പ്രണയത്തിന്റെ
കഥ പറയുന്ന ഹൈദരാബാദ്

‘‘ഹൈദരാബാദ് എന്ന പ്രണയനഗരത്തെ കണ്ടവർക്കും കാണാത്തവർക്കും കാണാൻ പോകുന്നവർക്കും അതീവ ഹൃദ്യമായ വായനാനുഭവമായിരിക്കും ഈ പുസ്തകം’’- മുജീബ് റഹ്‌മാൻ കിനാലൂർ എഴുതിയ ‘ഹൈദരാബാദ്: ഒരു പ്രണയനഗരം’ എന്ന പുസ്തകം വായിക്കുന്നു, എം.എസ്. ഷൈജു.

ചാരുതയാർന്ന ചാർമിനാറിന്റെ മനോഹരങ്ങളായ മിനാരങ്ങൾക്കിടയിലൂടെ നേർത്ത് പെയ്തുകൊണ്ടിരിക്കുന്ന സായാഹ്ന മഴ പോലെ, ഹുസൈൻ സാഗറിലെ ഓളങ്ങളിൽ വെളിച്ചം പരത്തുന്ന രാത്രികാല നഗരക്കാഴ്ച പോലെ, ലോട്ടസ് പോണ്ടിന് സമീപത്ത് ആഫ്രിക്കൻ വൻകരയുടെ ഒരു തുണ്ട് പോലെ കിടക്കുന്ന തെരുവുകളിലിരുന്ന് ആവി പറക്കുന്ന ഗ്ലാസുകളിൽ ഖഹ്‌വ മൊത്തിക്കുടിക്കുന്ന സൊമാലിയക്കാരെ പോലെ, അനേക കാഴ്ചകളുടെയും അനുഭവങ്ങളുടെയും അതിശയങ്ങൾകൊണ്ട് സഞ്ചാരികളുടെ ഹൃദയത്തെ കീഴടക്കുന്ന നഗരമാണ് ഹൈദരാബാദ്.

ഭൂമിശാസ്ത്രപരമായ അടയാളത്തിനപ്പുറം പ്രണയാതുരതയുടെ ചരിത്രങ്ങൾ കൂടി പേറുന്ന ഹൈദരാബാദ് സഞ്ചാരികൾക്ക് എന്നുമൊരു വികാരമാണ്. ആ നഗരത്തിന്റെ ഗൃഹാതുരമായ ഇടവഴികളിലൂടെ, പിന്നിലേക്ക് നീണ്ടുകിടക്കുന്ന അതിന്റെ ചരിത്രത്തിന്റെ ഏടുകളിലൂടെ, പ്രണയത്തിന്റെ നിത്യഹരിതസുഗന്ധം തേടിയുള്ള ഒരു യാത്രയാണ് മുജീബ് റഹ്‌മാൻ കിനാലൂരിന്റെ 'ഹൈദരാബാദ് ഒരു പ്രണയനഗരം' എന്ന പുസ്തകം (പ്രസാധകർ: മാൻകൈൻഡ് ലിറ്ററേച്ചർ).

യാത്രകൾ എന്നും പുതിയ തിരിച്ചറിവുകളിലേക്കുള്ള ജാലകങ്ങളാണല്ലോ. എന്നാൽ ചില യാത്രകൾ ആ ജാലകവാതിലുകൾ തുറന്ന് നമ്മെ ചേർത്തുപിടിച്ച് യാത്രയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. എഴുത്തുകാർക്കൊപ്പം വായനക്കാരും കൂടി ചേർന്ന് പൂർത്തിയാക്കുന്ന മായികമായ സമസ്യയാകും പിന്നെയാ യാത്ര. അത്തരമൊരു യാത്രയെ, അത്തരമൊരു നഗരത്തെ, അവിടുത്തെ പ്രണയചരിത്രങ്ങളെ മനോഹരമായ ഭാഷയിൽ വരച്ചുകാട്ടുകയാണ് ഈ പുസ്തകം. ചരിത്രവും വർത്തമാനവും കണ്ണിചേർക്കുന്ന ഈ കൃതി യാത്രകളെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഹൃദയം കവരുമെന്നുറപ്പാണ്.

ഹൈദരാബാദ് നഗരത്തിന്റെ ഗൃഹാതുരമായ ഇടവഴികളിലൂടെ, പിന്നിലേക്ക് നീണ്ടുകിടക്കുന്ന അതിന്റെ ചരിത്രത്തിന്റെ ഏടുകളിലൂടെ, പ്രണയത്തിന്റെ നിത്യഹരിതസുഗന്ധം തേടിയുള്ള ഒരു യാത്രയാണ് മുജീബ് റഹ്‌മാൻ കിനാലൂരിന്റെ 'ഹൈദരാബാദ് ഒരു പ്രണയനഗരം' എന്ന പുസ്തകം.
ഹൈദരാബാദ് നഗരത്തിന്റെ ഗൃഹാതുരമായ ഇടവഴികളിലൂടെ, പിന്നിലേക്ക് നീണ്ടുകിടക്കുന്ന അതിന്റെ ചരിത്രത്തിന്റെ ഏടുകളിലൂടെ, പ്രണയത്തിന്റെ നിത്യഹരിതസുഗന്ധം തേടിയുള്ള ഒരു യാത്രയാണ് മുജീബ് റഹ്‌മാൻ കിനാലൂരിന്റെ 'ഹൈദരാബാദ് ഒരു പ്രണയനഗരം' എന്ന പുസ്തകം.

ഗ്രന്ഥകാരനൊപ്പം ചെറുതും വലുതുമായ കുറെ യാത്രകൾ നടത്തിയിട്ടുള്ള സഹസഞ്ചാരി എന്ന നിലയിൽ ഹൈദരാബാദ് നഗരത്തിന്റെ ഉള്ളറകൾ തേടി മുജീബ് റഹ്‌മാൻ കിനാലൂർ അലഞ്ഞ് നടക്കുന്നത് എനിക്ക് ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ട്. മൗനിയായ ഒരു സന്യാസി ധ്യാനത്തിലമർന്ന് ഉൾക്കണ്ണു കൊണ്ട് കാണുന്നതു പോലെയാണ് ഗ്രന്ഥകാരൻ ആൾക്കൂട്ടത്തിൽനിന്ന് കൊണ്ട് മറ്റാരും കാണാത്ത കാഴ്ചകൾ കാണുന്നത്. അതിന്റെ വേരുകൾ ചികഞ്ഞ് പോകാനും അതിന്റെ പൊരുളുകൾ തേടി അലയാനും അദ്ദേഹം കാണിച്ചിരിക്കുന്ന പ്രയത്നങ്ങൾ തന്നെയാണ് ഈ പുസ്തകത്തെ സാമാന്യമായ യാത്രാവിവരണ ഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

തോളിൽ തോക്കും മനസിൽ വിപ്ലവത്തിന്റെ ചൂടും സൂക്ഷിച്ച മഖ്ദൂം മുഹിയുദ്ദീന്റെ കബറിടം തേടിയുള്ള ഗ്രന്ഥകാരന്റെ യാത്ര കൗതുകകരമാണ്. ബ്രിട്ടീഷുകാരും നൈസാമിന്റെ പ്രത്യേക പോലീസും തലക്ക് വിലയിട്ട വിപ്ലവകാരിയായിരുന്നു മഖ്ദൂം മുഹിയുദ്ദീൻ.

ഓരോ നഗരത്തിനും അകവും പുറവുമുണ്ട്. നഗരത്തിന്റെ രസമുകുളങ്ങളിൽ പ്രണയപൂർവ്വം തലോടുന്നവർക്ക് മാത്രം തുറന്ന് കാട്ടപ്പെടുന്ന അതിന്റെ നിഗൂഢമായ സൗന്ദര്യം അനുഭവിക്കാൻ എല്ലാവർക്കും കഴിയില്ല. യാത്രയോട് പ്രണയവും സ്ഥലങ്ങളോട് അനുരാഗവുമുള്ള യാത്രികർക്ക് മാത്രമേ അത് സാധ്യമാകുകയുള്ളൂ. അത്തരം യാത്രികരുടെ വിവരണങ്ങൾക്ക് കാല്പനികമായ ഭംഗിയേറും. ഓരോ അധ്യായങ്ങളിലും കാല്പനികതയുടെ ഈ സുന്ദരഭാവങ്ങൾ കൂടി ഉൾച്ചേർന്നാണ് ഈ പുസ്തകം ഇത്ര മനോഹരമായി മാറിയിരിക്കുന്നത്.

ഓരോ നഗരത്തിനും ചരിത്രമുണ്ട്. ചരിത്രം മറന്നു കൊണ്ടുള്ള സ്ഥലവിവരങ്ങൾ അപൂർണ്ണമാണ്. മുഹമ്മദ് കുലി കുത്തബ് ഷാ തന്റെ പ്രണയിനിക്കായി തീർത്ത ഈ നഗരത്തിന്റെ ചരിത്രത്തിൽനിന്നാണ് പുസ്തകം ആരംഭിക്കുന്നത്. ഭാഗ്മതിക്കുവേണ്ടി കുത്തബ് ഷാ നഗരത്തിന്റെ അടിത്തറ കെട്ടുമ്പോൾ നൂറ്റാണ്ടുകൾ കടന്നും യാത്രികർ തന്റെ പ്രേമതാപത്തിന്റെ ചരിത്രവും തേടി ഈ നഗരത്തിലേക്ക് വന്ന് കൊണ്ടിരിക്കുമെന്ന് സ്വപ്നേപി അദ്ദേഹം കരുതിക്കാണില്ല. പ്രാചീനമായ ഈ നഗരം ഒളിച്ചുവെച്ച ഇത്തരം അനേകം മായക്കാഴ്ചകൾ കൂടി ഗ്രന്ഥകാരൻ വായനക്കാരുമായി പങ്കുവെച്ചാണ് ഓരോ അധ്യായങ്ങളും മുന്നോട്ട് പോകുന്നത്.

ഹൈദരാബാദിന്റെ ബിരിയാണി ചരിത്രത്തെയും അതിന്റെ രുചിവൈവിധ്യങ്ങളെയും ചുരുങ്ങിയ വാക്കുകളിൽ ഗഹനമായി വിവരിച്ചിരിക്കുന്നത് വായിക്കുമ്പോൾ ഉള്ളിൽ കൊതിയൂറി വരുന്നുണ്ട്.
ഹൈദരാബാദിന്റെ ബിരിയാണി ചരിത്രത്തെയും അതിന്റെ രുചിവൈവിധ്യങ്ങളെയും ചുരുങ്ങിയ വാക്കുകളിൽ ഗഹനമായി വിവരിച്ചിരിക്കുന്നത് വായിക്കുമ്പോൾ ഉള്ളിൽ കൊതിയൂറി വരുന്നുണ്ട്.

ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവൻ പരന്നുകിടക്കുന്ന രുചിസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി വിലസുന്ന ബിരിയാണിയുടെ ജന്മദേശം കൂടിയാണ് ഹൈദരാബാദ്. ഹൈദരാബാദിന്റെ ബിരിയാണി ചരിത്രത്തെയും അതിന്റെ രുചിവൈവിധ്യങ്ങളെയും ചുരുങ്ങിയ വാക്കുകളിൽ ഗഹനമായി വിവരിച്ചിരിക്കുന്നത് വായിക്കുമ്പോൾ ഉള്ളിൽ കൊതിയൂറി വരുന്നുണ്ട്. ഓൾഡ് സിറ്റിയിലെ മദീന സർക്കിളിലെ ഹോട്ടൽ ശാദാബിൽ നിന്ന് ഗ്രന്ഥകാരൻ ഒരു ബിരിയാണി വാങ്ങിക്കഴിക്കുന്നതിന്റെ രുചി ഗ്രന്ഥകാരനൊപ്പം വായനക്കാർക്കും അനുഭവിക്കാൻ കഴിയും. നർത്തകിയായ താരാമതിയുടെ പ്രണയമാണ് ഗോൽക്കൊണ്ട മലയുടെ മുകളിൽ കൽച്ചിത്രങ്ങളിൽ ആവാഹിച്ചിരിക്കുന്നത്. എല്ലാവരോടും പ്രണയം വെച്ച് പുലർത്തിയ അബുൽ ഹസന്റെ കഥ, പ്രണയത്തോടും കലകളോടും വൈരാഗ്യം പുലർത്തിയ ഔറംബസേബിന്റെ കഥ, മുഗൾ സൈന്യത്തിന്റെ പീരങ്കികളെ ചെറുത്ത് തോൽപിച്ച ഗോൽക്കൊണ്ടയുടെ ചരിത്രം ഇതെല്ലാം ഒരധ്യായത്തിലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സൈബറാബാദിന്റെ ധൃതി പിടിച്ച തെരുവുകളിലൂടെ പരക്കം പായുന്ന ടെക്കി ജീവിതത്തിന്റെ മറുപാതി കൂടി വരച്ചിടുന്ന അനുഭവകഥകൾ ജീവിതത്തിന്റെ തത്വശാസ്ത്രം പോലെ അനുഭവപ്പെടും.

ഗ്രന്ഥകാരൻ, ചന്ദ്രായൻ ഗുട്ടയിൽ വണ്ടിയിറങ്ങി യമനിലെ ഹളർ മൗത്തിൽനിന്ന് നൈസാമിന്റെ കാവൽക്കാരായി വന്ന അറബ് മനുഷ്യരുടെ പിൻ തലമുറക്കാരെ കാണാൻ പോകുമ്പോൾ, ഒരു സാംസ്കാരിക സങ്കലനത്തിന്റെ മനോഹര കാഴ്ച നമുക്ക് കാണാൻ സാധിക്കും. തലയിൽ അറബ് കഫിയയും അരയിൽ നാടൻ ലുങ്കിയും ചുറ്റി നിൽക്കുന്ന മനുഷ്യർ ഒരുപക്ഷേ ലോകത്ത് മറ്റെവിടെയും കാണില്ല. 1948- ലെ പോലീസ് ആക്ഷൻ ഹൈദരാബാദിനെ ഇന്ത്യയിൽ ചേർത്തപ്പോൾ പ്രതാപം നഷ്ടപ്പെട്ടത് നൈസാമുമാർക്ക് മാത്രമല്ല, രാജകീയ പ്രതാപത്തോടെ നൈസാമുമാർക്ക് സുരക്ഷ നൽകിയ ചൗഷുകൾക്ക് കൂടിയായിരുന്നു.

തോളിൽ തോക്കും മനസിൽ വിപ്ലവത്തിന്റെ ചൂടും സൂക്ഷിച്ച മഖ്ദൂം മുഹിയുദ്ദീന്റെ കബറിടം തേടിയുള്ള ഗ്രന്ഥകാരന്റെ യാത്ര കൗതുകകരമാണ്. ബ്രിട്ടീഷുകാരും നൈസാമിന്റെ പ്രത്യേക പോലീസും തലക്ക് വിലയിട്ട വിപ്ലവകാരിയായിരുന്നു മഖ്ദൂം മുഹിയുദ്ദീൻ. റൊമാൻ്റിക്കായ ആ കമ്മ്യൂണിസ്റ്റുകാരൻ അന്ത്യ വിശ്രമം കൊള്ളുന്ന ആറടി മണ്ണിന് മുന്നിൽ ഗ്രന്ഥകാരൻ നിൽക്കുമ്പോൾ നമുക്ക് അദ്ദേഹത്തിന്റെ ഈരടികൾ അറിയാതെ മൂളാൻ തോന്നും.

ഹയാത്ത് ലേക്കെ ചലോ...
കായാനാത്ത് ലേക്കെ ചാലോ...
ചലോ തോ സാരെ സാമാനെ കോ സാത്ത് ലേക്കെ ചലോ....

(ജീവൻ കൈയ്യിലെടുത്ത് നടക്കൂ...
ഈ പ്രപഞ്ചത്തെ കൂടെക്കൂട്ടൂ...
നടക്കുമ്പോൾ ഈ പ്രപഞ്ചത്തെയാകെ
കൂടെക്കൂട്ടി നടക്കൂ... )

ഹൈദരാബാദ് അക്ഷരങ്ങളുടെയും അറിവിന്റെയും സാങ്കേതികതകളുടെയും നഗരം കൂടിയാണ്. നഗരത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ സന്ദർശനം നടത്തി അതിന്റെ ചരിത്രങ്ങളും വർത്തമാനകാഴ്ചകളും രാഷ്ട്രീയവും ഒക്കെ വിശദീകരിക്കുന്നുണ്ട്. സൈബറാബാദിന്റെ ധൃതി പിടിച്ച തെരുവുകളിലൂടെ പരക്കം പായുന്ന ടെക്കി ജീവിതത്തിന്റെ മറുപാതി കൂടി വരച്ചിടുന്ന അനുഭവകഥകൾ ജീവിതത്തിന്റെ തത്വശാസ്ത്രം പോലെ അനുഭവപ്പെടും.

മുജീബ് റഹ്‌മാൻ കിനാലൂർ
മുജീബ് റഹ്‌മാൻ കിനാലൂർ

ഹൈദരാബാദ് നഗരത്തിന്റെ ചരിത്രത്തെ മുഴുവൻ ഓളങ്ങളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അദൃശ്യ ഗ്രന്ഥം പോലെ നഗരത്തെ ചാരി ഒഴുകുന്ന മൂസി നദി നമ്മുടെ മുന്നിൽ നിൽക്കുകയാണ്. മനുഷ്യർക്കിടയിൽ സ്നേഹം നട്ടു നനച്ച മൂസി നദി മനുഷ്യരെ വംശീയമായി പകുത്ത ഒരു ജലച്ചാൽ മാത്രമായി മാറിയ ചരിത്രത്തെ ഗ്രന്ഥകാരൻ വിവരിക്കുമ്പോൾ അത് സമകാലിക ഇന്ത്യ അനുഭവിക്കുന്ന വർഗീയതയെന്ന ശാപത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കും. ബഞ്ചാര ഹിൽസിലെ ലാമക്കാനിലെ പാറക്കെട്ടിലിരുന്ന് സമോവറിൽ നിന്ന് ചായ കുടിച്ച അനുഭവം വായനക്കാർക്ക് കൂടി പകർന്ന് നൽകിയാണ് പുസ്തകം അവസാനിക്കുന്നത്.

യാത്രാവിവരണമെന്നാൽ വെറും കാഴ്ച കാണലോ കാഴ്ചാവിവരണമോ മാത്രമല്ല. ഓരോ വരികളിലും അതിനൊരു സാഹിത്യഭംഗിയുണ്ടാകണം. ഒപ്പം, യാത്രികൻ കാണുന്ന കാഴ്ചകൾ അതേ കൗതുകത്തോടെ വായനക്കാർക്ക് പകർന്നു നൽകാൻ കഴിയണം. കാല്പനികമാകുമ്പോഴും വാക്കുകളിലും വിവരണങ്ങളിലും സത്യസന്ധത പുലർത്താൻ കഴിയണം. വിട്ടുപോയാലും ഉള്ളിൽ കാഴ്ചകൾ നിലനിൽക്കണം. ഇതെല്ലാം മുൻനിർത്തി നോക്കുമ്പോൾ ഹൈദരാബാദ് എന്ന പ്രണയ നഗരത്തെ കണ്ടവർക്കും കാണാത്തവർക്കും ഇനി കാണാൻ പോകുന്നവർക്കും അതീവ ഹൃദ്യമായ ഒരു വായനാനുഭവമായിരിക്കും ഈ പുസ്തകം.


Summary: Enjoyable reading experience for those who have seen, and those who are going to visit Hyderabad. Mujeeb Rahman Kinalur's Hyderabad Oru Pranayaganam, book review by M.S. Shaiju.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments