രാമന്റെയല്ല ബാലിയുടെ കഥ, ഇത് തോറ്റവരുടെ വിജയഗാഥ

"ഇരകൾക്ക് വേണ്ടി ഇരകൾ രചിച്ച് ഇരയാക്കപ്പെടുന്നവർ പാടിയാടുന്ന തെയ്യത്തിലെ രാമായണത്തെ ഒരു പണ്ഡിത കേസരിയും കണ്ടില്ല. ഇനി കണ്ടിട്ടുണ്ടെങ്കിൽ തന്നെ അധ:കൃതന്റെ പാഠമായതുകൊണ്ട് മാത്രം അതിന്റെ ഊക്കും അർക്കത്തും പേടിച്ച് കണ്ടില്ലെന്ന് നടിച്ചു." ഈ വിമർശനം രാമചരിതവും നിരുനിഴൽമാലയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അക്കാദമിക് മണ്ഡലത്തിൽ നിന്ന് എന്തുകൊണ്ട് വടക്കിന്റെ തെയ്യരാമായണത്തെ അകറ്റി നിർത്തി എന്ന കാതലായ പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുന്നൂറ്റി ഒന്നാമത്തെ രാമായണം തോറ്റവരുടെ അതിജീവനം ആഖ്യാനം എന്ന വി.കെ. അനിൽകുമാറിൻറെ പുസ്തകത്തെകുറിച്ച്

2021 ലെ ഫോക്‌‍‌ലോർ അക്കാദമി പുരസ്കാരം നേടിയ വി.കെ.അനിൽകുമാറിന്റെ
"മുന്നൂറ്റി ഒന്നാമത്തെ രാമായണം അതിജീവനം ആഖ്യാനം' എന്ന ഗ്രന്ഥം ബാലിയെ കേന്ദ്രമാക്കി രാമായണത്തെ പുനർവായിക്കാനുള്ള ശ്രമമാണ്. തെയ്യത്തിന്റെ സംസ്കാരപഠനം എന്നതോടൊപ്പം, ബാലി തെയ്യത്തിന്റെ ചരിത്രം കൂടിയാവുന്നുണ്ട് ഈ പഠനഗ്രന്ഥം. നേരത്തെ തന്നെ ആനുകാലികങ്ങളിൽ തെയ്യാനുഭവങ്ങളുടെ വേറിട്ട ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് വി.കെ. അനിൽകുമാർ. ഗ്രന്ഥത്തിന്റെ പ്രവേശികയിൽ ഡോ.രാജേഷ് കോമത്ത് ഈ ഗ്രന്ഥത്തെ പ്രതിരാമായണ വായന എന്നും ബാലിരാമായണമെന്നും വിശേഷിപ്പിക്കുന്നുണ്ട്. രാമായണത്തിലെ ബാലി വടക്കൻ കേരളത്തിലെ ആശാരിയുടെ കൂടെ വരുമ്പോൾ നെടുബാലിതെയ്യമായും വി.കെ. അനിൽ കുമാർ അത് ആഖ്യാനം ചെയ്യുമ്പോൾ തെയ്യരാമായണമായും വടക്കൻരാ മായാണവുമായി മാറുന്നു.

സംസ്കാരപഠനം എന്ന ശീർഷകത്തിൽ അടയാളപ്പെടുത്തിയ പുസ്തകത്തിനെ ഏകതാനമായി പരിചയപ്പെടുത്തുക എളുപ്പമല്ല. സംസ്കാരപഠനമെന്ന ശാഖ തരുന്ന തുറസ്സ് ഈ പുസ്തകത്തിലുമുണ്ട്.സംസ്കാര പഠനത്തിന്റെ
അടിസ്ഥാന ശില അന്തർവൈജ്ഞാനികതയാണ്. ഈ ഗ്രന്ഥത്തിൽ അന്തർവൈജ്ഞാനികമായ ആഖ്യാനം കണ്ടെടുക്കാനാവും. നോവൽ വായിക്കുന്ന അനുഭവവും ചരിത്രവും മിത്തും കെട്ടുപിണഞ്ഞു കിടക്കുന്ന തെയ്യക്കഥകളുടെ ആഖ്യാനഭൂമികയും ഓർമ്മകളുടെയും അനുഭൂതിയുടെയും പ്രതി വൈജ്ഞാനികതയും ഒരേ സമയം പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം പരമ്പരാഗത്ത ഗണ (Genre) കല്പനയ്ക്ക് വഴങ്ങാതെ മാറി നിൽക്കുന്നു. ഇതിൽ ഒരേ സമയം നാട്ടു ജീവിതത്തിന്റെ തെളിമയും തെയ്യത്തിന്റെ ചരിത്രവും കനലാടികളുടെ നോവും നിനവും തെയ്യത്തിലെ പാരിസ്ഥിതികാവബോധവും സവിശേഷ ആഖ്യാനം കൊണ്ട് സന്നിവേശിപ്പിച്ചിട്ടുണ്ട്.

പരമ്പരാഗതമായ ഗവേഷണത്തിനും എഴുത്തിനും ഭാഷയ്ക്കും കുറുകെ സഞ്ചരിക്കുന്ന ആഖ്യാനവിദ്യ ഈ പുസ്തകത്തിലുടനീളം കാണാം. തെയ്യക്കാവുകളിൽ അലഞ്ഞു നടന്നവന്റെ നേരനുഭവം ഈ എഴുത്തിലുണ്ട്. മാറി നിന്നുകൊണ്ട് തെയ്യത്തെ നോക്കുകയല്ല വി.കെ. അനിൽകുമാർ; പകരം അതിനൊപ്പം ചേർന്ന് നാളിതുവരെ മലയാളത്തിൽ രേഖപ്പെടുത്താതെ പോയ തെയ്യമറിവുകളെ രാഷ്ട്രീയ ബോധ്യത്തോടെ അടയാളപ്പെടുത്തുകയാണ്. തെയ്യത്തിന്റെ ഐതിഹ്യവും ബാലിയുടെ ചരിത്രവും പറയുന്ന ഈ സന്ദർഭത്തിൽ തെയ്യക്കാരന്റെ ജീവചരിത്രവും തെയ്യത്തോടൊപ്പം നടന്നയാളുടെ ആത്മകഥയും എഴുത്തിൽ തെളിയുന്നു.

ബാലി

ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത അതിലുപയോഗിച്ച ഭാഷ തന്നെയാണ്. ഒരു വൈജ്ഞാനിക വിഷയത്തെ സമീപിക്കുമ്പോൾ സാധാരണ ഉപയോഗിക്കുന്ന അക്കാദമിക ഭാഷാ വ്യവഹാരത്തെ പിന്തുടരാതെ, താൻ സംസാരിക്കുന്ന വിഷയത്തിനകത്ത് നിന്ന് തന്നെ സവിശേഷമായൊരു ആഖ്യാന ഭാഷ രൂപപ്പെടുത്താൻ വി.കെ അനിൽകുമാറിന് സാധിച്ചിട്ടുണ്ട്. തെയ്യത്തിന്റെ
ഉരിയാട്ടത്തിൽ നിന്നും തോറ്റംപാട്ടിൽ നിന്നും രൂപപ്പെടുത്തിയ ഒരു "തെയ്യമലയാളം' ഈ പുസ്തകത്തിന്റെ മൗലികതയെ ഉറപ്പിക്കുന്നു. ആ ഭാഷ ഉപയോഗിക്കാൻ അതിനെ ധ്യാനാത്മകമായി പിന്തുടരാത്തവർക്ക് സാധ്യവുമല്ല. പലപ്പോഴും അനിൽകുമാറിന്റെ എഴുത്ത് അക്കാദമിക് വൃത്തത്തിന് പുറത്ത് പോകുന്നതും ഭാഷയിലെ ഈ മൗലികത കൊണ്ടാണ് എന്ന് നീരീക്ഷിക്കാം. ആ നിലയിൽ ഈ എഴുത്ത് മുഖ്യധാരാ അക്കാദമിക് എഴുത്തുകൾക്കുള്ള വിമർശനം കൂടിയാകുന്നുണ്ട്.

പരമ്പരാഗതമായ ഗവേഷണ വഴികളിലൂടെയല്ല ഈ പുസ്തകം ജ്ഞാനോൽപ്പാദനം നടത്തുന്നത്. ഒരു തരത്തിൽ മുഖ്യധാരാ ഗവേഷണത്തിന്റെ
രീതിശാസ്ത്രത്തെ തന്നെ അപകോളനീകരിക്കുന്നുമുണ്ട്. നിലനിൽക്കുന്ന അക്കാദമിക് റഫറൻസ് രീതികളൊന്നും പാലിക്കാതെ പുതിയ അറിവുകളെ ക്രോഡീകരിക്കുകയും അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്ന സമാന്താരഗവേഷണ രീതിശാസ്ത്രം (സ്വകീയമായ ഒരു രീതിശാസ്ത്രം) ഈ ഗ്രന്ഥത്തിനുണ്ട്. അങ്ങനെയുള്ള അന്വേഷണത്തിൽ തെളിഞ്ഞ സുപ്രധാന ചോദ്യങ്ങൾ ഗ്രന്ഥം ഉന്നയിക്കുകയും ചെയ്യുന്നു. "ഇരകൾക്ക് വേണ്ടി ഇരകൾ രചിച്ച് ഇരയാക്കപ്പെടുന്നവർ പാടിയാടുന്ന തെയ്യത്തിലെ രാമായണത്തെ ഒരു പണ്ഡിത കേസരിയും കണ്ടില്ല. ഇനി കണ്ടിട്ടുണ്ടെങ്കിൽ തന്നെ അധ:കൃതന്റെ
പാഠമായതുകൊണ്ട് മാത്രം അതിന്റെ ഊക്കും അർക്കത്തും പേടിച്ച് കണ്ടില്ലെന്ന് നടിച്ചു.' ഈ വിമർശനം രാമചരിതവും നിരുനിഴൽമാലയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അക്കാദമിക് മണ്ഡലത്തിൽ നിന്ന് എന്തുകൊണ്ട് വടക്കിന്റെ തെയ്യരാമായണത്തെ അകറ്റി നിർത്തി എന്ന കാതലായ പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ മട്ടിൽ ഭാവിയിൽ വരുന്ന രമായണ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും അവഗണിക്കാൻ പറ്റാത്ത ചില ചോദ്യങ്ങൾ വി.കെ. അനിൽകുമാർ മുന്നോട്ടു വെക്കുന്നുണ്ട്. ബാലിരാമായണത്തെ സാഹിത്യപഠനം കാലങ്ങളായി പുറത്ത് നിർത്തിയതുപോലെ വി.കെ അനിൽകുമാറെന്ന തെയ്യ ഗവേഷകനുല്പാദിപ്പിച്ച ജ്ഞാന മേഖലയും നമ്മുടെ അക്കാദമിക് മണ്ഡലത്തിന് പുറത്തു നിൽക്കുന്നത് എന്തുകൊണ്ടാണ്?

വി.കെ. അനിൽകുമാർ

"അക്കാദമികളിലെ സത്താപരമായ വ്യവഹാരങ്ങൾ പാശ്ചാത്യമല്ലാത്ത ഒന്നിനും ആധികാരികത നൽകാത്തതായിരുന്നു. പാശ്ചാത്യമായതാണ് ആധികാരികം എന്നും പാശ്ചാത്യ അറിവ് ചരിത്രവും മൂന്നാം ലോകത്തിന്റെ
അറിവ് എത്നോഗ്രഫിയുമായി സങ്കല്പിക്കുന്ന...'(പി.പവിത്രൻ, കോളനിയനന്തരവാദം, 2019) ഇതേ യുക്തിയിൽ തന്നെയാണ് "മുന്നൂറ്റി ഒന്നാമത്തെ രാമായണ'മെന്ന ഗവേഷണ ഗ്രന്ഥത്തെ മുഖ്യധാര അക്കാദമിക് വൃത്തം സമീപിക്കുന്നത്.

തെയ്യമെന്ന ബൃഹത് വ്യവഹാരത്തിനകത്ത് അടയിരുന്ന് വിരിയിച്ചെടുത്ത മനോഹരമായ ഭാഷ, പലപ്പോഴും കാവ്യാത്മകം കൂടിയായ ഭാഷ ഈ ഗ്രന്ഥത്തിന്റെ ആന്തരിക ശക്തിയാകുന്നുണ്ട്. നാട്ടുമൊഴിയുടെ സൗന്ദര്യം ഈ എഴുത്തിലുടനീളം കാണാം. അവിടെ മുഖത്തെഴുത്ത് മോത്തെഴുത്താവും വിശ്വകർമ്മാവ് വിച്ചോർമ്മനാവും മുറുക്കാൻ തുമ്മാനാകും.

"ഇരുട്ട്. മണ്ണുമ്മൽവിശ്വകർമ്മൻ തനിച്ചായിരുന്നു. വടുവക്കോട്ടയിൽ വടുവരാജന് ശില്പങ്ങൾ കൊത്തുന്നതിന് വിശേഷപ്പെട്ട മരങ്ങൾ തന്നെ വേണം. ഈ കൊടുങ്കാട്ടിൽ ഒറ്റയ്ക്കുവന്നത് ലക്ഷണമൊത്ത മരംമുറിക്കുന്നതിനുള്ള കർമ്മങ്ങൾ ചെയ്യുന്നതിനാണ്. മരത്തിന്റെ മനമറിയണം.അനുമതി വാങ്ങണം. മരം ഒറ്റ ജീവിതമല്ല...' ഇങ്ങനെ കഥാസാഹിത്യത്തിന്റെ
(fiction) ആഖ്യാനശൈലിയിൽ ആരംഭിക്കുന്ന ഗ്രന്ഥം പിന്നീട് സംസ്കാരിക വിമർശനത്തിന്റെ ഭാഷയിലൂടെയും തെയ്യ മലയാളത്തിലൂടെയും ഗവേഷണ സ്വഭാവമുള്ള സൂക്ഷ്മാന്വേഷണങ്ങളിലേക്ക് പടരുന്നു.
മറ്റൊരു ഭാഗത്തേക്ക് വരുമ്പോൾ സംസ്കാര വിമർശനത്തിന്റെ
നോട്ടങ്ങളിലൂടെ, നിലവിലുള്ള തെയ്യഗവേഷണത്തെയും അതിന്റെ
യാന്ത്രികതയെയും വിമർശിക്കുകയും മലയാള സാഹിത്യ ചരിത്രവും പ്രാമാണികരായ ഗവേഷകരും എന്തുകൊണ്ട് "തെയ്യരാമായാണം' അവഗണിച്ചു? എന്ന കാതലായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. രാമായണ പാഠങ്ങളുടെ സമകാലികമായ ബൃഹതർത്ഥത്തിന് ബാലിയിലൂടെ പ്രതിപാഠം നിർമ്മിക്കുകയും ചെയ്യുന്നുണ്ട് ഈ ഗ്രന്ഥം.

സാംസ്കാരിക വിമർശനത്തത്തിന്റെ ഒരു സവിശേഷമുഹൂർത്തത്തിലാണ് പുനർവായനകൾ ഉണ്ടായത്. 2006 ൽ പുറത്തു വന്ന സാറാജോസഫിന്റെ
"പുതുരാമായാണം' എന്ന കഥാസമാഹാരം രാമായാണത്തിന്റെ
പുനർവായനയാണല്ലോ. ഇതിഹാസ കൃതിയിലെ ഇരുണ്ട ഇടങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി വെളിച്ചമേകാനുള്ള ശ്രമമാണ് ആ കഥകളിലുള്ളത്. നാളതുവരെ രാമായണത്തെ സമീപിച്ച മാതിരിയല്ല സാറാ ജോസഫ് രാമായണ പാരായണം നടത്തിയത്. പ്രതിനായകർക്കും തമസ്കരിക്കപ്പെട്ടവർക്കും പുതിയ മാനങ്ങൾ നൽകി. അപ്പോഴും പേര് പുതു "രാമായണം' എന്നു തന്നെയാണ്. പ്രാന്തങ്ങളെ കേന്ദ്രത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് വി.കെ അനിൽകുമാറും ഈ ഗ്രന്ഥത്തിൽ നടത്തുന്നത്. അപ്പോഴും ഗ്രന്ഥത്തിന്റെ
പേര് മുന്നൂറ്റി ഒന്നാമത്തെ "രാമായണം' എന്നാണ്. അതായത് രാമമാർഗം തന്നെയാണ് പേരിന്റെ കേന്ദ്രം. പുസ്തകത്തിലുടനീളം കേന്ദ്രത്തിൽ നിൽക്കുന്നത് നെടുബാലിയും. പി. എൻ.ഗോപികൃഷ്ണൻ അവതാരികയിൽ എഴുതുംപടി രാമായണം ബാലിയുടെ അയനം കൂടിയാണല്ലോ. ആ നിലയിൽ ബാലിയെ കേന്ദ്രമാക്കിയുള്ള ഈ പഠന ഗ്രന്ഥത്തിന് മറ്റൊരു പേരായിരുന്നു ഉചിതം. ഇത് ഗ്രന്ഥത്തിന്റെ പരിമിതിയല്ലെങ്കിലും, എഴുത്തിന്റെ നോട്ടസ്ഥാനം തലക്കെട്ടിൽ തന്നെ തെളിഞ്ഞു വരുമായിരുന്നു.

Comments