ബാലിത്തെയ്യത്തിന്റെ രാഷ്ട്രീയം

തെയ്യത്തിലെ ബാലി പുരാവൃത്താഖ്യാനത്തെ വിമോചനാത്മകമായ ഒരു ബദൽ രാമായണമായി നിലനിർത്താൻ ശക്തമായി വാദിക്കുന്ന ഒരു പുസ്തകമാണ്​ വി.കെ.അനിൽകുമാർ എഴുതിയ "മുന്നൂറ്റി ഒന്നാമത്തെ രാമായണം'

ധീശവർഗ താൽപര്യം സംരക്ഷിക്കുന്നതിന്​ ഇതര വിഭാഗങ്ങളെ നിർദ്ദയം വധിക്കാൻ മടിക്കാത്ത രാമനെ ആദർശപുരുഷനും മര്യാദാ പുരുഷോത്തമനുമായി വാഴ്ത്തുന്നവയാണ് മിക്ക രാമായണങ്ങളും. അവയിൽ നിന്ന്, രാമൻ ഒളിയമ്പെയ്ത് ചതിച്ചു കൊന്ന ബാലി എന്ന അഭിമാനിയും ശക്തനുമായ വീരപുരുഷനെ വടക്കേ മലബാറിലെ പിന്നാക്കസമുദായവിഭാഗങ്ങളായ ആശാരിമാരും വണ്ണാന്മാരും ചേർന്ന് ബാലിത്തെയ്യത്തിലൂടെ വീണ്ടെടുക്കുകയും പുനരുജീവിപ്പിക്കുകയും ചെയ്ത് രാമായണത്തിന് ഒരു പാഠഭേദം രചിച്ചതിന്റെ പഠനമാണ് വി.കെ.അനിൽകുമാർ എഴുതിയ "മുന്നൂറ്റി ഒന്നാമത്തെ രാമായണം' എന്ന പുതിയ പുസ്തകം. എരമത്തെ മണ്ണുമമൽ വിച്ചോർമൻ എന്ന ശില്പിയാണ് ബാലിയെ കിഷ്‌ക്കിന്ധയിൽ നിന്ന്​മോചിപ്പിച്ച് കൊണ്ടുവന്നതും ഇവിടെ കാവുകളിൽ കുടിയിരുത്തിയതും.

ബാലിത്തെയ്യം
ബാലിത്തെയ്യം

കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്മാരാണ് ആ ബാലിയെ തോറ്റിയുണർത്തി ബലിഷ്ഠനായ ബാലിത്തെയ്യമാക്കി പരിവർത്തിപ്പിച്ചതും കൊല്ലം തോറും കളിയാട്ടക്കളങ്ങളിൽ പ്രാന്തവൽകൃതരുടെ പ്രതിരോധത്തിന്റെ മൂർത്തരൂപമായി അവതരിപ്പിച്ചതും. വാലും നഖവും ഉടയാടകളും ആഹാര്യങ്ങളും ആട്ടപ്രകാരങ്ങളുമെല്ലാം ചേർന്ന് ബാലിയെ ബലത്തിന്റെ പ്രതിരൂപമായ ഒരു ദൈവക്കോലമായി സൃഷ്ടിച്ചെടുത്തത് അവരാണ്.

ജാതീയവും സാമൂഹികവും സാമ്പത്തികവുമെല്ലാമായ ഉച്ചനീചത്വങ്ങൾക്കിരയായി, ഹിംസാത്മകവും അനീതി നിറഞ്ഞതുമായ ഒരു സാമൂഹിക വ്യവസ്ഥയിൽ നീതി നിഷേധിക്കപ്പെട്ട് വധിക്കപ്പെട്ട ഒരു രക്തസാക്ഷി ഉയിർത്തെഴുനേറ്റ് അനീതിക്കെതിരെ പ്രതിരോധിക്കുന്നതിന് തലമുറകളെ പ്രചോദിപ്പിക്കുന്നതിന്റെ രോമാഞ്ചജനകമായ ആവിഷ്‌കാരമാണ് ബാലിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

വി.കെ. അനിൽകുമാർ
വി.കെ. അനിൽകുമാർ

രാമായണത്തിൽ നിന്ന്​ബാലിയുടെ പുരാവൃത്തം മാത്രമെടുത്ത് രാമായണത്തിന് പുതിയ ഭാഷ്യം അഥവാ പാഠഭേദം രചിച്ചത്, ജനനം പിന്നോക്ക സമുദായങ്ങളിലായിപ്പോയതുകൊണ്ടുമാത്രം കൊടിയ അനീതിയും വിവേചനവും നേരിട്ടനുഭവിക്കേണ്ടിവന്ന ആശാരിമാർ, വണ്ണാൻമാർ തുടങ്ങിയ മനുഷ്യരായിരുന്നു. അവർ മരപ്പണിയും ലോഹപ്പണിയും എടുക്കുന്ന തൊഴിലാളികളോ നാട്ടുവൈദ്യന്മാരോ തെയ്യം കെട്ടുന്നവരോ ഒക്കെ ആയ സർഗധനരായ ആളുകളായിരുന്നു. ജാതീയമായി അവർ അടിച്ചമർത്തപ്പെട്ടവരായതുകൊണ്ടുതന്നെ അവരുടെ രാമായണ പാഠാന്തരവും മുഖ്യധാരയിലെ പണ്ഡിതന്മാർ അവഗണിക്കുകയാണുണ്ടായത്'.

ബാലിയുടെ ഉപാഖ്യാനം തെയ്യമെന്ന മാസ്മരികമായ അനുഷ്ഠാന കലാരൂപത്തിലൂടെ അവതരിപ്പിച്ച്​ അനീതിക്കെതിരെയുള്ള പോരാട്ടത്തിന് സ്വാനുഭവത്തിലധിഷ്ഠിതമായ ഒരു മാനം നൽകുകയാണ് മർദ്ദിത വിഭാഗങ്ങൾ ചെയ്തത്. അവരുടെ വിമോചന സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ഒരു പ്രതീകവും പ്രതീക്ഷയുമാണ് മരണത്തിൽ നിന്നുയിർത്തെഴുന്നേറ്റ് തെയ്യമായി ഇന്നും ജീവിക്കുന്ന ബാലി.

ബാലിയുടെ പുരാവൃത്തവും അതെങ്ങനെ മറ്റൊരു സ്വതന്ത്ര രാമായണമായിത്തീരുന്നു എന്നതും പാർശ്വവത്കൃത വിഭാഗങ്ങൾ എങ്ങനെ ഈ പുരാവൃത്തത്തെ ഏറ്റെടുത്തു കൊണ്ടാടുന്നു എന്നതും ബ്രാഹ്‌മണവത്കൃത അധികാര വ്യവസ്ഥ എങ്ങനെ അതിനെ അവഗണിക്കുന്നു എന്നതും എല്ലാം അനിൽ കുമാർ വിശകലനം ചെയ്യുന്നു. കീഴാള രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമുള്ള അപഗ്രഥനമാണ് ഈ രചനയിലുടനീളം പ്രതിഫലിക്കുന്നത്. ക്ലീഷേ ആയിക്കഴിഞ്ഞിട്ടില്ലാത്ത മൂർച്ചയുള്ള നാട്ടു മൊഴികൾ കലർന്ന ഭാഷയിലാണ് അനിൽകുമാർ സൂക്ഷ്മവും നിശിതവുമായ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്. "തെയ്യഭാഷ'യുടെ തന്നെ മൗലികമായ ഒരു തരം ഊർജസ്വലതയുള്ള ഈ ഭാഷ മികച്ച വായനാനുഭവം നൽകുന്നു.

കനലാടികളുടെ ദുരിതത്തിന്റെയും സഹനത്തിന്റെയും നേരിട്ടുള്ള അറിവുകളാണ് പുസ്തകത്തിലുള്ളത്. പുറത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു ഔപചാരിക പഠിതാവിന്റെ വരണ്ട വസ്തുനിഷ്ഠതയല്ല, പൊള്ളിക്കുന്ന അനുഭവങ്ങളുള്ള അവശരുടെ അവസ്ഥകളോടുള്ള തന്മയീഭാവമാണ് അതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. എഴുത്തുകാരന്റെ ആത്മാർത്ഥത ഓരോ വാക്യത്തിലും തുടിച്ചു നിൽക്കുന്നത് നമുക്ക് അനുഭവിക്കാം.

വൈവിദ്ധ്യമാർന്ന രാമായണങ്ങളുടെ ബാഹുല്യത്തെക്കുറിച്ച് പഠിക്കുന്ന ഫോക് ലോറിസ്റ്റുകൾ വടക്കേ മലബാറിലെ ഒരു തെയ്യത്തിലൊതുങ്ങിപ്പോയ ഈ ബാലി രാമായണത്തെ കാണാതെ പോയി. അതിനെ കണ്ടെടുത്തു എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മകളിലൊന്ന്. ഇതിനെക്കുറിച്ച് ആഴത്തിലുള്ള പഠന ഗവേഷണങ്ങളും ബാലിയെ നിലനിർത്തിപ്പോന്ന സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങളും ഇനിയും തുടരേണ്ടതുണ്ട്.

അനിൽകുമാറിന്റെ ഉൾക്കാഴ്ചകളും കീഴാളവർഗത്തോട് സമഭാവമുള്ള രാഷ്ട്രീയ നിലപാടുകളും ഉൾക്കൊള്ളാതെ ഇനി ആർക്കും ഈ ശ്രമങ്ങളിൽ മുന്നോട്ട് പോവാൻ കഴിയില്ല. കാരണം, ഇത് കേവലം തെയ്യപഠനമല്ല; ഒരു ജനതയുടെ സാമൂഹിക ചരിത്രത്തിന്റെ അപഗ്രഥനമാണ്. ബാലിത്തെയ്യത്തെ വടക്കെ മലബാറിലെ ഫോക്ക് ലോറിന്റെ മൂലക്കൊതുക്കാതെ നമ്മുടെ സാംസ്‌കാരിക ഈടുവെപ്പുകളിലൊന്നായ പുതിയൊരു രാമായണമായി സഹൃദയർ തിരിച്ചറിയണം. ഈ മിത്തിന്റെ പഠനത്തിലൂടെ ഗ്രന്ഥകാരൻ എത്തിച്ചേരുന്ന നിഗമനങ്ങളുടെ രാഷ്ട്രീയ വിവക്ഷകൾ സമകാലിക ലോകത്തും ഏറെ പ്രസക്തമാണെന്ന് മനസ്സിലാക്കണം. അങ്ങിനെ വരുമ്പോൾ ഈ പുസ്തകം വളരെ പ്രധാനമായ ഒന്നാണെന്നും അതിന് വിമോചനാത്മകമായ ഒരു ദൗത്യമുണ്ടെന്നും ബോദ്ധ്യപ്പെടും. ഇത് പറയുമ്പോഴും ഫോക്ക് ലോർ എന്നത് ഇരുതലമൂർച്ചയുള്ള ഒരു വാളാണ് എന്നത് കൂടി ഓർക്കണം. വർത്തമാനത്തിന്റെ അനീതികളെ ഒളിക്കാൻ ഭൂതകാലത്തേക്കും പഴയ സവർണകാലത്തിന്റെ സ്മരണകളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകാൻ പുനരുത്ഥാനവാദികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വിശേഷിച്ചും.

രാമനും രാമായണവുമൊക്കെ ഇന്ന് രാഷ്ട്രീയമായി എന്തിന്റെ പ്രതീകമാണെന്ന് നമുക്കറിയാം. സമകാലിക പ്രവണതയായ പ്രതിലോമപരതയിൽ നിന്നടർത്തിമാറ്റി തെയ്യത്തിലെ ബാലി പുരാവൃത്താഖ്യാനത്തെ വിമോചനാത്മകമായ ഒരു ബദൽ രാമായണമായി നിലനിർത്താൻ ശക്തമായി വാദിക്കുന്ന ഒരു പുസ്തകമാണിത് എന്നത് അതിന്റെ ആനുകാലിക പ്രസക്തി വർധിപ്പിക്കുന്നു.



Summary: തെയ്യത്തിലെ ബാലി പുരാവൃത്താഖ്യാനത്തെ വിമോചനാത്മകമായ ഒരു ബദൽ രാമായണമായി നിലനിർത്താൻ ശക്തമായി വാദിക്കുന്ന ഒരു പുസ്തകമാണ്​ വി.കെ.അനിൽകുമാർ എഴുതിയ "മുന്നൂറ്റി ഒന്നാമത്തെ രാമായണം'


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments