ഞാൻ മൈമുനയെ മണത്തു, രുചിച്ചു…

‘‘എത്ര മികച്ചത് വായിച്ചാലും എനിക്ക് ഖസാക്കിനെ ചെറുതായി കാണാനോ, അതുമായി താരതമ്യം ചെയ്യാനോ സാധിക്കില്ല. കാരണം ഞാനാദ്യമായി ഇണ ചേർന്ന പെണ്ണ് ഖസാക്കിന്റെ ഇതിഹാസമാണ്.’’- മുഹമ്മദ് അബ്ബാസിന്റെ ഖസാക്ക് വായന തുടരുന്നു.

ഖസാക്ക് എന്നെ വായിച്ച കഥ
അധ്യായം അഞ്ച്:

ഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ മുള്ളൻമടയിലെ അരണ്ട വെളിച്ചത്തിൽ, തലയ്ക്കുമുകളിൽ കിനിഞ്ഞു നിന്ന ഈർപ്പത്തിൽ നിന്ന് താഴേക്കിറ്റുന്ന ജലകണങ്ങളുടെ സംഗീതത്തിൽ ഖസാക്ക് വായിക്കാൻ ഞാനിരുന്നത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. പക്ഷേ അത് ഇരുപത്തെട്ടു വർഷങ്ങൾക്കു മുമ്പാണ്.
നീണ്ട ഇരുപത്തെട്ട് വർഷങ്ങൾ...
പക്ഷേ ആദ്യ രതിയേക്കാൾ ആനന്ദത്തോടെ ഞാനാ പകലിനെ ഓർക്കുന്നു. ഖസാക്കിൽ നിന്ന് എന്നിലേക്ക് കുടിയേറിയ മലയാള ഭാഷയുടെ സൗന്ദര്യത്തെ ഓർക്കുന്നു. എനിക്കു മുമ്പിൽ പെയ്ത മഴയെ ഓർക്കുന്നു. നീണ്ട ജുബ്ബയണിഞ്ഞ് കരിമ്പനകൾക്കിടയിലൂടെ തോളിലൊരു സഞ്ചിയുമായി നടക്കുന്ന ഇതിഹാസകാരന്റെ ആ കവർചിത്രം ഓർക്കുന്നു. ഏറ്റവും അടുപ്പത്തോടെ ആ ചിത്രത്തെ ചുംബിച്ചത് ഓർക്കുന്നു.

ഭാഷ പഠിച്ചത് ജീവിക്കാനായിരുന്നു. വായിച്ചത് അതിനായിരുന്നു. അന്നത്തെ പകൽ സന്ധ്യയിലേക്ക് വഴി മാറും വരെ മുള്ളൻമടയിലിരുന്ന് ഞാൻ നുണഞ്ഞ ഖസാക്കിലെ മധുരപദങ്ങളുടെ അർത്ഥങ്ങൾ എനിക്കന്ന് അറിയില്ലായിരുന്നു. അർത്ഥമറിയാഞ്ഞിട്ടും ജന്മാന്തരസ്മൃതികളും ദുരൂഹമായ സ്ഥലരാശിയും കാലത്തിൻ്റെ ഗംഗാത്തടവുമൊക്കെ എന്നെ ചുംബിച്ചത് ഒരു കാമുകിയെക്കാൾ ആവേശത്തോടെയാണ്. ഞാനാ ചുംബനങ്ങളെ അതിൻ്റെ ഉമിനീർരുചികളെ ഹൃദയത്തിലും തലച്ചോറിലും ഏറ്റു വാങ്ങി. ആ പദങ്ങൾ എൻ്റെയുള്ളിൽ നൃത്തം വെച്ചു. അവയുടെ അർത്ഥം എന്തു തന്നെയായാലും ഞാൻ വായിച്ച ഏറ്റവും മികച്ച മലയാള കവിതയിലെ വാക്കുകളായി അതെന്നിൽ അടയാളപ്പെട്ടു.

സാധാരണ മുള്ളൻമടയിലേക്ക് പുസ്തകവുമായി വായിക്കാൻ പോവുമ്പോൾ ഫ്ലാസ്ക്കിൽ കട്ടൻ ചായ കരുതുമായിരുന്നു. അടുക്കളയിൽ ബാക്കിയായ പുട്ടോ ദോശയോ ഓട്ടടയോ പൊടുവണ്ണിയിലയിൽ പൊതിഞ്ഞെടുക്കുമായിരുന്നു. ബീഡിയും തീപ്പെട്ടിയും മറക്കാതെ കൊണ്ടുപോവുമായിരുന്നു.

മുഹമ്മദ് അബ്ബാസ്
മുഹമ്മദ് അബ്ബാസ്

പമ്മൻ്റെ നോവലുകളിലെ രതിവർണ്ണനകൾ വായിച്ച് അരക്കെട്ടിലെ ജീവൻ ഉണരുമായിരുന്നു. നെഞ്ചിടിപ്പിന്റെ വേഗം കൂടുമായിരുന്നു. ആരും കുളിക്കാൻ വരാത്ത പായൽ പിടിച്ച ആ കുളത്തിൽ നനഞ്ഞ പെൺശരീരങ്ങളെ സങ്കൽപ്പിക്കുമായിരുന്നു. ചെങ്കൽപാറകളിൽ പതിഞ്ഞുകിടക്കുന്ന കാട്ടെള്ളിന്റെ ഇലക്കൊഴുപ്പ് എൻ്റെ കരചലനങ്ങൾക്ക് വേഗം കൂട്ടുമായിരുന്നു. ഖസാക്കിലെത്തിയപ്പോൾ പായൽ പിടിച്ച് അരികുകളിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്ന ആ കുളം അറബിക്കുളമായി മാറി. അവിടേക്ക് മൈമൂനയെന്ന യാഗാശ്വം നീരാടാനിറങ്ങി. പമ്മനും അയ്യനേത്തും എഴുതിയതെല്ലാം ഒരുമിച്ച് കൂട്ടിയാലും കിട്ടാത്തത്ര ആനന്ദവും അനുഭൂതിയും സൗന്ദര്യവും ഇതിഹാസകാരന്റെ ചുരുങ്ങിയ വാക്കുകളിലൂടെ അറിഞ്ഞു.

‘‘ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞുകിടന്നു. മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തി. മുലയ്ക്കു മീതെ അമർത്തിക്കെട്ടിയ കച്ചയിലൂടെ കെയ്യിറക്കി സോപ്പ് തേച്ചു പിടിപ്പിച്ചു കൊണ്ട് മൈമൂന നിന്നു. ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴിച്ചു. കുറേയകലത്തായി ഒരു കണ്ടത്തിൽ രണ്ടു ചെറുമികൾ നട്ടു തീർത്തുകൊണ്ടിരുന്നു. ഇത്തിരി കഴിഞ്ഞ് അവരും കണ്ടം കേറി. നോക്കെത്തുന്നേടത്തൊന്നും ആരുമില്ല. കാറ്റുകൾ ഉച്ച മയങ്ങി. ആലിൻ കൊമ്പുകളിൽ തല തല്ലി കൊണ്ട് മൃഗതൃഷ്ണ മാത്രം മേലോട്ടുയയർന്നു. ഈറൻ ചുറ്റിയ മൈമൂന രാജാവിൻ്റെ പള്ളിയിലേക്ക് നടന്നു. കാലിൽ തറച്ച കാരമുള്ളുകൾ അവളറിഞ്ഞില്ല. അവൾ പള്ളിയുടെ പടവു കയറി. പള്ളിയ്ക്കകത്തെ ഇരുട്ടിൽ ചടച്ചുയർന്നു നിന്ന രൂപം അവൾക്കു കാണാം. ഇപ്പോൾ അവൾ പള്ളിയ്ക്കകത്താണ്. ചെമ്പിച്ച സാന്ദ്രമായ ഇരുട്ട്. മച്ചിൻ പലകകളിൽ നിന്നു തൂങ്ങിയ മാറാല തലമുടിയിൽ പിടിച്ചു.
"നീരെളക്കം പ്ടിയ്ക്കും'', നൈസാമണ്ണൻ പറയുന്നത് അവൾ കേട്ടു.
"ഈറൻ എട്ത്താളാ"

എൻ്റെ വിരലുകൾ വിറച്ചു. ഞാനാ പള്ളിക്കുളവും മൈമൂനയെയും മുമ്പിൽ കണ്ടു. അവളുടെ നനഞ്ഞ ദേഹം കണ്ടു. പക്ഷേ എൻ്റെ അരക്കെട്ടിലെ ജീവൻ ഉണർന്നില്ല. പകരം ഉള്ളിലെനിക്ക് വേർതിരിക്കാൻ കഴിയാത്ത എന്തൊക്കെയോ പിടഞ്ഞുണർന്നു. എനിക്കന്യമായ രതിയുടെ സൗന്ദര്യം രോമകൂപങ്ങളെ ഉണർത്തി. ഞാൻ തല കുടഞ്ഞു. പുസ്തകം അടച്ച് മുമ്പിലെ മഴയിലേക്ക് നോക്കി. അവിടെ എൻ്റെ അറബിക്കുളം അനാഥമായി കിടന്നു. അതിനപ്പുറം തെങ്ങിൻ തോപ്പിലൂടെ തൊപ്പിക്കുട ചൂടി ആരോ നടന്നു പോയി.

കൈത്തണ്ടയിൽ നീല ഞരമ്പുള്ള മൈമൂന എനിക്ക് പിറകിലെ മുള്ളൻമടയിലെ ഇരുട്ടിൽ നൈസാമണ്ണനോടൊപ്പം കിടന്നു. നൈസാമലിയുടെ ചുരുണ്ട മുടിയിഴകൾ അവളുടെ അധരങ്ങളെ തൊട്ടു. മുമ്പിൽ കാണുന്നതെല്ലാം പുതിയതായി എനിക്ക് തോന്നി. അതുവരെ ഞാൻ കണ്ട മഴയല്ല ഈ മഴ. പറങ്കിമാവുകളുടെ ശിഖരങ്ങളെ പിടിച്ചുലയ്ക്കുന്ന കാറ്റു പോലും ഖസാക്കിലെ പനമ്പട്ടകളിൽ വീശിയ കാറ്റായിരുന്നു.

ഞാൻ മൈമുനയെ മണത്തു. രുചിച്ചു. നൈജാമലിയോട് എന്തിനെന്നില്ലാതെ അസൂയപ്പെട്ടു . ആ അസൂയ പിന്നീട് മാറുന്നത്, മൈമൂനയെ നഷ്ടമായി അയാൾ ഖസാക്ക് വിട്ട് ബീഡി തൊഴിലാളിയായി, ബീഡിക്കമ്പനി ഉടമയായി, പിന്നെയും തൊഴിലാളിയായി സമരം ചെയ്ത് ജയിലിൽ ആയപ്പഴാണ്. ജയിൽ മുറിയിൽ തല്ലു കൊണ്ട് അവശനായി നൈജാമലി കിടന്നു.

ആ ഭാഗം ഇതിഹാസകാരൻ എഴുതിയിരിക്കുന്നത് മറ്റാർക്കും സാധ്യമാവാത്ത നിസ്സംഗമായ ഹാസ്യത്താലാണ്. അതുവരെയോ അതിനു ശേഷമോ അത്തരം ഹാസ്യം ഞാൻ മലയാള നോവലിൽ വായിച്ചിട്ടില്ല. മറവിക്ക് വഴങ്ങാതെ ആ വാക്കുകൾ എൻ്റെയുള്ളിലുണ്ട്.

"ജയിൽ മുറിയിൽ തല്ലുകൊണ്ട് അവശനായി നൈജാമലി കിടന്നു. കനപ്പെട്ട കുറ്റങ്ങളാണ്.
രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടി മറിക്കാൻ നോക്കിയത്. കൊലപാതകത്തിന് പ്രേരണ നൽകിയത്. അങ്ങനെ പലതും. അതൊക്കെ സഹിക്കാം. പക്ഷേ വേദന സഹിച്ചു കൂടാ. പേശികളിൽ സന്ധികളിൽ എല്ലുകളിൽ എല്ലാം വേദന. ബോധം മങ്ങുകയും തെളിയുകയും ചെയ്തു. ആ വ്യതിയാനങ്ങളിലൂടെ അയാൾ ഒരു ചോദ്യത്തിന് വ്യർത്ഥമായി ഉത്തരം തേടി. അള്ളാപ്പിച്ചാ മൊല്ലാക്കയും താനുമായുള്ള യുദ്ധത്തിൽ പോലീസിനെന്തു കാര്യം? "

ആ ചോദ്യത്തിന്റെ പൊരുൾ ഞാൻ തിരിച്ചറിയുന്നത് ആദ്യ വായനയിലല്ല. മൂന്നാമത്തെയോ നാലാമത്തെയോ വായനയിലാണ്. ജയിലിൽ വെച്ച് ഇൻസ്പെക്ടറുമായുള്ള നൈജാമലിയുടെ സംഭാഷണവും മറുപടിയും ഇതിഹാസകാരന്റെ ആ നിസ്സംഗമായ ഹാസ്യത്തിനു ഏറ്റവും മികച്ച ഉദാഹരണമാണ്. ഹാസ്യത്തിൽ മാത്രമല്ല ദുഃഖത്തിലും ആനന്ദത്തിലും രതിയിലും മൃതിയിലും വിജയൻ നിസ്സംഗത നിറച്ചുവെച്ച് എഴുത്തിൽ നിന്ന് മാറി ഒരന്യനായി നിന്നു. ആ അന്യതാബോധത്തിലാണ് ഒ.വി.വിജയനെന്ന എഴുത്തുകാരനോടുള്ള എൻ്റെ ആരാധന തുടങ്ങുന്നത്.

ഒ.വി വിജയന്‍
ഒ.വി വിജയന്‍

ഖസാക്കിന്റെ ഇതിഹാസം എത്ര തവണ വായിച്ചുവെന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരമില്ല. ഇത് എഴുതുമ്പോൾ ഞാൻ എടുത്ത് ചേർത്തിട്ടുള്ള ഇതിഹാസത്തിലെ ഉദ്ധരണികളെല്ലാം ഓർമ്മയിൽ നിന്നാണ്. ഏത് അധ്യായം എത്രാമത്തെ പേജിലാണ് ഉള്ളതെന്ന് എനിക്ക് കാണാതെ പറയാൻ സാധിക്കും. ഇത് എന്റെ മാത്രം അനുഭവമോ കഴിവോ ആയിരിക്കില്ല.

ഖസാക്കിനെ ഉള്ളറിഞ്ഞ് വായിച്ച ഓരോരുത്തരുടെയും അനുഭവം അങ്ങനെ തന്നെയാവും. ഖസാക്കും വിജയനും സ്വാധീനിക്കാത്ത എഴുത്തുകാർ ഖസാക്കിനുശേഷം നമുക്ക് ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഏറ്റവും പുതിയ നോവലുകളിൽ പോലും വിജയൻ്റെ നാലഞ്ച് വാക്കുകളെങ്കിലും വായിച്ചെടുക്കാം.

ഇരുപത്തിയെട്ടാമത്തേതും ഒടുക്കത്തേതുമായ 'കഥാന്തരം' എന്ന അധ്യായം വായിച്ചുതീർത്ത് പുസ്തകം മടക്കി ഞാനാ നനവുള്ള പാറയിൽ കിടന്നു. മഴ പെയ്തു കൊണ്ടിരുന്നു. കാട്ടു പൊന്തകളിൽ നിന്ന് രാത്രിയുടെ ജീവികൾ ഉണർന്ന് കരയാൻ തുടങ്ങി. ഇതിനിടയിൽ ഉമ്മ എനിക്ക് ചോറ് കൊണ്ട് തന്നിരുന്നു. അതിന് ഉമ്മ ഏട്ടന്റെ വഴക്ക് കേട്ടിരിക്കണം. ചോറും കൊണ്ട് വന്ന ഉമ്മയിൽ പോലും ഞാൻ ഖസാക്കിലെ ആദിരൂപത്തെ തിരഞ്ഞു. പക്ഷേ കണ്ടു കിട്ടിയില്ല. പുസ്തകം വായിച്ചുതീർത്തിട്ടും ഞാനെന്തിന് മുള്ളൻമടയിലെ ഇരുട്ടിൽ കിടക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. എനിക്കവിടെ അങ്ങനെ കുറേ നേരം കിടക്കണമായിരുന്നു. ഞാനാകെ നിറഞ്ഞു കഴിഞ്ഞിരുന്നു. അതുവരെ വായിച്ച നോവലുകളെല്ലാം എൻ്റെ ഓർമ്മയിൽ നിന്നും കൊഴിഞ്ഞു പോയി. തെളിഞ്ഞ മാനത്തിൽ ചന്ദ്രനുദിച്ച പോലെ ഖസാക്ക് മാത്രം എന്നിൽ നിറഞ്ഞു നിന്നു. ആ വെളിച്ചത്തിൽ ഞാൻ എന്നെ കണ്ടു. എൻ്റെ സഹ ജീവികളെ കണ്ടു.

ജീവിതം എന്നത് ഞാൻ കരുതും പോലെ അത്ര സുന്ദരമോ മോശമോ അല്ല. അത് എനിക്കറിയാത്ത മറ്റെന്തോ ആണെന്ന് തോന്നി. പിന്നെയും എന്തൊക്കെയോ തോന്നലുകളിൽ സ്വയം നഷ്ടമായി ഞാനവിടെ തന്നെ കിടന്നു .നേരം ഇരുണ്ട് കനത്തു.

മുള്ളൻമടയ്ക്കുള്ളിൽ നിന്ന് വവ്വാലുകൾ ചിറക് കുടയുന്ന ശബ്ദം ഞാൻ കേട്ടു .എന്റെ തലയ്ക്കു മുകളിലൂടെ അവ പേടിപ്പെടുത്തുന്ന ശബ്ദവുമായി പുറത്തെ ഇരുട്ടിലേക്ക് പറന്നു. ദേഹത്തേക്ക് ജലവും പായലും മൺ തരികളും അടർന്നു വീണു. ആരോടെന്നില്ലാതെ ഞാൻ യാത്ര പറഞ്ഞു.

"സായാഹ്നയാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജനിയുടെ കൂടു വിട്ടു ഞാൻ വീണ്ടും യാത്രയാണ്."

എനിക്ക് മുമ്പിൽ പറങ്കിമാവുകൾ കരിമ്പനകളായി മാറി. അവയ്ക്കിടയിലെ ഇരുട്ടു വീണ നടപ്പാതയിലൂടെ ഖസാക്കും നെഞ്ചോട് ചേർത്ത് ഞാൻ കയറ്റം കയറി .മുകളിൽ ആകാശത്തിൽ ആലിലയോളം വലിപ്പത്തിൽ അന്തിച്ചോപ്പ് ബാക്കി നിന്നു. ഞാനെൻ്റെ വീടിനെ ആദ്യമായി കാണുന്നതു പോലെ നോക്കി. നോക്കിയങ്ങനെ നിൽക്കെ ആ വീട് എനിക്ക് അപരിചിതമായി മാറി. അപരിചിതമായ ഏതോ ഒരു വീട്. അതിൻ്റെ ഇറയത്ത് ചൂടിക്കയറിന്റെ അയയിൽ ഉണക്കാനിട്ട അപരിചിതരുടെ വസ്ത്രങ്ങൾ. വീടിനപ്പുറം പരന്നു കിടന്ന ചെങ്കൽ പാറകളുടെ പറമ്പിൽ അങ്ങിങ്ങായി ഉയർന്നുനിന്ന കുറുക്കൻ മൈലാഞ്ചിക്കാടുകൾ. അവയും ആകാശവും എനിക്ക് അപരിചിതമായി മാറി. ചുറ്റുമുള്ള ഇരുട്ടും ഞാൻ തന്നെയും എനിക്ക് അപരിചിതനായി മാറി.

ആ വല്ലാത്ത സന്ധിയിൽ പൊരുളറിയാത്ത ഉണർവിന്റെ നിസ്സംഗമായ ആനന്ദത്തിൽ ,എന്നെ തൊട്ട ചാറ്റൽ മഴയിൽ ഞാൻ ഉന്മാദത്തിൻ്റെ വിത്തുകളെ കണ്ടു. പക്ഷേ അത് പിൽക്കാലത്ത് എന്നെ ഭയപ്പെടുത്തിയ ഉന്മാദമായിരുന്നില്ല. അജ്ഞാതമായതെന്തോ നേടിയ ഒരാളുടെ ആനന്ദത്തിന്റെ ഉന്മാദമായിരുന്നു അത്. ഇപ്പോൾ നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം എനിക്കതിനെ ഇങ്ങനെ പൂരിപ്പിക്കാൻ പറ്റും.

"എന്താണ് മനസ്സിലൂടെ കടന്നു പോയത്?
കരുണ, ആസക്തി, നീരസം, ക്രൂരമായ ജിജ്ഞാസ, കൃതാർത്ഥത. എന്തായിരുന്നു അത്? അല്ലെങ്കിൽ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ തുമ്പികൾ പറന്നലഞ്ഞു.''

ആറ്: ആളിക്കത്തിയ കുഞ്ഞാമിന

വീട്ടിൽ അടുക്കളയോട് ചേർന്ന് ചെറിയൊരു സ്റ്റോർ റൂമുണ്ട്. അതിൻ്റെ ചുമരുകൾ മൺകട്ടകൾ കൊണ്ടായിരുന്നു. തള്ളപ്പുരയ്ക്കും വരാന്തയിലെ മുറിക്കും മാത്രമേ ചെങ്കല്ല് ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാം മണ്ണ് കുഴച്ച് മരയച്ചിൽ വാർത്തെടുത്ത് ഞങ്ങൾ തന്നെ ഉണ്ടാക്കിയ മൺകട്ടകളാണ്. സ്റ്റോർ റൂമിലെ ചുമരുകൾക്ക് സിമൻ്റ് പൂശിയിരുന്നില്ല. അവിടെ കട്ടിലുണ്ടായിരുന്നില്ല. കടലാസുപെട്ടിയിൽ എൻ്റെ സ്ഥാവരജംഗമങ്ങൾ കിടന്നു. മുറിയുടെ ഒരു മൂലയിൽ ഉമ്മ വിശേഷ ദിവസങ്ങളിൽ മാത്രം ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന മൺപാത്രങ്ങൾ അടുക്കിയും കമഴ്ത്തിയും വെച്ചിരുന്നു. അക്കാലത്തെ റേഷനരി ക്ക് വല്ലാത്തൊരു നാറ്റമുണ്ട്. പച്ചവെള്ളത്തിലും ചൂടു വെള്ളത്തിലുമായി പലതവണ കഴുകി വൃത്തിയാക്കിയിട്ടാണ് ആ അരി കൊണ്ട് ഉമ്മ ചോറ് വെച്ചത്. എന്നാലും അത് വായിലേക്ക് കൊണ്ടു പോവുമ്പോൾ നാറ്റം അറിയാൻ കഴിയും.

മൺകലങ്ങൾക്കിടയിൽ ആ റേഷനരി ഒരു സഞ്ചിയിൽ എപ്പോഴുമുണ്ടാവും. അന്നമായതു കൊണ്ടും എപ്പോഴും മണക്കുന്നത് കൊണ്ടും എനിക്കാ നാറ്റം സുഗന്ധമായി മാറിയിരുന്നു .പിന്നെ അക്കാലത്തെ വിശിഷ്ട വിഭവമായ ഉണക്കമീനും സ്റ്റോർ റൂമിലെ ഉറിയിൽ വിശ്രമിച്ചു. പലതരം ഗന്ധങ്ങൾ കൂടിക്കുഴഞ്ഞ ആ മുറി എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു. മേൽക്കൂരയിൽ മുട്ടാത്ത മുക്കാൽ ചുമരുകളായിരുന്നു അടുക്കളയ്ക്കും സ്റ്റോർ റൂമിനും. അടുക്കളക്ക് മൂച്ചിപ്പലകയുടെ വാതിലുണ്ടായിരുന്നു. സ്റ്റോർ റൂമിന് ഉമ്മ എനിക്കായി പ്രത്യേകം ഓല മെടഞ്ഞുണ്ടാക്കിയ വാതിലാണ്. അതിൽ ഒരു വടി കെട്ടിയിട്ടുണ്ട്. വാതിൽ ചാരി ആ വടി കുറുകെ വെച്ചാൽ എല്ലാം ഭദ്രമായി.

അതിനുള്ളിൽ കിടന്നാണ് ഞാൻ അന്തമില്ലാതെ വായിച്ചത്. അവിടെ കിടന്നാണ് ചാർട്ട് പേപ്പറുകളിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും വരച്ചത്. ഇ.എം.എസിനെ വരയ്ക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടത്. ഞാൻ കിടക്കുന്ന ഭാഗത്തിന്റെ ചുമരിൽ പല പണിയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ച ഇനാമൽ പെയിന്റുകളിൽ നിന്നുള്ള കടുംപച്ച പെയിൻ്റ് പൂശിയിരുന്നു.

അതങ്ങനെ പച്ചനിറത്തിൽ ഒഴിഞ്ഞു കിടക്കുന്നത് സഹിക്കാഞ്ഞിട്ട് ഞാനവിടെ ഒരു ചിത്രം വരച്ചു വെച്ചു. പാതിയും തീ വിഴുങ്ങിയ പെൺകുട്ടിയുടെ ചിത്രം. സത്യത്തിൽ അതി സുന്ദരിയായ ഒരുവളെ വരയ്ക്കാനാണ് ഞാൻ ഗ്രാഫിട്ടതും വരച്ച് തുടങ്ങിയതും. പക്ഷേ കളറൊക്കെ ചെയ്തു വന്നപ്പോൾ അവളുടെ അരയ്ക്കു താഴെ വികൃതമായി . അത് മറയ്ക്കാനായി ഞാനവൾക്ക് തീയിട്ടു. മുഖത്ത് പുഞ്ചിരി വരുത്താനാണ് ഉദ്ദേശിച്ചതെങ്കിലും വരച്ചു വന്നപ്പോൾ അത് ഭയമായി മാറിയിരുന്നു. അടിയിൽ നിന്ന് മുകളിലേക്ക് ആളുന്ന തീ കൂടിയായപ്പോൾ അവൾ ശരിക്കും തീയിൽപ്പെട്ട് നിലവിളിക്കുന്നവളായി മാറി.

ചുമരുകൾക്ക് മുകളിലെ പഴുതിലൂടെ വെയിലും നിലാവും വന്ന് തൊടുമ്പോൾ ആ തീ ആളിക്കത്തുമായിരുന്നു. അവിടെ, ആ തീയിൻ്റെ ചുവട്ടിലാണ് ഞാൻ കിടന്നത്. ഉമ്മയും പെങ്ങന്മാരുമല്ലാതെ മറ്റാരും ആ മുറിയിലേക്കു കയറാത്തതിനാൽ എൻ്റെ ചിത്രം അധികമാരും കണ്ടില്ല. കണ്ടവർക്ക് തന്നെ കാര്യമെന്തെന്ന് മനസ്സിലായതുമില്ല.
"ഇജെന്തിനാ ഈ കത്ത്ണ പെണ്ണിനെ വരച്ചതെന്ന്" ഉമ്മ മാത്രം ഇടയ്ക്ക് ചോദിക്കുമായിരുന്നു.

ഖസാക്കിന്റെ വായന കഴിഞ്ഞ് ഞാൻ കിടക്കാനെത്തിയത് ആ മുറിയിലേക്കാണ്. തീ വിഴുങ്ങിയ പെൺകുട്ടി കുഞ്ഞാമിനയാണെന്ന് ഞാനപ്പോൾ തിരിച്ചറിഞ്ഞു. തൊട്ടു മുമ്പ് വായിച്ച വരികൾ ഞാനോർത്തു.

"കുഞ്ഞാമിന അടിവയറ്റിൽ കയ്യമർത്തി. അവൾ ചെറുതായി മുന്നോട്ടു ചാഞ്ഞു. രവി അവളെ താങ്ങി . പെട്ടെന്ന് വെള്ളിത്തണ്ടയുടെ മേൽ കാൽപടത്തിൽ സിന്ദൂരക്കുറി പോലെ.
രവി മിഴിച്ചു നോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ട് വീണു. കുഞ്ഞാമിനയെ നിലത്തിരുത്തിയപ്പോൾ അവൾ കരയുകയായിരുന്നു. രവിയുടെ കൈപ്പടം നനഞ്ഞിരുന്നു. കൈപ്പടം നിവർത്തി ഇമതല്ലാതെ അയാൾ അതിലേക്കു നോക്കി. വരണ്ട കൈ വരകൾക്കുമേൽ ചോരയുടെ പുതുമഴത്തുള്ളികൾ ഊറിക്കിടന്നു''

അത് ആർത്തവ രക്തമാണെന്ന് അന്നെനിക്ക് കൃത്യമായി മനസ്സിലായില്ല. അങ്ങനെയൊരു സംഭവം പെൺകുട്ടികൾക്ക് വരാനുണ്ടെന്നും, അത് വന്നു കഴിഞ്ഞാൽ അവർക്ക് ഖുർ ആൻ തൊടാൻ പാടില്ലെന്നും നിസ്കരിക്കാൻ പറ്റില്ലെന്നുമുള്ള അവ്യക്തമായ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ആ രാത്രി ഞാൻ ഭക്ഷണം കഴിച്ചില്ല. രണ്ടു തവണ ഉമ്മ വന്നു വിളിച്ചപ്പോഴും ഞാൻ വിശക്കുന്നില്ല എന്ന സത്യം പറഞ്ഞു. പുറത്ത് മഴ പെയ്തു. വീടിന് പിറകിലെ വാഴക്കൂട്ടത്തിലും കർമത്തി മരത്തിലും കാറ്റു പിടിക്കുന്നത് എനിക്കവിടെ കിടന്നാൽ കാണാമായിരുന്നു. കട്ട തികയാഞ്ഞിട്ട് ഒഴിച്ചിട്ട ആ മുകൾ ഭാഗത്തിലൂടെ എനിക്ക് മഴ കാണാമായിരുന്നു. എൻ്റെ വിശപ്പിന് എന്തു പറ്റിയെന്ന് ഞാൻ അത്ഭുതപ്പെട്ടില്ല. അല്ലെങ്കിൽ വിശപ്പെന്ന ശക്തമായ പ്രേരണയെ ഞാനപ്പോൾ മറന്നു പോയിരുന്നു.

പല്ല് മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയെ ഓർത്ത് എനിക്ക് നടുക്കം തോന്നിയില്ല.

കാൽപ്പടത്തിൽ വീണ്ടും വീണ്ടും പല്ലുകൾ അമരുന്നത് ഞാൻ വ്യക്തമായും കണ്ടു. കൗതുകത്തോടെ വാത്സല്യത്തോടെ രവിയെ നോക്കി ഉണ്ണിക്കുട്ടൻ മൺകട്ടകൾക്കിടയിലേക്ക് ഇഴഞ്ഞു പോവുന്നതും നോക്കി ഞാൻ വെറുതെ കിടന്നു.

ഉറക്കം വരുന്നില്ല. വീട്ടിലെ അവസാനത്തെ മണ്ണെണ്ണ വിളക്കും അണഞ്ഞു കഴിഞ്ഞു. പെങ്ങന്മാരുടെ പതുങ്ങിയ സംസാരം ഉറക്കത്തിലേക്ക് വഴുതി വീണു . ഏട്ടൻ്റെ മുറിയിലെ ക്ലോക്ക് പന്ത്രണ്ടടിക്കുന്നത് എണ്ണി ഞാൻ കിടന്നു. മഴ പെയ്യുന്നു .മഴ മാത്രമേയുള്ളൂ. ആരോഹണമില്ലാതെ അവരോഹണമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളരുന്നു .മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി.

ബസു വരാനായി രവി അപ്പോഴും കൂമൻകാവിൽ കാത്തു കിടക്കുകയാണെന്ന അറിവിൽ എൻ്റെ ഉടലാകെ വിറ കൊണ്ടു. ഖസാക്കിൽ ബാക്കിയായ ജന്മങ്ങൾ ഇനിയെന്ത് ചെയ്യുമെന്ന് ആ രാത്രിയിൽ ഞാൻ അറ്റമില്ലാതെ ചിന്തിച്ചു. അപ്പുക്കിളി വല്യ കണ്ണുകളുള്ള ഒരു കൂട്ടം തുമ്പികളെയും,ഒപ്പം കുഞ്ഞാമിനയെയും കൂട്ടി ഖസാക്കിൽ നിന്ന് എന്നെ തേടിയെത്തി. അര വരെ തീ വിഴുങ്ങിയ പെൺകുട്ടിയെ കണ്ട് കുഞ്ഞാമിന നിലവിളിച്ചു.

"യാ റഹ് മാൻ... "

അപ്പുക്കിളി തുമ്പികളെ ഓരോന്നായി ഉമ്മാൻ്റെ ഉണക്കമീൻ കുട്ടയിലേക്ക് ഇട്ടു. ശേഷം മൺകലങ്ങൾക്കിടയിൽ ഉമ്മ ഒളിപ്പിച്ചു വെച്ച റേഷനരി വാരി തിന്നാൻ തുടങ്ങി. ഇതൊക്കെ എന്റെ വെറും തോന്നലിനപ്പുറം സത്യമായി പുലർന്നിട്ടുണ്ടെന്ന് തോന്നിയ ഞാൻ ആ ഇരുട്ടിൽ എഴുന്നേറ്റിരുന്നു. എൻ്റെ തലയ്ക്കാമ്പുറത്തെ കടലാസുപെട്ടിയിൽ ഖസാക്കിന്റെ ഇതിഹാസം വിശ്രമിച്ചു. ഞാൻ ശബ്ദം താഴ്ത്തി കുഞ്ഞാമിനയെ വിളിച്ചു. അപ്പുക്കിളിയെ വിളിച്ചു. പാതിയുറക്കത്തിൽ നിന്ന് എഴുന്നേറ്റല്ല ഞാനത് ചെയ്തത്. എന്നാൽ സ്വബോധത്തിലുമല്ല. രണ്ടിനുമിടയിലെ നേർത്ത വരമ്പിൽ ഞാൻ ഇടറി നിന്നതാണ്.

വിളക്ക് കൊളുത്തുകയല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ഉമ്മാൻ്റെ ഉണക്ക മീൻ കുട്ടയിൽ നിന്ന് അപ്പുക്കിളിയുടെ തുമ്പികൾ പറന്നു പോയി. വെളിച്ചം കണ്ട് ഉമ്മാൻ്റെ ഉറക്കം ഞെട്ടിയിരിക്കണം. പിന്നെ അത് പതിവ് കാഴ്ച്ചയാണല്ലോ എന്ന് കരുതി ഉമ്മ ഉറങ്ങിയിരിക്കണം. ഞാനാകെ വിയർത്ത് നനഞ്ഞു .പക്ഷേ ഒട്ടും പേടി തോന്നിയില്ല. അടുക്കളയിൽ കടന്ന് വെള്ളമൊഴിച്ചു വെച്ച ചോറിൽ നിന്ന് വറ്റുകൾ വാരി പാത്രത്തിലേക്കിട്ട് മത്തിക്കറിയുടെ അവശിഷ്ടങ്ങൾ കൂട്ടി ചോറുണ്ടു. ശേഷം കൈകഴുകി ബീഡി വലിച്ച്, ഖസാക്കിനെ കയ്യിലെടുത്തു. മറിച്ചപ്പോൾ കിട്ടിയ പേജിൽ നിന്ന് ഞാൻ വായന തുടങ്ങി.

"മാധവൻ നായർ ഒന്നും പറഞ്ഞില്ല. അയാൾ തുന്നിക്കൊണ്ടിരുന്നു ജാള്യത്തോടെ, പിന്നെ വേദനയോടെ അയാൾ ഓർത്തു.
അപ്പുക്കിളിയ്ക്കു താനൊരു കുപ്പായം തയ്ച്ചു കൊടുത്തത്.വെട്ടു തുണികൾ ചേർത്ത് തുന്നി കണങ്കാലോളം വരുന്ന ഒരങ്കികുപ്പായം. മുൻവശത്ത് അരിവാളും ചുറ്റുകയും ത്രിശ്ശൂലവും. പിന്നിൽ ഒരു തുണി സഞ്ചിയിൽ നിന്നു വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിജിയുടെയും ചിത്രങ്ങൾ."

അത് "സഹവർത്തികൾ" എന്ന എട്ടാം അധ്യായമായിരുന്നു. അവിടം മുതൽ ഒടുക്കം വരെയും, ശേഷം ആദ്യത്തെ ഏഴ് അധ്യായങ്ങളും, എട്ടാം അധ്യായത്തിന്റെ ബാക്കിയും വായിച്ചു കഴിഞ്ഞപ്പോൾ നേരം പുലരാൻ തുടങ്ങിയിരുന്നു. എനിക്കു ചുറ്റും ബീഡിക്കുറ്റികൾ ചിതറിക്കിടന്നു .മുറിയിൽ ബീഡിപ്പുകയുടെ കോടമഞ്ഞ് നിറഞ്ഞു നിന്നു. മഴ തോർന്നു കഴിഞ്ഞിരുന്നു. വളരെ വർഷങ്ങൾക്കു ശേഷം എൻ്റെ ആദ്യത്തെ രതി കഴിഞ്ഞ് ഇണയെ ചേർന്നു കിടന്നപ്പോൾ ഞാനീ രാത്രിയേയും, ഭ്രാന്തമായ വായനയേയും ഓർത്തു. പിന്നെ ഉറങ്ങാൻ സമയമുണ്ടായിരുന്നില്ല. ഉറക്കച്ചടവോടെ ആട്ടീരിയിലെ ഒരു വീട്ടിൽ അന്ന് പണിയെടുക്കുമ്പോൾ, ആ വീട്ടിലെ കുട്ടിയിൽ ഞാൻ കുഞ്ഞു നൂറിനെ കണ്ടു .അവൻ്റെ അനിയത്തി ചാന്തു മുത്തുവിനെ കണ്ടു. അവരുടെ ഉമ്മയായ ചാന്തുമ്മയെ കണ്ടു. കാണുന്ന ഓരോ മനുഷ്യരിലും ഞാൻ ഖസാക്കുകാരെ തിരഞ്ഞു. ചിലരിൽ കണ്ടെത്തി. ചിലരെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിട്ടും കണ്ടെത്താനാവാതെ വഴിമുട്ടി നിന്നു.

ഞാനിതു വരെ തസ്രാക്കിലേക്ക് പോയിട്ടില്ല. പോവാൻ തോന്നിയിട്ടില്ല. കാരണം എന്റെ അന്തരീക്ഷത്തിലും ഉള്ളിലും ജീവവായുവിലും ഖസാക്കുണ്ട്. അതിൻ്റെ അതിരുകളും പാതകളുമുണ്ട് . എൻ്റെ മാത്രം കരിമ്പനകളുണ്ട്. ഞാൻ മാത്രമറിഞ്ഞ കുപ്പുവച്ചനും മറ്റു കഥാപാത്രങ്ങളുമുണ്ട്. തസ്രാക്കിലെത്തിയാൽ എൻ്റെയുള്ളിലെ ഖസാക്കിന് ഇളക്കം തട്ടുമെന്ന് ഞാൻ പേടിച്ചു. തസ്രാക്കെന്ന മൂലഗ്രാമത്തിൽ നിന്ന് ഖസാക്കിലേക്ക് ഇതിഹാസക്കാരൻ നടന്നുതീർത്ത ദൂരങ്ങളെ എനിക്ക് മനസ്സിലാവും.

അതുപോലെ തന്നെ ഇക്കണ്ട വായനകളൊക്കെ വായിച്ചിട്ടും ഞാൻ ഖസാക്കിനെ കുറിച്ചുള്ള പഠനങ്ങളൊന്നും തന്നെ വായിച്ചിട്ടില്ല. ഒരിക്കൽ ഒരു വാരികയിൽ അത്തരമൊന്ന് വായിച്ച് അതിൻ്റെ ഭാഷയിലെ സങ്കീർണത കണ്ട് അന്തം വിട്ടിട്ടുണ്ട്. മറ്റു മലയാള നോവലുകൾക്ക് ഇല്ലാത്തയത്ര പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും ഖണ്ഡന മണ്ഡന വിമർശനങ്ങളും ഖസാക്കിനു ഉണ്ടായിട്ടുണ്ടെങ്കിൽ, അതിനുകാരണം ഖസാക്കെന്ന കാന്തക്കല്ല് സൃഷ്ടിച്ചത് ഓട്ടു പുലാക്കൽ വേലുക്കുട്ടി വിജയനെന്ന മൗലിക പ്രതിഭയുടെ നീണ്ട കാലത്തെ തപസ്സാണ്. വാക്കുകൾക്കായി ആ മനുഷ്യൻ ധ്യാനിച്ച അനന്തസ്ഥലികളാണ്.

വായിച്ച ഓരോരുത്തരുടെ ഉള്ളിലും ഓരോ ഖസാക്കുണ്ടാവും. അവരതിനെക്കുറിച്ച് പറയുമ്പോൾ എന്റെ ഉള്ളിലെ ഖസാക്ക് എത്ര മാത്രം വ്യത്യസ്തമാണെന്ന് ഞാൻ അമ്പരന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ഖസാക്കെടുത്ത് പത്ത് പേജെങ്കിലും വായിച്ചിട്ടുമുണ്ട്. മറ്റെല്ലാം നഷ്ടപ്പെട്ടാലും ഖസാക്കിനെ നഷ്ടപ്പെടാൻ ഞാൻ തയ്യാറല്ല. എത്ര പരിമിതമായ ഇടത്ത് ജീവിച്ചാലും ഖസാക്കിന്റെ ഒരു കോപ്പി സൂക്ഷിച്ചിട്ടുണ്ട്. ഇന്നും സൂക്ഷിക്കുന്നുണ്ട്.

ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ലായിരുന്നെങ്കിൽ ഞാൻ മറ്റൊരു അബ്ബാസാവുമായിരുന്നു. ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു പക്ഷേ സ്വന്തമായി വീടും സമ്പത്തുമൊക്കെയുള്ള ഒരബ്ബാസ് . ഖസാക്കാണ് എന്നെ ദരിദ്രനാക്കിയത് എന്ന് കരുതരുത്. ഖസാക്ക് കൂട്ടിനില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ എല്ലാ അർത്ഥത്തിലും ദരിദ്രനാവുമായിരുന്നു. ഖസാക്കിൽ നിന്നാണ് ഞാൻ കൊമാലയിലേക്കും മക്കൊണ്ടയിലേക്കും മാൽഗുഡിയിലേക്കും പാണ്ഡവപുരത്തേക്കും, ദസ്തയെവ്സ്കിയിലേക്കും ടോൾസ്റ്റോയിയിലേക്കും പേൾ എസ് .ബക്കിലേക്കും കാവാബത്ത യസുനാരിയിലേക്കും മിലൻ കുന്ദേരയിലേക്കും എലിഫ് ഷഫാക്കിലേക്കും നടന്നത്.

എവിടെയെത്തിയാലും അവിടെ താമസിക്കേണ്ട ദിവസം മാത്രം താമസിച്ച് ഞാൻ ഖസാക്കിലേക്ക് തന്നെ മടങ്ങിവരുന്നു. ഞാൻ കുടികൊള്ളുന്നത് ഖസാക്കിലാണ്. എത്ര മികച്ചത് വായിച്ചാലും എനിക്ക് ഖസാക്കിനെ ചെറുതായി കാണാനോ, അതുമായി താരതമ്യം ചെയ്യാനോ സാധിക്കില്ല. കാരണം ഞാനാദ്യമായി ഇണ ചേർന്ന പെണ്ണ് ഖസാക്കിന്റെ ഇതിഹാസമാണ്.

(തുടരും)


Summary: khasakkinte ithihasam book review by muhammad abbas


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments