജർമ്മനിയുമായി രഹസ്യമായി സ്റ്റാലിൻ കരാറിലെത്തിയത് എന്ന് വേണു ആരോപിക്കുന്നു.

സോഷ്യലിസ്റ്റ് സമൂഹത്തിലും അന്യവൽക്കരണം നിലനിന്നു എന്ന്​ വേണു പറയുന്നു. ഉൽപ്പാദനോപാദികൾ തൊഴിലാളിവർഗത്തിന്റെ കൈവശം എത്തുന്നതിനു പകരം പാർട്ടിയുടെ കൈവശം എത്തി എന്നതാണ് ഇതിനു കാരണം. സോഷ്യലിസ്റ്റ് സമൂഹത്തിലെ പാർട്ടി ഒരു അടിച്ചമർത്തൽ സംവിധാനമായി മാറുകയും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ വേറെ വേദികൾ ഇല്ലാതിരിക്കുകയും ചെയ്ത അവസരത്തിൽ അന്യവൽക്കരണം രൂക്ഷമായിത്തീരുകയാണുണ്ടായത് എന്നു വേണു നിരീക്ഷിക്കുന്നു. ഉൽപ്പാദനോപാധികളുടെ പൊതുവൽക്കരണം അവയുടെ സാമൂഹ്യവൽക്കരണത്തിലേക്കല്ല, മറിച്ച് കേന്ദ്രീകരണത്തിലേക്കാണ് നയിച്ചത് എന്നതാണ് ഇതിന്റെ കാരണമെന്നും നിരിക്ഷിക്കുന്നു. മനുഷ്യചരിത്ര വികാസഗതിയിൽ അന്തർലീനമായ ജനാധിപത്യപ്രക്രിയയെ കണ്ടെത്താനും മനസ്സിലാക്കാനും കഴിയാഞ്ഞതിനാലാണ്, മാർക്‌സിസത്തിന് ലെനിൻ നൽകിയ പ്രായോഗിക വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റഷ്യൻ സോഷ്യലിസ്റ്റ് പരീക്ഷണം പരാജയപ്പെട്ടതെന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതു വരെയുള്ള ചരിത്രം വിവരിച്ച്​ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു. മനുഷ്യചരിത്രത്തിൽ മാർക്‌സിസത്തിന്റെ ലെനിനിസ്റ്റ് ഇടപെടൽ കൃത്രിമമായി സംഭവിച്ച ഒരു വ്യതിയാനം മാത്രമായി അവശേഷിച്ചുവെന്നും ഒരിക്കലും തിരിച്ചുവരാനാകാത്തവിധം അത് ചരിത്രത്തിൽനിന്ന് നിഷ്‌കാസിതമായതായും നിരീക്ഷിക്കുന്നു.

മുതലാളിത്ത ജനാധിപത്യത്തിന്റെ മേന്മകൾ

"പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന മുതലാളിത്ത സമൂഹങ്ങളിൽ പരിമിതമായ തോതിലെങ്കിലും ജനങ്ങൾക്ക് അധികാരപങ്കാളിത്തം അനുഭവഭേദ്യമാകാറുണ്ട്. എന്നാൽ സാമൂഹ്യസംവിധാനങ്ങളെല്ലാം പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലാവുന്ന സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ ജനങ്ങൾ അധികാരഘടനയ്ക്ക് പുറത്തു തന്നെയാണ്'(പേജ് 97). ഈ ലോകത്ത് നിലനിന്ന മുതലാളിത്ത വ്യവസ്ഥയേയും സോഷ്യലിസ്റ്റ് വ്യവസ്ഥയേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഈ വിശകലനം വേണുവിന്റെ പൊസിഷൻ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യസ്വത്ത് ഇല്ലാതായാൽ അദ്ധ്വാനം ജൈവികമാകുമെന്ന മാർക്‌സിന്റെ സങ്കൽപ്പം യാഥാർത്ഥ്യത്തിൽ നിന്ന് എത്രോ അകലെ ആയിരുന്നു എന്ന് സോവിയറ്റ് സാമ്പത്തിക പ്രതിസന്ധി തെളിയിച്ചതായും വേണു എഴുതുന്നു.

‘സ്വകാര്യസ്വത്തും സ്വതന്ത്രവിപണിയുമില്ലാതെ മനുഷ്യസമൂഹത്തിന് ആരോഗ്യകരമായ സാമ്പത്തികവികാസത്തിന്റെ പാതയിൽ മുന്നോട്ട് നീങ്ങാൻ ആവില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കീഴിൽ നടന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ തെളിയിച്ച് കഴിഞ്ഞിട്ടുള്ളത്.മാർക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ തന്നെയാണ് ഇവിടെ നിരാകരിക്കപ്പെടുന്നത്'-വേണു എഴുതുന്നു. ദേശീയ ജനവിഭാഗങ്ങളുടെ സ്വയംനിർണയാവകാശത്തിന്റെ കാര്യത്തിലും സോവിയറ്റ് വ്യവസ്ഥ പ്രായോഗിക തലത്തിൽ പരാജയപ്പെട്ടപ്പോൾ സങ്കീർണ്ണമായ ഇന്ത്യനവസ്ഥയിൽ ഇവിടെയുള്ള മതേതര ജനാധിപത്യ ഫെഡറൽ ഘടന താരതമ്യേന മെച്ചമായി പ്രയോഗത്തിൽ അനുഭവപ്പെടുന്നു എന്നും വേണു എഴുതുന്നു. നിലനിന്നിരുന്ന സോവിയറ്റ് വ്യവസ്ഥയെ ഇന്ത്യയിലടക്കമുള്ള മുതലാളിത്ത ജനാധിപത്യവ്യവസ്ഥയുമായി താരതമ്യം ചെയ്യുകയാണ് തന്റെ വാദങ്ങൾ സമർത്ഥിക്കാനായി അദ്ദേഹം ചെയ്യുന്നത്. പുസ്തകത്തിലുടനീളം അതൊരു രീതിശാസ്ത്രമായി അദ്ദേഹം പിൻപറ്റുന്നതായി കാണാം.

ചൈനയും മറ്റു സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും

ചൈനയിലേയും മറ്റു സോഷ്യലിസ്റ്റ് സമൂഹങ്ങളിലും നടന്ന പരീക്ഷണങ്ങളേയും വേണു ആലോചനയ്ക്ക് വിധേയമാക്കുന്നുണ്ട്. മാവോ സേ തുങ്ങ് തന്റെ അധികാരമേധാവിത്തം സ്ഥാപിക്കാനായി ഗൂഢാലോചനാപരമായി നടത്തിയ കരുനീക്കങ്ങളുടെ ഫലമായിരുന്നു സാംസ്‌കാരികവിപ്ലവം എന്ന വിലയിരുത്തലിനോടാണ് വേണുവിന് യോജിപ്പ്. എന്നാലും സ്റ്റാലിന്റെ കാലവുമായുള്ള താരതമ്യത്തിൽ മാവോകാലം ജനാധിപത്യ ശൈലിയുടെ ചില രീതികൾ ഉൾക്കൊള്ളുന്നതായിരുന്നുവെന്നും വേണു പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകപാർട്ടി ഭരണത്തിനകത്ത് സർക്കാർ മുതലാളിത്തവും സ്വതന്ത്ര മുതലാളിത്തവും കൂട്ടുചേർന്ന അവസ്ഥയാണ് ചൈനയിലുള്ളതെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. കേന്ദ്രീകൃതവും സൈനികസ്വഭാവത്തിലുള്ളതുമായ ഭരണക്രമമാണ് ഉത്തരകൊറിയ,വിയറ്റ്‌നാം,കമ്പോഡിിയ തുടങ്ങിയ മറ്റു രാജ്യങ്ങളിലുള്ളത്. ക്യൂബയാകട്ടെ സ്വതന്ത്രമുതലാളിത്ത വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടുമിരിക്കുന്നു. ഏകപക്ഷീയമായ അധികാരകേന്ദ്രീകരണത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹിക സമ്പ്രദായത്തിനും ചരിത്രത്തിൽ അതിജീവിക്കാനാവില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

തൊഴിലാളികൾക്കൊപ്പം മാവോ സെ തൂങ്

രാഷ്ട്രങ്ങൾക്കിടയിലെ ജനാധിപത്യവും ലോകത്തിന്റെ ഭാവിയും

ദേശരാഷ്ട്രങ്ങൾക്കിടയിലെ ജനാധിപത്യത്തെക്കുറിച്ച് വേണു നടത്തുന്ന നിരീക്ഷണങ്ങളിൽ ശ്രദ്ധാർഹമായ ചിലതുണ്ട്. ഐക്യരാഷ്ട്രസഭയിലെ മുഴുവൻ അംഗങ്ങളും പിന്തുണയ്ക്കുന്ന ഏതു തീരുമാനത്തേയും അസാധുവാക്കാൻ രക്ഷാസമിതിയിലെ അഞ്ചു രാജ്യങ്ങൾക്കുള്ള വീറ്റോ പവറിന്റെ ജനാധിപത്യവിരുദ്ധതയെ അദ്ദേഹം വിമർശിക്കുന്നു. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചൈനയും അതു ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഭാവിയിൽ രാഷ്ട്രങ്ങൾക്കിടയിലെ ജനാധിപത്യപ്രക്രിയ മുന്നേറുന്നതിനനുസരിച്ച് വീറ്റോ സമ്പ്രദായം ഇല്ലാതാവുമെന്ന് പ്രവചിക്കുന്ന അദ്ദേഹം സാമ്രാജ്യത്വകാലത്തെ വിപണിമത്സരം അനിവാര്യമായും ലോകയുദ്ധത്തിലേക്കു നയിക്കും എന്ന തിയറി ശരിയല്ലെന്നും യുദ്ധം ഇനി സംഭവിക്കാനിടയില്ലെന്നുകൂടി പ്രവചനസ്വഭാവത്തിൽ പറയുന്നുണ്ട്. എന്നാൽ ചെറുയുദ്ധങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ആകെയെടുത്താൽ അത്​ലോകയുദ്ധത്തിലേതിനേക്കാൾ വലിയ സംഖ്യയായിരിക്കും എന്ന വാദത്തെ ഇവിടെ സംബോധന ചെയ്യുന്നില്ല. യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ, അറബ് ലീഗ്, ആസിയാൻ തുടങ്ങിയ കൂട്ടായ്മകൾ രാഷ്ട്രങ്ങൾക്കിടയിലെ ജനാധിപത്യ പ്രക്രിയയെ ഭാവിയിൽ ത്വരിതപ്പെടുത്തകയേ ഉള്ളൂ എന്നു പറയുമ്പോൾ മുതലാളിത്ത വ്യവസ്ഥ തന്നെയായിരിക്കും തുടർന്നും ലോകത്തിൽ നിലനിൽക്കുക എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സാമുഹ്യവൈരുദ്ധ്യങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിയാണ് വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലുള്ളത് എങ്കിലും അവിടങ്ങളിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് സാധ്യതയില്ല എന്ന വാദമാണ് ഇതുവഴി പരോക്ഷമായി വേണു മുമ്പോട്ടുവക്കുന്നത്. ആഗോള കമ്യൂണിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള മാർക്‌സിയൻ പരികൽപ്പന തികച്ചും കാൽപ്പനികമായിരുന്നു എന്നും രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ജനാധിപത്യപ്രക്രിയയാണ് ഇന്നു ചരിത്രഗതിയെ നിർണ്ണയിച്ചുകൊണ്ടിരിക്കുന്നതെന്നും മാർക്‌സ് മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നതാണ് ഈ കാര്യമെന്നും അദ്ദേഹം വിമർശിക്കുന്നു.

ശാസ്ത്രസാങ്കേതികവിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ ചരിത്രപരമായി പിന്നോട്ടുതള്ളുമെന്ന് സങ്കൽപ്പിക്കാൻ മാർക്‌സിനുകഴിഞ്ഞില്ലെന്ന വിമർശനമാണ് വേണുവിനുള്ളത്. സ്വകാര്യസ്വത്തിന്റെ നിലനിൽപ്പ് ജനാധിപത്യത്തിന്റെ അവശ്യോപാധിയായാണ് വേണു കരുതുന്നത്. ഉൽപ്പാദനോപാധികളെല്ലാം പൊതുസ്വത്താക്കിയ മുൻ സോഷ്യലിസ്റ്റു രാഷ്ട്രങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതദ്ദേഹം പറയുന്നത്. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്കുമാത്രം നിയന്ത്രണാധികാരമുള്ള കേന്ദ്രീകൃതാവസ്ഥയിലേക്കാണ് ഇതു നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനുഷ്യസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ഉറപ്പുവരുത്തുന്ന കമ്മ്യൂണിസം പോലുള്ള ഒരു കാൽപ്പനിക ലക്ഷ്യത്തിലേക്ക് ചുരുങ്ങിയതാണ് മാർക്‌സിന് പറ്റിയ പ്രധാന പാളിച്ചയെന്നും അതോടെ തുറന്ന ഒരു സമീപനം മനുഷ്യസമൂഹപരിണാമത്തിന്റെ കാര്യത്തിൽ അസാധ്യമായെന്നും വേണു പറയുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമസാധ്യതകളെ ഒരു ചട്ടക്കൂടിലും ഒതുക്കി നിർത്താനാവുകയില്ല എന്നു വേണു പറഞ്ഞുവക്കുന്നുണ്ട്.

ഇത്തരം വിമർശനങ്ങൾക്കിടയിലും മാർക്‌സിന്റെ സംഭാവനകളേയും പ്രയോഗങ്ങളേയും വേണു വിലമതിക്കുന്നുണ്ട്. പ്രയോഗത്തിന്റെ ചട്ടക്കൂടുകളിൽ അകപ്പെട്ടതാണ് അതിന്റെ പരിമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം എഴുതുന്നു: ‘ലെനിനിസ്റ്റ് പ്രയോഗത്തിന്റെ രൂപത്തിലുള്ള മാർക്‌സിസം ഒരു നൂറ്റാണ്ടിനുള്ളിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചതിനുശേഷം ഏറെക്കുറെ അപ്രത്യക്ഷമായെങ്കിലും മറ്റൊരു സിദ്ധാന്തത്തിനും കഴിയാത്തവിധം കരുത്തുറ്റ രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാധീനം ലോകസമൂഹത്തിൽ അതു ചെലുത്തി എന്നത് ആർക്കും നിഷേധിക്കാനാവുകയില്ല. അതുകൊണ്ടു തന്നെ മാർക്‌സിസം ഒരു പരാജയം ആയിരുന്നു എന്ന് വിധിയെഴുതാനാവുമോ എന്ന ചോദ്യവും പ്രസക്തമാണ്.’- മാർക്‌സിസ്റ്റുകളുമായി ഒരു സംവാദത്തിന്റെ സാധ്യത ഇതു തുറന്നിടുന്നുണ്ട്.

വാദങ്ങളിലെ ചില വൈരുദ്ധ്യങ്ങൾ

"ലെനിനിസ്റ്റ് പ്രയോഗത്തിലൂടെ ഇരുപതാം നൂറ്റാണ്ട് കണ്ട മാർക്‌സിസം മാർക്‌സ് ആവിഷ്‌കരിച്ച ചരിത്രവിശകലന രീതിയുടെ പൂർണ്ണമായ നിഷേധമാവുകയാണുണ്ടായത്' ( പേജ് 146) എന്ന് വേണു എഴുതുന്നു. തൊഴിലാളിവർഗ സർവാധിപത്യം എന്ന ആശയം ലെനിൻ എടുക്കുന്നത് പാരീസ് കമ്യൂണിന്റെ തകർച്ചയെ വിശകലനം ചെയ്ത് മാർക്‌സ് എത്തിയ നിഗമനത്തിൽ നിന്നാണ് എന്ന്​ തന്റേതായ രീതിയിൽ സമർത്ഥിച്ച ശേഷമാണ് വേണു ഈ വാക്യം എഴുതുന്നത്. കേന്ദ്രീകരണം ഇല്ലാതായതാണ് പാരീസ് കമ്യൂണിന്റെ പരാജയകാരണമെന്നുള്ള മാർക്‌സിന്റെ നിഗമനത്തിൽ നിന്നും പാർട്ടിയുടെ കേന്ദ്രീകൃതമായ നേതൃത്വവും സർവാധിപത്യവും എന്നതിലേക്ക് ലെനിൻ എത്തി എന്നാണദ്ദേഹം പറയുന്നത്. മാർക്‌സിസത്തിന്റെ പരാജയത്തിന്റെ കാരണത്തിന്റെ ബീജം അതിലാണെന്നും അദ്ദേഹം എഴുതുന്നു. സ്വന്തം ചരിത്രവിശകലനരീതിയിലൂടേയും രാഷ്ട്രീയപ്രയോഗാനുഭവങ്ങളുടെ അടിസ്ഥാനത്തിലും മാർക്‌സ് കണ്ടെത്തിയ ആശയത്തെ പിന്തുടരുകയും പ്രായോഗികമാക്കുകയും ചെയ്യുന്നത് എങ്ങനെ അതിന്റെ പൂർണ്ണമായ നിഷേധമാവും? ലെനിനിസത്തിന്റെ പരാജയം അല്ല മാർക്‌സിസത്തിന്റെ തന്നെ പരാജയം ആണ് എന്നതാണല്ലോ മൊത്തത്തിൽ വേണു സമർത്ഥിക്കാൻ ശ്രമിക്കുന്നതും. അതു പരാജയപ്പെടാനിടയായതിന്റെ വേരുകൾ മാർക്‌സിന്റെ ചരിത്രവിശകലനരീതിയുടേതാണെന്നും. ലെനിനിസ്റ്റ് പ്രയോഗത്തിന്റെ തെറ്റല്ല, മാർക്‌സിൽ തന്നെ ഉള്ള തെറ്റായിരിക്കേ ലെനിനിൽ മാർക്‌സിന്റെ രീതിയുടെ നിഷേധം കണ്ടെത്തുന്നതിൽ വൈരുധ്യം ഇല്ലേ എന്ന സംശയമുദിക്കുന്നു. ‘പാരീസ് കമ്യൂണിന്റെ പരാജയകാരണങ്ങളിലൊന്ന് കേന്ദ്രീകൃതനേതൃത്വത്തിന്റെ അഭാവമാണെന്ന മാർക്‌സിന്റെ വിലയിരുത്തലിനെ ആധാരമാക്കിയാണല്ലോ ലെനിൻ തൊഴിലാളിവർഗ സർവാധിപത്യത്തെ ഏകപാർട്ടി സ്വേച്ഛാധിപത്യമാക്കി മാറ്റിയത്. ആ നിലക്ക് മാർക്‌സിസത്തിന്റെ പ്രായോഗികതലത്തിലുള്ള പരാജയത്തിൽ മാർക്‌സിന്റെ പങ്ക് കുറച്ചുകാണാനാവുകയില്ല' (പേജ് 73) എന്ന് എഴുതുന്ന വേണു തന്നെയാണ് ലെനിനിസ്റ്റ് പ്രയോഗത്തിൽ മാർക്‌സ് ആവിഷ്‌കരിച്ച ചരിത്രവിശകലന രീതിയുടെ നിഷേധം കാണുന്നത്. ഇതു പരസ്പര പൊരുത്തമില്ലാത്ത ചിന്തയായിട്ടാണ് വായനയിൽ അനുഭവപ്പെടുന്നത്.

1990 ഡിസംബറിൽ സി.പി.ഐ- എം.എൽ കേന്ദ്ര പുനഃസംഘടനാ കമ്മറ്റിയിൽ അവതരിപ്പിച്ച രേഖ ‘തൊഴിലാളിവഗ്ഗ ജനാധിപത്യത്തെപ്പറ്റി' എന്ന ശീർഷകത്തോടൈ പുസ്തകത്തിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്. അതിൽ പറഞ്ഞ പല കാര്യങ്ങളും പിന്നീട് സംഭവിച്ചതായി നമുക്ക് കണ്ടെത്താൻ കഴിയും. വ്യതിയാനങ്ങളെ മറികടന്ന്​ യഥാർത്ഥ തൊഴിലാളിവർഗ്ഗ ജനാധിപത്യം സാക്ഷാത്കരിക്കാനാവും എന്ന കാഴ്ചപ്പാടുള്ളപ്പോൾ എഴുതിയതാണ് ഈ രേഖ എന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പാർട്ടികൾക്കും ഒരിക്കലും ജനാധിപത്യം ഉൾക്കൊള്ളാനോ നടപ്പിലാക്കാനോ കഴിയില്ലെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും പിൻകുറിപ്പിൽ വ്യക്തമാക്കപ്പെടുന്നു. മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വേണുവിന്റെ ചിന്തയ്ക്കു വന്ന മാറ്റം സൂചിപ്പിക്കുന്നതോടൊപ്പം മാർക്‌സിസ്റ്റ് അടിസ്ഥാനാശയങ്ങളുമായും മാർക്‌സിസത്തിനനുകൂലമായ വാദങ്ങളുമായും അദ്ദേഹത്തിനുള്ള പരിചയവും ഈ ഭാഗം വെളിപ്പെടുത്തുന്നുണ്ട്. ലെനിന്റേയും ട്രോട്‌സ്‌കിയുടെയും റോസ ലക്‌സംബർഗിന്റേയും മാവോയുടേയും ഇതു സംബന്ധിച്ച ചിന്തകളെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് പ്രസ്തുത രേഖ. സി.പി.ഐ- എം.എൽ കേന്ദ്ര പുനഃസംഘടനാ കമ്മിറ്റിയുടെ അഖിലേന്ത്യ ജനറൽ സിക്രട്ടറി സ്ഥാനത്തുനിന്ന്​രാജിവച്ച്​ സമർപ്പിച്ച കത്തും അനുബന്ധമായി ചേർത്തിട്ടുണ്ട്. സംക്രമണത്തിന്റെ നാൾവഴികൾ സൂചിപ്പിക്കുന്നുണ്ട് അതും.

മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ / Photo: Wikimedia Commons

ഇതെല്ലാം വായിച്ചു കഴിയുമ്പോഴും മനസ്സിൽ അവശേഷിക്കുന്ന ഒരു ചോദ്യം, ഇതഃപര്യന്തമുള്ള മാർക്‌സിസ്റ്റ് പ്രയോഗങ്ങളിൽ നിന്ന് അനുഭവം ഉൾക്കൊണ്ട ഒരു സമഗ്ര തൊളിലാളിവർഗ്ഗ വിപ്ലവം, അസമത്വവും അനീതിയും വാഴുന്ന ലോകത്തുനിന്നുകൊണ്ട് യുക്തിപൂർവ്വമായി പ്രതീക്ഷിക്കാൻ വേണുവിന് കഴിയാത്തതെന്തുകൊണ്ട് എന്നതാണ്. ഒരു ലിബറൽ ഡെമോക്രാറ്റായി സ്വയം അടയാളപ്പെടുത്തുന്ന വേണു (പേജ് 28, മാധ്യമം ആഴ്ചപ്പതിപ്പ് , 2023 ഫെബ്രുവരി 6-13) മുതലാളിത്ത ജനാധിപത്യത്തിനനുകൂലമായി തീരുമാനമെടുക്കുന്നത് സോഷ്യലിസ്റ്റ് വിപ്ലവമെന്ന ബദലിനെത്തന്നെ എതിർക്കുന്നതുകൊണ്ടാണ് എന്നതാണ് വ്യക്തമാക്കപ്പെടുന്നത്. അല്ലാതെ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന് സോഷ്യലിസ്റ്റ് പരീക്ഷണ ഘട്ടത്തിൽ സംഭവിച്ച പരിമിതികളെ മാത്രം പരിഗണിച്ചല്ല. വർഗ്ഗ സർവ്വാധിപത്യമന്നത് ഒരു പാർട്ടിയുടേയോ ഒരു കൂട്ടം നേതാക്കൾ ചേർന്ന ക്ലിക്കിന്റെയോ സർവ്വാധിപത്യമായി പരിണമിച്ചതിന്റെ പേരിലുമല്ല. റോസ ലക്‌സംബർഗിനെപ്പോലുള്ളവർ നടത്തിയതുപോലുള്ള വിമർശനങ്ങളല്ല വേണുവിന്റേത്. അദ്ദേഹം മുതലാളിത്ത ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന ഒരു ലിബറൽ ഡെമോക്രാറ്റാണ് എന്നാണിത് വെളിപ്പെടുത്തുന്നത്. പാരീസ് കമ്യൂണിനെ ശത്രുതാപരമായി കാണുകയും വളഞ്ഞിട്ട് ഇല്ലാതാക്കുകയും ചെയ്ത മുതലാളിത്ത ലോകത്തെ എങ്ങനെ ജനാധിപത്യം പൂത്തുലയുന്ന ഒരു വ്യവസ്ഥിതിയായി കാണാനാകും? വർഗതാത്പര്യങ്ങളല്ലേ അവരുടെ എതിർപ്പിനു പിന്നിൽ? മുഴുവൻ ജനങ്ങളും ചേർന്ന് അധികാരം കൈയാളുന്ന അവസ്ഥയെ അവർ പൊറുപ്പിക്കില്ല എന്നല്ലേ ഇതിൽ നിന്ന് തെളിയുന്നത്?
യഥാർത്ഥത്തിൽ, വേണു എഴുതിയ പ്രകൃതി സ്വാതന്ത്ര്യം ജനാധിപത്യം എന്ന പുസ്തകത്തിലെ ഭാഗം രണ്ടിൽ (സമൂഹത്തിന്റെ പരിണാമത്തെപ്പറ്റിയും വർഗ്ഗസമരത്തെപ്പറ്റിയും) പ്രതിപാദിച്ച കാര്യങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ മിക്കവാറും ഉള്ളത്. 2017 ൽ പ്രസിദ്ധീകരിച്ച അതിൽ കൂടുതൽ വിശദമായും സൈദ്ധാന്തികാവലംബത്തോടെയും ഇക്കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ പുസ്തകം വായിച്ച ഒരാൾക്ക് ഇതിൽ പുതിയതായി എന്തെങ്കിലും ഉള്ളതായി തോന്നുകയില്ല.

അക്ഷരത്തെറ്റുകളും ചിത്രത്തിന്റെ അടിക്കുറിപ്പ് ഉൾപ്പെടെ അപ്‌ഡേറ്റഡ് അല്ലാത്ത വിവരങ്ങളും തുടർന്നുള്ള പതിപ്പിൽ തിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയ ആശയശാസ്ത്രം എന്ന നിലയിലുള്ള മാർക്‌സിസത്തിന്റെ ഒരു ‘വേണുവിയൻ വിശകലന’മായി ഇതിനെ കാണാം. സംവാദങ്ങൾക്ക് തുറവി നൽകുന്ന ഒട്ടേറെ ചിന്തകൾ ഇതിലുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി .

Comments