റീജ്യനൽ ഓഫീസർമാരുടെ മീറ്റിങ്, ആർ ആർ (R R) റീകൺസിലിയേഷൻ ഡിസ്കഷൻ, നാലു നിയമസഭാ ചോദ്യങ്ങൾ- ഇതൊക്കെ കടന്ന് അടുക്കളയെന്ന മഹാനരകത്തിന്റെ ചൂടും ആധിയുമൊക്കെ ഒതുക്കി വിയർപ്പും അഴുക്കും പൊതിഞ്ഞ ശരീരത്തെ ഒന്നു വെള്ളത്തിൽ മുക്കി തണുപ്പിച്ച് എഴുകോൺ കയ്യിലെടുക്കുമ്പോൾ മേശയിൽ മദർ മേരി (Mother Mary comes to me) ചുണ്ടിലൊരു സിഗരറ്റുമായെന്നെ നോക്കി മന്ദഹസിച്ചു. ചുണ്ടിൽ പൈപ്പോ, സിഗരറ്റോ തിരുകിയ ആണിനോടു തോന്നാത്ത വിരോധവുമായി അരുന്ധതിയുടെ ചുണ്ടിലെരിയുന്ന തീ ഏതൊക്കെയോ എം സി പികളുടെ (male chauvinist pig) രോഷം ആളിക്കുന്നുണ്ടെന്നത് ഒരുതരം പോക്കിംഗ് (Poking) സുഖമെനിക്കും തരുന്നുവല്ലോ എന്നോർത്തപ്പോൾ ആ എരിയുന്ന സിഗരറ്റിനെ ഞാനൊന്നെടുത്തുമ്മവെച്ചു.
അവരവരോട് ഇത്രത്തോളം സത്യസന്ധമാകാൻ കഴിയുമെന്ന് അരുന്ധതി എന്ന മേരി റോയിയുടെ മകൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. ഒരു കുട്ടിയുടെ നിഷ്കളങ്കതയ്ക്കുമേൽ കൊഞ്ഞനം കുത്തി മുറിവേൽപ്പിക്കുന്ന യുവതിയായി മേരി റോയി മുന്നിൽ വന്നു നിൽക്കുന്നു. അരിസ്റ്റോക്രസിയുടെ മേലാടയുള്ള ദാരിദ്ര്യമായതുകൊണ്ടാവണം അരുന്ധതിയുടെ ദരിദ്രജീവിതവിവരണങ്ങളൊന്നും സ്പർശിക്കുന്നില്ല. അവർ ദരിദ്രയായിരിക്കുമ്പോഴും സമ്പന്നയെന്ന് തോന്നിക്കുന്നത് ഒരു പക്ഷേ അവരുടെ ദാരിദ്ര്യത്തോടുള്ള നിർമ്മമായ നിലപാടുകൊണ്ടാകണം.
സ്ട്രഗ്ലിംഗ് (Struggling) എന്നത് ഒരു മധ്യവർഗ്ഗ സമസ്യയാകുന്നത് യൗവനത്തോടെയാണ്. എന്നാൽ അരുന്ധതി മൂന്നുവയസ്സു മുതലേ സ്ട്രഗ്ലിംഗ് ചെൽഡ് (struggling child) ആണ്. ജീവിതം സ്വയമൊരു പോരാട്ടമായി എടുക്കുമ്പോഴും 'നീയെന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ മൈൽക്കുറ്റിയാണെ'ന്ന് അമ്മ അവളോടു പറയുന്നുണ്ട്. അരിസ്റ്റോക്രാറ്റിക് ആയ തന്റെ ചുറ്റുപാടിൽ അദൃശ്യമായതെങ്കിലും അനുഭവിച്ചറിയാവുന്ന ഒരസ്പൃശ്യത തനിക്കു ചുറ്റുമെപ്പോഴും ഉള്ളതായി ബാല്യം മുതൽ അവൾക്കനുഭവപ്പെടുന്നുണ്ട്.

ബാല്യം ഒരു സഹനപർവ്വമായി മാറുന്നതുകൊണ്ടുതന്നെ 18 വയസ്സിൽ അവർ പൂർണ്ണത കൈവരിക്കുന്ന സ്ത്രീയായി മാറുന്നുണ്ട്. ഇനിയെനിക്ക് ഗാർഡിയൻഷിപ്പ് (guardianship) വേണ്ടെന്ന് അമ്മയോടു പറയാൻ പാകത്തിലവർ വളരുന്നുണ്ട്. 1970- കളിൽ ഏറിയാൽ വിദേശ ഹിപ്പി ജീവിതം നയിക്കുന്ന ഒരു മലയാളി ചെറുപ്പക്കാരനോ അതുമല്ലെങ്കിൽ അസ്തിത്വദുഃഖമനുഭവിക്കുന്ന ക്ഷുഭിത പുരുഷ യൗവനങ്ങൾക്കോ മാത്രം പ്രാപ്യമായ മരിജുവാനയും ഭാംഗും ചാരായവുമെല്ലാം പരീക്ഷിക്കാൻ പോന്ന സ്വാതന്ത്ര്യമവർക്കുണ്ടായിരുന്നു. അക്കാലത്തെ ഒരു ശരാശരി മലയാളി സ്ത്രീക്കു ചിന്തിക്കാൻ പോലും ആവാത്ത ലോകമാണ് മദർ മേരി നൽകുന്ന വിസ്മയക്കാഴ്ചകൾ.
ഒരു ബൊഹീമിയൻ ജീവിതം എന്തെന്ന് മധ്യവയസ്സും പിന്നിട്ട എന്റെ തലമുറ മനസ്സിലാക്കുന്നതു തന്നെ വിദേശ സിനിമകളുടെ സഹായത്തോടെയാണ്. പരമ്പരാഗതമല്ലാത്തൊരു ജീവിതം നയിക്കാനായ അരുന്ധതിയെപ്പോലുള്ള ഏതൊരു സ്ത്രീയോടും അസൂയ തോന്നുന്ന സ്നേഹം വെട്ടിവളർത്തിയ ഏതൊരു പ്രൂൺഡ് പ്ലാന്റിനും (pruned plant) തോന്നുമെന്ന് പറയേണ്ടതില്ലല്ലോ.
പതിനേഴാം വയസ്സിൽ ആർക്കിടെക്ചർ പഠനത്തിനായി തെരെഞ്ഞടുത്ത് ദൽഹിയിലേക്കു താമസം മാറ്റാൻ പ്രാപ്തമായ ഒരു ക്വാളിറ്റേറ്റീവ് എഡ്യൂക്കേഷണൽ ബാക്ക്ഗ്രൗണ്ട് (qualitative educational background) അരുന്ധതിക്കു സ്വായത്തമായിരുന്നു. കേരളത്തിലെ ഒരു ശരാശരി പെൺകുട്ടി 1970- കളിൽ പ്രീഡിഗ്രിയും ഷോർട്ട് ഹാന്റും പഠിച്ച് ഏറിയാൽ ഒരു സ്റ്റെനോഗ്രാഫറായി മാത്രം ബോംബയിലോ കൽക്കത്തയിലോ ജോലിചെയ്യാൻ പ്രാപ്തയാകുന്ന കാലമായിരുന്നു അതെന്നോർക്കണം. അമ്മയുടെ മെന്റർഷിപ്പ് ഉപേക്ഷിച്ച അരുന്ധതിയുടെ പഠനകാലത്തെ താങ്ങിനിർത്താൻ അവർക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.

തികച്ചും പരീക്ഷണങ്ങളുടേതെന്നു പറയാവുന്ന ആ കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ളവരെയെല്ലാം ആവുംവിധം ചേർത്തു പിടിക്കാനവർക്കു കഴിയുന്നുണ്ട്. ഭിക്ഷക്കാരും തെരുവുകച്ചവടക്കാരും കാവൽപ്പണിക്കാരുമെല്ലാം അവർക്കൊരുപോലെയാണ്. അപേക്ഷാ ഫോമുകളിൽ അമ്മയുടെ പേരു ചേർത്ത് താൻ തന്തയില്ലാത്തവളാണെന്ന് വിളിച്ചു പറയാനും ‘വോർ’ എന്നും ‘പ്രോസ്റ്റിറ്റ്യൂട്ട്’ എന്നുമൊക്കെ സ്വയം വിശേഷിപ്പിച്ച് ആ പദങ്ങളെ നോർമലൈസ് ചെയ്യാനും അവരിൽ ഒരാളായി സ്വയം മാറാനും അവർക്ക് മടിയില്ല.
സ്ട്രഗിൾ (Struggle) എന്ന വാക്കു തന്നെ സാധാരണയായി ഉപയോഗിക്കുന്നത് അതിനുപിന്നാലെ വരുന്ന കംഫർട്ട് സോണിനെ (comfort zone) പൊലിപ്പിക്കുന്നതിനു വേണ്ടിയാണ്. ഒരാൾ വിജയിച്ചു എന്നുപറയുന്നത് അയാൾ തന്റെ നിതാന്ത പരിശ്രമങ്ങൾക്കപ്പുറം ഏറ്റവും സ്വസ്ഥമായ, മറ്റുള്ളവർക്കസൂയ തോന്നുന്ന ജീവിത സാഹചര്യങ്ങളിലേക്കു കടക്കുമ്പോൾ ഒരു ഞായറാഴ്ച ഫീച്ചർ വായിച്ച സുഖത്തോടെ പറയാം, ജീവിതം ശുഭം. എന്നാൽ അരുന്ധതി സ്ട്രഗിളു (struggle) കൾക്കപ്പുറം കംഫർട്ട് സോണിൽ (comfort zone) അഭിരമിക്കുന്നതേയില്ല.
ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന ആദ്യ പുസ്തകത്തിലൂടെ തന്നെ അവർ പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നു. ബുക്കർ പ്രൈസ് അവരെ തേടി വരുന്നു. സാമ്പത്തിക സുരക്ഷിതത്വമുണ്ടാവുന്നു. അപ്പോഴും അവർ വ്യത്യസ്തയാവുകയാണ്. ദൽഹി ഭീകരാക്രമണത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്ന അഫ്സൽ ഗുരുവിനും അഫ്സാനയ്ക്കും വേണ്ടിയവർ ശബ്ദമുയർത്തുന്നു. ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാകുന്നു. കാശ്മീരിലെ ഇരയാക്കപ്പെടുന്ന മനുഷ്യർക്കുവേണ്ടിയവർ പ്രതികരിക്കുന്നു. ദണ്ഡകാരണ്യത്തിലെ മാവോവാദികൾക്കൊപ്പം, അവരിടപെടുന്ന ആദിവാസി ജീവിതത്തിന്റെ അരക്ഷിതത്വങ്ങൾ അനുഭവിച്ചറിയുകയും ഖനന മേഖലയിലെ ചൂഷണത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. നർമ്മദാ ബചാവോ ആന്തോളനിൽ പങ്കെടുക്കുന്നു. വലിയ ഡാമുകൾ ഉയർത്തുന്ന പാരിസ്ഥിതികപ്രശ്നങ്ങൾക്കും ജീവിത നിഷേധങ്ങൾക്കുമെതിരെ ശബ്ദമുയർത്തുന്നു. യാന്ത്രികമായ മനുഷ്യത്വരഹിതമായ ന്യായവിധികളുടെ പേരിൽ പരമോന്നത നീതിപീഠത്തെപ്പോലും ചോദ്യം ചെയ്യുന്നു. സകലസമസ്യകൾക്കും ഉത്തരം കണ്ടെത്താനാവില്ലെങ്കിലും ദുർബലരായമനുഷ്യർക്കു വേണ്ടി ചെറുവിരൽ പോലും അനക്കാത്ത കോർപ്പറേറ്റ് ആന്ധ്യംപൂണ്ട ഭരണകൂട വിമുഖതയെ ഒന്നു തോണ്ടി വിളിച്ച് നടുവിരൽ കാട്ടി ആക്ഷേപിക്കാനവർ ധൈര്യപ്പെടുന്നുണ്ട്. തനിക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിൽ തന്റെ ശരികൾ വൈതരണികൾ സൃഷ്ടിച്ചേക്കുമെന്നറിഞ്ഞാൽ കുടുംബബന്ധിതയായ ഒരു ശരാശരി ഇന്ത്യൻ സ്ത്രീ ചെയ്യുന്ന പോലെ വായടച്ചു ജീവിക്കുകയല്ല. മറിച്ച് തന്റെ ജീവിതത്തിൽ നിന്ന് അവരെ സ്വതന്ത്രരാക്കികൊണ്ട്, വഴിമാറിയൊഴുകുകയാണ് അരുന്ധതി. തന്റെ ശരികളിലൂടെ.

കുട്ടിക്കാലത്ത് ചൂണ്ടലിൽ ഇര കോർത്ത് മീൻ പിടിക്കാൻ പഠിപ്പിച്ച ദലിത് യുവാവിനോടാണവർക്ക് ആദ്യ പ്രണയം തോന്നുന്നത്. പിന്നെ ബീഡിത്തുണ്ട് കടിച്ച് ചെരുപ്പില്ലാതെ ലാറി ബേക്കറുടെ കൺസ്ട്രക്ഷൻ സൈറ്റിൽ ഒപ്പം നടന്ന, അലക്ഷ്യവസ്ത്രധാരിയായ ആർക്കിടെക്ചർ വിദ്യാർത്ഥിയോട്. അവനൊപ്പം ജീവിക്കാനാണ് അരുന്ധതി തീരുമാനിക്കുന്നത്. ജീവിതം പറിച്ചെറിയാനാവാത്ത പരമ്പരാഗത കുടുംബ മാതൃകയുടെ കുറ്റിയിൽ തളയ്ക്കപ്പെടുന്നുവെന്ന തിരിച്ചറിയുമ്പോൾ ആ ചെറുപ്പക്കാരനെയുപേക്ഷിച്ച് സ്വാതന്ത്ര്യത്തിന്റെ നിതാന്തമായ അരക്ഷിതത്വങ്ങളിലേക്കവൾ മടങ്ങുന്നുണ്ട്. പിന്നെ പ്രണയിക്കുന്നത് തന്നെക്കാൾ പത്ത് വയസ്സ് പ്രായവ്യത്യാസമുള്ള രണ്ടു കുട്ടികളുടെ പിതാവിനെയാണ്. അതിനിടയിൽ പലതരം പ്രണയമെന്നോ സൗഹൃദമെന്നോ വേർതിരിവില്ലാത്ത ബന്ധങ്ങളിൽ അവർ ആനന്ദിക്കുന്നുണ്ട്.
ഒന്നിലും ഉറച്ച് സ്വയം നഷ്ടമാകാൻ അവർ തയ്യാറല്ല. ഒരു തരത്തിലും Settle ചെയ്യാത്ത യാഥാർത്ഥ കലാകാരിയാണവർ. അത്തരത്തിൽ ഒരു റിയൽ സ്റ്റഫ് (Real Stuff) ആയി അവരെ പരു വപ്പെടുത്തുന്നത് മേരി റോയി എന്ന മെരുക്കപ്പെടാത്ത സ്ത്രീയുടെ ജനിതക ഘടനയാവണം. അവർ നൽകിയ സ്വാതന്ത്ര്യബോധം, പറന്നുതുടങ്ങുമ്പോൾ പിൻവിളി കൊണ്ട് തളർത്താത്ത ഇരുമ്പു ഹൃദയമുളള മാതൃത്വം - അതു തന്നെയാണ് ഒരു അരുന്ധതിയെ സൃഷ്ടിച്ചത്. പാരുഷ്യമേറുമ്പോഴും ജീവിതത്തിൽ ധൈര്യപൂർവമെടുത്ത തീരുമാനങ്ങൾക്കൊക്കെ ശക്തമായ പിൻതുണയുമായവർ ഉണ്ടായിരുന്നു.
തിരുവിതാംകൂർ സ്വത്തവകാശ നിയമങ്ങളിലെ സ്ത്രീ വിരുദ്ധതയെ ഇല്ലായ്മ ചെയ്യാനെടുത്ത അതേ ധീരമായ നിലപാടോടെ മകളെ കോടതി നിഷേധത്തിന് ആറുമാസം തടവിന് ശിക്ഷിച്ചേക്കുമെന്നറിയുമ്പോൾ, "പോയി വരൂ എന്റെ കൊച്ചുപെൺകുട്ടീ" എന്ന് പറയാൻ അവർക്കാവുന്നുണ്ട്. നാടുനന്നാകാൻ ഒരു വിപ്ലവമാവശ്യമാണെന്ന അവരുടെ ദീർഘദർശനത്തോടെയുള്ള യാത്രാമൊഴിയാണ് ദണ്ഡകാരണ്യത്തിലേക്കുള്ള യാത്രയിൽ അരുന്ധതിക്ക് ആവേശമാകുന്നതും. മേരിറോയി യിൽ കലങ്ങിക്കിടന്ന അരിസ്‌റ്റോക്രാറ്റിക് ഔദ്ധത്യങ്ങളും പാരമ്പര്യ വിശ്വാസങ്ങളും താൻപോരിമയും അരിച്ചു മാറ്റിയെടുത്താൽ കൂടുതൽ തെളിമയുള്ള ഒരു അരുന്ധതിയെ കണ്ടെടുക്കാനാവും. ആ കണ്ടെടുക്കൽ മദർ മേരിയിൽ അരുന്ധതി നടത്തുന്നുണ്ട്.
എ.കെ. ജയശ്രീയുടെ ലോകത്തേക്ക്
‘‘ഓരോ പുതിയ തിരിച്ചറിവും അല്പനേരത്തേക്ക്, നിമിഷത്തിലും ചെറുതായ മാത്രയിൽ ബോധം മറയ്ക്കും. മൃദുവായതും സുഖകരവുമായ വിദ്യുത് പ്രവാഹമാണത്. ഇങ്ങനെയുണ്ടാകുന്ന അറിവും മാറ്റിമറിക്കപ്പെടാം"- എ.കെ. ജയശ്രീ ഒരു ദുഃശാഠ്യവുമില്ലാതെ നേർമയോടെ എഴുകോണിൽ പറയുന്നു. പ്രപഞ്ചാനുഭവങ്ങൾ എണ്ണിത്തീർക്കുമ്പോഴല്ല മറിച്ചെണ്ണിക്കൊണ്ടിരിക്കുമ്പോഴാണ്, അതിലൂടെ സന്ദേഹമില്ലാതെ, മുൻവിധികളില്ലാതെ, വിനയത്തോടെ കടന്നുപോകുമ്പോഴാണ് ജീവിതം കൂടുതൽ സന്ദിഗ്ദ്ധമാകുന്നതെന്നവർ നിസ്സംശയം പറയുമ്പോൾ വൈവിധ്യമാർന്ന ഒത്തിരി ജീവിതങ്ങൾ അടുത്തുനിന്ന് തൊട്ടറിഞ്ഞ, ആർദ്രതയോടിടപെട്ട ഒരു സഹയാത്രികയെ കാണാനാവും. സഹയാത്രികയെന്നതിൽ കവിഞ്ഞ് മറ്റൊരു ലേബലും അവർ ആഗ്രഹിക്കുന്നുപോലുമില്ല.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ പാർട്ടിയെ കൂടുതൽ സീറ്റു നൽകി വിജയിപ്പിച്ച കേരള ജനതയോടും ഇന്ദിരയുടെ സ്തുതിഗീതം കൊണ്ട് മുഖരിതമായ കേരളത്തിന്റെ പൊതുബോധത്തോടും അത്രയ്ക്കൊന്നും അപാകത തോന്നാത്ത കൗമാരത്തെയും ജയശ്രീ അനുസ്മരിക്കുന്നുണ്ട്. ഒരു ശരാശരി മലയാളിയിൽ അടിയന്തരാവസ്ഥ വലിയ ആഘാതമൊന്നുമുണ്ടാക്കിയില്ലെന്ന യാഥാർത്ഥ്യം അവർ കുറിച്ചിടുന്നു.
സമാനസാഹചര്യത്തിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി, തുർക്ക്മാൻ ഗേറ്റിൽ (Turkman gate) നിന്നും ദൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ റീസെറ്റിൽമെന്റു പ്ലാനുകളും വന്ധീകരണശ്രമങ്ങളുമെല്ലാം അരുന്ധതി കൺമുന്നിൽ കാണുന്നുണ്ട്. അതവരെ അസ്വസ്ഥമാക്കുന്നുണ്ട്.

ജെ.പിയെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചും സംസാരിക്കുന്ന പെൺകുട്ടിയോടും പ്രസരിപ്പോടെ ക്ലാസ്സിൽ അധ്യാപകന്റെ കണ്ണുവെട്ടിച്ച് മിൽസ് ആന്റ് ബൂൺസ് നോവലുകൾ വായിക്കുന്നവരോടും ഒരേ പോലെ ഇഷ്ടം തോന്നിയിരുന്നെന്ന് നിഷ്കളങ്കത ഒട്ടും ചോരാത്ത ആ കാലത്തെ സത്യസന്ധമായി ജയശ്രീ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ പിന്നീട് അടിയന്തരാവസ്ഥയ്ക്കിരയായവരെ പരിചയപ്പെടുമ്പോഴും രാജൻ സംഭവത്തെക്കുറിച്ച് കൂടുതലായി അറിയുമ്പോഴുമാണവർ അതിന്റെ ഭീകരതയുൾക്കൊള്ളുന്നത്.
ഒരേ കാലട്ടത്തിൽ ഏതാണ്ട് സമപ്രായക്കാരായ രണ്ടു സ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ് ഈ രണ്ടു പുസ്തകങ്ങൾ തരുന്നത്. ഒരു മധ്യവർഗ്ഗ മലയാളി അണുകുടുംബത്തിൽ അധ്യാപകരായ മാതാപിതാക്കളുടെ സംരക്ഷണയിൽ സുന്ദരവും സ്വച്ഛവുമായ ബാല്യമാണ് ജയശ്രീയുടേത്.
പ്രൗഢമായ ഭൂതകാല ജീവിതത്തിന്റെ പ്രേതത്തെയുള്ളിൽ പേറി നഷ്ടമായതൊക്കെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സിംഗിൾ പേരന്റിനോടൊപ്പം (single parent) അവരുടെ പരിശ്രമങ്ങളുടെ ഭാഗമായി ജീവിക്കുമ്പോൾ തന്നെ ബന്ധുജനങ്ങളിൽ നിന്നുള്ള അവഗണനകളത്രയും നേരിടേണ്ടിവരുന്നുണ്ട് അരുന്ധതിക്ക്. തന്റെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മക്കൾക്കു മേൽ ചടുവാക്കുക്കളായും ദേഹോപദ്രവമായും ചൊരിയുന്ന ഒരമ്മയുടെ മകളായി ജീവിക്കേണ്ടി വന്നതിന്റെ നോവത്രയും അരുന്ധതിയുടെ ബാല്യത്തിനുണ്ട്.

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ സംഘം ചേർന്ന് ബാലപീഡകനായ അധ്യാപകനെ നേരിടുന്നത് എഴുകോൺ വിവരിക്കുന്നുണ്ട്. സാമൂഹ്യബോധവും അനീതികൾക്കു നേരെ ചെറുത്തുനിൽപ്പിന്റെ സംഘബോധവും പ്രദർശിപ്പിക്കുന്നു കുട്ടികൾ. എന്നാൽ അമ്മയുടെ പള്ളിക്കൂടത്തിൽ പഠിക്കുമ്പോഴും തന്റെ ആൾട്ടർനേറ്റ് പേരന്റിനായി (alternate Parenting) അമ്മ തെരെഞ്ഞെടുക്കുന്ന കുടുംബത്തിലെ വൃദ്ധനായ മനുഷ്യന്റെ ബാലപീഡനത്തെ തടുക്കാനാവാതെ വിഷമിക്കുന്ന ഒരു ബാല്യം അരുന്ധതിക്കുണ്ട്. സ്കൂളിലെ ആൺകുട്ടികളെ, സ്ത്രീകളെ സമബോധത്തിൽ കാണാൻ പഠിപ്പിക്കുന്ന മേരി റോയിയെന്ന അധ്യാപിക സ്വന്തം മകളനുഭവിക്കന്ന പീഡനമറിയുന്നില്ല. ഒരു തുറന്നു പറച്ചിലിനു സാധ്യതയില്ലാത്തത്ര അടഞ്ഞുപോയ മേരി റോയി എന്ന അധ്യാപികയായ അമ്മയ്ക്കു നേരേ മുഖം ചുളിഞ്ഞുപോകുന്ന സന്ദർഭമാണിത്. അയൽപക്കത്തെ മുതിർന്ന ഒരാളുടെ അനാവശ്യ താലോലിക്കലിനെക്കുറിച്ച് അമ്മയോട് പരാതിപ്പെടാനും അത് അധ്യാപിക കൂടിയായ അമ്മയുടെ സഹായത്തോടെ ഭാവിയിൽ ഒഴിവാക്കാനും ജയശ്രീക്ക് അവരുടെ കുട്ടിക്കാലത്തു തന്നെയാവുന്നുണ്ട്.
ജയശ്രീ എന്ന സ്ത്രീ രൂപപ്പെടുന്നത് മനോഹരമായ കാഴ്ചയാണ്. അവർ ബാല്യത്തിന്റെ പ്രസരിപ്പിലൂടെ കൗമാരത്തിന്റെ സ്വപ്നങ്ങളിലേക്കും പിന്നെ യൗവനത്തിന്റെ തീഷ്ണതയിലേക്കും പതുക്കെ പതുക്കെ ഒരു പൂവ് വിടരുന്ന പോലെ സ്വാഭാവികമായി പരിണമിക്കുകയാണ്. എന്നാൽ മദർ മേരിയിലെ പെൺകുട്ടി ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് യൗവനത്തിന്റെ ചടുലതയിലേക്കെടുത്തെറിയപ്പെടുകയാണ്. കൗമാരത്തിന്റെ സ്വപ്ന സന്നിഭമായ ലോകം ആസ്വദിക്കാനവൾക്കാവുന്നുതേയില്ല.
ചെറുപ്പത്തിൽ ആധ്യാത്മിക ബോധമാണ് ജയശ്രീയിൽ സകലചരാചരങ്ങളിലും സമഭാവന വളർത്തുന്നത്. മറ്റേതിസങ്ങളേക്കാളും പെൺമയോടുള്ള തന്മയിലാണവർ വിശ്വസിക്കുന്നത്. എവിടെ സ്ത്രീ ഹനിക്കപ്പെടുന്നോ അവിടെയെല്ലാം അവർ ഇടപെടുന്നുണ്ട്. സംഘടനാ പാടവത്തോടെയും, കൂട്ടങ്ങളിലൊരുവളായും. ഒന്നിനേയും നിഷേധിക്കുകയല്ല, മറിച്ച് എല്ലാത്തിന്റേയും പ്രകാശമാനമായ വശങ്ങളെ അവർ ആർജ്ജവത്തോടെ ഉൾക്കൊള്ളുന്നു. സമൂഹത്തിന്റെ ഇടുക്കങ്ങളും ഇടിവുകളും തനിക്കു മേൽ പ്രയോഗിക്കപ്പെടുമ്പോഴും ഒട്ടൊരു പരിഹാസത്തോടെ കടന്നുപോകാൻ അവർക്കാവുന്നുണ്ട്. അധികാരകേന്ദ്രീകൃതവും പുരുഷസ്വഭാവമില്ലാതെയും കൂടുതൽ ജനാധിപത്യപരവുമായി എങ്ങനെ കൂടിച്ചേരാമെന്നത് സ്ത്രീസംഘടനകൾ എപ്പോഴും നേരിടുന്ന വെല്ലുവിളിയാണെന്ന ശ്രദ്ധേയമായ നിരീക്ഷണം അവർ മുന്നോട്ടു വെയ്ക്കുന്നുണ്ട്. പലപ്പോഴും വർഗ്ഗം ജാതി, പദവി എന്നിവയെല്ലാം അധികാരഘടനയെ നിർണ്ണയിക്കും. നിതാന്തമായ ആത്മ പരിശോധനയിലൂടെ ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ ഇതു മറികടക്കേണ്ടതാണ്.
എഴുകോൺ സ്ത്രീകൾക്കുള്ള ഒരു സൈക്കോളജിക്കൽ ഹീലർ കൂടിയാണ്. ആത്മാഭിമാനത്തെ തഴപ്പിക്കുന്ന പ്രണയം മാത്രമേ സ്ത്രീകൾ വളർത്തേണ്ടതുളളൂ. അധികാരവും ഭയവും അകമ്പടിയായിവരുന്ന പ്രണയവേഷങ്ങളെ ആട്ടിയോടിക്കുക തന്നെ വേണമെന്നവർ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ കഠിന യത്നം ചെയ്യണ്ടിവരുന്ന സ്തീകൾക്ക് അടക്കത്തോടെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു കൊണ്ട് അതിജീവനം സാധ്യമല്ലെന്നവർ പറയുന്നു.

ഒന്നിനേയും നിഷേധിക്കാത്ത പുസ്തമെന്ന് എഴുകോണിനെ പറ്റിപ്പറയാം. ഘോരഘോരമുള്ള പ്രഖ്യാപനങ്ങളിതിലില്ല. എല്ലാത്തിലും വസ്തുത തിരയുന്ന ഒരന്വേഷിയെ കാണാം. കമ്യൂണിറ്റി മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് (Post Graduate) ചെയ്തു തിരിച്ചുവന്നുകഴിഞ്ഞ് പ്രഭാകരയോഗിക്കൊപ്പം യോഗ അഭ്യസിക്കാനും ഹോളിസ്റ്റിക് മെഡിസിനിലെ പരീക്ഷണങ്ങളെ കൗതുകപൂർവ്വം നിരീക്ഷിക്കാനുള്ള ഒരു തുറവ് ജയശ്രീക്കുണ്ട്. ശരീരത്തോടെന്നപോലെ മനസ്സിന്റെ വ്യാധികൾക്കു സമാശ്വാസം പകരാനും ജയശ്രി എന്ന ഡോക്ടർ ഉണർവോടെ പ്രവർത്തിക്കുന്നുണ്ട്. അവർ ജീവിതമെന്ന സമസ്യക്ക് ടാബ്ലറ്റ് സമാനമായൊരുത്തരമല്ല തിരയുന്നത്. മറിച്ച് അനന്തതയിലേക്ക് നീളുന്ന അതിന്റെ അപൂർണ്ണമായ പൂർണ്ണതയ്ക്ക് കരുതലിന്റെയും കൈത്താങ്ങിന്റേയും കൈത്തിരി നീട്ടുകയാണ്. ഓരോ സാധാരണക്കാരനോടും താദാത്മ്യം പ്രാപിച്ചു കൊണ്ട് അവരിലൊരാളായി നിന്നവരുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു - ചിലപ്പോൾ ഡോക്ടറായി, ചിലപ്പോൾ ഒരു സഹജീവിയായി.
ഡോക്ടർ എന്നാൽ മാലാഖയാണെന്നൊക്കെയുളള ക്ലീഷേ പ്രയോഗങ്ങൾക്കൊന്നും വഴങ്ങാൻ കൂട്ടാക്കാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരേയും പോലെ ഞാനും ഇഷ്ടപ്പെടുന്നുവെന്നവർ പറയുന്നു. സകല ജീവജാലങ്ങളെയും പോലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിച്ചും ഉത്കർഷേച്ഛയൊന്നും കൂടാതെ ജീവിക്കുകയും വലിയ സിദ്ധാന്തങ്ങളൊന്നും സ്ഥാപിക്കാൻ മെനക്കെടാതെ സഹജവാസനകളെ മൃദയവായി താലോലിച്ചും മറ്റുള്ളവർക്കായി എപ്പോഴും കണ്ണും കാതും തുറന്നു വെച്ചും മുന്നോട്ടു പോവുകയാണവർ. ലൈംഗികത്തൊഴിലാളികൾ, മാനസിക രോഗികൾ, ക്വിർ മനുഷ്യർ, ആദിവാസികൾ, അങ്ങനെ ജീവതത്തിൽ മുഖാമുഖമെത്തുന്ന എല്ലാ ദുർബലരായ, അരികിലേക്കെടുത്തെറിയപ്പെട്ട മനുഷ്യരോടും ഐക്യപ്പെടാനും ഒരു മുൻവിധിയും കൂടാതെ അവർക്കായി പ്രവർത്തിക്കാനും ജയശ്രിക്കാവുന്നുണ്ട്. ഇത്ര ചെറുതും മനോഹരവുമായ ജീവിതത്തിൽ എന്തിനാണിങ്ങനെ ഓടിപ്പായുന്നതെന്നവർ അല്പബുദ്ധികളായ നമ്മളോടു ചോദിക്കുന്നു. ഉപാധിരഹിതമായി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതീ ജീവിതമെന്നു കാണിച്ചുതരുന്നു.
ലൈംഗികത്തൊഴിലാളികൾക്കിടയിൽ എയ്ഡ്സ് നിയന്ത്രണ പദ്ധതികളുമായി ഇന്ത്യയിൽ പലയിടങ്ങളിലുമവർ പ്രവർത്തിക്കുന്നുണ്ട്. തുടർച്ചകളില്ലാത്ത ക്ഷേമപദ്ധതികളുടെ രൂപീകരണത്തിലെ അൽഗരിതമിക് വൈകല്യങ്ങളും അവയുടെ സമയബന്ധിതലക്ഷ്യങ്ങൾ മൂല്യത്തിലുപരിയായി അളവുകളുടെ കളികളായി മാറുന്നതും അവ നടപ്പിലാക്കുന്നവരുടെ യാന്ത്രിക നിർവ്വഹണരീതികളിലെ പ്രശ്നങ്ങളുമൊക്കെ അവർ പറയുന്നുണ്ട്. എന്നാൽ വ്യവസ്ഥകളിൽ നിന്ന് മാറിനിന്നൊരു പ്രതിവിധി അസാധ്യമാണെന്ന സന്ദർഭങ്ങളിൽ അതിനോടു ചേർന്നു നിന്ന് തന്നാലാവു വിധം കൂടുതൽ മനുഷ്യമുഖം നൽകാനവർ ശ്രമിക്കുന്നുണ്ട്.
ഒരു പ്രൊഫഷണലിന്റെ കാർക്കശ്യങ്ങളോ, റിജിഡ് ടൂളുകളോ ഇല്ലാതെ ഇരുണ്ടുപോയ ഓരോ കോണിലും തന്നാലാവുംവിധം വെളിച്ചം പകരാനും ഒരവകാശവാദവുമില്ലാതെ മുന്നോട്ടു മുന്നോട്ടൊഴുകാനും കഴിയുന്ന ഒരു പുഴയായി മാറുകയാണവർ. ഒരു പുഴയൊരിക്കലും ആവർത്തിക്കപ്പെടുന്നില്ലെങ്കിൽ, ഈ പുഴ എളിമയാടെ ഓരോ ഓർമ്മത്തുണ്ടും അതിന്റെ ഓളങ്ങളിലേറ്റി വീണ്ടും വീണ്ടും പുതുക്കിയൊഴുകയാണ്. അരികു ചേർക്കപ്പെട്ട എന്തിനോടും സ്ത്രീസ്വത്വമെന്നപോലെ തന്നെ ഐക്യപ്പെടാനും അവരുടെ ശബ്ദമായി മാറാനും അദൃശ്യരാക്കപ്പെട്ടവർക്കു ദൃശ്യത നൽകുവാനും നമ്മുടെ സ്ത്രീകളെ ഒറ്റയ്ക്കും കൂട്ടായും പ്രചോദിപ്പിക്കുന്ന, പുതിയ കാലത്തിന്റെ ഫെമിനിസ്റ്റ് മാർഗരേഖകയാകാൻ എഴുകോണിനാവുന്നു.

