ഡോ. എം.കെ.മുനീർ രചിച്ച "പശു ദേശീയത" എന്ന പുസ്‌തകം വി.ടി.ബൽറാം പ്രകാശനം ചെയ്യുന്നു.

പശു ദേശീയതയുടെ ചരിത്രവും രാഷ്ട്രീയവും

“പശുദേശീയത ഇന്നും ഇന്ത്യയിലെ പാർശ്വവൽകൃത ജനതയെ വിശേഷിച്ച് ദലിതരെയും മുസ്ലീങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നതിന്റെ സൂക്ഷ്മ ചരിത്രാഖ്യാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ നയിക്കുന്ന അതിപ്രധാനമായ പുസ്തകമാണ് ഡോ. എം.കെ. മുനീർ രചിച്ച "പശു ദേശീയത," എഴുതുന്നു ഡോ. ടി.എസ്. ശ്യാംകുമാർ.

ഴിക്കുന്ന ആഹാരത്തിന്റെ അടിസ്ഥാനത്തിന്റെ വിവേചനവും ഹിംസയും കൊടിയ ക്രൂരതകളും പടർന്നു പന്തലിച്ചു കഴിഞ്ഞ ഒരു രാജ്യമായി ഇന്ത്യ മാറിത്തീർന്നിരിക്കുന്നു. ഇന്ത്യയിൽ ഭീകര ഹിംസയുടെ ഉപകരണമായും ആയുധമായും വെജിറ്റേറിയനിസം പരിണമിച്ചിരിക്കുന്നു. മത്സ്യവും മാംസവും ഭക്ഷിക്കുന്നവർ അശുദ്ധരും അയിത്തക്കാരുമാണെന്ന അവസ്ഥാവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇത് ആഹാരത്തെ ജാതിവ്യവസ്ഥയുമായി അഗാധമായി ബന്ധമുള്ള ഒന്നാക്കി തീർത്തിരിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നവർ ശുദ്ധരും മാംസം ഭക്ഷിക്കുന്നവർ അശുദ്ധരും എന്ന സാംസ്കാരിക വേർതിരിവ് ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രാചീന കാലം മുതൽ ഇതായിരുന്നില്ല അവസ്ഥ. വേദേതിഹാസ പുരാണങ്ങളിൽ മാംസം നിഷിദ്ധ ഭക്ഷണമായിരുന്നില്ല. ഇന്ദ്രന് ഇഷ്ടപ്പെട്ട യാഗമാംസങ്ങൾ ആടും പശുവുമായിരുന്നു. പശുവിന്റെ മാംസം ഹോമിക്കുന്ന ഗോമേധം എന്ന യാഗം തന്നെ നിലനിന്നിരുന്നു. പൗരാണിക കാലത്ത് അതിഥിയെ ഗോഘ്നൻ എന്നാണ് വിളിച്ചിരുന്നത്. അതിഥി വരുമ്പോൾ അതിഥിക്കായി പശുവിനെ അറത്ത് മാംസഭക്ഷണം തയ്യാറാക്കി നൽകിയിരുന്നതിനാലാണ് അതിഥിയെ ഗോഘ്നൻ എന്ന് വിളിച്ചിരുന്നത്.

വൈദിക യാഗങ്ങളിൽ കുതിര, ആട്, പശു, തുടങ്ങിയ നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം ഹോമിച്ചിരുന്നു. പുത്രലാഭത്തിനായി ദശരഥൻ ചെയ്ത അശ്വമേധയാഗത്തിൽ കുതിരയുടെ വപ ഹോമിക്കുന്നതായി വാല്മീകിരാമായണത്തിൽ വിവരിക്കുന്നുണ്ട്. കുതിരയെ മാത്രമല്ല നിരവധി മൃഗങ്ങളെയും പക്ഷികളെയും യാഗത്തിൽ അർപ്പിക്കാനായി യൂപത്തിൽ ബന്ധിപ്പിച്ച് നിർത്തിയിരിക്കുന്നതിന്റെ വാങ്മയ ചിത്രം വാല്മീകിരാമായണം അവതരിപ്പിക്കുന്നുണ്ട്. വനവാസത്തിന് പോകുന്ന സന്ദർഭത്തിൽ സീത ഗംഗയ്ക്കായി ഒരു വഴിപാട് നേരുന്നുണ്ട്. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയാൽ ആയിരം കുടം മദ്യവും, മാംസോദനവും സീത ഗംഗക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മാംസോദനം എന്നാൽ മാംസച്ചോറാണ്. ഇന്നത്തെ നിലയ്ക്ക് അതിനെ ബിരിയാണി എന്ന് വിളിക്കാം. സംഘകാല സാഹിത്യത്തിലും മാംസ ചോറ് ഇടം പിടിച്ചിട്ടുണ്ട്. രാമനെ അന്വേഷിച്ച് ഭരദ്വാജ ആശ്രമത്തിലെത്തുന്ന ഭരതന് ഭരദ്വാജ മഹർഷി ആട്, പന്നി, കോഴി എന്നിവയുടെ മാംസം കൊണ്ടുള്ള ഉപദംശങ്ങളാണ് നൽകുന്നത്. ചിത്രകൂടത്തിൽ ആദ്യമായി ഒരു പർണശാല തീർക്കുമ്പോൾ അവിടെ നടത്തിയ വാസ്തുബലിയിൽ രാമനും ലക്ഷ്മണനും മാനിന്റെ മാംസമാണ് ബലിയായി അർപ്പിക്കുന്നത്. മയമതം എന്ന പ്രാചീന വാസ്തുവിദ്യാ ഗ്രന്ഥത്തിലും വാസ്തുബലിയിൽ മാംസ ചോറ്, ഉണക്ക മത്സ്യം, ഉണക്ക ഇറച്ചി എന്നിവ ബലിയായി നൽകുന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. കേരളീയ തന്ത്രഗ്രന്ഥമായ പ്രയോഗമഞ്ജരിയിൽ വാസ്തുയാഗത്തിന് മാംസം ഹോമിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്.

പശുദേശീയത എങ്ങനെയാണ് നിർമിക്കപ്പെട്ടത് എന്ന് പ്രമാണഗ്രന്ഥങ്ങളിലൂടെയും സാമൂഹ്യ ചരിത്ര സന്ദർഭങ്ങളിലൂടെയും നമ്മെ നയിച്ചു കൊണ്ടുപോയി ഈ ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു.
പശുദേശീയത എങ്ങനെയാണ് നിർമിക്കപ്പെട്ടത് എന്ന് പ്രമാണഗ്രന്ഥങ്ങളിലൂടെയും സാമൂഹ്യ ചരിത്ര സന്ദർഭങ്ങളിലൂടെയും നമ്മെ നയിച്ചു കൊണ്ടുപോയി ഈ ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു.

പ്രാചീനഗ്രന്ഥമായ ബ്രഹ്മയാമളത്തിൽ താന്ത്രികനായ സാധകൻ ഭക്ഷിക്കേണ്ട മാംസത്തിന്റെ പട്ടികയിൽ പശു മുതൽ പ്രാവ് വരെയുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് വൈദിക - പുരാണ രചനാ ഘട്ടങ്ങളിൽ ബ്രാഹ്മണ പുരോഹിതന്മാരും ക്ഷത്രിയരും മഹർഷിമാരും ഇന്ന് ദൈവങ്ങളായി കൊണ്ടാടുന്നവരും പശുവിന്റെ ഉൾപ്പെടെ മാംസം ഭക്ഷിച്ചിരുന്നു എന്നാണ്. യാഗങ്ങളിൽ മാംസത്തിനായി മൃഗങ്ങളെ ബലി കഴിച്ചിരുന്നതിനെ ചാർവാകന്മാർ നിശിതമായി വിമർശിച്ചിരുന്നു എന്ന് സർവദർശന സംഗ്രഹത്തിലെ ചാർവാകദർശന സംഗ്രഹ ശ്ലോകങ്ങളിൽ നിന്നും അറിയാം. ബുദ്ധൻ അഹിംസ ജീവിതതത്വമായി ഉയർത്തി പിടിച്ചപ്പോഴാണ് ബ്രാഹ്മണ പൗരോഹിത്യം സമ്പൂർണമായി മാംസം ഉപേക്ഷിച്ച് വെജിറ്റേറിയന്മാരാവാൻ തുടങ്ങിയത്. ഇതാവട്ടെ ബൗദ്ധരെ നിഷേധിച്ച് ബൗദ്ധരേക്കാളും ശ്രേഷ്ഠത്വം കൈവരിക്കാനുള്ള ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കുടിലതന്ത്രമായിരുന്നു.

ക്ഷേത്രങ്ങളിൽ ഉൾപ്പെടെ മൃഗബലി നിലനിന്നിരുന്നു. രൗരവാഗമത്തിലും ദക്ഷിണേന്ത്യൻ ബ്രഹ്മയാമളത്തിലും കാളിക്കായി മഹിഷത്തെ ബലി കഴിക്കുന്നതിന്റെ വിശദമായ വിവരണങ്ങൾ രേഖപ്പെടുത്തി കാണാം. ബ്രഹ്മയാമളം പിന്തുടർന്നിരുന്ന കർണാടകയിലെ കോലാരമ്മ ക്ഷേത്രത്തിലെ രാജേന്ദ്രചോളന്റെ പത്താം ഭരണ വർഷത്തിലെ ശിലാശാസനത്തിൽ ചൊവാഴ്ച്ച മൃഗബലിയും മദ്യപാനവും അനുഷ്ഠാനാത്മകമായി നിലനിന്നിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ ബ്രഹ്മയാമളത്തിൽ കാളിക്കായി ചെയ്യുന്ന മത്സ്യ ഹോമത്തെ കുറിച്ചും വിവരിക്കുന്നുണ്ട്.

കാര്യമിങ്ങനെയിരിക്കെയാണ് പശു ഗോമാതാവായി ഇന്ത്യൻ രാഷ്ടീയത്തിൽ ഇടം നേടുന്നത്. വൈദിക സാഹിത്യത്തിൽ, പ്രത്യേകിച്ച് ഋഗ്വേദത്തിൽ പശു ഒരു ദിവ്യമാതാവായിരുന്നില്ല. ഒരു ഹോമവസ്തു മാത്രമായിരുന്നു. കൃഷി വിപുലമാവുന്ന ഘട്ടത്തിലാണ് പശു മാതാവാണ് എന്ന സങ്കല്പം ഉരുത്തിരിയാൻ തുടങ്ങുന്നത്. കാളിദാസന്റെ രഘുവംശത്തിൽ തന്റെ പാപ നിവർത്തിക്കായി ഗോസേവ ചെയ്യുന്ന ദിലീപന്റെ ചിത്രം കാണാം. പൊതുവർഷം നാലാം നൂറ്റാണ്ടോടെയാണ് പശു ഒരു ദിവ്യപരിവേഷത്തോടെ പ്രത്യക്ഷപ്പെടുന്നത്. നിരവധി മൃഗങ്ങളെ ബലിയർപ്പിക്കുന്ന യാഗച്ചടങ്ങുകളിൽ നിന്നും കൃഷിയിലേക്കുള്ള സമൂഹത്തിന്റെ മാറ്റമാകാം പശുവിന്റെ ദിവ്യപരിവേഷത്തെ നിർണയിച്ച ആദ്യഘടകം. ഭാഗവതപുരാണത്തിന്റെ (CE 10) രചനാകാലമാവുമ്പോഴേക്ക് പശു പൂർണാർത്ഥത്തിൽ ദിവ്യതയുടെ പരിസ്ഫൂർത്തിയിലെത്തിയിരുന്നു. അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും രക്ഷനേടാൻ പശുവിന്റെ രൂപത്തിലാണ് ഭൂമി ദേവി വൈകുണ്ഠത്തിൽ വിഷ്ണുവിനെ ശരണം പ്രാപിച്ചതെന്ന് ഭാഗവതം പ്രസ്താവിക്കുന്നു.

ഡോ. എം.കെ. മുനീർ
ഡോ. എം.കെ. മുനീർ

ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തിൽ ഇന്ത്യൻ ദേശീയതയുമായി പശു ഇഴ ചേർന്നു. പശുവിന്റെ ദിവ്യപരിവേഷത്തെ ഗാന്ധിയും പിൻതാങ്ങി. ഇതോടെ പശു മുസ്ലിങ്ങളെയും ദലിതരെയും ആദിവാസികളെയും തല്ലിക്കൊല്ലുന്നതിനുള്ള ഉപാദാനമായി പരിവർത്തിച്ചു. പശുമാംസം ഉപയോഗിക്കുന്നത് തടയുക വഴി പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് എളുപ്പം ലഭ്യമായിരുന്ന പ്രോട്ടീൻ ലഭ്യതയെ തടയാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞു. മാംസഭക്ഷണം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന മുസ്ലീങ്ങളെയും ദലിതരെയും ആക്രമിക്കാനും ഇല്ലാതാക്കാനും ഹിന്ദുത്വർക്ക് പശുവിലൂടെ കഴിഞ്ഞു. പശു "ദേശീയ മൃഗമായ"തോടെ ബീഫ് കഴിക്കുന്നവർ ദേശവിരുദ്ധരും വെജിറ്റേറിയന്മാർ ദേശഭക്തരുമായി. ഇങ്ങനെ പശുവിലൂടെ ആക്രാമകമായ ഒരു മിഥ്യയായ ദേശീയത നിർമിക്കപ്പെട്ടു. ഈ പശുദേശീയത ഇന്നും ഇന്ത്യയിലെ പാർശ്വവൽകൃത ജനതയെ വിശേഷിച്ച് ദലിതരെയും മുസ്ലീങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നതിന്റെ സൂക്ഷ്മ ചരിത്രാഖ്യാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ നയിക്കുന്ന അതിപ്രധാനമായ പുസ്തകമാണ് ഡോ. എം.കെ. മുനീർ രചിച്ച "പശു ദേശീയത". പശുദേശീയത എങ്ങനെയാണ് നിർമിക്കപ്പെട്ടത് എന്ന് പ്രമാണഗ്രന്ഥങ്ങളിലൂടെയും സാമൂഹ്യ ചരിത്ര സന്ദർഭങ്ങളിലൂടെയും നമ്മെ നയിച്ചു കൊണ്ടുപോയി ഈ ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു. ഗവേഷണാത്കവും അതേ സമയം ലളിതവും സുഗ്രാഹ്യവുമായ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകം ഹിന്ദുത്വ ശക്തികളിൽ നിന്നും ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ കരുത്തു പകരുന്ന ഉജ്ജ്വല പഠനഗ്രന്ഥമായി നമ്മെ വഴി കാട്ടുമെന്ന് തീർച്ചയാണ്.


Summary: Muslim league leader and former minister MK Muneer's book Pasu Dhesheeyatha, review written by Dr TS Shyam Kumar.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments