എന്റെ മോൾക്ക് ആറ് വയസ്സുള്ളപ്പോൾ ഒരിക്കൽ, പനിച്ച് പൊള്ളുന്ന അവളെയും തോളിലിട്ട് ഞാൻ ഒരു നഴ്‌സിങ് ഹോമിൽ ഡോക്ടറുടെ മുറിക്ക് മുമ്പിൽ ഊഴം കാത്തു നിന്നു. എന്നെ തോണ്ടി വിളിച്ച്, ദുർബലമായ ശബ്ദത്തിൽ അവൾ പറഞ്ഞു.
"ഇപ്പച്ചിയേ... ഇപ്പച്ചിന്റെ ബുക്കിലെ താത്താര്'
ഞാൻ അന്തം വിട്ട് ചുറ്റും നോക്കി. അവൾ പനിപ്പിച്ച് പറയുകയാണെന്ന് കരുതി, ശാരല്യാന്ന് പറഞ്ഞ് ഞാനവളെ ഒന്നു കൂടി ചേർത്തു പിടിച്ചു. അപ്പോൾ അവൾ നഴ്‌സിങ് റൂമിലേക്ക് ചൂണ്ടി പിന്നെയും അത് തന്നെ പറഞ്ഞു. ഞാൻ നോക്കുമ്പോൾ അവിടെ രണ്ട് നഴ്‌സുമാർ യൂണിഫോമൊക്കെയിട്ട് കയ്യിൽ സിറിഞ്ചുമായി നിൽക്കുന്നു. ഏത് ബുക്കിലെ ആൾക്കാരെന്ന് എനിക്കവളോട് ചോദിക്കേണ്ടി വന്നില്ല.
സാക്ഷാൽ നമ്പൂതിരി വരച്ച രണ്ട് നഴ്‌സുമാരുടെ ചിത്രം, ആ ആഴ്ച്ചത്തെ സമകാലിക മലയാളം വീക്കിലിയിൽ ഉണ്ടായിരുന്നു. വീക്കിലിയിലെ ചിത്രങ്ങൾ മറിച്ച് നോക്കുമ്പോൾ അവളുടെ ഉള്ളിൽ ആ രേഖാചിത്രം അത്രയ്ക്ക് ശക്തിയായി പതിഞ്ഞിരിക്കണം. നമ്പൂതിരി വരച്ച ആ രണ്ട് നഴ്‌സുമാർ എന്റെ മുമ്പിൽ ജീവൻ വെച്ച് നിന്നു. അവളെ ഡോക്ടറെ കാട്ടി പുറത്തിറങ്ങുമ്പോഴും, നഴ്‌സുമാരെ ചൂണ്ടി ആ പനിച്ചൂടിലും അവൾ പറഞ്ഞു.
"അതാ... ഇപ്പച്ചിന്റെ ബുക്കിലെ താത്താര് ...'
ഒരു ആറ് വയസ്സുകാരിയുടെ പനിച്ചു പൊള്ളുന്ന ബോധത്തിൽ ആഴത്തിൽ പതിയാൻ മാത്രം ശക്തമായിരുന്നു നമ്പൂതിരിയുടെ വര. ഇത് ഇപ്പോൾ ഓർക്കാൻ കാരണം ഇന്നലെ ഉച്ചയ്ക്ക് വായിച്ച 'നമ്പൂതിരി, ഇന്നലെ' എന്ന പുസ്തകമാണ്. വാക്കുകളിലൂടെ നമ്പൂതിരി, എൻ.ഇ. സുധീറിനോട് വരയുടെ ജീവിതം പറയുന്ന പുസ്തകം. അക്ഷരാർത്ഥത്തിൽ തന്നെ ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകം. ചോറ് തിന്നാനും വെള്ളം കുടിക്കാനും മറന്ന്, പുസ്തകം വായിച്ചു തീർന്നപ്പോൾ ഇത്ര പെട്ടെന്ന് ഇത് തീർന്നല്ലോ എന്ന സങ്കടമായിരുന്നു.
കെ.എം. വാസുദേവൻ നമ്പൂതിരി എന്ന ഈ മനുഷ്യന്റെ വരകൾ ഞാൻ ആദ്യം കാണുന്നത് കലാകൗമുദിയിലാണ്. പിന്നെ സമകാലിക മലയാളത്തിലും. മാതൃഭൂമിയിൽ നമ്പൂതിരി വരച്ച കാലത്ത് ഞാൻ ഹോട്ടലുകളിലെ എച്ചിൽ മേശകൾ വൃത്തിയാക്കുന്ന പതിനാലുകാരനായിരുന്നു. എന്റെയും, എനിക്ക് മുമ്പത്തെ തലമുറയെയും, പുതിയ തലമുറയെയും സ്വാധീനിച്ച ചിത്രകാരനാണ് നമ്പൂതിരി. നമ്പൂതിരിക്ക് വരയ്ക്കാനായി മാത്രമാണ് താൻ അനന്തരം എന്ന നോവൽ എഴുതിയതെന്ന് വി.കെ.എൻ പറഞ്ഞിട്ടുണ്ട്. വരയുടെ പരമശിവനെന്ന്, വി.കെ.എൻ വിശേഷിപ്പിച്ച നമ്പൂതിരി എന്ന ചിത്രകാരൻ, എൻ.ഇ. സുധീറുമായി സംസാരിക്കുകയാണ്. അല്ല, വായനക്കാരുമായി സംസാരിക്കുകയാണ്.
ഒരു പുറത്ത് എഴുത്തും മറുപുറത്ത് നമ്പൂതിരിയുടെ വരയുമായി രൂപകൽപ്പന ചെയ്ത ഈ പുസ്തകം മലയാളത്തിൽ ഇറങ്ങിയ നോൺ ഫിക്ഷൻ പുസ്തകങ്ങളിൽ ഏറ്റവും മികച്ച ഒന്നാണെന്ന് ഉറപ്പിച്ചു തന്നെ പറയാം. ഇതിന്റെ വായന ഇത്ര സുഖകരമാക്കുന്നത് എൻ.ഇ. സുധീർ എന്ന വല്യ വായനക്കാരന്റെ തെളിഞ്ഞ ബുദ്ധിയും, തൊടേണ്ടിടത്ത് തൊട്ട് കൊണ്ടുള്ള ചോദ്യങ്ങളുമാണ്. നീണ്ട അഭിമുഖമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് അപരാധമായിരിക്കും. പ്രത്യേകിച്ചും അഭിമുഖങ്ങൾ എന്ന പേരിൽ, രണ്ടാളുകൾ തമ്മിൽ നടത്തുന്ന പൊങ്ങച്ചപ്പത്രാസുകളുടെ മലവെള്ളപ്പാച്ചിൽ തന്നെ നമുക്ക് ചുറ്റും ഉള്ളപ്പോൾ....
ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ, ഇത് അതുക്കും മേലെയാണ്. എൻ.എസ്. മാധവൻ, സേതു, തുടങ്ങിയവരോട് എൻ.ഇ. സുധീർ സംസാരിച്ചത് നമ്മൾ കണ്ടതാണ്. വിവാദങ്ങൾക്ക് വേണ്ടിയുള്ളതോ, ഇക്കിളിപ്പെടുത്തുന്നതോ ആയ ചോദ്യങ്ങളൊന്നും ആ അഭിമുഖങ്ങളിൽ ഇല്ല. ഒരു അഭിമുഖത്തിൽ വായനക്കാർ എഴുത്തുകാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന കൃത്യമായ ധാരണയുള്ള ഒരാൾക്കേ ഇത്തരം സംഭാഷണങ്ങൾ സാധ്യമാവൂ. നമ്പൂതിരിയോട്, എൻ.ഇ. സുധീർ ചോദിക്കുന്നതും അതിന് അദ്ദേഹം ഉത്തരം പറയുന്നതും നമ്മൾ നേരിട്ട് കാണുന്ന ഒരു ഫീലാണ് ഈ പുസ്തകത്തിന്. അതെങ്ങനെ സാധിച്ചെടുത്തു എന്നത് അത്ഭുതം തന്നെയാണ്. തകഴി മുതൽ സമദ് പനയപ്പിള്ളിക്ക് വേണ്ടി വരെ വരച്ച, ഈ ചിത്രകാരൻ യാതൊരു ജാഡയുമില്ലാതെ, ഞാൻ എന്ന വാക്ക് കഴിയുന്നത്ര കുറച്ച്, തന്റെ വരജീവിതം നമ്മോട് പറയുകയാണ്. എന്ന് കരുതി അദ്ദേഹം വിനീത കുനീതനായി എല്ലാ ചോദ്യങ്ങൾക്കും ലളിത സുന്ദരമായ ഉത്തരങ്ങൾ പറഞ്ഞു എന്ന് ധരിക്കരുത്. പറഞ്ഞതിനേക്കാൾ കൂടുതൽ അദ്ദേഹം പറയാതെ വിട്ടിട്ടുണ്ട്. പറഞ്ഞതിന് കൃത്യതയും തീർച്ചയും മൂർച്ചയുമുണ്ട്.
മദിരാശിയിൽ പഠിക്കുന്ന കാലത്ത്, ടെലിസ്മാൻ എന്ന ഇംഗ്ലീഷ് മാസികയ്ക്ക് വേണ്ടി വരച്ച കാര്യം പറയുന്നിടത്ത്, നമ്പൂതിരി പറയുന്നു. അന്നത്തെ കാലത്ത് അദ്ദേഹത്തിന് അവർ 500 രൂപ പ്രതിഫലം കൊടുത്തു. ആദ്യമായി കിട്ടുന്ന പ്രതിഫലം. വാടകവീട്ടിൽ താമസിക്കുന്ന നമ്പൂതിരിക്ക്, അന്നത്തെ ആ വലിയ സംഖ്യ അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. ആരോ അത് കട്ടെടുത്തു. ആദ്യത്തെ പ്രതിഫലത്തിന്റെ സന്തോഷം, സങ്കടമായി മാറിയത് നിസ്സംഗനായി അദ്ദേഹം പറയുന്നു. എം.ടി.യുടെ രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണല്ലോ. ആ വരകൾക്ക് മുമ്പ്, എം.ടി. ഭീമന്റെ ദുഃഖത്തെക്കുറിച്ച് തന്നോട് സംസാരിച്ചതും, ആ ചിത്രങ്ങൾ ഉള്ളിൽ ഉരുവം കൊണ്ടതുമായ കഥകൾ നമ്പൂതിരി പറയുമ്പോൾ നമ്മൾ വിസ്മയത്തോടെ കേട്ടിരുന്ന് പോവും. എം.ടി.യെക്കുറിച്ചും, ഒ.വി. വിജയനെക്കുറിച്ചും, വി.കെ.എന്നിനെ കുറിച്ചും, പറയുന്നിടത്ത് നമ്മൾ ഒരു ചിത്രകാരനെ മാത്രമല്ല കാണുന്നത്. അവരെ വാക്കറിഞ്ഞ് വായിച്ച ഒരു വായനക്കാരനെ കൂടിയാണ്.
സാഹിത്യത്തെ കുറിച്ചും, ചിത്രകലയെ കുറിച്ചും, സംഗീതത്തെ കുറിച്ചും, വരക്കാലങ്ങളെ കുറിച്ചും, ഗുരുക്കന്മാരെ കുറിച്ചും, കഥകളിയെ കുറിച്ചും, ചോള മണ്ഡലത്തെ കുറിച്ചും, കലാ സങ്കൽപത്തെ കുറിച്ചും, ദൈവത്തെക്കുറിച്ചും, മതത്തെക്കുറിച്ചുമൊക്കെ നമ്മോട് നിർത്താതെ സംസാരിക്കുന്നത്, ഒരു തൊണ്ണൂറ്റിയേഴുകാരനല്ല, ഓർമ്മയ്ക്കും ചിന്തയ്ക്കും നിലപാടുകൾക്കും നര ബാധിക്കാത്ത യുവാവാണ്. വയസ്സാവലിനെ വെറും സംഖ്യാ മാറ്റമായി കാണുന്ന, ഇപ്പോഴും ഒഴിഞ്ഞ ഒരു കടലാസ് കിട്ടിയാൽ അതിൽ എന്തെങ്കിലും വരയ്ക്കുന്നതിനെ പറ്റി ചിന്തിക്കുന്ന ഈ മനുഷ്യൻ ഒരു വിസ്മയമല്ലാതെ മറ്റെന്താണ്? ജീവിതത്തെ നിലനിർത്താനും മരണത്തെ തടയാനും ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്ന് അദ്ദേഹം തുറന്നു പറയുന്നിടത്ത് ഈ പുസ്തകത്തിന്റെ താളുകൾ തീരുന്നു.
പക്ഷേ അവിടുന്നങ്ങോട്ട് നമ്മൾ ഈ മനുഷ്യനെ ഓർത്ത് അത്ഭുതം കൊള്ളാൻ തുടങ്ങുകയാണ്. അദ്ദേഹം വരഞ്ഞ എഴുത്തുകളും, എഴുത്തുകാരും, അത് നമ്മൾ വായിച്ച കാലവും അങ്ങനെയങ്ങനെ.... പുസ്തകത്തിന്റെ ഇടതു ഭാഗത്തുള്ള അദ്ദേഹത്തിന്റെ വരകളിലൂടെ കടന്നു പോവുമ്പോൾ, ആ വരകളിൽ വന്ന മാറ്റങ്ങളെ, കടുത്ത വരകളിലും അലങ്കാരങ്ങളിലും നിന്ന്, നേർത്ത വരകളിലേക്കും തന്റെതായ ഒരു ശൈലിയിലേക്കും പരിണമിച്ചത് നമ്മൾ കണ്ട്, തൊട്ട്, അനുഭവിച്ച് അറിയുകയാണ്. വായനക്കാരോടും എഴുത്തുകാരോടും കഥാപാത്രങ്ങളോടും ഒരേ പോലെ നീതിപുലർത്തുന്ന ഈ വരകളെ നമ്മൾ വേണ്ടത്ര ഉൾക്കൊണ്ടുവോ എന്നത് സംശയമാണ്. രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപതിയും വി.കെ.എന്നിന്റെ പയ്യൻ. സ്മാരകശിലകളിലെ തങ്ങൾ. മലയാറ്റൂരിന്റെ ബ്രിഗേഡിയർ. മാധവിക്കുട്ടിയുടെ ജാനുവമ്മ.... അദ്ദേഹം ഉൾക്കണ്ണാൽ വരച്ച എഴുത്തച്ഛൻ. തുടങ്ങി എത്രയെത്ര അത്ഭുതങ്ങൾ.
കസേര ഇല്ലാതെ തന്നെ നമ്പൂതിരി കഥാപാത്രങ്ങളെ ഇരുത്തിച്ചു. ഒന്നോ രണ്ടോ പോറലുകൾ കൊണ്ട് അമ്മയുടെ ഒക്കത്ത് കുഞ്ഞിനെയും ഇരുത്തിച്ചു. ഊഞ്ഞാൽ ഇല്ലാതെ തന്നെ കഥാപാത്രങ്ങളെ ഊഞ്ഞാൽ ആടിച്ചു. ചെറിയ രേഖകൾ കൊണ്ട് വലിയ ഭൂപടങ്ങൾ തന്നെ തീർത്തു. പേപ്പറും മരവും സിമന്റും ചെമ്പ് തകിടും കളിമണ്ണും അദ്ദേഹത്തിന് വഴങ്ങി കൊടുത്തു. അരവിന്ദന്റെ, കാഞ്ചനസീത എന്ന സിനിമയിലെ കഥാപാത്രങ്ങളെ നമ്മൾ മറക്കാത്തതിന്റെ കാരണം അവരുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത് നമ്പൂതിരി ആയതുകൊണ്ട് കൂടിയാണ്. പത്മരാജന്റെ ഗന്ധർവന്റെ ആദി രൂപവും ഉയിർ കൊണ്ടത് ഈ വിരലുകളിൽ നിന്നാണ്. കാലത്തിന്റെ തിരശ്ശീലയിൽ തലയുയർത്തി നിൽക്കുന്ന നമ്പൂതിരി ചിത്രങ്ങൾക്കും, അവയെ സൃഷ്ടിച്ച ഈ വിരലുകൾക്കും മുമ്പിൽ വിനയത്തോടെ തല കുനിക്കാതെ വയ്യ.
പുസ്തകം വായിച്ച് തീരുമ്പോൾ, ഇത് പെട്ടെന്ന് തീർന്നു പോയല്ലോ എന്ന സങ്കടത്തോടൊപ്പം, ഒരു കുഞ്ഞ് ആഗ്രഹം കൂടി നമുക്ക് തോന്നിപ്പോവും. നമ്പൂതിരിയുമായി, എൻ.ഇ. സുധീർ സംസാരിച്ച ആ അന്തരീക്ഷത്തിൽ നമ്മൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്... അങ്ങനെ തോന്നിപ്പിക്കുന്നതിൽ വിജയിച്ച സുധീർ സാറിനെയും നമിക്കാതെ വയ്യ. പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്, ടോം ജെ മങ്ങാട്ടാണ്. പ്രസാധകർ ഇന്ദുലേഖ പുസ്തകവും.